കേരളത്തിലെ പാമ്പുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ ഒരു മൊബൈല്‍ ആപിനെ പരിചയപ്പെടുത്തുകയാണ്. പ്രഥമ ശുശ്രൂഷ, വിഷ ചികിത്സ, വിഷചികിത്സാസൗകര്യമുള്ള ആശുപത്രികളുടെ വിവരങ്ങള്‍, ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള 158 ആശുപത്രികളുടെ ജില്ലാ തലത്തിലുള്ള ലിസ്റ്റ്, കെട്ടുകഥകളും അന്ധവിശ്വാസങ്ങളും തുടങ്ങി പാമ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സൗജന്യമായി നല്‍കുന്ന ആപ്പാണിത്, ഒപ്പം ശബ്ദരേഖയും ലഭ്യമാണ്
4 Feb 2021, 09:11 AM
കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള സമഗ്രമായ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷനാണ് Snakepedia. പാമ്പുകളെ ചിത്രങ്ങളുടെ സഹായത്തോടെയും ശബ്ദരേഖയുടെ (podcast) സഹായത്തോടെയും പരിചയപ്പെടുത്തുന്നതിനൊപ്പം പ്രഥമശുശ്രൂഷയെക്കുറിച്ചും ചികിത്സയെ കുറിച്ചും വിശദീകരിക്കുകയും നാട്ടില്‍ പ്രചാരത്തിലിരിക്കുന്ന കെട്ടുകഥകളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും ചെയ്യുന്നു. മാത്രമല്ല, പാമ്പുകളെ തിരിച്ചറിയാനുള്ള ഓണ്‍ലൈന്‍ ഹെല്‍പ്‌ലൈന്‍ കൂടി ഇതിലുണ്ട്. ലളിതമായ ഭാഷയില്‍ മലയാളത്തിന് പ്രാധാന്യം നല്‍കി രൂപകല്‍പന ചെയ്ത ഈ ആപ്പില്‍ ഇംഗ്ലീഷിലും വിവരണങ്ങളും ശബ്ദരേഖയും ലഭ്യമാണ്. 90 ശതമാനവും ഇതൊരു ഓഫ്‌ലൈന്‍
ആപ്പാണ്. ശബ്ദരേഖയും ഓണ്‍ലൈന്‍ ഹെല്‍പ്‌ലൈനും ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും ഓഫ്‌ലൈന്‍ ആണ്.
കൊല്ലപ്പെടുന്നവയില്‍ ഭൂരിപക്ഷവും വിഷമില്ലാത്ത പാമ്പുകള്‍
കേരളത്തിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരെ, പാമ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാന്‍ അവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഇന്‍ഫോ ക്ലിനിക്കിന്റെയും പാമ്പുകളില്‍ ഗവേഷണം നടത്തുന്നവരുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടിയേറ്റ രോഗിയോടൊപ്പം കടിച്ച പാമ്പുകളെ കൂടി ആശുപത്രിയില്‍ കൊണ്ടുവരുന്ന ശീലം നമുക്കിടയിലുണ്ട്. ആവശ്യമുള്ള കാര്യമല്ല എങ്കില്‍ പോലും, പാമ്പുകളെ തിരിച്ചറിഞ്ഞാല്‍, ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് ഉപകാരപ്രദമായിരിക്കും. പ്രസ്തുത ഗ്രൂപ്പുകളില്‍ ഇതുവരെ വന്ന പാമ്പുകളുടെ (തല്ലിക്കൊന്ന് കൊണ്ടുവന്ന) ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം കൊല്ലപ്പെടുന്നതില്‍ ബഹുഭൂരിപക്ഷവും വിഷമില്ലാത്ത പാമ്പുകളാണ് എന്നാണ്.
വിഷവീര്യമുള്ള പാമ്പുകള്‍ എത്രയോ കുറവ്!
പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തില്‍ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി എങ്ങനെ കണ്ടുപിടിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരമാണ് Snakepedia . ശാസ്ത്രകുതുകികളും പ്രകൃതിസ്‌നേഹികളും ഡോക്ടര്‍മാരും ചേര്‍ന്ന ഒരു കൂട്ടായ്മയാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

ലോകത്തിലാകെ 3600ഓളം ഇനം പാമ്പുകളുണ്ട്. അതില്‍ 300ലേറെ ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. കേരളത്തിലാകട്ടെ 12 കുടുംബങ്ങളിലായി 100ലധികം ഇനം പാമ്പുകളാണുള്ളത്. ഇവയുടെ 700 ലധികം ചിത്രങ്ങള്‍, താരതമ്യേന വിരളവും എന്നാല്‍ നിരുപദ്രവകാരികളും, പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്നവയും, കാഴ്ചയില്‍ തീരെ ചെറുതുമായ കവചവാലന്‍ പാമ്പുകളെ ഒഴിവാക്കിയാല്‍, 72 സ്പീഷീസുകളിലുള്ള വലിയ പാമ്പുകളുടെ 675 ലധികം ചിത്രങ്ങള്‍, അത്യപൂര്‍വങ്ങളായവ ഒഴിച്ച് മറ്റു പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങള്‍, ചില പാമ്പുകളുടെ 20 നിറഭേദങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള 130-ല്‍ പരം പേര്‍ പകര്‍ത്തിയ പാമ്പുകളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പാമ്പുകളില്‍ ഗവേഷണം ചെയ്യുന്നവരും ശാസ്ത്രകുതുകികളും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടുന്നു.
പാമ്പുകളെ സംബന്ധിച്ച സാധാരണ മൊബൈല്‍ ആപ്ലിക്കേഷനുകളില്ലാത്ത പല സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതിനാല്‍ ഒരു പരിചയപ്പെടുത്തല്‍ നന്നായിരിക്കുമെന്ന് കരുതുന്നു.
തിരയാന്‍ (Search): പാമ്പുകളെ അവയുടെ ഇംഗ്ലീഷ് പേരിന്റേയോ, മലയാളം പേരിന്റേയോ, ശാസ്ത്രനാമത്തിന്റേയോ ആദ്യ അക്ഷരങ്ങള്‍ ഉപയോഗിച്ച് ലളിതമായി കണ്ടുപിടിക്കാം. ഓരോ ഇനം പാമ്പിനെയും സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ചിത്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന താളുകളില്‍ എത്തിച്ചേരാം. ഓരോ സ്പീഷീസിനെ കുറിച്ചും ലളിതമായ വിവരണം.

സാധാരണ പുസ്തകങ്ങളിലും ആപ്പുകളിലും കാണുന്ന രീതിയിലുള്ള സ്‌കെയില്‍ കൗണ്ട് പോലുള്ള സാങ്കേതിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അല്‍പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരനെ തിരിച്ചറിയാന്‍ സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ വിവരണങ്ങളില്‍ സാങ്കേതിക പദങ്ങള്‍ ഏതാണ്ട് പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നു.
ഒരു പാമ്പില്‍ നിന്ന് തൊട്ടടുത്തതിലേക്ക് പോകാന്‍ ഇടതുവശത്തേക്കോ വലതുവശത്തേക്കോ ഒന്ന് സൈ്വപ്പ് ചെയ്താല്‍ മാത്രം മതിയാകും. വിവരണങ്ങളുടെ ഇംഗ്ലീഷ് - മലയാളം ശബ്ദ രേഖകളും ഇവിടെ കേള്‍ക്കാം.
അപകടകാരികളായ പാമ്പുകള്‍ (Dangerous) : ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന വിധത്തില്‍ വിഷവീര്യമുള്ള പാമ്പുകള്‍ മാത്രം ഉള്‍പ്പെട്ട ഭാഗമാണിത്. ഈ ലിസ്റ്റ് ഇത്ര ചെറുതാണെന്നത് നിങ്ങളെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തും. പല നിറഭേദങ്ങളില്‍ കാണുന്ന പാമ്പുകളുടെ വ്യത്യസ്ത നിറങ്ങളിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അപകടകാരികളല്ലാത്ത പാമ്പുകള്‍ (Harmless): മനുഷ്യര്‍ക്ക് അപകടകരമല്ലാത്ത പാമ്പുകളെ ഇവിടെ പരിചയപ്പെടാം. തീരെ വിഷമില്ലാത്തവര്‍ മുതല്‍, മനുഷ്യരുടെ ആരോഗ്യത്തിന് ഒരു തരത്തിലും ഭീഷണിയാവാത്ത വിധത്തില്‍, വളരെ നേരിയ തോതില്‍ മാത്രം വിഷമുള്ളവര്‍ വരെ ഈ കൂട്ടത്തിലുണ്ട്.
അപരന്മാര്‍ (Lookalike): ആകൃതി കൊണ്ടും അടയാളം കൊണ്ടുമൊക്കെ, വിഷമുള്ള പാമ്പുകളെ അനുകരിക്കുന്ന വിഷമില്ലാത്ത ധാരാളം പാമ്പുകള്‍ നമ്മുടെ നാട്ടിലുണ്ട്. വിഷപ്പാമ്പുകളാണ് എന്ന തെറ്റിദ്ധാരണ മൂലം ഇവര്‍ കൊല്ലപ്പെടുന്നു. അവരുടെ ജീവരക്ഷയ്ക്കുവേണ്ടിയാണ് ഈ അനുകരണങ്ങളെങ്കില്‍ പോലും ഇതുകാരണം നമ്മളിവയെ പെട്ടെന്ന് തെറ്റിദ്ധരിക്കുകയും ഭയപ്പെടുകയും ചെയ്യും. നേരെ തിരിച്ച്, ഇവയെപ്പോലെ തോന്നിക്കുന്ന വിഷപ്പാമ്പുകള്‍ കടിച്ചാലും, കടിച്ചത് വിഷമില്ലാത്ത അപരനാണെന്ന് കരുതി അറിയാതെ കുഴപ്പങ്ങളില്‍ ചെന്നു ചാടാനും സാധ്യതയുണ്ട്. ഇതുരണ്ടും ഗുണകരമല്ലാത്തതിനാല്‍ നമുക്കിവയെ കൃത്യമായി തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെ പ്രത്യേകം ഒരു ഗ്രൂപ്പ് ആക്കുകയും അവയെ കൃത്യമായി തിരിച്ചറിയുന്നതെങ്ങനെയാണെന്നുമുള്ള സചിത്രോദാഹരണങ്ങളും മറ്റു വിവരങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും നല്‍കിയിരിക്കുന്നു.
കൂടുതല്‍ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എളുപ്പം തിരിച്ചറിയാന്‍ (ID Tips): ഓരോയിനം പാമ്പുകളേയും കൃത്യമായി തിരിച്ചറിയാനുള്ള അടയാളങ്ങളും സവിശേഷതകളുമൊക്കെ ഇന്‍ഫോഗ്രാഫിക്‌സിന്റെ സഹായത്തോടെ ചിത്രീകരിച്ചിരിക്കുന്നു. അമിത സാങ്കേതിക വര്‍ണ്ണനകളും, ശല്‍ക്ക വര്‍ണ്ണനകളും സാധിക്കുന്നിടത്തോളം ഒഴിവാക്കി, ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ലളിതമായി, ചിത്രങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണിത്.

കൂടുതല്‍ വ്യക്തമായും കൃത്യമായും സൂം ചെയ്ത് കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വിദഗ്ദ്ധരോട് ചോദിക്കാം (Ask expert): കാണുന്ന പാമ്പിനെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ പാമ്പുകളെപ്പറ്റി വിശദമായി അറിയാവുന്ന വിദഗ്ധരോട് നേരിട്ടു ചോദിക്കാം. മൂന്ന് ഫോട്ടോകള്‍ വരെ അയക്കാനുള്ള സൗകര്യമുപയോഗിച്ച്, സുരക്ഷിതമായ അകലത്തില്‍ നിന്ന്, ചിത്രം പകര്‍ത്തി അയച്ചാല്‍ പാമ്പിനെ തിരിച്ചറിയാം. അയക്കുന്ന ചിത്രങ്ങള്‍ സ്‌നേക്പീഡിയ എക്‌സ്‌പേര്‍ട്ട് പാനല്‍ പരിശോധിക്കും.
മൊബൈല്‍ ആപ്പിലെ ഈ മെനുവിലും നിങ്ങള്‍ തന്നിരിക്കുന്ന ഇമെയില്‍ അഡ്രസ്സിലും മറുപടി ലഭിക്കും.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക, പാമ്പുകടിയേറ്റാല്‍ മറുപടിക്ക് കാത്ത് നില്‍ക്കാതെ, എത്രയും പെട്ടെന്ന് സൗകര്യങ്ങളുള്ള ആശുപത്രിയില്‍ തന്നെ ചികിത്സ തേടണം.
പ്രഥമശുശ്രൂഷ (First Aid): പാമ്പുകടിയേറ്റാല്‍ ഭയപ്പെടാതിരിക്കാം. കടിയേറ്റവര്‍ക്കുള്ള പ്രഥമശുശ്രൂഷ ഇവിടെ വിവരിക്കുന്നു. ഇന്‍ഫോ ക്ലിനിക് ടീമിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലേഖനം.
പ്രഥമ ശുശ്രൂഷയുടെ പ്രാഥമിക പാഠങ്ങള്‍ ആര്‍ക്കും പഠിക്കാം. നൂറ് ശതമാനം ഉറപ്പോടെ പ്രഥമ ശുശ്രൂഷ പരിശീലിക്കാം. പുസ്തകങ്ങളില്‍ വായിക്കുന്ന അറിവുകള്‍ക്ക് പുറമേ അനുഭവ പരിചയം കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലേഖനം.
വിഷചികിത്സാസൗകര്യമുള്ള ആശുപത്രികള്‍ (Hospitals)
പ്രഥമശുശ്രൂഷ കഴിഞ്ഞാല്‍ ഉടന്‍ ചെയ്യേണ്ട കാര്യം കടിയേറ്റ ആളിനെ, എത്രയും വേഗം ഏറ്റവും അടുത്ത, ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നുള്ളതാണ്. പ്രതിവിഷം (ASV) അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്ള 158 ആശുപത്രികളുടെ ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തില്‍ തരം തിരിച്ചിരിക്കുന്നു. നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആശുപത്രികളുടെ ലിസ്റ്റും അങ്ങോട്ടുള്ള ഗൂഗിള്‍ മാപ്പ് റൂട്ടും ഇവിടെ ലഭ്യമാണ്. യാത്ര ആരംഭിക്കുന്നതിനു മുന്‍പ് ആശുപത്രിയിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് അറിയിച്ചാല്‍ ഗുണകരമായിരിക്കും.
ഓരോ ജില്ലയിലും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലിസ്റ്റാണിത്. ഓരോ ജില്ലയുടെയും ലിസ്റ്റ് തയ്യാറാക്കിയ ഡോക്ടര്‍മാരുടെ പേരും ഇതിനൊപ്പം തന്നെ കാണാം.
വിഷചികിത്സ (Treatment)
ശാസ്ത്രീയ വിഷ ചികിത്സാരീതികളെ കുറിച്ചും അതിന്റെ ഒഴിവാക്കാനാവാത്ത ആവശ്യകതയെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന, ശാസ്ത്രീയ ലേഖനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ലേഖനങ്ങളാണ്.

ഇന്‍ഫോ (Info): പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ചെറുവിവരണം, പാമ്പുകടി തടയാനുള്ള വിവിധ മാര്‍ഗങ്ങള്‍, പാമ്പുകളെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ എന്നീ ലേഖനങ്ങള്‍ ഇവിടെ വായിക്കാം. വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പഠന - പാഠ്യേതര വിഷയങ്ങളില്‍ ഉപകാരപ്പെടുന്ന രീതിയില്‍ ലളിമായ ഭാഷയില്‍ വിവരിച്ചിരിക്കുന്ന ലേഖനങ്ങളാണ്.
കെട്ടുകഥകളും അന്ധവിശ്വാസങ്ങളും (Myths & Hoaxes)
വസ്തുതകളേക്കാള്‍ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നിലനില്‍ക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സയന്‍സ് ഇത്ര വളര്‍ച്ച പ്രാപിച്ച ഈ കാലത്ത് പോലും, നാട്ടില്‍ പ്രബലമായ ഈ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും നല്ലൊരു ശതമാനം ആളുകളെക്കൊണ്ട് അര്‍ത്ഥശൂന്യമായ ആചാരങ്ങളും അബദ്ധജഡിലമായ അശാസ്ത്രീയ വിഷചികിത്സാരീതികളും അനുവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ജീവന്റെ വിലയുള്ള അത്തരം അശാസ്ത്രീയ ചികിത്സാരീതികളുടേയും അന്ധവിശ്വാസങ്ങളുടേയും പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ഈ വിഭാഗത്തില്‍.
പാമ്പുരക്ഷകര്‍ (Rescuers)
പാമ്പുകളെ രക്ഷപ്പെടുത്താന്‍, വനം വന്യജീവി വകുപ്പ് നല്‍കിയ ശാസ്ത്രീയമായ പരിശീലനവും ലൈസന്‍സും ലഭിച്ച എണ്ണൂറിലധികം പേരുടെ ജില്ല തിരിച്ചുള്ള, ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഇവിടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ പരിസരത്ത് പാമ്പുകളെ കണ്ടാല്‍ അവരുടെ സഹായം സ്വീകരിക്കാം. ശാസ്ത്രീയമായ പരിശീലനവും ലൈസന്‍സുമുള്ള ആള്‍ക്കാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ഒരു വിഷയമാണ് പാമ്പുകളെ രക്ഷിക്കല്‍. അങ്ങനെയല്ലാത്തവര്‍ അത് ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
കേരളത്തിലെ പാമ്പുകളുടെ ലിസ്റ്റ് (Checklist)
2021 ജനുവരി വരെ, കേരളത്തിലെ ആവാസവ്യവസ്ഥകളില്‍ കണ്ടിട്ടുള്ള പാമ്പുകള്‍ ഉള്‍പ്പെട്ട ചെക്ക്‌ലിസ്റ്റ്. ഓരോ പുതിയ ഇനം പാമ്പുകളെ കണ്ടെത്തുമ്പോഴും, പഴയതിന്റെ ശാസ്ത്രീയനാമം പോലുള്ളവയില്‍ പുതിയ പഠനങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടാകുമ്പോഴും അത്തരം വിവരങ്ങള്‍ പുതുക്കി നല്‍കുന്നതായിരിക്കും.

ആവാസസ്ഥലം (Habitat): പാമ്പുകളെ ആവാസവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള ആവാസ വ്യവസ്ഥയില്‍ ഏതൊക്കെ പാമ്പുകള്‍ കാണാന്‍ സാധ്യതയുണ്ട് എന്ന് നോക്കാം.
ശബ്ദരേഖ (Podcast)
പാമ്പുകളെ സംബന്ധിച്ചുള്ള എല്ലാ വിവരണങ്ങളും മലയാളത്തിലും ഇംഗ്ലീഷിലും കേള്‍ക്കാം. മറ്റു ജോലികള്‍ക്കിടയിലും വായന സാധ്യമല്ലാത്ത അവസരങ്ങളിലും ഉപകാരപ്പെടും. കാഴ്ച പരിമിതിയുള്ളവര്‍ക്കും സഹായകരമാകുന്ന രീതിയിലാണ് ഇതിന്റെ സജ്ജീകരണം.
ഇത്രയും ആണ് നിലവില്‍ ഈ മൊബൈല്‍ അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ തികച്ചും സൗജന്യമാണ്.
അടുത്തത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ ഉപയോഗിച്ച് പാമ്പുകളെ തിരിച്ചറിയാനുള്ള ഓഫ് ലൈന്‍ ഫീച്ചര്‍ തയ്യാറാക്കാനുള്ള ശ്രമമാണ്. വൈകാതെ അതും ഉള്‍പ്പെടുത്താന്‍ സാധിക്കും എന്ന് കരുതുന്നു.
ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി ഉപകാരപ്പെട്ടേക്കാവുന്ന ഒരു ആപ്പാണിത്. നമ്മുടേയും പ്രകൃതിയുടേയും നിലനില്‍പ്പിനായി ശരിയായ അറിവുകള്‍ കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കാന്‍ സഹായിക്കുന്ന ഒരു ഒരു ആപ്ലിക്കേഷനാണിത്. ശാസ്ത്രീയമായ ചികിത്സയുടെ പ്രാധാന്യവും അശാസ്ത്രീയമായ പ്രവൃത്തികളുടെ പരിണിത ഫലങ്ങളും ഏവരിലും എത്തിക്കുവാനും പാമ്പുകളെ കുറിച്ചുള്ള ശരിയായ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുവാനും സ്‌നേക്പീഡിയ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്:
https://play.google.com/store/apps/details?id=app.snakes

A. K. Riyaz Mohammed
4 Feb 2021, 12:17 PM
Appreciate 💐
രാകേഷ് കെ.പി
Dec 16, 2020
10 Minutes Read
പി. ഉഷാദേവി
Dec 15, 2020
5 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
ഡോ. എം. മുരളീധരന്‍
Nov 25, 2020
9 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read
Dr.M.Ramaswamy
5 Feb 2021, 09:33 AM
Very useful App