പാമ്പിനൊപ്പം ഈ ഇടം
പങ്കുവെച്ച് ജീവിക്കാന്‍ പഠിക്കണം,
മനുഷ്യനും
പാമ്പിനൊപ്പം ഈ ഇടം പങ്കുവെച്ച് ജീവിക്കാന്‍ പഠിക്കണം, മനുഷ്യനും
മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. സ്വന്തം വര്‍ഗത്തിനെ പോലും ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത പാമ്പുകളെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. പക്ഷെ മനുഷ്യനൊപ്പം ഈ ഇടം പങ്കുവെച്ച് എങ്ങനെ ജീവിക്കണമെന്ന് അവറ്റകള്‍ക്ക് നന്നായി അറിയാം. അതറിയാത്തത് മനുഷ്യനാണ്.
19 Feb 2022, 02:02 PM
എന്തുകൊണ്ട് പാമ്പുകളെ സംരക്ഷിക്കണം?
ഏതെങ്കിലും ഒരു ജീവിവര്‍ഗത്തെ ബോധപൂര്‍വമായോ നീതികരിക്കാവുന്ന കാരണമില്ലാതെയോ അപകടപ്പെടുത്താനുള്ള ഒരു അവകാശവും മനുഷ്യനില്ലെന്ന ഓര്‍മ്മപ്പെടുത്തലില്‍ നിന്ന് തുടങ്ങാം. എങ്കിലും സംരക്ഷിക്കേണ്ടത്, അതിനായി പ്രത്യേകശ്രദ്ധ നല്‍കേണ്ടത് വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ കാര്യത്തിലാണ്. അങ്ങനെ നിലവില്‍ അടയാളപ്പെടുത്തിയിട്ടില്ലാത്തവയാണ് നമ്മള്‍ കാണുന്ന മിക്ക പാമ്പിനങ്ങളും. എന്നിട്ടും ഏതൊരു പാമ്പിനും നല്‍കേണ്ട സംരക്ഷണം ഒരുപോലെയാകുന്നത് എന്തുകൊണ്ട്? ഒരു ജീവിവര്‍ഗം എന്ന നിലയില്‍ പല ഘടകങ്ങള്‍ കൊണ്ട് പാമ്പുകള്‍ സംരക്ഷണം അര്‍ഹിക്കുന്നുണ്ട് എന്നതാണ് ഉത്തരം. അവ ഓരോന്നായി പരിശോധിക്കാം.
പാമ്പുകള്‍ നിലനിര്‍ത്തുന്ന ജൈവസംതുലനം.
പാമ്പുകള്‍ ജീവിവര്‍ഗങ്ങളിലെ ആണിക്കല്ലാണ് (KEYSTONE SPECIES) എന്ന് പൊതുവെ പറയുമെങ്കിലും സാങ്കേതികമായി അത് ശരിയല്ല. സാധാരണഗതിയില്‍ ഒരു ഭക്ഷ്യശൃംഖലയിലെ ഏറ്റവും മുകളിലുള്ള ഇരപിടിയന്‍മാര്‍ (Apex Predators) ആണ് ഈ വിശേഷണത്തിന് അര്‍ഹരാകുന്നത്. കടുവ ഒരു ഉദാഹരണമാണ്. ഇരപിടിക്കുന്നതിലൂടെ മാത്രമല്ല, മറ്റു പ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതിയുടെ അടിത്തറ ഉറപ്പിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ജീവിവര്‍ഗങ്ങളെയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തും. അണക്കെട്ടുണ്ടാക്കുന്ന ബീവറുകള്‍ മുതല്‍ വിത്തുകളുടെ വിതരണം നടത്തുന്ന പക്ഷികളും പരാഗണം നടത്തുന്ന തേനീച്ചകളും വരെ ഇങ്ങനെയുള്ളവരാണ്. പാമ്പുകള്‍ ഈ ഗണത്തിലൊന്നും പെടുന്നില്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നും.

എന്നാല്‍ പാമ്പുകളുടെ തനതായ പരിതസ്ഥിതി പരിഗണിച്ചു നോക്കിയാല്‍ അവയ്ക്ക് ഈ രണ്ട് ഇനങ്ങളിലുള്ളവയുടെ ഗുണങ്ങളുണ്ടെന്ന് കാണാം. മേല്‍ത്തട്ട് ഇരപിടിയന്‍മാര്‍ (Apex Predatsor) ഇല്ലാതായാല്‍ അവയുടെ ഇരകളായുള്ള ജീവിവര്‍ഗം (കടുവയുടെ കാര്യത്തിലാണെങ്കില്‍ മാനുകളും മ്ലാവുകളും കേഴകളുമൊക്കെ) പെറ്റുപെരുകുകയും അവ ഭക്ഷണമാക്കുന്ന സസ്യജാലങ്ങളോ ജീവിവര്‍ഗങ്ങളോ വലിയ തോതില്‍ ഭീഷണി നേരിടുകയും ചെയ്യും. മേല്‍ത്തട്ടിലുള്ള ഇരപിടിയന്‍മാരായതു കൊണ്ടു തന്നെ അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് തടയാനുള്ള സ്വാഭാവികമായ സംവിധാനം അവര്‍ക്കിടയില്‍ തന്നെയുണ്ട്. കടുവകളുടെ ടെറിട്ടോറിയല്‍ ഇരപിടുത്തവും ഇരപിടിക്കാന്‍ പ്രവിശ്യകളില്ലാത്തവയുടെ ഭക്ഷണദൗര്‍ലഭ്യവുമൊക്കെ ഈ സംവിധാനത്തിന്റെ ഭാഗം തന്നെയാണ്. സമാനമായി പാമ്പുകള്‍ക്കും അവയുടെ എണ്ണം നിയന്ത്രിക്കാനുള്ള സംവിധാനം സ്വന്തമായുണ്ട്. പാമ്പുകള്‍ പാമ്പുകളെ തന്നെ ഇരകളാക്കുന്നതും പ്രവിശ്യകള്‍ തീരുമാനിച്ച് അവിടെ മാത്രം ഇരപിടിക്കുന്ന രീതിയും പ്രവിശ്യായുദ്ധവുമൊക്കെ ഒരു മേല്‍ത്തട്ട് ഇരപിടിയന്‍മാരുടെ രീതി തന്നെയാണ്. മാത്രമല്ല, പാമ്പുകളുടെ ഇരകളാകുന്ന എലികളും തവളകളും അടക്കമുള്ളവ (Rodents) പെട്ടെന്ന് പെറ്റുപെരുകുന്നവയും മറ്റ് ഇരപിടിയന്‍മാര്‍ക്ക് എളുപ്പത്തില്‍ പിടിച്ചുതിന്നാന്‍ കഴിയാത്തവയുമാണ്. ഇവിടെയും പാമ്പ് ഇല്ലാതാകുന്നതോടെ അപെക്‌സ് ഇരപിടിയന്‍മാര്‍ ഇല്ലാതാകുന്നതിന് സമാനമായ ജൈവ അസംതുലിതാവസ്ഥ ഉണ്ടാകും. തവളകളുടെ ഇരയാകുന്ന ഈച്ചകളും പ്രാണികളും വംശനാശ ഭീഷണി നേരിടും. എലികളാണെങ്കില്‍ മനുഷ്യന്റെ ഭക്ഷ്യ കലവറകളിലേക്ക് കൂട്ടമായി ആക്രമിക്കാനും തുടങ്ങും. പാമ്പുകളുടെ എണ്ണം കുറവുള്ള നഗരപ്രദേശങ്ങളില്‍ എലികളുടെ ഈ വളര്‍ച്ച നമുക്കു തന്നെ കാണാവുന്നതാണ്. എലികളടക്കമുള്ള ക്ഷുദ്രജീവികള്‍ രോഗവാഹകരാണെന്നു കൂടി കണക്കിലെടുത്താല്‍ പാമ്പുകളേക്കാള്‍ മനുഷ്യന് അപകടകാരികള്‍ എലികളാണെന്ന് കാണാം. അതിനുമപ്പുറം ജൈവവൈവിധ്യം നിലനിന്നെങ്കിലേ മനുഷ്യനും നിലനില്‍പ്പുള്ളൂ എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്.
പരിണാമത്തിലെ അതിശയകരമായ ശരീരം
പാമ്പുകളുടെ ശരീരം എല്ലാ അര്‍ത്ഥത്തിലും അതിശയിപ്പിക്കുന്നതാണ്. സ്വന്തം ശരീരത്തേക്കാള്‍ വലിപ്പമുള്ള ഇരയെ വിഴുങ്ങാനുള്ള കഴിവ്, വേഗത്തില്‍ ഇഴയാനും ഏത് ഇടുങ്ങിയ വിടവിലൂടെയും കടന്നുപോകാനും കഴിയുന്ന മെയ് വഴക്കം, ഒന്നിനു പിന്നാലെ ഒന്നായി അടുക്കിയിരിക്കുന്ന ആന്തരികാവയവങ്ങള്‍, വര്‍ണക്കാഴ്ച പരിമിതമാണെങ്കിലും ഏത് ചലനവും തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ കണ്ണുകളോട് ചേര്‍ന്ന് ഗന്ധമാപിനിയും (ജേക്കബ്‌സണ്‍സ് ഓര്‍ഗണ്‍) സ്പന്ദമാപിനിയും (ഉദരത്തിലെ അസ്ഥികള്‍) പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന വിശേഷപ്പെട്ട ഇന്ദ്രിയ സംവേദനം, ചില ഇനങ്ങള്‍ക്കുള്ള ഇന്‍ഫ്രാറെഡ് കാഴ്ച (സത്യത്തില്‍ അത് കാഴ്ചയല്ല, പിറ്റ് വൈപ്പേഴ്‌സിനും മറ്റുമുള്ള പ്രത്യേക ഇന്ദ്രിയസംവിധാനമാണ്), ശീതരക്തം തുടങ്ങി സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന വിഷഗ്രന്ഥികള്‍ പോലും പാമ്പുകളെ അപൂര്‍വ ജീവിവര്‍ഗമാക്കുന്നുണ്ട്. വളരാത്ത തലച്ചോറും കൈകാലുകളില്ലാത്ത നീണ്ട ശരീരവും ആയിട്ടു കൂടി പാമ്പുകളുടെ വേഗതയും ശേഷിയും അതിശയിപ്പിക്കുന്നതാണ്. കൈകാലുകളോ മീന്‍ചിറകുകളോ (Fins) ഇല്ലാതെ അതിവേഗത്തില്‍ നീന്താനുള്ള കഴിവു പോലും അവയ്ക്കുണ്ട്. ഈ പ്രത്യേകതകളൊക്കെയുള്ള പാമ്പുകളെ ഒരു സാധാരണ ജീവിവര്‍ഗമായി കാണേണ്ടതല്ല. ഈ പ്രത്യേകതകളത്രയും ഒരു ജീവിവര്‍ഗമെന്ന നിലയില്‍ അവ പരിണാമത്തിലൂടെ സ്വായത്തമാക്കിയതാണ്. അത് ഒരു വടിയെടുത്ത് നിസാരമായി തല്ലിക്കൊന്നു കളയേണ്ടതല്ല.
അഭൂതപൂര്‍വമായ അതിജീവനം
മനുഷ്യന്‍ പാമ്പിനെ ഇല്ലായ്മ ചെയ്യാനിറങ്ങിപ്പുറപ്പെടുമ്പോള്‍ ഈ ഭൂമിയില്‍ പാമ്പിനോളം അവകാശം മനുഷ്യനില്ലെന്നു കൂടി ഓര്‍ക്കണം. ഹോമോ സാപിയന്‍സ് എന്ന ഇന്നത്തെ ഈ ജീവിവര്‍ഗം ഉണ്ടായി വരുന്നതിന് എത്രയോ കാലം മുന്‍പ് പാമ്പുകള്‍ ഭൂമിയിലുണ്ടായിരുന്നതാണ്. ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്നവ. ദിനോസറുകള്‍ അടക്കിവാണിരുന്ന ക്രെറ്റേഷ്യസ് യുഗത്തിലാണ് പല്ലിവര്‍ഗങ്ങളില്‍ നിന്ന് കാലുകള്‍ ശോഷിച്ച് പാമ്പുകള്‍ ഉണ്ടായത്. ദിനോസറുകളുടെ അപ്രമാദിത്വത്തെ അതിജീവിച്ചത് മാത്രമല്ല പാമ്പുകളുടെ പ്രത്യേകത. ക്രെറ്റേഷ്യസ് യുഗത്തിന്റെ അവസാനം ഭൂമിയില്‍ പതിച്ച കൂറ്റന്‍ ഉല്‍ക്ക ഇവിടുത്തെ ജീവിവര്‍ഗത്തെ അപ്പാടെ തുടച്ചുനീക്കാന്‍ തുടങ്ങി. ക്രെറ്റേഷ്യസ്-പാലിയോജീന്‍ കൂട്ടവംശനാശ വിപത്ത് എന്നറിയപ്പെടുന്ന ആ സംഭവത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിറഞ്ഞ പുകപടലങ്ങള്‍ കാരണം സൂര്യന്റെ വെളിച്ചമോ താപമോ ഭൂമിയിലെത്തിയില്ല. എല്ലാം തണുത്തുറഞ്ഞു പോയി. മരങ്ങളോ ചെടികളോ ഇല്ലാതായി. മണ്ണിനടിയിലോ വെള്ളത്തിനടിയില്‍ ആഴത്തിലോ അഭയം തേടിയ ജീവിവര്‍ഗങ്ങളില്‍ അങ്ങേയറ്റം അതിജീവന ശേഷിയുണ്ടായിരുന്ന ചിലതു മാത്രം ആ കാലത്തെ അതിജീവിച്ചു. ചില സസ്തനികളും തവളകളും പാമ്പുകളും മത്സ്യങ്ങളും അങ്ങനെ പുകപടലം നീങ്ങി വീണ്ടും സൂര്യപ്രകാശം വീണ ഭൂമിയുടെ പുനര്‍നിര്‍മ്മിതി ഏറ്റെടുത്തു. ആ ജീവികള്‍ ഉണ്ടാക്കിയെടുത്ത ജൈവസമ്പത്താണ് മനുഷ്യനെ ഇന്ന് തലയുയര്‍ത്തി നടക്കാനാക്കിയത്. ആയുസ്സറ്റു പോകും വരെ തിന്നുതീര്‍ക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കിയത്.
ഇനിയും പഠിച്ചുതീര്‍ത്തിട്ടില്ലാത്ത പുസ്തകം
പാമ്പുകളുടെ അതിജീവനം എങ്ങനെ നടന്നുവെന്നത് ഒരു അത്ഭുതം തന്നെയാണ് ഇപ്പോഴും. മാളങ്ങളില്‍ കാലങ്ങളോളം കാര്യമായ ശ്വാസവായുവും ഭക്ഷണവുമില്ലാതെ കഴിയാനുള്ള അവയുടെ ശേഷി ഒരു കാരണം തന്നെയാണ്. അതിനപ്പുറം എന്തെങ്കിലും ഇന്ന് നമുക്കറിയില്ല. അതിനു കാരണം പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള നമ്മുടെ പരിമിതിയാണ്. അങ്ങേയറ്റം മാര്‍ദ്ദവമുള്ള അസ്ഥികളാണ് പാമ്പുകള്‍ക്ക്. അതുകൊണ്ട് വ്യക്തതയുള്ള ഒരു ഫോസില്‍ പോലും കിട്ടാനില്ല. ഇപ്പോള്‍ നമുക്കു ചുറ്റുമുള്ള പാമ്പുകളെ തന്നെ നോക്കൂ. അവയുടെ സ്വാഭാവിക പരിതസ്ഥിതികളിലേക്ക് മനുഷ്യന് കടന്നു ചെല്ലാനോ നിരീക്ഷിക്കാനോ കഴിയില്ല. അതിന് അവ നിന്നുതരില്ല. കൂട്ടിലടച്ച പാമ്പുകളിലെ പഠനങ്ങളില്‍ നിന്നും പുറത്തുള്ളവയില്‍ ഏറെ പണിപ്പെട്ടു നടത്തുന്ന നിരീക്ഷണങ്ങളില്‍ നിന്നും കൂട്ടിവായിച്ച് അവലോകനം ചെയ്ത് നമ്മളുണ്ടാക്കിയെടുത്ത അറിവുകള്‍ പരിമിതമാണ്. മനുഷ്യനെ കടിക്കുന്നു, ജീവന് ഹാനിയാകുന്നു എന്നതുകൊണ്ട് അങ്ങനെയങ്ങ് ഇല്ലാതാക്കാന്‍ കഴിയാത്തത്ര വിശാലവും ആഴമുള്ളതുമാണ് ഒരു ജീവിവര്‍ഗം എന്ന നിലയില്‍ പാമ്പുകളുടെ പ്രാധാന്യം.
പാമ്പുകള്‍ക്ക് ചെയ്യാനാവുന്നത് നമുക്ക് ചെയ്തുകൂടേ?
പാമ്പുകള്‍ ഉണ്ടാക്കുന്ന ജൈവസംതുലനം മനുഷ്യന് ഉണ്ടാക്കാനാകില്ലേ എന്ന ചിന്ത മനുഷ്യന്റെ ബുദ്ധിശക്തിയിലുള്ള വിശ്വാസമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അതങ്ങനെയല്ല. ജൈവസമ്പത്തിന്റെ കേന്ദ്രം മനുഷ്യനാണെന്ന മിഥ്യാബോധത്തില്‍ നിന്നാണ് ഈ ധാരണ ഉണ്ടാകുന്നത്. ഭൂമിയുടെ എല്ലാ ഭൗതികസാഹചര്യങ്ങളെയും അതിജീവിക്കാന്‍ മനുഷ്യന് കഴിയുമെന്നു പോലും നാം ഇനിയും തെളിയിച്ചിട്ടില്ല. ക്രെറ്റേഷ്യസ്-പാലിയോജീന്‍ വിപത്തിന്റെ ആയിരത്തിലൊന്ന് ശേഷിയുള്ള ഒരു വിപത്തു പോലും താങ്ങാനുള്ള പരിണാമപരമായ ശേഷി ആര്‍ജ്ജിച്ചിട്ടില്ല നമ്മള്‍. ഇനി മനുഷ്യന്‍ ഈ ദൗത്യങ്ങള്‍ ഏറ്റെടുത്താല്‍ തന്നെ അത് കൂടുതല്‍ വിപത്ത് വിളിച്ചു വരുത്തുകയാകും. മനുഷ്യന്റെ ഇടപെടല്‍ തന്നെ പരിസ്ഥിതിയ്ക്കും മറ്റ് ജീവിവര്‍ഗങ്ങള്‍ക്കും ദുരിതമാകുന്ന കാലത്ത് എല്ലാം മനുഷ്യന്‍ നോക്കിക്കോളുമെന്ന് പറയുന്നത് വിഡ്ഢിത്തം തന്നെയാണ്. ചപ്പുചവറുകള്‍ വലിച്ചെറിയരുതെന്ന് മനുഷ്യനെ പഠിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതു കൊണ്ട്, സ്വീഡനിലെ നഗരങ്ങളില്‍ ഒരു കൊല്ലം വലിച്ചെറിയുന്ന സിഗരറ്റുകുറ്റികള്‍ പെറുക്കാന്‍ കാക്കകളെ ജോലിയ്ക്കു വെച്ച ഒരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുണ്ട് ആ രാജ്യത്ത്. അതുകൊണ്ട് എല്ലാം മനുഷ്യന് ചെയ്യാനാകുമെന്ന ആത്മവിശ്വാസം കൊണ്ടാണ് പാമ്പിനെ കൊല്ലാന്‍ വടിയെടുക്കുന്നതെങ്കില്‍ അത് വേണ്ട.
പാമ്പിനെ പേടിക്കണ്ടേ?
മാരകവിഷമുള്ള പാമ്പുകളെ പേടിക്കണം. സ്വന്തം വര്‍ഗത്തിനെ പോലും ഒരു പരിധിക്കപ്പുറം അടുപ്പിക്കാത്ത പാമ്പുകളെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തവുമാണ്. പക്ഷെ മനുഷ്യനൊപ്പം ഈ ഇടം പങ്കുവെച്ച് എങ്ങനെ ജീവിക്കണമെന്ന് അവറ്റകള്‍ക്ക് നന്നായി അറിയാം. അതറിയാത്തത് മനുഷ്യനാണ്. മനുഷ്യന്‍ അവരുടെ ഇടയിലേക്ക്, അവരുടെ ഇടത്തിലേക്ക് കടന്നു ചെല്ലുമ്പോഴല്ലാതെ പാമ്പ് കടിക്കാറില്ല. മനുഷ്യനോട് നേരിട്ടു മുട്ടുന്നത് അപകടകരമാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ പാമ്പിനുണ്ട്. ഒരു മനുഷ്യന്‍ അടുത്തു വരുന്നുണ്ടെന്ന് കണ്ടാല്‍ ആദ്യം സ്ഥലം വിടാന്‍ നോക്കുകയോ, അതിന് കഴിഞ്ഞില്ലെങ്കില്‍ വിരട്ടാന്‍ നോക്കുകയോ (പത്തി വിടര്‍ത്തിയോ ചീറ്റിയോ ശരീരം പുളച്ചോ) ചെയ്യുന്നത് ആ ബുദ്ധി കൊണ്ടാണ്. ഇവിടെ ഒരു വൈരുദ്ധ്യമായി പറയുന്നത് അണലികളെയാണ്. അണലിയുടെ കാര്യത്തില്‍ പോലും ഓടിയൊളിക്കാനുള്ള ശാരീരികക്ഷമത അതിനില്ലാത്തതു കൊണ്ടാണ് ആദ്യം പ്രതിരോധത്തിലൂന്നിയ ശരീരനിലയും പിന്നെ ആക്രമണവും വരുന്നത്. പാമ്പുകടിയേറ്റുള്ള മരണങ്ങളുടെ എണ്ണമാണ് നമ്മെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. ഇതിലേറെയും കൃത്യമായ സമയത്ത് ശരിയായ ചികിത്സ കിട്ടാത്തതു കൊണ്ടാണെന്നു കൂടി ഓര്‍ക്കണം. മറ്റോരോ ജീവിയെയും പോലെ, പാമ്പിനൊപ്പം ഈ ഇടം പങ്കുവെച്ച് ജീവിക്കാന്‍ മനുഷ്യന്‍ പഠിക്കേണ്ടിയിരിക്കുന്നു.
സതീഷ് കുമാർ
Jan 14, 2023
3 Minute Read
കെ. കണ്ണന്‍
Jan 14, 2023
8 Minutes Read
ടി.പി. പത്മനാഭൻ
Dec 27, 2022
10 Minutes Read
ഒ.കെ. ജോണി
Dec 25, 2022
3 Minutes Read
അഡ്വ. ജോയ്‌സ് ജോര്‍ജ്
Dec 24, 2022
10 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Sep 28, 2022
19 Minutes Watch
Unnikrishnan P K
22 Feb 2022, 11:20 AM
Excellent article 👍❤️