സോഷ്യൽമീഡിയാ ആക്രമണങ്ങൾ സാമൂഹികവിപത്തായി കാണേണ്ടതുണ്ട്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

നിരന്തരസംവാദങ്ങളാണ് ജനാധിപത്യത്തെ സാധ്യമാക്കുന്നത് എന്നതുകൊണ്ട് ഒരു ജനാധിപത്യരാജ്യത്ത് സംവാദങ്ങൾ ഏറ്റവും പ്രസക്തമാണ്. ഇത് അല്പം വിശദീകരിക്കേണ്ടതുണ്ട്. ജനാധിപത്യം എന്ന രാഷ്ട്രീയപ്രത്യയശാസ്ത്രം അതിന്റെ പൂർണ്ണമായ അന്തസ്സത്തയിൽ ഉൾക്കൊണ്ട് നമുക്കിനി ജനാധിപത്യം മതി എന്ന് ഉറപ്പിച്ച ഒരു ജനതയെ സംബന്ധിച്ച് ആന്തരികമായ തിരുത്തുകളും ചെറുത്തുനില്പുകളും അധികം ആവശ്യമായി വരില്ല. പുറത്തുനിന്നുള്ള വെല്ലുവിളികളെയാണ് അതിനു നേരിടേണ്ടിവരിക. അതിനുള്ള ആശയാവലികൾ വികസിപ്പിക്കുകയും പ്രയോഗിക്കുകയുമാണ് അത്തരം സന്ദർഭങ്ങളിൽ ആവശ്യം. നിർഭാഗ്യവശാൽ ലോകത്തൊരിടത്തും ഇത്തരമൊരു സംവിധാനം നിലവിലില്ല. ആധുനികജനാധിപത്യം എന്ന ആശയം രൂപംകൊള്ളുകയും ആശയപരമായും പ്രായോഗികമായും വളരെയധികം മുന്നേറുകയും ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽപോലും നവഫാസിസം പോലുള്ള ചിന്തകൾ ആഭ്യന്തരമായിത്തന്നെ ഉയർന്നു വരുന്നത് പ്രത്യയശാസ്ത്രപരമായി ആ സമൂഹങ്ങൾ പൂർണ്ണമായി ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ്.

ഇന്ത്യയെപ്പോലൊരു രാജ്യത്തെ സംബന്ധിച്ച് സുസജ്ജമായ ഒരു രാഷ്ട്രീയബോധ്യത്തിനു പുറത്തല്ല ജനാധിപത്യം എന്ന ഭരണകൂടപ്രത്യയശാസ്ത്രം പ്രയോഗിക്കപ്പെടുന്നത്. ചരിത്രപരമായി ഇന്ത്യയെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രത്യയശാസ്ത്രം അർത്ഥശാസ്ത്രനിഷ്ഠമായതും പിരമിഡാകൃതിയിൽ ജാത്യധിഷ്ഠിതമായ സമൂഹക്രമത്തെ അംഗീകരിക്കുന്നതുമാണ്. ഈ സാമൂഹികസംവിധാനത്തെയും രാഷ്ട്രീയപ്രത്യയശാസ്ത്രത്തെയും ക്ലോൺ ചെയ്‌തെടുക്കുക മാത്രമാണ് ഇന്ത്യയിലെത്തിയ മറ്റ് അധികാരശക്തികൾ ചെയ്തുകൊണ്ടിരുന്നത്. മധ്യകാല മുസ്ലിം രാജാക്കന്മാരും യൂറോപ്യൻ ശക്തികളും ഈ വ്യവസ്ഥയുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി എന്നു പറയുന്നതാവും നല്ലത്. ഈ സംവിധാനത്തിനു മുകളിലേക്ക് കൊളോണിയൽ മോഡേണിറ്റി വഴി ഒരു പാടപോലെ വന്നടിഞ്ഞതാണ് നെഹ്‌റുവിന്റെ സയന്റഫിക് ടെമ്പറും ജനാധിപത്യവുമൊക്കെ. അർത്ഥശാസ്ത്രനിഷ്ഠമായ ഭരണകൂടപ്രത്യയശാസ്ത്രത്തെ തീർത്തും കുടഞ്ഞു കളയാതെ നീക്കുപോക്കുകളിലൂടെ, ഭാവിയിൽ നിർവഹിക്കപ്പെടേണ്ട നിരന്തരമായ പ്രത്യയശാസ്ത്രവിദ്യാഭ്യാസത്തിൽ പ്രതീക്ഷ വെച്ചുകൊണ്ട് സംവിധാനം ചെയ്ത ഒരു താൽക്കാലിക സംവിധാനമാണ് ഇന്ത്യൻ ജനാധിപത്യം.

ഭരണകൂടവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളിലും പദാവലികളിലും സൈനികവും അല്ലാതെയുമുള്ള അനുഷ്ഠാനങ്ങളിലും ഭരണകൂടത്തിന് നേരിട്ട് ഇടപെടാവുന്ന സാഹിത്യത്തിലുമൊക്കെ ജനാധിപത്യത്തെ ഏതു നിമിഷവും അട്ടിമറിക്കാവുന്ന ഒരു മതാത്മകത തുളുമ്പി നിന്നിരുന്നു. മുകളിൽനിന്ന് കീഴ്‌പോട്ട് വളരേണ്ടുന്ന ജനാധിപത്യസംവിധാനം രൂപകല്പന ചെയ്ത ഭരണഘടാശില്പികൾ അതിന്റെ തുടർച്ചയ്ക്ക് ആധാരമായി സങ്കല്പിച്ചത് നിരന്തര സംവാദങ്ങളാണ്. നമ്മുടെ പാർലമെന്റും മറ്റ് നിയമനിർമ്മാണസഭകളും ഭരണകൂടവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട എല്ലാ തുറസ്സുകളും നിരന്തരമായ സംവാദങ്ങളെ സ്വാഗതം ചെയ്യുന്ന മട്ടിൽ സംവിധാനം ചെയ്യപ്പെട്ടത് അതുകൊണ്ടാണ്. ഈ സംവാദാത്മകത ഭരണകൂടസംവിധാനങ്ങളിൽനിന്ന് ഒരു വശം ചേർന്നെങ്കിലും പുറത്തേക്കു വികസിച്ചതിന്റെ ചരിത്രമാണ് 2014-വരെയെങ്കിലുമുള്ള ഇന്ത്യൻ ജനാധിപത്യത്തിനു പറയാനുള്ളത്. പത്രങ്ങൾ, സിനിമകൾ, ടെലിവിഷൻ, യൂണിവേഴ്‌സിറ്റികൾ, സാഹിത്യരചനകൾ എന്നിവയെല്ലാം ചുരുങ്ങിയത് രണ്ടുതരം രാഷ്ട്രീയയുക്തികളുടെ ഉരച്ചുനോക്കലുകളായിരുന്നു. സംവാദങ്ങളിൽ ഏതാശയത്തിനു മേൽക്കൈ കിട്ടുന്നു എന്നതുപോലും ജനാധിപത്യത്തെ സംബന്ധിച്ചു നിർണ്ണായകമായിരിക്കെ സംവാദങ്ങൾ നിലച്ചു പോകുന്നത് ജനാധിപത്യം എന്ന സംവിധാനത്തിന്റെ തന്നെ അന്ത്യം കുറിയ്ക്കും.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

അധികാരത്തിന്റെയും അധീശയുക്തികളുടെയും ഉപകരണം എന്ന നിലയിൽ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. എളുപ്പം ശ്രേണീകരിക്കപ്പെടാവുന്ന ഒന്നാണ് സാമൂഹികബന്ധങ്ങൾ എന്നിരിക്കെ ജനാധിപത്യസംവാദങ്ങളുടെ ഭാഷ എപ്പോഴും അപരനെ തുല്യമായി പരിഗണിക്കുന്നതാവണം. സത്യത്തിൽ സ്വ-പര ബോധ്യം പോലും ജനാധിപത്യത്തിന്റെ വിശാലയുക്തിക്കപ്പുറം കൊടുക്കലിന്റെയും വാങ്ങലിന്റെയും യുക്തിയെ ഉൾക്കൊള്ളുന്നുണ്ട്. ജനാധിപത്യസംവാദത്തിൽ കൊടുക്കലും വാങ്ങലുമല്ല, പരസ്പരം പൂരിപ്പിക്കലാണുള്ളത്. ഇന്ത്യൻ ഭരണഘടനയെ ഒരറ്റത്തു നിർത്തുമ്പോൾ ഭരണഘടനാപരമായ നൈതികതയെ മറ്റെല്ലാ മൂല്യങ്ങൾക്കും മുകളിൽ സങ്കല്പിക്കുക എന്ന ജനാധിപത്യവിരുദ്ധമായ ഒരു രീതിശാസ്ത്രം കിടന്നു കളിക്കുന്നുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായ നൈതികതയുടെ പക്ഷത്തു നിൽക്കുന്നവർക്ക് ഏതു സംവാദസ്ഥലിയിലും വലിയ ഉത്തരവാദിത്വങ്ങളുണ്ട്.

ജനാധിപത്യത്തെ ആശയപരമായി ശക്തിപ്പെടുത്തുന്നതിനുള്ള സംവാദങ്ങൾ എന്നതിനപ്പുറം ജനാധിപത്യേതരമായ ആശയാവലികളുമായി സംവദിക്കുമ്പോഴാണ് ഇത് കൂടുതൽ വേണ്ടത്. വ്യക്തിയെ, ഉപദേശീയതകളെ, ഭാഷാപരവും മതപരവുമായ അതിരുകളെ ഒറ്റയടിക്ക് അസ്ഥിരമാക്കുന്ന സംവാദരീതികൾ ഗുണപരമല്ല. ഏതെങ്കിലും പ്രത്യയശാസ്ത്രബോധ്യങ്ങളെ മുന്നുപാധിയായി സ്വീകരിക്കുമ്പോൾ കൈവരുന്ന മേൽനിലയെ യുക്തിഭദ്രമായ ഭാഷ, പരിഗണന, ക്ഷമാശീലം എന്നിവകൊണ്ടാവണം മറികടക്കേണ്ടത്. ഇതെല്ലാം പ്രയോഗിക്കപ്പെടുന്നത് ഭാഷയിലൂടെയാണ് എന്നതുകൊണ്ട് ജനാധിപത്യസമൂഹത്തിലെ സംവാദഭാഷ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ തരത്തിൽ ആലോചിച്ചാൽ സംവാദത്തിന് ഒരു ഭാഷ അല്ലാത്തിടത്ത് വേറൊരു ഭാഷ എന്ന ആലോചനയ്ക്ക് സ്ഥാനമില്ലെന്നു വരുന്നു. പറയുന്നതിനേക്കാൾ കേൾക്കുക എന്നത് ഏറ്റവും പ്രധാനമാകുന്നു.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഭരണഘടനാപരമായ നൈതികത, അതിൽനിന്നുരുവം കൊള്ളുന്ന ഒന്നാംഘട്ട സംവാദങ്ങൾ, അടുത്ത ഘട്ടമായ മാധ്യമസംവാദങ്ങൾ, അതിന്റെ തുടർച്ചയായ സാഹിത്യസംവാദങ്ങൾ, കാലാലയ സംവാദങ്ങൾ, ഇതിനോടു ചേർന്നുനിൽക്കുന്ന ജനകീയസംവാദങ്ങൾ എന്നതാണ് വിഭാവനം ചെയ്യപ്പെടുന്ന ഒരു ക്രമം. ആദ്യഘട്ടത്തിൽ പാർലമെന്റ് ചർച്ചകളും കോടതിവ്യവഹാരങ്ങളുമൊക്കെ വരുന്നു. അതിന്റെ ക്രമമായ തുടർച്ചയാണ് മറ്റിടങ്ങളിൽ സംഭവിക്കേണ്ടത്. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ വിരുദ്ധാശയങ്ങളുടെ ഏറ്റുമുട്ടലുകൾകൂടി നടക്കുന്നുണ്ട്.

പത്രങ്ങളായാലും സിനിമകളായാലും ജനാധിപത്യത്തിന്റെ യുക്തികളെയും ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണകൂടത്തെയും തറപറ്റിക്കാനുള്ള ആശയാവലികൾകൂടി ക്രമമായി വളർത്തിക്കൊണ്ടുവരുന്നുണ്ട്. കൃത്യവും തുടർച്ചയുള്ളതുമായ ജനകീയവിദ്യാഭ്യാസപ്രവർത്തനങ്ങളിലൂടെ എതിർബലങ്ങളെ ജനാധിപത്യത്തിന്റെ യുക്തികളിലേക്കു കണ്ണിചേർക്കുന്നതിനു പകരം പരസ്പരം തോൽപിക്കാനുള്ള മല്പിടുത്തങ്ങളാണ് ഇന്ത്യയിലെ സംവാദപരിസരം. ജനാധിപത്യപരമായ സംവാദങ്ങളിലെ "ഉത്തരവാദിത്വം' സംവാദത്തെ മറ്റൊരുതരം ഉപകരണമായി സ്വീകരിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ബലഹീനതയായി മാറും. ഭരണകൂടനൈതികയിലൂന്നിയ സംവാദങ്ങളുടെ ആദ്യപടവുകളായ പാർലമെന്റും കോടതികളും പോലും ജനാധിപത്യത്തിന് എതിർബലങ്ങളാകുന്ന തരത്തിലുള്ള നിലപാടുകളിലേക്കും ആശയാവലികളിലേക്കും മാറുമ്പോൾ പൊതുസമൂഹത്തിൽ ജനാധിപത്യസമൂഹത്തിന് അഭിലഷണീയമായ സംവാദശൈലി, ഭാഷയുപയോഗിച്ചുള്ള സായുധാക്രമണങ്ങളായി മാറും. ഭാഷ എതിരാളിയെ തറപറ്റിക്കാനുള്ള ഉയർന്ന ഒച്ചയായി മാറും.

ഇന്ത്യൻ മാധ്യമരംഗം നെറ്റിസൺ ജേണലിസത്തിലേക്കെത്തുമ്പോൾ സംവാദങ്ങളുടെ രീതിശാസ്ത്രം കീഴ്‌മേൽ മറിയുന്നുണ്ട്. രണ്ടുപേർ മുഖാമുഖമിരുന്ന് സംസാരിക്കുക, പാനൽ ചർച്ചകൾ പോലെയുള്ള പരിപാടികൾ നടത്തുക, പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും സംവദിക്കുക തുടങ്ങിയ സംവിധാനങ്ങളിൽനിന്ന് സോഷ്യൽമീഡിയാ ചർച്ചകൾക്ക് വലിയ വ്യത്യാസമുണ്ട്.

ഫേക്ക് ആയ ഒരാൾക്ക് സോഷ്യൽമീഡിയയിൽ സംവദിക്കാനാകും. വലിയ സംഘടനകൾക്കും പണം മുടക്കാൻ പറ്റുന്നവർക്കും ഫേക്കുകളുടെ വലിയ നിരയെ ഒരുക്കി കൃത്രിമമായ ആൾക്കൂട്ടത്തെ സൃഷ്ടിക്കാനാകും. ഇത്തരമൊരു സംവാദരീതിയ്ക്കാവശ്യമായ നൈതികത സംജാതമാകുന്നത് സംവാദം ഏറ്റുമുട്ടലോ യുദ്ധമോ ആകുന്നിടത്താണ്. ജനാധിപത്യ ഇന്ത്യയിൽ ഉയർത്തിപ്പിടിച്ചിരുന്ന സവിശേഷമായ ആ മൊറാലിറ്റി ഇവിടെ അപ്രത്യക്ഷമാവുകയും യുദ്ധോത്സുകമായ കീഴടക്കൽയുക്തി മേൽക്കൈ നേടുകയും ചെയ്യുന്നു. നിരന്തരം ഒച്ചവെയ്ക്കകയും ഭീഷണിപ്പെടുത്തുകയും തെറി പറയുകയും ജാതീയവും ശാരീരികവും മതപരവും ലിംഗപരവുമായ ഷെയ്മിംഗ് നിരന്തരം പ്രയോഗിക്കുകയും ചെയ്യുന്ന ഒരിടത്ത് ഒരുതരത്തിലുള്ള സംവാദത്തിനും സാധ്യതയില്ല. അതേസമയം സോഷ്യൽ മീഡിയയെ സക്രിയമായി ഉപയോഗിക്കാനുള്ള സാധ്യതകൾ ക്രമേണ രൂപപ്പെട്ടു വരികയും ചെയ്യും. അടിസ്ഥാനമില്ലാത്ത വാർത്തകളുടെ കുത്തൊഴുക്കുണ്ടായിരുന്ന വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികൾ ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്യപ്പെടുന്നത് ശരിയായ ലക്ഷണമാണ്. മീഡിയ സ്റ്റാറ്റിക്കായ ഒന്നല്ലാത്തതും വലിയ സൗകര്യമാണ്‌. വാട്‌സാപ്പ് താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞവരുടെ മാധ്യമമാകുമ്പോൾ കുറേ പേർ ഫെയ്‌സ് ബുക്കിനെ ആശ്രയിക്കുന്നു. ഉപരിവർഗ്ഗം എന്നു പറയാവുന്നവർ ട്വിറ്ററിനെയും വിദ്യാർത്ഥികൾ ഇൻസ്റ്റാഗ്രാമിനെയും ആശ്രയിക്കുന്നത് മീഡിയയുടെ വഴുതൽ സ്വഭാവത്തിന് ഉദാഹരണമാണ്. കുടുംബ വാട്‌സാപ്പ് ഗ്രൂപ്പിലെ ഒരാശയം പുതിയ തലമുറയിലെ ഒരു കുട്ടികയെ കാര്യമായി സ്വാധീനിക്കാൻ പോകുന്നില്ല. അയാളുടെ യുക്തി വാട്‌സാപ്പിനെ മറികടന്നു എന്നതു തന്നെ കാരണം. സോഷ്യൽ മീഡിയയെ ഒരു സംവാദ ഇടം എന്ന നിലയിൽ പരിഗണിക്കുമ്പോൾ അതിന്റെ ബഹുതലസ്വഭാവത്തെകൂടി ചർച്ചയ്‌ക്കെടുക്കേണ്ടതുണ്ട്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽനിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

മീഡിയയുമായുള്ള ബന്ധം ഏതു തരത്തിലാണ് എന്നതിനെ ആശ്രയിച്ചിരിക്കും അതുണ്ടാക്കുന്ന ആഘാതങ്ങൾ. ആറു വർഷത്തിലേറെയായി ഞാൻ ടെലിവിഷൻ ചർച്ചകൾ കേൾക്കാറില്ല. അതുകൊണ്ട് ചാനൽ റൂമുകളിലെ ചർച്ചകൾ വ്യക്തിപരമായി എന്ന ബാധിക്കുകയേ ഇല്ല. സോഷ്യൽ മീഡിയ വഴി പകർന്നുകിട്ടുന്നതോ സവിശേഷ സന്ദർഭങ്ങളിൽ കേൾക്കുന്നതോ ആയ ടെലിവിഷൻ ചർച്ചകൾ തമാശയായി തോന്നാറുമുണ്ട്. അതിവൈകാരികത, അനാവശ്യമായ ഡീറ്റൈലിംഗ്, മടുപ്പിക്കുന്ന ആവർത്തനങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ നിത്യവും ടെലിവിഷൻ ചർച്ചകൾ ശ്രദ്ധിക്കുന്ന ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കുകയേ ഇല്ല. സോഷ്യൽ മീഡിയ നിത്യജീവിതമായ വ്യവഹാരങ്ങളുടെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാളെ സംബന്ധിച്ച് സോഷ്യൽമീഡിയ വഴിയുള്ള ആക്രമണം വലിയ പ്രശ്‌നങ്ങളുണ്ടാക്കും. നേരിട്ടുള്ള ആക്രമണത്തേക്കാൾ വ്യക്തികളെ മാനസികമായി തകർക്കാൻ ശേഷിയുള്ളതാണ് സൈബർ ആക്രമണങ്ങൾ. മീഡിയയോടുള്ള സമീപനം മാറ്റുന്നതിലൂടെ എളുപ്പം രക്ഷപ്പെടാവുന്നതാണെങ്കിലും അത് പറ്റിക്കൊള്ളണമെന്നില്ല. തനിക്ക് മാനസികമായി ക്ഷീണമുണ്ടാക്കുന്ന ആക്ഷേപങ്ങൾ പോലും ഒരാൾ പാതിരാത്രിക്കിരുന്ന് വായിച്ചെന്നിരിക്കും.

രാഷ്ട്രീയനേതാക്കൾ, എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികൾ എന്നിവർക്ക് സമീപനമാറ്റത്തിലൂടെ പോലും സോഷ്യൽമീഡിയ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനാവില്ല. അവിടെ വ്യക്തിപരമായ വൈകാരികക്ഷീണം എന്നതിനേക്കാൾ അയാളുണ്ടാക്കിയ മൂലധനങ്ങളാണ് ഇടിഞ്ഞു പോകുന്നത്. പൊളിറ്റിക്കൽ കരിയർ, ബിസിനസ്, കലാജീവിതം ഇവയൊക്കെ തകർക്കാൻ സോഷ്യൽമീഡിയാ ആക്രമണങ്ങൾക്കു സാധിക്കും. കടുത്ത ട്രോമയിലേക്കും ആത്മഹത്യയിലേക്കുംവരെ ഇത് മനുഷ്യരെ നയിച്ചേക്കാം. നിയമപരമായും സാങ്കേതികമായും മനശ്ശാസ്ത്രപരമായും നേരിടേണ്ടുന്ന ഒരു സാമൂഹികവിപത്തായി ഇതിനെ കാണേണ്ടതുണ്ട്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

സംഘടിമായ ഒരു ആക്രമണത്തിന് ഇതുവരെ വിധേയമായിട്ടില്ല. പക്ഷേ ഏറ്റവും അടുപ്പമുള്ള ചിലർ ആക്രമിക്കപ്പെടുന്നത് കണ്ടിട്ടുണ്ട്. വ്യക്തിപരമായി അവരനുഭവിച്ച ട്രോമ നേരിട്ടു കണ്ടിട്ടുണ്ട്. വ്യക്തിപരമായ ആക്രമണം എന്നതിലുപരി ഏതെല്ലാമോ തരത്തിൽ ഞാൻ പ്രതിനിധാനം ചെയ്യുന്ന ദേശം, രാഷ്ട്രീയം, എത്തിനിസിറ്റി എന്നിവ ആക്രമിക്കപ്പെടുന്നത് കടുത്ത അലോസരമുണ്ടാക്കിയിട്ടുണ്ട്. അവഗണിക്കുകയോ ബ്ലോക്കു ചെയ്ത് ഒഴിവാക്കുകയോ ചെയ്യാവുന്ന ഷെയ്മിംഗുകൾ പോലും കടുത്ത അലോസരവും നീണ്ട നിശ്ശബ്ദതയും സമ്മാനിച്ചിട്ടുണ്ട്.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments