അധികാരത്തിന്റെ
തോട്ടിക്കോലിൽ ചാരിയ
പൂരപ്പെരുമകൾ

പുരുഷാധികാര പ്രയോഗങ്ങളുടെ ആഘോഷങ്ങളാണ് കേരളത്തിലെ ഉത്സവങ്ങൾ. അതിലെ “പുരുഷാരവും” അങ്ങനെത്തന്നെയാണ്. ഇതിനെയൊക്കെ കൂടുതൽ ജനാധിപത്യപരമായ ആഘോഷമാക്കി മാറ്റാൻ അതിലെ മതാത്മകതയേയും ആചാരപരതയെയും പരമാവധി ദുർബ്ബലമാക്കിയേ മതിയാകൂ- പ്രമോദ് പുഴങ്കര എഴുതുന്നു.

കൂട്ടായ ആഘോഷങ്ങളും ഉത്സവങ്ങളും അതിന്റെ കാലാകാലങ്ങളായുള്ള വികാസഗതികളുടെ വൈവിധ്യങ്ങളുമില്ലാതെ മനുഷ്യനാഗരികതയുടെ യാത്ര നടന്നിട്ടേയില്ല. ഇനിയങ്ങോട്ടും അതങ്ങനെത്തന്നെയായിരിക്കും. ഒറ്റയായൊറ്റയായി ജീവിച്ചുമരിക്കുന്ന മനുഷ്യർ തങ്ങളുടെയുള്ളിലും പുറത്തുമുള്ള വെറും ജന്തുവെന്ന അസ്തിത്വത്തിലേക്ക് ഒതുങ്ങുകയോ ചുരുങ്ങുകയോ ചെയ്യുന്നവരാണ്.

ലോകത്തിന്റെ ഏതു ഭാഗത്തും ഏതു കാലത്തും ജീവിച്ചിരുന്നതും ജീവിച്ചുപോരുന്നതുമായ ജനസമൂഹവും സാമൂഹികമായ കൂട്ടിപ്പിടിത്തങ്ങൾ കൂടിയായി മാറുന്ന ഉത്സവങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അത്തരം ആഘോഷങ്ങളുടെ ചരിത്രയാത്രകളിലെല്ലാം അതിന് കടന്നവരുന്ന വഴികളിലെ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയ, സാമൂഹ്യാധികാര ബന്ധങ്ങളുടെയും ഛായകളും മുദ്രകളും ആവോളം ചാർത്തിക്കിട്ടുകയും ചെയ്യുന്നുണ്ട്. ചരിത്രനിരപേക്ഷമായ ഒരുത്സവവും നമ്മൾ കാണുന്നില്ല. കാലത്തിന് മാറ്റിവരയ്ക്കാനും നിറക്കൂട്ടുകൾ മാറ്റാനും കഴിയാതെപ്പോയ ഒരാഘോഷവും മനുഷ്യരുണ്ടാക്കുന്നില്ല. മാറാതെ നിവൃത്തിയില്ല എന്നത് അംഗീകരിക്കാതിരിക്കുക എന്നത് ഊർധ്വൻ വലിക്കുന്ന ഏതൊരു വ്യവസ്ഥയുടേയും സാമൂഹ്യഘടനയുടെയും പിടിച്ചുനിൽക്കാനുള്ള അവസാന പരിശ്രമമാണ്. അതൊരു നിലനിൽപ്പിന്റെ പ്രശ്നമായതുകൊണ്ടും ജീവന്മരണപ്പോരാട്ടമായതുകൊണ്ടും അത് കഴിയാവുന്നത്ര ഊർജ്ജത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യും.

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മിക്ക ഉത്സവാഘോഷങ്ങളും ചരിത്രപരമായി ജാതിവ്യവസ്ഥയുടെയും അതിന്റെ തൊട്ടുകൂടായ്മയടക്കമുള്ള ആചാരകാർക്കശ്യങ്ങളുടെയും രൂപകങ്ങളും  പ്രതീകങ്ങളും നിറഞ്ഞതാണ്.
കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മിക്ക ഉത്സവാഘോഷങ്ങളും ചരിത്രപരമായി ജാതിവ്യവസ്ഥയുടെയും അതിന്റെ തൊട്ടുകൂടായ്മയടക്കമുള്ള ആചാരകാർക്കശ്യങ്ങളുടെയും രൂപകങ്ങളും പ്രതീകങ്ങളും നിറഞ്ഞതാണ്.

എന്നാലും കാലം അതിന്റെ ക്ഷമാപൂർവമുള്ള കാത്തിരിപ്പിലൊരു ദശയിൽ അതിനെ മാറ്റി വരയ്ക്കുകതന്നെ ചെയ്യും. അത്തരമൊരു അനിവാര്യ പരിവർത്തനത്തിന് മുമ്പുള്ള വെപ്രാളവും ആക്രോശവുമാണ് കേരളത്തിലെ പൂരപ്പറമ്പുകളിൽ നിന്ന് നാം കേൾക്കുന്നത്.

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടൊരു പ്രശ്നം മാത്രമല്ല ഇത്. കേരളത്തിലെ സാമൂഹ്യാഘോഷങ്ങളുടെയും അതിന്റെ ചരിത്രപരമായ രൂപപെടലുകളുടെയും പ്രശ്നമാണ്. അത്തരം ആഘോഷങ്ങളിലും ഉത്സവങ്ങളിലും ശക്തമായ സ്വാധീനമായും അതിന്റെ നടത്തിപ്പുതറകളായും പ്രവർത്തിച്ച മത, സാമുദായിക വ്യവസ്ഥയുടെ പ്രശ്നം കൂടിയാണത്. ഒരു ആധുനിക ജനാധിപത്യ സമൂഹമായി പരിവർത്തിക്കപ്പെടാനുള്ള ചരിത്രപരമായ യാത്രയിൽ അനിവാര്യമായും ദുർബ്ബലമാക്കപ്പെടുകയും വിസ്മൃതമാവുകയും ചെയ്യേണ്ടുന്ന സാമൂഹ്യാധികാരബന്ധങ്ങളുടെയും അവയുടെ സാംസ്ക്കാരിക ശേഷിപ്പുകളുടെയും പ്രശ്നം കൂടിയാണത്.

വെടിക്കെട്ടിനും ആനകളെ ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലുമുള്ള നിബന്ധനകൾ കർക്കശമാക്കുന്നത് പൂരങ്ങളെയും അതുവഴി ഹിന്ദു ക്ഷേത്രാചാരങ്ങളെയും ആഘോഷങ്ങളെയും തകർക്കാനാണെന്നാണ് വാദം. വലതുപക്ഷ സംഘങ്ങളുടെ സമാനമായ വാദങ്ങളുയർത്തിയാണ് മുഖ്യധാര ഇടതുപക്ഷവും ഇതിനോട് പ്രതികരിക്കുന്നത്.

കേരളത്തിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനും ഏർപ്പെടുത്തുന്ന നിബന്ധനകളാണ് നിലവിൽ വലിയ എതിർപ്പുകൾ നേരിടുന്നത്. വെടിക്കെട്ടിനും ആനകളെ ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലുമുള്ള നിബന്ധനകൾ കർക്കശമാക്കുന്നത് പൂരങ്ങളെയും അതുവഴി ഹിന്ദു ക്ഷേത്രാചാരങ്ങളെയും ആഘോഷങ്ങളെയും തകർക്കാനാണെന്നാണ് വാദം. സ്വാഭാവികമായും ആ വാദം കൂടുതലായും ഉയർത്തുന്നത് വലതുപക്ഷ സംഘങ്ങളും ഹിന്ദുത്വ രാഷ്ട്രീയ സംഘടനകളുമാണ്. എന്നാൽ കുറച്ചുനാളുകളായി കാണുന്ന നിർഭാഗ്യകരമായ മറ്റൊരു വസ്തുത, ഹിന്ദു ക്ഷേത്രാചാരങ്ങളെ തകർക്കാണെന്ന വാചകമൊഴിവാക്കിയാൽ സമാനമായ വാദങ്ങളുയർത്തിയാണ് മുഖ്യധാര ഇടതുപക്ഷവും ഇതിനോട് പ്രതികരിക്കുന്നത് എന്നാണ്.

വെടിക്കെട്ടിനും ആനകളെ ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലുമുള്ള നിബന്ധനകൾ കർക്കശമാക്കുന്നത് പൂരങ്ങളെയും അതുവഴി ഹിന്ദു ക്ഷേത്രാചാരങ്ങളെയും ആഘോഷങ്ങളെയും തകർക്കാനാണെന്നാണ് വാദം. |Photo: Gopakumar G.K
വെടിക്കെട്ടിനും ആനകളെ ഉത്സവാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലുമുള്ള നിബന്ധനകൾ കർക്കശമാക്കുന്നത് പൂരങ്ങളെയും അതുവഴി ഹിന്ദു ക്ഷേത്രാചാരങ്ങളെയും ആഘോഷങ്ങളെയും തകർക്കാനാണെന്നാണ് വാദം. |Photo: Gopakumar G.K

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട മിക്ക ഉത്സവാഘോഷങ്ങളും ചരിത്രപരമായി ജാതിവ്യവസ്ഥയുടെയും അതിന്റെ തൊട്ടുകൂടായ്മയടക്കമുള്ള ആചാരകാർക്കശ്യങ്ങളുടെയും രൂപകങ്ങളും പ്രതീകങ്ങളും നിറഞ്ഞതാണ്. അതിനെ ഒരു പൊതുജനാഘോഷം എന്ന് വിളിക്കാൻ കഴിയാത്ത വിധത്തിലാണ് അതിന്റെ ഘടനാക്രമീകരണങ്ങളെന്ന് കേരളത്തിലെ ഏത് പ്രമുഖ ഹൈന്ദവ ക്ഷേത്രോത്സവവും ബന്ധപ്പെട്ട ചടങ്ങുകളും നമ്മെ ബോധ്യപ്പെടുത്തും.

പൊതുസമൂഹത്തിൽനിന്ന് ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിഞ്ഞ ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്‌മയുടെയും പ്രത്യക്ഷരൂപങ്ങൾ യാതൊരു ഭീതിയും ലജ്ജയും കൂടാതെ ആനപ്പുറത്തെഴുന്നള്ളുന്ന കാഴ്ചകളാണ് ക്ഷേത്രോത്സവങ്ങൾ നിറയെ കാണാനാവുക. ആധുനിക സാങ്കേതികവിദ്യകളുടെ സഹായവും ഒപ്പം പുതിയ കാലത്തിന്റെ അനിവാര്യമായ ചില കൊടുക്കൽ വാങ്ങലുകളും മാറ്റിനിർത്തിയാൽ, വേണമെങ്കിൽ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലേക്ക് പറിച്ചുനട്ടാലും വലിയ കാലവൈരുധ്യമൊന്നും തോന്നാത്ത വിധത്തിലാണ് ക്ഷേത്രോത്സവങ്ങളിലെ ജാത്യാധികാരഘടനയുടെ നടത്തിപ്പ് ക്രമീകരണങ്ങൾ. അതുകൊണ്ടുതന്നെ ഇത്തരം ഉത്‌സവങ്ങൾ ആത്യന്തികമായി സാധൂകരിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് ബ്രാഹ്മണ്യ മൂല്യബോധത്തിലധിഷ്ഠിതമായ സവർണ്ണാധികാര സാമൂഹ്യഘടനയെയാണ്.

ഒരു ആധുനിക ജനാധിപത്യ സമൂഹമായി വികസിക്കുമ്പോൾ സ്വാഭാവികമായും ആ സമൂഹത്തിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളും വികസിച്ചുവരേണ്ടതുണ്ട്. അതിന്റെ സാംസ്ക്കാരിക പരിസരവും മൂല്യബോധവും മതേതരവും ജനാധിപത്യസംസ്‌ക്കാരം നിറഞ്ഞതുമായിരിക്കും.

എന്നാൽ, അത്തരത്തിലൊരു കള്ളിയിലേക്ക് മാത്രമായി കേരളത്തിലെ ഉത്സവങ്ങളെ ചുരുക്കാനാവില്ല. അങ്ങനെ ചെയ്‌താൽ അത് ഒരു ജനസമൂഹത്തിന്റെ പലതരത്തിലുള്ള അസ്തിത്വ ധാരകളെ നിഷേധിക്കുകയായിരിക്കും.

മനുഷ്യർക്ക് ആൾക്കൂട്ടങ്ങളുടെ ആഘോഷങ്ങളില്ലാതെ ഒരു സമൂഹമായി മുന്നോട്ടുപോവുക സാധ്യമല്ല. അത് പല തരത്തിലും രൂപപ്പെടും. ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥയുടെ നീണ്ട രാഷ്ട്രീയ, സാമൂഹ്യാധികാര കാലങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇന്നത്തെ ഉത്സവഘടനകളിൽ ആ സാമൂഹ്യവ്യവസ്ഥയുടെ അധീശമൂല്യബോധം തന്നെയാണ് പ്രബലമായി നിലനിൽക്കുന്നത്. അതിന്റെ നടത്തിപ്പ് ചുമതലയും അവകാശവും അധികാരവും സവർണ്ണ ജാതിക്കാർക്കാണ്. കേരളത്തിൽ പിന്നീട് സവർണ്ണരുടെ മേൽക്കോയ്മയിലല്ലാത്ത, അവർണ്ണ സമുദായക്കാർ നടത്തിപ്പ് മേൽനോട്ടമുള്ള ക്ഷേത്രങ്ങളിലും സവർണ്ണ ക്ഷേത്രോത്സവങ്ങളുടെ അനുകരണം മാത്രമാണ് നടക്കുന്നത്. അതിനെ മറികടക്കുന്നൊരു വഴി തെളിഞ്ഞുവന്നില്ല. ഒരുതരത്തിൽ സവർണ്ണ മേൽക്കോയ്മയുടെ മൂല്യബോധവുമായി സന്ധി ചെയ്യുകയും അതിനെ ആന്തരികവത്ക്കരിക്കുകയും ചെയ്തതാണ് കേരളത്തിലെ പിന്നാക്ക ജാതിവിഭാഗങ്ങളുടെ സാംസ്ക്കാരിക ഇടപെടലുകളിലുണ്ടായ ഏറ്റവും പിന്തിരിപ്പനും പ്രബലവുമായ പ്രവണത. അരുവിപ്പുറത്ത് നാരായണഗുരു മുങ്ങുകയും പൊങ്ങുകയും ചെയ്തപ്പോൾ കയ്യിലുണ്ടായിരുന്ന കല്ല് ദൈവമായിരുന്ന ശിവനല്ല, മറിച്ച് ജാതിയുടെ സാമൂഹ്യാധികാരത്തിന്റെ തലയ്ക്കടിക്കുന്ന കല്ലുളിയായിരുന്നു. എന്നാൽ ആ കല്ലുളിയെ തേച്ചുമിനുക്കി വീണ്ടും ബ്രാഹ്മണ്യശാസനങ്ങൾക്ക് പാകമായ ശിവനാക്കി മാറ്റുകയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളടക്കമുള്ള പിന്നാക്ക സാമൂഹ്യ പ്രസ്ഥാനങ്ങൾ കേരളത്തിൽ ചെയ്തത്. സവർണ്ണ, ബ്രാഹ്മണ്യ സാമൂഹ്യാധികാരത്തിന്റെ സാംസ്കാരിക ഉത്‌സവങ്ങളിൽ മാറ്റമൊന്നും വരാതെ തുടർന്നുപോകുന്നതും ഇത്തരത്തിൽ അതിന്റെ ചരിത്ര സാംഗത്യം ചോദ്യം ചെയ്യപ്പെടാത്തത്തുകൊണ്ടാണ്.

അരുവിപ്പുറത്ത് നാരായണഗുരു മുങ്ങുകയും പൊങ്ങുകയും ചെയ്തപ്പോൾ കയ്യിലുണ്ടായിരുന്ന കല്ല് ദൈവമായിരുന്ന ശിവനല്ല, മറിച്ച് ജാതിയുടെ സാമൂഹ്യാധികാരത്തിന്റെ തലയ്ക്കടിക്കുന്ന കല്ലുളിയായിരുന്നു.
അരുവിപ്പുറത്ത് നാരായണഗുരു മുങ്ങുകയും പൊങ്ങുകയും ചെയ്തപ്പോൾ കയ്യിലുണ്ടായിരുന്ന കല്ല് ദൈവമായിരുന്ന ശിവനല്ല, മറിച്ച് ജാതിയുടെ സാമൂഹ്യാധികാരത്തിന്റെ തലയ്ക്കടിക്കുന്ന കല്ലുളിയായിരുന്നു.

ഈ ഉത്സവങ്ങളെല്ലാം നേരത്തെ പറഞ്ഞപോലെ ഒരു ജനതയുടെ, സമൂഹത്തിന്റെ കൂട്ടായ ആഘോഷങ്ങൾക്കുള്ള സാമൂഹ്യമായും അനിവാര്യമായ ആവശ്യത്തെ വ്യാജമായെങ്കിലും തൃപ്തിപ്പെടുത്തുന്നതുകൊണ്ടുകൂടിയാണ് നിലനിൽക്കുന്നത്. നാം കാണേണ്ട വസ്തുത, മറ്റൊരു തരത്തിലുള്ള സാമൂഹ്യഘോഷ പദ്ധതിയും ഇവിടെ ഉരുത്തിരിഞ്ഞുവന്നതുമില്ല എന്നാണ്. അതിലാണ് ഈ പ്രശ്നം വലിയൊരു പ്രതിസന്ധിയായി മാറുന്നതും. ഒരു ആധുനിക ജനാധിപത്യ സമൂഹമായി വികസിക്കുമ്പോൾ സ്വാഭാവികമായും ആ സമൂഹത്തിന്റേതായ ഉത്സവങ്ങളും ആഘോഷങ്ങളും വികസിച്ചുവരേണ്ടതുണ്ട്. അതിന്റെ സാംസ്ക്കാരിക പരിസരവും മൂല്യബോധവും മതേതരവും ജനാധിപത്യസംസ്‌ക്കാരം നിറഞ്ഞതുമായിരിക്കും. ഇതെല്ലാം വളരെ ആദർശാത്മകവുമായ തരത്തിൽ സംഭവിക്കുമെന്നല്ല, മറിച്ച് ആ ഗതിയിലായിരിക്കും അതിൻ്റെ വികാസപദ്ധതി എന്നാണ്.

എന്നാൽ, കേരളീയ സമൂഹത്തിന്റെ ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിലേക്കുള്ള വളർച്ചയിൽ ഈയൊരു ഘടകം അതിന്റെ ആദ്യകാലങ്ങൾക്കുശേഷം മുരടിച്ചുപോയി. അതങ്ങനെ നിലച്ചുപോയി എന്നുമാത്രമല്ല, നവോത്ഥാനകാലവും കൊളോണിയൽ ആധുനികതയുടെ ബഹുധാരാപ്രവാഹവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയസമരവും എല്ലാം ചേർന്ന് ഏതാണ്ടു മുക്കാലും തകർത്ത സാമ്പ്രദായിക സവർണ്ണ ജാതി ജീർണ്ണതയുടെ പ്രതീകങ്ങളും മൂല്യങ്ങളും മാത്രമല്ല, അവയുടെ സാമൂഹ്യാധികാര പ്രയോഗങ്ങൾ വരെ എടുപ്പുകെട്ടുകളും കെട്ടുകാഴ്ചകളുമായി കേരളീയ സമൂഹത്തിലേക്ക് തിരിച്ചുവരുന്നുണ്ട്. ഈ തിരിച്ചുവരവിനെ സാധ്യമാക്കിയത് ജാതി, ജന്മി, നാടുവാഴിത്ത രാഷ്ട്രീയ, സാമൂഹ്യാധികാരത്തിന്റെ അവശേഷിപ്പുകളുമായും അവയുടെ സാംസ്ക്കാരിക പ്രയോഗങ്ങളുമായി ഇടതുപക്ഷമടക്കമുള്ള മതേതര രാഷ്ട്രീയ പ്രയോഗമണ്ഡലമുണ്ടാക്കിയ വിധേയസമാനമായ ഒത്തുതീർപ്പാണ്.

ജന്മിത്വവ്യവസ്ഥ അവസാനിക്കുകയും ജാതിവ്യവസ്ഥയുടെ പ്രകടമായ അധികാരരൂപങ്ങൾ മറിഞ്ഞുവീഴുകയും ചെയ്തപ്പോൾ സംഭവിക്കേണ്ടിയിരുന്നത് ഈ ഉത്സവാഘോഷങ്ങളും ജനാധിപത്യപരമായി പരിവർത്തിക്കപ്പെടുക എന്നതായിരുന്നു.

ഇത്രയൊക്കെയായാലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നീറിപ്പിടിച്ച രാഷ്ട്രീയ, സാമൂഹ്യ സമരങ്ങളുടെ ഫലമായി അതിന്റെ രണ്ടാം പകുതിയിൽ കേരളീയ സമൂഹത്തിലുണ്ടായ മാറ്റങ്ങൾ ഇത്തരം ഉത്സവാഘോഷങ്ങൾക്കുള്ളിൽ പ്രതിഫലിക്കാനുള്ള പ്രവണത കാണിച്ചിരുന്നു. ആധുനിക ജനാധിപത്യ സമൂഹത്തിന്റേതായ തനത് ആഘോഷങ്ങളോ ഉത്സവങ്ങളോ ആ മട്ടിൽ വികസിച്ചുവന്നില്ല എങ്കിലും, പൂരങ്ങളും ഉത്സവങ്ങളുമൊക്കെ അതിന്റെ മതാത്മകതയെക്കാളേറെ അവയുടെ സാമൂഹ്യമായ മനുഷ്യകൂട്ടായ്മയുടെ ഒരു സ്ഥലത്തെ ദുർബ്ബലമായെങ്കിലും തൊടുന്നവയായി മാറിത്തുടങ്ങിയിരുന്നു.

വാസ്തവത്തിൽ മിക്ക ഉത്സവങ്ങൾക്കും പൂരങ്ങൾക്കും പിന്നിലുമുള്ള ചോദനകൾ കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടവയാണ്. വിത്തുവിതയും വിളവെടുപ്പും ഭൂമിയുടെ ഉർവ്വരതയോടെയുമൊക്കെയാണ് ഭഗവതിക്കാവുകളിലെ വേലപൂരങ്ങളിലടക്കം സമൃദ്ധമായി നമുക്ക് കാണാവുന്നതും. കൊയ്ത്തൊഴിഞ്ഞ പാഠങ്ങളിലേക്കിറങ്ങു ആഘോഷിക്കുന്ന സമൂഹം മതവിശ്വാസമെന്നതിനേക്കാൾ നിലനില്പിന്റെയും സാമൂഹ്യമായ, സംഘരൂപത്തിലുള്ള നിലനില്പിന്റെയും വിജയകരമായ മറ്റൊരു കാലത്തിന്റെ കടന്നുപോക്കിനെയാണ് ആഘോഷിക്കുന്നത്. ദൈവങ്ങൾക്കായി ആഘോഷിക്കുകയായിരുന്നില്ല മനുഷ്യർ; മറിച്ച്, ആഘോഷങ്ങൾക്കിടയിലേക്ക് ദൈവത്തെ കയറ്റിവെക്കുകയായിരുന്നു. കാലക്രമേണ അത്തരം ആഘോഷങ്ങളുടെ അടിത്തറയായ കാർഷിക, സാമൂഹ്യയുക്തികൾ ദുർബ്ബലമാവുകയും രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയിലെ അധികാരഘടനകളുടെ പ്രതീകാത്മവും വാസ്തവികവുമായ പ്രയോഗശാലകളിലൊന്നായി ഉത്‌സവാഘോഷങ്ങൾ പരിവർത്തിക്കപ്പെടുകയും ചെയ്തു.

സാമൂഹ്യാധികാര കാലങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇന്നത്തെ ഉത്സവഘടനകളിൽ ആ സാമൂഹ്യവ്യവസ്ഥയുടെ അധീശമൂല്യബോധത്തെ തന്നെയാണ് പ്രബലമായി നിലനിൽക്കുന്നത്. അതിന്റെ നടത്തിപ്പ് ചുമതലയും അവകാശവും അധികാരവും സവർണ്ണ ജാതിക്കാർക്കാണ്. | Photo: Hari Vijayakumar
സാമൂഹ്യാധികാര കാലങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ഇന്നത്തെ ഉത്സവഘടനകളിൽ ആ സാമൂഹ്യവ്യവസ്ഥയുടെ അധീശമൂല്യബോധത്തെ തന്നെയാണ് പ്രബലമായി നിലനിൽക്കുന്നത്. അതിന്റെ നടത്തിപ്പ് ചുമതലയും അവകാശവും അധികാരവും സവർണ്ണ ജാതിക്കാർക്കാണ്. | Photo: Hari Vijayakumar

ജന്മിത്വവ്യവസ്ഥ അവസാനിക്കുകയും ജാതിവ്യവസ്ഥയുടെ പ്രകടമായ അധികാരരൂപങ്ങൾ മറിഞ്ഞുവീഴുകയും ചെയ്തപ്പോൾ സംഭവിക്കേണ്ടിയിരുന്നത്, ഈ ഉത്സവാഘോഷങ്ങളും ജനാധിപത്യപരമായി പരിവർത്തിക്കപ്പെടുക എന്നതായിരുന്നു. ഒരു ചെറിയ അളവിൽ അതിലേക്കുള്ള യാത്രയുണ്ടായി എന്ന് നമുക്ക് കാണാം. എന്നാലത് അധികകാലം നീണ്ടുനിന്നില്ല. അതിന്റെ കാരണങ്ങൾ പലതാണ്.
ഒന്നാമതായി, അത്തരത്തിലൊരു ആധുനിക ജനാധിപത്യ സാമൂഹ്യ ആഘോഷയുക്തിയെ വഹിക്കാൻ ശേഷിയോ സന്നദ്ധതയോ പരിവർത്തനസാധ്യതയോ ഉള്ളതല്ല ഇത്തരം ഉത്സവാഘോഷങ്ങളുടെ നിലവിലെ ചട്ടക്കൂടും ഘടനയും നടത്തിപ്പ് യുക്തിയും എന്നതാണ്. അതിന്റെ കാർഷിക, സാമൂഹ്യ കൂട്ടായ്മയുടെയും ആഘോഷങ്ങളുടെയും യുക്തിയിൽനിന്ന് ഏറെ മാറിപ്പോയ, ജാതിവ്യവസ്ഥയുടെയും ബ്രാഹ്‌ണ്യമൂല്യബോധത്തിന്റെയും യുക്തിയുടെ അധിനിവേശത്തിന് കീഴ്‌പ്പെട്ട ഒന്നായി ഇത്തരം ഉത്സവങ്ങൾ മാറിയിരുന്നു. അതിലേക്ക് ആധുനിക ജനാധിപത്യ മനുഷ്യന്റെ ആഘോഷയുക്തിക്ക് പ്രവേശനം കിട്ടാനും നിലനിൽക്കാനും എളുപ്പമായിരുന്നില്ല. അതായത്, ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ആഘോഷത്തെ ജൈവപരമായി വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ആവാസവ്യവസ്ഥിതിയല്ല കേരളത്തിലെ ഉത്സവങ്ങളുടേത്.

കേരളീയ സമൂഹത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ചെലുത്തുന്ന സ്വാധീനത്തെക്കാൾ എത്രയോ ഇരട്ടിയാണ് സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ അതിനുള്ള സ്വാധീനം.

ആ നിലയ്ക്ക് പിന്നെ സംഭവിക്കേണ്ടത്, ഇത്തരം ഉത്സവങ്ങൾ ദുർബ്ബലമാവുകയാണ്. എന്നാലത് സംഭവിച്ചില്ല. അതങ്ങനെ സംഭവിക്കാത്തതിൽ അത്ഭുതമില്ല. കാരണം, ഏതെങ്കിലും തരത്തിൽ, വ്യക്തികൾ എന്ന, ഉണ്ടുറങ്ങുകയും ഇണചേരുകയും ചെയ്യുന്ന, ജന്തുസഹജമായ ജീവിതവും അതിനപ്പുറം ജീവിക്കാനായി തൊഴിലെടുക്കുകയും നിർണ്ണയിക്കപ്പെട്ട പലവിധ സാമൂഹ്യവ്യവഹാരങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന, വ്യക്തിപരവും സാമൂഹ്യവുമായ യാന്ത്രികമായ ചട്ടപ്പടിജീവിതത്തിനുപുറത്ത്, ആനന്ദവാദത്തിന്റെ യുക്തിയിൽ, വ്യക്തിപരതക്ക് അപ്പുറത്തുള്ള, അസംബന്ധത്തിൽ ചെന്നുതൊടാവുന്ന ആഘോഷങ്ങൾ മനുഷ്യർക്ക് കൂടിയേ തീരൂ. യാന്ത്രികമായ അസംബന്ധ ജീവിതമെന്നു വിളിക്കാവുന്ന സാമൂഹ്യജീവിതത്തെ മറികടക്കാൻ മറ്റൊരു തരത്തിലുള്ള അസംബന്ധത്തെ മനുഷ്യരുണ്ടാക്കിയെടുക്കും. അതുകൊണ്ടുതന്നെ ആധുനിക ജനാധിപത്യ സമൂഹം അതിന്റേതായ ആഘോഷങ്ങളെ വികസിപ്പിക്കാത്തിടത്തോളം കാലം സകല പിന്തിരിപ്പൻ സ്വഭാവവുമുള്ള ഉത്സവങ്ങൾ കേരളീയർ കൊണ്ടാടും.

ആധുനിക ജനാധിപത്യ സമൂഹം അതിന്റേതായ ആഘോഷങ്ങളെ വികസിപ്പിക്കാത്തിടത്തോളം കാലം സകല പിന്തിരിപ്പൻ സ്വഭാവവുമുള്ള ഉത്സവങ്ങൾ കേരളീയർ കൊണ്ടാടും.
ആധുനിക ജനാധിപത്യ സമൂഹം അതിന്റേതായ ആഘോഷങ്ങളെ വികസിപ്പിക്കാത്തിടത്തോളം കാലം സകല പിന്തിരിപ്പൻ സ്വഭാവവുമുള്ള ഉത്സവങ്ങൾ കേരളീയർ കൊണ്ടാടും.

ജനാധിപത്യ സമൂഹത്തിലേക്കുള്ള പോക്കിൽ കേരളത്തിൽ പലതരം കലാ- സാംസ്‌കാരിക പ്രവർത്തനങ്ങളും വികസിച്ചുവരാനുള്ള പ്രവണത കാണിച്ചു. പുരാണകഥകളെ ഉപയോഗിച്ച് ഫ്യൂഡൽ സാമൂഹ്യഘടനയുടെ അധികാര പരിസരങ്ങളിൽ വളർന്ന കഥകളിയടക്കമുള്ള കലാരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി, നൂറുകണക്കിന് മനുഷ്യർക്ക് പ്രത്യേകിച്ച് മുന്നൊരുക്കമോ മുന്നറിവോ കൂടാതെ തങ്ങളുടെ ജീവിതാനുഭവങ്ങൾ കൊണ്ട് ആസ്വദിക്കാവുന്ന തരത്തിൽ നാടകങ്ങൾ, ചലച്ചിത്രങ്ങൾ, കഥാപ്രസംഗം എന്നിവയൊക്കെ കേരളത്തിൽ വ്യാപകമാകുന്നത് അക്കാലത്താണ്. ആധുനികതയുമായും പാശ്ചാത്യ ആധുനികതയുടെ സൗന്ദര്യബോധവുമായും മാർക്സിസം പോലുള്ള പ്രത്യയശാസ്ത്ര പദ്ധതികളുടെ സമരോർജ്ജവുമായും ഇഴചേർന്നുള്ള കലാ, സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി മുതലുള്ള നാടകങ്ങളിൽ പലതും അങ്ങനെയൊരു രാഷ്ട്രീയ- സാംസ്ക്കാരിക മണ്ഡലത്തിലാണ് ഉണ്ടാകുന്നത്.

ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനുവേണ്ട ആൾക്കൂട്ട ആഘോഷങ്ങൾ ജൈവികമായി ഉരുത്തിരിയാത്തിടത്തോളം നിലവിലെ ക്ഷേത്രോത്സവങ്ങളടക്കമുള്ളവ മനുഷ്യരുടെ സാമൂഹ്യമായ ആഘോഷങ്ങളായി തുടരുകതന്നെ ചെയ്യും.

സമാനപ്രമേയങ്ങളുള്ള ചലച്ചിത്രങ്ങളും അങ്ങനെയുണ്ടായി. നീലക്കുയിൽ എന്ന ചലച്ചിത്രം കേരളത്തിലെ വ്യാപാര സിനിമാലോകത്തിന്റെ ആദ്യകാലങ്ങളിലുണ്ടാകുമ്പോൾ അതിലെ കേന്ദ്രപ്രമേയം അന്നത്തെ നിലയിൽ പുരോഗമനപരമായ രാഷ്ട്രീയമായിരുന്നു. എന്നാൽ ഈയൊരു പ്രവണതയെ വളർത്താനോ അതിനെ പുതിയൊരു സാമൂഹ്യഭാവുകത്വമായി പരിവർത്തിപ്പിക്കാനോ നമുക്ക് കഴിഞ്ഞില്ല. സകല പിന്തിരിപ്പൻ ശക്തികൾക്കും ഏറിയും കുറഞ്ഞും വിലപേശൽ ശക്തിയുള്ള ഒരു രാഷ്ട്രീയാധികാര മണ്ഡലം വളരെ വേഗം കേരളത്തിൽ സ്ഥാപിക്കപ്പെട്ടു. രാഷ്ട്രീയാധികാരമെന്നത് എന്തെങ്കിലും സാമൂഹ്യക്ഷേമ പദ്ധതികൾക്കപ്പുറമുള്ള രാഷ്ട്രീയസമരത്തിലേക്ക് പരിവർത്തിപ്പിക്കേണ്ട ഒന്നാണെന്ന അടിസ്ഥാന വർഗ്ഗ രാഷ്ട്രീയത്തെ അതിവേഗം കയ്യൊഴിഞ്ഞ് മുഖ്യധാരാ ഇടതുപക്ഷത്തിനുണ്ടായ വേഷപ്പകർച്ച ഇതിന് ആക്കം കൂട്ടുകയും ചെയ്തു.

ഈയൊരു സന്ദിഗ്ധതയിലേക്കാണ് വലതുപക്ഷ രാഷ്ട്രീയവും ജാതിവ്യവസ്ഥയുടെ യാഥാസ്ഥിതിക സാമൂഹ്യാധികാരവും മൂല്യബോധങ്ങളും അതിവേഗം കയറിയിരുന്നത്. കേരളത്തിലെ ഉത്സവങ്ങളിൽ കുറച്ചുകാലത്തേക്ക് ദുർബലമായിപ്പോയ മതാത്മകതയുടെ ജീർണ്ണതകളെ അത് പകയോടെ തിരിച്ചുവെക്കുകയാണ്. ഇത് കേവലം പൂരപ്പറമ്പുകളിലെ പ്രതിഭാസമല്ല എന്നതാണ് അതിനെ അപകടകരമായ മാറ്റമാക്കുന്നതും. ഇന്ത്യയിലൊട്ടാകെ ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ മേൽക്കൈ ഇതിലുണ്ട്. കേരളീയ സമൂഹത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയം ചെലുത്തുന്ന സ്വാധീനത്തെക്കാൾ എത്രയോ ഇരട്ടിയാണ് സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ അതിനുള്ള സ്വാധീനം.

നീലക്കുയിൽ എന്ന ചലച്ചിത്രം കേരളത്തിലെ വ്യാപാര സിനിമാലോകത്തിന്റെ ആദ്യകാലങ്ങളിലുണ്ടാകുമ്പോൾ അതിലെ കേന്ദ്രപ്രമേയം അന്നത്തെ നിലയിൽ പുരോഗമനപരമായ രാഷ്ട്രീയമായിരുന്നു
നീലക്കുയിൽ എന്ന ചലച്ചിത്രം കേരളത്തിലെ വ്യാപാര സിനിമാലോകത്തിന്റെ ആദ്യകാലങ്ങളിലുണ്ടാകുമ്പോൾ അതിലെ കേന്ദ്രപ്രമേയം അന്നത്തെ നിലയിൽ പുരോഗമനപരമായ രാഷ്ട്രീയമായിരുന്നു

വളരെ സ്വാഭാവികമായൊരു സംവിധാനം, മൂല്യബോധം എന്ന നിലയിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രപദ്ധതി കേരളീയ സമൂഹത്തിലേക്ക് വ്യാപിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം മാത്രമല്ലാത്ത, മറ്റ് മത യാഥാസ്ഥിതിക ശക്തികൾക്കും സ്വാഭാവികമായ മതബദ്ധ സാമൂഹ്യസമ്മർദ്ദം ചെലുത്താൻ കഴിയുന്ന തികഞ്ഞ പിന്തിരിപ്പൻ സാമൂഹ്യഘടനയെ സാധ്യമാക്കുന്നൊരു അന്തരീക്ഷം കേരളത്തിലുള്ളതുകൊണ്ടുകൂടിയാണ് ഇത് നടക്കുന്നത്. അതുകൊണ്ടാണ് ആനകളെ എഴുന്നള്ളിക്കുമ്പോൾ ദിവസത്തിൽ; അവയ്ക്ക് എട്ട് മണിക്കൂർ വിശ്രമം വേണമെന്ന് പറയുന്ന നിബന്ധന കേട്ടാൽ, ‘പൂരം തകർക്കുന്നേ’ എന്നൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരൻ മന്ത്രി വിലപിക്കുന്നത്. ഏതുതരം സാമൂഹ്യസംവിധാനത്തെയാണ് തങ്ങൾ പൊക്കിപ്പിടിക്കുന്നതെന്ന് അവർക്കറിയാഞ്ഞിട്ടല്ല, മറിച്ച്, അവർ കൂടി അതിന്റെ ഗുണഭോക്താക്കളും നടത്തിപ്പുകാരുമായി മാറുകയാണ്.

കേരളത്തിലെ പൂരങ്ങളടക്കമുള്ള മതപരിസരങ്ങളിലെ ആഘോഷങ്ങളൊന്നും പുതിയ കാലത്തിന്റെ അതിവേഗം മാറുന്ന ഭാവുകത്വങ്ങളോട് സംവദിക്കാൻ കെൽപ്പുള്ളവയല്ല.

ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനുവേണ്ട ആൾക്കൂട്ട ആഘോഷങ്ങൾ ജൈവികമായി ഉരുത്തിരിയാത്തിടത്തോളം നിലവിലെ ക്ഷേത്രോത്സവങ്ങളടക്കമുള്ളവ മനുഷ്യരുടെ സാമൂഹ്യമായ ആഘോഷങ്ങളായി തുടരുകതന്നെ ചെയ്യും. അവയുടെ ഉള്ളടക്കവും നടത്തിപ്പും പൊക്കിപ്പിടിക്കുന്നത് ജാതിവ്യവസ്ഥയുടെയും ജനാധിപത്യ വിരുദ്ധതയുടെയും മൂല്യങ്ങളെയാണ് എന്നത് വിസ്മരിക്കപ്പെടുകയും ചെയ്യും. അത്തരം ആഘോഷങ്ങളിലെ മതാത്മകതയെ ദുർബ്ബലമാക്കാൻ അവ നടക്കുന്ന സമൂഹത്തിലെ മതബദ്ധതയും മതജീർണ്ണതയും ദുർബ്ബലമാകണം. പൂരത്തിന് കൊടിയേറുമ്പോൾ മാത്രമായി ആളുകൾ ആധുനിക, മതേതര, ജനാധിപത്യ മനുഷ്യനായി മാറില്ല. ആധുനിക ജനാധിപത്യ- മതേതര സമൂഹത്തിലെ പൂരങ്ങളിൽ മതാത്മകതയുടെ ജീർണ്ണബോധങ്ങളുടെ കുടമാറ്റം നടക്കില്ല. രാംലല്ലയുടെയും വില്ലുകുലച്ച ശ്രീരാമന്റെയും കുടകളുയർത്തുന്ന തൃശൂർ പൂരത്തിന്റെ കുടമാറ്റം അങ്ങനെയല്ലാതിരുന്ന ഒരു പൂരക്കാലത്തിൽനിന്ന് വ്യത്യസ്തമാകുന്നത് ഈ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്ക്കാരികാധിപത്യത്തിന്റെ ആക്രോശത്തിലാണ്. ഇതിനെ രാഷ്ട്രീയമായി നേരിടാതെ, അതിനെ പ്രത്യക്ഷമായ എതിർക്കാതെ പൂരം നടത്തിപ്പിൽ തങ്ങളും പിന്നിലല്ല എന്ന് തെളിയിക്കാനുള്ള ശ്രമമാണ് മുഖ്യധാരാ ഇടതുപക്ഷം നടത്തുന്നത്.

ഇടതുപക്ഷ രാഷ്ട്രീയത്തിനും ജനാധിപത്യ സമൂഹത്തിനും ഇത് വലിയ തിരിച്ചറിവാണ് ഉണ്ടാക്കിയെടുക്കുന്നത്. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിനും മറ്റ് മതങ്ങളുടെ യാഥാസ്ഥിതിക നേതൃത്വങ്ങൾക്കുമൊക്കെ ഇത്തരമൊരു മതബദ്ധ ആചാരപരതയിലേക്ക് ആഘോഷങ്ങളെ ചുരുക്കേണ്ടത് അവരുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമുള്ള ഏറ്റവും ഉത്തമമായ പരിപാടിയാകുമ്പോൾ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് ഇത് അതിന്റെ ജൈവികമായ മുന്നോട്ടുപോക്കിൽ നിന്ന് സ്വയം കുഴിച്ചിടുന്ന വാരിക്കുഴികളിലേക്കുള്ള എടുത്തുചാട്ടമാണ്.

രാംലല്ലയുടെയും വില്ലു കുലച്ച ശ്രീരാമന്റെയും കുടകളുയർത്തുന്ന തൃശൂർ പൂരത്തിന്റെ കുടമാറ്റം അങ്ങനെയല്ലാതിരുന്ന ഒരു പൂരക്കാലത്തിൽ നിന്ന് വ്യത്യസ്തമാകുന്നത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്ക്കാരികാധിപത്യത്തിന്റെ ആക്രോശത്തിലാണ്.
രാംലല്ലയുടെയും വില്ലു കുലച്ച ശ്രീരാമന്റെയും കുടകളുയർത്തുന്ന തൃശൂർ പൂരത്തിന്റെ കുടമാറ്റം അങ്ങനെയല്ലാതിരുന്ന ഒരു പൂരക്കാലത്തിൽ നിന്ന് വ്യത്യസ്തമാകുന്നത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്ക്കാരികാധിപത്യത്തിന്റെ ആക്രോശത്തിലാണ്.

കേരളത്തിലെ പൂരങ്ങളടക്കമുള്ള മതപരിസരങ്ങളിലെ ആഘോഷങ്ങളൊന്നും പുതിയ കാലത്തിന്റെ അതിവേഗം മാറുന്ന ഭാവുകത്വങ്ങളോട് സംവദിക്കാൻ കെൽപ്പുള്ളവയല്ല. മുഴുവൻ സമയവും ലോകത്തിലേക്ക് തുറന്നുവെച്ച ആശയവിനിമയ സാധ്യതകളുള്ള ഈ കാലത്തിൽ, ഒരു ഗൃഹാതൃത്വത്തിനപ്പുറമുള്ള നിലനിൽപ്പ് വാസ്തവത്തിൽ ഈ ആഘോഷങ്ങൾക്കില്ല എന്നതാണ് വസ്തുത. അതിന്റെ അവസാന വട്ടമാണ് ഇപ്പോളോടുന്നത്. ഇതുടൻ നിൽക്കും എന്നൊന്നുമല്ല; ഒരു ചരിത്രകാലമെന്ന നിലയിൽ ഇത് കുറച്ചു പതിറ്റാണ്ടുകൾക്കൂടി ഉണ്ടാകും. അതിനപ്പുറം ഇന്നത്തെ നിലയിൽ ഇത്തരം പൂരങ്ങളോ ആഘോഷങ്ങളോ നടത്തിക്കൊണ്ടുപോവുക സാധ്യമല്ല. കാരണം, അവയെ ആഘോഷിക്കുന്നൊരു സമൂഹം സാവകാശത്തിൽ ഇല്ലാതാകും. അതൊരു ചരിത്രപ്രക്രിയയാണ്. അതിന് അതിന്റേതായ സമയമെടുക്കും, എങ്കിലും അത് സംഭവിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പൂരങ്ങളൊക്കെ ഇല്ലാതാകുമെന്നല്ല, അതിന്റെ ആസ്വാദകരുടെ സ്വഭാവവും അതിന്റെതന്നെ ഉള്ളടക്കവും മാറാതെ തരമില്ല എന്നാണ്.

കൊയ്ത്തുകഴിഞ്ഞ പാടത്തു നടക്കുന്ന പൂരത്തിന്, പാടവും കൊയ്ത്തുമില്ലാതാകുന്നതോടെ പൂരാഘോഷം മാത്രമാവുകയും അതിന് മറ്റ് ആഘോഷയുക്തികൾ കണ്ടെത്തേണ്ടിവരികയും ചെയ്യും. അവിടെ മതരാഷ്ട്രീയം സൗകര്യപൂർവ്വം കയറിയിരിക്കും.

എന്നാൽ അത്രയും കാലത്തേക്ക് ഇത്തരം ഉത്സവങ്ങളുടെ നേതൃത്വത്തിൽ ഉണ്ടാവുക ഹിന്ദുത്വ, മത യാഥാസ്ഥിതിക ശക്തികളായിരിക്കും. കാരണം, അതല്ലാത്ത സാമാന്യമായ മതേതര സ്വഭാവമുള്ള മനുഷ്യരുടെ മേൽക്കൈ സമൂഹത്തിൽ ദുർബ്ബലമാവുകയാണ്. അങ്ങനെയുള്ള മനുഷ്യരുടെ സാമൂഹ്യ, സൗന്ദര്യബോധത്തോട് പൂരങ്ങളടക്കമുള്ള ഉത്സവങ്ങൾക്ക് വളരെ ചെറിയ ചാർച്ച മാത്രമേ പുലർത്താനാകുന്നുള്ളു. ഒരു കൗതുകം എന്ന നിലയിലല്ലാതെ അതിലേക്ക് ഊളിയിട്ടു മുഴുകാൻ വലിയൊരു വിഭാഗം മനുഷ്യർക്കുമാകാത്ത തരത്തിൽ ഡിജിറ്റൽ ലോകത്തിന്റെയടക്കമുള്ള സാധ്യതകളും മറ്റൊരു ജീവിതാവബോധവും അവരെ സ്വാധീനിക്കുകയാണ്. അവരൊഴിയുന്ന സ്ഥലത്തേക്ക് കൂടിയാണ് വലതുപക്ഷ, മത യാഥാസ്ഥിതിക ശക്തികൾ ആവേശത്തോടെ കയറിയിരിക്കുന്നത്.

പുതിയ ജീവിതഭാവുകത്വത്തിലേക്ക് സംക്രമിക്കുന്ന മനുഷ്യൻ പഴയ കാലത്തിന്റെ പ്രതീകങ്ങളെ വരെ ഉറയൂരിക്കളയും. എന്നാൽ ഈ ഭാവുകത്വ പരിണാമത്തിന്റെ രാഷ്ട്രീയ മണ്ഡലം ഇപ്പോഴും വലതുപക്ഷ രാഷ്ട്രീയ ജീർണ്ണതയോട് ഏറ്റുമുട്ടി വിജയിക്കാൻ ശക്തമോ സജ്ജമോ അല്ല എന്നുണ്ട്. പുതിയ ലോകത്തെ അന്വേഷിക്കുന്ന കേരളീയർ കളഞ്ഞിട്ടുപോകുന്ന പൂരപ്പറമ്പുകളിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതടക്കമുള്ള മതവൈതാളിക്കാർ കയറിയിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ പൂരം നടത്തിപ്പ് വിപ്ലവപരിപാടിയാക്കുകയല്ല വേണ്ടത്, മറിച്ച് വലതുപക്ഷ രാഷ്ട്രീയ വിരുദ്ധമായ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷത്തിലെ സംഘർഷം രൂക്ഷമാക്കുകയാണ്.

പുതിയ ലോകത്തെ അന്വേഷിക്കുന്ന കേരളീയർ കളഞ്ഞിട്ടുപോകുന്ന പൂരപ്പറമ്പുകളിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതടക്കമുള്ള മതവൈതാളിക്കാർ കയറിയിരിക്കുന്നത്.
പുതിയ ലോകത്തെ അന്വേഷിക്കുന്ന കേരളീയർ കളഞ്ഞിട്ടുപോകുന്ന പൂരപ്പറമ്പുകളിലാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റേതടക്കമുള്ള മതവൈതാളിക്കാർ കയറിയിരിക്കുന്നത്.

കാർഷിക സംസ്കൃതിയുടെ കാലബോധത്തിന്റെ ആഘോഷങ്ങളാണ് മലയാളിയുടെ മിക്ക ഉത്സവങ്ങളും. കാർഷിക സംസ്കൃതിയുടെ സ്വഭാവം തന്നെ വമ്പൻ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ അതുകൊണ്ടുതന്നെ അത്തരത്തിലൊരു ജൈവബന്ധം ഇത്തരം ആഘോഷങ്ങളുമായി മനുഷ്യർക്കുണ്ടാകില്ല. കെട്ടുകുതിരയോ കെട്ടുകാളയോ അവരുടെ നിത്യജീവിതത്തിലെ ഒന്നിനേയും പ്രതീകവത്ക്കരിക്കുന്നില്ല. അതോടെ ഒരു ദൃശ്യം എന്നതിനപ്പുറം അതിന്റെ ജൈവസ്വഭാവം നഷ്ടപ്പെടുന്നു. ദൃശ്യം എന്ന നിലയിൽ അതിനുണ്ടാക്കാനാകുന്ന അത്ഭുതവും അമ്പരപ്പും ഡിജിറ്റൽ ലോകത്തിന്റെ പുതിയ കാലത്ത് വളരെ പരിമിതമാണ് താനും. അപ്പോൾപ്പിന്നെ അത്തരം ആഘോഷങ്ങളെ നയിക്കുന്ന, ഉന്മത്തമാക്കുന്ന പ്രേരണയുടെ ഉത്തരവാദിത്തം സ്വാഭാവികമായും മതവും മതരാഷ്ട്രീയവും ഏറ്റെടുക്കും. കൊയ്ത്തുകഴിഞ്ഞ പാടത്തു നടക്കുന്ന പൂരത്തിന്, പാടവും കൊയ്ത്തുമില്ലാതാകുന്നതോടെ പൂരാഘോഷം മാത്രമാവുകയും അതിന് മറ്റ് ആഘോഷയുക്തികൾ കണ്ടെത്തേണ്ടിവരികയും ചെയ്യും. അവിടെ മതരാഷ്ട്രീയം സൗകര്യപൂർവ്വം കയറിയിരിക്കും.

പുരുഷാധികാര പ്രയോഗങ്ങളുടെ ആഘോഷങ്ങളാണ് കേരളത്തിലെ ഉത്സവങ്ങൾ. അതിലെ ‘പുരുഷാരവും’ അങ്ങനെത്തന്നെയാണ്.

പഞ്ചാദ്യവും മേളവുമടക്കമുള്ള കലാരൂപങ്ങൾക്ക് ഇത്തരം ഉത്‌സവങ്ങളുടെ പരിസരത്തല്ലാതെ നിലനിൽപ്പില്ല എന്ന് നമുക്കിപ്പോൾ തോന്നാം. ഇനിയും കുറേക്കാലത്തേക്കെങ്കിലും അത് വാസ്തവവുമാണ്. എന്നാൽ ഏതൊരു കലാരൂപത്തെയും സാധ്യമാക്കുന്നത് അതിന്റെ ആസ്വാദനത്തിന്റെ സാമൂഹ്യമണ്ഡലമാണ്. ആ സാമൂഹ്യമണ്ഡലത്തെ ജനാധിപത്യപരമായി പുനർനിർവചിക്കുന്നതോടെ ആ കലാരൂപം ഇല്ലാതാകുകയല്ല, മറിച്ച് അതിന്റെ നിലനില്പിനുള്ള പുതിയൊരു സാധ്യത കണ്ടെത്തുകയാണ് ചെയ്യുക.

പുരുഷാധികാര പ്രയോഗങ്ങളുടെ ആഘോഷങ്ങളാണ് കേരളത്തിലെ ഉത്സവങ്ങൾ. അതിലെ ‘പുരുഷാരവും’ അങ്ങനെത്തന്നെയാണ്. ഇതിനെയൊക്കെ കൂടുതൽ ജനാധിപത്യപരമായ ആഘോഷമാക്കി മാറ്റാൻ അതിലെ മതാത്മകതയേയും ആചാരപരതയെയും പരമാവധി ദുർബ്ബലമാക്കിയേ മതിയാകൂ. എന്നാൽ ആഘോഷങ്ങളുടെ സാമൂഹ്യലക്ഷ്യം മാഞ്ഞുപോവുകയും അതിന്റെ മതാത്മകമായ ജീർണ്ണത ശക്തിപ്രാപിക്കുകയുമാണ് നാമിപ്പോൾ കാണുന്നത്.

 കൊയ്ത്തുകഴിഞ്ഞ പാടത്തു നടക്കുന്ന പൂരത്തിന്, പാടവും കൊയ്ത്തുമില്ലാതാകുന്നതോടെ പൂരാഘോഷം മാത്രമാവുകയും അതിന് മറ്റ് ആഘോഷയുക്തികൾ കണ്ടെത്തേണ്ടിവരികയും ചെയ്യും.
കൊയ്ത്തുകഴിഞ്ഞ പാടത്തു നടക്കുന്ന പൂരത്തിന്, പാടവും കൊയ്ത്തുമില്ലാതാകുന്നതോടെ പൂരാഘോഷം മാത്രമാവുകയും അതിന് മറ്റ് ആഘോഷയുക്തികൾ കണ്ടെത്തേണ്ടിവരികയും ചെയ്യും.

“ആനയെക്കണ്ടു ഞാൻ, അമ്പലമേട്ടിലൊ- രാനയെക്കണ്ടു ഞാന-മ്മേ.
മസ്തകം, തുമ്പിയും കൊമ്പും! പിണങ്ങുകിൽ കുത്തുമേ കൊമ്പിനാൽ നമ്മെ
എന്തൊരു പൊക്കമാ,
ണെന്തൊരു വണ്ണമാ-
ണെന്തൊരു തടിയനാം കാലും
കണ്ടു നടങ്ങുകിൽ
നോക്കിച്ചിരിക്കുവാ-
നുണ്ടൊരു കുഞ്ഞനാം വാലും’’
(‘ആന’- വൈലോപ്പിള്ളി)

സംരക്ഷിത വന്യമൃഗമായ ആനയെ കേരളത്തിൽ എല്ലാ മതവിഭാഗങ്ങളും അവരുടെ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്‌സവങ്ങൾക്കാണ് ഈ മൃഗപീഡ പാരമ്യത്തിലെത്തുന്നത്. കാട്ടിലെ കരിയിലകളിലും മണ്ണിലും ചവിട്ടിനടക്കാൻ പാകമായ മൃദുവായ കാലടികളുള്ള കരയിലെ ഏറ്റവും വലിയ മൃഗത്തെയാണ് മനുഷ്യന്മാരുടെ പേരുകളുമിട്ട് നമ്മൾ ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത്, ചങ്ങലക്കിട്ട് അതിക്രൂരമായ പീഡനമുറകളാൽ ബന്ധിച്ച് ആഘോഷിക്കുന്നത്. അതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് പൂരം തകർക്കുന്നേ എന്ന് മന്ത്രിമാരടക്കം നിലവിളിക്കുന്നത്. ആനകളെ ആഘോഷങ്ങൾക്ക് എഴുന്നെള്ളിക്കുന്നതിനിടയിൽ ഇടവേളകളുണ്ടാകണമെന്നും ആളുകളും ആനയും തമ്മിൽ നൂറു മീറ്റർ അകലം വേണമെന്നതുമൊക്കെ നടപ്പാക്കാതിരിക്കുന്നതാണ് കേരളത്തിന്റെ തനത് സാംസ്ക്കാരിക ഗരിമ എന്നാണ് ഭരണസംവിധാനമടക്കം വാദിക്കുന്നത്! ആനയെപ്പോലൊരു സംരക്ഷിത കാട്ടുമൃഗത്തെപ്പിടിച്ച്, ചങ്ങലക്കിട്ട്, സംസ്കാരോദ്ഘോഷണം നടത്തുന്ന അപരിഷ്കൃത സമ്പ്രദായം ലോകത്ത് മറ്റെവിടെയും ഉണ്ടാകാൻ തരമില്ല. മറ്റെവിടെയുമില്ലാത്തതുകൊണ്ട്, ഇത് നമ്മുടെ അനന്യമായ സാംസ്‌കാരിക തനിമയാണെന്നും വ്യാഖ്യാനം.

ഗൃഹാതുരതയോടെ ധ്വനിപ്പിക്കുന്ന 'സാംസ്‌കാരിക മണ്ഡലം' കേരളത്തിലെ സവർണ്ണ സാംസ്‌കാരിക മണ്ഡലമാണ്.

ആനകളെ ചങ്ങലക്കിട്ട് ഉത്സവത്തി നെഴുന്നള്ളിക്കേണ്ടത് നൂറ്റാണ്ട് പഴക്കമുള്ള സംസ്കൃതിയുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോൾ ആ ഭാഷ, പത്തൊൻപതാം നൂറ്റാണ്ടിലെ ചില ‘ദേശീയവാദി'കളുടെ (ഹൈന്ദവം എന്നു കൂടി വിളിക്കാം, ചില അർത്ഥത്തിൽ) വിചാരഭാഷയാണ്. പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നുകയറ്റം ചെറുക്കണമെന്ന് അവരാഗ്രഹിച്ചിരുന്നു. എന്നാൽ, വലിയൊരളവോളം പാശ്ചാത്യ വ്യവസായവത്കരണവും, ആധുനികതയും അവർക്ക് സ്വീകാര്യമായിരുന്നു. എന്നാൽ, 'ഭാരതീയ ധർമ്മചിന്ത' പാശ്ചാത്യ സംസ്കാരത്തേക്കാൾ മുന്തിയതാണെന്നും അതുകൊണ്ട് സംസ്‌കാര സംരക്ഷണം, ദേശീയതയുടെ ഒരവിഭാജ്യഘടകമായി ആ വിഭാഗം കരുതി. എന്നാൽ, അവർ കണ്ട സംസ്കാരം എല്ലാ വിഭാഗം ജനങ്ങളുടേതുമായിരുന്നില്ല. അത് വർണ്ണാശ്രമധർമ്മത്തിലും, വൈദികാനുഷ്ഠാനങ്ങളിലും അധിഷ്‌ഠിതമായ ഒന്നായിരുന്നു. ഈ ഒരു ചിന്താധാരയാണ് ഏറിയും കുറഞ്ഞും ബങ്കിം ചന്ദ്ര ചാറ്റർജിയും സവർക്കറും ഗോൾവാൾക്കറും, ഹെഡ്‌ഗേവാറുമെല്ലാം കൊണ്ടു നടന്നത്.

അതുകൊണ്ടുതന്നെ ദേശീയതയും അതിൻ്റെ സംസ്കാരവും മേൽപ്പറഞ്ഞ ബ്രാഹ്‌മണ, വൈദിക അനുഷ്‌ഠാനങ്ങൾ അല്ലെന്നും, അങ്ങനെ കണക്കാക്കുന്നത് യഥാർത്ഥ ദേശീയതയേയും (തീർച്ചയായും ദേശീയതാസങ്കല്പം കൂടുതൽ വിശ്ലേഷണം ചെയ്യപ്പെട്ടിട്ടുണ്ട്) അതിന്റെ ജനകീയ സംസ്കാരത്തേയും, ബ്രാഹ്‌മണ മൂല്യബോധത്തിന് കീഴ്പ്പെടുത്തലാണെന്നുമുള്ളത്, മാർക്‌സിയൻ ചരിത്ര സാമൂഹ്യപഠനങ്ങൾ മാത്രമല്ല, ദേശീയതയുടെ ബൃഹദാഖ്യാനങ്ങൾ മാത്രമുൾക്കൊള്ളുന്ന തരത്തിലുള്ള പഠനങ്ങളിൽപ്പോലും കാണാവുന്ന ഒന്നാണ്.

കാട്ടിലെ കരിയിലകളിലും മണ്ണിലും ചവിട്ടി നടക്കാൻ പാകമായ മൃദുവായ കാലടികളുള്ള കരയിലെ ഏറ്റവും വലിയ മൃഗത്തെയാണ് മനുഷ്യന്മാരുടെ പേരുകളുമിട്ട് നമ്മൾ ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത്, ചങ്ങലക്കിട്ട് അതിക്രൂരമായ പീഡനമുറകളാൽ ബന്ധിച്ച് ആഘോഷിക്കുന്നത്. | Photo: Sarath cherupulaserry
കാട്ടിലെ കരിയിലകളിലും മണ്ണിലും ചവിട്ടി നടക്കാൻ പാകമായ മൃദുവായ കാലടികളുള്ള കരയിലെ ഏറ്റവും വലിയ മൃഗത്തെയാണ് മനുഷ്യന്മാരുടെ പേരുകളുമിട്ട് നമ്മൾ ആയിരക്കണക്കിന് മനുഷ്യർക്കിടയിൽ ചുട്ടുപൊള്ളുന്ന വെയിലത്ത്, ചങ്ങലക്കിട്ട് അതിക്രൂരമായ പീഡനമുറകളാൽ ബന്ധിച്ച് ആഘോഷിക്കുന്നത്. | Photo: Sarath cherupulaserry

മുതലാളിത്തത്തിലേക്കുള്ള മാറ്റം പോലും നാടുവാഴി കാലഘട്ടത്തിൻ്റെ സാംസ്കാരിക മുദ്രകൾ നിലനിർത്തി, ജാതിഘടനയുടെ ഉൾപ്പിരിവുകളെ വല്ലാതെയുലക്കാതെ, നടത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനതയുടെ യഥാർത്ഥ ജീവിതസംസ്‌കാരത്തിന്റെ ജൈവമുദ്രകൾ മുറുകെപ്പിടിക്കുമ്പോഴും, തിരസ്കരിക്കുന്ന കാലഘട്ടത്തിൻ്റെ അടിമത്തത്തിന്റേയും അധീശത്വത്തിന്റേയും അടയാളങ്ങളെ ബോധപൂർവം മായ്ക്കുകതന്നെ വേണം. അതേറെ വേദനയുണ്ടാക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിൽക്കൂടി.

ഗൃഹാതുരതയോടെ ധ്വനിപ്പിക്കുന്ന 'സാംസ്‌കാരിക മണ്ഡലം' കേരളത്തിലെ സവർണ്ണ സാംസ്‌കാരിക മണ്ഡലമാണ്. അതിലെതന്നെ ജീർണ്ണവിഭാഗമാണ്. കാരണം, പഞ്ചവാദ്യത്തെയോ, മേളത്തെയോ പുതിയ കാലത്തിലേക്ക് സംക്രമിപ്പിച്ചെടുക്കാവുന്നതുപോലെ ആനയെഴുന്നെള്ളിപ്പിനെ പറ്റില്ല എന്നർത്ഥം. അല്ലെങ്കിൽ പാടില്ല. നാട്ടാനകൾ എന്ന കച്ചവടം അവസാനിപ്പിക്കണം. പൂരങ്ങളിൽനിന്ന് ആനകളെ പൂർണ്ണമായി ഒഴിവാക്കേണ്ടിവരുന്ന കാലം അനിവാര്യമാകും എന്നുറപ്പാണ്. അത് ആനകളുടെ ലഭ്യതയില്ലായ്മ എന്ന പ്രശ്നത്തിൽത്തട്ടുംവരെ നീട്ടിവെക്കുന്നതല്ല ഒരു ആധുനിക സമൂഹത്തിന്റെ ലക്ഷണം. ഈ ക്രൂരതയെ എത്രയും വേഗം അവസാനിപ്പിക്കാനുള്ള നടപടികളെടുക്കുകയാണ് വേണ്ടത്. കാട്ടിൽനിന്ന് പിടിച്ചുകൊണ്ടുവന്ന്. അതിഭീകരമായ ഭേദ്യങ്ങൾക്ക് വിധേയനാക്കി ചങ്ങലക്കിട്ട ആന എന്ത് സാംസ്ക്കാരികത്തനിമയുടെ കോലമാണ് മസ്തകത്തിലേറ്റുന്നത്?

കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിലെ വൈരുധ്യങ്ങളും സംഘർഷങ്ങളുമാണ് അതിന്റെ സാംസ്ക്കാരിക ജീവിതത്തിലും ആഘോഷങ്ങളിലും പ്രകടമാകുന്നത്.

"ആരെല്ലാം ചേർന്നു നടത്തുന്നു ആനവയറ്റിലെ ദേഹണ്ണം?
കിണ്ടന്മാരായുള്ള പട്ടന്മാർ മൂവരാ കുണ്ടൻവയറ്റിലിരിപ്പില്ലേ?
പിണ്ടിയരച്ചു കുഴയ്ക്കുന്നു, പിണ്ടിയിരുട്ടി നിരത്തുന്നു; പിണ്ടി വെളിയിലേക്കുന്തിവയ്ക്കുന്നു
പിൻകുടുമക്കാരവരല്ലേ?
(‘ഗുരുവായൂരെ ആന'- അക്കിത്തം)

ഓരോ ദിവസവും ഏതാണ്ട് 20 മുതൽ 40 കിലോമീറ്റർ വരെ നടക്കുന്ന, മിക്കപ്പോഴും കൂട്ടമായി ജീവിക്കുന്ന വന്യമൃഗമാണ് ആന. അതിന്റെ സ്വാഭാവികമായ ഭക്ഷണക്രമമോ, ജീവിതമോ ഒന്നുംതന്നെ നാട്ടിൽ സാധ്യമല്ല. ഒരുതരത്തിലും അത് നാട്ടിലെ ജീവിതവുമായി പൊരുത്തപ്പെടുകയുമില്ല. അതിഭീകരമായ മർദ്ദനത്തിന്റെ തൊട്ടാൽ പൊടിയുന്ന ഓർമ്മകളിലാണ് ആന കേശവനും അർജ്ജുനനും ഭീമനുമൊക്കെയാകുന്നത്. ഈ ഹീനമായ ക്രൂരത ഇനിയും തുടരണമെന്ന് വാദിക്കുന്നത് കേരളത്തിലെ ഇടതുപക്ഷം കൂടിയാണെന്നത് എന്തുമാത്രം പ്രതീക്ഷാരഹിതമായൊരു രാഷ്ട്രീയനേതൃത്വമാണ് ഇടതും വലത്തും നിന്ന് ഈ സമൂഹത്തെ ആക്രമിക്കുന്നത് എന്നാണ് കാണിക്കുന്നത്.

“നിങ്ങൾക്കൊരു കാലത്താനകളാവാൻ സംഗതിയുണ്ടേ
അപ്പോഴാത്തുമ്പിക്കൈകളുയർത്തി ച്ചെവിയാട്ടിക്കൊണ്ടെൻ
സ്വപ്നത്തിൽ വന്നാട്ടെൻ്റെ സഹൃദയരെ, സ്വഹൃദയത്തിൻ സംവാദ്രശ്രുതിയിലഹന്ത നശിച്ചവരെ വന്നാട്ടെ- എൻ
ഹൃദയത്തിനുള്ളു തുറന്നാ സിംഹാസനമലങ്കരിച്ചാട്ടെ.
ആനകളാവാൻ മോഹിക്കുന്നവരിതി-ലേ, യിതിലേ വന്നാട്ടേ?"
(‘ആനക്കഥ'- അയ്യപ്പപ്പണിക്കർ)

ആനകളെ ചങ്ങലക്കിട്ട് ഉത്സവത്തി നെഴുന്നള്ളിക്കേണ്ടത് നൂറ്റാണ്ട് പഴക്കമുള്ള സംസ്കൃതിയുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോൾ ആ ഭാഷ, പത്തൊൻപതാം നൂറ്റാണ്ടിലെ ചില "ദേശീയവാദി'കളുടെ (ഹൈന്ദവം എന്നു കൂടി വിളിക്കാം, ചില അർത്ഥത്തിൽ) വിചാരഭാഷയാണ് .
ആനകളെ ചങ്ങലക്കിട്ട് ഉത്സവത്തി നെഴുന്നള്ളിക്കേണ്ടത് നൂറ്റാണ്ട് പഴക്കമുള്ള സംസ്കൃതിയുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് പറയുമ്പോൾ ആ ഭാഷ, പത്തൊൻപതാം നൂറ്റാണ്ടിലെ ചില "ദേശീയവാദി'കളുടെ (ഹൈന്ദവം എന്നു കൂടി വിളിക്കാം, ചില അർത്ഥത്തിൽ) വിചാരഭാഷയാണ് .

ആനകളേ, ഒരു ജനതയുടെ ക്രൂരതയുടെ, സാംസ്‌കാരിക മണ്ഡലത്തിന്റെ അടയാളങ്ങളാകേണ്ടിവന്ന ദുരന്തം ഏറ്റുവാങ്ങുക. വിപ്ലവകക്ഷിയും പുനരുത്ഥാനവാദികളുമെല്ലാം ഈ അധമവിനോദത്തിന് കൂട്ടുനിൽക്കുമ്പോൾ ഒരു മദപ്പാടിനുപോലും നിങ്ങളെ രക്ഷിക്കാനാവുന്നില്ല.

കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിലെ വൈരുധ്യങ്ങളും സംഘർഷങ്ങളുമാണ് അതിന്റെ സാംസ്ക്കാരിക ജീവിതത്തിലും ആഘോഷങ്ങളിലും പ്രകടമാകുന്നത്. അതിൽ ആരാണ് മേൽക്കൈ നേടുന്നത് എന്നതാണ് അത്തരം ആഘോഷങ്ങളുടെ മൂല്യബോധത്തെയും പ്രതീകങ്ങളെയും പ്രകടനങ്ങളേയും നിർണ്ണയിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലേക്ക് കിനിഞ്ഞിറങ്ങുന്ന വലതുപക്ഷ ജീർണ്ണ രാഷ്ട്രീയം അതിന്റെ മുഖംമൂടികൾ വളരെ വേഗത്തിൽ മാറ്റുകയാണ്. ഇടതുപക്ഷക്കാരനെന്ന് വിളിക്കപ്പെടുന്ന ഭരണാധികാരിക്കും രാഷ്ട്രീയക്കാർക്കും ദേവസ്വം ഭാരവാഹിക്കും സംഘപരിവാറുകാരനുമെല്ലാം ഒരേ തരത്തിലുള്ള പൂരസന്ദേഹങ്ങളും പൂരക്കമ്പങ്ങളുമുണ്ടാകുമ്പോൾ കേരളീയ സമൂഹം അതിന്റെ വലതുപക്ഷ രാഷ്ട്രീയ യാത്രയിലെ ഒരു ചക്രം പൂർത്തിയാക്കുകയും മറ്റൊരു ചക്രം തുടങ്ങുകയുമാണ്.

Comments