എന്നോ മരിച്ച അതിരപ്പള്ളി പദ്ധതിയ്ക്ക് എന്തിനാ മുഖ്യമന്ത്രീ എൻ.ഒ.സി?

'' വൈദ്യുതിബോർഡിന് NOC കൊടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും അത് ആരും അറിയേണ്ടതില്ല എന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞുവത്രേ. ഇവിടെ ജനാധിപത്യ ഭരണക്രമമാണെന്നും അതിൽ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളും സുതാര്യമായിരിക്കണം എന്നും അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നും മാത്രം സൂചിപ്പിക്കട്ടെ. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ തന്നെ പറയുന്ന, ഒരിക്കലും നടപ്പാക്കരുതെന്ന് ശാസ്ത്രം പറയുന്ന പദ്ധതിക്ക് എന്തിനാണ് NOC എന്ന് അവർ തന്നെ വ്യക്തമാക്കണം "

ന്നോ മരിച്ചുകഴിഞ്ഞതാണ് അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നിർദ്ദേശം. ഒരിറ്റ് ഓക്‌സിജനുവേണ്ടി ലക്ഷക്കണക്കിനാളുകൾ പിടയുന്ന മഹാമാരിക്കാലത്ത് തന്നെ ഈ പദ്ധതിയെ കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത് ജീവൻ വെപ്പിക്കാൻ പാഴ്‌വേല നടത്തുന്നവരോട് കഷ്ടം എന്നല്ലാതെയൊന്നും പറയാനില്ല. മഹാമാരിയെ നേരിടാനായി കരുതിവെച്ച മുഴുവൻ വെന്റിലേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും ഉപയോഗിച്ചാലും ഇതിനിനി ജീവൻ കൊടുക്കാനാകില്ല എന്നുമാത്രം തിരിച്ചറിയുക എന്ന് സ്‌നേഹപൂർവ്വം അവരോട് പറയട്ടെ.
1979-ലാണ് ചോലയാർ എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ചാലക്കുടിപ്പുഴയ്ക്ക് കുറുകെ വീണ്ടും അണകെട്ടാനുള്ള സർവ്വേ ആരംഭിക്കുന്നത്. 41 വർഷത്തിനിടയിൽ അതിരപ്പിള്ളി പദ്ധതിക്കായി ഒരു കല്ലിടാൻ പോലുമായിട്ടില്ല. മൂന്നുതവണ കേന്ദ്രസർക്കാരിൽ നിന്നും പാരിസ്ഥിതികാനുമതി നേടിയെടുക്കാൻ കഴിഞ്ഞിട്ടും ഒരു മരം പോലും ഈ പദ്ധതിയുടെ പേരിൽ മുറിക്കാനായില്ല. എന്തുകൊണ്ടാണ് അതിനുകഴിയാതെ പോയത് എന്നോർത്ത് ആരും വിഷമിക്കേണ്ടതില്ല. ഇത് ഒരു മോശം പദ്ധതിയായതുകൊണ്ട് എന്നത് മാത്രമാണുത്തരം. സത്യവും നീതിയും ന്യായവും കാടിന്റെയും പുഴയുടെയും പുഴയെ ആശ്രയിക്കുന്ന ജനങ്ങളുടെയും പക്ഷത്താണെന്നതാണ് ഉത്തരം.


2001 ജനുവരിയിലാണ് വൈദ്യുതിബോർഡ് ഈ പദ്ധതി നടപ്പാക്കുന്നതിന് ഏറ്റവും അടുത്തെത്തിയത്. 1998-ൽ പാരിസ്ഥിതികാനുമതിയും സ്റ്റേജ് -2 ഫോറസ്റ്റ് ക്ലിയറൻസും ലഭിച്ചിട്ടും അക്കാര്യം ഗോപ്യമായി വെച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കി പദ്ധതിക്ക് തറക്കല്ലിടാൻ തിയ്യതി നിശ്ചയിക്കുന്നിടം വരെ അന്ന് വൈദ്യുതി ബോർഡിന് എത്താനായി. കേരളഹൈക്കോടതിയുടെ സമയോചിതമായ ഇടപെടലോടെ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. 2005-ൽ പദ്ധതിയ്ക്ക് രണ്ടാമതും പാരിസ്ഥിതികാനുമതി ലഭിച്ചുവെങ്കിലും ആ അനുമതിയും കോടതി റദ്ദാക്കുകയായിരുന്നു. ഇതിനിടയിൽ 1986 മുതലെങ്കിലും ആരംഭിച്ച പദ്ധതിയോടുള്ള എതിർപ്പ് കൂടുതൽ ശക്തിപ്പെടുന്നുണ്ടായിരുന്നു. 2005 ഓഗസ്റ്റ് 18ന് വിവിധ സംഘടനകളുടെ കൂട്ടായ്മയായി ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറം രൂപീകരിച്ചതോടെ സമരം കൂടുതൽ ശക്തമായ പുതിയ ഘട്ടത്തിലേക്ക് കടന്നു.

മഹാമാരിയെ നേരിടാനായി കരുതിവെച്ച മുഴുവൻ വെന്റിലേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും ഉപയോഗിച്ചാലും ഇതിനിനി ജീവൻ കൊടുക്കാനാകില്ല എന്നുമാത്രം തിരിച്ചറിയുക എന്ന് സ്‌നേഹപൂർവ്വം അവരോട് പറയട്ടെ.

2007 ജൂലൈ 18ന് മൂന്നാമതും ഈ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയെടുക്കുന്നതിൽ വൈദ്യുതിബോർഡ് വിജയിച്ചു (അതിന്റെ കഥ വേറെ പറയുന്നുണ്ട്). തുടർന്നുള്ള ഏതാനും മാസം ഈ പദ്ധതി നടപ്പാക്കാനുള്ള ഊർജ്ജിതശ്രമം അധികൃതർ നടത്തിയിരുന്നു. എന്നാൽ മാർച്ച് 30-ന് പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക അനുമതിയുടെ കാലാവധി അവസാനിക്കുകയും 2008 ഫെബ്രുവരി 25-ന് സുഗതകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്ത രണ്ടാം അതിരപ്പിള്ളി സത്യാഗ്രഹം അതിശക്തമായി മുന്നോട്ടുപോകുകയും ചെയ്തതോടെ ആ ശ്രമവും അവസാനിച്ചു. 2005 ഡിസംബറിൽ ഒന്നാം അതിരപ്പിള്ളി സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുല്ലനേഴി മാഷെ ഇവിടെ സ്‌നേഹാദരങ്ങളോടെ സ്മരിക്കുന്നു.
രണ്ടാം അതിരപ്പിള്ളി സത്യാഗ്രഹം ആദ്യനൂറുദിനം പിന്നിട്ടപ്പോൾ തന്നെ ഇനി ഈ പദ്ധതി ആർക്കും നടപ്പാനാകില്ല എന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. അത്ര വലിയ ജനപിന്തുണയാണ് ആ സമരത്തിന് ലഭിച്ചുകൊണ്ടിരുന്നത്. നൂറുദിവസം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട് 2008 ജൂൺ 2, 3 തിയ്യതികളിൽ ചാലക്കുടിയിൽ നടന്ന "ജലാരവം' ഏറെ ശ്രദ്ധേയമായിരുന്നു. സമരത്തിന്റെ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്ന സുകുമാർ അഴീക്കോട് മാഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അരുന്ധതി റോയ് ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. 2009 ഏപ്രിൽ മാസത്തിൽ അന്നത്തെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നാനൂറിലേറെ ദിവസം പിന്നിട്ട സത്യാഗ്രഹം താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. പിന്നീടൊരിക്കൽപ്പോലും ഈ പദ്ധതി നടപ്പാക്കുന്നതിന്റെ അടുത്തെങ്ങും എത്താൻ അധികൃതർക്കായിട്ടില്ല. പദ്ധതിയോടുള്ള ജനങ്ങളുടെ എതിർപ്പ് അതിശക്തമായിത്തന്നെ തുടരുന്നു എന്ന് അധികൃതരെ ഓർമ്മപ്പെടുത്താനായി ചില സൂചനാസമരങ്ങൾ മാത്രമേ ഞങ്ങൾക്ക് നടത്തേണ്ടിവന്നിട്ടുള്ളൂ. ഒടുവിൽ അവസാനത്തെ പാരിസ്ഥിതികാനുമതിയുടെ നീട്ടിക്കിട്ടിയ കാലാവധിയും 2017 ജൂലൈ 17ന് അവസാനിച്ചതോടെ അവസാനത്തെ ആണിയും അടിക്കപ്പെടുകയായിരുന്നു. നിയമപരമായ അനുമതികളെല്ലാം കാലഹരണപ്പെട്ടു എന്നതുമാത്രമല്ല, ഈ വിഷയം പൊതുസമൂഹം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ഇനി ഈ കാടിനും പുഴയ്ക്കും ജലപാതങ്ങൾക്കും കാവലായി കേരളം കൂടെയുണ്ടാകും എന്ന ബോധ്യം കൂടിയാണ് 2017 ഓഗസ്റ്റ് 18-ന് അതിരപ്പിള്ളി സമരം വിജയകരമായി പര്യവസാനിപ്പിക്കുന്നതിന് ഞങ്ങൾക്ക് ധൈര്യം നൽകിയത്. ആ ബോധ്യം നൂറുശതമാനം ശരിയാണ് എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു സർക്കാർ NOC പുതുക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഒഴുകിയെത്തിയ വലിയ പിന്തുണ.

പ്രത്യാഘാതങ്ങൾ
അതിരപ്പിള്ളി പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. എങ്കിലും ഒരു ഓർമ്മപ്പെടുത്തലിനായി മാത്രം അവ വീണ്ടും ചുരുക്കിപ്പറയുന്നു.
പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ള 140 ഹെക്ടർ (350 ഏക്കർ) വനഭൂമി പദ്ധതിക്കായി നഷ്ടപ്പെടും. ചുരുങ്ങിയത് 80,000 മുതൽ ഒരു ലക്ഷം വരെ വലിയ മരങ്ങളും അതിലേറെ ചെറുമരങ്ങളും മുറിച്ചുമാറ്റേണ്ടിവരും.
അതീവജൈവ വൈവിധ്യസമ്പന്നമായ പുഴയോരക്കാടുകളുടെ സാന്നിദ്ധ്യം, വംശനാശഭീഷണി നേരിടുന്നവ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ആവാസകേന്ദ്രം, അപൂർവ്വ ഇനം പക്ഷികളുടെയും ശലഭങ്ങളുടെയും ആവാസകേന്ദ്രം, പറമ്പിക്കുളത്തിനും പൂയംകുട്ടിക്കും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സഞ്ചാരപഥം, ചൂരലാമയുടെയും കടുവയുടെയും സിംഹവാലൻ കുരങ്ങിന്റെയുമെല്ലാം സാന്നിധ്യമുള്ള വനമേഖല എന്നിവയിൽ ഏതെങ്കിലും ഒരു ഘടകം മതി വികസിതരാജ്യങ്ങളിൽ ഇത്തരം ഒരു പദ്ധതി ഉപേക്ഷിക്കാൻ. മുകളിലെ കാടുകൾക്ക് "വികസന'ത്തിന്റെ പേരിൽ വന്നിട്ടുള്ള ക്ഷയം മൂലം ഇന്ന് വനതുടർച്ച ഉറപ്പുവരുത്തുന്നതിലും വന്യജീവികൾക്ക് സഞ്ചാരപഥം ഒരുക്കുന്നതിലും വാഴച്ചാൽ കാടുകൾക്ക് നിർണ്ണായകസ്ഥാനമുണ്ട്.
- ചാലക്കുടിപ്പുഴത്തടത്തിലും പരിസരങ്ങളിലും മാത്രം താമസിക്കുന്ന പ്രാക്തനഗോത്രവിഭാഗമാണ് കാടർ. 1500-ഓളം പേർ മാത്രമുള്ള ഈ ഗോത്രവിഭാഗത്തിന്റെ നിലനിൽപ്പ് തന്നെ ഇന്ന് നിരവധി സാമൂഹികഘടകങ്ങൾ മൂലം ഭീഷണിയിലാണ്. നിർദ്ദിഷ്ടപദ്ധതി ഇവരുടെ രണ്ട് ഊരുകളെ, 75-ഓളം കുടുംബങ്ങൾ വാഴച്ചാൽ, 25-ഓളം കുടുംബങ്ങൾ താമസിക്കുന്ന പൊകലപ്പാറ എന്നിവയെ ബാധിക്കും. കാടും പുഴയുമായി അഭേദ്യബന്ധമുള്ള ഇവർക്ക് ഈ പദ്ധതി നടപ്പായാൽ കുടിയൊഴിഞ്ഞുപോകുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ല. വനാവകാശനിയമം നൽകുന്ന അധികാരം ഉപയോഗിച്ച് ഇവിടത്തെ ആദിവാസികൾ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുത് എന്ന് തീരുമാനമെടുത്ത് അധികൃതരെ അറിയിച്ചിട്ടുള്ളതാണ്. അവർ ഈ വിഷയത്തിൽ ബഹു. ഹൈക്കോടതിയിൽ നൽകിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

20-ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടർ പ്രദേശത്തെ ജലസേചനവും ആ പ്രദേശങ്ങളിലെ കുടിവെള്ളലഭ്യതയും ആകെ അവതാളത്തിലാകും.

അതിരപ്പിള്ളിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന അണക്കെട്ടിലേക്ക് ഒരു വർഷം ശരാശരി 1100 ദശലക്ഷം ഘനമീറ്റർ ജലം ഒഴുകിയെത്തും എന്നാണ് വൈദ്യുതി ബോർഡ് കാണക്കാക്കുന്നത്. ഇത് പ്രധാനപവർഹൗസിലെ വൈദ്യുതോല്പാദനത്തിനും വെള്ളച്ചാട്ടങ്ങൾക്കുമായി വിഭജിക്കപ്പെടും. ആകെ ലഭ്യമായ 1100-ൽ 241 ദശലക്ഷം ഘനമീറ്റർ (സെക്കന്റിൽ 7.65 ഘനമീറ്റര് തോതിൽ) ആണ് വെള്ളച്ചാട്ടങ്ങളുടെ വിഹിതം. അതായത് ആകെ ഒഴുകിയെത്തുന്ന വെള്ളത്തിന്റെ 22 ശതമാനം മാത്രം. 78 ശതമാനം വെള്ളം തിരിച്ചുകൊണ്ടുപോയാലും വെള്ളച്ചാട്ടം അതേപടി നിലനിൽക്കുമത്രേ! വൈകുന്നേരങ്ങളിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണിത്. നല്ല മഴയുള്ള സമയങ്ങളിൽ ഒഴികെയുള്ള ദിനങ്ങളിൽ സന്ധ്യയ്ക്ക് ശേഷം മാത്രമാണ് പ്രധാനപവർഹൗസിൽ വൈദ്യുതി ഉല്പാദിപ്പിക്കുക. ആ സമയത്ത് മാത്രമാണ് പുഴയിൽ കാര്യമായി വെള്ളം ഉണ്ടാകുക (പലപ്പോഴും അത് വെള്ളപ്പൊക്കസമാനമായ നീരൊഴുക്കാകും). മറ്റ് സമയങ്ങളിൽ സെക്കന്റിൽ 7.65 ഘനമീറ്റർ എന്ന തുച്ഛമായ നീരൊഴുക്ക് മാത്രമാണുണ്ടാകുക. നീരൊഴുക്കിൽ ദിവസവും ഉണ്ടാകുന്ന വളരെ വലിയ ഏറ്റക്കുറച്ചിൽ പുഴയിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അതിനൊപ്പം പുഴയുടെ കീഴ്ത്തടത്തിൽ ഉള്ള ജലസേചന, കുടിവെള്ള പദ്ധതികളുടെയെല്ലാം പ്രവർത്തനത്തെ ഇത് ബാധിക്കും. 20-ലധികം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടർ പ്രദേശത്തെ ജലസേചനവും ആ പ്രദേശങ്ങളിലെ കുടിവെള്ളലഭ്യതയും ആകെ അവതാളത്തിലാകും.


നിലവിൽ മഴക്കാലത്ത് പെരിങ്ങൽക്കുത്തിൽ നിന്ന് പ്രളയജലത്തിൽ ഒരു വിഹിതം ഇടമലയാറിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുണ്ട്. ഈ ജലം ഉപയോഗിച്ച് അവിടെ ശരാശരി 70 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉല്പാദിപ്പിക്കുന്നുണ്ട്. പെരിയാറിലെ വേനൽക്കാല ജലലഭ്യത ഉറപ്പുവരുത്തുവാനും ഇത് ഉപകാരപ്പെടുന്നുണ്ട്. അതിരപ്പിള്ളി പദ്ധതിക്കായി ഇടമലയാർ ഓഗ്മെന്റേഷൻ സ്‌കീം നിർത്തലാക്കും എന്നാണ് വൈദ്യുതിബോർഡ് പറഞ്ഞിരിക്കുന്നത്. അതോടെ ഈ നേട്ടങ്ങൾ ഇല്ലാതാകും.
ഇത്രയും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ വൈദ്യുതിബോർഡിന്റെ പ്രധാന"നേട്ടം' ഓരോ വർഷവും 100 കോടി രൂപയിലധികം നഷ്ടമാണ്. 163 മെഗാവാട്ട് എന്ന സ്ഥാപിതശേഷിയുടെ 12 ശതമാനം പോലും വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലില്ല.

വൈദ്യുതിബോർഡിന് NOC കൊടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും അത് ആരും അറിയേണ്ടതില്ല എന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞുവത്രേ

(കണക്കുകൾ പല തവണ പറഞ്ഞിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല). ഇന്നത്തെ നിരക്കിൽ 2000 കോടി രൂപയെങ്കിലും ചെലവുവരുന്ന ഈ പദ്ധതിയിൽനിന്ന് വർഷത്തിൽ 20 കോടി യൂണിറ്റ് വൈദ്യുതി പോലും ശരാശരി ലഭിക്കില്ല. അപ്പോൾ ഒരു യൂണിറ്റിന് വില 18 രൂപയെങ്കിലുമാകും. യൂണിറ്റിന് മൂന്നുരൂപയ്ക്കും നാലുരൂപയ്ക്കും യഥേഷ്ടം വൈദ്യുതി ലഭിക്കുന്ന നാട്ടിൽ, വാങ്ങാനാളില്ലാത്തിനാൽ നിരവധി വൈദ്യുതിനിലയങ്ങൾ അടച്ചിടുകയോ വളരെ കുറഞ്ഞ ശേഷിയിൽ മാത്രം പ്രവർത്തിക്കുകയോ ചെയ്യുന്ന നാട്ടിൽ എങ്ങനെയാണ് അതിരപ്പിള്ളി പദ്ധതിയെ ന്യായീകരിക്കാനാകുക?
ചുരുക്കുകയാണ്; വൈദ്യുതിബോർഡിന് NOC കൊടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും അത് ആരും അറിയേണ്ടതില്ല എന്നും ബഹു. മുഖ്യമന്ത്രി പറഞ്ഞുവത്രേ. ഇവിടെ ജനാധിപത്യ ഭരണക്രമമാണെന്നും അതിൽ സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളും സുതാര്യമായിരിക്കണം എന്നും അതറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നും മാത്രം സൂചിപ്പിക്കട്ടെ. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സർക്കാർ തന്നെ പറയുന്ന, ഒരിക്കലും നടപ്പാക്കരുതെന്ന് ശാസ്ത്രം പറയുന്ന പദ്ധതിക്ക് എന്തിനാണ് NOC എന്ന് അവർ തന്നെ വ്യക്തമാക്കണം.

Comments