മുഖ്യധാരാ മാധ്യമങ്ങളുടെ തെറ്റിദ്ധരിപ്പിക്കൽ ഇനി എളുപ്പമാകില്ല

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

വ്യത്യസ്തമായ ആശയങ്ങൾ അതുന്നയിക്കുന്ന വ്യക്തികൾക്കപ്പുറത്ത് പരസ്പര ബഹുമാനത്തോടെ സംവാദത്തിൽ ഏർപ്പെടുകയും ആ സംവാദങ്ങളിലൂടെ കൂടുതൽ മെച്ചപ്പെട്ട ആശയങ്ങൾ ഉയർന്നു വരികയും ചെയ്യുന്ന ഒരു ആദർശാത്മക ലോകം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. പക്ഷെ ആശയങ്ങൾ സ്വയംഭൂവല്ല. അവ നാം ജീവിക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ചരിത്രപരമായ ഉൽപ്പന്നങ്ങളാണ്. ഈ വ്യവസ്ഥാ ലോകമാകട്ടെ ചൂഷകരും ചൂഷിതരും തമ്മിലെ സംഘർഷത്തിന്റെ ഭൂമികയുമാണ്. അതുകൊണ്ട് ആശയങ്ങളും ഈ സംഘർഷത്തിന്റെ ഉത്പന്നങ്ങളാണ്. സാമൂഹിക വ്യവസ്ഥ സംഘർഷമുക്തമാക്കാത്തിടത്തോളം ആശയലോകവും സംഘർഷമുക്തമാകില്ല. നിലനിൽക്കുന്ന വർഗ്ഗസമൂഹം കെട്ടിപ്പടുത്തിരിക്കുന്നത് ചൂഷണത്തിന്റെ അടിത്തറയിലാണ്. ചൂഷണം നിലനിൽക്കണമെങ്കിൽ അധീശവർഗ വയലൻസ് കൂടിയേ തീരൂ. ഈ ചൂഷണ വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്ന അധീശആശയങ്ങളിലും ഈ വയലൻസ് ഉണ്ടാകും. എന്നൊക്കെ ചൂഷിതർ ഈ വയലൻസിനെതിരെ പ്രതികരിക്കുന്നോ അപ്പോൾ മാത്രമാണ് അധീശവർഗ്ഗം വയലൻസിനെതിരായ റെട്ടറിക്കുകൾ പുറത്തിറക്കുക.

ഇതിനർത്ഥം ഒരു ജനാധിപത്യ വ്യവസ്ഥയിൽ സംവാദം സാധ്യമല്ല എന്നല്ല, ആശയങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ നടക്കുകയും അതിലൂടെ കൂടുതൽ മെച്ചപ്പെട്ട ആശയങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിന് മുന്നോട്ട് പോകാനാവൂ. ഈ ആശയസമരത്തിൽ വിജയിക്കാനാകില്ലെന്ന് ഉറപ്പാകുമ്പോഴാണ് സംവാദങ്ങളെ തർക്കങ്ങളാക്കി ചുരുക്കി പുകമറ സൃഷ്ടിക്കേണ്ടി വരുന്നത്. അതിനുള്ള എളുപ്പവഴിയാണ് "എന്ത്പറയുന്നു എന്നതിൽ നിന്ന് ആര് പറയുന്നു' എന്ന് ചുരുക്കി അവരെ വ്യക്തിപരമായി ആക്രമിക്കുന്നത്.

ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള സംവാദങ്ങളിൽ വിജയിക്കാൻ കഴിയാതെ വരുമ്പോഴാണ് കേരളത്തിലെ ജന്മി ഭൂവുടമാ വിഭാഗങ്ങൾ "കക്കാ വിക്കാ നമ്പൂരി, ഗൗരി ചോത്തി ' എന്നെല്ലാം അധിക്ഷേപിക്കാൻ ഇറങ്ങിയത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ നമ്മുടെ ദൃശ്യമാധ്യമങ്ങൾ ഈ അധമസംസ്‌കാരത്തിന് നൽകിയ സ്വീകാര്യത ചെറുതല്ല. കോഴിപ്പോരോ മല്ലയുദ്ധമോ കാണുന്ന അതേ മാനസികനിലയിൽ ആശയസംവാദങ്ങളെ കുതർക്കങ്ങളുടെയും വ്യക്തിഹത്യകളുടെയും പരിഹാസങ്ങളുടെയും വേദിയാക്കി മാറ്റി റേറ്റിങ് ഉയർത്തുമ്പോൾ അതുണ്ടാക്കുന്ന സാംസ്‌കാരിക മലിനീകരണത്തെക്കുറിച്ച് ആരും വേവലാതി പൂണ്ടില്ല. പകരം അത്തരം പോരുകൾ "നോർമൽ' ആയി മാറുകയും ചെയ്തു.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

പരസ്പരബഹുമാനത്തിലധിഷ്ഠിതവും സംവാദാത്മകവുമായ ഒരു ഭാഷ വളരെ പ്രധാനമാണ്. പക്ഷെ ഭാഷയെ ആശയ സംഘർഷങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിർത്തി പൊളിറ്റിക്കൽ കറക്ട്‌നെസ്സിനു ചുറ്റും തിരിയുക എന്നത് ഉത്തരാധുനികത ഒരുക്കിയ ഒരു കെണിയാണ്. മികച്ച ഭാഷയിൽ നിങ്ങൾക്ക് ഏറ്റവും മനുഷ്യവിരുദ്ധമായ ആശയങ്ങളെ ഒളിപ്പിച്ചു കടത്താനാകും. ലോകചരിത്രത്തിൽ ഏറ്റവും മനോഹരമായി സംസാരിച്ച ഒരാൾ വിൻസ്റ്റൺ ചർച്ചിൽ ആണ്. അതേ ചർച്ചിലിന്റെ നയങ്ങളാണ് ബംഗാളിൽ ലക്ഷങ്ങളെ കൊന്നൊടുക്കിയതും. സമകാലീന ഇന്ത്യയിൽ ഏറ്റവും കാവ്യാത്മകമായി സംസാരിച്ച ഒരാൾ വാജ്പേയി ആയിരുന്നു. അതുകൊണ്ട് എങ്ങനെ പറയുന്നു എന്നതിനേക്കാൾ പ്രധാനം എന്ത്പറയുന്നു എന്നതാണ്.

വാക്പ്രയോഗങ്ങളിലെ ഏതെങ്കിലും ഒരു വാക്കിനെ അടർത്തിയെടുത്ത് ആ വ്യക്തിയുടെ രാഷ്ട്രീയത്തെ അളക്കുന്ന രീതി ഉത്തരാധുനികതയുടെ സംഭാവനയാണ്. ഭാഷ നിങ്ങളുടെ ഭൗതിക ലോകത്തിന്റെ പ്രതിഫലനം കൂടിയാണ്, അതിനു സാംസ്‌കാരിക മൂലധനത്തിന്റെ കൂടി പിന്തുണയുണ്ട്. അക്കാദമിക് പണ്ഡിതരുടെ ഭാഷയാകില്ല എൻജിൻ ഡ്രൈവർക്കും കർഷകതൊഴിലാളിക്കും. അതുകൊണ്ട് കേവലമായ ഭാഷാപ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ രാഷ്ട്രീയത്തെ വിലയിരുത്തുന്നതിൽ അനീതിയുണ്ട്.

അതേ സമയം സംവാദങ്ങളിലെ വ്യക്തിവിജയത്തിനപ്പുറത്ത് സ്വന്തം ആശയങ്ങളെ ജനങ്ങളുടെ പൊതുബോധമാക്കി വികസിപ്പിക്കുകയും നിലനിൽക്കുന്ന അധീശബോധത്തെ അട്ടിമറിക്കണമെന്നും ആഗ്രഹിക്കുന്നവർ ഭാഷാപ്രയോഗങ്ങളിൽ ബോധപൂർവമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അത് സ്വന്തം വ്യക്തിസ്വീകാര്യതയുടെ പ്രശ്‌നമല്ല മറിച്ച് ഈ സംവാദങ്ങളെ വീക്ഷിക്കുന്ന ഒരു ജനതയെ സ്വന്തം ആശയങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബോധപൂർവമായ പ്രവർത്തനം എന്ന നിലക്കാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർസ്പേസ് ഒരു ആൾക്കൂട്ട ഇടമാണ്. യഥാർത്ഥ ലോകത്തെ ആൾകൂട്ടത്തിൽ നിന്ന് വിഭിന്നമായി സ്വയം സൃഷ്ടിച്ച ഇമേജിൽ നിലനിൽക്കുന്ന, പരസ്പര നിയന്ത്രണമില്ലാത്ത ഒരു ആൾകൂട്ടം. അതിന്റെ പരിമിതിയും സാധ്യതയും സൈബർ സ്പേസിനുണ്ട്. യഥാർത്ഥ ലോകത്തെ മേൽകീഴ് ബന്ധങ്ങളോ സ്ഥാനമാനങ്ങളോ അവിടെ പരിഗണിക്കപ്പെടുകയേ ഇല്ല. അതുവരെയുള്ള മാധ്യമലോകം ഏകപക്ഷീയമായിരുന്നെങ്കിൽ സൈബർലോകത്ത് ഉടനടി പ്രതികരിക്കാനുള്ള അവസരം പ്രേക്ഷകർക്കുണ്ട്. ഓരോ വാക്കുകളും സൂക്ഷ്മമായ വിശകലനത്തിനും വിമർശങ്ങൾക്കും വിധേയമാക്കപ്പെടാം. ഈ വിമർശ്ശങ്ങളും വിശകലനങ്ങളും ചിലപ്പോഴെങ്കിലും വസ്തുനിഷ്ഠമോ ജനാധിപത്യപരമോ ആകണമെന്നില്ല. അതിൽ പങ്കെടുക്കുന്നവരുടെ പൊതുബോധത്തിലാകാം അത്തരം പ്രതികരണങ്ങൾ.
എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂലധന നിയന്ത്രിത മാധ്യമങ്ങൾ ഉത്പാദിപ്പിക്കുന്ന അധീശാശായലോകത്തെ ചോദ്യം ചെയ്യാനുള്ള അവസരം പരിമിതമെങ്കിലും ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട് .

വിമോചന സമരം മുതൽ ജനകീയാസൂത്രണ വിവാദം വരെ ലക്ഷക്കണക്കിന് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാനും വഴിതെറ്റിക്കാനും മുഖ്യധാരാമാധ്യമങ്ങൾക്ക് കഴിഞ്ഞുവെങ്കിൽ ഇന്ന് അത്തരമൊരു ശ്രമം കേരളത്തിൽ എളുപ്പമായിരിക്കില്ല. അതിനുള്ള പ്രധാനകാരണം സാമൂഹിക മാധ്യമങ്ങളുടെ ഓഡിറ്റിങ് തന്നെയാണ്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റൽ സ്പേസ് എന്നത് സാമാന്യ ലോകത്തിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണ്. ആ നിലക്ക് സാമാന്യലോകത്തെ സംഘർഷങ്ങൾ ഡിജിറ്റൽ ലോകത്തും ഉണ്ടാകും.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

ഒരു കമ്മ്യുണിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് സൈബർസ്പേസിലും പുറത്തും അക്രമങ്ങളെ നേരിടേണ്ടതുണ്ട്. അതിനെ വ്യക്തിപരമായി കാണുന്നില്ല.

Comments