അസമില്‍ പൊലീസ് വെടിവെച്ചുകൊന്ന കര്‍ഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യുന്നു ട്രൂ കോപ്പി വെബ്സീൻ
4 Oct 2021, 11:53 AM
ഹിംസയും പൊതു അതിക്രമങ്ങളും രാഷ്ട്രീയത്തില്‍ ലാഭകരമായ കച്ചവടമായി തീര്‍ന്നിരിക്കുന്നു. അത് പ്രത്യേകമായ ഒരു ലെജിറ്റിമസിയും നേടിയിരിക്കുന്നു. അസമില്‍ പൊലീസ് വെടിവെച്ചുകൊന്ന കര്‍ഷകന്റെ മൃതശരീരത്തിനുമേലുള്ള കടന്നാക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ഭരണകൂട ഹിംസയുടെ അപകടകരമായ പരിണതി വിശലകനം ചെയ്യുന്നു ട്രൂ കോപ്പി വെബ്സീന്‍.
ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍. പൊതുസഭയില്‍ പ്രസംഗിച്ചതിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ് അസമില്‍ നിരാലംബരായ കുടിയേറ്റക്കാര്‍ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് വെടിയുതിര്‍ത്തത്. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയില്‍ പുതുക്കിയ പൗരത്വ രജിസ്റ്ററിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ദരങ് ജില്ലയിലുളളവരെ ഒഴിപ്പിച്ചുവരികയായിരുന്നു. അതിനെതിരെ നടന്ന അതീജീവന സമരത്തില്‍ പങ്കെടുത്തവര്‍ക്കു നേരെയാണ് പൊലീസ് വെടിവെച്ചത്. രണ്ടു കര്‍ഷകര്‍ കൊല്ലപ്പെട്ടു. ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിനുശേഷം ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കൊല്ലപ്പെട്ട കര്‍ഷകന്റെ രക്തം പുരണ്ട നെഞ്ചത്തു ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന പൊലീസ് ഫോട്ടോഗ്രാഫര്‍ ബിജോയ് ശങ്കര്‍ ബനിയയുടെ വീഡിയോ ദൃശ്യം- വെബ്സീന്‍ പാക്കറ്റ് 45ല്‍ ദാമോദര്‍ പ്രസാദ് എഴുതുന്നു.
അപരന്റെ ശരീരത്തില്‍ അറപ്പ് ആരോപിക്കുകയും അങ്ങനെ അവര്‍ക്ക് അറപ്പുളവാക്കുന്നു എന്നു വിധിക്കുന്ന ശരീരങ്ങളെ അതിക്രമിക്കാമെന്നുമാണ് രാഷ്ട്രത്തിന്റെ ദൈനംദിന ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പൊതുഹിംസയുടെ പ്രാഥമിക പാഠം. അവര്‍ണശരീരങ്ങള്‍ വരേണ്യദൃഷ്ടിയില്‍ അറപ്പുളവാക്കുന്നവയാണ്. ആ ശരീരങ്ങളുടെമേല്‍ ഹിംസയും ഏറ്റക്കുറച്ചിലുകളോടെയുള്ള ഏതുവിധമുള്ള ബലപ്രയോഗവുമാകാം.
പൊതു ഹിംസകള്‍ക്ക് ഇന്നൊരു പുതിയ ദൃശ്യത ലഭിച്ചിട്ടുണ്ട്. കൂടുതല്‍ നഗരവല്‍കൃതമായ ജീവിതവ്യവസ്ഥകളിലേക്ക് ഇതുവരെ കാണായിടങ്ങളില്‍ നിന്ന് അവര്‍ണ അപരശരീരങ്ങള്‍ കടന്നുവന്നതും ഈ ദൃശ്യതയെ വര്‍ധിപ്പിച്ചിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകങ്ങളും കീഴാള ശരീരങ്ങളുടെ നേര്‍ക്കുള്ള ആക്രമണങ്ങളും ലൈംഗികാക്രമണങ്ങളും തത്സമയം ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും പൊതു ഹിംസയില്‍ പങ്കെടുക്കുന്നവര്‍ തന്നെയാണ്. അത് പ്രചരിപ്പിക്കുന്നതും ഹിംസയിലെ പങ്കാളിത്തം പോലെ ആനന്ദദായകമായിരിക്കുന്നതുകൊണ്ടാണ്.
സാമൂഹ്യ വൈരുദ്ധ്യങ്ങളെ തല്‍സ്ഥിതിയില്‍ നിലനിര്‍ത്താനാണ് പൊതു ഹിംസയെ ഉപയോഗിക്കുന്നത്. സമൂഹത്തിന്റെ ഭാഗമായുള്ള ഘടനാപരമായ ഹിംസാത്മകതയുടെ മറ്റൊരു ബഹിര്‍സ്ഫുരണമാണ് പൊലീസിലൂടെയും സായുധ സേനയിലൂടെയും പ്രകടമാകുന്നത്. ഇന്ത്യന്‍ രാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ഭരണഘടനയും, തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയുള്ള ബഹുകക്ഷി രാഷ്ട്രീയ വ്യവസ്ഥയും, സ്വതന്ത്ര നിയമ സംവിധാനങ്ങളും അതിനു പുറമെ താരതമ്യേന അതിനിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുമാണ്. അതായത് പുറംകാഴ്ചയില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമാകേണ്ട എല്ലാ ഘടകങ്ങളും ചേരുവകളും കൃത്യമാണ്.
എന്നാല്‍, ഭരണകൂടത്തിന്റെ ഏറ്റവും അനിഹിതകരമായ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഇരയാകേണ്ടി വരുന്നതും സമൂഹത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട അപരവല്കരിക്കപ്പെട്ട ചൂഷിത ജനവിഭാഗങ്ങളാണ്.
രാഷ്ട്രീയത്തില്‍ ഉദാരവാദികളും ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ പങ്കിടുന്ന ആശയം വികസനത്തിന്റേതാണ്. ആധുനികീകരണം, പുരോഗമനം, ജനക്ഷേമം, വളര്‍ച്ച എന്നിവയാണ് വികസനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി പുറംമോടിയോടെ അവതരിപ്പിക്കപ്പെടുന്നത്. ഇടതു മുതല്‍ വലതു വരെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും ആണയിടുന്നത് വികസനത്തെ മുന്‍നിര്‍ത്തിയാണ്. വ്യത്യസ്ത വികസന സങ്കല്പം പിന്തുടരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ എടുത്തുപറയത്തക്ക വേര്‍തിരിവുകളൊന്നുമില്ല തന്നെ, ഇവര്‍ തമ്മില്‍.
ഏതാണ്ട് സമാനമായ വികസന രാഷ്ട്രീയം തന്നെയാണ് രാഷ്ട്രീയകക്ഷികള്‍ പിന്തുടരുന്നതെങ്കിലും, വാദത്തിനുവേണ്ടി വേര്‍തിരിവുണ്ടെന്നു സമ്മതിച്ചാലും, അടിസ്ഥാന പ്രമാണം മൂലധന കേന്ദ്രിതമായ വികസനം തന്നെയാണ്. വികസനത്തിന്റെ ഗുണലബ്ധിയെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളാണ് അവശേഷിക്കുന്നത്. എന്നാല്‍ വികസന പ്രക്രിയ തന്നെ ഹിംസാത്മകമായ സ്വഭാവമാര്‍ജ്ജിക്കുന്നതാണ് കണ്ടുവരുന്നത്. പ്രാന്തവല്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് വികസനത്തിന്റെ ഗുണഭോക്താക്കളെക്കാള്‍ അതിന്റെ ഇരകളാകുന്നത്. കിടപ്പാടം മുതല്‍ സ്വത്തുവകകള്‍ വരെ നഷ്ടപ്പെടുന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. വികസന പ്രക്രിയ തന്നെ പൊതു ഹിംസക്ക് വഴിയൊരുക്കുകയാണ്. സാമ്പത്തികമായ നഷ്ടപരിഹാര ഉപാധികള്‍ വികസന പ്രക്രിയയില്‍ നടക്കുന്ന ഹിംസാത്മകതയെ അഭിസംബോധന ചെയ്യാന്‍ പ്രാപ്തമാകുന്നില്ല. ഒരു ഫാക്ടറിയുടെ നിര്‍മാണത്തിന് കൃഷിഭൂമിയും കിടപ്പാടവും വിട്ടുകൊടുക്കേണ്ടിവരുന്നവര്‍ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക സാഹചര്യത്തില്‍ നിന്നുള്ളവരായിരിക്കെ അവര്‍ക്ക് നഷ്ടപരിഹാര വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നതും ഉദ്യോഗസ്ഥരുമായി ഇടപെടേണ്ടി വരുന്നതും അവരെ കൂടുതല്‍ പ്രതിസന്ധിയിലാണ് അകപ്പെടുത്തുന്നത്. ഉദ്യോഗസ്ഥ സംവിധാനങ്ങളുമായുള്ള ഇടപാടുകളില്‍ പതിഞ്ഞ തോതിലുള്ള ഹിംസ അന്തര്‍ഭവിച്ചിട്ടുണ്ട്. വികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ജീവിതത്തെ പറിച്ചുനടുക എന്നതു തന്നെ ഒരു അതീജീവന പ്രശ്നമായി തീരുകയാണ്.
വികസന പ്രക്രിയയില്‍ ജാതീയ ഹിംസ അന്തര്‍ലീനമാണ്. വന്‍തോതിലുള്ള വികസന പ്രക്രിയയ്ക്കും വളര്‍ച്ചയ്ക്കും കിടപ്പാടവും ഭൂമിയും വിട്ടുകൊടുക്കേണ്ടവര്‍ നിരാധാര ജനതയാണ്. എന്നാല്‍ വികസനത്തിന്റെ ഗുണഭോക്താക്കള്‍ അവരാവുകയുമില്ല.
നിയമം ലംഘിക്കുക എന്നത് അഭിലഷണീയ പ്രവര്‍ത്തനമാകുന്നു. കാരണം, സാമൂഹ്യ ശ്രേണിയില്‍ ഓരോ പടവും മുകളിലേക്ക് കയറുതോറും നിയമം ലംഘിക്കാനുള്ള അവകാശം വ്യക്തികള്‍ക്ക് കൂടുതലായി ലഭിക്കുകയാണ്. ശ്രേണിവത്കൃതമാണ് ഭരണസംവിധാനം. ശ്രേണിയിലെ മുകള്‍ത്തട്ടിലേക്കുള്ള ഏതുനിലക്കുമുള്ള ഉയര്‍ച്ച അഭിലഷണീയമായ കാര്യമാകുന്നു. ഇത് ജനാധിപത്യത്തില്‍ പഴയ ജാതി ശ്രേണീക്രമത്തെ പുനരുല്പാദിപ്പിക്കുകയാണ്. മാത്രവുമല്ല, മാഫിയകളെ സംബന്ധിച്ച് ഇതില്പരം ഉന്മേഷകരമായ മറ്റൊരു സ്ഥിതിവിശേഷമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമ ലംഘന ശേഷികളെ മാഫിയകള്‍ അവരുടെ ബലിഷ്ഠതയിലേക്ക് കൊണ്ടുവരികയാണ്. അങ്ങനെ പുതിയൊരു വിതാനത്തിലേക്ക് അതിക്രമത്തിന്റെ വര്‍ത്തമാനം മാറുകയാണ്. ഈ പ്രവണത കൂടുതലായും ഇന്നു തെളിഞ്ഞുവരുന്നുണ്ട്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം സൃഷ്ടിയല്ല പൊതുവിടങ്ങളിലെ അതിക്രമം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുല്യനിലയില്‍ പങ്കാളിത്തം വഹിക്കുന്ന പ്രക്രിയയാണിത്. ഇത്തരം അതിക്രമങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഭാഗമാണെന്ന വാദമാണ് പലപ്പോഴും ന്യായീകരണമായി പൊതുസമൂഹത്തിനു മുമ്പാകെ അവതരിക്കപ്പെടാറ്. സര്‍ക്കാര്‍ നയങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് അവരുടെ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയതെന്നാണ് പാര്‍ട്ടികള്‍ വരച്ചുകാണിക്കുന്ന ചിത്രം. പക്ഷെ ഇവിടെയെല്ലാം കാണുന്ന പ്രത്യേകത, രാഷ്ട്രീയ സംഘടനകളും പ്രവര്‍ത്തകരും ‘പൊതു'വായ വസ്തുവഹകളെയോ പൊതുമൂലധനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയോ ആണ് അതിക്രമിക്കുന്നത് എന്നാണ്. ‘പൊതുസ്വത്തായി' പരിഗണിക്കപ്പെടാന്‍ അര്ഹതയുള്ളവയെയാണ് അക്രമത്തിനിരയാക്കുക. വാസ്തവത്തില്‍ ഖജനാവില്‍ നിന്ന് മോഷ്ടിക്കുന്ന പോലെയാണിത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഒരു ക്വാറിയുടെ ഓഫീസ് ആക്രമിച്ചാല്‍ യു.എ.പി.എ നിയമനുസരിച്ചുള്ള വകുപ്പുകള്‍ ക്ഷണിച്ചു വരുത്തും. അതേസമയം പൊതുസ്വത്ത് തകര്‍ത്താല്‍ അത് സ്വാഭാവിക പ്രതികരണമായാണ് ഭരണകൂട സ്ഥാപനങ്ങള്‍ കണക്കാക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ നവലിബറല്‍ വ്യവസ്ഥിതിയുടെ ഭാഗമായിരിക്കെ തന്നെ പൊതുഅതിക്രമങ്ങളിലൂടെ എന്തിനോടുള്ള ക്രോധമാണ് പാര്‍ട്ടികള്‍ തീര്‍ക്കുന്നതെന്ന് വ്യക്തമല്ല.
പരമാധികാരത്തിന് ഭൂരിപക്ഷത്തിന്റെ രൂപപ്പെടുത്തലുമായി ഗാഢബന്ധമാണുള്ളത്. അതായത്, ഭൂരിപക്ഷം സൃഷ്ടിക്കുന്നതാണ് പരമാധികാരം എന്നതുപോലെ പരമാധികാര പ്രചോദിതമാണ് ഭൂരിപക്ഷത്തിന്റെ രൂപീകരണവും. രാഷ്ട്രത്തിന്റെ മേല്‍ പരമാധികാരത്തിന്റെ അകക്കണ്ണുകള്‍ നടത്തുന്ന നിരന്തര സൂക്ഷ്മ പരിശോധനകള്‍ ഭൂരിപക്ഷത്തെ നിജപ്പെടുത്താനുള്ള ഒരു ഉപാധിയാണ്. അത് പഴയ സങ്കല്പത്തിലുള്ള വല്യേട്ടന് നോട്ടമല്ല. സൂഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരിശോധനയാണ്. രാഷ്ട്രത്തിന്റെ ഓരോ വ്യവസ്ഥകളുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ രൂപപ്പെടുന്നതാണത്. ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോകുന്നതുമുതല്‍ മകളെ സ്കൂളില്‍ ചേര്‍ത്താന്‍ പോകുമ്പോള്‍വരെ ഈ പരിശോധനാക്രമത്തിന് വിധേയമാണ് മനസ്സും ശരീരവും. ഓരോ വ്യക്തിയും രാഷ്ട്രസ്വത്വത്തിലേക്ക് വിലയിക്കുക മാത്രമല്ല, രാഷ്ട്രത്തെ അന്തര്‍വഹിക്കുക കൂടി ചെയ്യുന്നു. അങ്ങനെ രാഷ്ട്രക്രമത്തെ രൂപപ്പെടുത്തുന്നത് ഈ നിര്‍മിതമായ ഭൂരിപക്ഷാത്മകതയാണ്. ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് ഈ ഭൂരിപക്ഷമാണ്.
ഭൂരിപക്ഷത്തിന്റെ ഭാഗമാവുക എന്നത് സുഖകരമായ അനുഭവമാവുകയാണ്. ഭൂരിപക്ഷം ഇവിടെ ആള്‍ക്കൂട്ടത്തിന്റെ പ്രകൃതമാര്‍ജിക്കുന്നു. സുരക്ഷയോടൊപ്പം പരിധിയില്ലാത്ത സ്വാതന്ത്ര്യവും സൗജന്യമായി ലഭിക്കുന്നു. ഇതിന്റെ ഏറ്റവും പ്രകടിത രൂപം സാമൂഹ്യ മാധ്യമങ്ങളിലെ നിത്യേന എന്നോണം നടക്കുന്ന ആള്‍ക്കൂട്ട ഹിംസകള്‍ തന്നെ.
ഏതുകാര്യത്തിലാണെങ്കിലും ജനങ്ങളുടെ ക്രോധവും അമര്‍ഷവും പ്രകടിപ്പിക്കാന്‍ പൊതു അതിക്രമമാകാമെന്ന ധാരണയിലേക്കാണ് രാഷ്ട്രീയ സമൂഹം പ്രത്യയശാസ്ത്ര വേര്‍തിരിവുകള്‍ക്ക് അതീതമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ആഘാത സൂചികയായി ഇത്തരത്തിലുള്ള പൊതുഹിംസ മാറി. മാറി എന്നു മാത്രമല്ല ഇതിനെ സ്വാഭാവികവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയോ അല്ലെങ്കില്‍ നിയമനിര്‍മാണ സഭകള്‍ പാസാക്കിയ എന്തെങ്കിലും നിയമത്തിനെതിരെയോ ആയ പ്രതിഷേധത്തിന്റെയോ പ്രക്ഷോഭത്തിന്റെയോ കാര്യമല്ല ഇത്. സിനിമകള്‍ക്കെതിരെ, കലാവിഷ്ക്കാരങ്ങള്‍ക്കെതിരെ പ്രകടിപ്പിക്കുന്ന ജന (സാമുദായിക അല്ലെങ്കില്‍ ജാതി) രോഷം അംഗീകൃതമായ വികാര പ്രകടനത്തിന്റെ മാതൃകയായാണ് സ്വീകരിക്കപ്പെടുന്നത്. പൊതുരോഷത്തെ ആയുധവല്‍ക്കരിക്കുന്നതിന്റെ പ്രവണതകളാണ് ഇതൊക്കെ- ദാമോദര്‍ പ്രസാദ് എഴുതുന്നു.
ഭരണകൂടത്തിന്റെ ശവനൃത്തംഭ
ദാമോദര്‍ പ്രസാദ് എഴുതിയ ലേഖനം വായിക്കാം, കേള്‍ക്കാം
ട്രൂ കോപ്പി വെബ്സീന്‍ പാക്കറ്റ് 45
Truecopy Webzine
Aug 02, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read