ജനാധിപത്യ രാജ്യവും
മുറിവേറ്റ കര്‍ഷകരും
ജനാധിപത്യ രാജ്യവും മുറിവേറ്റ കര്‍ഷകരും
സദാശിവ റായ് രാജ്യതലസ്ഥാനത്തെ റോഡരികിലേക്ക് ജീവിതം പറിച്ചുനട്ടത് ആത്മഹത്യ ചെയ്യാനുള്ള ഭയംകൊണ്ടാണ്. കൂട്ടുകൃഷിയില്‍ സുഹൃത്തായ സരന്‍ റായിയുടെയും ഭാര്യ യശോദയുടെയും ചലനമറ്റ ആമാശയം കണ്ട ഡോക്റ്റര്‍ക്ക് കരയാന്‍പോലും സാധിച്ചിരുന്നില്ല. നെഞ്ച് പൊള്ളിയാണ് തുന്നിക്കെട്ടിയത്. ചോളത്തിന്റ ഏതാനും അല്ലികള്‍ മാത്രമാണ് അക്കാലമത്രയും നാടിനെ ഊട്ടിയവരുടെ വയറ്റില്‍ അവശേഷിച്ചത്.
1 May 2022, 11:58 AM
കനത്ത ചൂടില്‍ വെന്തുരുകുകയാണ് രാജ്യതലസ്ഥാനം. അതുല്‍ഗ്രോവ് റോഡിലേക്ക് കടന്നപ്പോഴാണ് തെല്ലൊന്ന് ആശ്വാസമായത്. വഴിനീളെ ഇരുവശങ്ങളിലും വന്മരങ്ങളുണ്ട്. അവക്കിടയിലൂടെ വീശുന്ന കാറ്റിന് പക്ഷെ തീച്ചൂടാണ്. ജോലിസമയം ചൂടിന് അനുസരിച്ച് ക്രമീകരിച്ചതിനാല്‍ പുറത്തൊന്നും അധികമാരുമില്ല. ദൂരെനിന്നേ അത്തിമരത്തിന് താഴെയിരിക്കുന്ന സദാശിവ റായിയെ കാണാം. ഞങ്ങളെ കണ്ടപ്പോഴെ ചായപാത്രത്തിലേക്ക് പാലൊഴിച്ചു. സ്റ്റൗവിലേക്ക് വേഗത്തില്‍ കാറ്റ് അടിച്ചു കയറ്റി. തുരുമ്പെടുത്ത് ദ്രവിചിട്ടുണ്ടെങ്കിലും അത് ശക്തിയായി ജ്വലിച്ചു.
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ വലിയ ആവേശത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. വര്‍ഷങ്ങളായി ആ മരച്ചുവട്ടിലുണ്ട്. എങ്കിലും പേരുപോലും അധികമാര്‍ക്കും അറിയില്ല. എല്ലാവര്‍ക്കും ബാബുവാണ്. ചിലര്‍ക്ക് "ചായ് വാല'. ബിഹാറില്‍ നിന്ന് വന്നതുകൊണ്ടാകണം ബാബു എന്ന വിളിപേരു കിട്ടിയത്. ആരോടെന്നില്ലാതെ പറഞ്ഞു. ചിലര്‍ കളിയാക്കിയും മറ്റുചിലര്‍ അധികാരത്തോടെയുമല്ലാതെ ആ പേര് വിളിച്ചിട്ടില്ല. അത് അങ്ങനെയാണ് ബിഹാറിലെ എന്നല്ല സാധാരണ ജോലി ചെയ്യുന്ന ഏത് നാട്ടിലെ മനുഷ്യനും ഡല്‍ഹിയില്‍ ബാബുവാണ്. സവര്‍ണ്ണതയുടെ അണയാത്ത ബോധവും ആ വിളിക്ക് പുറകിലുണ്ട്.
രാജ്യതലസ്ഥാനത്തെ റോഡരികിലേക്ക് ജീവിതം പറിച്ചുനട്ടത് ആത്മഹത്യ ചെയ്യാനുള്ള ഭയംകൊണ്ടാണ്. ഗോതമ്പ് പാടങ്ങളില്‍ വിളഞ്ഞതിലേറെയും പ്രളയമെടുത്തപ്പോള്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതായി. ഗത്യന്തരമില്ലാതെ നാടുവിട്ടു. കൂട്ടുകൃഷിചെയ്ത സുഹൃത്തായിരുന്ന സരണ്‍ റായിയുടെ മുന്നില്‍ മരണമായിരുന്നു മാര്‍ഗം. അദ്ദേഹം തൂങ്ങിയ മാവിന് മറുവശത്ത് ഭാര്യ യശോദയും നീലിച്ചു കിടന്നിരുന്നു. ചലനമറ്റ ശരീരങ്ങള്‍ ഗ്രാമത്തിന് പതിവ് കാഴ്ചയായതിനാല്‍ ആ ദിവസവും സാധാരണപോലെ കടന്നുപോയി.

വേദനയും രോഷവും സദാശിവ റായുടെ കണ്ണില്‍ നിറഞ്ഞു. പരുത്ത കൈ കൊണ്ട് കണ്ണീര്‍ തുടച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മ്മകള്‍ നീറ്റുന്നുണ്ട്. മരണം മുളക്കുന്ന പാടത്തേക്ക് ഇനിപോകില്ലെന്ന് അന്ന് തീരുമാനിച്ചെങ്കിലും സാധിച്ചില്ല. ഉപജീവനത്തിനായി ഗ്രാമത്തില്‍ ആകെയുള്ള സാധ്യത കൃഷിയാണ്. മറ്റൊന്നും അവിടുത്തെ മനുഷ്യര്‍ക്ക് ശീലമില്ല. രാജ്യത്തെ മഹാഭൂരിപക്ഷം കര്‍ഷകരും നേരിടുന്ന വെല്ലുവിളികള്‍ ഈ വിധം തീക്ഷ്ണവും സമാനതകളില്ലാത്തതുമാണ്.
കണക്കുകള്‍ക്കപ്പുറത്തെ മരണങ്ങള്‍
സരന്‍ റായിയുടെയും യശോദയുടെയും ചലനമറ്റ ആമാശയം കണ്ട ഡോക്റ്റര്‍ക്ക് കരയാന്‍പോലും സാധിച്ചിരുന്നില്ല. നെഞ്ച് പൊള്ളിയാണ് തുന്നിക്കെട്ടിയത്. ചോളത്തിന്റ ഏതാനും അല്ലികള്‍ മാത്രമാണ് അക്കാലമത്രയും നാടിനെ ഊട്ടിയവരുടെ വയറ്റില്‍ അവശേഷിച്ചത്. ഭക്ഷണം കഴിച്ചിട്ട് നാല് ദിവസമായെന്ന് എഴുതി തീര്‍ത്തപ്പോഴേക്കും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ണീരുപടര്‍ന്നിരുന്നു.
2017-18 ലെ സര്‍വ്വെ പ്രകാരം പ്രതിദിനം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം പത്താണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1995 മുതല്‍ 2004 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 2,50,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കര്‍ഷകനായിരുന്ന സദാശിവ റായ് എങ്ങനെ ഡല്‍ഹിയില്‍ എത്തി എന്നതിനുള്ള ഉത്തരമാണത്. ഉത്തരേന്ത്യയിലെ വയലുകളിലാകെ മരണം ഈ വിധം ഭീതിപടര്‍ത്തുന്നുണ്ട്. ആ ഭയമാണ് മഹാ ഭൂരിപക്ഷത്തെയും ഗ്രാമത്തിന് പുറത്തെത്തിച്ചത്. ലക്ഷക്കണക്കിന് കര്‍ഷകരാണ് പലജോലികള്‍ക്കായി ഇന്ന് ഡല്‍ഹിയിലുള്ളത്.
അനീതിയുടെ വിളനിലങ്ങള്‍
രാജ്യതലസ്ഥാനത്തുനിന്നും 1300 കിലോമീറ്റര്‍ അകലെയുള്ള സഹര്‍സയാണ് സദാശിവ റായിയുടെ ഗ്രാമം. ഒന്നരവര്‍ഷമായി ഗ്രാമത്തിലേക്ക് പോയിട്ട്. യാത്രക്കായി പണംകൂട്ടി വക്കുമെങ്കിലും അതിന് സാധിക്കാറില്ല. കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കണ്ണില്‍ വല്ലാത്തൊരു തിളക്കം. കാരണവും അദ്ദേഹം തന്നെ പറഞ്ഞു, ആരും ഇത്തരത്തില്‍ ഒന്നും ചോദിക്കാറില്ല. എല്ലാവര്‍ക്കും വേണ്ടത് ചായമാത്രമാണ്.

പാലില്‍ വെള്ളമൊഴിക്കാതെയാണ് ചായ ഉണ്ടാക്കുന്നത്. കൂടെ ഇഞ്ചിയും ഏലക്കയും ചേര്‍ക്കുന്നത് കൊണ്ട് പ്രത്യേക രുചിയാണ്. വെള്ളം ചേര്‍ക്കാത്ത മധുരമേറിയ ചായയാണ് എല്ലാവര്‍ക്കും വേണ്ടത്. ചായക്ക് പിന്നിലെ മനുഷ്യന്റെ ജീവിതംകാണാന്‍ ആര്‍ക്കും സമയമില്ല. ഓരോ ചായയിലൂടെയും പകര്‍ന്ന് കൊടുക്കുന്നത് മായം കലര്‍ത്താന്‍ ശീലിച്ചിട്ടില്ലാത്ത കര്‍ഷകന്റെ മനസ്സുകൂടെയാണ്.
WEBZINE » ഈ പാടങ്ങൾ ഹരിബാബുമാരുടെ ശ്മശാനങ്ങളാണ്
ചായ അടിക്കുന്നതിനിടക്ക് പ്രിയപ്പെട്ടവരെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. കുടുംബവും കൃഷിയും രണ്ടായി കാണാത്ത ആ മനുഷ്യന്‍ ഏറെ വേവലാതിപ്പെട്ടത് കൃഷിയെ കുറിച്ചാണ്. ഓര്‍മ്മവെച്ച കാലം മുതല്‍ കൃഷിഭൂമി തരിശിട്ടിട്ടില്ല. അച്ഛന്‍ കക്കന്ദ്ര റായ് പിച്ചവെക്കാന്‍ പഠിപ്പിച്ചതുപോലും കൃഷിഭൂമിയിലാണ്. ജീവിതം പഠിച്ചതും ആമാശയം നിറച്ചതും ആ മണ്ണില്‍ വിയര്‍പ്പൊഴുക്കിയിട്ട് തന്നെ.
കൃഷിസ്ഥലത്ത് നിന്ന് പരമാവധി ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന ലാഭം രണ്ടായിരം രൂപയാണ്. അതിന് തന്നെ രാപ്പകല്‍ അധ്വാനവും വേണം. ആ പണം പുരകെട്ടാനുള്ള പനയോലക്ക് പോലും തികയില്ല. മറ്റ് ജോലികള്‍ ചെയ്യാം എന്ന് കരുതിയാല്‍ പരമാവധി കിട്ടുന്ന കൂലി 200 രൂപയാണ്. സ്ത്രീ,പുരുഷ വ്യത്യാസമില്ലാതെ പാടങ്ങളില്‍ കുടുംബമായി വന്നാണ് അദ്ധ്വാനം. മണ്ണില്‍ കാലുറക്കുന്ന പിഞ്ചു മക്കളും കൂടെ ഉണ്ടാകും. എന്നാല്‍ കൂലിയുടെ കാര്യത്തില്‍ സ്ത്രീയും പുരുഷനുമുണ്ട്. 200 രൂപ പുരുഷന് കിട്ടുമ്പോള്‍ 100 രൂപയാണ് സ്ത്രീക്ക്.
വയറെരിഞ്ഞ് ഇല്ലാതെയാവരുത്
എങ്ങും പട്ടിണി പേപിടിച്ച് അലയുന്ന ഗ്രാമങ്ങളാണ്. വിത്തിനുള്ള സബ്സിഡി വെട്ടി ചുരുക്കിയതും ജലസേചനത്തിലുള്ള അപാകതയുമാണ് കൃഷി വലിയ നഷ്ടമാക്കുന്നത്. 11400 കര്‍ഷകരാണ് 2019 ഇല്‍ മാത്രം രാജ്യത്ത് ആത്മഹത്യ ചെയ്തത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് അന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങാണ് ലോക്സഭയില്‍ ഇക്കാര്യം പറഞ്ഞത്. നെഞ്ച് പിളര്‍ക്കും വിധമാണ് മരണസംഘ്യ ഉയരുന്നത്. ജീവനറ്റ് വീഴുന്നവരുടെ എണ്ണമെടുക്കലാണ് സര്‍ക്കാരിന്റെ ആകെയുള്ള ഇടപെടല്‍.
ഓരോ കര്‍ഷക കുടിലിന് മുന്നിലും മരണം തളം കെട്ടി കിടക്കുന്നുണ്ട്. പട്ടിണി സഹിക്കാന്‍ കഴിയാതെ വൃക്ക വിറ്റവരും ഗ്രാമത്തില്‍ ഏറെയാണ്. ഇതിനായി പ്രത്യേക മാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടിണിക്കൊപ്പം കാലങ്ങളായി ബിഹാറിനെ പിടികൂടിയ രോഗബാധയാണ് മസ്തിഷ്‌കജ്വരം. 2019 ല്‍ മരിച്ചു വീണ കുഞ്ഞുങ്ങളുടെ എണ്ണം ഇരുന്നൂറില്‍ അധികമാണ്. കഴിഞ്ഞവര്‍ഷങ്ങളിലെ മരണ സംഖ്യ അതിനിരട്ടിയോളം വരും. രോഗകാരണം പോലും തിരിച്ചറിയാതെ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധര്‍. ലിച്ചിപ്പഴമാണെന്നും, പോഷകക്കുറവാണെന്നും പല വാദങ്ങള്‍ ഉണ്ട്. എന്നാല്‍ മരണകാരണം പട്ടിണിയാണെന്നാണ് ബിഹാറിലെ ഗ്രാമങ്ങള്‍ പറയുന്നത്.
ഓരോ വര്‍ഷവും പേറ്റുനോവ് മാറും മുന്‍പെ നൂറുകണക്കിന് പിഞ്ചുകുഞ്ഞുങ്ങള്‍ക്കാണ് ഗ്രാമം ബലിയിടുന്നത്. സദാശിവ റായിയുടെ വിശ്രമമില്ലാത്ത ജീവിതത്തിന് കാരണവും ഇതൊക്കെയാണ്. പ്രിയപ്പെട്ടവര്‍ വയറെരിഞ്ഞ് ഇല്ലാതെയാവരുത്. അതിശൈത്യവും,കൊടും ചൂടും വകവെക്കാതെ ഇവിടെ ചായ വില്‍ക്കുന്നത് ആ അവസ്ഥയെ അതിജീവിക്കാനാണ്. ഒന്നിലേറെ തവണ അദ്ദേഹമത് ആവര്‍ത്തിച്ച് പറഞ്ഞു.
പുകമൂടിയ മനുഷ്യര്‍
എക്കാലത്തെയും വലിയ കര്‍ഷക മുന്നേറ്റങ്ങളാണല്ലൊ മാസങ്ങള്‍ക്ക് മുന്‍പ് രാജ്യം കണ്ടത്. വലിയ അലയൊലികളാണ് സദാശിവ റായിയുടെ ഗ്രാമത്തിലും അത് ഉണ്ടാക്കിയത്. രാഷ്ട്രീയത്തിന് അതീതരായി അവര്‍ ഒന്നടങ്കം ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തി. വിണ്ടു കീറിയ പാദങ്ങളിലേക്ക് നടന്നു തേഞ്ഞ ചെരിപ്പുകള്‍ ചോരക്കറ കൊണ്ട് ചേര്‍ന്നൊട്ടിപ്പോയിരുന്നു. മനസിന്റെ മാത്രമല്ല മണ്ണിന്റെ കരച്ചിലിനു കൂടി സ്വന്തം കണ്ണില്‍ നിന്നു ചുടുനീരൊഴുക്കുന്നത് കൊണ്ടാകണം അവര്‍ക്ക് അത്രമേല്‍ സഹനത്തോടെ സമരം ചെയ്യാന്‍ സാധിച്ചത്.

രാജ്യത്ത് നടക്കുന്ന എല്ലാമുന്നേറ്റങ്ങളെയും സമരങ്ങളേയും കുറിച്ച് സദാശിവ റായിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഒറ്റക്ക് പഠിച്ച അക്ഷരങ്ങള്‍ ഏറെയുള്ളതിനാല്‍ രണ്ടോളം പത്രങ്ങള്‍ മുടങ്ങാതെ വായിക്കും. ഒരു വിഭാഗത്തിന്റെ കൈയില്‍ മാത്രമായി സമ്പത്ത് കുന്നുകൂടികൊണ്ടിരിക്കുകയും ഭൂരിപക്ഷ ജനത പാപ്പരീകരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ചൂഷണത്തിനെതിരെ ഗ്രാമങ്ങള്‍ ഇളകി വന്ന ചരിത്രം ഇന്ത്യന്‍ വഴികളില്‍ ഏറെ ഉണ്ടെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ പ്രചാരണങ്ങളില്‍ ചായ ഏറെ ഇടം പിടിച്ചെങ്കിലും അത് അതിജീവനമാര്‍ഗ്ഗമാക്കിയവര്‍ ഇപ്പോഴും പെരുവഴിയിലാണ്. ഒന്നിടവിട്ട് 1000 രൂപ കൈക്കൂലിയായി പൊലീസിന് കൊടുക്കണം. പെരുവഴിയില്‍ ജീവിതം കണ്ടെത്തുന്നതിനുള്ള ശിക്ഷ. "ആരുഭരിച്ചാലും ഞങ്ങളുടെ ജീവിതം ഇതിനപ്പുറം എന്താവാനാണ്. അവര്‍ ഞങ്ങളെ കാണുന്നെ ഇല്ലല്ലോ', നിസ്സഹായതയോടെ അദ്ദേഹം പറഞ്ഞ് അവസാനിപ്പിച്ചു.
അപ്പോഴേക്കും പാത്രത്തിനുള്ളിലെ പാല്‍ തിളച്ച് സ്റ്റൗവിന് മുകളിലൂടെ ഒഴുകി. അതില്‍ നിന്ന് വന്ന പുകച്ചുരുളുകള്‍ അവിടെയാകെ പരന്നു. കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ കര്‍ഷകന്റെ മുറിവേറ്റ പ്രതിനിധിയാണ് സദാശിവ റായ്. ജീവിതം തെരുവിന് കൊടുത്ത അദ്ദേഹത്തിന്റെ മുഖം അവസാനമായി നോക്കിയപ്പോള്‍ പുകച്ചുരുള്‍ വന്ന് മൂടിയിരുന്നു.
ഉഷ എസ്.
Jan 29, 2022
7 Minutes Read
പി. കൃഷ്ണപ്രസാദ്
Jan 10, 2022
59 Minutes Watch
Truecopy Webzine
Dec 19, 2021
5 Minutes Read
Truecopy Webzine
Dec 11, 2021
3 minutes read
ഡോ. സ്മിത പി. കുമാര്‍
Dec 11, 2021
12 Minutes Read
ടി.എം. ഹര്‍ഷന്‍
Nov 23, 2021
13 Minutes Watch