അപ്പുവിനുവേണ്ടി, നിരവധി അപ്പുമാർക്കുവേണ്ടി ഒരമ്മ എഴുതുന്നു

അപ്പുവിനുവേണ്ടി മാത്രമല്ല, അവനെ പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഇതെഴുതുന്നത്. ഒരു വിദ്യാർത്ഥി എന്തെങ്കിലും പരിമിതികൾക്കുള്ളിലാണെങ്കിൽ അവനെ/ അവളെ അതിൽ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള പിന്തുണയാണ് നൽകേണ്ടത്. ഗവൺമെൻറ്​ നയങ്ങളിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. രണ്ട് വർഷം മുൻപ് വരെ നല്കിയിരുന്നു എന്ന് പറഞ്ഞ സ്​ക്രൈബ്​ സംവിധാനം എന്ത് കാരണത്തിന്റെ പേരിലാണ് നിർത്തിയത് എന്നറിയാനും എന്നാഗ്രഹമുണ്ട്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. പറ്റുന്നവർ എന്നെ സഹായിക്കുമല്ലോ.

രു അമ്മയുടെ മനസ്സ് എത്രമാത്രം ദുർബലമായിപ്പോകും എന്ന് ഇന്നെനിക്ക് മനസ്സിലായി. വിഭിന്നശേഷിക്കാരനായ മക്കൾ ഉള്ള എല്ലാ അമ്മമാരുടെയും ഹൃദയം ചില നേരങ്ങളിൽ വല്ലാതെ വേദനിക്കുന്നുണ്ടാകും. അത് പക്ഷെ പലരും പ്രകടിപ്പിക്കാത്തതാകാം. അല്ലെങ്കിൽ ചുറ്റുപാടുമുള്ള സമൂഹവും, സംവിധാനങ്ങളും തിരിച്ച് എങ്ങിനെ പ്രതികരിക്കും എന്നോർത്താകണം പലപ്പോഴും പല അമ്മമാരും നിശബ്ദരായി പോകുന്നതെന്ന് തോന്നുന്നു.

അപ്പുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഹോട്ടൽ മാനേജ്മെൻറ്​
പഠിക്കുക എന്നത്. പ്ലസ് ടു റിസൽട്ട് വന്നത് മുതൽ അതിനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. പക്ഷെ കഴിഞ്ഞ വർഷം ചേർന്നില്ല. ഈ വർഷം ഞാൻ പ്രിയപ്പെട്ട ശ്രീജൻ ബാലകൃഷ്​ണനോട്​ സംസാരിക്കുകയും സംസ്ഥാന ഗവൺമെന്റിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള കോഴ്സുകളെക്കുറിച്ച് പറയുകയും ചെയ്തു. കൂടാതെ തിരുവനന്തപുരത്തുള്ള വേറൊരു സ്ഥാപനത്തിൽ നടത്തുന്ന 6 മാസത്തെ കോഴ്സിനെക്കുറിച്ചും പറയുകയുണ്ടായി. പക്ഷെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കോഴ്സിനായിരുന്നു അപ്പുവിന് താല്പര്യം. തുടർന്ന് അതിനുള്ള കാത്തിരിപ്പായിരുന്നു. ഇതിനൊപ്പം ചെന്നൈ, ബാംഗ്ളൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലൊക്കെ അപ്പു തനിയെ രജിസ്റ്റർ ചെയ്യുകയും, എല്ലാ സ്ഥാപനങ്ങളിൽ നിന്നും ഫോൺ വരികയും ഞാൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം സംസ്ഥാന ഗവ: കോഴ്സ് അറിയിപ്പ് വരികയും അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഫുഡ് മേക്കിങ്ങ് ആണ് അവന്റെ
ഇഷ്ടം എന്നത് കൊണ്ടും, തൊടുപുഴ സെൻറർ അടുത്തായത് കൊണ്ടും ഫസ്റ്റ് ഓപ്ഷൻ തൊടുപുഴ ആണ് കൊടുത്തത്. ഇന്നലെ വൈകിട്ട് അവിടെ നിന്നും ഫോൺ വരികയും ഇന്ന് ഉച്ചക്ക്​ 12ന്​ കോളേജിൽ എത്തിച്ചേരുവാൻ അറിയിക്കുകയും ചെയ്​തു.

ഞാൻ കോളേജിലെ നമ്പരിൽ വിളിച്ചു അവിടെയുള്ള അദ്ധ്യാപകനോട് സംസാരിച്ചു. അപ്പുവിന് കൂട്ടി വായിക്കാനുള്ള പ്രയാസം അറിയിച്ചു. കൂടാതെ എസ്​.എസ്​.എൽ.സി, പ്ലസ് ടു പരീക്ഷകൾ എങ്ങനെ എഴുതി എന്ന ഒരു കളിയാക്കലോട് കൂടിയ ചോദ്യത്തിന് ഞാൻ മറുപടി വളരെ എളിമയോടെ പറഞ്ഞു, "സർ, സ്ക്രൈബ് സപ്പോർട്ട് കിട്ടിയിരുന്നു' എന്ന്.

അദ്ദേഹം മറുപടിയായി പറഞ്ഞു, "രണ്ട് വർഷം മുമ്പ് വരെ സ്ക്രൈബ് സപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ലഭ്യമല്ല’.
ഞാൻ ഒന്നു കൂടെ വിനയത്തോടെ പറഞ്ഞു; "സർ, വേറെ യാതൊരു വിധ പ്രശ്നങ്ങളുമില്ലാത്ത കുട്ടിയാണ്, ഫിസിക്കലി വേറെ ഒരു കുഴപ്പവും ഇല്ല, തിയറി കുറവുള്ളത് കൊണ്ട് മാത്രമാണ് സർ ഫുഡ് മേക്കിങ് കോഴ്സ് തെരഞ്ഞെടുത്തത്​.’

അദ്ദേഹം അല്പം പോലും താല്പര്യമില്ലാതെ പറഞ്ഞു; "ആ.. ഒന്ന് വന്ന് നോക്ക്, ഞാൻ ഒന്ന് നോക്കട്ടെ'.
എന്റെ എല്ലാ പ്രതീക്ഷകളും ആ ഫോൺ വിളിയിൽ തീർന്നുപോയിരുന്നു എന്നതാണ് സത്യം.

പക്ഷെ അപ്പുവിനെ തൊടുപുഴ, മങ്ങാട്ട് കവലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വിട്ടു. ഈ കുട്ടിയോട് ‘നിനക്ക് ഒട്ടും എഴുതാനും, വായിക്കാനും അറിയില്ലേ’ എന്ന് ചോദ്യം ഉണ്ടായിരുന്നു. ഇത് പഠിക്കണമെങ്കിൽ എഴുതാനും, വായിക്കാനും അറിയണം, കൂടാതെ ഇംഗ്ലീഷും, ഫ്രഞ്ചും ഭാഷകൾ കൈകാര്യം ചെയ്യേണ്ടി വരും എന്നും പറഞ്ഞു.

ഒപ്പം ഒന്ന് കൂടെ ചേർത്തു കേട്ടോ.. സ്പെഷൽ എജ്യുക്കേഷൻ വിഭാഗത്തിനുള്ള കോഴ്സ് വരും, അപ്പോൾ നിനക്ക് ചേരാം എന്ന് പറഞ്ഞു.

എല്ലാം കേട്ട് അപ്പു അവിടെ നിന്ന്​ പോന്നു. എന്റെ അനുജത്തിക്കൊപ്പമാണ്​ അപ്പു കോളേജിൽ പോയത്. എന്നെ ഫോൺ വിളിച്ച് ഇത്രയും കാര്യങ്ങൾ പറഞ്ഞപ്പോൾ, സത്യം പറഞ്ഞാൽ ഞാൻ വല്ലാതെ പ്രയാസത്തിലായി. കാരണം ഒരു വാക്ക് കൊണ്ട് പോലും ഒരു പരിഗണനയോ, ചേർത്ത് നിർത്തലുകളോ ഇത്തരം കുട്ടികൾക്ക് നൽകാൻ സമൂഹം തയ്യാറാകുന്നില്ല എന്ന യാഥാർത്ഥ്യം എന്നെ വല്ലാതെ ചുട്ടുപൊള്ളിക്കുകയാണ്. ഈ സമയത്ത് അപ്പുവിനെ സ്വന്തമെന്ന് കരുതി വളർത്തിയ Mtm Hss Pampakuda ലെ അദ്ധ്യാപകരെ എല്ലാവരെയും നന്ദിയോടെ ഓർക്കുകയാണ്. പ്രിയപ്പെട്ട Sreeram Mangalas സർ, Sivankuttan K N സർ ഉൾപ്പെടെയുള്ള എല്ലാവരും തന്ന കരുതലും, സ്നേഹവുമാണ് അപ്പുവിനെ ഇത്രയും വളർത്തിയത് എന്നത് സത്യമാണ്. നന്ദി... നന്ദി...

സംസ്ഥാന ഗവൺമെന്റിനോടും, വിദ്യാഭ്യാസ വകുപ്പിനോടും, ബന്ധപ്പെട്ട വകുപ്പിനോടും ഒരപേക്ഷ മാത്രമേയുള്ളൂ. ഒരു വിദ്യാർത്ഥി എന്തെങ്കിലും പരിമിതികൾക്കുള്ളിലാണെങ്കിൽ അവൻ/ അവളെ അതിൽ നിന്ന് പുറത്ത് കൊണ്ട് വരാനുള്ള പിന്തുണയാണ് നൽകേണ്ടത്. ഗവൺമെൻറ്​ നയങ്ങളിൽ മാറ്റം ഉണ്ടാകേണ്ടിയിരിക്കുന്നു. എത്രയെത്ര കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ഒരു ജീവിതം കണ്ട് പിടിക്കുവാൻ സാധിക്കും ഇത്തരം പിന്തുണകൾ കൊണ്ട്. സത്യത്തിൽ ഇന്ന് എന്റെ അപ്പുവിന് നേരെയുണ്ടായത് വിദ്യാഭ്യാസം നിഷേധിക്കലാണ്. അവന് പഠിക്കുവാനുള്ള അവകാശം ഉപയോഗിക്കുവാനുള്ള സാഹചര്യം ഒരുക്കി നൽകുവാൻ ഗവൺമെൻറ്​ തയ്യാറാവണം, അപ്പു മാത്രമല്ല, അവനെ പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ഇതെഴുതുന്നത്.

ഒപ്പം രണ്ട് വർഷം മുൻപ് വരെ നല്കിയിരുന്നു എന്ന് പറഞ്ഞ സ്ക്രൈബ് സംവിധാനം എന്ത് കാരണത്തിന്റെ പേരിലാണ് നിർത്തിയത് എന്നറിയാനും എന്നാഗ്രഹമുണ്ട്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നു. പറ്റുന്നവർ എന്നെ സഹായിക്കുമല്ലോ.

എന്റെ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടനവധി അമ്മമാർക്കൊപ്പം, ഞാനും, എന്റെ അപ്പുവും ഞങ്ങളായി ഇവിടെയുണ്ടാകും.

Comments