അവ്വയാറിന്റെ മുഖമുള്ള
എന്റെ അച്ചി
അവ്വയാറിന്റെ മുഖമുള്ള എന്റെ അച്ചി
അച്ചിയെ അവ്വയാര്‍ എന്ന് വിളിക്കുന്നതായിരുന്നു അവര്‍ക്കിഷ്ടം. അവ്വയാരുടെ ചിത്രങ്ങളുമായി അത്ഭുതകരമായ സാദൃശ്യവും ഉണ്ടായിരുന്നു. അതിമനോഹരമായി അവര്‍ ചുമര്‍ചിത്രങ്ങള്‍ വരച്ചു. ചിലപ്പോള്‍ സന്ധ്യക്കു വിളക്കിനു മുന്നില്‍ ഇരുന്ന് സ്വയം ഉന്മാദം പൂണ്ടു ചിരിക്കും. തിരുക്കുറളിലെ വരികള്‍ പാടും, "കാണ്‍കവന്‍ കൊണ്കനെ കണ്ണാരക്കണ്ടപിന്‍...' എന്നോ മറ്റോ സ്ഥിരംപാടുമായിരുന്നു.
19 Jun 2022, 12:32 PM
ഒരു കുഞ്ഞുപുസ്തകത്തിന്റെ മുഖവുരയും, അവതാരികയും, ചില വരികളുമാണ് താഴെ കൊടുത്തിരിക്കുന്നത്. പ്രത്യേകതകള്‍ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണ ഭക്തികാവ്യം ഞാന്‍ ഈ വായനാ ദിനത്തില്‍ എഴുതുന്നത് എന്തിനാണെന്നു കരുതി അമ്പരക്കേണ്ട.
തിരുക്കുറളിലെ വരികള്‍ പാടി, അവ്വയാറിനെ പോലെ, ഒരു ദേശാടനപക്ഷി ആകാന്‍ കൊതിച്ച വടക്കന്‍ മലബാറിലെ ഒരു പാവം സ്ത്രീ 1936-ല്‍ എഴുതിയ ഖണ്ഡകാവ്യത്തിലെ വരികള്‍ ആണ് ഇത്. ആ മുഖവുരയില്‍ തന്നെ അവരുടെ ഭാഷയുടെ തെളിമ കാണാം. എണ്‍പത്തി മൂന്നു കൊല്ലം മുന്‍പ് ആണെന്ന് ഓര്‍ക്കണം. അന്ന് അവര്‍ക്ക് ഇരുപതു വയസ്സേയുള്ളൂ.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത, ഇംഗ്ലീഷും മലയാളവും, തമിഴും അറിയാമായിരുന്ന, സംഘകാല കൃതികള്‍ ഹൃദിസ്ഥമാക്കിയ അസാധാരണയായ ആ നാടന്‍ സ്ത്രീ എന്റെ അമ്മയുടെ അമ്മ ആയിരുന്നു. അച്ചി എന്ന് സ്‌നേഹത്തോടെ ഞങ്ങളും ദേശക്കാരും വിളിച്ച അമ്മൂമ്മ ഒരു പാട് കൃതികള്‍ എഴുതിയിട്ടുണ്ടെങ്കിലും ഒരിടത്തും രേഖപ്പെടുത്താതെ പോയി. സുബ്രഹ്‌മണ്യ ചരിതം കൂടാതെ അന്ന് പയ്യന്നൂരില്‍ വന്നുപോയ ഗാന്ധിജിയെക്കുറിച്ചും, കസ്തുര്‍ബയുടെ ഒറ്റപ്പെടലിനെക്കുറിച്ചും, ക്ഷേത്രവാതിലുകള്‍ എല്ലാ ജാതിക്കുമായി തുറന്നു കൊടുക്കാത്തതിനെകുറിച്ചും ഒക്കെ അവര്‍ കവിതകള്‍ എഴുതിയിരുന്നു. വൃത്തഭംഗിയുള്ള പദ്യങ്ങള്‍. അതൊക്കെ അടുപ്പിലിട്ടു ചുട്ടുകരിക്കപ്പെട്ടു. അവര്‍ക്ക് ഭ്രാന്ത് ആണെന്ന് പലരും രഹസ്യമായി പറഞ്ഞു നടന്നു. അച്ചിയുടെ സുഹൃത്തും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. ശ്രീകണ്ഠപൊതുവാളുടെ പരിശ്രമത്തില്‍ ആണ് ഈ ഒരു പുസ്തകം മാത്രം വെളിച്ചം കണ്ടത്. "കേവലം അടുക്കളയും തീയുമായി കഴിച്ചുകൂട്ടുന്ന രോഗപീഡിതമായ മനസ്സ്' എന്ന വരികളില്‍ നിന്ന് തന്നെ അവര്‍ അനുഭവിച്ചിരുന്ന തീവ്ര വേദന മനസ്സിലാകും.
ഞാന്‍ രണ്ടില്‍ പഠിക്കുമ്പോഴാണ് അച്ചി ഒരു തോരാമഴയത്ത് ഞങ്ങളെ വിട്ടുപോയത്. എനിക്ക് അമ്മയേക്കാള്‍ പ്രിയം അച്ചിയോടായിരുന്നു. എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചു തന്നത് അച്ചിയാണ്. രാത്രികളില്‍ അച്ചി എനിക്ക് ഷെഹരാസാദ് ആയി കഥകള്‍ പറഞ്ഞുതന്നു. ഓരോ വയസ്സിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ ഒരു പഴഞ്ചന്‍ ഡയറിയുടെ മഞ്ഞച്ച താളില്‍ എഴുതി തന്നു. ത്രിസന്ധ്യക്ക് പെണ്‍കുട്ടികള്‍ പുസ്തകം വായിച്ചാല്‍ കടം കേറി മുടിഞ്ഞു പോകുമെന്ന പ്രാക്കുകള്‍ക്കിടയിലും റേഷന്‍ മണ്ണെണ്ണയില്‍ മുനിഞ്ഞു കത്തുന്ന മുട്ട വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കാരമസോവ് സഹോദരങ്ങളും, നോതൃദാമിലെ കൂനനും, വിമലയും, സുവര്‍ണ്ണലതയും, ബകുളും, അപ്പുണ്ണിയും, അമ്മിണിയേടത്തിയും, രാച്ചിയമ്മയും, അള്ളാപിച്ച മൊല്ലാക്കയും എന്നോട് പതുക്കെ കൂട്ടുകൂടി.
അച്ചിയെ അവ്വയാര്‍ എന്ന് വിളിക്കുന്നതായിരുന്നു അവര്‍ക്കിഷ്ടം. അവ്വയാരുടെ ചിത്രങ്ങളുമായി അത്ഭുതകരമായ സാദൃശ്യവും ഉണ്ടായിരുന്നു. അതിമനോഹരമായി അവര്‍ ചുമര്‍ചിത്രങ്ങള്‍ വരച്ചു. ചിലപ്പോള്‍ സന്ധ്യക്കു വിളക്കിനു മുന്നില്‍ ഇരുന്ന് സ്വയം ഉന്മാദം പൂണ്ടു ചിരിക്കും. തിരുക്കുറളിലെ വരികള്‍ പാടും, "കാണ്‍കവന്‍ കൊണ്കനെ കണ്ണാരക്കണ്ടപിന്‍...' എന്നോ മറ്റോ സ്ഥിരംപാടുമായിരുന്നു. അര്‍ത്ഥമറിയാത്ത ഞങ്ങള്‍ പേരക്കുട്ടികള്‍ അത് പാരഡി ആക്കി ഏറ്റുപാടി. സ്‌കന്ദന്‍ ആയിരുന്നു നിത്യകാമുകന്‍. അമ്മയും അമ്മാമനും ജനിച്ച ശേഷം ഭര്‍ത്താവിനെ പറഞ്ഞു വിട്ടു. വേറെ വിവാഹം കഴിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു.

കാളിദാസനെ പോലെ, പി. കുഞ്ഞിരാമന്‍ നായരെ പോലെ യാത്ര ചെയ്തു ദേശത്തെ അറിയാന്‍ ആഗ്രഹിച്ച ആ പാവം ഒരിക്കലും പയ്യന്നൂരിന് അപ്പുറം കണ്ടില്ല. അറുപതുകളിലും എഴുപതുകളിലും എഴുതിയ കാമ്പുള്ള കവിതകള്‍ മുഴുവന്‍ പഞ്ഞക്കര്‍ക്കിടത്തില്‍ അടുപ്പിലെരിഞ്ഞു. ബാലാമണി അമ്മയെയും, ലളിതാംബിക അന്തര്‍ജനത്തെയും കാണാതെ ഒടുവില്‍ തളര്‍വാതം വന്നു മിണ്ടാനാവാതെ, എഴുതാനാവാതെ, ഒരു പെരുമഴയില്‍ അച്ചി കടന്നു പോയി....
കാറമേല്‍ കസ്തൂര്‍ബാ വായന ശാലയില്‍ നിന്നുമാണ് ഈ പുസ്തകത്തിന്റെ കോപ്പി കിട്ടിയത്. വായന രക്ഷപ്പെടലാണെന്ന് എനിക്ക് പറഞ്ഞു തന്നത് എന്റെ അച്ചിയാണ്. വിശപ്പില്‍ നിന്ന്, വഴക്കുകളില്‍ നിന്ന്, ഒറ്റപ്പെടലില്‍ നിന്ന്, അപകര്‍ഷതാബോധത്തില്‍ നിന്ന്, തിരസ്‌കാരങ്ങളില്‍ നിന്ന് ഒക്കെ ഒരൊറ്റ ഊളിയിടല്‍.. ഒട്ടകപ്പക്ഷിയെപോലെ പുസ്തകങ്ങളില്‍ മുഖം പൂഴ്ത്തി വേറൊരു ലോകത്തേക്ക് വളരെ എളുപ്പം പറിച്ചുനടാം. അച്ചിയും ചെയ്തിരുന്നത് അതായിരുന്നല്ലോ. അതുകൊണ്ടു തന്നെഎല്ലാ വായനാദിനങ്ങളും എനിക്ക് അച്ചിയുടെ ഓര്‍മകളാണ്.

ഒരൊറ്റ ആഗ്രഹം മാത്രമേ അച്ചി എന്നോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ വലുതാകുമ്പോള്‍ എന്നെങ്കിലും ഉജ്ജയിനില്‍ പോയി മഹാകാളനെ തൊഴണം. കാളിദാസന്‍ നടന്ന വഴികളിലൂടെ നടക്കണം. പക്ഷെ, എല്ലാ മാസവും യാത്ര ചെയ്യുന്ന എനിക്ക് ഒരിക്കലും ഉജ്ജയിനില്‍ മാത്രം എന്തുകൊണ്ടോ ഇതുവരെ പോകാന്‍ കഴിഞ്ഞില്ല. അഹമ്മദാബാദില്‍ നിന്നും വെറും എട്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തുന്ന സ്ഥലമാണ്. എന്നിട്ടും ഓരോ തവണയും പല കാരണങ്ങളാല്‍ മുടങ്ങിപ്പോകും.. ഈ വര്‍ഷത്തെ ശ്രാദ്ധത്തിന് എങ്കിലും ഉജ്ജയിനില്‍ പോകണമെന്നുണ്ട്. അച്ചിയോടുള്ള കടം വീട്ടാന്‍..
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
എം.ആര്‍ രേണുകുമാര്‍
Apr 22, 2022
23 Minutes Read
എസ്. ജോസഫ്
Apr 21, 2022
9 Minutes Read
റഫീഖ് ഇബ്രാഹിം
Apr 06, 2022
20 minutes read
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Mar 28, 2022
1 Minute Listening