വഴികളില്‍ ചതഞ്ഞരയാന്‍
തുടങ്ങിയ തൊഴിലാളികള്‍
വഴികളില്‍ ചതഞ്ഞരയാന്‍ തുടങ്ങിയ തൊഴിലാളികള്‍
അസംഘടിത മേഖലയിലെ തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, കോവിഡ് കാലത്ത് പണിയില്ലാത്ത, പട്ടിണി കിടക്കുന്ന ഇന്ത്യൻ ഭൂരിപക്ഷം. ട്രെയിനിനും ബസ്സിനുമടിയിൽ ചതഞ്ഞരയുന്നതും സൗജന്യ ഭക്ഷണത്തിനായി വിശന്ന് തിരക്കുകൂട്ടുന്നതും കുഞ്ഞുങ്ങളെയും കൊണ്ട് പല നാടുകളിലേക്ക് പലായനം ചെയ്യുന്നതും തൊഴിലാളികളാണ്. വീടുകളുടെ സുരക്ഷിതത്വത്തിലും ഏകാന്തതയിലും വിശന്നിരിക്കാൻ കഴിയാത്ത ഭാഷാതീതരായ മനുഷ്യർ. ഇന്ത്യൻ തൊഴിലാളികളുടെ കോവിഡ് കാല യാഥാർത്ഥ്യം എഴുതുകയാണ് സുധാ മേനോൻ
14 May 2020, 06:30 PM
സ്വന്തം ഗ്രാമവും, കുടുംബവും, കൃഷിയിടങ്ങളും വിട്ട് വിദൂരമായ നഗരങ്ങളുടെയും ചെറുകിട പട്ടണങ്ങളുടെയും പുറമ്പോക്കില്‍ അടിമ ജീവിതം നയിക്കുന്ന തൊഴിലാളികള്‍ എത്രയോ വര്‍ഷങ്ങള്‍ ആയി നമുക്കിടയില്‍ ഒരു നിശബ്ദസാന്നിധ്യമായി ഉണ്ടായിരുന്നു. പക്ഷെ, മുഖ്യധാരാ മാധ്യമങ്ങളും, അധികാരസ്ഥാപനങ്ങളും ഒരിക്കലും അവരുടെ സാന്നിധ്യം അറിഞ്ഞില്ല. ഇപ്പോള്‍ ഈ മഹാമാരിയുടെ കാലത്ത്, കൊടുംചൂടും, വിശപ്പും, ദാഹവും സഹിച്ചുകൊണ്ട്, വിണ്ടുകീറിയ കാല്‍പാദങ്ങളുമായി മുന്നൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ നടന്നു തീര്‍ത്ത് രാജ്യത്തിന്റെ മറ്റേ അറ്റത്തുള്ള സ്വന്തം ഗ്രാമത്തില്‍ എത്താന്‍ അവര്‍ സഹിച്ച സമാനതകള്‍ ഇല്ലാത്ത യാതനയാണ് ഇതരസംസ്ഥാന തൊഴിലാളികളെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്.
നീതിരഹിതമായ നമ്മുടെ രാഷ്ട്രീയവ്യവസ്ഥയുടെയും, അന്യവല്‍ക്കരിക്കപ്പെട്ട ജനാധിപത്യസ്ഥാപനങ്ങളുടെയും ശീലങ്ങള്‍ ഏറെ പരിചയം ഉള്ളതുകൊണ്ട് ഇതിനുമുന്‍പ് ഒരിക്കലും തങ്ങളുടെ നിലവിളികളും വിലാപങ്ങളും പൊതുസമൂഹത്തെ കേള്‍പ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് മനസാക്ഷിയുള്ള ഏതു മനുഷ്യനും അവഗണിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതരസംസ്ഥാനതൊഴിലാളികളുടെ ശബ്ദം നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നുണ്ട്. ഒരര്‍ഥത്തില്‍, അത് നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെയും, നമ്മള്‍ ഇടപെടുന്ന രാഷ്ട്രീയത്തിന്റെയും, നമ്മള്‍ പിന്‍പറ്റുന്ന മഹത്തായ സംസ്‌ക്കാരത്തിന്റെയും ജീര്‍ണ്ണസത്തകളിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ്.
ആധുനിക ഇന്ത്യന്‍ നഗരങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ അധ്വാനത്തിലും, വിയര്‍പ്പിലും ആണ്. എന്നിട്ടും നഗരം ഭരിക്കുന്ന വരേണ്യവര്‍ഗ്ഗത്തിന്റെയും, ടൗണ്‍ പ്ലാനിംഗ് വിദഗ്ധരുടെയും, മനസാക്ഷിയിലും മുന്‍ഗണനകളിലും ഒരിക്കലും അവര്‍ കടന്നുവന്നില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ എല്ലായ്‌പ്പോഴും "അന്യരും' "നഗരത്തിന്റെ സമാധാനം' കെടുത്തുന്നവരും, "സാമൂഹ്യവിരുദ്ധരും' ആയി മാറ്റിനിര്‍ത്തപ്പെട്ടു. താമസിക്കുന്ന നഗരത്തിലെ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട്, രാഷ്ട്രീയ നേതൃത്വം അവരെ പാടെ അവഗണിച്ചു.
ദശാബ്ദങ്ങളായി, ഇന്ത്യന്‍ ഉപരി-മധ്യവര്‍ഗ്ഗത്തിന്റെ ചവിട്ടടിയില്‍ കിടക്കുന്ന ഈ കോടിക്കണക്കിനു മനുഷ്യര്‍ അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടുപോലും പ്രതിഷേധിക്കാനാവാതെ, ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശബ്ദമായി പൊരുത്തപ്പെട്ടു.
ഒരിടത്തും സ്ഥിരമായ വേരുകള്‍ ഇല്ലാതെ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് മാറാപ്പും പേറി യാത്ര ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കുന്നത് അത്രമേല്‍ ശ്രമകരമായ ജോലിയായതുകൊണ്ട് തന്നെ സംഘടിത തൊഴിലാളി യൂണിയനുകള്‍ ഇവര്‍ക്കിടയില്‍ ശക്തമായ സാമൂഹ്യ-രാഷ്ട്രീയബോധം സൃഷ്ടിക്കാന്‍ ഒരിക്കലും ശ്രമിച്ചില്ല. തൊഴിലെടുത്ത് ജീവിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ നിരന്തരമായ വംശീയവിദ്വേഷത്തിനും, സ്വത്വരാഷ്ട്രീയ വൈരത്തിനും ഇരയാകുന്നത് നിത്യസംഭവമാണ്. അതുകൊണ്ട് തന്നെ, ദശാബ്ദങ്ങളായി, ഇന്ത്യന്‍ ഉപരി-മധ്യവര്‍ഗ്ഗത്തിന്റെ ചവിട്ടടിയില്‍ കിടക്കുന്ന ഈ കോടിക്കണക്കിനു മനുഷ്യര്‍ അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടുപോലും പ്രതിഷേധിക്കാനാവാതെ, ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശബ്ദമായി പൊരുത്തപ്പെട്ടു.
പൊള്ളയായ പ്രഖ്യാപനങ്ങള്‍
ഏറെ വൈകി, ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ധനമന്ത്രി ഇന്ന് അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി എന്ന പേരില്‍ പ്രഖ്യാപിച്ച ഇടപെടല്‍, സങ്കീര്‍ണ്ണമായ കുടിയേറ്റ തൊഴില്‍ മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങളെ ഒരു തരത്തിലും പരിഹരിക്കാന്‍ ഉതകുന്നതല്ല. NREGA വഴി കൂടുതല്‍ തൊഴില്‍ സ്വന്തം സംസ്ഥാനത്തു തന്നെ ലഭ്യമാക്കും, NREGA വഴിയുള്ള മിനിമം കൂലി 182 ഇല്‍ നിന്നും 202 രൂപയാകും എന്നല്ലാതെ, നേരിട്ടുള്ള ധന സഹായങ്ങളെക്കുറിച്ചു ഇപ്പോഴും നിശ്ശബ്ദരാണ്. ലേബര്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നത് തൊഴിലാളികളെ സഹായിക്കുമെന്ന വിചിത്രമായ വാദവും ഉയര്‍ത്തുന്നുണ്ട് . തൊഴിലാളികളുടെ മൗലികാവശങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കുന്ന പുതിയ തൊഴില്‍ നിയമങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് ഓര്‍ക്കണം. മിനിമം കൂലിയിലെ അസമത്വം ഒഴിവാക്കി ഏകീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും എത്രയാണ് പുതിയ മിനിമം കൂലിയെന്നു വ്യക്തമല്ല. "ഒരു ദേശം ഒരു റേഷന്‍ കാര്‍ഡ്' എന്ന തീരുമാനം നല്ലതാണെങ്കിലും, അത് നടപ്പില്‍ വരുത്താന്‍ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. പട്ടിണി കൊണ്ട് വലയുന്ന തൊഴിലാളികള്‍ക്ക് അടിയന്തിര സഹായം നല്കാന്‍ ഇത് മതിയാകില്ല. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും 5 കിലോ ഗോതമ്പും അരിയും കിട്ടുമെന്ന വാഗ്ദാനം മാത്രമാണ് അല്പമെങ്കിലും അവരെ സഹായിക്കുന്നത്.
രണ്ടായിരത്തി പതിനേഴിലെ സാമ്പത്തിക സര്‍വേ അനുസരിച്ചു 139 ദശലക്ഷം അന്തര്‍ സംസ്ഥാന/ഇതരസംസ്ഥാന/കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യയില്‍ ഉള്ളത്. ഇവരില്‍ കൂടുതല്‍ പേരും ഉത്തര്‍ പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമാണ്. അസംഘടിതവും, സങ്കീര്‍ണ്ണവും, ചൂഷണങ്ങള്‍ നിറഞ്ഞതുമായ ഇന്ത്യന്‍ തൊഴില്‍ മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിവേചനം നേരിടുന്നവര്‍ ആണ് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍.

ഘടനാപരമായി ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഇക്കണോമി ആണ് നമ്മുടേത്. ഏകദേശം 90% തൊഴിലാളികളും അസംഘടിതമേഖലയില്‍ ആണ്. അതില്‍, 139 ദശലക്ഷം തൊഴിലാളികള്‍ ഇതരസ്ഥലങ്ങളില്‍ ജോലിചെയ്യുന്ന, യാതൊരു തൊഴില്‍ രേഖയും ഇല്ലാത്ത കോണ്‍ട്രാക്ട് തൊഴിലാളികള്‍ ആണ്. ഇവരില്‍ ബഹുഭൂരിപക്ഷവും, അക്ഷരാര്‍ത്ഥത്തില്‍ അടിമവേല ചെയ്യുന്നവരാണ്. തുച്ഛമായ കൂലിയില്‍, സാമൂഹ്യസുരക്ഷാ പദ്ധതികളുടെ തണലില്ലാതെ അന്നന്നത്തെ അന്നത്തിനുള്ളത് കഷ്ടിച്ച് കണ്ടെത്തുന്നവര്‍. കോണ്‍ട്രാക്ടര്‍ - സബ്കോണ്‍ട്രാക്ടര്‍ - ദല്ലാള്‍ തട്ടുകളിലൂടെ കൈമാറി എത്തുന്ന ജോലി ആയതുകൊണ്ട് ഒരു തൊഴിലാളിയും ഒരു തൊഴില്‍ ഇടത്തില്‍ രണ്ടു മാസത്തില്‍ കൂടുതല്‍ ഉണ്ടാകില്ല. ഈയൊരു പ്രശ്‌നം കൊണ്ടുതന്നെ ട്രേഡ് യൂണിയനുകള്‍ നിസ്സഹായരാണ്. നോട്ടുനിരോധനവും, ജി.എസ്.ടിയും ഇവരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കിയിരുന്നു. കൂലിയും തൊഴില്‍ ദിനങ്ങളും നന്നേ കുറഞ്ഞു. ജോലി ചെയ്യുന്ന സംസ്ഥാനവും, സ്വന്തം ഗ്രാമവും തമ്മിലുള്ള ദൂരം കൂടുന്തോറും അവരുടെ ദുരിതജീവിതത്തിന്റെ ആഴവും കൂടുന്നു.
ഇത്രയേറെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിട്ടും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു നയപരിപാടിയും ഇതുവരെ ഒരു സര്‍ക്കാരും സ്വീകരിച്ചിട്ടില്ല. എല്ലാ സാമൂഹ്യ ഇടങ്ങളില്‍നിന്നും അവര്‍ ആട്ടിയോടിക്കപ്പെട്ടു.സ്വന്തം സംസ്ഥാനത്തിലെയോ, ജോലിചെയ്യുന്ന സംസ്ഥാനത്തിലെയോ രാഷ്ട്രീയ നയങ്ങള്‍, അവരെ പൂര്‍ണ്ണമായി ഒഴിവാക്കിയപ്പോള്‍, അവരുടെ അധ്വാനവും വിയര്‍പ്പും തുച്ഛമായ വിലക്ക് സ്വന്തമാക്കുന്ന വന്‍നഗരങ്ങളിലെ കോണ്‍ട്രാക്ടര്‍മാര്‍ അവര്‍ക്ക് മാന്യമായ താമസസൗകര്യമോ, ആരോഗ്യ സംവിധാനമോ, കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമോ ഉറപ്പുവരുത്താറില്ല. അവരുടെ "അദൃശ്യത'എല്ലാ സാമൂഹ്യസുരക്ഷിതത്വങ്ങളുടെ വലയങ്ങളില്‍നിന്നും ഈ തൊഴിലാളികളെ പുറന്തള്ളുന്നു.
കുടിയേറ്റ തൊഴിലാളി നിയമം
1979 ല്‍ പാസാക്കിയ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം മാത്രമാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ള ഏക നിയമനിര്‍മാണം. അതാണെങ്കില്‍ ഒരിടത്തും കൃത്യമായി നടപ്പില്‍ വരുത്തിയിട്ടും ഇല്ല. അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, അഞ്ചും അതിലധികവും ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കെടുക്കുന്ന ഏതു സ്ഥാപനത്തിനും ബാധകമാണ്. നിയമപ്രകാരം, ഈ സ്ഥാപനങ്ങളും, ഇവരെ ജോലിക്കെടുക്കുന്ന ഇടനിലക്കാരായ കോണ്‍ട്രാക്ടര്‍മാരും, തദ്ദേശസ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ലൈസന്‍സില്ലാത്ത ഇടനിലക്കാരെ നിയമം നിരോധിക്കുന്നു എന്ന് മാത്രമല്ല, നിയമലംഘനം തടയാന്‍ കൃത്യമായ ഇന്‍സ്‌പെക്ഷന്‍ ഉണ്ടായിരിക്കണം എന്നും ആക്ട് എടുത്തു പറയുന്നുണ്ട്.
1979 പാസാക്കിയ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം മാത്രമാണ് ഈ രംഗത്ത് ഉണ്ടായിട്ടുള്ള ഏക നിയമനിര്‍മാണം. അതാണെങ്കില്‍ ഒരിടത്തും കൃത്യമായി നടപ്പില്‍ വരുത്തിയിട്ടും ഇല്ല.
ഇത്, സംസ്ഥാന സര്‍ക്കാരിന് കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരം നല്‍കുന്നു എന്ന് മാത്രമല്ല, അവരുടെ തൊഴില്‍ നിയമപരമാക്കുന്നതിനുള്ള ആദ്യത്തെ ചവിട്ടുപടിയുമാണ്. ഈ തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന എല്ലാ ചൂഷണങ്ങളെയും ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ ഇതുവഴി കഴിയും. അതുപോലെ, ഈ നിയമം അനുസരിച്ച്, സേവന-വേതന വ്യവസ്ഥകള്‍, തൊഴില്‍ സമയം, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെപറ്റിയുള്ള എല്ലാ വിവരങ്ങളും, നേരത്തെ തന്നെ തൊഴിലാളികളെ അറിയിക്കേണ്ടതാണ്. ഇവരുടെ കൂലി, ആനുകൂല്യങ്ങള്‍ തുടങ്ങിയവയെല്ലാം സമാന സാഹചര്യങ്ങള്‍ ഉള്ള മറ്റു ഏതൊരു പ്രാദേശിക സ്ഥാപനത്തിലെയും പോലെത്തന്നെ ആയിരിക്കണം. അന്തര്‍സംസ്ഥാന തൊഴിലാളികളുടെ മിനിമംകൂലി ഒരിക്കലും ആ സംസ്ഥാനത്തിലെ മിനിമം കൂലിയെക്കാള്‍ കുറവായിരിക്കരുത്. അതുപോലെ ഒരു സ്ഥലത്തു നിന്നും, മറ്റൊരു സ്ഥലത്തേക്ക് മാറ്റുമ്പോള്‍ തൊഴിലാളികള്‍ക്ക് ഡിസ്‌പ്ലേസ്‌മെന്റ് അലവന്‍സ് നല്‍കണമെന്നും നിയമം കൃത്യമായി അനുശാസിക്കുന്നു. സ്വന്തം ഗ്രാമത്തിലേക്ക് പോകാനും വരാനും ഉള്ള യാത്രാ അലവന്‍സ് നല്‍കേണ്ട ചുമതലയും തൊഴില്‍ ഉടമയ്ക്കാണ്. അതുപോലെ, വൃത്തിയുള്ള താമസസ്ഥലം, ബാത്‌റൂം സൗകര്യങ്ങള്‍, സൗജന്യ ചികിത്സ, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും വ്യക്തമായി നിയമം അനുശാസിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇതൊന്നും തന്നെ ഈ തൊഴിലാളികളുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന് അറിയണോ?

തൊഴിലിടങ്ങളിലെ യാഥാര്‍ത്ഥ്യം
കഴിഞ്ഞ കൊല്ലം ഞാന്‍ നടത്തിയ ഒരു പഠനത്തില്‍ നേരിട്ട് കണ്ട അഹമ്മദാബാദിലെ റോഡ് നിർമാണ തൊഴിലാളികളുടെ കഥ ആരുടെയും കരളുരുക്കുന്നതാണ്. ദക്ഷിണ ഗുജറാത്തിലെയും, രാജസ്ഥാനിലെയും ആദിവാസി മേഖലകളില്‍ നിന്നും, പ്രാദേശിക ബ്രോക്കര്‍ തിരഞ്ഞെടുത്ത് ലോറിയില്‍ കയറ്റി കുടുംബത്തോടെ കൊണ്ട് വരുന്നതാണ് ഈ തൊഴിലാളികളെ. പലര്‍ക്കും, സ്വന്തം ഗ്രാമത്തില്‍ കൃഷിയുണ്ട്. പക്ഷെ കൊടുംവരള്‍ച്ച കാരണം കഴിഞ്ഞ രണ്ടു സീസണിലെയും കൃഷി നഷ്ടമായിരുന്നു. പലിശയ്ക്ക് കടമെടുത്തു നടത്തിയ കൃഷി നശിച്ചതോടെ മിക്ക ചെറുകിട കര്‍ഷകരും കടക്കെണിയില്‍ ആയി. അവിടെയാണ് റോഡ് കോണ്‍ട്രാക്ടറുടെ പ്രാദേശിക ഏജന്റ് വിപണി കണ്ടെത്തുന്നത്.
കടം തീര്‍ക്കാന്‍ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് അഡ്വാന്‍സ് നല്‍കി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളില്‍ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസക്കൂലി. പന്ത്രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ അതില്‍ അധികം ജോലി. ദീപാവലിക്ക് കൊടുക്കുന്ന ഇരുനൂറ്റി അമ്പതു രൂപ മാത്രമാണ് ബോണസ്. വേറെ യാതൊരു ആനുകൂല്യവും ഇല്ല. ഭക്ഷണവും മറ്റു ചിലവുകളും നടത്താന്‍ കോണ്‍ട്രാക്ടര്‍ ദിവസം അറുപതു രൂപ കൊടുക്കും. അത് കൂലിയില്‍ നിന്നും കുറച്ച്, ബാക്കി തുക മാത്രം കണക്കില്‍ രേഖപ്പെടുത്തും. ഈ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ എത്ര നാള്‍ അടിമപ്പണി ചെയ്യണമെന്നു ഓര്‍ത്തു നോക്കുക..
കടം തീര്‍ക്കാന്‍ ആവശ്യമായ തുക ഈ പാവപെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് അഡ്വാന്‍സ് നല്‍കി അവരുടെ കുടുംബത്തിലെ അധ്വാന ശേഷിയുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദൂരസ്ഥലങ്ങളിലെ സൈറ്റുകളില്‍ എത്തിക്കുന്നു. ഇരുനൂറ്റിപതിനഞ്ചു രൂപയാണ് ദിവസക്കൂലി. പന്ത്രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ അതില്‍ അധികം ജോലി.
ഒരു സ്ഥലത്തെ ജോലി കഴിഞ്ഞാല്‍ അടുത്ത സൈറ്റിലേക്കു കോണ്‍ട്രാക്ടര്‍ തന്നെ കൊണ്ട് പോകും. റോഡരികിലെ കുഞ്ഞു ടെന്റില്‍ ആണ് കുട്ടികളെയും കൂട്ടി ജീവിക്കുന്നത്. പൊരിവെയിലിലും, മഞ്ഞിലും, മഴയിലും, ആ കുഞ്ഞുങ്ങള്‍ നിരത്തു വക്കില്‍ വളരുന്നു. തിളയ്ക്കുന്ന ടാര്‍ വീപ്പയ്ക്ക് അരികില്‍ തന്നെ കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഒരു First Aid box
പോലും സൈറ്റില്‍ ഇല്ല. ലേബര്‍ ഇന്‍സ്‌പെക്ടര്‍ തിരിഞ്ഞു നോക്കാറില്ല. കൊടും വെയിലില്‍ എല്ലാ സൈറ്റ് വിസിറ്റും പ്രായോഗികമല്ലെന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അയാള്‍ പറഞ്ഞു. മാത്രമല്ല, വകുപ്പില്‍ ധാരാളം ഒഴിവുകളും ഉള്ളതുകൊണ്ട് ജോലിഭാരം കൂടുതല്‍ ആണ്. ടെണ്ടര്‍ കിട്ടിയ മുഖ്യകോണ്‍ട്രാക്ടര്‍ക്കും, തൊഴിലാളികള്‍ക്കും ഇടയില്‍ മിനിമം മൂന്നു തട്ടുകളില്‍ ഇടത്തരക്കാര്‍ / ലേബര്‍ സപ്ലൈ കോണ്‍ട്രാക്ടര്‍ ഉണ്ട്. അതുകൊണ്ട്, സൈറ്റിലെ കാര്യങ്ങളില്‍ തനിക്കു യാതൊരു നിയന്ത്രണവും ഇല്ലെന്ന് തൊഴിലുടമ. സീസണല്‍ തൊഴിലാളികള്‍ ആയതു കൊണ്ട് തന്നെ മുഖ്യധാര ട്രേഡ് യുണിയനുകള്‍ ഒന്നും ഈ മേഖലയില്‍ സജീവമല്ല. രാഷ്ട്രീയ പിന്തുണയില്ലാത്ത ചെറിയ യുണിയനുകള്‍ക്ക് ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാനും സാധിച്ചിട്ടില്ല.
ഇത് ഗുജറാത്തിലെ മാത്രമല്ല, മിക്കവാറും, സംസ്ഥാനങ്ങളിലെ സാധാരണ കാഴ്ചയാണ്. അഡ്വാന്‍സ് വാങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഈ കെണിയില്‍ നിന്നും രക്ഷപ്പെടുക സാധ്യമല്ല. ലക്ഷണമൊത്ത അടിമകള്‍. ലോബിയിംഗ് നടത്താനോ, സമരങ്ങള്‍ നടത്തി മാധ്യമ ശ്രദ്ധ നേടാനോ കഴിവും അറിവും ഇല്ലാത്തവര്‍. ഇത് ഇവരുടെ മാത്രം കാര്യമല്ല. പലതരത്തിലുള്ള കൊടും ചൂഷണത്തിന് വിധേയരായാണ് അസംഘടിതമേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും ജീവിക്കുന്നത്.
ജാര്‍ഖണ്ടിലെയും, ഛത്തീസ്ഗഡിലെയും സ്വകാര്യ മേഖലയിലെ ഖനി തൊഴിലാളികള്‍, താപനിലയ കേന്ദ്രങ്ങളിലെ കരാര്‍ തൊഴിലാളികള്‍, ബീഹാറില്‍ നിന്നും, ബംഗാളില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് തൊഴില്‍ അന്വേഷിച്ചു പോകുന്നവര്‍. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, നമ്മെപ്പോലെ ജീവിക്കാന്‍ കൊതിയുള്ള, സാധാരണ മനുഷ്യരാണ് ഇന്നും അടിമകളെ പോലെ ഇന്ത്യയില്‍ ജീവിക്കുന്നത്.
യാതൊരു തൊഴില്‍ സുരക്ഷയോ ESI/PF ആനുകൂല്യങ്ങളോ, അടിസ്ഥാന ആരോഗ്യ- സുരക്ഷിത സൗകര്യങ്ങളോ ഇല്ലാത്തവര്‍. സ്വകാര്യ ഖനി മേഖലയില്‍ യുണിയന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആദിവാസികളായ കരാര്‍ തൊഴിലാളികളെ കള്ളക്കേസില്‍ പെടുത്തി ജയിലില്‍ ഇടുന്നത് കൊണ്ട് ആരും തന്നെ യുണിയന്‍ പ്രവർത്തനത്തിന് തയ്യാറാകുന്നില്ല. ഖനിയിലിറങ്ങുന്ന തൊഴിലാളികള്‍ ഓവര്‍ ടൈംജോലി ചെയ്യാന്‍ വേണ്ടി നാടന്‍ വാറ്റുചാരായം കൊടുത്ത് അവരെ പ്രലോഭിപ്പിക്കുന്നത്, ഈ രംഗത്ത് സാധാരണമാണ്. ജീവിക്കാന്‍ മറ്റു മാർഗങ്ങള്‍ ഇല്ലാത്തത് കൊണ്ട് തന്നെ തുച്ഛമായ വേതനത്തില്‍, അടിമകളെപോലെ അവര്‍ ജോലി ചെയുന്നു. ഒടുവില്‍ ആരോഗ്യം നശിച്ച് അകാലമരണം.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 23 അടിമവേല നിരോധിച്ചിട്ടുണ്ട് എന്നുകൂടി നമ്മള്‍ ഓര്‍ക്കണം. അടിമവേലയും നിര്‍ബന്ധിത തൊഴിലും മൗലികാവകാശങ്ങളുടെ ലംഘനമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മഹത്തരമായ പൈതൃകമുള്ളതായി അവകാശപ്പെടുന്ന ജനാധിപത്യരാജ്യം എന്താണ് ഈ മഹാഭൂരിപക്ഷത്തോട് ചെയ്തത്? താമസമോ ഭക്ഷണമോ കൂലിയോ നല്‍കാതെ അനന്തമായ അനിശ്ചിതത്വത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിട്ടുകൊണ്ട് അവരെ തിരികെ ഗ്രാമത്തിലേക്ക് നടക്കാന്‍ നിർബന്ധിതരാക്കുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനുഷ്യവിരുദ്ധവും, സാമാന്യനീതിയുടെ കൊടിയലംഘനവും ആണ്. ശ്രീലങ്കയും ബംഗ്ലാദേശും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് അന്തര്‍സംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായി വീട്ടില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷമാണ് എന്നോര്‍ക്കണം.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 23 അടിമവേല നിരോധിച്ചിട്ടുണ്ട് എന്നുകൂടി നമ്മള്‍ ഓര്‍ക്കണം. അടിമവേലയും നിര്‍ബന്ധിത തൊഴിലും മൗലികാവകാശങ്ങളുടെ ലംഘനമാണ്.
മറുവശത്ത് അവരുടെ സ്വന്തം സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികള്‍ തിരികെവരേണ്ടതില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. മാര്‍ച്ച്21-ന്, അതായത് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ ഇതരസംസ്ഥാന ബസ്സുകള്‍ നിര്‍ത്തിവെച്ചുകൊണ്ട് ബംഗാള്‍ ആണ് ഇതിനു തുടക്കമിട്ടത്.അതോടൊപ്പം ട്രെയിന്‍സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആദ്യമായി ആവശ്യപെട്ടതും മമതാ ബാനര്‍ജി ആയിരുന്നു. ബിഹാറും ഇതേനയം പിന്തുടര്‍ന്നു.
മോദിയും നിര്‍മലാസീതാരാമനും പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ഒന്നുംതന്നെ ഈ തൊഴിലാളികളുടെ കാര്യം പറഞ്ഞിരുന്നില്ല. സ്വദേശത്തും, ജോലിചെയ്യുന്ന നഗരത്തിലും ഒരുതരത്തിലുള്ള ആനുകൂല്യങ്ങളും അവര്‍ക്കു കിട്ടിയില്ല. മിക്കവാറും തൊഴിലാളികള്‍ കോണ്‍ട്രാക്ടര്‍മാരില്‍നിന്നും പല ആവശ്യങ്ങള്‍ക്കായി മുന്‍കൂര്‍പണം കൈപറ്റിയതുകൊണ്ട്, ലോക്ക്ഡൗണ്‍
കാലത്ത് ഒരുസഹായവും കൊടുക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. മൂന്നുംനാലും തട്ടുകളിലുള്ള ലേബര്‍ കോണ്‍ട്രാക്ടര്‍മാരാണ് തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഇടയില്‍ ഉള്ളത്. അതുകൊണ്ടുതന്നെ തൊഴിലാളികളുമായി നേരിട്ട് ബന്ധമില്ലാത്ത തൊഴില്‍ ഉടമകള്‍ കൂലിയോ അടിയന്തിര സഹായമോ നല്‍കാതെ അവരെ കൈയൊഴിഞ്ഞു.

ചുരുക്കത്തില്‍, എല്ലാ തൊഴില്‍ നിയമങ്ങളുടെയും, ഭരണഘടന ഉറപ്പു നല്‍കുന്ന പരിരക്ഷയുടെയും നഗ്‌നമായ ലംഘനമാണ് ഈ രംഗത്ത് നടന്നത്. ദാരിദ്ര്യം എല്ലാ സീമകളെയും ലംഘിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ സ്വന്തം ദേശവും, കുടുംബവും ഉപേക്ഷിച്ചു വിദൂരമായ ദേശങ്ങളിലേക്ക് ചേക്കേറുന്നത് എന്നോര്‍ക്കണം.
നിഷേധിക്കപ്പെട്ടത് ദയയല്ല നീതിയാണ്
കുടിയേറ്റ തൊഴിലാളികള്‍ വാസ്തവത്തില്‍ പൊതു സമൂഹത്തിന്റെ ഉദാരതക്കുവേണ്ടി കൈനീട്ടി നില്‍ക്കെണ്ടവരല്ല. അവര്‍ ഭിക്ഷക്കാരുമല്ല. ആത്മാഭിമാനമുള്ള, അധ്വാനിച്ചു ജീവിക്കുന്ന, ഇന്നാട്ടിലെ സാധാരണ പൗരന്‍ മാത്രമാണ്. അവരോടു ഇന്ത്യന്‍ സ്റ്റേറ്റ് കാണിച്ചത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയും മനുഷ്യാവകാശലംഘനവും ആണ്. അവര്‍ക്ക് നിഷേധിക്കപ്പെട്ടത് ദയ അല്ല, നേരെമറിച്ച്, നീതിയാണ്. ഭരണഘടന നല്‍കുന്ന അന്തസ്സും, നീതിയും, മനുഷ്യാവകാശവും ആണ്. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങളിലും പൊതുസമൂഹത്തിലും നടക്കുന്ന ചര്‍ച്ചകള്‍ എല്ലാം സഹതാപത്തിന്റെയും, ദയയുടെയും, കാരുണ്യത്തിന്റെയും കഥകള്‍ ആഘോഷിക്കുന്നതായാണ് കണ്ടുവരുന്നത്. ഈ കള്ളികളില്‍ നിന്നും മാറ്റി, നീതിയുടെയും, നിയമനിര്‍വഹണത്തിന്റെയും, ഭരണകൂടസ്ഥാപനങ്ങളുടെ നൈതികമായ ഉത്തരവാദിത്വത്തിന്റെയും തലത്തില്‍ നിന്നുകൊണ്ട് വീക്ഷിക്കാന്‍ നമ്മള്‍ വൈകുന്തോറും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം അതുപോലെ തുടരും.
നീതിയുടെയും, നിയമനിര്‍വഹണത്തിന്റെയും, ഭരണകൂടസ്ഥാപനങ്ങളുടെ നൈതികമായ ഉത്തരവാദിത്വത്തിന്റെയും തലത്തില്‍ നിന്നുകൊണ്ട് വീക്ഷിക്കാന്‍ നമ്മള്‍ വൈകുന്തോറും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നം അതുപോലെ തുടരും.
മെയ് മാസം നടത്തിയ ഒരു സര്‍വേയില്‍ പറയുന്നത് അന്തര്‍ സംസ്ഥാന തൊഴിലാളികളില്‍ പത്തില്‍ എട്ടുപേര്‍ക്കും ലോക്ക്ഡൗണ്‍ കാലത്തു കൂലികിട്ടിയിട്ടില്ല എന്നാണ്.എന്തിനേറെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 500രൂപ പോലും ഇന്ത്യയിലെ 30%ആളുകളില്‍ എത്തിയിട്ടില്ലെന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. എത്രമാത്രം അന്യവല്‍ക്കരിക്കപ്പെട്ട
ജനാധിപത്യത്തെ കുറിച്ചാണ് നമ്മള്‍ ഊറ്റംകൊള്ളുന്നത് എന്നോര്‍ക്കണം. Stranded Workers Action Network (SWAN) എന്ന NGOയുടെ കണക്കുകള്‍ അനുസരിച്ച് ഈതൊഴിലാളികളില്‍ 78%പേര്‍ക്ക് മാര്‍ച്ച് മാസത്തിലെ കൂലികിട്ടിയിട്ടില്ല. 82%പേര്‍ക്കും സര്‍ക്കാരില്‍നിന്നും റേഷനും കിട്ടിയില്ല. മാത്രമല്ല 64% തൊഴിലാളികളുടെ കൈയിലും നൂറുരൂപയില്‍ താഴെ മാത്രമേ ഉള്ളൂ. ജോലിയില്ലാത്ത, കൂലിയില്ലാത്ത ഭക്ഷണമോ പണമോ കൈയ്യില്‍ ഇല്ലാത്ത മനുഷ്യര്‍ മിനിമം ആഗ്രഹിക്കുന്ന തന്റേതല്ലാത്ത ഒരുദേശത്തുനിന്നും എത്രയും പെട്ടെന്ന് സ്വന്തം നാട്ടില്‍ എത്താനായിരിക്കും. ആ സാധുമനുഷ്യരെ നമ്മള്‍ എറിഞ്ഞുകൊടുത്തത് രോഗത്തിന്റെയും പട്ടിണിയുടെയും, യാത്രയുടെയും, നിത്യദുരിതത്തിന്റെയും അനിശ്ചിതത്വത്തിലേക്കാണ്.
ഈ സാഹചര്യത്തിലാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്താന്‍ നോക്കുന്നത്. ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഗുജറാത്തും ഒക്കെ കോവിഡിന്റെ പേരില്‍ നഗ്നമായ തൊഴിലാളി ചൂഷണം നടത്താനുള്ള പുറപ്പാടിലാണ്. മൂന്ന് കൊല്ലത്തേക്ക് എല്ലാ തൊഴില്‍ നിയമങ്ങളും അപ്രസക്തമാകും. ജോലിസമയം എട്ടു മണിക്കൂറില്‍ നിന്നും പന്ത്രണ്ടു മണിക്കൂര്‍ ആകും. ഒപ്പം, തൊഴിലാളികള്‍ക്ക് സംഘടന ഉണ്ടാക്കാനും, തങ്ങളുടെ ആവശ്യങ്ങള്‍ "കളക്ടീവ് ബാര്‍ഗൈനിംഗ്' വഴി നേടിയെടുക്കുവാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതാകും.
തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് തന്നെ, "നിര്‍ബന്ധിത/ അടിമ' ജോലിയുടെ നിര്‍വചനത്തില്‍ വരുന്നത് കൊണ്ട് ഇത് തികച്ചും ആര്‍ട്ടിക്കിള്‍ ഇരുപത്തിമൂന്നിന്റെ ലംഘനമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മൗലികാവകാശ ലംഘനം. അന്താരാഷ്ട്രതൊഴില്‍ സംഘടനയുടെ ഏറ്റവും പഴക്കം ചെന്ന കണ്‍വെന്‍ഷനുകളില്‍ ഒന്നായ 1930 ലെ "നിര്‍ബന്ധിത തൊഴില്‍ കണ്‍വെന്‍ഷന്‍' കൂടിയാണ് ഇത് വഴി ലംഘിക്കപ്പെടുന്നത്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും മൗലികാവകാശലംഘനമാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 1926 ലെ ട്രേഡ് യൂണിയന്‍ ആക്റ്റ് എന്നിവ സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ അന്തര്‍ സംസ്ഥാന തൊഴിലാളി നിയമത്തിലെ വ്യവസ്ഥകളും പാടെ തള്ളിക്കളയാനുള്ള ശ്രമത്തിലാണ് പല സംസ്ഥാന സര്‍ക്കാരുകളും.
ലേബര്‍ നിയമങ്ങളുടെ പൊളിച്ചെഴുത്ത് കഴിഞ്ഞ വർഷം തന്നെ സര്‍ക്കാര്‍ തുടങ്ങിവച്ചിരുന്നു. കോറോണാ പ്രതിസന്ധി അതിനു ആക്കം കൂട്ടിയെന്നു മാത്രം. 178 രൂപയാണ് പുതിയ മിനിമം കൂലിയായി നിജപ്പെടുത്താന്‍ പോകുന്നത് എന്ന് കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ കാബിനറ്റ് തീരുമാനം എടുത്തിരുന്നു. ആരുടെ താല്പര്യങ്ങള്‍ ആണ് സംരക്ഷിക്കപ്പെട്ടത് എന്നും, തൊഴിലാളിയുടെ ജീവിതവും അധ്വാനവും, തൊഴില്‍ സാഹചര്യവും എത്ര ലാഘവത്തോടെയാണ് ഭരണാധികാരികള്‍ കാണുന്നതെന്നും മനസ്സിലാക്കാന്‍ ഈ ഒരൊറ്റ കാര്യം മതി. ഇന്ന് മിക്കവാറും എല്ലായിടത്തും മിനിമം കൂലി ഇതിലും എത്രയോ ഉയർന്നതാണ്. ഇനി പല സംസ്ഥാനങ്ങളിലും ഈ പ്രൊവിഷന്‍ ഉപയോഗിച്ചുകൊണ്ട് കൂലി ഇരുനൂറു രൂപയില്‍ കുറയ്ക്കാനാണ് സാധ്യത. തൊഴില്‍ മന്ത്രാലയം തന്നെ നിയോഗിച്ച വിദഗ്ധ സമിതി 375/ മുതല്‍ 447 രൂപ വരെയാണ് മിനിമം കൂലിയായി പരിഗണിച്ചിരുന്നത്. മാത്രമല്ല, ദീർഘകാലമായി തൊഴിലാളി സംഘടനകള്‍ ആവശ്യപെട്ടിരുന്നത് മിനിമം കൂലി 692 രൂപയെങ്കിലും ആയി ഉയർത്തണമെന്നായിരുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ മിനിമം കൂലി 178 രൂപയാക്കിയത് തികച്ചും ദുരൂഹമാണ്. കോർപ്പറേറ്റ്- ദല്ലാള്‍- കോണ്ട്രാക്ടര്‍ ലോബികളെ തൃപ്തിപ്പെടുത്താന്‍ മാത്രമാണ് ഈ നിയമം എന്നത് സുവ്യക്തമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ മിനിമം കൂലി 474 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു. ജയിച്ചു മാസങ്ങള്‍ക്കുള്ളില്‍ വാഗ്ദാനങ്ങള്‍ നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് അവര്‍ തുടക്കമിട്ടത്.
മാത്രമല്ല, ഇന്ന് നിലവിലുള്ള നാല്പത്തിനാല് തൊഴില്‍ നിയമങ്ങളെ കേവലം നാല് കോഡുകളിലേക്ക് ഒതുക്കുകയാണ് പുതിയ നിയമം. സൂക്ഷ്മമായി പരിശോധിച്ചാല്‍ പരസ്പര വിരുദ്ധമായ, നടപ്പിലാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള, റെട്ടറിക്‌സ് മാത്രമാണ് പലതും. ഉദാഹരണത്തിന് അസംഘടിത മേഖലയെ പലയിടത്തും പലതരത്തില്‍ ആണ് നിർവചിച്ചിരിക്കുന്നത്. അതുപോലെ, ആരോഗ്യ- സുരക്ഷാ കോഡില്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തുന്നതില്‍ തൊഴിലുടമ ഉപേക്ഷ കാണിച്ചാല്‍ അതില്‍ ഇടപെടാനോ, ചോദ്യം ചെയ്യാനോ തൊഴിലാളിക്കും, യൂണിയനും അവകാശമില്ലെന്നും വ്യക്തമായി പറയുന്നു. ഇതും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണ്. മാത്രമല്ല, മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി inspector മാരെ മാറ്റി "facilitator' ആയിരിക്കും ഇനി മുതല്‍ പരിശോധന നടത്തുന്നത്. ഇപ്പോള്‍ തന്നെ ഭൂരിപക്ഷം തൊഴിലിടങ്ങളിലും ഈ പരിശോധന നടക്കുന്നില്ല. ഇനി സൗഹാർദപരമായ facilitation എന്നതു ചുരുക്കത്തില്‍ തൊഴിലുടമയുടെ പരിപൂർണ്ണ താല്പര്യം നടത്തിക്കൊടുക്കാനാണ് സാധ്യത.
ചുരുക്കത്തില്‍, അതീവഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ്, പുതിയ തൊഴില്‍ നിയമങ്ങള്‍ നമ്മെ കൊണ്ട് പോകുന്നത്. സമരങ്ങളിലൂടെയും, സമവായ ചർച്ചകളിലൂടെയും തൊഴിലാളികള്‍ നേടിയെടുത്ത പല അവകാശങ്ങളും ഒന്നൊന്നായി ഇനി കവർന്നെടുക്കപ്പെടും. എല്ലാ തൊഴിലാളി സംഘടനകളും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് എന്ത് വിലകൊടുത്തും ഇത് എതിർക്കേണ്ടതാണ്.
മനുഷ്യ വിരുദ്ധമായ പുതിയ ലേബര്‍ നിയമങ്ങള്‍
ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളും, തൊഴിലാളികളുടെ അവകാശവും ആണ് സംരംഭകരെയും പുതിയ നിക്ഷേപകരെയും അകറ്റുന്നത് എന്നവാദം വളരെ ശക്തമാണ്. അതേസമയം, ഈ വാദം തികച്ചും തെറ്റാണ് എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്.
ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ തൊഴില്‍ നിയമങ്ങളും അതിന്റെ ഉപഘടകങ്ങള്‍ ആയ അഴിമതിയും, ബ്യൂറോക്രസിയും, ട്രേഡ് യുണിയനുകളും ഒക്കെകൂടിയാണ് ഇന്ത്യന്‍ വ്യവസായ പുരോഗതിയെ പിന്നോട്ട് അടിച്ചതെന്നും, അതുകൊണ്ട് കാലോചിതവും, വിപണി സൗഹൃദപരവും സര്‍വോപരി മൂലധനത്തിന്റെ അതിരുകളില്ലാത്ത സഞ്ചാരവേഗതയെ ത്വരിതപ്പെടുത്തുന്നതുമായ ഒരുനിയോലിബറല്‍ തൊഴില്‍നയം ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും ഉള്ളവാദം കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ അധികമായി ഇന്ത്യയിലെ സ്വകാര്യ മുതലാളിത്തലോബി ആവശ്യപെടുന്നുണ്ട്. ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളും, തൊഴിലാളികളുടെ അവകാശവും ആണ് സംരംഭകരെയും പുതിയ നിക്ഷേപകരെയും അകറ്റുന്നത് എന്നവാദം വളരെ ശക്തമാണ്. അതേസമയം, ഈ വാദം തികച്ചും തെറ്റാണ് എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. വി.വി ഗിരി ലേബര്‍ ഇന്‍സ്റ്റിട്ട്യുട്ട് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം തെളിയിക്കുന്നത് നിലനില്‍ക്കുന്ന ലേബര്‍ നിയമങ്ങള്‍ അല്ല, സ്വകാര്യനിക്ഷേപങ്ങളെ പിന്നോട്ട് നയിക്കുന്നത് എന്നാണ്. നേരെമറിച്ച്, തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍വചിക്കുകയും, സേവന വേതന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയും അതുവഴി ലാഭം സ്വാഭാവികമായി കൂടുകയും ചെയ്യുമെന്നതാണ് വാസ്തവം. തൊഴില്‍ വിപണിയിലെ ഉദാരവല്‍ക്കരണവും, തൊഴില്‍ അവസരങ്ങളുടെയും, നിക്ഷേപങ്ങളുടെയും വർധനവുമായി ഒരു ബന്ധവും ഇല്ലെന്നു തന്നെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടത്തിയ നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം, 1988-2008 കാലയളവിലെ കണക്കുകള്‍ കാണിക്കുന്നത് തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടായി എന്നാണ്. അതുകൊണ്ട് തൊഴില്‍ നിയമങ്ങളെ ദുര്‍ബലമാക്കുന്നത് ഒരു തരത്തിലും വ്യാവസായിക വളര്‍ച്ചയെ സഹായിക്കില്ല എന്ന് മാത്രമല്ല അത് തൊഴിലാളികളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും, പട്ടിണിയിലെക്കും തള്ളിവിടും.
തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ ശൂന്യതയില്‍ നിന്നും ഉണ്ടായതല്ല. തൊഴില്‍ നിയമങ്ങള്‍ ആരുടേയും ഔദാര്യവും അല്ല. അതില്‍ നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രവും, ചോരയും ഉണ്ട്. ഒരു മഹാമാരിയില്‍ മനുഷ്യരാശി വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദുരന്തമുതലാളിത്തത്തിന് (distress capitalism) വേഗം വര്‍ധിപ്പിക്കാന്‍ വേണ്ടി നിര്‍ദാക്ഷിണ്യം എടുത്തുകളയേണ്ട ഒന്നല്ല അത്. ഒരു വശത്ത് തൊഴിലാളികള്‍ അനിതര സാധാരണമായ ദുരിതവും, പട്ടിണിയും, പലായനത്തിന്റെ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുമ്പോള്‍ മറുവശത്ത് കൂടി അവരുടെ അവശേഷിക്കുന്ന മൗലികാവകാശങ്ങള്‍ കൂടി അവരില്‍ നിന്നും അപഹരിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ കുറ്റകൃത്യമാണ്-ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്രൈം. ജനാധിപത്യം, നൈതികമായ ചുമതലകളില്‍ നിന്നും ഒളിച്ചോടുകയും, സാധാരണ മനുഷ്യരെ വെറും ഇരകള്‍ ആക്കി മാറ്റുകയും ചെയുന്ന നേര്‍കാഴ്ചയാണ് നമ്മള്‍ ഇന്ന് കാണുന്നത്. നിരത്തില്‍ പിടഞ്ഞു വീണു മരിച്ച മനുഷ്യരും, തീവണ്ടിക്കടിയില്‍ അരഞ്ഞു തീർന്നവരും ഒക്കെ പേരില്ലാത്ത, മുഖമില്ലാത്ത, ബുദ്ധിയില്ലാത്ത പുറമ്പോക്ക് മനുഷ്യര്‍ മാത്രം ആകുന്നു. നീതി തേടുന്നവനെ പീഡിപ്പിക്കുന്ന ഹിംസാത്മകമായ അധികാരവ്യവസ്ഥയാണ് ജനാധിപത്യത്തിന്റെ പ്രച്ഛന്നമായ മൂടുപടത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. വരേണ്യവര്‍ഗ്ഗം സംഘര്‍ഷത്തില്‍ ആകുമ്പോള്‍ മാത്രം ഉണരുന്ന പ്രഖ്യാപനങ്ങളും നിയമവ്യവസ്ഥയും! അതുകൊണ്ടാണ്, ഈ പ്രതിസന്ധിഘട്ടത്തിലും, ക്ഷേമരാഷ്ട്രത്തിന്റെ നീതിബോധത്തിനു പകരം വര്‍ത്തക സംസ്‌കാരത്തിന്റെ താല്പര്യങ്ങളും, ലോകബോധവും നമ്മുടെ ജനാധിപത്യ ഭരണകൂടത്തെ നയിക്കുന്നത്. ഈ ദുരിതകാലത്തു ഏറെ വേദനിപ്പിക്കുന്ന മഹാസത്യം.
Ajithan K R
18 May 2020, 06:15 PM
ട്രേഡ് യൂണിയന്കൾ ഒക്കെ എന്ത് ചെയ്യുന്നു?
PJJ Antony
16 May 2020, 11:18 AM
Respect your concern and understanding. Salutations
hassan ap
15 May 2020, 04:48 AM
തൊഴിലാളികളെ മനസ്സിലാക്കാൻ കഴിയുന്ന ഒരു ഗവൺമെന്റ് എന്ന് പിറവിയെടുക്കും.. ♥️
G.Somarajan Pillai
14 May 2020, 10:30 PM
Sudha Menon, can you provide me the English version of this valued article. This is very useful to me as I am a trade unionist in Gujarat.
സുധ മേനോൻ
Nov 27, 2020
12 Minutes Read
പ്രൊഫസര്‍ എം.എ ഖാദര്‍, രമേഷ്. കെ
Oct 10, 2020
9 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Aug 27, 2020
6 Minutes Read
പി. ജെ. ജെ. ആന്റണി
Jun 13, 2020
12 minute read
ടി.പി.കുഞ്ഞിക്കണ്ണന്‍
Jun 01, 2020
25 minute read
സി.എസ്. വെങ്കിടേശ്വരന്‍
May 20, 2020
18 Minutes Read
N.K.Raveendran
18 May 2020, 06:51 PM
"ആർഷ ഭാരത "ത്തിെലെ പട്ടിണിയുടെയും അരക്ഷിതാവസ്ഥയുടെയും ഇരുണ്ട യാഥാത്ഥ്യം മറനീക്കി ദൃശ്യമായി (visible) രിക്കുന്നു. അദ്ധ്വാനം മാത്രം മൂലധനമായിരിക്കുന്ന ഈ ജനതയ്ക്കൊപ്പം രാഷ്ട്രീയപ്പാർട്ടികൾ ഒത്തു േരണം.