വിവേകിയുടെ ഹാസ്യം വിവേകമില്ലാത്ത മരണം

ഹാസ്യ നടനെന്ന നിലയിൽ വിവേകിന്റെ വിപണിമൂല്യം തിരിച്ചറിഞ്ഞ തമിഴ് സിനിമ പിന്നീട് അദ്ദേഹത്തിന്റെ പിറകെ കൂടി. റോക്കറ്റ് വേഗതയിലായിരുന്നു വിവേകിന്റെ ഉയർച്ച. 2000-2001 കാലഘട്ടത്തിൽ വിവേക് അമ്പത് സിനിമകളിൽ അഭിനയിച്ചു എന്നുപറഞ്ഞാൽ ആ വേഗത മനസ്സിലാകും.

<ഇന്ത്യൻ സിനിമയിലെത്തന്നെ ഏറ്റവും പ്രതിഭാശാലികളായ ഹാസ്യതാരങ്ങളെ സംഭാവന ചെയ്തത് തമിഴ് സിനിമയാണെന്നതിൽ തർക്കമില്ല. തമിഴ് ഹാസ്യത്തിന് വലിയ ചരിത്രവും അവകാശപ്പെടാനുണ്ട്. എൻ.എസ്. കൃഷ്ണൻ, ചന്ദ്രബാബു, നാഗേഷ് തുടങ്ങിയവർ ഹാസ്യാഭിനയ മികവുകൊണ്ട് പലപ്പോഴും അവരുടെ സിനിമകളിൽ നായകന്മാരെ അപ്രസക്തരാക്കി വിലസി. എൻ.എസ്. കൃഷ്ണൻ സാമൂഹ്യവിമർശനം കൊണ്ട് തന്റെ ഹാസ്യത്തിന് മുനയും മൂർച്ചയും നൽകിയപ്പോൾ ചന്ദ്രബാബു സാധാരണ മനുഷ്യരുടെ നിസ്സഹായമായ ജീവിതാവസ്ഥകളെ ഹാസ്യാത്മകമായി അവതരിപ്പിച്ചു.

നാഗേഷാകട്ടെ ചിരിയിലേക്കും കരച്ചിലിലേക്കും തെന്നിമാറിക്കൊണ്ടിരിക്കുന്ന ഭാവാഭിനയപാടവം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഇവർക്കിടയിൽ തങ്കവേലുവും ഇവർക്കുശേഷം സെന്തിൽ-കൗണ്ടമണി കൂട്ടുകെട്ടും വടിവേലുവും അടക്കം ഒട്ടേറെ ഹാസ്യനടന്മാർ. ഇവരെ പിന്തുടർന്നാണ് വിവേകിന്റെ സിനിമാപ്രവേശം.

ചെന്നൈയിലെ ഹ്യൂമർ ക്ലബിൽ സ്റ്റാന്റ് അപ് കൊമേഡിയൻ എന്ന നിലയിലും പിന്നീട് ടെലിവിഷൻ അവതാരകൻ എന്ന നിലയിലും തിരക്കഥാരചനയിൽ കെ. ബാലചന്ദറിന്റെ സഹായി എന്ന നിലയിലും പ്രവർത്തിച്ചശേഷമാണ് കോവിൽപട്ടി സ്വദേശി വിവേകാനന്ദൻ എന്ന വിവേക് സിനിമാനടനാകുന്നത്.

1990-കളിൽ വിവേക് തമിഴ് സിനിമയിൽ ചുവടുറപ്പിക്കാൻ തുടങ്ങുന്ന സമയത്ത് സെന്തിൽ- കൗണ്ടമണിമാരുടെ പ്രതാപകാലം കഴിയുകയും വടിവേലു ഹാസ്യരംഗം അടക്കി വാഴുകയുമായിരുന്നു. 1987-ൽ കെ. ബാലചന്ദറിന്റെ മനതിൽ ഉരുതിവേണ്ടും എന്ന ചിത്രമായിരുന്നു വിവേകിന്റെ ആദ്യ സിനിമ എങ്കിലും ഒരു ഹാസ്യ നടൻ എന്ന നിലയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് കാതൽ മന്നൻ(1998) ആയിരുന്നു. അജിത് നായകനായ ആ ചിത്രത്തിൽ നായകന്റെ സന്തത സഹചാരിയായ കഥാപാത്രമായിരുന്നു വിവേകിന്റേത്.

ഹാസ്യ നടനെന്ന നിലയിൽ വിവേകിന്റെ വിപണിമൂല്യം തിരിച്ചറിഞ്ഞ തമിഴ് സിനിമ പിന്നീട് അദ്ദേഹത്തിന്റെ പിറകെ കൂടി. റോക്കറ്റ് വേഗതയിലായിരുന്നു വിവേകിന്റെ ഉയർച്ച. 2000-2001 കാലഘട്ടത്തിൽ വിവേക് അമ്പത് സിനിമകളിൽ അഭിനയിച്ചു എന്നുപറഞ്ഞാൽ ആ വേഗത മനസ്സിലാകും. റൺ, ധൂൾ, ശിവജി , അന്യൻ, പാർത്ഥിപൻ കനവ് തുടങ്ങി എത്രയോ ചിത്രങ്ങളിൽ വിവേക് ഹാസ്യാഭിനയമികവ് തെളിയിച്ചു.

എന്തായിരുന്നു ആ ഹാസ്യാഭിനയമികവ്? ശുദ്ധഹാസ്യവും ആക്ഷേപഹാസ്യവും ഹാസ്യാനുകരണവും എല്ലാം സന്ദർഭാനുസരണം അദ്ദേഹം പ്രയോഗിച്ചു. സാമൂഹ്യവിമർശനത്തിലൂടെ അദ്ദേഹം എൻ.എസ്. കൃഷ്ണനെ ഓർമപ്പെടുത്തി. അതുപോലെതന്നെ ചന്ദ്രബാബുവിന്റെയും നാഗേഷിന്റെയും ശൈലികളെയും അദ്ദേഹം സ്വന്തമായ രീതിയിൽ പ്രയോജനപ്പെടുത്തി. സമൂഹത്തിലെ അനീതികളെയും അഴിമതികളെയും തുറന്നുകാണിക്കുന്ന കമന്റുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഹാസ്യരംഗങ്ങളിലെ അദ്ദേഹത്തിന്റെ സംഭാഷണങ്ങളിൽ അധികവും സ്വന്തമായുള്ളതായിരുന്നു.

അവയിൽ പലതും പ്രേക്ഷകർ തിയേറ്ററുകൾക്ക് പുറത്തേക്ക് കൊണ്ടുപോയി ഉചിത സന്ദർഭങ്ങളിൽ പ്രയോഗിച്ചു. എൻ.എസ്.‌ കൃഷ്ണൻ എന്ന ഹാസ്യ നടനെ കലൈവാണർ എന്നാണ് തമിഴ് ജനത വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് സമാനമായ രീതിയിൽ ഹാസ്യത്തിലൂടെ സാമൂഹ്യവിമർശനം നിർവഹിച്ച വിവേകിനെ ജനം ജൂനിയർ കലൈവാണർ എന്നും പ്രകീർത്തിച്ചു.

വിവേകിന്റെ ഹാസ്യാഭിനയവും മനോധർമവും വെന്നിക്കൊടി പാറിച്ച ഒരു സിനിമയാണ് റൺ. സിനിമയിൽ ഉടനീളം വിവേകിന്റെ കോമഡി ട്രാക്ക് നീണ്ടുകിടക്കുന്നു. ചെന്നൈ മഹാനഗരത്തിൽ തന്റെ സുഹൃത്തിനെ അന്വേഷിച്ചെത്തി അലഞ്ഞുതിരിയേണ്ടിവന്ന ഒരു ചെറുപ്പക്കാരൻ. പാതയോരത്തെ ഒരു കടയിൽനിന്നും മൂന്ന് രൂപ ബിരിയാണി വാങ്ങിത്തിന്ന് ശബ്ദം കാക്കക്കരച്ചിൽ പോലെ ആയിപ്പോയതിൽ പരിതപിക്കുന്ന ഒരാളെ അയാൾ കണ്ടുമുട്ടുന്നു. അയാളോട് വിവേകിന്റെ ചോദ്യം ഇതാണ്: ""കാക്ക ബിരിയാണി കഴിച്ചാൽ ശബ്ദം കാക്കയുടേതുപോലല്ലാതെ ഉണ്ണികൃഷ്ണന്റേതുപോലെ ആകുമോ?'' ഈ ചോദ്യം ചിരിയുണർത്തുന്നതിനുപുറമെ നഗരജീവിതത്തിലെ കാപട്യങ്ങൾ മറനീക്കി കാട്ടുന്നുമുണ്ട്.

ഹാസ്യാനുകരണത്തിന്റെ ഒരു മികച്ച ഉദാഹരണം ഈ ചിത്രത്തിലുണ്ട്. തന്റെ മുന്നിലൂടെ ബസിൽ കടന്നുപോകുന്ന സുഹൃത്ത് തന്നെ തിരിച്ചറിയാനായി കൂവം നദിയുടെ കരയിൽനിന്ന് വിവേക് കാട്ടിക്കൂട്ടുന്ന വിക്രിയകൾ മൂന്നാം പിറയിൽ ഓർമ്മ നഷ്ടപ്പെട്ട ശ്രീദേവിക്കുമുന്നിൽ കമലഹാസൻ നടത്തുന്ന കരളലിയിക്കുന്ന പ്രകടനത്തിന്റെ ഹാസ്യാനുകരണമാണ്. ഇത്തരം ഹാസ്യാനുകരണങ്ങളിൽ കൃതഹസ്തനാണ് വിവേക്. പാർത്ഥിപൻ കനവ് എന്ന ചിത്രത്തിൽ, ശിവാജി ഗണേശനും രാധയും തമ്മിൽ മുതൽമര്യാദൈ എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ അതീവ ഹൃദ്യമായ ഹാസ്യാനുകരണം കാണാം. ഗുരു എൻ ആൾ എന്ന ചിത്രത്തിൽ ദളപതിയിലെ ഒരു രംഗത്തിന്റെ ഹാസ്യാനുകരണമുണ്ട്.

തുടക്കത്തിൽ വടിവേലു- വിവേക് കൂട്ടുകെട്ട് ഒരു വലിയ വിജയ ഘടകമായി മാറി. മിഡിൽ ക്ലാസ് മാധവൻ പോലുള്ള ചിത്രങ്ങൾ ഉദാഹരണം. അതിനുശേഷം വിവേക് തനിച്ച് മതിയെന്നായി. രണ്ടുപേരുടെയും ഡയലോഗും കൗണ്ടർ ഡയലോഗും പ്രേക്ഷകരുടെ ഹരമായി മാറി. ഡയലോഗ് ഡെലിവറി പരമപ്രധാനമാകുന്ന ഒരു അഭിനയശൈലി വിവേക് രൂപപ്പെടുത്തുന്നതും അക്കാലത്താണ്. അതുകൊണ്ടാണ് ഡയലോഗ് മന്നനായ രജനികാന്തിന്റെയും മറ്റും ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അവരോടൊപ്പം പിടിച്ചുനിൽക്കാനും പലപ്പോഴും അവരെ അതിശയിപ്പിക്കാനും വിവേകിന് സാധിച്ചത്. രജനിയും വിക്രമും അജിത്തും വിജയും എല്ലാം വിവേകിന്റെ ഡേറ്റിനുവേണ്ടി കാത്തിരുന്നിട്ടുണ്ട്. പിന്നീട് സന്താനം എന്ന നടന്റെ വരവോടെയാണ് വിവേകിന് തിരക്ക് കുറയുന്നത്.

വികൃത ചേഷ്ടകൾ കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുകയല്ല ഹാസ്യനടന്റെ ധർമ്മമെന്ന് വിവേകിന് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു മാനം അദ്ദേഹം ഹാസ്യത്തിന് നൽകി. "അട പാവികളാ' എന്ന് അമ്പരന്നുകൊണ്ട് ഈ ലോകത്തിന്റെ നെറികേടുകൾ നോക്കിനിൽക്കുന്ന ഒരു കോമൺ മാൻ വിവേകിന്റെ എല്ലാ കഥാപാത്രങ്ങളിലുമുണ്ട്. അയാളെ തങ്ങളിൽ ഒരാളായി പ്രേക്ഷകർ തിരിച്ചറിയുന്നു. "എഴുന്നേൽക്കൂ, ഉണരൂ' എന്നാണ് ഈ വിവേകാനന്ദനും ജനത്തോട് പറഞ്ഞത്. അന്തരിച്ച മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ ആരാധകനും അനുയായിയുമായിരുന്ന വിവേക് ഈ ലോകത്തെ നമുക്ക് മാറ്റിപ്പണിയാനാകുമെന്ന കലാമിന്റെ ദർശനം തന്റെ കലാദർശനമായി കരുതി. സിനിമയ്ക്ക് പുറത്തുള്ള തന്റെ പ്രവർത്തന മേഖലയെക്കുറിച്ച് തികഞ്ഞ ബോധ്യം വിവേകിനുണ്ടായിരുന്നു. അബ്‌ദുൾക്കലാം ആവശ്യപ്പെട്ടതനുസരിച്ച് ആഗോളതാപന ഭീഷണിയെയും ഹരിതവൽക്കരണത്തിന്റെ ആവശ്യകതയേയും കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും സംസ്ഥാനത്തുടനീളം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും വിവേക് മുന്നിട്ടിറങ്ങി.

സിനിമാഭിനയത്തെപ്പോലെ ഇത്തരം സാമൂഹ്യപ്രവർത്തനങ്ങളും തന്റെ ദൗത്യമായി അദ്ദേഹം കരുതി. കൂടുതൽക്കാലം ജീവിച്ചിരുന്നുവെങ്കിൽ ഈ രംഗത്ത് കൂടുതൽ പ്രവർത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കുമായിരുന്നു.

തികഞ്ഞ രാഷ്ട്രീയ ബോധവും നിലപാടുമുള്ള വ്യക്തിയായിരുന്നു വിവേക്. തമിഴ് നാട്ടിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കകളും ആകുലതകളും ഉണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ ചേരാനും കക്ഷി ഉണ്ടാക്കാനും തമിഴ് സിനിമയിലെ താരങ്ങൾ ധൃതി കൂട്ടിയപ്പോൾ വിവേക് ഒരു വിവേകശാലിയായ നിരീക്ഷകനെപ്പോലെ എല്ലാം നോക്കി നിന്നു. എങ്കിലും തമിഴ്നാട് ഒരു മാറ്റം അർഹിക്കുന്നുവെന്നും അതിനായി രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് നല്ലതാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
താരങ്ങൾ നെടുനാൾ വാഴുന്ന ഒരു കാലമല്ല ഇത്. ഹ്രസ്വമാണ് പൊതുവിൽ താരങ്ങളുടെ പ്രതാപകാലം. എന്നാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരു ഹാസ്യതാരം എന്ന നിലയിൽ വിവേക് തമിഴ് സിനിമയിൽ ഇന്നലെവരെ വിരാജിച്ചു. മൂന്ന് ദശകങ്ങൾ നീണ്ട ആ കരിയറിന്റെ ജയഭേരി മുഴക്കിക്കൊണ്ടിരുന്ന ഹൃദയമാണ് ഇന്നലെ നിലച്ചത്.

Comments