ഇത് ഭാഷാ സ്‌നേഹത്തിന്റെ പ്രശ്‌നമല്ല, പ്രശ്‌നത്തിന്റെ ഭാഷയാണ്‌

''ഒരു പ്രത്യേക വിഷയം എന്ന നിലയിൽ മലയാളവും മലയാള സാഹിത്യവും എൽ പി / യു പി അധ്യാപക നിയമന പരീക്ഷയിൽ വരേണ്ടതെന്തുകൊണ്ടാണ്? കുട്ടികൾക്ക് പഠിക്കാൻ അവ ഒരു പ്രത്യേക വിഷയമായി വരുന്നുണ്ട് എന്നതുകൊണ്ടോ, അധ്യാപകർ അത് പഠിപ്പിക്കേണ്ടതുണ്ട് എന്നതുകൊണ്ടോ മാത്രമല്ല ഇത്. സാഹിത്യവും ഭാഷയും ഉൾപ്പെടുന്ന, സാഹിത്യത്തിന്റെയും സൗന്ദര്യാനുഭവത്തിന്റെയും ലോകം വാസ്തവത്തിൽ എല്ലാ വിഷയങ്ങളുടെ പഠനത്തിനും പൂരകമായി നിലകൊള്ളുന്ന, അവയെ ശക്തിമത്താക്കുന്ന, അവയ്ക്ക് ഊർജം പകരുന്ന ഒരു അടിസ്ഥാന വിഷയമാണ് എന്നതാണ് ഇതിനാധാരം." ഐക്യ മലയാള പ്രസ്ഥാനം നടത്തുന്ന സമരത്തെ അഭിസംബോധന ചെയ്ത് സുനിൽ പി. ഇളയിടം നടത്തിയ പ്രസംഗം

ക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മലയാളഭാഷയുടെ സംരക്ഷണാർത്ഥം ഇപ്പോൾ വലിയൊരു സമരം സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തിലെമ്പാടും നടക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെ, എൽ.പി, യു.പി തലങ്ങളിലെ, അധ്യാപക നിയമനത്തിനായി നടത്തുന്ന പി.എസ്.സി പരീക്ഷകളിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകുന്നതിനായി കേരളത്തിലെമ്പാടും ഓൺലൈൻ വഴി ഒപ്പ് ശേഖരണവും അതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങളും നടന്നു വരുകയാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സമരം ആവശ്യമായിവരുന്നത് എന്ന കാര്യം നാം പ്രത്യേകം ആലോചിക്കേണ്ടതാണ്. കഴിഞ്ഞ ദിവസം പി.എസ്.സി നല്കിയ ഒരു വിശദീകരണക്കുറിപ്പിൽ പരീക്ഷകളെല്ലാം മലയാളത്തിലാണ്, ചോദ്യങ്ങളെല്ലാം മലയാളത്തിലാണ്, അതുകൊണ്ട് ഈ പരീക്ഷയിൽ മലയാളമുണ്ട് എന്ന വിശദീകരണം നൽകിയിരുന്നു. തീർത്തും സാങ്കേതികവും അടിസ്ഥാനപരമായി ഇവിടെ ഉന്നയിക്കുന്ന വിഷയത്തെ തിരിച്ചറിയാത്തതുമായ ഒരു വിശദീകരണമാണ് അത്. ഗണിതവും സാമൂഹ്യശാസ്ത്രവും പൊതുവിജ്ഞാനവുമടക്കമുള്ള വിഷയങ്ങൾ നമ്മുടെ എൽ.പി, യു.പി അധ്യാപക നിയമനത്തിനായുള്ള പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളതു പോലെ, മലയാള ഭാഷയും സാഹിത്യവും പ്രത്യേക വിഷയമായി ഉൾപ്പെടുത്തണം എന്നതാണ് ഈ പ്രശ്‌നത്തിൽ ഉന്നയിക്കപ്പെടുന്ന കാര്യം. അത് ചോദ്യങ്ങൾ മലയാളത്തിലാകണം എന്നതല്ല.

ഓൺലൈൻ ക്യാംപയിൻറെ പ്രചാരണ പോസ്റ്റർ

ഇവിടെ രണ്ടു കാര്യങ്ങൾ പ്രസക്തമാണ്. ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ ചിലർ പറയുന്നത് എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത് മലയാളത്തിലാണല്ലോ, അതുകൊണ്ട് മലയാളത്തിന് പ്രത്യേകമായ പരിഗണന ആവശ്യമുണ്ടോ എന്നാണ്. മലയാളികൾ മലയാളികളെ മലയാളം പഠിപ്പിക്കുന്നതിന് മലയാള ഭാഷാ പരിജ്ഞാനം പരിശോധിക്കേണ്ടതുണ്ടോ എന്ന യുക്തിയും പലയിടത്തും ഉന്നയിച്ച് കാണുന്നുണ്ട്.
പഠനമാധ്യമം എന്ന നിലയ്ക്ക് മലയാളം പ്രാഥമിക വിദ്യാഭ്യാസത്തിൽ ഉപയോഗിക്കണം എന്നതിൽ യാതൊരു സംശയവുമില്ല. എല്ലാ വിഷയങ്ങളും, അത് ഗണിതമായാലും ശാസ്ത്രമായാലും സാമൂഹ്യശാസ്ത്രമായാലും. ഇതര ഭാഷാ വിഷയങ്ങൾ ഒഴികെ മറ്റെല്ലാം മാതൃഭാഷയിലാണ് പഠിപ്പിക്കേണ്ടത്. അതുകൊണ്ട് കേരളത്തിൽ അധ്യയനത്തിന്റെ മാധ്യമം മാതൃഭാഷയാകണം എന്നത് സംശയരഹിതമായ കാര്യവുമാണ്. നമ്മുടെ അന്തരീക്ഷത്തിൽ അത് നടപ്പാകുന്നില്ല എന്ന കാര്യം നമുക്കൊക്കെ അറിയാം. സി.ബി.എസ്.സി വിദ്യാലയങ്ങളിൽ എന്നല്ല പൊതുവിദ്യാലയങ്ങളിൽപോലും മലയാളപഠനം മാധ്യമം എന്ന നിലയിൽ പിൻവാങ്ങുന്ന സ്ഥിതിയുണ്ടെന്ന് നമുക്കറിയാം. മാതൃഭാഷാ മാധ്യമത്തിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തണമെന്നത് സാർവത്രികമായി ലോകമെമ്പാടും അംഗീകരിച്ചുകഴിഞ്ഞ കാര്യമാണ്. അത് നമ്മുടെ നാട്ടിലും നടപ്പാക്കേണ്ടതാണ്, സംശയരഹിതമായി നടപ്പാക്കുക തന്നെയാണ് വേണ്ടത്. അതിനോട് തർക്കമേയില്ല.

എന്നാൽ ഇക്കാര്യത്തിൽ ഊന്നിക്കൊണ്ടല്ല ഈ സമരം നടക്കുന്നത്. ഇതിനൊപ്പം പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്. എൽ.പി, യു.പി.തലങ്ങളിലെ അധ്യാപകർ കുട്ടികളെ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കുന്നുണ്ട് എന്നു മാത്രമല്ല, മലയാള ഭാഷയിലൂടെയും സാഹിത്യത്തിലൂടെയുമാണ് പലപ്പോഴും പ്രാഥമിക ഘട്ടത്തിൽ മറ്റെല്ലാ കാര്യങ്ങളും പഠിപ്പിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് മലയാള ഭാഷയും സാഹിത്യവും ഒരു പ്രത്യേക വിഷയമായി ഈ അദ്ധ്യാപക നിയമന പരീക്ഷയിൽ ഉൾപ്പെടേണ്ടതുണ്ട് എന്നതാണ് ഇവിടെ ഉന്നയിക്കുന്ന കാര്യം. അതുകൊണ്ട് ചോദ്യങ്ങൾ മലയാളത്തിലാണ്, ഉത്തരം മലയാളത്തിലാണ് എന്നതല്ല, മറിച്ച് മലയാളം ഒരു പ്രത്യേക വിഷയമായി മറ്റു വിഷയങ്ങൾക്കൊപ്പം പരീക്ഷയിൽ ഉൾപ്പെടുന്നുണ്ടോ എന്നതാണ് പ്രശ്‌നം.

മുമ്പും ഈ പരീക്ഷ ഇങ്ങനെ തന്നെയായിരുന്നുവെന്നും അത് തുടരുക മാത്രമാണ് ചെയ്യുന്നതെന്നും പുതിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും പി. എസ്.സി വ്യക്തമാക്കുന്നുണ്ട്. അത് സാങ്കേതികമായി ശരിയുമാണ്. മലയാളം ഇപ്പോൾ എടുത്തുകളഞ്ഞതല്ല, കഴിഞ്ഞ ഒന്നു രണ്ടു പതിറ്റാണ്ടായി മലയാളം ഒരു വിഷയമെന്ന നിലയിൽ എൽ.പി, യു.പി അധ്യാപക നിയമന പരീക്ഷയിൽ ഉൾപ്പെട്ടിട്ടില്ല! പക്ഷേ , അതിനുമുമ്പ് ഉണ്ടായിരുന്നു. മുമ്പുണ്ടായിരുന്നതും പിന്നീട് ഒരു ഘട്ടത്തിൽ ഒഴിവായിപ്പോയതുമാണ് ഒരു പ്രത്യേക വിഷയമെന്ന നിലയിൽ മലയാളത്തിനുള്ള പരിഗണന.

ഒരു പ്രത്യേക വിഷയം എന്ന നിലയിൽ മലയാളവും മലയാള സാഹിത്യവും എൽ പി / യു പി അധ്യാപക നിയമന പരീക്ഷയിൽ വരേണ്ടതെന്തുകൊണ്ടാണ്? കുട്ടികൾക്ക് പഠിക്കാൻ അവ ഒരു പ്രത്യേക വിഷയമായി വരുന്നുണ്ട് എന്നതുകൊണ്ടോ, അധ്യാപകർ അത് പഠിപ്പിക്കേണ്ടതുണ്ട് എന്നതുകൊണ്ടോ മാത്രമല്ല ഇത്. സാഹിത്യവും ഭാഷയും ഉൾപ്പെടുന്ന, സാഹിത്യത്തിന്റെയും സൗന്ദര്യാനുഭവത്തിന്റെയും ലോകം വാസ്തവത്തിൽ എല്ലാ വിഷയങ്ങളുടെ പഠനത്തിനും പൂരകമായി നിലകൊള്ളുന്ന, അവയെ ശക്തിമത്താക്കുന്ന, അവയ്ക്ക് ഊർജം പകരുന്ന ഒരു അടിസ്ഥാന വിഷയമാണ് എന്നതാണ് ഇതിനാധാരം. പ്രാഥമിക തലത്തിൽ ഒരു കുട്ടിയെ കവിതയിലൂടെയും കഥയിലൂടെയും സമൂഹത്തിന്റെ നാനാ ഘടകങ്ങളിലേക്കും തലങ്ങളിലേക്കും കൊണ്ടുവരുന്ന രൂപത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം ആസൂത്രണം ചെയ്തിട്ടുള്ളത്. അതുകൊണ്ട് സാമൂഹ്യശാസ്ത്രമാകട്ടെ, ശാസ്ത്രവിഷയങ്ങൾ പോലുമാകട്ടെ, അവ സാഹിത്യപരവും ഭാഷാപരവുമായ തലങ്ങളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിൽ സംവിധാനം ചെയ്തിട്ടുള്ളത്. അതുകൂടി ചേർന്നിട്ടാണ് ഈ വിഷയങ്ങൾ പോലും വാസ്തവത്തിൽ പഠിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് മലയാളത്തിൽ പരിജ്ഞാനമുണ്ടാവുക എന്നതിന് കുട്ടികളെ മലയാളം പഠിപ്പിക്കേണ്ടവരാണ് ഈ അധ്യാപകർ എന്ന നിലയിൽ മാത്രമല്ല പ്രസക്തിയുള്ളത്. കുട്ടികളെ മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാൻ ബാധ്യതപ്പെട്ടവരാണ് ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ എന്നതുമോർക്കണം. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർക്ക് ഭാഷയിലും സാഹിത്യത്തിലും പരിജ്ഞാനമുണ്ടോ എന്നു പരിശോധിക്കേണ്ടത് പ്രാഥമികമായ ഒരാവശ്യമാണ്.

ഓൺലൈൻ ക്യാംപയിനിൽ സംസാരിക്കുന്ന എം.ടി. വാസുദേവൻ

യു.പി തലത്തിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർക്ക് ഇംഗ്ലീഷ് പരിജ്ഞാനം ഉറപ്പുവരുത്താനായി പരീക്ഷയിൽ സംവിധാനമുണ്ട്. എന്നാൽ മലയാളം പരീക്ഷയുടെ സിലബസിലില്ല. മലയാളം ഒരു വിഷയമെന്ന നിലയിൽ പ്രാധാന്യമില്ലാത്ത ഒന്നാണ് എന്ന കാഴ്ചപ്പാടാണ് ഈ ചോദ്യരൂപത്തിന്റെ അടിസ്ഥാന വീക്ഷണം. മറ്റെല്ലാ വിഷയങ്ങളും, സവിശേഷ വിഷയങ്ങൾ എന്ന നിലയ്ക്ക് പ്രാധാന്യമുള്ളവയാണ്. അവ സവിശേഷമായി പഠിക്കേണ്ടതാണ്, പഠിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്, പക്ഷേ മലയാളം ഒരു സവിശേഷ വിഷയമെന്ന നിലക്ക് പ്രാധാന്യമില്ലാത്തതാണ്, അത് എല്ലാവരും കൈകാര്യം ചെയ്യുന്ന ഒരു പൊതുകാര്യം മാത്രമാണ് എന്നതാണ് ഈ വീക്ഷണം. അങ്ങനെ ഒരു സവിശേഷ വിഷയമെന്ന നിലക്കുള്ള ഭാഷയുടെ പ്രാധാന്യത്തെയും, ഭാഷയുടെ തന്നെ ഏറ്റവും സൂക്ഷ്മവും സുന്ദരവുമായ പ്രയോഗമേഖല എന്ന നിലയ്ക്ക് സാഹിത്യത്തെയും, ഒഴിവാക്കുകയും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന സമീപനമാണ് ഇതിലുള്ളത്.

ഭാഷയെ ഒരു ഉപകരണരൂപമായി കാണുന്ന സമീപനമാണിത്. ഭാഷ ഏവരും എടുത്തുപയോഗിക്കുന്ന ഒന്നാണ്. നമ്മൾ ബസിന്റെ ബോർഡ് വായിക്കുന്നുണ്ട്, പത്രം വായിക്കുന്നുണ്ട്, വഴിയിൽ നിന്ന് ആളുകളോട് സംസാരിക്കുന്നുണ്ട്, അല്ലെങ്കിൽ മറ്റ് പല കാര്യങ്ങൾക്കും ഭാഷ ഉപയോഗിക്കുന്നുണ്ട്, അതിൽ കവിഞ്ഞൊരു ഭാഷാപരിജ്ഞാനം ആവശ്യമില്ല, ഭാഷയിൽ പ്രത്യേകമായി പഠിക്കാൻ ഒന്നുമില്ല എന്നതാണ് ഇതിന്റെ ചുരുക്കം. സാമൂഹ്യശാസ്ത്രം വിശദീകരിക്കാനും ശാസ്ത്രം പറയാനുമൊക്കെ നമ്മൾ ഭാഷ ഉപയോക്കുന്നുണ്ടെങ്കിൽ, അതു തന്നെയാണ് അന്തിമമായ ഭാഷാപഠനമെന്നും അതിൽ നിന്നും വേറിട്ട സവിശേഷമായ നിലനിൽപ്പ് ഭാഷയ്ക്കും സാഹിത്യത്തിനുമില്ല എന്നുമുള്ള വീക്ഷണഗതിയാണ് ഈ സമീപനത്തിന് പിന്നിലുള്ളത്.

ഇതിൽ രണ്ട് അപകടങ്ങളാണുള്ളത്. ഒന്ന്, ഭാഷ എന്ന നിലയയിൽ, ഭാഷാ സാഹിത്യം എന്ന നിലയിൽ, മലയാളത്തിനുള്ള വിഷയപദവിയെ അത് പതിയെ പതിയെ ഇല്ലാതാകും. അങ്ങനെ ഇല്ലാതാക്കുക വഴി ഭാഷയുടെ വൈജ്ഞാനികവും സാമൂഹികവുമായ സവിശേഷ സ്വഭാവത്തെ റദ്ദാക്കാൻ വഴിവയ്ക്കും. ഇതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, മറ്റേത് വിഷയത്തിലേക്കുമുള്ള സർഗാത്മകമായ ഒരു തുറസ്സ് വാസ്തവത്തിൽ ഭാഷയുടെ സാഹിത്യപരമായ പ്രയോഗങ്ങളിലും സാഹിത്യപരമായ ആവിഷ്‌കാരത്തിലും അടങ്ങിയിട്ടുണ്ട് എന്നതു കൂടിയാണ്. ഭാവനാത്മകമായ ഒരു തലം ഭാഷയെ സംബന്ധിച്ച് പരമപ്രധാനമാണ്. ഭാഷയുടെ ഭാവനാത്മക തലം ഏറ്റവും സജീവമായിരിക്കുന്നത് സാഹിത്യത്തിലാണ്. ഒരു വിഷയമെന്ന നിലയിൽ ഭാഷയ്ക്കുള്ള സവിശേഷ പ്രാധാന്യം, ഏതു വിഷയത്തെയും ഭാവനാത്മകമായി സമീപിക്കാനും അവയുടെ അനുഭവതലത്തെക്കൂടി ഉൾക്കൊണ്ട് അവയെ ആവിഷ്‌കരിക്കാനും പ്രകാശിപ്പിക്കാനുമുള്ള ഭാഷയുടെ ശേഷി എന്നതാണ്. ഒരു പ്രത്യേക വിഷയമായി ഭാഷയെ കാണേണ്ടതില്ല, സാഹിത്യം പ്രത്യേകമായി മനസിലാക്കേണ്ടതില്ല എന്ന കാഴ്ചപ്പാട് മേൽപ്പറഞ്ഞ ഈ രണ്ട് തലങ്ങളെയും ഇല്ലാതാക്കുന്നതാണ്.

ഈ കാഴ്ചപ്പാട് അധ്യാപക നിയമനത്തിലേക്ക് കടന്നു വരുന്നതിന്റെ ഭാഗമായിട്ടാണ് മറ്റെല്ലാ വിഷയങ്ങളെ സംബന്ധിച്ചും പരീക്ഷയിൽ ചോദ്യങ്ങളുണ്ടാവുകയും മലയാളം ഒഴിവായി പോവുകയും ചെയ്യുന്നത്. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഭാഷയെ കടയോടെ പറിച്ചു കളയുന്നതിലേക്കാണ് എത്തിച്ചേരുക. അതുകൊണ്ടുതന്നെ, ഒരു സമൂഹത്തിന്റെ ഏറ്റവും ആധികാരികമായ അനുഭവലോകം ആ സമൂഹത്തിന്റെ മാതൃഭാഷയും മാതൃഭാഷയുടെ ആവിഷ്‌കാരരൂപങ്ങളാണ് എന്ന തിരിച്ചറിവ് പരമപ്രധാനമാണ്. മാതൃഭാഷയിൽ പരിജ്ഞാനമുള്ളവർ കൂടിയാകണം കുട്ടികളെ പഠിപ്പിക്കേണ്ടത്, അവരെ സാഹിത്യത്തിലേക്ക് കൈപിടിച്ച് നടത്തേണ്ടത്. മറ്റു വിഷയങ്ങളിലേക്കുപോലും കുട്ടികളെ ആനയിക്കേണ്ടത് അവരാണ്. അതുകൊണ്ട് പ്രാഥമിക തലത്തിൽ മാതൃഭാഷയിൽ ഏതു വിഷയം പഠിപ്പിക്കുന്ന ആൾക്കും, സാമൂഹ്യ ശാസ്ത്രവും ഗണിതവുമൊക്കെ പഠിപ്പിക്കുന്ന ആൾക്കും, അനിവാര്യമായി വേണ്ട ഒന്നാണ് ഒരു ഭാഷ എന്ന നിലയ്ക്ക് മലയാളത്തിലുള്ള ധാരണയും അതിന്റെ സാഹിത്യത്തിലുള്ള പ്രാഥമിക പരിജ്ഞാനവും. അതിന്റെ നേരെ വിപരീത ദിശയിലാണ്, ഭാഷ പഠിക്കാത്ത, ഭാഷയിൽ പ്രത്യേകമായ താൽപര്യമൊന്നുമില്ലാത്ത, സാഹിത്യ താത്പര്യമൊന്നുമില്ലാത്തവരാണ് ഭാഷയും സാഹിത്യവും കൂടി പഠിപ്പിക്കേണ്ടത് എന്ന നിലയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നത്.

അങ്ങനെ ഒരു പോക്ക് മാതൃഭാഷ എന്ന സങ്കൽപത്തെ ഇല്ലാതാക്കുന്നതാണ്. നമ്മുടെ സംസ്ഥാനത്ത് ഗവൺമെന്റ് മുന്നോട്ടുവെച്ച മാതൃഭാഷാ നയത്തിനെതിരാണ് ഇക്കാര്യം. ദീർഘകാലാടിസ്ഥാനത്തിൽ, ജനാധിപത്യപരവും സാമൂഹ്യനീതിയിലധിഷ്ഠിതവുമായ ഏതൊരു രാഷ്ട്രീയ സമീക്ഷയ്ക്കും എതിരാണ് ഈ ഭാഷാ സമീപനം. അതുകൊണ്ട് ഇക്കാര്യം തിരിച്ചറിഞ്ഞ് ഇതിനെ പ്രതിരോധിക്കേണ്ടത് ഭാഷാസ്‌നേഹത്തിന്റെ മാത്രം പ്രശ്‌നമല്ല. വിദ്യാഭ്യാസത്തെകുറിച്ചുള്ള അടിസ്ഥാന ബോധ്യങ്ങളുടെകൂടി വിഷയമാണിത്. അറിവിനെ കേവലമായ ഉപകരണമായി കാണുന്നതിനുപകരം അറിവിനെയും അനുഭവത്തെയും വിശാലമായ ജീവിത മേഖലയോട് ചേർത്തു വയ്ക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. അതിന്റെ നിർവഹണമാണ് ഇവിടെ നടക്കേണ്ടത്. അതിനുവേണ്ടിയാണ് മലയാളത്തെ സവിശേഷ വിഷയമായിക്കൂടി പരീക്ഷയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പി എസ് സിയ്ക്ക് മുമ്പിൽ ഉന്നയിക്കുന്നത്. ഈ വിഷയം പല രൂപത്തിൽ ഉയർത്തിക്കൊണ്ടുവന്ന് പൊതുസമൂഹത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴി തുറക്കേണ്ടതുണ്ട്.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments