ഒരു യൂണിവേഴ്‌സൽ രോഗം ലോക ക്രമത്തെ മാറ്റിപ്പണിയുന്നു

കോവിഡാനന്തര കാലം എങ്ങനെയായിരിക്കുമെന്ന ചർച്ചകൾ ആഗോളതലത്തിൽ ചൂടുപിടിച്ചുകഴിഞ്ഞു. ആഗോളരാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾ വരുമെന്നും അമേരിക്കൻ കേന്ദ്രീകൃതത്വം ദുർബലമാകുകയും ചൈന വൻശക്തിയായിമാറുമെന്നുമൊക്കെയുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. കമ്മ്യൂണിസത്തിന്റെ പുതിയ രൂപം വരുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ അഥോറിറ്റേറിയൻ ഭരണകൂടങ്ങൾക്ക് വളമാകുമോയെന്ന ഭയവും നിലനിൽക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ മുമ്പോട്ടുള്ള വഴയിൽ, ഇന്ത്യയിൽ, മതവിശ്വാസത്തിൽ എന്തൊക്കെ മാറ്റങ്ങളായിരക്കും കൊറോണ സൃഷ്ടിക്കുക? റഫീഖ് ഇബ്രാഹിമുമായുള്ള ദീർഘസംഭാഷണത്തിൽ ഈ വിഷയങ്ങളിലെ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുകയാണ് സുനിൽ പി. ഇളയിടം

റഫീഖ് ഇബ്രാഹിം:പ്രവചനങ്ങൾ എന്ന നിലയിലല്ല, ഒരു സാമൂഹ്യ ചിന്തകൻ നിലവിലെ സാമൂഹ്യാവസ്ഥ സംബന്ധിച്ചു നടത്തുന്ന നിരീക്ഷണങ്ങളെയാണ് ഈ സംഭാഷണത്തിൽ ഊന്നാൻ ശ്രമിക്കുന്നത് എന്നാദ്യമേ പറയട്ടെ. മനുഷ്യരാശിയുടെ ചരിത്രത്തെ മുഴുവനായി സമീപിച്ചാൽ മഹാമാരികളുടെ, യുദ്ധത്തിന്റെ, പ്രകൃതിക്ഷോഭങ്ങളുടെ എല്ലാം അസാധാരണ അവസ്ഥ നമുക്ക് ധാരാളം കാണാൻ പറ്റും. പ്ലേഗ്, സ്പാനിഷ് ഫ്ലൂ പോലുള്ള പകർച്ചവ്യാധികൾ സമീപഭൂതകാലത്ത് തന്നെ ഉണ്ടായതുമാണ്. ഇത്തരം അസാധാരാണാവസ്ഥയിൽ നിന്ന് നിലവിലെ കോവിഡ് കാലം ഘടനാപരമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണു നാം മനസിലാക്കേണ്ടത് ?

സുനിൽ പി.ഇളയിടം: ഒരു മഹാമാരി എന്ന നിലയ്ക്ക് ഇക്കാലം വരെയുണ്ടായ ഇതര വ്യാധികളുടെ തോതുമായി താരതമ്യപ്പെടുത്തിയാൽ കൊറോണ അത്ര വലുതല്ല. സ്പാനിഷ് ഫ്ലൂ വരുന്ന ഘട്ടത്തിൽ ലോകത്തിൽ 200 കോടിയോളം ജനസംഖ്യയാണുള്ളത്. അതിൽ 20-25 കോടി ആളുകളെ അത് ബാധിച്ചു, അഞ്ച് കോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ജനസംഖ്യയുടെ അനുപാതം നോക്കിയാൽ അത് അതിഭീമമായ ഒരു സംഖ്യയാണ്. കൊറോണ ഏതാണ്ടൊരു 50 ലക്ഷത്തിനടുത്ത് എത്തിയിരിക്കുന്നു, മരണ സംഖ്യ നാല് ലക്ഷമാണ്. ഏതളവിൽ പോയാലും സ്പാനിഷ് ഫ്ലൂ പോലൊന്നിന്റെ അനുപാതത്തിലേക്ക് കൊറോണ പോകില്ല. പക്ഷേ അങ്ങനെയായിരിക്കുമ്പോഴും കൊറോണയുടെ കാലത്തേക്ക് വരുമ്പോഴുള്ള വലിയ വ്യത്യാസം ലോകത്തിന്റെ ക്രമം മാറിയിരിക്കുന്നു എന്നതാണ്. പത്തൊൻപത്- ഇരുപതാം നൂറ്റാണ്ടിൽ നിന്നും ഇക്കാലമെത്തുമ്പോഴേക്കും ലോകം വളരെക്കൂടുതൽ കൂട്ടിയിണക്കപ്പെട്ടു. ഒരു പക്ഷേ നമ്മുടെയെല്ലാ ജീവിതസ്ഥാനങ്ങളും തമ്മിൽ വല്ലാതെ കൂടിക്കലർന്നു കഴിഞ്ഞു. മനുഷ്യന് ഒറ്റ തിരിഞ്ഞ് നിൽക്കാൻ പറ്റാത്ത സ്ഥിതിയുണ്ടായി. അതു കൊണ്ട് തന്നെ കൊറോണയുടെ സാമൂഹ്യപ്രത്യാഘാതം പഴയതിനെക്കാൾ കൂടുതലായിരിക്കും. രോഗത്തിന്റെ ആഘാതശേഷി കുറവായിരിക്കാം - ഒരു മഹാമാരിയാണോ ഇതെന്ന് താരതമ്യപ്പെടുത്തി സംശയിക്കപോലുമാകാം. പക്ഷേ, സാമൂഹ്യാഘാത ശേഷി വളരെക്കൂടുതലാണ്. ഏതാണ്ട് എല്ലാ പ്രതലങ്ങളെയും അത് ബാധിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്പാനിഷ് ഫ്ലൂ അല്ലെങ്കിൽ മധ്യകാലത്തെ ഇരുണ്ട മരണങ്ങൾ, പ്ലേഗ് എന്നിവയെക്കാളൊക്കെ പ്രധാനപ്പെട്ട ഒരു സാമൂഹ്യമാറ്റം കൊറോണ കൊണ്ടു വന്നേക്കും. മിക്കവാറും ഒരു സിവിലൈസേഷണൽ ചെയ്ഞ്ചിലൂടെ നാം കടന്നു പോകേണ്ടി വന്നേക്കും. കഴിഞ്ഞ ഒരു മൂന്ന് പതിറ്റാണ്ടിനിടെ ലോകഘടനയിലുണ്ടായ മാറ്റം - നമ്മൾ ഗ്ലോബലൈസേഷൻ എന്നൊക്കെ വിളിക്കുന്ന സന്ദർഭമുണ്ടാക്കിയ മാറ്റം ആണ് കൊറോണയെ വ്യത്യസ്തമാക്കുന്നത് എന്നാണെനിക്ക് തോന്നുന്നത്.

ആഗോളരാഷ്ട്രീയഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് ചില ചിന്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്ങനെയാണ് ലോക രാഷ്ട്രീയത്തെ ഇത് ബാധിക്കുക?

എന്റെ സ്വകാര്യമായ കണ്ടെത്തൽ എന്ന നിലയിലല്ല ഇതിനുള്ള വിശദീകരണം നൽകാനുള്ളത്. മറിച്ച് പ്രധാനപ്പെട്ട സാമൂഹ്യചിന്തകരിൽ പലരും ചൂണ്ടിക്കാണിച്ചതിൽ നിന്ന് വാലിഡാണ് എന്നെനിക്ക് തോന്നിയ നാലഞ്ച് പ്രമേയങ്ങളെ ഞാനൊന്ന് ക്രോഡീകരിച്ചു പറയാം. ഒന്നാം ലോകയുദ്ധാനന്തരം ലോകത്തിലെ നിർണ്ണായക ശക്തിയായത് അമേരിക്കയാണല്ലോ. ബ്രിട്ടൻ ശിഥിലമാകുന്നു, യൂറോപ്പിന്റെ സ്വാധീനശേഷി കുറയുന്നു, അമേരിക്ക കേന്ദ്രത്തിലേക്കു കടന്നു നിൽക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടായി തുടരുന്ന ഈ അമേരിക്കൻ കേന്ദ്രീകൃതത്വം ദുർബലമാകും എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. യു.എസിന്റെ ഒരു പൊളിറ്റിക്കൽ മിലിറ്ററി -ഒന്നാം പദവി ദുർബലമാകാൻ സാധ്യതയുണ്ട്. ഒപ്പം തന്നെ, പതിനെട്ടാം നൂറ്റാണ്ടു വരെ ലോകസമ്പദ് വ്യവസ്ഥയിൽ ഏഷ്യയ്ക്കുണ്ടായിരുന്ന നിർണ്ണായകമായ ഒരു മേൽക്കൈയുണ്ടല്ലോ, കോളനൈസേഷനും വ്യവസായവത്കരണവും വരുന്നതോടെയാണ് അത് മാറിപ്പോകുന്നത്. ആ സ്ഥിതി മാറുകയും ഈ നൂറ്റാണ്ടിന്റെ പകുതിയെത്തുമ്പോഴേക്കും ഏഷ്യ പഴയ പ്രതാപത്തിലേക്കു കടന്നു വരാനും സാധ്യതയുണ്ട്. ഏഷ്യയുടെ ഉയർച്ചയുടെ കേന്ദ്രത്തിൽ ചൈന വരാനും ചൈനയൊരു പ്രധാനപ്പെട്ട ശക്തിയായി മാറാനും സാധ്യതയുണ്ട് എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്.

കൊറോണ കൊണ്ടു വന്ന വലിയൊരു മാറ്റം, യൂറോപ്യൻ യൂണിയൻ പോലുള്ള സംഘാടനങ്ങളുണ്ടല്ലോ - രാഷ്ട്രാതിർത്തികളെ വലിയ നിലയിൽ പരിഗണിക്കാത്ത കൂട്ടായ അവസ്ഥയ്ക്കു വേണ്ടിയുള്ള വാദം, അവ ദുർബലപ്പെടാം എന്നതാണ്. ബ്രെക്സിറ്റിൽ തന്നെ യൂറോപ്യൻ യൂണിയന് വലിയ ഒരു വിള്ളൽ വീണിരുന്നല്ലോ, അത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അതിർത്തികൾ കൂടുതൽ അടയുകയും ദേശീയബോധം ശക്തമാവുകയും ചെയ്യുന്ന ഒരവസ്ഥ നമുക്ക് ചുറ്റും നോക്കിയാൽ തന്നെ കാണാം. ഇതിന്റെ തന്നെ ഒരു എക്സ്റ്റൻഷൻ എന്ന നിലയിൽ സാർവ്വദേശീയ സംഘടനകൾക്കു തകർച്ച നേരിടാം. WHO യ്ക്കുള്ള ധനസഹായത്തിൽ നിന്ന് അമേരിക്ക പിൻവാങ്ങുന്നതു നാം കണ്ടു. ഐക്യരാഷ്ട്ര സഭ പോലുള്ള സംഘടനകൾക്ക് ഇനി ഏതു നിലയിലാവും തുടർച്ചയുണ്ടാവുക എന്നത് സന്ദിഗ്ധമാണ്. എന്തായാലും നമ്മൾ ഇതുവരെ കണ്ട ലോകഘടനയുടെ അടിസ്ഥാനങ്ങളിൽ വലിയൊരു മാറ്റം വരാൻ സാധ്യതയുണ്ട് എന്നു തന്നെയാണ് ഞാനും കരുതുന്നത്.

അപ്പോൾ തന്നെ സിസകിനെ പോലുള്ള ചിന്തകർ സാർവ്വദേശീയ ഐക്യദാർഢ്യം എന്ന സാധ്യതയാണുയർത്തുന്നത്. കമ്യൂണിസത്തിന്റെ ഒരു പുതിയ രൂപം വരാം എന്നു പോലും അദ്ദേഹം പറയുന്നു. ?

അതെ, കൊറോണാ ലോകാവസ്ഥയെ സംബന്ധിച്ച് വിചിത്രമായ ഒരു സ്ഥിതിയുണ്ട്. ഈ രോഗം യൂണിവേഴ്സലാണ്, ഗ്ലോബലാണ്. പ്രദേശഭേദങ്ങളില്ല, മത-ജാതി-രാഷ്ട്രാതിർത്തികളില്ല. അങ്ങനെ ഇന്റർനാഷണൽ എന്നു വിളിക്കാവുന്ന തലം രോഗത്തിനുണ്ട്. മാത്രമല്ല ഒറ്റയ്ക്കൊരു സമൂഹത്തിനോ രാഷ്ട്രത്തിനോ ഈ രോഗത്തെ ഇല്ലാതാക്കാനും പറ്റില്ല. അങ്ങനെ വരുമ്പോൾ ഒരു വലിയ കൂട്ടായ്മ ആവശ്യമുണ്ട്. സാർവ്വലൗകികത, സാർവ്വദേശീയത, സാഹോദര്യബോധം ഇതൊക്കെ ശക്തമായി ഉയർന്നു വന്നാലേ രോഗത്തെ നേരിടാൻ പറ്റൂ എന്ന സ്ഥിതി ഒരു ഭാഗത്തുണ്ട്.

സ്ലാവോയ് സിസെക്

പക്ഷേ അതേ സമയം തന്നെ ഇതിന്റെ നേർവിപരീത ദിശയിലാണ് കൊറോണ ഫങ്ഷൻ ചെയ്തു കൊണ്ടിരിക്കുന്നത്. കൂടുതൽ സങ്കുചിതമാകുന്ന ദേശീയത, കൂടുതൽ ഉള്ളിലേക്കു നോക്കുന്ന തങ്ങളെ തന്നെ കേന്ദ്രമാക്കുന്ന സമൂഹങ്ങൾ, രാഷ്ട്രാതിർത്തികളുടെ ശക്തിപ്പെടൽ, അഥോറിറ്റേറിയനിസം കൂടുതൽ ബലപ്പെടൽ.

ഗാർഡിയനിൽ വന്ന ഒരു ലേഖനത്തിൽ അഥോറിറ്റേറിയൻ ഭരണകൂടങ്ങൾക്ക് ഇതൊരു സുവർണ്ണാവസരമായി മാറുന്നുണ്ട് എന്നു ചൂണ്ടിക്കാണിച്ചിരുന്നു. സിസെക് ഒരു ഭാഗത്ത് വലിയ പ്രത്യാശയുടെ സാധ്യത വെക്കുമ്പോൾ മറുഭാഗം ഈ നിലയിൽ തിരിയുന്നുമുണ്ട്. ഞാനതിൽ കാണുന്നത് ഈ രണ്ട് സാധ്യതകളും അതിനുള്ളിൽ നിൽക്കുന്നുണ്ട്, ഏതു വഴിയിലേക്കു തിരിയും എന്ന് അന്തിമമായി പ്രവചിക്കാൻ കഴിയില്ല എന്നാണ്. തൊട്ടുമുൻപിലുള്ള ഒരു യാഥാർത്ഥ്യത്തെ വെച്ചു നോക്കിയാൽ സിസെക് പറഞ്ഞതിനെക്കാൾ അതിന്റെ മറുപുറത്തേക്കുള്ള നീക്കത്തിനാണ് ശക്തി കാണുന്നത്.

താങ്കൾ എല്ലായ് പോഴും ജനാധിപത്യത്തെ ഒരു മൂല്യം എന്ന നിലയിലാണ് അവതരിപ്പിച്ചു കാണാറുള്ളത്. അത്തരമൊരു വിശാലാർത്ഥത്തിൽ ജനാധിപത്യത്തെ മനസിലാക്കിയാൽ, എന്തൊക്കെ പ്രതിസന്ധിയാണ് ജനാധിപത്യത്തിന്റെ മുൻപോട്ടുള്ള വഴിയിൽ കൊറോണ സൃഷ്ടിക്കുന്നത്?

നമ്മൾ സംസാരിച്ചു വന്നതിന്റെ ഒരു തുടർച്ചയിലാണിത്. അഥോറിറ്റേറിയൻ സ്റ്റേറ്റ് കൂടുതൽ പ്രബലമാകുന്ന ഒരു ഘട്ടം വരുന്നത് ജനാധിപത്യത്തെ ആന്തരികമായി ക്ഷീണിപ്പിക്കും. ജനാധിപത്യം എന്നത് ആധുനികതയുടെ വലിയൊരു മൂല്യമാണ്. മനുഷ്യർക്കിടയിലുള്ള തുല്യത, സമത്വം, സാഹോദര്യബോധം തുടങ്ങിയവയുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ടതാണത്. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ നമുക്കറിയാം ആധുനികത ഈ അടിസ്ഥാന മൂല്യങ്ങളെക്കാൾ ഉപകരണപരമായ തലത്തിലാണ് നിലവിൽ വന്നത്. സാങ്കേതികമായി ആധുനികരാവുക, മൂല്യതലത്തിൽ ആധുനികത സ്പർശിക്കാതിരിക്കുക.

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളാണ്, അവയൊന്നും സാക്ഷാത്കരിക്കപ്പെട്ടില്ല. ഈ മൂല്യങ്ങളെ വിട്ട് വ്യവസായവത്കരണം, സാങ്കേതികവിദ്യയുടെ വ്യാപനം എന്നിവയുണ്ടായി. മൂലധനത്തിന്റെ വളർച്ച ഇതിലേക്ക് വഴിതിരിയുകയാണ് ചെയ്തത്. ആധുനിക ജനാധിപത്യത്തിൽ തന്നെ അകമേ ഒരു പിളർപ്പുണ്ടെന്നു സാരം. അതിലെ ഏറ്റവും വലിയ നഷ്ടം ജനാധിപത്യ നഷ്ടമാണ്, അംബേദ്കറെ മുൻനിർത്തിപ്പറഞ്ഞാൽ ജനാധിപത്യം ഒരു ട്രിനിറ്റിയാണ്, സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ജനാധിപത്യം. ഇത് മൂന്നും കൂടിച്ചേർന്നാലേ ജനാധിപത്യം അർത്ഥപൂർണ്ണമാവുകയുള്ളൂ. ഇപ്പോഴുള്ള ജനാധിപത്യത്തിലേക്കു നോക്കിക്കഴിഞ്ഞാൽ രാഷ്ട്രീയ ജനാധിപത്യത്തിന്റെ അവശിഷ്ട രൂപങ്ങളേയുള്ളൂ എന്നു കാണാം. ഇന്ന് ലോകത്തിലെ മഹാഭൂരിപക്ഷം ജനാധിപത്യ സംവിധാനത്തിലും സാമൂഹ്യ-സാമ്പത്തിക ജനാധിപത്യം ഒട്ടുമില്ല. രാഷ്ട്രീയ ജനാധിപത്യം തന്നെ വലിയ നിലയിൽ മാനിപ്പുലേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയിൽ നോക്കിയാൽ പൊളിറ്റിക്കൽ മെജോറിറ്റി എന്നത് കമ്യൂണൽ മെജോറിറ്റിയാക്കുന്നതിൽ വർഗ്ഗീയ കക്ഷികൾ വിജയം നേടിയ സ്ഥിതിയാണ്. നമ്മുടെ ജനാധിപത്യ ഘടനയിൽ ജനാധിപത്യപരമായി എന്തുണ്ട് എന്നു ചോദിച്ചാൽ, അതായത് ഓപ്പാസിഷണൽ വോയിസുണ്ടോ, ഡിസന്റ് അഡ്രസ് ചെയ്യപ്പെടുന്നുണ്ടോ, അതിനെക്കൂടി ഉൾക്കൊണ്ടു കൊണ്ട് രാഷ്ട്രീയത്തെയും ഭരണത്തെയും ചലിപ്പിക്കാനുള്ള ശ്രമമുണ്ടോ ഇങ്ങനെയൊക്കെ ആലോചിച്ചാൽ താരതമ്യേന കുറവാണ് എന്നു കാണാം.

യുവാൽ നോവൽ ഹരാരി

ഫലത്തിൽ ഒരു അഥോറിറ്റേറിയൻ ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമായി ജനാധിപത്യം മാറുന്നു. പേരല്ലാതെ ജനാധിപത്യത്തിൽ എന്തു ബാക്കിയുണ്ട് എന്നൊരു ചോദ്യമുണ്ട്. നിലവിൽ തന്നെ അങ്ങനെ ദുർബലപ്പെട്ടു കഴിഞ്ഞിട്ടുണ്ട് ജനാധിപത്യ സംവിധാനങ്ങൾ. അതിനെ പുതിയ രോഗാവസ്ഥ കൂടുതൽ ശക്തിപ്പെടുത്തും. ഭരണകൂടങ്ങൾക്കുസമ്മിതി നൽകുന്ന സ്ഥിതി കൊറോണക്കാലം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ വ്യക്തികളെയും നിരീക്ഷിക്കണം, എല്ലാ ചലനങ്ങളും നിരീക്ഷിക്കണം എന്നു നാം സമ്മതിക്കുന്നു. യുവാൽ നോവൽ ഹരാരി, പൗരസ്വാതന്ത്ര്യം വെട്ടിമാറ്റുന്നതിന് സാമൂഹ്യസമ്മിതി കിട്ടുകയാണ് എന്ന് ഈ അവസ്ഥയെ നിരീക്ഷിക്കുന്നുണ്ട്. ആ സാമൂഹ്യസമ്മിതി, സമൂഹത്തിന്റെ ആരോഗ്യം എന്ന അക്കൗണ്ടിലേക്കാണ് പോകുന്നത്. ഒരു പക്ഷേ രോഗം പോയാലും ഈ സമ്മിതി ബാക്കിയുണ്ടാവാം. വിശാലാർത്ഥത്തിൽ, അവശേഷിക്കുന്ന ജനാധിപത്യത്തെത്തന്നെ വലിയ നിലയിൽ

ദുർബലപ്പെടുത്താവുന്ന സ്ഥിതിവിശേഷം വന്നു ചേരാം. രോഗത്തെ കണ്ടയ്ൻ ചെയ്യാനുള്ള ഒരു തന്ത്രം എന്ന നിലയിൽ പൗരന്മാരുടെ എല്ലാ ചലനങ്ങളും നിലവിൽ നിരീക്ഷിക്കപ്പെടുന്നു. ഈ ന്യൂ നോർമ്മൽ സിറ്റുവേഷൻ വ്യവസ്ഥാപിതമാവാനുള്ള സാധ്യതയുണ്ട്. ഒന്നോ രണ്ടോ വർഷം തുടരാൻ സാധ്യതയുള്ളതാണ് ഈ രോഗവുമായുള്ള യുദ്ധം എന്നാണ് പൊതുവിൽ കരുതുന്നത്. അങ്ങനെയെങ്കിൽ ഇതൊരു ശീലമായി മാറാനും നിരീക്ഷിക്കപ്പെടേണ്ട ഒരു ജനതയാണ് എന്നു സ്വയം കരുതാനും നമുക്കു കഴിയും. സാഹോദര്യത്തിന്റെ പുതിയൊരു ലോകം വരാം എന്നു പ്രതീക്ഷിക്കുമ്പോഴും അധികാര കേന്ദ്രീകരണത്തിന്റെ, ജനാധിപത്യത്തിൽ അവശേഷിക്കുന്ന ബലങ്ങളെ കൂടി നിഷ്കാസനം ചെയ്യുന്ന പൗരസമ്മിതിയുടെ ഒരു വലിയ സാധ്യത കൂടി ഇതിലുണ്ട്. പാലാണോ ചോരയാണോ എന്നു തെളിഞ്ഞു വരേണ്ടതാണ്, പക്ഷേ ആ രണ്ടു സാധ്യതകളുമുണ്ട്.

ഈയൊരു അപകടസാധ്യതയെ, രോഗപ്രതിരോധത്തിനായുള്ള പ്രായോഗിക നടപടികളെ ദുർബലപ്പെടുത്താതെ തന്നെ ഒരു പൊളിറ്റിക്കൽ സൊസൈറ്റി എന്ന നിലയിൽ എങ്ങനെ അഭിസംബോധന ചെയ്യാം?

എനിക്കു തോന്നുന്നത് ഈ പ്രശ്നത്തെ അതിന്റെ സാമൂഹ്യ രാഷ്ട്രീയ തലത്തിലും കൂടി കാണുക എന്നതാവുമെന്നു തോന്നുന്നു. ഈ രോഗം ഒരർത്ഥത്തിൽ ആധുനിക സമൂഹത്തിലെ വ്യക്തികേന്ദ്രവാദത്തിലെ വൈരുധ്യം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. ബൂർഷ്വാ ആധുനികത വ്യക്തികളെ ഒറ്റയൊറ്റയായി സങ്കല്പിച്ച് രോഗം, ആരോഗ്യം എന്നിവയൊക്കെ അവരവരുടെ പ്രശ്നമായി കണ്ടാണ് മുൻപോട്ടു പോയത്. എന്റെ ആരോഗ്യം, എന്റെ രോഗം ഒക്കെ എന്റെ പ്രശ്നമാണ്, പരിഹരിക്കേണ്ടത് ഞാൻ തന്നെയാണ്, ഇങ്ങനെയൊരു വീക്ഷണം. അതിന്റെ മുകളിലാണ് മൂലധനത്തിന്റെ വലിയ പ്രവർത്തനങ്ങൾ നടന്നതും ഹെൽത്ത് ഇൻഡസ്ട്രി എന്നു പറയുന്നത് കെട്ടിപ്പടുക്കുകയും ചെയ്യപ്പെട്ടത്. വലിയ വ്യവസായം പോലെ ആശുപത്രികളും സാങ്കേതിക വിദ്യയും മരുന്നുകളും ഒക്കെ മൂലധനവുമായി കൂട്ടിക്കലർത്തപ്പെട്ടു. കഴിഞ്ഞ പത്തമ്പത് വർഷം കൊണ്ട് ശക്തിപ്പെട്ട ആരോഗ്യത്തെ സംബന്ധിച്ച ഈ സങ്കല്പത്തെ, കൊറോണ വലിയ പ്രതിസന്ധിയിലാക്കി. എത്ര പണമുണ്ടെങ്കിലും, എത്ര ടെക് നോളജി വികാസമുണ്ടായാലും രോഗത്തെ ഡീൽ ചെയ്യാൻ പറ്റുന്നില്ല എന്ന പ്രശ്നം അതിസമ്പന്ന രാഷ്ട്രങ്ങൾ തന്നെ നേരിട്ടു.

രണ്ടാം ലോകമഹായുദ്ധത്തിൽ യൂറോപ്പ് ഇങ്ങനെയൊരു ക്രൈസിസ് നേരിട്ടു എന്നു പറയാറുണ്ട്. എങ്കിലും എനിക്കു തോന്നുന്നത് അതിനെക്കാളാഴത്തിൽ ഒരു പ്രതിസന്ധി നിലവിൽ നേരിടുന്നുണ്ടെന്നാണ്. കാരണം ഇതെല്ലാവരുടെയും വീടിന്റെ ഉള്ളിലെത്തി. യുദ്ധമുന്നണിയിൽ നേരിട്ടു പ്രത്യക്ഷപ്പെട്ടവരെയോ, ഭാഗഭാക്കായ ചില പ്രദേശങ്ങളെയോ പോലെയല്ല സാർവ്വത്രികമായി മനുഷ്യർ സ്തംഭിച്ചു പോയ, മുഴുവനാളുകളും നിസഹായരായിപ്പോയ ഒരു സ്ഥിതി ഇതിനു മുൻപുണ്ടായിട്ടില്ല. അമേരിക്കയിൽ ഒട്ടുമുണ്ടായിട്ടില്ല, ചില തുറമുഖാക്രമണങ്ങൾ ഒഴിച്ചു നിർത്തിയാൽ യുദ്ധം പോലും അവിടെ വലിയ ഇടപെടൽ നടത്തിയിട്ടില്ല. വ്യവസ്ഥയുടെ ഉള്ളിലുള്ള വൈരുധ്യത്തെ എംപരിക്കലായി, മുഖാമുഖം കാണുകയാണ്.

എക്കണോമിസ്റ്റ് മുഖപ്രസംഗത്തിൽ പറഞ്ഞല്ലോ വിയറ്റ്നാമും കേരളവുമാണ് മാതൃക എന്ന്. വളരെ പിൻനിരയിലുള്ള, പ്രതിശീർഷ വരുമാനമൊക്കെ ഏകദേശം സമാനമായ രണ്ട് സമൂഹങ്ങളാണിവ. എങ്ങനെ പ്രതിരോധത്തിന്റെ ഒരു മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞു എന്നു ചോദിച്ചാൽ സാമൂഹികതയുടെ ഒരു തലമാണതിലുള്ളത്, വീക്ഷണപരമായ വ്യത്യാസമാണ്. ഒരു സമൂഹത്തിന്റെ ആകമാനമായ ആരോഗ്യമാണ് എന്റെ ആരോഗ്യം എന്ന വീക്ഷണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ആരോഗ്യത്തെ ഒരു സ്വകാര്യ പ്രശ്നമായിട്ടല്ല, പൊതുവായ രാഷ്ട്രീയ പ്രശ്നമായാണ് ഈ സമൂഹങ്ങൾ കാണുന്നത്. ആ ഊന്നലാണ് പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുന്നത്. അതിനെ വികസിപ്പിക്കുക എന്നതാണ്, സാമൂഹ്യമായ ഈ സന്ദേശത്തെ കൂടുതൽ ഉയർത്തിപ്പിടിക്കുക എന്നതാണ് അഥോറിറ്റേറിയനിസത്തിലേക്കുള്ള സഞ്ചാരത്തെ ചെറുക്കാൻ നമുക്ക് ചെയ്യാനുള്ളത്. സാമൂഹ്യ-രാഷ്ട്രീയ ഭാവനയിലേക്ക് ഈ പൊതുതത്വത്തെ പരിഭാഷപ്പെടുത്താൻ കഴിഞ്ഞാൽ അധികാര കേന്ദ്രീകരണത്തോടുള്ള ഒരേറ്റുമുട്ടൽവഴി നമുക്ക് തുറക്കാൻ പറ്റും.

വിയറ്റ്‌നാമിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം / ചിത്രം: vietvisiontravel.com

തോൽപ്പിക്കാൻ കഴിയുമോ എന്നറിയില്ല, പക്ഷേ ഒരു സമരസാധ്യത നമ്മുടെ മുൻപിലുണ്ട്. അത് ലോകം തന്നെ ഏകദേശം ഇന്നംഗീകരിച്ചിട്ടുമുണ്ട്. ഇതിലൊരു വൈരുധ്യമുള്ളത്, ഒരു ഭാഗത്ത് സാമൂഹികത എന്നു പറയുമ്പോൾ മറുഭാഗത്ത് നാം ഫിസിക്കൽ ഡിസ്റ്റൻസ് എന്നാണു പറയുന്നത്. ഈ ഫിസിക്കൽ ഡിസ്റ്റൻസും സൊസൈറ്റൽ എന്നു പറയുന്ന വാല്യു സിസ്റ്റവും തമ്മിലുള്ള കോൺഫ്ളിക്ട് ചിലപ്പോൾ ഫീൽ ചെയ്യാം. അവിടെ നമ്മൾ കാണേണ്ടത്, ശരീരം

വ്യക്തിഗതമായിരിക്കെത്തന്നെ അതിലുൾപ്പെട്ടു നിൽക്കുന്ന സാമൂഹികതയുടെ ഒരു മാനമുണ്ടല്ലോ അതിനെ പൂർണ്ണമായി മറച്ചു പിടിയ്ക്കുകയാണ് ബൂർഷ്വാ സിവിലൈസേഷൻ ചെയ്തത്, സ്വകാര്യ വ്യക്തിയെ ഉണ്ടാക്കിക്കൊണ്ട്, ആ വ്യക്തിയുടെ തകർച്ച ഈ രോഗവ്യാപനത്തിലുണ്ട്. അതിലേക്ക് കൂടുതൽ നോക്കിയാൽ രോഗപ്രതിരോധത്തിന്റെ പൊളിറ്റിക്കൽ എക്കോണമിയെ നമുക്ക് ആളുകളിലേക്ക് എത്തിക്കാൻ പറ്റും. രാഷ്ട്രീയമായ ഒരുള്ളടക്കം രോഗത്തിനെതിരായ പ്രതിരോധത്തിലുണ്ട്. ഭരണവിജയത്തിന്റെ - അതൊട്ടും ചെറിയ കാര്യമല്ല - മാത്രം തലത്തിൽ കണ്ടാൽ പോരാ, ഈ വിശാലരാഷ്ട്രീയത്തെക്കൂടി ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്.

ഒരു വൈരുധ്യം ചൂണ്ടിക്കാണിച്ചോട്ടെ. രോഗം സാമൂഹികമാണ് എന്ന തിരിച്ചറിവുണ്ടാകുന്നു എന്നു പറയുമ്പോൾ തന്നെ അപരത്തെക്കുറിച്ചുള്ള ഒരു ഭയം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. താനല്ലാത്തവരിലെല്ലാം രോഗത്തിന്റെ - മരണത്തിന്റെ - സാധ്യത നാം ദർശിച്ചു തുടങ്ങി?

സാമൂഹികത എന്നതിനെ നാം മനസിലാക്കേണ്ടത് വ്യക്തി/സമൂഹം എന്ന വിരുദ്ധ ഗണങ്ങളെ മുൻനിർത്തിയല്ല. ഒറ്റയ്ക്കിരിക്കുമ്പോൾ വ്യക്തിയാണ്, സംഘം ചേരുമ്പോൾ സാമൂഹ്യപ്രക്രിയയിൽ ഇടപെടുകയാണ് എന്നതൊരു കൃത്രിമ ദ്വന്ദ്വബോധമാണ്. ഒരു വ്യക്തി എന്ന നിലയിൽ അനുഭവിച്ചതും ആസ്വദിച്ചതും ഉൾക്കൊണ്ടതുമൊക്കെ സാമൂഹ്യമായ ഒരു ബന്ധത്തിനകത്താണ്. മാർക്സിന്റെ പ്രസിദ്ധമായ നിരീക്ഷണത്തിലേക്കു നോക്കിയാൽ നമുക്ക് രണ്ട് ഘടകങ്ങൾ കാണാം. Man is an ensemble of social relations- ഒന്ന് സമുച്ചയമാണ് മനുഷ്യൻ, അതിലുള്ളത് സാമൂഹ്യബന്ധങ്ങളാണ് താനും. എന്നിൽ വിശേഷിപ്പിക്കപ്പെടുന്ന എല്ലാ പദവികളും സാധ്യമാകുന്നത് ഞാനിടപെടുന്നവരുടെ സാന്നിധ്യത്തിലാണ്. അല്ലാതെ സത്താപരമായ പദവിയല്ല ഒന്നും, ഞാൻ പുലർത്തുന്ന ബന്ധങ്ങളുടെ ആവിഷ്കാരമാണ്.

അതു കൊണ്ട് ഏത് സ്വകാര്യതയിലും സാമൂഹികതയുണ്ട്, അല്ലാതെ വ്യക്തിയുടെ മറുപുറമായി സാമൂഹികതയെ കാണരുത്. ആ കാഴ്ച്ചയാണ് വ്യക്തി എന്ന ഏകമാനതയെ ഉണ്ടാക്കിയത്, ചികിത്സ എന്റെ മാത്രം പ്രശ്നമാവുന്നതിനു പിന്നിലെ ദാർശനികമാനം അതാണ്. എന്റെ ആരോഗ്യം എന്നത് നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് എന്ന വീക്ഷണത്തിലേക്കാണ് കൊറോണക്കാലം നമ്മെ കൊണ്ടു പോകുന്നത്. അകന്നു നിൽക്കുന്നതു തന്നെ നിങ്ങളെക്കരുതിയാണ്, എന്നെക്കരുതിയുമാണ്. മാസ്ക് ധരിക്കുന്നത് നിങ്ങൾക്കു രോഗം പകരാതിരിക്കാനാണ്, എനിക്ക് പകരാതിരിക്കാനുമാണ്. ആ നിലയിൽ ഒരു സാമൂഹികതയുടെ അംശം ഫിസിക്കൽ ഡിസ്റ്റൻസിംഗിലുണ്ട്.

വലതുപക്ഷം അവബോധപരമായും രാഷ്ട്രീയമായും ഒരു പ്രതിസന്ധി നേരിടുകയാണ് എന്നാണോ മനസിലാക്കേണ്ടത് ?

അതെയതെ, വലതുപക്ഷ ബോധം എന്നു പറയാം. സ്വകാര്യവ്യക്തിബോധം, ആ വ്യക്തിയെ മുൻനിർത്തുന്ന കുടുംബം സമൂഹം രാഷ്ട്രം ഒക്കെ അവതരിപ്പിച്ചു കൊണ്ടും അതിന്റെ മുകളിൽ മൂലധനബന്ധം ഉറപ്പിച്ചു കൊണ്ടുമാണ് വലതുപക്ഷം ശക്തിപ്പെട്ടത്. ഇത്തരം സ്ഥാപനങ്ങളുടെ അടിസ്ഥാന യൂണിറ്റിൽ കൊറോണക്കാലം ഒരു സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. മുതലാളിത്തം തകരാൻ പോവുകയാണ് എന്നൊന്നും പ്രവചിക്കുകയല്ല. വ്യക്തിപരമായി ഞാൻ കരുതിയിരുന്നത് മുതലാളിത്ത ലോകക്രമം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ്. വളരെ ആകസ്മികമായാണ് വൈറസ് വന്നത്.

കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചത്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ (അന്നത്തെ കണക്കാണ്) വൈറസിന്റെ മൊത്തം ഭാരമെടുത്താൽ ഒന്നരഗ്രാമേയുള്ളൂ എന്നാണ്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക - സാമ്പത്തിക ശക്തികൾ, ഭരണകൂട യുക്തികൾ എല്ലാത്തിനെയും നിശ്ചലമാക്കിക്കളഞ്ഞത് ഇത്ര ചെറിയ ഭാരമാണ്. 2003 ൽ SARS വന്ന സമയത്ത്, രണ്ടോ മൂന്നോ പതിറ്റാണ്ടിനുളളിൽ ആ വൈറസിന് മ്യൂട്ടേഷൻ വന്ന് വലിയൊരു മഹാമാരിയായി മാറാൻ സാധ്യതയുണ്ട്, വലിയ ഗവേഷണ പ്രവർത്തനം അതുമായി ബന്ധപ്പെട്ട് ആവശ്യമുണ്ട് എന്നും ലക്ഷക്കണക്കിന് വെന്റിലേറ്ററുകൾ ആവശ്യമായി വന്നേക്കാം, കുറഞ്ഞ ചിലവിൽ അത് ലഭ്യമാകുന്ന നിലയിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട് എന്നും രണ്ടു കാര്യങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നു. വെന്റിലേറ്ററുകളുടെ പ്രൊജക്ട്

ഒക്കെയുണ്ടായി, പക്ഷേ നിർമ്മാണം നടന്നില്ല. മഹാമാരിയെ നേരിടാൻ 50 ലക്ഷം വെന്റിലേറ്ററുണ്ടാക്കിയിട്ട് വിപണിയിൽ പ്രത്യേകിച്ച് വിലയൊന്നുമില്ലല്ലോ. എപ്പഴോ വരാനുള്ള മഹാമാരിയ്ക്കു വേണ്ടി മൂലധനത്തിന് വ്യയം ചെയ്യാൻ പറ്റില്ല. ചോംസ്കി ഈ രണ്ടു കാര്യങ്ങളും ചേർത്തു വെച്ച് മൂലധനം ഉണ്ടാക്കിയ വ്യാധിയായി ഈ രോഗത്തെ വിലയിരുത്തുന്നുണ്ട്. മുതലാളിത്തത്തിന്റെ താത്വികാടിസ്ഥാനമായ വ്യക്തി എന്ന സങ്കല്പം മുതൽ നിയോലിബറലിസത്തിന്റെ ഹെൽത്ത് ഇൻഡസ്ട്രിയിൽ വരെ വലിയൊരു ഉലച്ചിൽ കൊറോണ ഉണ്ടാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ വിശദീകരിച്ച് ഒരു പോസിറ്റീവ് ടേണിലേക്ക് ലോകസമൂഹങ്ങളെ കൊണ്ടുവരാൻ പ്രാപ്തമായ നിലയിൽ ഇച്ഛാശക്തിയോടുള്ള ഇടപെടൽ നടക്കുന്നുണ്ടോ എന്നതു സംശയമാണ് എന്നതു കൂടി ചേർത്തു പറയേണ്ടതുണ്ട്.

ഇന്ത്യൻ സന്ദർഭത്തിലേക്കു വന്നാൽ, തീവ്രഹിന്ദുത്വം ഭരണപരമായി പ്രായോഗിക പരാജയമാണ് എന്നത് പൊതുതിരിച്ചറിവാകാൻ കൊറോണക്കാലം ഉപകാരപ്പെടുമോ ?

പ്രായോഗികമായി അവർ ഒരിക്കലും വിജയിച്ചിട്ടില്ല. ഒരു ഭരണസംവിധാനം എന്ന നിലയിൽ മിക്കവാറും പരാജയമാണവർ. പക്ഷേ, ഓരോ സന്ദർഭങ്ങളെയും വലിയ നിലയിൽ മാനിപ്പുലേറ്റ് ചെയ്യാൻ അവർക്കു പറ്റിയിട്ടുണ്ട്. നോട്ട് നിരോധനം പരാജയമായിരുന്നു, ജി.എസ്.ടി പരാജയമായിരുന്നു, കാർഷിക-വ്യവസായ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. പക്ഷേ വർഗീയതയുടെ സമർത്ഥമായ ഉപയോഗം കൊണ്ട് ഇതിനെയൊക്കെ മൂടി വെക്കുന്നതിൽ അവർ വിജയിച്ചു.

കൊറോണക്കാലത്ത് പക്ഷേ - ആദ്യഘട്ടത്തിൽ തബ്ലീഗ് ഇഷ്യു ഒക്കെ ഉയർത്തിക്കൊണ്ടു വന്ന് വർഗീയതയെ ഇവിടെയും സ്ഥാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും -അത്തരം ശ്രമങ്ങളുടെയൊക്കെ മുകളിൽ പരാജയം പ്രകടമായിക്കഴിഞ്ഞു. കുടിയേറ്റ തൊഴിലാളികൾ, അവരുടെ പലായനം, കാർഷിക മേഖലയിലെ വലിയ പ്രതിസന്ധി, രാജ്യമാസകലം പടർന്ന പട്ടിണി ഇങ്ങനെ ധാരാളം ഘടകങ്ങളിലൂടെ ഇക്കാലം വരെയില്ലാത്ത മട്ടിൽ ഭരണകൂടത്തിന്റെ പരാജയം വ്യക്തമാകുന്നുണ്ട്. ഒരു പക്ഷേ ആ വ്യവസ്ഥയുടെ ഇരകളും നടത്തിപ്പുകാരുമായ സാധാരണ മനുഷ്യർക്കു തന്നെ ഈ പരാജയം അനുഭവവേദ്യമായിട്ടുണ്ട്. ഈ ഘട്ടത്തിൽ ഹിന്ദുത്വയുടെ വലിയ തമ്പേറുകളൊന്നും നാം കേൾക്കുന്നില്ലല്ലോ. ആദ്യഘട്ടത്തിൽ ചൂട്ടു കത്തിക്കലൊക്കെ ഉണ്ടായെങ്കിലും മൂന്നാം ഘട്ടത്തിലേക്കെത്തുമ്പോഴേക്കും ഭരണകൂടം നിശബ്ദമാണ്, പ്രചരണ വിഭാഗം നിശബ്ദമാണ്. ആകെ ഉയർന്നു കേൾക്കുന്നത് യാതനയുടെ ശബ്ദമാണ്. എങ്ങനെയാണ് വർഗീയശക്തികൾ മറികടക്കാൻ പോകുന്നതെന്നറിയില്ല, പക്ഷേ ഇക്കാലം വരെ സ്വീകരിച്ച സ്ട്രാറ്റജികൾ ഇവിടെ അതുപോലെ ഫലിക്കുന്നില്ല. ഇതേ സമയം തന്നെ ഹിന്ദുത്വ ശക്തികൾ ചെയ്ത രണ്ട് ഇടപെടലുകൾ കൂടി നാം ശ്രദ്ധിക്കണം, ഒന്ന് തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റം രണ്ട്, ഇരുപത് ലക്ഷം കോടിയുടെ പാക്കേജ് എന്നു പറഞ്ഞ് മൂന്നര ലക്ഷത്തിന്റെ പാക്കേജ് അവതരിപ്പിച്ചത് (മൂന്നരലക്ഷം കോടി മാത്രമാണ് നേരിട്ട് ചിലവഴിക്കാനുള്ളത്, ബാക്കി മുഴുവൻ വായ്പകളും കടമെടുക്കാനുള്ള സംവിധാനങ്ങളുമൊക്കെയാണ് ).

ഈ പാക്കേജിലേക്ക് നോക്കിയാൽ നമ്മുടെ പ്രതിരോധ മേഖലയെ അടക്കം പ്രൈവറ്റൈസ് ചെയ്യാനുള്ള നീക്കം അതിനകത്തു കാണാം. ക്രോണി കാപ്പിറ്റലിസത്തിന്റെ തീവ്രമായ ഒരാവിഷ്കാരമാണ് അവരീഘട്ടത്തിൽ ചെയ്തത്. അടുത്തഘട്ടത്തിലാരോ എഴുതിയിരുന്നു കൊറോണ കാപ്പിറ്റലിസം എന്നാണ് വിളിക്കേണ്ടതെന്ന്. അത്തരം ഇടപെടൽ ഒരു ഭാഗത്ത് നടക്കുന്നത് കൂടി നാം കാണേണ്ടതുണ്ട്. ഒരു പ്രൊപഗാണ്ട എന്ന നിലയിൽ വിജയിപ്പിച്ചെടുക്കാൻ പറ്റിയിട്ടില്ല എങ്കിലും. തൊഴിൽ നിയമങ്ങളിൽ വരുത്തുന്ന മാറ്റം അവരുടെയുള്ളിൽ തന്നെ ഒരെതിർപ്പുണ്ടാക്കിയിട്ടുണ്ട് താനും. സംഘടിതമായ ഒരു പ്രതിരോധമുയർന്നു വരാൻ സാധ്യതയില്ലാത്ത സന്ദർഭം എന്ന നിലയിൽ അവരിതുപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഹിന്ദുത്വ തകർന്നു പോകും എന്നൊന്നും കരുതിക്കൂടാ.

കേരളത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ സാമാന്യമായി വിജയമാണെന്നു പറയാം. ഇത്തരമൊരു വിജയത്തിന് പശ്ചാത്തലമൊരുക്കിയ ഘടകങ്ങൾ എന്തൊക്കെയായിരിക്കാം?

സമീപകാലത്ത്, കേരളം നേടിയ വിജയങ്ങളെ മുഴുവൻ പത്തൊമ്പതാം നൂറ്റാണ്ടവസാനം മുതൽ തിരുവിതാംകൂർ കൊട്ടാരത്തിന്റെ മുൻകൈയാൽ നടന്ന വാക്സിനേഷന്റെ ഫലമാണ് എന്ന നിലയിലവതിരിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായതു നാം കണ്ടു. തിരുവിതാംകൂർ കൊട്ടാരത്തിന്റെ വാക്സിനേഷൻ പ്രവർത്തനങ്ങളെയോ ആരോഗ്യമേഖലയിലെ ഇടപെടലുകളെയോ നാം തള്ളിക്കളയേണ്ടതില്ല, അതൊരു കംപോണന്റാണ്. ആ കംപോണന്റ് ശക്തമായി നിന്നതിൽ അന്നത്തെ ബ്രിട്ടീഷ് സമ്മർദ്ദവുമുണ്ട്. അല്ലാതെ രാജകുടുംബത്തിന്റെ സ്വാഭാവികമായ ആധുനികതാബോധമൊന്നുമല്ല ആ പ്രവർത്തനത്തിന് പുറകിലുള്ളത്. എങ്കിലും ധർമ്മാശുപത്രികളൊക്കെ ആ ഘട്ടത്തിൽ നിലവിൽ വന്നു തുടങ്ങിയിരുന്നു എന്നതൊക്കെ പരിഗണിച്ചാൽ രാജകുടുംബത്തിന്റെ ഇടപെടൽ എന്ന ഒരു ഘടകം ഉണ്ട് എന്നതംഗീകരിക്കാം. പക്ഷേ രാജഭരണമാണ് ഇന്നത്തെ ആരോഗ്യസംവിധാനത്തിന്റെ അടിത്തറ എന്നൊക്കെ വാദിച്ചു കളയുന്നത്, നമ്മുടെ ജനാധിപത്യ-രാഷ്ട്രീയ ചരിത്രത്തെ മുഴുവൻ തള്ളിക്കളയലാണ്.

എല്ലാ മനുഷ്യർക്കും അന്തസ്സാർന്നതും അഭിമാനപൂർവ്വവുമായ ഒരു ജീവിതത്തിന് അവകാശമുണ്ട് എന്ന ബോധ്യം പൊതുസമൂഹത്തിൽ ഉള്ളതാണ് കേരളാമോഡൽ പ്രതിരോധ പ്രവർത്തനങ്ങളുടെ അടിസ്ഥാനം. ലോക്ഡൗൺ തുടങ്ങിയപ്പോൾ മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ പൊതു അടുക്കളകൾ ആരംഭിക്കണമെന്നു പറയുന്നു.

കമ്മ്യൂണിറ്റി കിച്ചൺ / ഫോട്ടോ: EP Jayarajan Facebook page

മൂന്നാം നാൾ കേരളത്തിൽ ആയിരം അടുക്കളകൾ ആരംഭിച്ചു, ഏകദേശം മൂന്നര ലക്ഷം ആളുകൾക്ക് അന്നൊരു ദിവസം ഭക്ഷണം കൊടുക്കുന്നു. അതിൽ ബഹുഭൂരിപക്ഷവും അലഞ്ഞുതിരിയുന്നവരും അശരണരായവരും കുടിയേറ്റത്തൊഴിലാളികളുമൊക്കെയാണ്. അവരുടെ ജീവിതവും നമ്മുടേതു പോലെ വിലപ്പെട്ടതാണ് എന്ന ഒരടിസ്ഥാനബോധ്യം സമൂഹത്തിലുള്ളതു കൊണ്ടാണ് ഇത് സാധ്യമാകുന്നത്. കമ്യൂണിസ്റ്റ്/കോൺഗ്രസ് എന്നിങ്ങനെ കക്ഷി തലത്തിലല്ല. കേരളം ദീർഘകാലം കൊണ്ടു നേടിയെടുത്ത വിശാലമായ സാമൂഹ്യബോധമാണത്, അത് ഒറ്റനാൾ കൊണ്ടുണ്ടായതല്ല. സംഗ്രഹിച്ചു പറഞ്ഞാൽ "പൊതുവായത് ' എന്നത് കേരളത്തിൽ ഏതെങ്കിലും ഘട്ടത്തിൽ പൂർണ്ണമായി ഇല്ലാതായിപ്പോയിട്ടില്ല. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, പൊതുഗതാഗതം, പൊതുവാർത്താവിനിമയം ഇതെല്ലാം ദുർബലമാവാതിരിക്കാനുള്ള ഒരു കരുതൽ നമുക്കുണ്ടായിരുന്നു. ഇവയാകട്ടെ, നവോത്ഥാനം മുതലാരംഭിക്കുന്ന പലഘടകങ്ങൾ ചേർന്നുണ്ടായതാണു താനും.

ബ്രിട്ടീഷ് ഇടപെടലുണ്ട്, മിഷണറി പ്രവർത്തനങ്ങളുണ്ട്, മധ്യവർഗത്തിന്റെ രൂപപ്പെടൽ, നാരായണഗുരു, പരിഷ്കരണപ്രസ്ഥാനങ്ങൾ, ഇടതുപക്ഷം, ദേശീയപ്രസ്ഥാനം ഇതെല്ലാം ചേർന്ന് സാമൂഹികതയുടെ ശക്തമായ ഒരടിപ്പടവ് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിൽ ശക്തിപ്പെടുന്നുണ്ട്. അതിന്റെ മുകളിലാണ് സംസ്ഥാനം നിലവിൽ വന്നതിനു ശേഷമുള്ള പ്രയോഗങ്ങൾ നടന്നത്. കക്ഷികളൊക്കെ മാറി വന്നിട്ടുണ്ടാവാം പക്ഷേ ഈ അടിപ്പടവ് ഇല്ലാതായിട്ടില്ല. അത് കോൺഗ്രസ് ഭരിക്കുമ്പോഴും ഇല്ലാതായിട്ടില്ല, ഇടതുപക്ഷം ഭരിക്കുമ്പോഴാകട്ടെ കുറെക്കൂടി ഇതിനെ ശക്തിപ്പെടുത്താൻ ശ്രമിക്കാറുമുണ്ട്. ആരോഗ്യമേഖല, പൊതുവിതരണം, ക്ഷേമപെൻഷനുകൾ ഇവയെല്ലാം ഇടതുപക്ഷം ഭരിക്കുമ്പോൾ ശക്തിപ്പെടും. വലതുപക്ഷം അധികാരത്തിൽ വന്നാലും ക്ഷേമപെൻഷൻ ഒറ്റയടിക്ക് നിർത്താൻ പറ്റില്ല. മുതലാളിത്തത്തിന്റെ യുക്തി വെച്ച് ക്ഷേമപെൻഷൻ എന്നത് അസംബന്ധമാണ്. ഒട്ടും ഉത്പാദനക്ഷമമല്ലാത്ത, പാഴായിപ്പോകുന്ന പണമാണല്ലോ ആ യുക്തിയിൽ നോക്കിയാൽ. എല്ലാ മനുഷ്യരുടെയും ജീവിതാന്തസ്സ് എന്ന സങ്കല്പം, പടി പടിയായി ഇവിടെ ശക്തിപ്പെട്ടിട്ടുണ്ട്. നിയോലിബറലിസത്തിനു പോലും അതിനെ ഇല്ലാതാക്കാൻ പറ്റിയിട്ടില്ല. ശ്രമങ്ങളൊക്കെ ധാരാളം നടന്നിട്ടുണ്ട്. നമ്മുടെ പൊതുവിദ്യാഭ്യാസത്തെ ഇല്ലാതാക്കാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വലിയ ശ്രമം നടന്നിട്ടുണ്ട്, പൊതുവിതരണ സംവിധാനം, പൊതുജനാരോഗ്യം എന്നിവയൊക്കെ തകർക്കാൻ മൂലധനശക്തികൾ ശ്രമിച്ചിട്ടുണ്ട്. പൊതു ആരോഗ്യ സംവിധാനങ്ങളുടെയൊക്കെ പ്രസക്തി എത്ര വലുതാണെന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ കൊണ്ടല്ല, പ്രൈമറി ഹെൽത് സെന്ററുകൾ കൊണ്ടും ആശാവർക്കർമാരെ കൊണ്ടും കുടുംബശ്രീ കൊണ്ടുമാണ് നാം നിലവിൽ തലയുയർത്തി നിൽക്കുന്നത്. കീഴ്ത്തട്ടിലുള്ള ജനാധിപത്യ പ്രക്രിയയുടെയും അതിന്റെ പ്രായോഗിക രൂപങ്ങളുടെയും വിപുലമായ പ്രവർത്തനം കൊറോണയ്ക്കെതിരായ പ്രതിരോധത്തിലുണ്ട്. ഏതോ രാജാവിന്റെ ഔദാര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കണ്ട വിജയം സാധ്യമാകുന്നത് എന്നു വരുത്തിത്തീർക്കുന്നത് ജനങ്ങളുടെ ഇച്ഛയ്ക്കു മുകളിലേക്ക് രാജഭരണത്തിന്റെ മികവിനെ സ്ഥാനപ്പെടുത്താനുള്ള ശ്രമമാണ്. അതു നമ്മൾ ചെറുക്കേണ്ടതാണ്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും കേരളത്തിന്റെ സാമൂഹികതയുടെ ബലം തന്നെയാണു നാം കാണുന്നത്. കേരളമോഡൽ എന്നത് വലതുപക്ഷം ആകമാനം പരിഹസിച്ച- പുച്ഛിച്ച ഒന്നാണ്. ഒരു പൊങ്ങുതടിയാണ്, കെട്ടുകഥയാണ് എന്നൊക്കെ പരിഹസിക്കപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷം തന്നെയും അതിനോട് ക്രിട്ടിക്കലാണ്. ഇ.എം.എസ് മോഡൽ എന്ന കൺസെപ്റ്റിന് എപ്പോഴും എതിരായിരുന്നു. സാമ്പത്തിക വളർച്ചയില്ലാത്ത സാമൂഹിക വളർച്ചയെ മോഡൽ എന്നു വിളിച്ചു കൂടാ എന്നായിരുന്നു ഇ.എം.എസിന്റെ നിലപാട്. സാമ്പത്തിക വളർച്ചയില്ലാത്ത സാമൂഹിക വളർച്ചയ്ക്കു ദീർഘകാലം നിലനിൽക്കാൻ പറ്റില്ല എന്നൊരു പൊസിഷനായിരുന്നു അദ്ദേഹമെടുത്തു പോന്നത്. ഇടതുപക്ഷത്തിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ കേരളാമോഡലുമായി ബന്ധപ്പെട്ടുണ്ടെന്നു സാരം. ഈ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുമ്പോൾ തന്നെ കേരളമോഡൽ എന്നതൊരു വസ്തുതയാണ്.

ലളിതമായ ഒരു കണക്കു മാത്രം പറയാം, 1951 ൽ 60 വയസിനു മുകളിൽ പ്രായമുള്ളവരുടെ ദേശീയ ശരാശരിയെക്കാൾ താഴെയാണ് കേരളത്തിൽ. അഖിലേന്ത്യാ ശരാശരി 5.6 ആയിരുന്ന അന്ന് നമ്മൾ 5.1 ലാണ് നിന്നിരുന്നത്. 2012 ആകുമ്പോൾ ദേശീയ ശരാശരിയുടെ ഇരട്ടിയായി നാമതിനെ ഉയർത്തി. അഖിലേന്ത്യാ ശരാശരി 7-8 ശതമാനത്തിൽ നിൽക്കുമ്പോൾ നമ്മൾ 13 നു മുകളിലാണ്. രാജാവിന്റെ ഔദാര്യമല്ല എന്നർത്ഥം. ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, നമുക്ക് IMR (Infant Mortality Rate) നോക്കാം. ആയിരം കുട്ടികൾ ജനിക്കുമ്പോൾ 7 കുട്ടികളേ മരിക്കുന്നുള്ളൂ. ഐക്യരാഷ്ട്ര സഭയുടെ 2020 ലെ ലക്ഷ്യം 8 ആണ് എന്നോർക്കുക. സ്ത്രീകളുടെ ആയുസ്, വിദ്യാഭ്യാസം അങ്ങനെ എത്ര മേഖലകൾ വേണമെങ്കിലുമെടുക്കാം.

"Break the Chain' എന്ന മുദ്രാവാക്യം നാമുയർത്തുന്നു, അതിനായി കൈ കഴുകണം. കൈ കഴുകലിനെ, അതിന്റെ ശാസ്ത്രീയതയിൽ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സമൂഹം ഉണ്ടായതു കൊണ്ടാണ് അത് ഫലിച്ചത്. ഇത് പൊതുവിദ്യാഭ്യാസം കീഴ്ത്തട്ടിൽ വരെ എത്തിയതു കൊണ്ടാണ്. ദി ഹിന്ദു ഈയിടെ എഴുതിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയ കാര്യം, "കേരള മോഡൽ അനുകരിക്കാം പക്ഷേ ആ വിജയം ആവർത്തിക്കാൻ കഴിയില്ല' എന്നാണ്. ഒരു നൂറ്റാണ്ട് പഴക്കമുള്ള സോഷ്യൽ റെവല്യൂഷന്റെ മുകളിലാണ് കേരളം ഇതു നേടിയത്. അതാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. നാമിപ്പോൾ പറഞ്ഞുറപ്പിക്കേണ്ട ഒരു കാര്യം ഇതാണ്.

ആ അർത്ഥത്തിലാണോ "വലതുപക്ഷത്തിനോട് കണക്കു ചോദിക്കുകയാണ് കൊറോണക്കാലം' എന്നു താങ്കൾ എഴുതിയത്. ?

അല്പം ആലങ്കാരികമായിട്ടാണ് ആ പ്രയോഗം വന്നത്. എങ്കിലും, കഴിഞ്ഞ പത്ത് മുപ്പത് വർഷമായി കേരളത്തിലെ വലതുപക്ഷം നമ്മുടെ സാമൂഹികതയുടെ ബലത്തെയും അതിന്റെ മൂല്യങ്ങളെയും പരമാവധി തള്ളിക്കളയാൻ പണിയെടുത്തിട്ടുണ്ട്. നവോത്ഥാനം എന്നതൊക്കെ ആളുകളെ ആക്ഷേപിക്കാനും അപഹസിക്കാനുമുള്ള ചീത്തവാക്കായി മാറ്റിയിട്ടുണ്ട് കുറച്ചു കാലമായവർ. നമ്മുടെ ഏറ്റവും വലിയ ധാർമ്മിക ചൈതന്യത്തിന്റെ പേരാണ് നവോത്ഥാനം എന്നത്. അത് മതവർഗീയവാദികളുടെ നാവിൽ ഒരു ആക്ഷേപപദമായി.

പിന്നെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള വാദം, എന്തും പ്രൈവറ്റൈസ് ചെയ്യണം എങ്കിലേ ശരിയാവുകയുള്ളൂ എന്ന വാദം, സ്വകാര്യമൂലധനത്തിനും മതവർഗ്ഗീയതയ്ക്കും ജാതിഭ്രാന്തിനുമൊക്കെ വേണ്ടിയുള്ള അതിശക്തമായ വാദങ്ങൾ കഴിഞ്ഞ മുപ്പത് വർഷങ്ങളായി അതിതീവ്രമായുണ്ട്. അത്തരം വാദഗതികൾക്കെല്ലാം പിൻവാങ്ങേണ്ടി വന്നു. നവോത്ഥാനത്തിന്റെയും സാമൂഹികതയുടെയും ഫലം അനുഭവിച്ചു കൊണ്ടാണ് കേരളത്തിലെ വലതുപക്ഷം ഇന്ന് ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്തുന്നത്. പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്ത മൂല്യങ്ങളാണ് അവരെയും സംരക്ഷിക്കുന്നത്. ഒരർത്ഥത്തിൽ ചരിത്രത്തിന്റെ ഒരു കണക്കു ചോദിക്കൽ അതിലുണ്ട്, ഒരു തരം കാവ്യനീതി. ഇത് വാസ്തവത്തിൽ നമ്മുടെ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതാണ്.

നമ്മുടെ പൊതുജനാരോഗ്യം വലതുപക്ഷം നിർദ്ദേശിച്ച മട്ടിൽ സ്വകാര്യവത്കരിക്കപ്പെട്ടിരുന്നു എങ്കിൽ, നിയോലിബറൽ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിലേക്ക് കൊണ്ടു പോയിരുന്നു എങ്കിൽ എന്താകുമായിരുന്നു ഇന്നത്തെ സ്ഥിതി. പൊതുവിതരണ സമ്പ്രദായം - അടച്ചു പൂട്ടിപ്പോയതാണല്ലോ - ഇല്ലാതായിരുന്നെങ്കിൽ എന്തായിരുന്നു നമ്മുടെ അവസ്ഥ. എത്രയോ ലക്ഷം ടൺ ഗോതമ്പ്, ഭക്ഷ്യധാന്യങ്ങൾ ഇന്ത്യയിലെ FCI ഗോഡൗണുകളിലുണ്ട്. പക്ഷേ, ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികൾ മുഴുവൻ പട്ടിണിയിലാണ്. അക്ഷരാർത്ഥത്തിൽ പട്ടിണി കിടന്ന് മരിക്കുന്നു. ഇതു കേരളത്തിൽ സംഭവിക്കാത്തത് നമ്മുടെ സാമൂഹികതയുടെ ബലം കൊണ്ടാണ്. ഒരു കാര്യം കൂടി പറയാം, ശമ്പളത്തിന്റെ ഒരോഹരി കൊടുക്കില്ല എന്നു പറഞ്ഞ മാഷന്മാരും സൗജന്യ റേഷൻ വാങ്ങിയിട്ടുണ്ട്. 99% സൗജന്യ റേഷൻ വിതരണം ചെയ്തു. ഇവരെല്ലാവരും മേടിച്ചിട്ടുണ്ടാകുമെന്നതുറപ്പാണ്. എന്നിട്ടും ശമ്പളത്തിൽ നിന്ന് ഒന്നും കൊടുക്കില്ല എന്ന് തന്നെയാണ് അവരുടെ നിലപാട്. വലതുപക്ഷത്തിന്റെ ഈ അധാർമ്മികതയെ സാമൂഹ്യവിരുദ്ധതയെ, സാമൂഹിക മൂല്യബോധം കൗണ്ടർ ചെയ്ത സന്ദർഭം കൂടിയാണിത്.

നമ്മുടെ സ്ഥാപനങ്ങൾ, ഉദാഹരണത്തിന് മതം, ദേവാലയം, കുടുംബം ആഘോഷച്ചടങ്ങുകൾ ഒക്കെ ഒരു വിഛേദത്തെ നേരിടുന്നു. ഈ മാറ്റം ഗുണകരമായ സാമൂഹ്യഫലമുളവാക്കുമോ ?

മതങ്ങൾ, നമ്മുടെ വിശ്വാസ സംഹിതകൾ, ആചാരാനുഷ്ഠാനങ്ങൾ ഇവയൊക്കെ നമുക്ക് കാലത്തിനൊത്ത് മാറ്റാവുന്നതേയുള്ളൂ എന്ന് വളരെ ലളിതമായി എല്ലാവർക്കും മനസിലായി. ഏത് ക്ഷേത്രവും അടച്ചുപൂട്ടാം, ഏതു പൂജാവിധികളും മാറ്റിവെക്കാം, ഏതു നിസ്കാരങ്ങളും താൽക്കാലികമായി നിർത്താം, ഏത് ആഘോഷങ്ങളും മാറ്റാം, അസാധ്യം എന്ന് ഒരു കൊല്ലം മുൻപ് വരെ നാം കരുതിയിരുന്നവയാണിതൊക്കെ. ദേവാലയങ്ങളുടെ മുൻപിൽ നാം ബോർഡു കാണുന്നു, താത്കാലികമായി അടച്ചിട്ടിരിക്കുകയാണെന്ന്. ആ തിരിച്ചറിവിനെ നാം പോസിറ്റീവായി കാണേണ്ടതുണ്ട്. ആചാരാനുഷ്ഠാനങ്ങൾ താൽക്കാലികമായി മാറ്റിവെക്കാവുന്നതും, തിരുത്താവുന്നതുമാണ്. അതു കൊണ്ട് ദൈവത്തിനോ മതത്തിനോ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നൊരു തിരിച്ചറിവ് വളരെ പ്രധാനമാണ്. മറ്റൊന്ന് മരണത്തിലെയും വിവാഹത്തിലെയുമൊക്കെ അത്യാർഭാടങ്ങൾ ഇല്ലാതായി എന്നതാണ്. മുപ്പതോ നാൽപ്പത് പേരോ പങ്കെടുക്കുന്ന വിവാഹം എന്നു വരുന്നതോടെ ജീവിതത്തിലെ ഒരു സാധാരണ കാര്യമായി അതു മാറുന്നു. മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് അഫോർഡബിളായ ഒന്നായി വിവാഹം മാറും, നിലവിൽ മധ്യവർഗ്ഗത്തിൽ താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് ഒരു ജീവിതകാലത്തെ ബാധ്യതയാണല്ലോ വിവാഹം. അതിൽ നിന്ന് പുറത്തു കടക്കാനുള്ള ചില വഴികൾ കൊറോണക്കാലം തുറന്നിട്ടുണ്ട്.

കുടുംബ ബന്ധങ്ങളിൽ ഗാർഹിക സംഘർഷങ്ങൾ കൂടി എന്ന പ്രശ്നം ഒരു ഭാഗത്തുണ്ട്. അപ്പോൾ തന്നെ കുടുംബഘടനയുടെ അഴിച്ചു പണിയെ സംബന്ധിച്ച ഒരു പാട് ചോദ്യങ്ങൾ ഉയരാൻ ഇക്കാലം പ്രേരണയായി. ഒരു സ്ഥാപനം എന്ന നിലയിൽ നമ്മുടെ കുടുംബ ഘടന പൊളിച്ചു പണിയേണ്ടതിന്റെ ആവശ്യകതയിലേക്ക് സൂചന നൽകി. ഒരു കാര്യമുറപ്പാണ്, കൊറോണാ സന്ദർഭത്തെ മുൻനിർത്തിയല്ലാതെ തന്നെ പറയാം, നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന്റെ അടിസ്ഥാന ഉപാധികളിൽ ഏറ്റവും പ്രധാനപ്പെട്ടത് കുടുംബഘടന പൊളിച്ചു പണിയലാണ്. ഒറ്റയൊറ്റയായ വ്യക്തികളുടെ നന്മ കൊണ്ടൊന്നും ഇതിനെ പരിഹരിക്കാൻ പറ്റില്ല. ആ ഇനീഷ്യേറ്റീവ് പ്രധാനമാണ്, പൊളിറ്റിക്കലായി കഴിയുന്നത്ര അതിലിടപെടുകയും വേണം. അപ്പോൾ തന്നെ ഒരു സംവിധാനം എന്ന നിലയിൽ കുടുംബഘടനയുണ്ടാക്കിയ കൃത്രിമമായ സദാചാരയുക്തികൾ, അതിന്റെ ശാരീരിക-സാമ്പത്തിക ചൂഷണങ്ങൾ എന്നിവ ചോദ്യം ചെയ്യപ്പെടുകയും സാമൂഹ്യമായി മാറ്റപ്പെടുകയും വേണം. ജോലി ചെയ്യുന്ന സ്ത്രീകളിൽ എഴുപത് ശതമാനത്തിന് തങ്ങളുടെ ശമ്പളത്തിൽ അധികാരമില്ലാത്തൊരു സ്ഥലം കൂടിയാണ് കേരളം. കുടുംബഘടനയുണ്ടാക്കിയ ചൂഷണത്തിന്റെ വ്യാപ്തിയാണിത്. ഈ വൈരുധ്യങ്ങൾ അനുഭവവേദ്യമായി എന്നതു കൂടി കൊറോണ കൊണ്ടു വന്ന മാറ്റമാണ്.

ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. സ്ഥായിയായ ഒരു സങ്കേതമായി അത് മാറാനുള്ള സാധ്യതയുമുണ്ട്. ഒരധ്യാപകൻ എന്ന നിലയിൽ, ഓൺലൈൻ മോഡിലേക്കുള്ള നമ്മുടെ മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്.?

ഓൺലൈൻ പഠനത്തെ ഒറ്റയടിക്ക് നമുക്ക് ഇനി തളളിക്കളയാൻ പറ്റില്ല. ഒരു സാങ്കേതിക വിദ്യ എന്ന നിലയിൽ സാമൂഹ്യമാധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിച്ചുള്ള ആശയവിനിമയ രീതി വളരെ പ്രധാനമായിക്കഴിഞ്ഞു. അച്ചടിയോളം തന്നെ പ്രാധാന്യം നിലവിൽ ഈ മാധ്യമത്തിനും കൈവന്നു കഴിഞ്ഞു. മനുഷ്യരുടെ പ്രധാനപ്പെട്ട വിനിമയമണ്ഡലമായി അതു സ്ഥാനപ്പെട്ടു. നമ്മുടെ മുൻപിലുള്ള ഒരു സാങ്കേതിക സംവിധാനത്തെ നമുക്ക് ആഗ്രഹിച്ച് ഇല്ലാതാക്കാൻ പറ്റില്ല. ഇഷ്ടമായാലും ഇല്ലെങ്കിലും ഡിജിറ്റൽ സാങ്കേതികത ഒരു യാഥാർത്ഥ്യമായി മുൻപിലുണ്ട്, അതിനോട് എൻഗേജ് ചെയ്യേണ്ടി വരും. ഡിജിറ്റൽ സാങ്കേതികതയുടെ സാധ്യതയെ പെട്ടെന്നുയർത്തിക്കൊണ്ടു വരുന്നതിൽ ഫിസിക്കൽ ഡിസ്റ്റൻസിംഗിന്റെ സന്ദർഭം കാരണമാവുകയും ചെയ്തു.

എല്ലാവർക്കും കൂടിയിരിക്കാൻ പറ്റാതാവുമ്പോൾ പിന്നെ ഏതാണ് പ്ലാറ്റ്ഫോം, അകന്നിരുന്ന് കൊണ്ട് ഒരുമിച്ചിരിക്കാം എന്ന അത്ഭുതപൂർവ്വമായ ഒരു സാധ്യതയാണ് ഡിജിറ്റൽ മേഖല തുറന്നു തന്നത്. ഫിസിക്കൽ ഡിസ്റ്റൻസിനെ ഒന്നിച്ചിരിക്കലാക്കി മാറ്റി ഓൺലൈൻ, ഈ സാധ്യതയില്ലായിരുന്നെങ്കിൽ അത് സെപ്പറേഷനാണ്. അതു കൊണ്ടു തന്നെ ഓൺലൈൻ എന്നത് അപ്പാടെ യാന്ത്രികവും നിഷേധാത്മകവുമാണ് കരുതുന്നത് ശരിയല്ല.

പക്ഷേ പ്രശ്നം അതല്ല, ഓൺലൈൻ വിദ്യാഭ്യാസത്തിലേക്കു കടക്കുമ്പോൾ ചില അടിസ്ഥാന ചോദ്യങ്ങൾ നാമുന്നയിക്കണം. ഒന്നാമതായി, ഇന്ത്യ പോലൊരു സമൂഹത്തിലെ ഡിജിറ്റൽ ഡിവൈഡിന്റെ സ്വഭാവമെന്താണ്. അത് നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിൽ ഏതളവിൽ പ്രതിഫലിക്കും. കേരളത്തിൽ പോലും ഈ ചോദ്യം പ്രധാനമാണ്, യൂറോപ്പിലെ സർവ്വകലാശാലകളോ അശോക പോലുള്ള സ്വകാര്യ സർവ്വകലാശാലകളോ മുൻപിൽ കണ്ടിട്ട് അവിടെ ഓൺലൈൻ ക്ലാസ് നടക്കുന്നുണ്ട് നമുക്കും സാർവ്വത്രികമാക്കാം എന്നു കരുതിയാൽ അതൊന്നും സാധ്യമല്ല. ഡിജിറ്റൽ ലിറ്ററസി മിഷൻ എന്താണ് ഡിജിറ്റൽ സാക്ഷരത എന്നു വിശദീകരിച്ചിട്ടുണ്ട്‌. ഓൺലൈൻ സംവിധാനങ്ങളെ മനസിലാക്കാനുള്ള സാങ്കേതിക ശേഷി, അതിൽ നിന്ന് വിവരങ്ങൾ ഏതൊക്കെ എന്നു കണ്ടെത്താനുള്ള ശേഷി, ഇത്തരം വിവരങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷി എന്നീ മൂന്ന് ഘടകങ്ങൾ ചേരുന്നതാണ് ഡിജിറ്റൽ സാക്ഷരത. ഭാഷ വായിച്ചു മനസ്സിലാക്കാനും, ഭാഷയിൽ പ്രവർത്തിക്കാനും കഴിഞ്ഞാലേ സാക്ഷരനാവുകയുള്ളൂ എന്നതു പോലെയാണ് ഡിജിറ്റൽ സാക്ഷരതയും. ആ നിലയിൽ നോക്കിയാൽ നമ്മുടെ ഡിജിറ്റൽ ലിറ്ററസി എത്രയോ തുച്ഛമാണ്. ഒരു മൊബൈലിലോ കംപ്യൂട്ടറിലോ കണക്ഷനുണ്ട് എന്നതിനെ മുൻനിർത്തിയാണ് നമ്മൾ വിർച്വൽ വേൾഡിൽ കണക്ടഡാണ് എന്നു പറയുന്നത്. അതു തന്നെ ഇന്ത്യയിൽ നേർപ്പകുതിയ്ക്ക് ഇല്ല. TRAI യുടെ ചില കണക്കുകൾ ഈയിടെ നോക്കുകയുണ്ടായി. ഇന്ത്യൻ ജനസംഖ്യയുടെ 66 % ഗ്രാമങ്ങളിലാണ്, ഇതിൽ ഒരു 80 % ആളുകൾക്കും ഒരു കണക്ഷനുമില്ല, ഒരു ആക്സസബിലിറ്റിയുമില്ല. നഗരങ്ങളിൽ ജീവിക്കുന്നവരിൽ 97% ന് ആക്സസ് ഉണ്ടു താനും. അങ്ങനെ നോക്കിക്കഴിഞ്ഞാൽ ഒരു 65 കോടി ജനങ്ങൾക്ക് ഈ പറയുന്ന വിർച്വൽ വേൾഡിൽ ഒരു പങ്കുമില്ല. ഞാൻ പറയുന്നത് ഒരു മൊബൈൽ പോലുമില്ല എന്നതാണ്. അതായത് ജനസംഖ്യയുടെ നേർപാതിക്ക് യാതൊരു പങ്കുമില്ലാത്ത ഒരു സാങ്കേതിക സംവിധാനത്തെ ആ ജനസമൂഹത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാനമായി സ്വീകരിച്ചാൽ സംശയരഹിതമായും പകുതി മനുഷ്യർ വിദ്യാഭ്യാസത്തിൽ നിന്നു പുറത്താകും. ഡിജിറ്റൽ ലിറ്ററിസിയുടെ മാനദണ്ഡങ്ങൾ ഒക്കെയെടുത്താൽ അത് പകുതിയായിരിക്കില്ല, 75% എങ്കിലുമായി ഉയരും. കേരളത്തിൽ തന്നെ നോക്കൂ, 50 ലക്ഷം കുട്ടികളെ നോക്കുമ്പോൾ അതിൽ 6 ലക്ഷത്തോളം കുട്ടികൾക്ക് ഒരു ബ്ലാക് ആന്റ് വൈറ്റ് ടി.വി. പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. നമ്മുടെ കടലോരങ്ങളിൽ, ഗോത്രവർഗ്ഗ സമൂഹങ്ങളിൽ, ഏറ്റവും ദരിദ്രരായ കീഴ്ത്തട്ടിലെ മനുഷ്യരിൽ ഒക്കെയാണ് ഈ കുട്ടികളുൾപ്പെടുന്നത്. ഇനിയഥവാ ഈ കുടുംബങ്ങളിൽ ഒരു മൊബൈലുണ്ടെങ്കിൽ അത് കുടുംബനാഥന്റെ/നാഥയുടെ തൊഴിലാവശ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കും. അത് കുട്ടികളുടെ പഠനത്തിനായി നീക്കി വെക്കാനുള്ള ലക്ഷ്വറി അവർക്കുണ്ടാവില്ല. നാം കണക്ടഡാണ് എന്നു പറയുമ്പോഴും എല്ലാവരും ക്ലാസിനു വേണ്ടുന്ന വിധത്തിൽ കണക്ടഡാണോ. ഹൈ ബാൻഡ് കണക്ടിവിറ്റിയുണ്ടോ? മൂന്ന് മണിക്കൂർ ക്ലാസ് നമ്മൾ സംഘടിപ്പിക്കുന്നു എന്നു വെക്കുക. അത് മുഴുവൻ ഫോളോ ചെയ്യണമെങ്കിൽ 3-4 GB വരെ ആവശ്യമാണ്. മാസം 300-400 രൂപയ്ക്ക് ഡാറ്റ പർച്ചേയ്സ് ചെയ്യേണ്ടി വരും. അതാർക്കൊക്കെ കഴിയും? ഇങ്ങനെയുള്ള വലിയ വിവേചനങ്ങൾ ഇതിലുൾപ്പെട്ടിട്ടുണ്ട്.

അഖിലേന്ത്യാതലത്തിൽ ഇത് വളരെ രൂക്ഷമാണ്. കേരളത്തിൽ പോലും സ്ഥിതി അത്ര ആശാസ്യമല്ല. എന്റെയൊരു പേഴ്സണൽ അനുഭവം പറഞ്ഞാൽ, കഴിഞ്ഞ ദിവസം ഡിപ്പാർട്മെന്റിൽ അധ്യാപകരിലൊരാൾ റിട്ടയർ ചെയ്തു. അപ്പോൾ കുട്ടികളും അധ്യാപകരുമെല്ലാം ചേർന്ന് ZOOM ൽ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഞങ്ങളുടെ ഫസ്റ്റ് എം.എ യിലെ 20 കുട്ടികളിൽ 3 പേർക്കാണ് അതിൽ ചേരാൻ പറ്റിയത്. ചേരാൻ പറ്റാതെ പോയവരിൽ കണക്ടിവിറ്റി ഇല്ലാത്തവരാണ് ഭൂരിപക്ഷം, പക്ഷേ അതിൽ ഒരു ഫോൺ പോലും ഇല്ലാത്തവരുമുണ്ട്. ലോക്ഡൗൺ സമയത്ത് ക്ലാസുകൾ പോലെ ഞാൻ വോയിസ് ക്ലിപ്പുകൾ അയച്ചു കൊടുക്കുമായിരുന്നു. ഇത് സ്വീകരിക്കാൻ കഴിയാത്ത - ഡിവൈസില്ലാത്ത - കുട്ടികളുണ്ട്, കേരളത്തിലെ നഗരകേന്ദ്രിതമായ ഒരു സർവ്വകലാശാല ഡിപ്പാർട്ട്മെന്റാണിത് എന്നോർക്കണം. സ്മാർട്ട് ഫോണിൽ ഒരു നോട്ട് തയ്യാറാക്കി അവർക്കയച്ചു കൊടുക്കുമ്പോൾ തൊണ്ണൂറ് ശതമാനത്തിന് കിട്ടുന്നു, പത്ത് ശതമാനത്തിന് കിട്ടുന്നില്ല. ഇതിലുള്ള അപകടം, പത്ത് ശതമാനം കുട്ടികൾക്ക് സ്വീകരിക്കാൻ പറ്റാതെ പോകുമ്പോൾ അവരുടെ ശബ്ദം കേൾക്കില്ല, പുറത്തായിപ്പോകും എന്നതാണ്. പകുതിപ്പേർക്കെങ്കിലും കിട്ടുന്നില്ലെങ്കിൽ അതൊരു രാഷ്ട്രീയ പ്രശ്നമായി നമ്മുടെ മുൻപിൽ ഉയർന്നു വരും, ചെറുശതമാനമാകുമ്പോൾ നമുക്കതൊരു ഇഷ്യു ആയി തോന്നില്ല. കേരളത്തിലെ ആദിവാസി ഭൂമി പ്രശ്നം പരിഹരിക്കപ്പെടാതെ പോകുന്നത് അതുകൊണ്ടാണ്.

ഫോട്ടോ: മുഹമ്മദ് ഹനാൻ

ഇടയ്ക്ക് ചർച്ചയൊക്കെ ചെയ്യുമെന്നല്ലാതെ, ആദിവാസിഭൂമി എന്ന ചോദ്യം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമായി കേരളത്തിന്റെ സാമൂഹ്യബോധത്തെ, ധാർമ്മിക മന:സാക്ഷിയെ ഉലയ്ക്കുന്ന ഒന്നായി നമ്മുടെ മുൻപിലില്ല. ഇതേ പ്രശ്നം ഡിവൈസില്ലാത്ത ഒരു ചെറു ന്യൂനപക്ഷത്തിനും വരും, അവർക്കിത് ശക്തമായി ഉന്നയിക്കാൻ കഴിയാത്ത പരാധീനതയുമുണ്ടാകാം. ഡിജിറ്റൽ ഡിവൈഡിനെ ഇതുറപ്പിക്കും. ഓൺലൈൻ എജുക്കേഷനെ നമുക്കെങ്ങനെയാണ് ഉപയോഗിക്കാൻ കഴിയുക.

കഴിഞ്ഞ ദിവസം സതീഷ് ദേശ്പാണ്ഡെ എഴുതിയ ലേഖനത്തിൽ അദ്ദേഹം കൃത്യമായി പറഞ്ഞു. ഓൺലൈൻ എജ്യുക്കേഷൻ നല്ലതാണ്, സപ്ലിമെന്ററിയായിട്ട്. കേരളത്തിലെ ഒരു കോഴ്സിനോട് ആഡ് ഓൺ ചെയ്തു കൊണ്ട് ഹാർവാർഡിലെയോ ഓക്സ്ഫോർഡിലേയൊ മറ്റൊരു കോഴ്സിനെക്കൂടി ചേർക്കുന്നു. അപ്പോൾ വിദ്യാർത്ഥികൾ കുറെക്കൂടി സ്ട്രെങ്തൻ ചെയ്യപ്പെടുന്നു. ഒരു കൂട്ടിയിണക്കൽ/ ശക്തിപ്പെടുത്തൽ എന്ന നിലയ്ക്ക്, സപ്ലിമെന്റ് ചെയ്യാവുന്ന ഒന്നായി ഓൺലൈൻ എജ്യുക്കേഷനെ ഉപയോഗിക്കണം, ഫണ്ടമെന്റൽ പ്ലെയിനായല്ല.

ചേർത്തു ചോദിക്കട്ടെ, ഡിജിറ്റൽ സാങ്കേതികത വിജ്ഞാനത്തിന്റെ സ്വരൂപത്തിൽ കൊണ്ടു വരുന്ന മാറ്റങ്ങളെ നാം എങ്ങനെ കാണണം ?

ആദ്യം പറഞ്ഞതിനെക്കാൾ ഗുരുതരമാണ് ഈ തലം. കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ വെബിനാറുകളിൽ സംസാരിക്കുകയും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുകയും ഒക്കെയുണ്ടായി. അതിന്റെ കൂടി അനുഭവത്തിൽ എനിക്ക് പറയാൻ പറ്റുന്ന കാര്യം, ഒരു ക്രിട്ടിക്കൽ എൻഗേജ്മെന്റ് വിഷയത്തോട് നടത്താൻ ഓൺലൈനിൽ സാധ്യമല്ല. ചില അടിസ്ഥാന വിവരങ്ങൾ വിതരണം ചെയ്യാമെന്നല്ലാതെ, കുട്ടികളിലേക്ക് വസ്തുതകൾ എത്തിക്കാം. അല്ലാതെ ഒരു കവിത പഠിപ്പിക്കുന്ന സമയത്ത് ഒരു വരിയിൽ തങ്ങി നിന്ന്, അതിനെ പല വഴിയിലേക്കു കൊണ്ടു പോയി, അതിലൂടെ ഒരാശയമണ്ഡലത്തെ രൂപപ്പെടുത്തി, പിന്നെ തിരിച്ചു വന്ന്. സർഗാത്മകമെന്നു വിളിക്കാവുന്ന പോയറ്റിക് എൻഗേജ്മെന്റോ ക്രിട്ടിക്കൽ എൻഗേജ്മെന്റോ ഈ മാധ്യമത്തിൽ സാധ്യമല്ല. അപ്പോൾ പോയട്രി എന്നത് അവിടെ ഒരു ഫിക്സഡ് ടെക്സ്റ്റാവും, അതിനൊരു ഫിക്സഡ് മീനിംഗുണ്ട്, അത് പറയലാണ് പഠിപ്പിക്കൽ എന്നു വരും. വാസ്തവത്തിൽ, സാഹിത്യം പോലെയൊക്കെയുള്ള വിഷയം ഇല്ലാതായിത്തീരലാണത്. ഡാറ്റ ഡിസ്ട്രിബ്യൂട്ട് ചെയ്യാനായിട്ട് സാഹിത്യത്തിൽ അധ്യാപകന്റെ ആവശ്യമൊന്നുമില്ല. രണ്ടപകടങ്ങളാണ് സംഭവിക്കുക. ഒന്ന്, ഇൻഫർമേഷന് കൈവരുന്ന വലിയ പ്രാധാന്യം, ക്രിട്ടിക്കൽ/അനലറ്റിക്കൽ എന്നു വിളിക്കുന്ന അംശത്തിന് സംഭവിക്കാവുന്ന പിൻ വാങ്ങൽ. മറ്റൊന്ന്, ക്വാണ്ടിറ്റേറ്റീവ് ആയ അംശം മേൽക്കൈ നേടുന്നതോടെ, ലിറ്ററേച്ചർ, സോഷ്യൽ സയൻസ്, ആർട്സ് മുതൽ പ്യുവർ സയൻസ് വരെ അതിന്റെ സൂക്ഷ്മാംശങ്ങളിൽ വികസിക്കുന്നതിൽ തടയപ്പെടും. വിജ്ഞാനവ്യവസ്ഥയ്ക്കകത്ത് അറിവിന്റെ വിവരവത്കരണം മേൽക്കൈ നേടും, അത് ആഴത്തിലുള്ള രാഷ്ട്രീയപ്രശ്നമാണ്. നിയോലിബറൽ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സ്വഭാവം വിവരങ്ങൾ/വൈഭവം ഉള്ള പ്രഫഷണൽസിനെ ഉണ്ടാക്കുക,വിശകലനം വിമർശനം എന്നിവയെ അപ്രധാനമാക്കുക എന്നതാണല്ലോ. ഈ താത്പര്യത്തിന് അനുഗുണമായിരിക്കും ഓൺലൈനിലേക്കുള്ള മാറ്റം.

സർവ്വകലശാലകൾ എന്ന ആവാസവ്യവസ്ഥ തന്നെ ഇല്ലാതാകുമെന്ന് ചില ചിന്തകർ ചൂണ്ടിക്കാട്ടുന്നു. അധ്യാപനത്തിൽ എന്തു മാറ്റമാണ് നാം പ്രതീക്ഷിക്കേണ്ടത് ?

ഈ പ്ലാറ്റ്ഫോം ഉറച്ചാൽ അധ്യാപനം എന്നു പറയുന്നത് ഏകദേശം അവസാനിക്കും. ഉദാഹരണത്തിന് ഷെയ്ക്സ്പിയറുടെ ഒരു സോണറ്റ്, അല്ലെങ്കിൽ ഒരു വൈലോപ്പിള്ളിക്കവിത നല്ല ശേഷിയുള്ള ഒരാൾ രണ്ട് മണിക്കൂർ ക്ലാസെടുത്ത് കോമണായി അത് അപ്ലോഡ് ചെയ്താൽ എല്ലാവർക്കും അതുമതി. ഒറ്റ നോട്ടത്തിൽ അത് നല്ലതാണെന്നു തോന്നും, മെച്ചപ്പെട്ട ഒരു ക്ലാസ് എല്ലാവർക്കും പ്രാപ്യമായാൽ നല്ലതാണല്ലോ. പക്ഷേ സംഭവിക്കുന്നത് ഒരു വിഷയത്തിന് ഉണ്ടാകാവുന്ന/ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂറ് കണക്കിനു വിശദീകരണങ്ങൾ അവസാനിച്ചിട്ട് ഏകമാനമായ ഒരു വിശദീകരണം വരും എന്നതാണ്. അറിവിന്റെ തലത്തിലുള്ള സൂക്ഷ്മഭേദങ്ങൾ ഒക്കെ അവസാനിപ്പിച്ച് സാർവ്വത്രികമായ ഒരു ഏകമാന അറിവുരൂപം പ്രക്ഷേപണം ചെയ്യപ്പെടും. ഫലത്തിൽ എം.എ.മലയാളം - ഏത് കോഴ്സും - പഠിപ്പിക്കാൻ ഒരു സ്റ്റുഡിയോയും, ഭാഷണചാതുരിയുള്ള പത്ത്/ പതിനഞ്ച് അധ്യാപകരും മതി എന്നാവും. സർവ്വകലാശാലകൾ എന്ന സംവിധാനങ്ങൾ, ഭീമമായ മനുഷ്യവിഭവ ദുർവ്യയം അവസാനിപ്പിക്കാൻ മൂലധനത്തിന് പിന്നീട് എളുപ്പമാണ്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങൾ കൂടി നാം കാണേണ്ടതുണ്ട്. അതിനർത്ഥം ഓൺലൈൻ സമ്പൂർണമായി തള്ളിക്കളയണം എന്നല്ല. ഉണ്ടാവാൻ സാധ്യതയുള്ള ആഘാതങ്ങളെയും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും മുൻകൂട്ടിക്കണ്ട് എങ്ങനെ എൻഗേജ് ചെയ്യാം എന്നാലോചിക്കേണ്ടതുണ്ട്. കേവലമായ ക്ലാസ് മുറി അധ്യയനമല്ല വിദ്യാഭ്യാസം. ഒരു സ്ഥാപനം ഒരുമിച്ച്, പലതലങ്ങളിൽ പങ്കുവെപ്പുകൾ നടത്തി രൂപപ്പെടുന്നതും തിരികെ സാമൂഹികമായ എത്രയോ കാര്യങ്ങളിൽ ഇടപെടാൻ സമ്മർദ്ദമുയർത്തുന്നതുമായ വിപുലമായ വ്യവഹാരമാണത്. ആ വ്യവഹാരത്തിന്റെ ഒരു ഘടകം മാത്രമാണ് ക്ലാസ് റൂം ടീച്ചിംഗ് എന്ന് പറയുന്നത്. ഡിജിറ്റൽ എജ്യുക്കേഷൻ ക്ലാസ് റൂം ടീച്ചിംഗ് ആണ് വിദ്യാഭ്യാസം എന്ന സിമ്പിൾ/ സിംഗിൾ ലോജിക്കിലേക്ക് എത്തുകയാണ്. വിദ്യാഭ്യാസത്തിൽ കലയുണ്ട് സമരങ്ങളുണ്ട് രാഷ്ട്രീയമുണ്ട് പിന്നെ ക്ലാസിൽ തന്നെ നടക്കുന്ന സംവാദങ്ങളുണ്ട് കൂട്ടുചേരലുകളുണ്ട്. അങ്ങനെ എത്രയോ വലിയ ഒരു ഡൈനാമിക്സ് ആണ് വാസ്തവത്തിൽ വിദ്യാഭ്യാസ പ്രക്രിയയിൽ അടങ്ങിയിട്ടുള്ളത്. അതിനെ മുഴുവൻ നമ്മൾ ഒരു സിംഗിൾ പോയിന്റിലേയ്ക്ക് എത്തിയ്ക്കുകയാണ്‌. വാസ്തവത്തിൽ വിദ്യാഭ്യാസം എന്ന വലിയൊരു പ്രക്രിയയിൽ നിന്ന് വിവര വിതരണം എന്നുള്ള ഘടകം മാത്രം എടുത്ത് അതിലേയ്ക്ക് വിദ്യഭ്യാസ പ്രക്രിയയെ സംഗ്രഹിക്കുകയാണ് ഓൺലൈൻ ടീച്ചിംഗ് ചെയ്യുന്നത്. അറിവിന്റെ കേവലമായൊരു വിനിമയം മാത്രമാണ് വിദ്യാഭ്യാസം എന്നുള്ള അതിഭീമമായ ഒരു അബദ്ധ ധാരണ ഇതിനകത്തുണ്ട്. ഇപ്പൊൾ നമുക്ക് ഒന്നിച്ചിരിക്കാൻ സാധ്യമല്ലാത്തത് കൊണ്ട് ആ വഴി സ്വീകരിക്കേണ്ടി വരും. പക്ഷേ ആ സമയത്ത് തന്നെ ഈ തരത്തിലുള്ള വലിയ ചില വഴിത്തിരിവുകളെക്കുറിച്ച് കൂടി ഉറക്കെ പറയേണ്ടതുണ്ട്. അല്പകാലം മുൻപ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ എഞ്ചിനിയറിംഗ് കോളജുകൾ കൂണുകൾ പോലെ മുളച്ചു പൊന്തിയപ്പോൾ നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുതിപ്പായിട്ടാണ് വിലയിരുത്തപ്പെട്ടത്. അവസാനമെന്തായി എന്ന് വച്ചാൽ ആയിരക്കണക്കിന് എഞ്ചിനീയർമാരെ ഉണ്ടാക്കി, ഈ എഞ്ചിനീയർമാർ ബസ് കണ്ടക്ടർമാർ മുതൽ ക്ലാർക്കുമാർ വരെയുള്ള ജോലിയിലായി വിന്യസിക്കപ്പെട്ടു. അവർ പഠിച്ച മേഖലയെച്ചൊല്ലി ജീവിതാവസാനം വരെ ആത്മനിന്ദയിൽ കഴിയേണ്ട സ്ഥിതിയായി.

സുനിൽ പി. ഇടയിളത്തിന്റെ ടോക്ക് സീരീസ് കാണാം:

കോഴിക്കോട്ടാണ് സഖാക്കൾ അന്ന് ഒത്തുകൂടിയത്‌

കേരളം കമ്മ്യൂണിസത്തിലേക്ക് നടന്ന ലോകവഴി

എം.എൻ. റോയിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും

ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർടിക്ക് വ്യത്യാസമുണ്ട്‌

ഇങ്ങനെയൊരു സെക്രട്ടറി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായിരുന്നു

Comments