ഇതിഹാസ ഭാവനയിലെ നൈതിക സ്ഥാനങ്ങൾ

മഹാഭാരതം നമ്മെ സവിശേഷമായി എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ? ജീവിതത്തെക്കുറിച്ചുള്ള ചില സുനിശ്ചിത ആദർശങ്ങളോ, ശാശ്വതപ്രമാണങ്ങളോ പകർന്നുതരുകയാണോ അതിന്റെ താത്പര്യം? അതോ ഓരോ ജീവിതസന്ദർഭത്തെയും മുൻനിർത്തി മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അനന്തമായ ചോദ്യങ്ങളിലേക്ക്, ജീവിതമെന്ന അവസാനിക്കാത്ത സന്ദിഗ്ധതയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളിലേക്ക് അത് തുറന്നുകിടക്കുകയാണോ?... പത്മനാഭൻ കാവുമ്പായിയുടെ 'അവസാനത്തെ സൈന്യാധിപൻ' എന്ന പുസ്തകത്തെ മുൻനിർത്തി സുനിൽ പി. ഇളയിടം എഴുതുന്നു

ഒന്ന്
എന്തുകൊണ്ടാണ് മനുഷ്യഭാവന ഇതിഹാസങ്ങളിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞുനോക്കിക്കൊണ്ടേയിരിക്കുന്നത്? അത്ഭുതകരമായ വ്യാപ്തിയുണ്ട് ആ തിരിഞ്ഞുനോട്ടത്തിന്. നോവലും കവിതയും മുതൽ തത്വചിന്ത വരെ, ചിത്രപരമ്പരകളും ചലച്ചിത്രങ്ങളും മുതൽ നാടകങ്ങളും നൃത്തസംഗീതികകളും വരെ, പുനരാഖ്യാനങ്ങൾ മുതൽ ശുദ്ധപാഠങ്ങൾ തേടിയുള്ള യാത്ര വരെ, ചരിത്രാന്വേഷണങ്ങൾ മുതൽ നരവംശപഠനങ്ങൾ വരെ... എണ്ണമറ്റതാണ് ആ തിരിഞ്ഞുനോട്ടത്തിന്റെ പ്രകാരഭേദങ്ങൾ. വി.എസ്. ഖണ്ഡേക്കർ, എം.ടി, പ്രതിഭാറായ്, പി.കെ. ബാലകൃഷ്ണൻ, എം.എഫ്. ഹുസൈൻ, ഗണേശ് പൈൻ, മല്ലികാസാരാഭായ്, പീറ്റർ ബ്രൂക്ക്, ഇരാവതി കാർവെ, കുട്ടിക്കൃഷ്ണമാരാർ, ജി.എൻ. ദേവി... ആധുനിക ഇന്ത്യയുടെ ഭാവനാജീവിതത്തെയും സർഗ്ഗപ്രപഞ്ചത്തെയും ആഴത്തിൽ സ്പർശിച്ചവരിൽ വലിയൊരു പങ്ക് ഇതിഹാസപാഠങ്ങളിലേക്ക് തിരിഞ്ഞുനോക്കിയവരാണ്. തങ്ങളുടെ ഭാവനാജീവിതത്തിന്റെ ഊടും പാവും തേടി ഇതിഹാസപാഠങ്ങളുടെ ഇരുൾവഴികളിലൂടെയും നിശബ്ദതകളിലൂടെയും അവർ അലഞ്ഞു. ചിലരൊക്കെ അവിടെ നിന്ന് പുതിയ പലതുമായിതിരിച്ചെത്തി. ചിലർ കൊണ്ടുവന്നതെല്ലാം പഴയതുതന്നെയായിരുന്നു. മറ്റു ചിലരാകട്ടെ ആ മഹാവിപിനത്തിൽ നിന്ന് പുറത്തുവന്നതേയില്ല. ജീവിതത്തിന്റെ അവ്യാഖ്യേയവും അവ്യാകൃതവുമായ ആ മഹാപ്രവാഹത്തിൽ അവരുടെ സർഗ്ഗഭാവന വിലയം പ്രാപിച്ചു. എന്തുകൊണ്ടാവും ഈ തിരിഞ്ഞുനോട്ടങ്ങൾ? അത്ഭുതകരമായ
ബാലിശതയോടെ ചിലർ ആരോപിക്കാറുള്ളതുപോലെ, ഭൂതകാലാത്മകതയിലേക്ക് മടങ്ങിപ്പോകാനുള്ള അദമ്യമായ വാസനയുടെ ഫലമാണോ അത്? പീറ്റർ ബ്രൂക്കും എം.എഫ്. ഹുസൈനുമെല്ലാം മഹാഭാരതത്തിലേക്ക് തിരിയുന്നത് ആരും കാണാത്ത മതാത്മകത അവരിലും
ഒളിച്ചുപാർക്കുന്നതുകൊണ്ടാവുമോ? പി.കെ. ബാലകൃഷ്ണന്റെ
മഹാഭാരതസഞ്ചാരങ്ങൾ അദ്ദേഹത്തിന്റെ ഭാവനാപ്രപഞ്ചത്തിൽ ഒളിച്ചുപാർക്കുന്ന സവർണ്ണതയുടെ പ്രേരണയാൽ അരങ്ങേറിയതാവുമോ? കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലധികമായി ആധുനിക ഇന്ത്യൻ ഭാവനയുടെ പ്രകാരഭേദങ്ങളിലെല്ലാം ഇതിഹാസപാഠത്തിന് ഇടം ലഭിച്ചത്, ഇപ്പോഴുമത് അത്രതന്നെ പ്രബലമായി തുടരുന്നത്, ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെയാവുമോ? ഇങ്ങനെയെല്ലാം കരുതുന്നവർ ഇപ്പോഴുമുണ്ട്. അതിനുതകുന്ന ബൗദ്ധികസരളതയാൽ അനുഗ്രഹീതരാണവർ. എന്നാൽ അതിനപ്പുറം കൂടുതൽ ഗാഢമായ ആലോചനകളിലേക്കും പ്രമേയങ്ങളിലേക്കും മേല്പറഞ്ഞ ചോദ്യങ്ങൾ നമ്മെ കൊണ്ടുപോകുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

മഹാഭാരതം നമ്മെ സവിശേഷമായി എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ? ജീവിതത്തെക്കുറിച്ചുള്ള ചില സുനിശ്ചിത ആദർശങ്ങളോ, ശാശ്വതപ്രമാണങ്ങളോ പകർന്നുതരുകയാണോ അതിന്റെ താത്പര്യം? അതോ ഓരോ ജീവിതസന്ദർഭത്തെയും മുൻനിർത്തി മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അനന്തമായ ചോദ്യങ്ങളിലേക്ക്, ജീവിതമെന്ന അവസാനിക്കാത്ത
സന്ദിഗ്ധതയെക്കുറിച്ചുള്ള വീണ്ടുവിചാരങ്ങളിലേക്ക് അത് തുറന്നുകിടക്കുകയാണോ? രണ്ടാമത്തെ ആശയമാണ് മഹാഭാരതവുമായി കൂടുതലിണങ്ങുക എന്നു തോന്നുന്നു.

സുനിശ്ചിതവും അന്തിമവുമായ തത്വങ്ങളാലല്ല; മനുഷ്യജീവിതമെന്ന
അവസാനമില്ലാത്ത കുഴമറിച്ചിലുകളെക്കുറിച്ചുള്ള നിരന്തരമായ
ഓർമ്മപ്പെടുത്തലുകളിലൂടെയാണ് മഹാഭാരതം നമ്മോടു സംസാരിക്കുന്നത്. അതിന്റെ നിത്യജീവിതത്തിന്റെ ആധാരവും മറ്റൊന്നല്ല എന്നു വരാം.
മഹാഭാരതത്തെക്കുറിച്ച് സമീപകാലത്ത് പ്രസിദ്ധീകൃതമായ ചെറിയ പഠനങ്ങളിലൊന്നിൽ (‘India’s Epic Dilema’-Peter Ronald Desouza)
മഹാഭാരതത്തിന്റെ ഈ പ്രകൃതത്തെ മുൻനിർത്തിയുള്ള കൗതുകകരമായ ഒരു നിരീക്ഷണം കാണാം. ഇന്ത്യയിലെ പല പ്രാചീന ഗ്രന്ഥങ്ങളെയും പോലെ മഹാഭാരതം ഒരു പ്രത്യയശാസ്ത്രപാഠം (ideological text) അല്ലെന്നും മറിച്ച് അതൊരു നൈതികപാഠം (ethical text) ആണെന്നുമാണ് പ്രമുഖ സാമൂഹ്യചിന്തകരിലൊരാളായ പീറ്റർ റൊണാൾഡ് ഡിസൂസ ആ ലേഖനത്തിൽ പറയുന്നത്. എങ്ങനെയാണ് പാഠങ്ങൾ തമ്മിൽ ഇപ്രകാരം വേർതിരിയുന്നത്? അദ്ദേഹം അതിനൊരു വിശദീകരണം നൽകുന്നുണ്ട്. പ്രത്യയശാസ്ത്രപാഠങ്ങൾ
ജീവിതത്തെക്കുറിച്ചുള്ള സുനിശ്ചിത തത്വങ്ങൾ അവതരിപ്പിക്കുന്നു.
അവ എല്ലാത്തിനും കൃത്യവും കണിശവുമായ ഉത്തരങ്ങൾ തരുന്നു. നൈതികപാഠങ്ങളാവട്ടെ, ഒരു നാൽക്കൂട്ടപ്പെരുവഴിപോലെ, സാധ്യതകളുടെ പല ലോകങ്ങൾ നമുക്കു മുന്നിൽ തുറന്നിടുന്നു. അവിടെ ശരിയായ ഒരേയൊരു വഴിയില്ല. പല വഴികൾ; പല സാധ്യതകൾ. ഓരോ വഴിക്കും അതാതിന്റെ മികവുകളും കുറവുകളുമുണ്ട്. ദൂരം കുറഞ്ഞ വഴി അതിലുണ്ടാവും. പക്ഷേ, അത്
യാത്രചെയ്യാൻ പ്രയാസകരമായ വിധം പൊട്ടിപ്പൊളിഞ്ഞതാണ്. ജനപദങ്ങൾക്കും പൊടിപടലങ്ങൾക്കും ഇടയിലൂടെയാണ് ആ വഴി.
അതിലൂടെയുള്ള യാത്ര നമ്മെ ക്ഷീണിപ്പിക്കും. സുഗമമായ വഴി മറുപുറത്തുണ്ട്. അതിനു പക്ഷേ, ദൈർഘ്യമേറും. വരണ്ട ഭൂമിയിലൂടെയുള്ള വിരസവും ദീർഘവുമായ ഒരു യാത്രയാണത്.

ഏതു വഴിയും ഒരാൾക്ക് തെരഞ്ഞെടുക്കാം. ഏതു തെരഞ്ഞെടുത്താലും
നഷ്ടമുണ്ട്; നേട്ടവും. അന്തിമമായി ആ തെരഞ്ഞെടുപ്പ് നമ്മുടേതാണ്.
അതിലെ ലാഭനഷ്ടങ്ങൾക്കും നാം തന്നെയാണ് ഉത്തരവാദികൾ.
മഹാഭാരതം പ്രത്യയശാസ്ത്രപാഠമല്ല; നൈതികപാഠമാണ് എന്നു
പറയുന്നതും ഈ അർത്ഥത്തിലാണ്. സുനിശ്ചിതമായ ഉത്തരങ്ങളോ
അന്തിമലക്ഷ്യത്തിലേക്കുള്ള ഏകമാർഗ്ഗമോ അത് തുറന്നുതരുന്നില്ല
അനിശ്ചിതത്വം നിറഞ്ഞ നാൽക്കവലകൾ; നാമായി തെരഞ്ഞെടുക്കേണ്ട
വഴികൾ. ജീവിതംപോലെ എല്ലാ വശങ്ങളിലേക്കും അവ
തുറന്നുകിടക്കുന്നു. നൻമതിന്മകളും സത്യാസത്യങ്ങളും
പതനാഭ്യുദയങ്ങളും അവിടെ കൈകോർത്തു നിൽക്കുന്നു. ഏതാണ്
പോകേണ്ട വഴി? നാം തന്നെ തീരുമാനിക്കണം. അതിന്റെ ഫലം നാം
തന്നെ അനുഭവിക്കുകയും വേണം. മഹാഭാരതം ഒരു നൈതികപാഠമായിരിക്കുന്നത് ഇത്തരമൊരു തെരഞ്ഞെടുപ്പിന്റെ
സാധ്യത നമുക്കായി അതെപ്പോഴും അവശേഷിപ്പിക്കുന്നതുകൊണ്ടാണ്.

രണ്ട്
പത്മനാഭൻ കാവുമ്പായിയുടെ അവസാനത്തെ സൈന്യാധിപൻ എന്ന കാവ്യവും ഇങ്ങനെയൊരു തിരിഞ്ഞുനോട്ടമാണ്. മഹാഭാരതേതിഹാസത്തിലെ ഏറ്റവും സങ്കീർണ്ണപ്രകൃതമുള്ള കഥാപാത്രമാണ് അശ്വത്ഥാമാവ്. കൗരവസേനാധിപതിയും കുരുകുലഗുരുവുമായിരുന്ന ദ്രോണരുടെ മകനാണ് അശ്വത്ഥാമാവ്. കുരുവംശസൈന്യത്തിന്റെ അവസാന സൈന്യാധിപൻ. തുട തകർന്ന് മരണം കാത്തുകിടക്കുന്ന വേളയിൽ കൗരവസേനാപതിയായി
ദുര്യോധനൻ അഭിഷേകം ചെയ്തത് അശ്വത്ഥാമാവിനെയാണ്. ആദ്യം
ദുരന്തമായും പിന്നെ പ്രഹസനമായും (First as tragedy then as farce) എന്ന്
മാർക്സ് ചരിത്രത്തിന്റെ ഗതിഭേദങ്ങളെക്കുറിച്ച് എഴുതിയതിനെ ഓർമ്മിപ്പിക്കുന്ന അഭിഷേകമായിരുന്നു അത്. പതിനൊന്ന് അക്ഷൗഹിണിയായി (ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം എന്നാണ് ഭാവനാപരമായി അതിന്റെ കണക്ക്. ഒരു അക്ഷൗഹിണിയിൽ 21870 ആന, അത്രതന്നെ തേര്, മൂന്നിരട്ടി കുതിര, അഞ്ചിരട്ടി കാലാൾ എന്നിങ്ങനെയാണ് ഐതിഹ്യാത്മകമായ ആ കണക്ക്. ചരിത്രവസ്തുതയുമായി അതിന് ബന്ധമൊന്നുമില്ലെങ്കിലും) അണിനിരന്ന
ഭീമാകാരമായ കൗരവസൈന്യത്തിന്റെ സേനാപതിയായാണ് ഭീഷ്മർ
ആദ്യം സ്ഥാനമേറ്റത്. അശ്വത്ഥാമാവ് സ്ഥാനമേൽക്കുമ്പോൾ അതിൽ
മൂന്നാൾ മാത്രമേയുള്ളൂ. അശ്വത്ഥാമാവ്, കൃപർ, കൃതവർമ്മാവ് എന്നിവർ മാത്രം. ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും ആവർത്തിക്കുന്ന ചരിത്രത്തിന് ഇതിഹാസഭാവന കല്പിച്ചുനൽകിയ പൂർവമാതൃക!

അശ്വത്ഥാമാവിലൂടെയുള്ള തിരിഞ്ഞുനോട്ടത്തിന് മറ്റൊരു
അർത്ഥവുമുണ്ട്. മഹാഭാരതത്തിൽ ചിരഞ്ജീവിത്വം കൈവന്ന
കഥാപാത്രമാണ് അശ്വത്ഥാമാവ്. ഭീഷ്മരെയും ദ്രോണരെയും പോലുള്ള
മഹാരഥികളും അർജ്ജുനനെയും കർണ്ണനെയും പോലുള്ള അതുല്യ
യോദ്ധാക്കളും വിദുരരെപ്പോലുള്ള വിവേകികളും കൃഷ്ണനെപ്പോലുള്ള അവതാരരൂപികളും കാലത്തിൽ വിലയം പ്രാപിച്ചതിന്റെ കഥ മഹാഭാരതം പറയുന്നുണ്ട്. അങ്ങനെ കാലത്തിൽ വിലയം പ്രാപിക്കാതിരുന്ന ഒരാളാണ് അശ്വത്ഥാമാവ്. പതിനെട്ടാം ദിവസം യുദ്ധമൊടുങ്ങിയതിനുശേഷം ഗാഢനിദ്രയിലാണ്ട പാണ്ഡവപടകുടീരങ്ങളെ ചുട്ടെരിച്ചും, ഉണർന്നുപാഞ്ഞവരെ വെട്ടിവീഴ്ത്തിയും മരണത്തിന്റെ ചക്രവാതച്ചുഴലിയായി അയാൾ കുരുക്ഷേത്രം നിറഞ്ഞു. ഏതു യുദ്ധവും അന്തിമമായി
എന്തായിത്തീരുന്നുവെന്ന് മഹാഭാരതത്തിൽ നിന്ന് ലോകത്തിന് കൈമാറിക്കിട്ടുന്ന പാഠമാണത്. താൻ തൊടുത്ത വിഷാസ്ത്രം കൊണ്ട്
ഉത്തരയുടെ ഗർഭപാത്രത്തിലെ ബീജത്തെ വരെ അയാൾ
ലക്ഷ്യമാക്കുന്നുണ്ട്. സർവ്വനാശത്തിന്റെ ചുടലനൃത്തം പോലെ
പടക്കളം നിറഞ്ഞ ആ ഘോരാന്ധകാരം പിന്നീട് ശാപഗ്രസ്തനായി.
ചോരയൊലിക്കുന്ന നെറ്റിയുമായി, ഇരുളിന്റെ മറപറ്റി, കാലത്തിൽ നിത്യമായി അലയാൻ അയാൾ വിധിക്കപ്പെടുന്നു.
ദ്രൗണിയാണു ഞാൻ! സേനാപതിയീ
രൗദ്രരാവൊടുങ്ങില്ലിനിമേലിൽ
നാളെ നീളും കഥകൾക്കൊളിക്കാൻ
ഈയിരുൾ ഞാൻ തിരഞ്ഞെടുക്കുന്നു

എന്നിങ്ങനെ തന്റെയും കാലത്തിന്റെയും ഇരുട്ടിനെ ഈ കവിതയിലെ
അശ്വത്ഥാമാവ് സ്വയം രേഖപ്പെടുത്തുന്നു. മനുഷ്യമനസ്സിലെ അടങ്ങാത്ത പകയുടെ പ്രതീകമായാണ് കുട്ടികൃഷ്ണമാരാർ അശ്വത്ഥാമാവിനെ കാണുന്നത്. നിദ്രാവിഷ്ടരായ മനുഷ്യർക്കുമേൽ ചാടിവീഴാനൊരുങ്ങി നിൽക്കുന്ന
പ്രതികാരഭാവത്തിന്റെയും പകയുടെയും ആദിപ്രരൂപമായി അശ്വത്ഥാമാവ് മാറിത്തീർന്നിരിക്കുന്നു. മഹാഭാരതേതിഹാസം നിത്യമായ തുടർജീവിതം കല്പിച്ചുനല്കിയത് അശ്വത്ഥാമാവിനാണ് എന്നത് യാദൃച്ഛികമാവാനിടയില്ല. ഫ്രോയ്ഡ് പിൽക്കാലത്ത് എഴുതിയതുപോലെ അന്തിമമായ സർവ്വനാശത്തിലേക്കുള്ള ക്രമാനുഗതസഞ്ചാരത്തിന്റെ കഥയാണ് സംസ്കാരം എന്നുവരാം. അങ്ങനെയെങ്കിൽ ആ സംസ്കാരസഞ്ചയത്തിന്റെ പ്രതീകസംഗ്രഹമാണ് അശ്വത്ഥാമാവ്. മഹാഭാരതം വായിച്ചു തിരിഞ്ഞുനോക്കുമ്പോൾ അങ്ങനെയൊരു തോന്നൽ ബാക്കിനിന്നേക്കും.
അതുകൊണ്ട്, അശ്വത്ഥാമാവിലൂടെ കാലത്തിലേക്കും ചരിത്രത്തിലേക്കും തിരിഞ്ഞുനോക്കാൻ ഈ കാവ്യാഖ്യായിക തുനിയുന്നതിന് സാധാരണയിൽ കവിഞ്ഞ പ്രാധാന്യമുണ്ട്. അത് ദ്രൗപദിയും കർണ്ണനും അർജ്ജുനനും ഭീമനും പോലുള്ളവർ തങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെയല്ല. തങ്ങളുടെ
ജീവിതത്തിന്റെ ഇങ്ങേത്തലയ്ക്കൽ നിന്ന് തങ്ങളിലേക്ക് തിരിഞ്ഞുനോക്കാനേ അവർക്കു കഴിയൂ. അവരെല്ലാം കാലത്തിൽ ബദ്ധരായവരാണ്. അശ്വത്ഥാമാവ് കാലത്തിൽ നിത്യമായി അലയുന്നു. ചോരയൂറുന്ന നെറ്റിക്കണ്ണുമായി, കാലപ്രവാഹത്തിന്റെ ഇങ്ങേത്തലയ്ക്കൽനിന്ന് ചരിത്രത്തിന്റെ ഗതിഭേദങ്ങളിലേക്ക് നോക്കാൻ കഴിയുന്ന ഒരാളാണയാൾ. അത്തരമൊരു വീക്ഷണസ്ഥാനം മഹാഭാരതം മറ്റൊരു കഥാപാത്രത്തിനും കല്പിച്ചുനല്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഓർക്കുകെന്നും തുറന്നുകിടപ്പാ-
ണാർത്തനാദമുയർന്ന മൈതാനം
എന്ന് കാവ്യം അവസാനിക്കുമ്പോഴുള്ള സൂചന ഈ
മഹാകാലത്തെക്കുറിച്ചുകൂടിയാണ് എന്നു പറയാം. നിത്യമായ
തുറന്നുകിടക്കുന്ന ഒരു മഹാസംഗരഭൂമി. അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകൾ, കബന്ധങ്ങൾ, നിരർത്ഥകമായിത്തീർന്ന വിജയപ്രതാപങ്ങൾ. എല്ലാം നിത്യമായി തുടരുന്നുണ്ട്. അശ്വത്ഥാമാവ് അതെല്ലാം കാണുന്നുമുണ്ട്.
മുപ്പത്തിരണ്ട് ഖണ്ഡങ്ങളിലായി മഹാഭാരതകഥയുടെ കേന്ദ്രഭാഗം
സംഗ്രഹിക്കുകയും അതിലൂടെ തന്റെ ജീവിതദർശനത്തെ
പ്രകാശിപ്പിക്കുകയും ചെയ്യുന്ന പരിചരണരീതിയാണ് പത്മനാഭൻ
കാവുമ്പായി ഈ കാവ്യത്തിൽ പിന്തുടരുന്നത്.

പൗരാണികപ്രമേയങ്ങളെ മുൻനിർത്തുന്ന ആധുനിക ആഖ്യാനങ്ങളിൽ
എത്രയും ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നതും ചിരപരീക്ഷിതവുമായ ഒരാഖ്യാനതന്ത്രമാണത്. ഒരേസമയം ഇരുദൗത്യങ്ങൾ നിറവേറ്റിക്കൊണ്ടാണ് ആഖ്യാനം അവിടെ മുന്നേറുന്നത്. കാവ്യപ്രമേയം പടിപടിയായി ഇതൾ വിടർന്നുവരുന്ന, കഥാനിർവഹണപരം എന്നു വിശേഷിപ്പിക്കാവുന്ന ആഖ്യാനതലം ഒരുഭാഗത്തും, അതിനിടയിൽ ഓരോരോ സന്ദർഭങ്ങളിലൂടെ
മനുഷ്യാവസ്ഥയുടെയും ജീവിതത്തിന്റെയും ആന്തരികസംഘർഷങ്ങളെ
അഭിസംബോധന ചെയ്യുന്ന ആഖ്യാനതലം സമാന്തരമായും
വികസിച്ചുവരുന്നു. നമ്മുടെ കാവ്യചരിത്രം സാർത്ഥകമായി
ഉപയോഗപ്പെടുത്തിയ ഈയൊരു വഴിയിലൂടെ നടക്കുന്നതുമൂലം, ആ കാവ്യപാരമ്പര്യം ജന്മം നല്കിയ അനുഭൂതിചരിത്രത്തിന്റെ ബലം
കൂടി തന്റെ കാവ്യത്തിലേക്ക് കൂട്ടിയിണക്കാൻ പത്മനാഭൻ
കാവുമ്പായിക്ക് കഴിഞ്ഞിരിക്കുന്നു.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ കാവ്യാഖ്യായികയിലെ
അശ്വത്ഥാമാവിന്റെ തിരിഞ്ഞുനോട്ടങ്ങൾ മനുഷ്യവംശചരിത്രത്തിലേക്കു
കൂടിയുള്ള തിരിഞ്ഞുനോട്ടങ്ങളാണ്. കാവ്യാരംഭത്തിലെ
അശ്വത്ഥാമാവിന്റെ അവതരണത്തിൽതന്നെ അതിന്റെ മുദ്രകളുണ്ട്.
ആഗതനൊരാളാഹതൻ, കൂരിരുൾ
കോരിമേലൊഴിച്ചെന്ന പോൽ നിൽക്കുവോൻ
ഇരുളാണ്ടുനിൽക്കുന്ന ഈ മാനുഷികപ്രകാരത്തെ ചരിത്രത്തിന്റെ
പല പടവുകളിലും നാം കണ്ടുമുട്ടിയിട്ടുണ്ട്. കൂട്ടക്കൊലകളും കണ്ണീരും
കബന്ധങ്ങളും നിറഞ്ഞ ചരിത്രത്തിന്റെ ഓരോ പടവിലും കൂരിരുൾ കോരിയൊഴിച്ച ഈ മാനുഷപ്രകാരം വന്നു മടങ്ങിക്കൊണ്ടിരിക്കുന്നു.
ഇവനൊരാൾ
ഇരുളാണ്ട പർവ്വങ്ങളിൽ
പുകയടങ്ങാത്തതാം പാളയങ്ങളിൽ
കുരുതികൊണ്ടും കൊടുത്തും യുഗങ്ങളിൽ
വ്രണിതദേഹിയായ് വെന്തുനീറുന്നവൻ
അശ്വത്ഥാമാവിന്റെ കഥയെ ചരിത്രത്തിന്റെ ഇരുൾപ്പടർച്ചകളിലേക്കുള്ള ഒരു വഴിയായി തുറന്നിട്ടുകൊണ്ടാണ് കാവ്യമാരംഭിക്കുന്നത്. ചരിത്രം എന്ന അവസാനമില്ലാത്ത പടപാച്ചിലിന്റെ ഓരോ പടവിലും ഈ ഇരുട്ട് മനുഷ്യവംശത്തെ വലയം ചെയ്തിട്ടുണ്ട്. അന്തിമമായ നിസ്സഹായതയുടെയും
നിരർത്ഥകതയുടെയും ഇരുട്ടാണത്. അതിനെ മറികടക്കാൻ പോന്നവിധം
ഓരോ പടവിലും പ്രത്യാശയുടെ പ്രഭാതത്തെ തേടുന്നുമുണ്ട്.

എത്തിയെത്രയോ വട്ട, മിരുട്ടിലീ
രക്തമാരി കുതിർത്ത തടങ്ങളിൽ
വ്യർത്ഥത തൻ വിരാഗതലങ്ങളിൽ
ആരുമൊറ്റയാമാത്മപുടങ്ങളിൽ
ഇങ്ങനെ ആദ്യത്തെ രണ്ടു ഖണ്ഡങ്ങളിലായി പ്രമേയപ്രത്യക്ഷങ്ങളിൽ നിന്ന് വിപുലമായ മറ്റൊരു തലത്തിലേക്ക് തുറന്നുകിടക്കുന്ന നിലയിലാണ് ഈ കാവ്യാഖ്യായിക വികസിക്കുന്നത്. മൂന്നാം ഖണ്ഡം മുതൽ കുരുക്ഷേത്രയുദ്ധത്തിന്റെയും മഹാഭാരതേതിഹാസത്തിന്റെയും പല സന്ദർഭങ്ങളിലൂടെ കവിത കടന്നുപോകുന്നു. ക്രമാനുഗതമായ കഥാഖ്യാനമായല്ല, കാവ്യനിർവഹണത്തിന്റെ അനിവാര്യമായ സന്ദർഭങ്ങളുടെ
അവതരണസ്ഥാനമായാണ് ഓരോ ഖണ്ഡവും വിഭാവനം ചെയ്തിരിക്കുന്നത്.
ഇലമുളച്ചിയെപ്പോലിതിഹാസം
അടരിലാഴ്ത്തിയൊളിപ്പിച്ചതെല്ലാം
അതിനിഗൂഢമാം മൗനത്തിനുള്ളിൽ
പുതിയതായ് മുളപൊട്ടുന്നിരുട്ടിൽ
ഇത് അശ്വത്ഥാമാവിന്റെ ആത്മവിചാരം മാത്രമല്ല. കവിതയുടെ പ്രവാഹഗതിയെയും ആഖ്യാനക്രമത്തെയും കുറിച്ച് കവി നല്കുന്ന വിശദീകരണം കൂടിയാണ്. ഇതിഹാസമൗനങ്ങളിലേക്കും അതിന്റെ ഇരുട്ടിലേക്കുമുള്ള സഞ്ചാരവഴികളാണ് തന്റെ കവിതയെന്ന് കവിയിവിടെ പറഞ്ഞുവയ്ക്കുന്നുണ്ട്. അത്തരമൊരു യാത്രയ്ക്ക് ഉതകുന്ന മട്ടിൽ മരണമുഹൂർത്തത്തിൽ ദുര്യോധനൻ അശ്വത്ഥാമാവിനെ സേനാപതിയായി അഭിഷേകം ചെയ്തതു മുതലുള്ള വിവിധ
സന്ദർഭങ്ങൾ കവിത അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ദ്രൗപദീസ്വയംവരം, കർണ്ണാഗമം, ദുര്യോധനരോഷം, യുദ്ധാരംഭത്തിനു
മുൻപ് കൃഷ്ണൻ കുന്തിയുമായും കർണ്ണനുമായും നടത്തുന്ന കൂടിക്കാഴ്ചകൾ, കുന്തിയും കർണ്ണനുമായുള്ള കണ്ടുമുട്ടൽ, ദ്രോണരുടെ ജീവിതകഥ, ധൃഷ്ടദ്യുമ്നന്റെ സൈന്യാധിപനിയോഗം, ശല്യരുമായുള്ള ഗൂഢാലോചന, യുദ്ധസന്നാഹങ്ങൾ, പടയുടെ പ്രകാരഭേദങ്ങൾ, യുദ്ധവർണ്ണന, ശിഖണ്ഡിയുമായുള്ള ഗൂഢാലോചന, അഭിമന്യുവധം, ജയദ്രഥവധം, ഘടോൽക്കചനിഗ്രഹം, ദ്രോണരുടെ മരണവാർത്ത, വ്യാസനുമായുള്ള കൂടിക്കാഴ്ച, ഏകലവ്യസ്മരണ, അവസാനത്തെ കൂട്ടക്കൊല എന്നിങ്ങനെ പലപല സന്ദർഭങ്ങൾ. അവയിലൂടെ ഒട്ടും രേഖീയമായല്ലാതെ, കാവ്യം കടന്നുപോകുന്നു. ഈ സന്ദർഭങ്ങളെയെല്ലാം തന്റെ കാവ്യ-ജീവിതദർശനങ്ങളുടെ സന്നിവേശത്തിന് കവി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ദൈവം പിശാചായും സ്നേഹം വഞ്ചനയായും മാറുന്ന ജീവിതസമസ്യകളുടെ പല പടവുകളെ ഈ കാവ്യാഖ്യായിക തുറന്നുവയ്ക്കുന്നുണ്ട്. കർണ്ണനെ ചതിച്ചും പാണ്ഡവരെ രക്ഷിക്കാമെന്നു പറയുന്ന കൃഷ്ണനോട് കുന്തി പറയുന്ന വാക്കുകളിൽ അതിന്റെ മുഴക്കമുണ്ട്.
നീ നിശാചരനോ മാനുഷനോ
നീചബുദ്ധി, നിൻ മാതുലനൊത്തോ?
പത്തുമാസം ചുമന്നോരുദരം
എത്രപെട്ടന്നു നീ മറക്കുന്നു?
കൊല്ലിക്കയത്രേ നിനക്കു രസമെടോ! എന്ന പഴയ ശാപവചനത്തിന്റെയും ഗാന്ധാരീവിലാപത്തിന്റെയും തുടർച്ചകൾ ഇവിടെ കുന്തിയുടെ വാക്കുകളിൽ കാണാം. കൃഷ്ണൻ അതിനു മറുപടിയായി പറയുന്ന വാക്കുകളിൽ അതിനപ്പുറത്തേക്കു നീളുന്ന ഉത്തരവുമുണ്ട്.

പോവുകമ്മേ, നിഗൂഢകഥകൾ
മൂടിയ പേടകം തുറന്നാലും
ജ്ഞാതമാകാത്തതാണതിലിന്നും
ജീവിതമഹാഭാവുകങ്ങൾ
ഇത് കുന്തിയോടുള്ള കൃഷ്ണന്റെ മറുപടി മാത്രമല്ല. കവിതയുടെ ആന്തരികലോകത്തിലേക്കുള്ള പ്രവേശകം കൂടിയായി ഈ വരികളെ കാണാമെന്ന് തോന്നുന്നു. അറിയപ്പെടാത്ത രഹസ്യങ്ങളുടെ
വൻകലവറയായിത്തീർന്ന ജീവിതത്തിന്റെ പലപല അടരുകളെയാണ്
തന്റെ കാവ്യത്തിലെ ഓരോ ഖണ്ഡത്തിലും പത്മനാഭൻ കാവുമ്പായി
അഭിസംബോധന ചെയ്യുന്നത്. രക്തബന്ധം ഒരു പുറത്തും സ്നേഹബന്ധം മറുപുറത്തും നിൽക്കുമ്പോൾ, സ്നേഹബന്ധത്തിന്റെ അനശ്വരതയിൽ കാലൂന്നിനിൽക്കുന്ന കർണ്ണൻ ആ ജീവിതമഹാനാടകത്തിന്റെ അടയാളവാക്യം പോലെയാണ് നിലകൊള്ളുന്നത്:

രക്തബന്ധം മുറിച്ചെഴുതുന്ന
മൈത്രിയാണിവൻ മാധവാ കേൾക്കൂ
ഉണ്ടിനിജന്മമെങ്കിലുമന്നാ
കർമ്മധീരനേ ഞാൻ കരുത്തേകൂ
അക്കരമറിയാത്ത മുറുക്കം
ഏതുഞാണിനുണ്ടീ ഭൂമുഖത്തിൽ!
മഹാഭാരതേതിഹാസത്തിന്റെ ആന്തരികമഹിമയിലേക്കുള്ള വലിയൊരു വഴിയിതാണ്.

കല്പിതമാം കഥകളിലെല്ലാം നിത്യവൈരുധ്യവും നിഴൽവീശാം എന്ന് കവിത ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ പല ലോകങ്ങൾ
ഒരുമിച്ചണിനിരക്കുന്നു. ജയം തന്നെ പരാജയമായിത്തീരുന്നു. ദൈവം പിശാചുമാവുന്നു.
എത്രമേലമാനുഷ-
നത്രമേൽ മനുഷ്യൻ ഞാൻ എന്ന് കർണ്ണൻ കുന്തിയോട് പറയുന്ന
വാക്കുകളിലും ഇതു കാണാം. അന്തിമമായ പൊരുളറിയാനാകാത്ത
വിധം വ്യാകുലമായിത്തീർന്ന വഴിയിലൂടെയുള്ള യാത്രയാണ് ജീവിതമെന്ന് അയാൾക്കറിയാം.
ഇനിയും നടക്കുകീ-
തീരമജ്ഞാതം! നമ്മൾ
ജീവനോടില്ലെന്നാലും
ജീവിതം നിലനിൽക്കും
വിജിഗീഷുവായ മൃത്യുവിനും താഴ്ത്തിക്കെട്ടാനാവാത്ത ജീവിതത്തിന്റെ വിജയപതാകയെക്കുറിച്ചാണ് കവിതയിവിടെ സംസാരിക്കുന്നത്. എല്ലാ ദുരിതങ്ങൾക്കുമേലും ഉയർന്നുപാറുന്ന ജീവിതത്തിന്റെ കൊടിപ്പടം. ഒറ്റയൊറ്റയായ ജീവിതദുഃഖങ്ങൾക്കു മുകളിൽ ഒഴുകുന്ന ഏകജീവിതാനശ്വരഗാനം. അവിടെ മരണം ജീവിതത്തിന്റെ പൂർത്തിയായിത്തീരുന്നു.
മൃത്യുവാം മഹാവാരിധിതേടും
സത്യമാകുന്നു ജീവിതമപ്പോൾ
പരമമായ ആ മുഹൂർത്തമാകട്ടെ മിക്കവാറും നിരർത്ഥകമായ ഒന്നായി പര്യവസാനിക്കുകയും ചെയ്യുന്നു.

ഏതുദകത്തിലും ചോറുരുള-
കാക്കുവോർ ബലിക്കാക്കകളെത്തും
ആയവയ്ക്കില്ലൊരിക്കലും വംശ-
നാശ നഷ്ടമനിഷ്ടമെന്നാലും
ആരെയൂട്ടുവാൻ, പിതൃപ്രീതിക്കായ്
പിണ്ഡമർപ്പിച്ചു കൈകൾ ഞാൻ കൊട്ടി

അന്തിമമായ ഈ നിരർത്ഥകതയെക്കുറിച്ചുള്ള തിരിച്ചറിവാണ് ജീവിതം. ആർത്തനാദങ്ങളുയരുന്ന വിസ്തൃതപ്പരപ്പായി, ജീവിതത്തിന്റെ അവസാനമില്ലാത്ത കളിക്കളമായി, അത് നമ്മെ വലയം ചെയ്യുന്നു. അതിലെ കളികൾക്ക് അന്തിമമായ
അർത്ഥമൊന്നുമില്ല. കളിക്കുകയും പിൻവാങ്ങുകയുമല്ലാതെ പരമമായ
അർത്ഥത്തിലേക്ക് അവിടെനിന്നൊരു വഴിയില്ല. വിജയമാകട്ടെ പരാജയമാകട്ടെ, പ്രതികാരമാകട്ടെ പതനമാകട്ടെ, അന്തിമമായ ഒരു നിഷ്ഫലത ജീവിതമഹാനാടകത്തെ വലയം ചെയ്യുന്നുണ്ട്. ഇത്തരമൊരു തിരിച്ചറിവിന്റെ വാങ്മയമാകാനാണ് പത്മനാഭൻ കാവുമ്പായിയുടെ കവിത ശ്രമിക്കുന്നത്. ഇതിഹാസഭാവനയുടെ ഹൃദയം എന്നു പറയാവുന്ന അത്തരമൊരു വിമുക്തതയിൽ കവിത അന്തിമമായി ചെന്നുചേരുകയും ചെയ്യുന്നു.
ഐതിഹാസികമാനം നിറഞ്ഞ ഇത്തരമൊരു പ്രമേയത്തിന്റെ
പരിചരണത്തിനുതകുന്ന കാവ്യഭാഷ കണ്ടെത്താൻ കഴിഞ്ഞു എന്നതും
ഈ കവിതയെ സംബന്ധിച്ച് പ്രധാനമാണ്. നമ്മുടെ കാവ്യഭാഷയുടെ
പൂർവ്വമാതൃകകളെ സ്വാംശീകരിക്കാനും അതിനെ തന്റെ
കാവ്യാഖ്യായികയുടെ അടിപ്പടവാക്കാനും പത്മനാഭൻ കാവുമ്പായിക്ക്
കഴിയുന്നുണ്ട്.

പട്ടിശം, ശക്തി, തോമരം, ശൂലവും
നൂറ്റുക്കൊല്ലി, ഭൂശുണ്ഡി, ചക്രങ്ങളും
പരശു, ഖഡ്ഗ, മയോഗുഡം, പ്രാസവും
മുദ്ഗരം, ഭിന്ദിപാലം, കണപവും -എന്നിങ്ങനെയുള്ള ആയുധവിവരണങ്ങളിലും
ഹസ്തിനം, മഹാപട്ടണമെങ്ങും
മന്ദിരങ്ങൾ മഹാഗോപുരങ്ങൾ
കർണികാരങ്ങൾ പൂത്തതുപോലെ
മിന്നിപൊൻതാഴികക്കുടം നീളെ -എന്നിങ്ങനെയുള്ള നഗരവർണ്ണനയിലും
ശസ്ത്രവിദ്യയിൽ രാമനോടൊത്തും
യുദ്ധവീര്യത്തിലിന്ദ്രനോടൊത്തും
കാർത്ത്യവീര്യപരാക്രമമൊത്തും
ബുദ്ധിയാലെ ബൃഹസ്പദിക്കൊത്തും
പർവ്വതം പോലചഞ്ചലനായും
അഗ്നിയെപ്പോലെ തേജസ്വിയായും -എന്നിങ്ങനെ രൂപവർണ്ണനയിലുമെല്ലാം പല പ്രകാരങ്ങളിൽ ഒഴുകി നീങ്ങുന്ന ഭാഷയുടെ ജൈവസ്വരൂപത്തെ നമുക്കീ കാവ്യത്തിൽ പലയിടങ്ങളിലായി കാണാനാവും. ഇതിനു സമാന്തരമായി,
ആശങ്കയാം ചുഴിപെട്ടുഴലുന്നവൻ,
ശോകാഴിയിൽ തിരത്തല്ലലിൽപ്പെട്ടവൻ,
ഉഗ്രകോപാഗ്നി ജ്വലിക്കുന്ന മാനസൻ,
കാമാർത്തമായുടൽ പൂക്കുന്ന മാനുഷർ
എന്ന് തത്വവിചാരത്തിന്റെ പദാവലികളെ പിൻതുടരുന്ന ഭാഷാസ്വരൂപവും ഇതിലുണ്ട്.

ചക്രവാതച്ചുഴികൾ കലങ്ങും
മർത്യമാനസസാഗരം നീന്തി
നിത്യനൂതനവാക്കുകളാലെ
അത്യതീത കഥകളുണർത്തുന്ന വ്യാസഭാവനയെ വണങ്ങിക്കൊണ്ടാണ് പത്മനാഭൻ കാവുമ്പായിയുടെ കാവ്യാഖ്യായിക
അന്തിമഭാഗത്തിലേക്കു നീങ്ങുന്നത്. വിശാലമായൊരർത്ഥത്തിൽ ഇതിഹാസഭാവനയുടെ അടിപ്പടവ് എന്നു പറയാവുന്ന വിശ്രാന്തഭാവത്തിലേക്കാണ് ഈ കവിതയും എത്തിച്ചേരുന്നത്.
ഭാഷയുടെയും ഭാവലോകത്തിന്റെയും വൈവിധ്യങ്ങളും വൈരുധ്യങ്ങളും ചേർത്തുവച്ചുകൊണ്ട് ജീവിതം എന്ന മഹാവിസ്തൃതിയിലേക്കും മാനുഷികശ്രമങ്ങളുടെ നിരർത്ഥകമായ പരിസമാപ്തിയിലേക്കും അത് നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു.

അന്തിമസത്യങ്ങൾ പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രപാഠങ്ങൾക്കു
കുറുകെ സന്ദിഗ്ധതയുടെ നൈതികപാഠമായാണ് അവസാനത്തെ
സൈന്യാധിപൻ നിലകൊള്ളുന്നത്. അത് കാലത്തിന്റെ ഇരുൾപ്പടർച്ചകളിൽ അവസാനമില്ലാതെ അലഞ്ഞുകൊണ്ടേയിരിക്കുന്ന മനുഷ്യജീവിതത്തിന്റെ നിതാന്തദുഃഖങ്ങൾ കാണുന്നു; അതിന്റെ സ്വരഭേദങ്ങളിലേക്ക് കാതുകൂർപ്പിക്കുന്നു. മനുഷ്യവംശത്തിന്റെ ദീർഘചരിത്രത്തിൽ സാഹിത്യം ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ലല്ലോ.


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments