സൂപ്പർഹീറോസ്, വർക്കിംഗ് ക്ലാസ് സൂപ്പർ ഹീറോസ്, മലയാളീസ്

സൂപ്പർഹീറോ അമേരിക്കൻ കോമിക്സ് വ്യവസായം പൊലിപ്പിച്ചെടുത്ത ഒരു സങ്കല്പമാണ്. ആയിരത്താണ്ട് കൊല്ലങ്ങളുടെ ശ്രമഫലമായി ഇന്ത്യൻ ബ്രാഹ്‌മണ്യം സ്വരൂപിച്ചെടുത്തതിനേക്കാൾ കൂടുതൽ സൂപ്പർഹീറോകൾ ഇന്ന് ലോകരക്ഷകരായുണ്ട്. ഓരോ സിനിമാക്കമ്പനികൾക്കും അതാത് പാരലൽ യൂണിവേഴ്സുകൾ പോലുമുണ്ട്.

മതാത്മകമായ രക്ഷകസങ്കല്പങ്ങൾ ക്ഷീണിതമാവുകയും ലോകമെമ്പാടുമുള്ള ചൂഷിതജനതകൾ അവരുടെ ചരിത്രപരമായ പങ്ക് നിർവഹിക്കാൻ സംഘടിതമായി ഉയർത്തെഴുന്നേൽക്കയും ചെയ്ത കാലത്താണ് അമേരിക്കൻ സൂപ്പർഹീറോകളും രംഗപ്രവേശം ചെയ്യുന്നത്. നീഷേയും ഓർബിന്ദോയും അങ്ങനെ പലരും പലതരം അതീതമാനവസങ്കല്പങ്ങൾ കൊണ്ട് വരുന്നതും അഡോൾഫ് ഹിറ്റ്ലർ സ്വയമൊരു സൂപ്പർഹീറോയായ് അവരോധിച്ച് കൊണ്ട് ഒരു നാസി പാരലൽ യൂണിവേഴ്സ് സ്ഥാപിച്ചെടുക്കുന്നതും ഏതാണ്ട് അതേ കാലത്താണ്.

പക്ഷേ അമേരിക്കൻ സൂപ്പർഹീറോസ് ഒരു സയൻസ് ഫിക്ഷൻ സബ് ഴോനറായിരുന്നു. അന്യഗ്രഹത്തിൽ നിന്നും ലാബറട്ടറികളിൽ നിന്നുമാണ് സൂപ്പർഹീറോകൾ പിറവി കൊണ്ടിരുന്നത്. ജനിറ്റിക്സ് ഒരു വലിയ സംഭവവികാസമായി തീർന്നതോടെ മ്യൂട്ടന്റുകളും സൂപ്പർഹീറോകളായി. അതെ സമയം സോവിയറ്റ് യൂണിയൻ ചേരിയിൽ നിന്നും പുറത്ത് വന്ന് കൊണ്ടിരുന്ന സയൻസ് ഫിക്ഷനുകളിൽ സൂപ്പർഹീറോകളുണ്ടായിരുന്നില്ല. അവർ അവരുടെ കമ്യൂണിസ്റ്റ് ഉട്ടോപ്യയയെ തന്നെയാണ് സയൻസ് ഫിക്ഷനുകളിലും കേന്ദ്രസ്ഥാനത്ത് വെച്ചിരുന്നത്.

സൂപ്പർഹീറോകൾ സംഘടിതമായ ജനമുന്നേറ്റങ്ങളെ റദ്ദാക്കുന്നവരാണ്. അത്തരം മൂർത്തമായൊരു രാഷ്ട്രീയ യാഥാർത്ഥ്യത്തെ ബൈപ്പാസ് ചെയ്യേണ്ടത് അമേരിക്കൻ എക്കണോമിയുടെയും താല്പര്യമായിരുന്നു. അത് കൊണ്ട് തന്നെ അമേരിക്കൻ ബാല്യകൗമാരങ്ങളിലേക്ക് കോമിക്ക് ബുക്കുകൾ സിനിമകൾ ടോയികൾ മലവെള്ളം പോലെ കുത്തിയൊഴുകി, ഒഴുകുന്നു.

ഇന്ത്യയിൽ സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയ/ ബാബറി മസ്ജിദ് തകർത്തെറിയപ്പെട്ട തൊണ്ണൂറുകളിൽ പുരാണ സീരിയലുകൾക്കും ക്രിക്കറ്റിനുമൊപ്പം ശക്തിമാനെന്നൊരു സൂപ്പർഹീറോ സീരിയലും വൈകിയുണരുന്ന കുട്ടികൾക്ക് കൂടി കാണാൻ കഴിയും വിധം ഞായറാഴ്ചപ്പുലർച്ചകളിൽ സർക്കാർ വക ടിവി ചാനലിലൂടെ പ്രസരണം ചെയ്തിരുന്നു. ഇന്ത്യയിലെ അവശിഷ്ട സോഷ്യലിസ്റ്റ് സങ്കല്പങ്ങൾ അവരുടെ ഏക്കാലത്തെയും വലിയ സമരങ്ങൾ നടത്തുകയും സഫ്ദർ ഹശ്മിയും കൂത്തുപറമ്പും അടക്കം സംഭവിക്കയും ചെയ്യുന്നതിനൊപ്പമാണിതൊക്കെയും ഏറെക്കുറെ സൗജന്യമായി തന്നെ വിതരണം ചെയ്യപ്പെട്ടിരുന്നതും. ശക്തിമാൻ പഞ്ചഭൂതങ്ങളിൽ നിന്നും മഹർഷിമാരാൽ സൃഷ്ടിക്കപ്പെട്ട ഒരു ഭാരതീയ സൂപ്പർഹീറോയായിരുന്നു.

ഈ പറഞ്ഞ അമേരിക്കൻ ഭാരതീയ സൂപ്പർഹീറോകൾക്കൊപ്പം വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകവും യുറീക്കയും മായാവിയും മാജിക് മാലുവും തളിരും ശാസ്ത്രകൗതുകവും ഒക്കെ കൂടിയാണ് കേരളത്തിലോടിക്കൊണ്ടിരുന്നത്. കേരളത്തിന് സ്വന്തമായൊരു സൂപ്പർഹീറോയുടെ കാര്യവും ഇല്ലായിരുന്നു. വിനോദവ്യവസായത്തിന്റെ സവിശേഷമായ മൂലധനശക്തിയില്ലാതെ തന്നെ മുത്തപ്പനും മുഹമ്മദ് നബിയും ഗുരുവായൂരപ്പനും ഇഎംഎസും കരുണാകരനും വർഗീസും സെന്റ് ജോർജ് പുണ്യാളനുമൊക്കെ സൂപ്പർഹീറോ പദവിയുള്ള ഒരു സമ്മിശ്രഭാവനാലോകവും ഇവിടെ സജീവമായി നിലകൊണ്ടിരുന്നു. അത് തന്നെയായിരുന്നു ഇവിടുത്തെ മുഖ്യധാരയും. അത് ബ്രേക്ക് ചെയ്യാൻ അമേരിക്കൻ സൂപ്പർഹീറോകൾക്ക് കൂടി കഴിഞ്ഞിരുന്നില്ല.

ഒരുപക്ഷേ കേരളമടക്കമുള്ള അവശിഷ്ട ഇടത് പക്ഷ ലോകങ്ങൾ അവരുടെ അവസാന റൗണ്ട് ജനകീയ സമരങ്ങൾ നടത്തിപ്പോരുമ്പോൾ ഇത്തരം സിനിമകൾ പൊതുസംവാദങ്ങളും മാദ്ധ്യമയിടങ്ങളും തീർത്തും കൊള്ളയടിച്ച് കൊണ്ട് പോവുക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള ചൂഷിതജനതകൾ അവരുടെ ചരിത്രപരമായ പങ്ക് നിർവഹിക്കാൻ സംഘടിതമായി ഉയർത്തെഴുന്നേറ്റ കാലത്താണ് അമേരിക്കയിൽ സൂപ്പർഹീറോകളും രംഗപ്രവേശം ചെയ്യുന്നത്. അവർക്കന്നത് ഫാസിസത്തിനും കമ്യൂണിസത്തിനും ഒത്ത ഒരു ലിബറൽ മറുമരുന്നായാവും പ്രവർത്തിച്ചിട്ടുണ്ടാവുക. ഇവിടെയിനി എന്തൊക്കെ തരം സൂപ്പർഹീറോകളാണ് വന്ന് ചാടുക, അവരുടെ ലോകരക്ഷ പോളിസികൾ എങ്ങനെയൊക്കെയാണ് എന്ന് കണ്ടറിയേണ്ടതാണ്.

എന്തായാലും അതിമാനുഷിക സിനിമകൾക്കെതിരെ ചറപറാ എഴുതിയിരുന്നവർ പോലും മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോയെ കണ്ട് ത്രില്ലടിച്ചിരിക്കയാണ്. പ്രളയവും കൊറോണയും തീ പാറി തീപ്പൊരി ചിന്തിയ കുറെ തിരഞ്ഞെടുപ്പുകളും കഴിഞ്ഞ മനുഷ്യർക്ക് ഇതുമൊരു ആശ്വാസമായിരിക്കണം. നിയോ ലിബറലിസത്തിന്റെ മതമാണ് വ്യാവസായികതലത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വിനോദം. എന്തെങ്കിലുമൊക്കെ തരം കുറെ മയക്കങ്ങൾ കൂടിയില്ലാതെ ഹൃദയമില്ലാത്തൊരീ ലോകത്ത് മനുഷ്യരെങ്ങനെ കഴിഞ്ഞ് കൂടും.

Comments