ഐ.എഫ്.എഫ്.കെ. വേദിയിലെ
ടി.പത്മാനാഭന്റെ ചോദ്യത്തിന്
മറുപടി ഉണ്ടോ സര്‍ക്കാരേ
ഐ.എഫ്.എഫ്.കെ. വേദിയിലെ ടി.പത്മാനാഭന്റെ ചോദ്യത്തിന് മറുപടി ഉണ്ടോ സര്‍ക്കാരേ
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ സൂക്ഷിക്കേണ്ടതുണ്ടോ?' കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച വിവിധ പ്രതിസന്ധികളെയും ദുര്‍ഘടങ്ങളെയും അനായാസം തരണം ചെയ്ത ഒരു സര്‍ക്കാരിന്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ ഉണ്ടാകുന്ന ഏതുപ്രതിസന്ധിയെയും തരണം ചെയ്യാന്‍ കഴിയുമെന്നും, അല്ലാത്തപക്ഷം "ഭാവി കേരളം തങ്ങള്‍ക്ക് മാപ്പുതരില്ല' എന്നും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെട്ട വേദിയിലേക്ക് നോക്കി ടി. പത്മനാഭന്‍ അടിവരയിട്ടു പറയുന്നു.
27 Mar 2022, 05:56 PM
തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള, സിനിമാമേഖലയോട് പറയത്തക്ക ബന്ധമൊന്നും പുലര്‍ത്തിയിട്ടില്ലാത്ത മലയാളത്തിന്റെ പ്രിയ ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള 2022-ന്റെ സമാപന ചടങ്ങില്‍ സംസാരിക്കാനെത്തിയപ്പോള്‍, സാഹിത്യ സദസ്സുകളില്‍ അദ്ദേഹത്തിന് പൊതുവെ ലഭിക്കാറുണ്ടായിരുന്ന കയ്യടിയോ സ്വീകരണമോ ഒന്നും തുടക്കത്തില്‍ കാണികളുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ചടങ്ങില്‍ അതിഥിയായി എത്തിയിരിക്കുന്ന, ഇനിയും സംസാരിച്ചിട്ടില്ലാത്ത തങ്ങളുടെ ബോളിവുഡ് പ്രിയനടന്‍ നവാസുദീന്‍ സിദ്ധിഖിയുടെ വാക്കുകള്‍ക്കായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു കാണികള്‍. എന്നാല്‍ മലയാള സിനിമാവ്യവസായത്തെയും കേരള സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ടുള്ള, ടി. പത്മനാഭന്റെ ഒന്‍പത് മിനിറ്റ് നീണ്ടുനിന്ന "വിചാരണയെ', നിറഞ്ഞ കയ്യടികളോടെയും ആരവത്തോടെയുമാണ് സദസ്സിലെ സിനിമാപ്രേമികള്‍ ഏറ്റെടുത്തത്.
ഇക്കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രധാനപ്പെട്ടതായാണ് അദ്ദേഹം ഈ വര്‍ഷത്തെ ചലച്ചിത്രോത്സവത്തെ വിശേഷിപ്പിച്ചത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ കൊല്ലത്തേത് സ്ത്രീകളുടെ ചലച്ചിത്രോത്സവമായിരുന്നു എന്ന് പത്മനാഭന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അത് സ്ത്രീപക്ഷ/സ്ത്രീസംവിധായകരുടെ ചലച്ചിത്രങ്ങള്‍ക്ക് ഇത്തവണ മുന്‍തൂക്കം ലഭിച്ചതുകൊണ്ട് മാത്രമല്ല, മറിച്ച് ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ മറ്റുപ്രേക്ഷകരെയെന്നപോലെ തന്നെയും ആശ്ചര്യപ്പെടുത്തിയ 'അതിജീവിത'യുടെ സാന്നിധ്യത്തെയാണ് അദ്ദേഹം എടുത്തു പറയുന്നത്. അവരുടെ കേസിനെ കുറിച്ച് താന്‍ സംസാരിക്കാന്‍ തയ്യാറല്ലെങ്കിലും, ഒരു നിയമം പഠിച്ച വ്യക്തിയെന്ന നിലയ്ക്ക് തെറ്റ് ചെയ്തവര്‍ ആരായാലും, എത്ര വലിയവനായിരുന്നാലും, ഒരു ദാക്ഷിണ്യത്തിനും അർഹനാകാതെ ശിക്ഷിക്കപ്പെടണം എന്ന് പറഞ്ഞുകൊണ്ട് ടി.പത്മനാഭന്‍ IFFK വേദിയില്‍ തന്റെ നിലപാട് വ്യക്തമാക്കി. 'ഈ അപരാജിതയുടെ കേസ് വന്നതിനുശേഷമാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കുറെയൊക്കെ ലോകത്തിനുമുന്‍പില്‍ വന്നത്. ഒരുപക്ഷെ ഇനിയും വരാനുണ്ടാകും. ഇത് തുടര്‍ന്ന് അനുവദിക്കാന്‍ പറ്റുമോ?', അദ്ദേഹം ചോദിക്കുന്നു.
സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും ചൂഷണങ്ങളെയും പുറത്ത് കൊണ്ടുവരാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ച സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാത്തതിനെ അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആദ്യാവസാനം നിശിതമായി വിമര്‍ശിക്കുന്നു. ഒരുപക്ഷെ ഇതുപോലെയൊരു മുഖ്യധാരാവേദിയില്‍, മാധ്യമങ്ങളോ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളോ പോലും വേണ്ട പരിഗണന നല്‍കാതെ അവഗണിച്ചുകളഞ്ഞ ഒരു വിഷയത്തെ, ഭരണപക്ഷ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തന്നെ ചര്‍ച്ച ചെയ്യുവാനും, അതിനെതിരെ ചോദ്യം ഉന്നയിക്കുവാനും തയ്യാറായ ആദ്യവ്യക്തി ടി. പത്മനാഭന്‍ ആയിരിക്കണം.
മീഡിയ വണ്‍ ചാനലിനെ സമുചിതമായ മുന്നറിയിപ്പുകളൊന്നും തന്നെ കൂടാതെ രാജ്യസുരക്ഷാര്‍ത്ഥം തീര്‍ത്തും രഹസ്യസ്വഭാവത്തോടെ വിലക്കുകയും ഹൈക്കോടതിയില്‍ കേസ് വാദിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെ ഉദാഹരിച്ചുകൊണ്ടാണ്, കേരള സര്‍ക്കാര്‍ രണ്ടുകോടിയിലധികം രൂപ ചിലവഴിച്ചു തയ്യാറാക്കിയ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമായി സൂക്ഷിക്കുന്നതിനെ അദ്ദേഹം വിമര്‍ശിക്കുന്നത്.
"നമ്മുടെ നാട്ടില്‍ ഒരു വൃത്തികെട്ട ഏര്‍പ്പാടുണ്ടായിരുന്നു കുറച്ച് ദിവസം മുന്‍പ് വരെ. ഒരു വ്യക്തിയെ നിങ്ങള്‍ക്ക് ശിക്ഷിക്കണമെങ്കില്‍, അല്ലെങ്കില്‍ ക്രൂശിക്കണമെങ്കില്‍ അയാള്‍ രാജ്യദ്രോഹം ചെയ്തിരിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ മതി. അതിന് തെളിവ് ഹാജരാക്കേണ്ട കാര്യമില്ല. മുദ്രവെച്ച കവറില്‍ നല്ലതുപോലെ സീല്‍ വെച്ച് ജഡ്ജിക്ക് കൊടുക്കുക. പ്രതി ചെയ്ത കുറ്റം പ്രതിയോ, പ്രതിയുടെ വക്കീലോ, ലോകമോ അറിയുന്നില്ല. ചേംബറിന്റെ ഏകാന്തതയില്‍ ജഡ്ജി വായിച്ചുനോക്കുന്നുണ്ട് എന്നാണ് പറയുന്നത്. അതും ചെയ്യുന്നുണ്ടോ എന്ന് നമുക്ക് അറിയില്ല. ഒടുവില്‍ സര്‍ക്കാരിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നു. ബഹുമാന്യനായ ഇന്ത്യയിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു ഈ വൃത്തികെട്ട ഏര്‍പ്പാടിനെ ഓപ്പണ്‍ കോടതില്‍ വെച്ച് തന്നെ എതിര്‍ക്കുന്നത്.
അങ്ങനെയൊക്കെയുള്ള ഈ കാലത്ത് നമ്മള്‍ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ സൂക്ഷിക്കേണ്ടതുണ്ടോ?'
കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ കേരളം അഭിമുഖീകരിച്ച വിവിധ പ്രതിസന്ധികളെയും ദുര്‍ഘടങ്ങളെയും അനായാസം തരണം ചെയ്ത ഒരു സര്‍ക്കാരിന്, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ ഉണ്ടാകുന്ന ഏതുപ്രതിസന്ധിയെയും തരണം ചെയ്യാന്‍ കഴിയുമെന്നും, അല്ലാത്തപക്ഷം "ഭാവി കേരളം തങ്ങള്‍ക്ക് മാപ്പുതരില്ല' എന്നും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെട്ട വേദിയിലേക്ക് നോക്കി ടി. പത്മനാഭന്‍ അടിവരയിട്ടു പറയുന്നു.
ആയിരങ്ങള്‍ സമ്മേളിച്ചിരുന്ന സദസ്സില്‍ നിന്നും ടി.പത്മനാഭന്‍, സര്‍ക്കാരിനും സിനിമാവ്യവസായത്തിനും എതിരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കയ്യടികളും ആരവങ്ങളുമായി പ്രതിധ്വനിച്ചതോടെ സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ ജനങ്ങളോട് മറുപടി പറയാന്‍ മൈക്കിന് മുന്‍പിലെത്തി. എന്നാല്‍ പത്മനാഭന്‍ ഉയര്‍ത്തിയ വിമർശനങ്ങള്‍ക്കൊന്നും തന്നെ മറുപടി നല്‍കുകയോ, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് യാതൊന്നും തന്നെ പരാമർശിക്കുകയോ ചെയ്യാതെ, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിനായി സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഒരു നിയമനിര്‍മ്മാണ പദ്ധതിയെ മാത്രം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങി.
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ ആദ്യ പിണറായി സര്‍ക്കാര്‍ 2017-ലാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) എന്ന സംഘടനയുടെ അഭ്യര്‍ത്ഥന മാനിച്ച്, മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ സ്ത്രീതൊഴിലാളികളുടെ പ്രശ്‌നങ്ങളെ പഠിക്കുന്നതിനായി ജസ്റ്റിസ് ഹേമ നേതൃത്വം വഹിക്കുന്ന ഒരു സമിതിയെ നിയമിക്കുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇത് പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പകരം കമ്മിഷന്റെ ശുപാര്‍ശകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയാണ് ഉണ്ടായത്. റിപ്പോര്‍ട് ഇനിയും സര്‍ക്കാര്‍ വെളിവാക്കാത്തത്, അങ്ങനെ സംഭവിച്ചാല്‍ മലയാളസിനിമയിലെ പല താരരാജാക്കന്മാരെയും പൊതുസമൂഹം തിരിച്ചറിഞ്ഞേക്കാം എന്ന തങ്ങളുടെ ഭീതി മൂലമാണെന്നും, ഇത് മുഖ്യധാരാ നടന്മാര്‍ക്ക് കേരള രാഷ്ട്രീയവ്യവഹാരത്തിലുള്ള സ്വാധീനവുമാണ് സൂചിപ്പിക്കുന്നതെന്നുമുള്ള വിമര്‍ശനങ്ങള്‍ മുന്‍പ് WCC അടക്കം ഉന്നയിച്ചിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടില്‍ പലരുടെയും വ്യക്തിപരമായ തുറന്നുപറച്ചിലുകള്‍ പരാമര്‍ശിക്കുന്നതിനാല്‍ അത് വെളിപ്പെടുത്താന്‍ സാധിക്കുകയില്ല എന്നാണ് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ മുന്‍പ് നിയമസഭയില്‍ അറിയിച്ചത്. IFFK യുടെ സമാപനവേദിയില്‍ ടി.പത്മനാഭന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഒരിക്കല്‍കൂടി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ കലാസാംസ്‌കാരിക വ്യവഹാരത്തില്‍ സജീവമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ ഈ വാക്കുകള്‍ക്ക് ആദ്യാവസാനം ലഭിച്ച കയ്യടിയെ മലയാള സിനിമാവ്യവസായത്തിനും കേരള സര്‍ക്കാരിനുമെതിരെയുള്ള പൊതുസമൂഹത്തിന്റെ വിമര്‍ശനം കൂടിയായി വേണം മനസ്സിലാക്കാന്‍.
"ടൈം ഈസ് റണ്ണിങ് ഔട്ട്....നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം. ഇതൊന്നും അധികകാലം ഇത്തരം പ്രവൃത്തികള്‍ ചെയ്ത് നിങ്ങള്‍ക്ക് താരചക്രവര്‍ത്തിമാരായി ഇവിടെ വാഴാന്‍ സാധിക്കുകയില്ല.' ടി.പത്മനാഭന്‍ തന്റെ പ്രസംഗത്തില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
തിരുവനന്തപുരം പ്രസ് ക്ലബില്‍ ജേണലിസം വിദ്യാര്‍ഥി. ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കള്‍ചറല്‍ സ്റ്റഡീസില്‍ എം.എ. ഹൃദയങ്ങള്‍ക്കപ്പുറം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch
എസ്. ബിനുരാജ്
Jan 12, 2023
4 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read