താലിബാന്‍ :
വഹാബിസവും
ജമാഅത്തെ ഇസ്ലാമിയും
താലിബാന് : വഹാബിസവും ജമാഅത്തെ ഇസ്ലാമിയും
അധികാരം പിടിച്ചടക്കുന്നതിന് നടത്തുന്ന ആഭ്യന്തര യുദ്ധത്തെ വിശ്വാസസംരക്ഷത്തിനുവേണ്ടി നടത്തുന്ന വിശുദ്ധയുദ്ധമാണ് എന്ന തരത്തിലുള്ള രൂക്ഷമായ ആശയങ്ങള്‍ കൃത്യമായി സാംശീകരിച്ച് ദൃഢതയുള്ള പ്രത്യയശാസ്ത്രമായി താലിബാന്‍ തീവ്രവാദികളില്‍ സന്നിവേശിപ്പിക്കപ്പെട്ടത് രാഷ്ട്രീയ ഇസ്‌ലാമിന്റെ ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുകൂടിയാണ്
26 Dec 2022, 11:38 AM
താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരോക്ഷമായി പിന്‍ബലമേകിയ ആശയധാരയില്‍ പ്രധാനപ്പെട്ട ഒന്നാണ് "വഹാബിസം'. മുഹമ്മദ് ഇബിന്‍ അബ്ദുല്‍ വഹാബ് 18ാം നൂറ്റാണ്ടില്‍ സൗദി അറേബ്യയില്‍ ജീവിച്ചിരുന്ന ഇസ്‌ലാമിക മതപണ്ഡിതനായിരുന്നു. നാല് സുന്നി ഇസ്‌ലാമിക വ്യാഖ്യാനശാഖകളിലൊന്നായ ഹന്‍ബലി സ്‌കൂളിന്റെ രീതികള്‍ പിന്തുടര്‍ന്നിരുന്ന അബ്ദുല്‍ വഹാബിന്റെ പ്യൂരിറ്റാനിക്കല്‍ മതആശയങ്ങള്‍ പില്‍ക്കാലത്ത് വഹാബിസം എന്ന പേരില്‍ അറിയപ്പെട്ടു. ഇസ്‌ലാമിലെ യാഥാസ്ഥിതിക പുനരുദ്ധാന പ്രസ്ഥാനമായി മാറിയ വഹാബിസം പില്‍ക്കാലത്ത് സലഫി പ്രസ്ഥാനത്തിന്റെയും ഖുതുബിസത്തിന്റെയും ആവിര്‍ഭാവത്തിനും ശാക്തീകരണത്തിനും പശ്ചാത്തലമൊരുക്കി. ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന മൗലികാശയങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവരെന്ന് അവകാശപ്പെടുന്ന സലഫികളുടെ കൊളോണിയല്‍ വിരുദ്ധത ശ്രദ്ധേയമായിരുന്നു. ഇസ്‌ലാം മതാധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളില്‍ യൂറോപ്യന്‍ കൊളോണിയലിസത്തിനെതിരായി നിലകൊണ്ട സലഫി ആശയക്കാര്‍ ജിഹാദ് എന്ന സങ്കല്‍പനത്തിന് കൊളോണിയല്‍ വിരുദ്ധ പോരാട്ടം എന്ന വ്യാഖ്യാനം കൂടി നല്‍കി.
19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇസ്‌ലാമിക പണ്ഡിതനായിരുന്ന ജമാലുദ്ദീന്‍ അഫ്ഘാനി മുസ്‌ലിം അധിവാസ പ്രദേശങ്ങളിലൂടെ വ്യാപകമായി സഞ്ചരിച്ച് നടത്തിയ മത രാഷ്ട്രീയ പ്രബോധനങ്ങളും കൊളോണിയല്‍ വിരുദ്ധതയും ആധുനികകാലത്തെ രാഷ്ട്രീയ ഇസ്‌ലാമിന്റെ (Political Islam) ആവിര്‍ഭാവത്തിന് പശ്ചാത്തലമൊരുക്കിയിരുന്നു. ദേശീയത എന്ന ആധുനിക പാശ്ചാത്യ ആശയത്തെ ജമാലുദ്ദിന്‍ അഫ്ഘാനി ഇസ്‌ലാം മതസ്വത്വവുമായി സംയോജിപ്പിക്കുന്നതിനുള്ള ആശയപ്രചരണം നടത്തിയത് ഇസ്‌ലാമിക ദേശീയത (Islamic Nationalism)യുടെ ആവിര്‍ഭാവത്തിനു കാരണമായിത്തീര്‍ന്നു. പാന്‍ ഇസ്‌ലാമിസത്തിന്റെ ഉപജ്ഞാതാവായിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനിയും സമകാലീനനായിരുന്ന ഈജിപ്ഷ്യന്‍ ഇസ്‌ലാമിക പണ്ഡിതന്‍ മുഹമ്മദ് അബ്ദുവും സലഫിസത്തിന് പുത്തനുണര്‍വ് നല്‍കി രാഷ്ട്രീയ ഇസ്‌ലാമിന് പ്രത്യയശാസ്ത്ര പരിസരമൊരുക്കി.

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സിറിയന്‍- ഈജിപ്ഷ്യന്‍ ഇസ്‌ലാമിക പണ്ഡിതനായിരുന്ന മുഹമ്മദ് റഷീദ് റിദ യുടെ സലഫിസ്റ്റ് ഇസ്‌ലാമിക പുനരുദ്ധാന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ ഉറ്റ അനുയായി ഹസനുല്‍ ബന്ന ഈജിപ്തില്‍ രൂപീകരിച്ച "അല്‍ ഇഖ്വാനില്‍ മുസ്‌ലിമിന്‍' "അഥവാ മുസ്‌ലിം ബ്രദര്‍ഹൂഡ്' എന്ന സുന്നി ഇസ്‌ലാമിസ്റ്റ് സംഘടനയും സജീവമാക്കിയ ഇസ്‌ലാമിക ആധുനികതയുടെയും പാന്‍ ഇസ്‌ലാമിസത്തിന്റെയും (Islamic Modernity & Pan Islamism) ആശയധാരകള്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ പിറവി സാധ്യമാക്കി.
20ാം നൂറ്റാണ്ടില്‍ ജീവിച്ച ഈജിപ്ഷ്യന്‍ ഇസ്‌ലാമിക സൈദ്ധാന്തികനായിരുന്ന സയ്യിദ് ഇബ്രാഹിം ഹുസ്സൈന്‍ ഖുതുബിന്റെ രചനകളും പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ ഇസ്‌ലാമിന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് ആക്രമണോത്സുകതയെ പ്രോത്സാഹിപ്പിക്കുന്നവയായിരുന്നു. 20ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യാനന്തരം പാകിസ്താനിലുമായി ജീവിച്ച ഇസ്‌ലാമിക സൈദ്ധാന്തികനും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ "ജമാ അത്തെ ഇസ്‌ലാമി'എന്ന ഇസ്‌ലാമിക രാഷ്ട്രീയ ശൃംഖലയുടെ തുടക്കക്കാരനുമായ അബുല്‍ അലാ അല്‍ മൗദൂദിയുടെ ആശയങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഇസ്‌ലാമിക തീവ്രവാദരാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ അത്യധികം ത്വരിതപ്പെടുത്തി. പാകിസ്താനിലെ ശരിഅത്ത്‌വല്‍ക്കരണത്തിനുവേണ്ടി ജനറല്‍ സിയാവുല്‍ ഹഖിന് പ്രേരണയും സഹായസഹകരണങ്ങളും നല്‍കിയ ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ഇസ്‌ലാമിക പ്രത്യയശാസ്ത്രവും ജിഹാദ് നിലപാടുകളും അഫ്ഗാനിസ്ഥാനിലെ മുജാഹിദ്ദീന്‍ ഗ്രൂപ്പുകളുടെ യുദ്ധമുറകള്‍ക്ക് ഉറവ വറ്റാത്ത ഊര്‍ജ്ജ സ്രോതസായി വര്‍ത്തിച്ചു. അഫ്ഗാനിസ്ഥാനിലെ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റ് സൈന്യത്തിനുമെതിരെ മുജാഹിദ്ദീന്‍ ഗ്രൂപ്പുകള്‍ നടത്തിയ ഒളിപ്പോര്‍ യുദ്ധകാലത്തെ അരാജക സാഹചര്യത്തില്‍നിന്ന് ഉരുത്തിരിഞ്ഞ താലിബാന്‍ പ്രസ്ഥാനത്തിന് പ്രത്യയശാസ്ത്ര പിന്‍ബലം നല്‍കിയ ഇസ്‌ലാമിക ചിന്താധാരകളായ വഹാബിസവും സലഫിസവും ഖുതുബിസവും പിന്നണിയിലായിരുന്നുവെങ്കില്‍ പ്രധാന മാര്‍ഗദര്‍ശകമായി വര്‍ത്തിച്ചത് ദിയോബാന്ധിസം തന്നെയായിരുന്നു.

സുന്നി ഹനഫി ശരീഅത്തിന്റെ പ്രധാന പഠനകേന്ദ്രമായ ദിയോബാന്ധിലെ ദാറുല്‍ ഉലൂമില്‍ പഠനം പൂര്‍ത്തിയാക്കിയ മൗലവി അബ്ദുല്‍ അലി ദിയോബാന്ധി താലിബാന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്നു. താലിബാന്റെ സ്ഥാപക നേതാക്കളായിരുന്ന മൗലവി മുഹമ്മദ് വാലി ഹഖാനി, മൗലവി പസനായി സാഹെബ്, മുല്ല നൂറുദ്ദീന്‍ തുറാബി, സ്ഥാപകനും പരമോന്നത നേതാവുമായ മുല്ല മുഹമ്മദ് ഒമര്‍, അദ്ദേഹത്തിന്റെ മരണശേഷം പരമോന്നത നേതാവായ അക്തര്‍ മന്‍സൂര്‍, നിലവിലുള്ള തലവനായ ഹിബത്തുള്ള ആകുന്ദ്സാദ, ഉപ നേതാക്കളായ ഹസന്‍ അക്കുന്ദ്, അബ്ദുല്‍ ഗനി ബറാദാര്‍, അബ്ദുല്‍ സലാം ഹനഫി തുടങ്ങിയവരൊക്കെ ഉത്തര്‍പ്രദേശിലെ ദിയോബാന്ധ് ദാറുല്‍ ഉലൂമിലുള്ള ക്ലാസിക്കല്‍ ദിയോബാന്ധിസം പഠിച്ചവരല്ല, പകരം വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലും തെക്കന്‍ അഫ്ഗാനിസ്ഥാനിലുമുള്ള 'ഹുജറ' കളില്‍നിന്നും മദ്രസകളില്‍നിന്നും നവ ദിയോബാന്ധി മത പഠനരീതികള്‍ ആര്‍ജിച്ചവരായിരുന്നു.
താലിബാന്റെ അധികാര ശ്രേണിയിലുള്ളവര്‍ മാത്രമല്ല, യോദ്ധാക്കളും മതവിദ്യാഭ്യാസം ആര്‍ജിച്ചത് ദിയോബാന്ധി ശൈലിയിലുള്ള മതപാഠശാലകളില്‍നിന്നുമായിരുന്നു. പെരുമാറ്റത്തിലും, ജീവിതചര്യയിലും, ശരീരഭാഷയിലും, വസ്ത്രധാരണത്തിലും, എന്തിനേറെ താടി വളര്‍ത്തുന്നതില്‍പോലും ചിട്ടയായ സുന്നി ഹനഫി രീതികള്‍ പിന്തുടരുന്നവരാണ് താലിബാന്‍ തീവ്രവാദികള്‍. അധികാരം പിടിച്ചടക്കുന്നതിന് നടത്തുന്ന ആഭ്യന്തര യുദ്ധത്തെ വിശ്വാസസംരക്ഷത്തിനുവേണ്ടി നടത്തുന്ന വിശുദ്ധയുദ്ധമാണ് എന്ന തരത്തിലുള്ള രൂക്ഷമായ ആശയങ്ങള്‍ കൃത്യമായി സാംശീകരിച്ച് ദൃഢതയുള്ള പ്രത്യയശാസ്ത്രമായി താലിബാന്‍ തീവ്രവാദികളില്‍ സന്നിവേശിപ്പിക്കപ്പെട്ടത് രാഷ്ട്രീയ ഇസ്‌ലാമിന്റെ ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടുകൂടിയാണ്.
1880 - കളില്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം നടത്തിയ അമീര്‍ അബ്ദുര്‍ റഹിമാന്‍ ഖാന്റെ ഭരണരീതികള്‍ താലിബാന്റെ പ്രത്യയശാസ്ത്ര ചോദനകള്‍ക്ക് പ്രചോദനം നല്‍കിയ സംഗതിയായിരുന്നു. ഉരുക്ക് അമീര്‍ (iron Ameer) എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അബ്ദുറഹിമാന്‍ ഖാന്‍ ശരീഅത്ത് മതനിയമങ്ങള്‍ പഷ്തൂണ്‍വാലി ആചാരരീതികളുമായി സംയോജിപ്പിച്ച് നടത്തിയ ഭരണനിര്‍വഹണത്തിന്റെയും ശിക്ഷാവ്യവസ്ഥയുടെയും സ്വാധീനം താലിബാന്റെ പ്രവര്‍ത്തനങ്ങളിലും അധികാരപ്രയോഗങ്ങളിലും ദര്‍ശിക്കാന്‍ കഴിയും.
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Feb 17, 2023
8 minutes read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
മുജീബ് റഹ്മാന് കിനാലൂര്‍
Dec 31, 2022
6 Minutes Read
എ.എം. ഷിനാസ്
Dec 30, 2022
31 Minutes Watch
പ്രമോദ് പുഴങ്കര
Nov 01, 2022
6 Minute Read