പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള ആവേശത്തിലാണ് താനൂർ

Election Desk

ലപ്പുറം ജില്ലയിലെ യഥാർഥ പ്രചാരണച്ചൂട് ഇത്തവണ താനൂരിലാണ്. ഒരിഞ്ച് വിട്ടുകൊടുക്കാനാകാത്ത മത്സരമാണ് ഇരുമുന്നണികൾക്കും. ഇരുവരുടെയും ലക്ഷ്യം ജയം ആകുമ്പോൾ ആവേശം സ്വഭാവികം. സിറ്റിങ് എം.എൽ.എയും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയുമായ വി. അബ്ദുറഹ്‌മാൻ, യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ഫിറോസ് എന്നിവർ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആദ്യവട്ട പ്രചാരണം പൂർത്തിയാക്കി. പഞ്ചായത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവർഷത്തെ വികസനപ്രവർത്തനങ്ങളിലാണ് വി. അബ്ദുറഹ്‌മാന്റെ ഊന്നൽ. വിദ്യാഭ്യാസം, കുടിവെള്ളം, മത്സ്യമേഖല വികസനം തുടങ്ങി മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയാണ് ഫിറോസ് ജനങ്ങളോട് സംസാരിക്കുന്നത്.

2016ൽ മുസ്‌ലിംലീഗ് നേടിയ എല്ലാ ജയങ്ങളുടെയും ശോഭ കെടുത്തിയ മണ്ഡലമാണ് താനൂർ. 1957 മുതൽ 2011 വരെ ലീഗിനൊപ്പം നിന്ന മണ്ഡലത്തിൽ, മൂന്നാം വിജയം തേടിയിറങ്ങിയ അബ്ദുറഹ്‌മാൻ രണ്ടത്താണിയെ 4918 വോട്ടിനാണ് മുൻ കെ.പി.സി.സി അംഗം കൂടിയായ വി. അബ്ദുറഹ്‌മാൻ അട്ടിമറിച്ചത്. 2011ൽ 9433 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച രണ്ടത്താണിക്കാണ് കഴിഞ്ഞതവണ കാലിടറിയത്. ഒരു തിരിച്ചടികൂടി ലീഗിന് താങ്ങാനാകില്ല. അതുകൊണ്ടാണ്, എല്ലാ പഴുതുമടച്ച ഒരു മത്സരത്തിന് യോജിച്ച സ്ഥാനാർഥിയെ തന്നെ കണ്ടെത്തിയത്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കൂടിയായ ഫിറോസിനെ. താനൂരുകാരെ തന്നെ സ്ഥാനാർഥിയാക്കണമെന്ന് ലീഗിൽ ആവശ്യമുയർന്നിരുന്നു. എന്നാൽ, ഫിറോസ് വന്നതോടെ യു.ഡി.എഫിന് പുതിയൊരു ഊർജം കൈവന്നിട്ടുണ്ട്. എല്ലാ ഭിന്നതയും മറന്നാണ് കൺവെൻഷനുകളിൽ പ്രവർത്തകർ എത്തുന്നത്. സോഷ്യൽ മീഡിയ പ്രചാരണവും തകൃതിയാണ്. "അവൻ വരുന്നു, താനൂർ തിരിച്ചുപിടിക്കാൻ' എന്ന മുദ്രാവാക്യത്തിന്റെ അകമ്പടിയോടെ ഫിറോസ് ബുള്ളറ്റിൽ വരുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ തവണ പരാജയത്തിന് ലീഗും കോൺഗ്രസും തമ്മിലുണ്ടായിരുന്ന ഭിന്നത ഒരു പ്രധാന കാരണമായി യു.ഡി.എഫ് കരുതുന്നു; പ്രത്യേകിച്ച് പൊന്മുണ്ടം, ചെറിയമുണ്ടം മേഖലകളിൽ. ഇത്തവണ അപസ്വരങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പുഫലവും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. ആറിൽ അഞ്ച് പഞ്ചായത്തിലും ജയിച്ചത് യു.ഡി.എഫാണ്. താനാളൂരിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് ജയം. താനൂർ നഗരസഭയലും യു.ഡി.എഫ് ഭരണം നിലനിർത്തി. ആകെ 44 സീറ്റിൽ 31 എണ്ണവും യു.ഡി.എഫിനായിരുന്നു.

ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു വി. അബ്ദുറഹ്‌മാൻ നൽകിയ സൂചന. പാർട്ടി ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കിയെന്നും ഇനി മത്സരിക്കാനില്ലെന്ന് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, വികസനത്തിന് നേതൃത്വം നൽകിയ എം.എൽ.എ തന്നെ ഒരിക്കൽ കൂടി ജനങ്ങളെ സമീപിച്ചാൽ ജയം ഉറപ്പാണെന്ന എൽ.ഡി.എഫ് പ്രതീക്ഷ, അദ്ദേഹത്തെ വീണ്ടും സ്ഥാനാർഥിയാക്കി.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കഴിഞ്ഞ തവണത്തേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് ഇത്തവണ താനൂരിലെ സാഹചര്യം. അതുകൊണ്ടുതന്നെ എൽ.ഡി.എഫ് കൂടുതൽ ജാഗ്രതയിലുമാണ്.

സി.എച്ച്. മുഹമ്മദ് കോയ, ഇ. അഹമ്മദ് എന്നിവരുടെ മണ്ഡലമാണ് താനൂർ. 2016വരെ ലീഗിന്റെ അപ്രതിരോധ്യമായ കോട്ട. 1957 ലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച സി.എച്ചിനായിരുന്നു ജയം. 1960 ൽ ലീഗ് സ്ഥാനാർഥിയായി എത്തിയ സി.എച്ചിന് വീണ്ടും ജയം. പീന്നീട് 2011വരെ ലീഗ് സ്ഥാനാർഥികൾക്കായിരുന്നു ജയം. 1980, 1982, 1987 വർഷങ്ങളിൽ ഇ. അഹമ്മദിനായിരുന്നു ജയം. 1991ൽ പി. സീതിഹാജിയും 1991ലെ ഉപതെരഞ്ഞെടുപ്പിൽ കുട്ടി അഹമ്മദ് കുട്ടിയും ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ പി.കെ. അബ്ദുറബ്. 2006ലും 2011ലും അബ്ദുറഹ്‌മാൻ രണ്ടത്താണി. 2016 മുൻ കോൺഗ്രസ് നേതാവ് അബ്ദുറഹ്‌മാനിലൂടെ ആദ്യമായി ഇടതുപക്ഷത്തിന് ജയം.

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം.


Comments