പി. പ്രേമചന്ദ്രന് പിന്തുണയുമായി വാല്വേഷന്‍ ക്യാമ്പില്‍ അധ്യാപക സമൂഹത്തിന്റെ പ്രതിഷേധം
പി. പ്രേമചന്ദ്രന് പിന്തുണയുമായി വാല്വേഷന്‍ ക്യാമ്പില്‍ അധ്യാപക സമൂഹത്തിന്റെ പ്രതിഷേധം
വിദ്യാഭ്യാസ നയത്തിലെ പാളിച്ചകളെ വിമർശിച്ച് ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിന് നടപടിക്ക് വിധേയനായ പി. പ്രേമചന്ദ്രന് പിന്തുണയർപ്പിച്ച് കേരളത്തിലെ എല്ലാ ഹയര്‍സെക്കന്‍ഡി മൂല്യനിര്‍ണയ ക്യാമ്പുകളിലും അധ്യാപകരുടെ വൻ പ്രതിഷേധം
28 Apr 2022, 11:52 AM
സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി ലേഖനമെഴുതിയതിന് നടപടിക്ക് വിധേയനായ പയ്യന്നൂര്‍ ഗവണ്‍മെൻറ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മലയാളം ഹയര്‍ സെക്കന്ററി അധ്യാപകനായ പി.പ്രേമചന്ദ്രന് പിന്തുണയുമായി, ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപക സമൂഹം പ്രതിഷേധിച്ചു.
ട്രൂ കോപ്പി തിങ്കിൽ ലേഖനമെഴുതിയതിന്റെ പേരില്‍ സര്‍വ്വീസ് ചട്ടലംഘനം ആരോപിച്ച് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്, പ്രേമചന്ദ്രന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നുചൂണ്ടിക്കാട്ടി അന്വേഷണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായുള്ള ഹിയറിങ് ഇന്ന് തിരുവനന്തപുരത്ത് നടക്കുകയാണ്.
പയ്യന്നൂരിലെ ക്യാമ്പ് ഓഫീസര്‍ കൂടിയായ പ്രേമചന്ദ്രന്‍ ഹിയറിങ്ങിന് ഹാജരാകുന്ന സമയത്താണ് കേരളത്തിലെ എല്ലാ ഹയര്‍സെക്കന്‍ഡി മൂല്യനിര്‍ണയ ക്യാമ്പുകളിലും മാഷിന് പിന്തുണയര്‍പ്പിച്ചും അക്കാദമിക് സ്വാതന്ത്ര്യം അധ്യാപകരുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ചും അധ്യാപകര്‍ അടിമകളല്ല എന്ന മുദ്രവാക്യമെഴുതിയ ബാഡ്ജുകള്‍ ധരിച്ചും അധ്യാപകര്‍ പ്രതിഷേധിക്കുന്നത്.
പ്രതീക്ഷിച്ചതിലും ആവേശകരമായ പങ്കാളിത്തമാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ണൂര്‍ പെരളശ്ശേരി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപിക സ്മിത പന്ന്യന്‍ ട്രൂ കോപ്പിയോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ക്യാമ്പുകളില്‍ എല്ലാ വിഷയങ്ങളിലെയും അധ്യാപകര്‍ ബാഡ്ജ് ധരിച്ച് രംഗത്തുവന്നു. സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ അംഗങ്ങളും ബാഡ്ജ് ധരിച്ചാണ് എത്തിയത്. ക്യാമ്പിലെ ചുമരുകളിലും നോട്ടീസ്‌ബോര്‍ഡുകളിലുമെല്ലാം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ പതിച്ചു. ക്ലാസുകളില്‍ കയറി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അധ്യാപക സമൂഹം ഒന്നടങ്കം ഈ വിഷയത്തിനൊപ്പമുണ്ടെന്ന് തെളിയിച്ച ഒരു പ്രതിഷേധമാണ് നടക്കുന്നത്.

പ്രേമചന്ദ്രനെതിരെ നടപടിയുണ്ടാകമെന്ന മട്ടില്‍ വിദ്യാഭ്യാസ മന്ത്രി നേരത്തെ നല്‍കിയ സൂചന അധ്യാപകരെ ഒന്ന് ഭയപ്പെടുത്തിയിരുന്നു. എന്നാല്‍, ഇന്ന് നടന്ന പ്രതിഷേധത്തില്‍ അധ്യാപകര്‍ ഒരു ഭയവും കൂടാതെ പങ്കാളികളാകുന്നതാണ് കണ്ടതെന്ന് സ്മിത പന്ന്യൻ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും ഇപ്പോള്‍, പരസ്യമായി തന്നെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ക്യാമ്പിലെ പ്രതിഷേധത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.
സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിന് ചേരാത്ത രീതിയിലാണ് ഇത്തവണത്തെ ചോദ്യഘടന എന്നും ഫോക്കസ് ഏരിയക്കു പുറത്തു നിന്നുമുള്ള നിര്‍ബന്ധിത ചോദ്യങ്ങള്‍ പൊതു വിദ്യാലയത്തിലെ കുട്ടികളുടെ മികച്ച വിജയസാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്നും അത് ഫലത്തില്‍ സി.ബി.എസ്.ഇക്ക് സഹായകരമാവുമെന്നുമായിരുന്നു പ്രേമചന്ദ്രന്റെ വിമര്‍ശനം. വിദ്യാഭ്യാസ നയത്തിനും പാഠ്യപദ്ധതിക്കും ചോദ്യരീതികള്‍ക്കും നിരക്കാത്ത ഘടനയിലേക്ക് ഇത്തവണത്തെ പരീക്ഷകള്‍ മാറുന്നു എന്ന വിഷയം ഉന്നയിക്കുകയും ഗുണാത്മകമായ മാറ്റങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്തതിനാണ് അദ്ദേഹത്തിനെതിരെ കുറ്റാരോപണവും ഹിയറിങ്ങും നടപടി നീക്കവും നടക്കുന്നത്.
വിവിധ മൂല്യനിർണയ ക്യാമ്പുകളിൽ നടന്ന പ്രതിഷേധ ദൃശ്യങ്ങൾ
മുബഷിര്‍ മഞ്ഞപ്പറ്റ
Jul 02, 2022
4 Minutes Read
കെ.വി. ദിവ്യശ്രീ
Jun 25, 2022
10 Minutes Read
ആദി
Jun 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read