പ്രവാസി മലയാളി
കോവിഡിനെ
അനുഭവിക്കുന്ന വിധം
പ്രവാസി മലയാളി കോവിഡിനെ അനുഭവിക്കുന്ന വിധം
പ്രേമിച്ച് മങ്ങലം കഴിച്ച ഓള് പറഞ്ഞു, ‘ങ്ങള് വരണ്ട. പേടിയാണ്'; അന്നെനിക്ക് മനസ്സിലായി, പ്രാണ ഭയമാണ് വലുത്. പ്രണയ ഭയമല്ല- കോവിഡില്‍ പ്രവാസി മലയാളിക്കുണ്ടാകുന്ന അറിവും തിരിച്ചറിവും
24 Nov 2020, 03:21 PM
കോവിഡ് കാലത്തെ ദുബായി, മനുഷ്യരുടെ ആനന്ദങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ഉയരത്തിന്റെയും വെളിച്ചത്തിന്റെയും ആ ലോകനഗരം, ഏതാനും മാസങ്ങങ്ങളായി ‘മൂടപ്പെട്ട നിശ്ചലത' യെ മറികടക്കാനുള്ള കഠിനയത്‌നത്തിലാണ്.
കോവിഡ് രോഗവാഹകര്‍ എന്ന ആദ്യനാളുകളിലെ വേദനിപ്പിക്കുന്ന ഒറ്റപ്പെടുത്തലുകള്‍, ഓര്‍മ്മയുടെ ബിനില്‍ അവര്‍ ഉപേക്ഷിച്ചോ എന്നറിയില്ല. എന്നാല്‍, അവിടെ വെച്ച് കണ്ട ഒരു ചെറുപ്പക്കാരന്‍ പറഞ്ഞത്: ‘ഞാനെന്റെ ഭാര്യയെ പ്രേമിച്ചാണ് മങ്ങലം കഴിച്ചത്. അവളുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷെ, ഓള് ഉറച്ചുനിന്നു. എന്നാല്‍, കോവിഡ് കാലത്ത് തിരിച്ചു പോകാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ങ്ങള് വരണ്ട. പേടിയാണ്. അന്നെനിക്ക് മനസ്സിലായി, പ്രാണ ഭയമാണ് വലുത്. പ്രണയ ഭയമല്ല.'
‘ഭാര്യയോട് വെറുപ്പ് തോന്നിയോ?'
അങ്ങനെ ചോദിച്ചാല്‍... പ്രവാസിയായ ആ ചെറുപ്പക്കാരന്‍ കുറച്ചു നേരം അയാളുടെ മൊബൈലില്‍ നോക്കി.
‘ഇതാ, കണ്ടോ, (ഇമേജ് ഗാലറിയില്‍ പോയി, അയാളുടെ ഭാര്യയുടെ ഫോട്ടോയുടെ മുകളില്‍ റെഡ് കളറുള്ള ലവ് പതിച്ച ചിത്രം കാണിച്ച് ) ഇതായിരുന്നു മങ്ങലത്തിനുശേഷം എന്റെ വാള്‍ ഫോട്ടോ റെiച്ചിരുന്നത്. അത് ഞാന്‍ മാറ്റി. മൊഹബ്ബത്തില്ല.'
ഇപ്പോള്‍, യാത്ര ചെയ്യാന്‍ അവസരം തുറന്നിട്ടപ്പോഴും എന്തുകൊണ്ടോ അയാള്‍ നാട്ടിലേക്ക് വരുന്നില്ല.
ഭാര്യയുടെ ഭാഗം ചേര്‍ന്ന് ‘അവളാണ് ശരി' എന്ന് പറഞ്ഞപ്പോള്‍, അയാള്‍ എടുത്തിട്ട പോലെ പറഞ്ഞു: ‘ഹിറാ ഗുഹയില്‍ പേടിച്ചുവിറച്ച നബി (സ) തങ്ങളെ ഖദീജ ബീവിയല്ലെ പുതപ്പിച്ചത്?'
ദേരാ ദുബായില്‍ വെച്ച് പരിചയപ്പെട്ട ഡ്രൈവര്‍ മലയാളിയായിരുന്നു. മാസങ്ങളായി നാട്ടില്‍ പോയിട്ടില്ല. അവരുടെ മുറിയിലുണ്ടായിരുന്ന മധ്യവയസ്‌കനായ എടപ്പാള്‍കാരന്‍ കോവിഡ് രൂക്ഷമായ കാലത്ത് മുറിയില്‍ വെച്ച് ഉറക്കെ ഖുര്‍ ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങി. മരണം തൊട്ടുമുമ്പിലെത്തി എന്ന വിചാരത്തിലായിരുന്നു, അയാള്‍.
മലക്കില്‍ റൂഹ് ഇതാ എത്തിപ്പോയി എന്ന് അയാള്‍ വിലപിച്ചു. നാട്ടിലെ കടബാധ്യതകള്‍ ഓര്‍ത്ത് അയാള്‍ പൊട്ടിക്കരഞ്ഞു. മരിച്ചു കഴിഞ്ഞാല്‍ മയ്യിത്ത് കുളിപ്പിക്കില്ല, എന്ന ഭയത്തില്‍ അയാള്‍ മയ്യിത്തിനെ കുളിപ്പിക്കുന്നത് പോലെ അയാളെ കുളിപ്പിക്കാന്‍ ചങ്ങാതിമാരെ നിര്‍ബ്ബന്ധിപ്പിച്ചു. ജീവിച്ചിരിക്കുന്ന ഒരാളെ എങ്ങനെ മയ്യിത്ത് കുളിപ്പിക്കും? സദാ അത്തര്‍ പൂശി അയാള്‍ കിടന്നു.
ഒപ്പമുള്ളവര്‍ക്ക് ഈ ഭ്രാന്തുകള്‍ വലിയ പ്രശ്‌നമായി. അയാള്‍ ഖുര്‍ ആന്‍ ഓതുന്നത് അവര്‍ക്ക് ഭയചകിതമായ അനുഭവമായി. പുറത്തു പോയി എവിടെ നിന്നോ കൊണ്ടു വന്ന മൈലാഞ്ചിയിലകള്‍ മുറിയില്‍ വിതറി അയാള്‍ പൊട്ടിക്കരഞ്ഞു: നമ്മള്‍ മരിക്കാന്‍ പോവുകയാണ്. യാസീന്‍ ഓത്! യാസീന്‍ ഓത്!

ഒപ്പം താമസിക്കുന്നവര്‍ ആ മനുഷ്യനെ ഡോക്ടറെ കാണിച്ചു. കോവിഡ് ടെസ്റ്റ് നടത്തി. നെഗറ്റീവായിരുന്നു ഫലം. പരിശോധിച്ച ഡോക്ടര്‍ വായു ഗുളികയും വൈറ്റമിന്‍ ഗുളികയും നല്‍കി അയച്ചു.
കോവിഡ് നെഗറ്റീവാണന്നറിഞ്ഞപ്പോള്‍ അയാള്‍ ചിരിച്ചു തുടങ്ങി. മുമ്പൊരിക്കലും ചിരിക്കാത്ത വിധം അസഹ്യമായ ചിരി. ഉറങ്ങുമ്പോള്‍ പൊട്ടിച്ചിരിയോടെ അയാള്‍ എണീറ്റു. അയാളുടെ ചിരി കാരണം മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെട്ടു.
മനസ്സു കൊണ്ട് ആ മനുഷ്യന്‍ ഏതോ ലോകത്ത് എത്തി എന്ന് എല്ലാവരും ഖേദത്തോടെ മനസ്സിലാക്കി.
കോവിഡ് വിഭ്രമിപ്പിക്കുന്ന ചിത്തഭ്രമങ്ങളുണ്ടാക്കി പലരിലും.
ആ മനുഷ്യനെ ചങ്ങാതിമാര്‍ നാട്ടിലേക്കയച്ചു. ഭാര്യയേയും മക്കളേയും കണ്ടപ്പോള്‍ ബോധത്തിന്റെ ശവ്വാല്‍പ്പിറവി അയാളില്‍ വീണ്ടുമുണ്ടായി. നാട്ടിലെത്തി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ ഗള്‍ഫിലെ ചങ്ങാതിമാരെ വിളിച്ചു: ‘അല്‍ഹംദുലില്ലാഹ്! എനിക്ക് സുഖമാണ്! '
അയാള്‍ക്ക് രോഗമുണ്ടായിരുന്നില്ലല്ലൊ എന്ന് അവര്‍ ഓര്‍മ്മിച്ചു. ലോകത്തിന് രോഗം വരുമ്പോള്‍ ആരും അതില്‍ നിന്ന് മുക്തരല്ല. ശരീരം കൊണ്ടോ മനസ്സു കൊണ്ടോ എല്ലാവരും അതില്‍ പെട്ടു പോകുന്നു.
ഗള്‍ഫില്‍ കോവിഡ് പോസിറ്റീവ് ആദ്യം സ്ഥിരീകരിച്ചവരില്‍ ഒരാളെ പരിചയപ്പെട്ടു. കോവിഡാണെന്ന് എന്നറിഞ്ഞപ്പോള്‍ തന്നെ അയാള്‍ ബോധം കെട്ടുവീണു .തിരിച്ചു ജീവിതത്തിലേക്ക് വന്നപ്പോള്‍ അയാള്‍ കടുത്ത വിശ്വാസിയായി.
യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല കാര്യങ്ങള്‍.
ദൈവത്തെ ആരും കൈവിട്ടിട്ടില്ല.
വിമാനം പുറപ്പെടുമ്പോള്‍ ശുഭ യാത്ര ആശംസിക്കുമ്പോള്‍ പൈലറ്റ് ‘ഗോഡ് ബ്ലെസ് യു' എന്ന് പറയാന്‍ മറന്നില്ല.
ദേരാ ക്രീക്ക് സൈഡില്‍ ജീവിതം പതുക്കെ അതിന്റെ പഴയ താളം വീണ്ടെടുക്കുന്നതു പോലെ തോന്നി. പഞ്ചവര്‍ണ്ണ തത്തകളുമായി പെണ്‍കുട്ടി നടക്കുന്നു, ഹുക്ക വലിച്ച് ചിലര്‍ രസാനുഭൂതികളിലൂടെ കടന്നു പോകുന്നു.
അബുദാബിയില്‍ ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് യു.എ.ഇ ഗവണ്‍മെന്റ് മികച്ച പരിചരണം നല്‍കുന്നു. ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ് നല്‍കിയ ഫ്രൂട്ട്‌സ്, ജ്യൂസ്, ഭക്ഷണപ്പൊതികള്‍, ഷാംപൂ, ക്രീമുകള്‍ - ഒക്കെ വാട്‌സാപ്പിലും ബോട്ടിമിലും ഷെയര്‍ ചെയ്ത് കൊതിപ്പിച്ചു.
കോവിഡിന് ഇത്രയും രുചിയോ എന്നു തോന്നും ആ ആഹ്ലാദങ്ങള്‍ കണ്ടാല്‍.
പല ഷോപ്പുകളും പൂട്ടി. തൊഴില്‍ രഹിതരായവരുടെ എണ്ണം കൂടി. കാലം തെളിയുമെന്നും പോയവര്‍ക്ക് പകരം പുതിയവര്‍ തിരിച്ചു വരുമെന്നും ഒരാള്‍ പറഞ്ഞു. കോവിഡ് കാലാനന്തരം ഗള്‍ഫില്‍ പുതിയൊരു വംശാവലി തുടങ്ങും.
അങ്ങനെ, അവരുടെ മടക്ക വരവുകളും പെട്ടി തുറക്കുമ്പോഴുള്ള മണവും ആവര്‍ത്തിക്കും. ഗള്‍ഫ് ജീവിതം നമ്മെ മോഹിപ്പിച്ചു തുടരും.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
Arun Kumar
24 Nov 2020, 09:25 PM
"യുക്തിവാദികള്‍ പ്രചരിപ്പിക്കുന്നതു പോലെയല്ല കാര്യങ്ങള്‍.ദൈവത്തെ ആരും കൈവിട്ടിട്ടില്ല." Don't you see the irony in your own writing? മനുഷ്യർ ആണ് ദൈവത്തെ കൈ വിടുന്നത്, തിരിച്ച് അല്ല. ഇത് പോലെ മനുഷ്യർ കൈ വിട്ട കോടി കണക്കിന് ദൈവങ്ങൾ ഇന്ന് ലോകത്തിന്റെ പല ഭാഗത്തും മിയൂസിയങ്ങളിൽ അൻപത് രൂപാ ടിക്കറ്റ് എടുത്ത് ആരെങ്കിലും കാണാൻ അത് വഴി വരുമെന്നും പ്രതീക്ഷിച്ച് പൊടി പിടിച്ച് ഇരിക്കുന്നു 😏. "ഗള്‍ഫ് ജീവിതം നമ്മെ മോഹിപ്പിച്ചു തുടരും." ഇതൊരു തെറ്റ് ധാരണ ആണ്. കോവിഡ് അനന്തര ലോകം പഴയത് പോലെ ആകില്ല. ഗൾഫ് രാജ്യങ്ങൾ പലതും പുതിയ ഒരു ഘട്ടത്തിലേക്ക് താൽപര്യം ഇല്ലാതെ തന്നെ കടന്നു. എണ്ണ വില ഇനി പഴയ പോലെ ആകാൻ കുറച്ച് സമയം എടുക്കും. 2030 ഓടെ നേരിടേണ്ടി വരും എന്ന് കരുതപ്പെട്ടിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ 2025 ഓടെ തന്നെ വരും എന്ന് ഭരണാധികാരികൾ മനസ്സിലാക്കുന്നു. സൗദി അറേബ്യ ഇന്നലെ ഇസ്രയേലുമായി നടത്തിയ കൂടിക്കാഴ്ച്ചയും കോവിടും തമ്മിൽ എന്ത് എന്ന് ചോദിച്ചാൽ ബന്ധം ഉണ്ട് എന്നാണ് ഉത്തരം. ഗൾഫ് പഴയ ഗൾഫ് അല്ല, പക്ഷേ മലയാളി പഴയ മലയാളി തന്നെ ആയി തുടരാൻ ആണ് ഭാവം എങ്കിൽ നിരാശൻ ആവേണ്ടി വരും.