truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
 Jignsh-Mevani.jpg

National Politics

ജിഗ്‌നേഷ് മേവാനി

ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയോ എന്നതല്ല
എന്തിന് അറസ്റ്റ് ചെയ്തു
എന്നതാണ് ചോദ്യം

ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയോ എന്നതല്ല എന്തിന് അറസ്റ്റ് ചെയ്തു എന്നതാണ് ചോദ്യം

30 Apr 2022, 05:35 PM

പ്രമോദ് പുഴങ്കര

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് ഗുജറാത്ത് നിയമസഭാംഗവും ദളിത് രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനിയെ അസം പൊലീസ് ഏപ്രില്‍ 20 -ന് ഗുജറാത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ ഒരു ബി ജെ പി നേതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു ഇത്രയും തിടുക്കപ്പെട്ട അറസ്റ്റ്. ആ കേസില്‍ നാല് ദിവസം കഴിഞ്ഞ് ജാമ്യം ലഭിച്ച മേവാനിയെ ഉടനെത്തന്നെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യത്തെ കേസില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ പൊലീസ് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയോട് അവരുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്നും അസഭ്യ വര്‍ത്തമാനം പറഞ്ഞെന്നും ആംഗ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയെന്നുമൊക്കെയായിരുന്നു രണ്ടാമത്തെ കേസ്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

  കെട്ടിച്ചമച്ചതാണെന്നും മേവാനിയെ വീണ്ടും തടവില്‍ വെക്കാന്‍വേണ്ടി നിയമപ്രക്രിയയെ ദുരുപയോഗം ചെയ്യുകയാണെന്നും സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന ഒന്നായിരുന്നു ആ കേസ്. എന്നാല്‍ അത്രയേറെ ആത്മവിശ്വാസത്തോടെ ഇത്തരത്തിലൊരു വ്യാജ ആരോപണം മേവാനിക്ക് നേരെ ഉന്നയിക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത് ഇത്തരം കള്ളക്കേസുകളില്‍ കുരുക്കപ്പെട്ട്, ജാമ്യം നിഷേധിക്കപ്പെട്ട് മാസങ്ങളും വര്‍ഷങ്ങളും തങ്ങള്‍ തടവിലടച്ച നൂറുകണക്കിന് രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരാണ്.

ALSO READ

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞാൻ തൂങ്ങിയാടുകയാണ്​; ഉമർ ഖാലിദിന്റെ ജയിൽ ഡയറി

എന്നാല്‍ ബാര്‍പേട്ട സെഷന്‍സ് കോടതി ജഡ്ജി അപരേഷ് ചക്രബര്‍ത്തിയെന്ന, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അധികാരശ്രേണിയില്‍ വളരെ താഴത്തുള്ള നൂറുകണക്കിന് സെഷന്‍സ് ജഡ്ജിമാരിലൊരാള്‍ ഭരണകൂടത്തിന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി  ഭരണഘടനയുടെ ജനാധിപത്യമൂല്യങ്ങളും പൗരാവകാശത്തിന്റെ രാഷ്ട്രീയബോധ്യങ്ങളുമായി നിവര്‍ന്നുനിന്നത് ചരിത്രസംഭവമാണ്. അപാരേഷ് ചക്രബര്‍ത്തിയെന്ന ന്യായാധിപന്‍ ഈയൊരൊറ്റ വിധികൊണ്ട് ഭരണഘടനാപരമായി പാര്‍ലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങളുടെ ഭരണഘടനാസാധുതയും അതിന്റ അസ്തിത്വസാധുതയും നിശ്ചയിക്കാന്‍വരെ അധികാരമുള്ള സുപ്രീം കോടതിയുടെ മുന്നിലേക്ക് വരെ നീതിബോധത്തിന്റെയും നിയമവാഴ്ചയുടെയും ഒരു പുതിയ ആകാശം കാട്ടിക്കൊടുക്കുകയാണ്. ജിഗ്‌നേഷ് മേവാനിക്കെതിരെ കെട്ടിച്ചമച്ച (പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടത്തിയ  സ്ത്രീത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയത് തുടങ്ങിയവ) കുറ്റകൃത്യങ്ങളുടെ പൊള്ളത്തരം ഒന്നൊന്നായി എടുത്തുപറഞ്ഞുകൊണ്ട് മേവാനിക്ക് ജാമ്യം നല്‍കിയ അപാരേഷ് ചക്രബര്‍ത്തിയെന്ന സെഷന്‍സ് ജഡ്ജി ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് പുതിയ ദിശാബോധത്തിനുള്ള സൂചനയാണ് നല്‍കിയത്. 

അപരേഷ് ചക്രബര്‍ത്തി
അപരേഷ് ചക്രബര്‍ത്തി

പൊലീസ് പിടിച്ചുകൊണ്ടുവരുന്ന ആരെയും പൊലീസ് കസ്റ്റഡിയിലും ശേഷം ജുഡീഷ്യല്‍ റിമാന്‍ഡിലും അയക്കുക എന്നത് കീഴ്കോടതികളുടെ പതിവുരീതിയായി മാറിയിട്ട് ഏറെക്കാലമായി. രാഷ്ട്രീയ പ്രവര്‍ത്തകരെയോ മനുഷ്യാവകാശ, സാമൂഹ്യ പ്രവര്‍ത്തകരെയോ ഒക്കെയാണ് ഇങ്ങനെ കൊണ്ടുവരുന്നതെങ്കില്‍ ഹൈക്കോടതികള്‍  മാത്രമല്ല സുപ്രീം കോടതി പോലും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമെടുക്കും ജാമ്യം അനുവദിക്കാന്‍ എന്നതായിരുന്നു നടപ്പുചട്ടം. കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ ശബ്ദിക്കുന്ന ആരെയും നാനാവിധ കേസുകളില്‍ കുടുക്കി തടവിലിടുന്ന പൗരാവകാശനിഷേധത്തെ കണ്ടില്ലെന്നു നടിയ്ക്കുകയാണ് കോടതികള്‍ ഭൂരിപക്ഷം കേസുകളിലും ചെയ്തുവരുന്നത്. അപ്പോഴാണ് ഇത്തരത്തിലൊരു വിധി അസമിലെ ഒരു സെഷന്‍സ് ജഡ്ജി പുറപ്പെടുവിക്കുന്നത്. 

അതിനിശിതമായ ഭാഷയിലാണ് സെഷന്‍സ് കോടതി ആസാം പോലീസിനെ വിമര്‍ശിക്കുന്നത്. ഒരു "വ്യാജ FIR' രേഖപ്പെടുത്തിക്കൊണ്ട് കോടതിയുടെയും നിയമത്തിന്റെയും പ്രക്രിയകളെ ദുരുപയോഗം ചെയ്യുന്ന പൊലീസ് കഠിനശ്രമങ്ങളിലൂടെ നേടിയ ജനാധിപത്യത്തെ ഒരു പൊലീസ് ഭരണകൂടമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് കോടതി വിമര്‍ശിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകളില്‍ ആളുകളെ കൊല്ലുന്നതും അപായപ്പെടുത്തുന്നതുമായി സംസ്ഥാനത്തുണ്ടാകുന്ന സംഭവങ്ങളെക്കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ വിധിപ്പകര്‍പ്പ് ഹൈക്കോടതിക്ക് അയച്ചുകൊടുക്കാനും ആവശ്യമെങ്കില്‍ ഇത്തരം കള്ളക്കേസുകളും മറ്റു പോലീസ് അതിക്രമങ്ങളും തടയാനുള്ള നടപടികള്‍ക്കായി ഈ വിധിയെ ഒരു പൊതു താത്പര്യ ഹര്‍ജിയാക്കി പരിഗണിക്കാവുന്നതാണെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഗോഹട്ടി ഹൈക്കോടതി എന്തുചെയ്യും എന്ന് കണ്ടറിയണം. 

ഹിമാന്ത ബിശ്വാസ് ശര്‍മ്മ
ഹിമാന്ത ബിശ്വാസ് ശര്‍മ്മ

ആസാം മുഖ്യമന്ത്രിയായി ബി.ജെ.പി.  നേതാവ് ഹിമാന്ത ബിശ്വാസ് ശര്‍മ്മ അധികാരമേറ്റ 2021 മെയ് മാസത്തിനു ശേഷം ഇതുവരെയായി 29 പേരെ പൊലീസ് വെടിവെച്ചുകൊന്നു; 79 പേര്‍ക്ക് പോലീസ് വെടിവെപ്പില്‍ പരിക്കേറ്റു എന്നുകൂടി ഇതിനോട് ചേര്‍ത്തുവായിക്കണം. തന്റെ മുന്നിലുള്ള കേസിന്റെ പൊതു രാഷ്ട്രീയപശ്ചാത്തലത്തെ അവഗണിക്കാന്‍ ഒരു സെഷന്‍സ് ജഡ്ജി തയാറായില്ല എന്നത് ഇന്നത്തെ ഇന്ത്യയില്‍ ചെറിയ കാര്യമല്ല. ബി.ജെ.പി. നേതാക്കള്‍ക്കും ബി ജെ പിയുടെ സര്‍ക്കാരുകള്‍ക്കുമെതിരായി  വര്‍ഷങ്ങള്‍ക്കു മുമ്പ് പുറപ്പെടുവിച്ച വിധികളുടെ പേരില്‍ ഹൈക്കോടതി ജഡ്ജിമാരുടെ സുപ്രീം കോടതിയിലേക്കുള്ള അര്‍ഹമായ സ്ഥാനക്കയറ്റം നിഷേധിക്കുകയും ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കുകയും ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്ന ഒരു കാലത്ത് ഇത്തരമൊരു നീതിബോധത്തിന്റെ രാഷ്ട്രീയ മൂല്യം ഒട്ടും ചെറുതല്ല. 

ALSO READ

രണ്ട് ഗൂഢാലോചനകളും ഒരു ശവദാഹവും

ജസ്റ്റിസ് അകില്‍ ഖുറേഷിയെ സുപ്രീംകോടതി ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ പലതവണ അയച്ചിട്ടും അംഗീകരിക്കാത്തതിന് മോദി സര്‍ക്കാരിന് ഒരേയൊരു ലക്ഷ്യമാണുണ്ടായിരുന്നത്. വിധേയരല്ലാത്തവരെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശം എല്ലാ ഭരണഘടനാസ്ഥാപനങ്ങളിലും എത്തിക്കുക എന്നതായിരുന്നു അത്. 2010-ല്‍ ഷൊറാബുദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായ അമിത് ഷായെ സി ബി ഐ കസ്റ്റഡിയില്‍ അയക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് ഖുറേഷിയോട് യാതൊരുതരത്തിലും തങ്ങള്‍ പൊറുക്കില്ല എന്ന നിലപാടാണ് മോദി സര്‍ക്കാര്‍ കാണിച്ചത്. 2018-ല്‍  സേവന കാലയളവ് വെച്ചുനോക്കിയാല്‍ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകേണ്ടിയിരുന്ന ഖുറേഷിയെ കേന്ദ്ര സര്‍ക്കാര്‍ തള്ളിമാറ്റി. പിന്നീട് മധ്യ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനുള്ള കൊളീജിയം ശുപാര്‍ശ തള്ളി. ശേഷം ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി ഒതുക്കിത്തീര്‍ക്കേണ്ടിവന്നു കൊളീജിയത്തിന് ജസ്റ്റിസ് ഖുറേഷിയുടെ വിഷയം. 

 ജസ്റ്റിസ് ഖുറേഷി
ജസ്റ്റിസ് ഖുറേഷി

ഭരണഘടനാ കോടതികളെ വരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു ഭരണകൂടത്തോട് നിങ്ങളെന്ത് തോന്നിവാസമാണ് കാണിക്കുന്നതെന്ന് ചോദിക്കുന്ന ഒരു സെഷന്‍സ് കോടതി ഈ രാജ്യത്ത് ഇനിയും മനുഷ്യര്‍ ഉറക്കെ സംസാരിക്കുകയും പ്രതിഷേധിക്കുകയും അരിച്ചരിച്ചെങ്കിലും പൗരസ്വാതന്ത്ര്യത്തിന്റെ വെളിച്ചം ജനാധിപത്യസമൂഹത്തിന്റെ  ചെടികളില്‍ പതിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കുന്നതാണ്.

നിലവില്‍ ദല്‍ഹി ഹൈക്കോടതിയില്‍ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദങ്ങളില്‍ കോടതിയുടെ നിരീക്ഷണങ്ങളുമായി കൂട്ടിച്ചേര്‍ത്തുവേണം ഈ വിധിയെക്കാണാന്‍. പ്രധാനമന്ത്രിയെക്കുറിച്ചു പറയുമ്പോള്‍ തട്ടിപ്പ്, തരികിട എന്നൊക്കെ അര്‍ഥം വരുന്ന (Jumla) എന്ന വാക്കുകളൊക്കെ ഉപയോഗിക്കാമോ എന്നാണ് കോടതി ചോദിക്കുന്നത്. ഇന്‍ക്വിലാബ്, ക്രാന്തികാരി തുടങ്ങിയ വാക്കുകളോടും കോടതിക്ക് അത്ര പഥ്യം പോരാ. ഇതൊക്കെ ജനങ്ങളെ പ്രകോപിപ്പിക്കാനല്ലേ എന്നാണ് കോടതി ആശങ്കപ്പെടുന്നത്. ജനങ്ങളെ പ്രകോപിപ്പിക്കുക എന്നതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്നതുകൊണ്ടാണ് അതൊരു മൗലികാവകാശമായി ഭരണഘടന അംഗീകരിക്കുന്നത്. നിലവിലുള്ള ഭരണകൂടത്തെയും വ്യവസ്ഥയേയും തെല്ലും അലോസരപ്പെടുത്താതെ പൊതിച്ചോറുവിതരണം പോലുള്ള സന്നദ്ധസഹായപദ്ധതികള്‍ക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനത്തെ മുന്നോട്ടുകൊണ്ടുപോകാത്തതെന്ത് എന്നാണ് വാസ്തവത്തില്‍ ഈ ചോദ്യത്തിന്റെ മറ്റൊരു രൂപം.  

ഉമര്‍ ഖാലിദ്
ഉമര്‍ ഖാലിദ്

പൊലീസ് കസ്റ്റഡിയില്‍ മറ്റു പൊലീസുകാരുടെ സാന്നിധ്യത്തില്‍ കടുത്ത ബന്തവസ്സിലിരിക്കുമ്പോള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ച കഥയെയൊക്കെ സെഷന്‍സ് കോടതി വലിച്ചുദൂരെക്കളയുന്നുണ്ട്. ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെ, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ, എന്തെങ്കിലും തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ പൊലീസുകാരുടെയോ ജനാധിപത്യവിരുദ്ധതയെയെ എതിര്‍ക്കുന്നവരെയൊക്കെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ കുറ്റപത്രം ചാര്‍ത്തിക്കൊടുക്കുന്ന പതിവ് കേരളത്തില്‍പ്പോലും സുലഭമാണ്. മേവാനിക്കെതിരെ അത്തരത്തിലൊരു കുറ്റം ചാര്‍ത്തുന്നത് ഭരണകൂടത്തിന്റെ ആധിപത്യസ്വഭാവം കൊണ്ടുമാത്രമല്ല, ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം തങ്ങള്‍ക്കതിരെ ഉയര്‍ന്നുവരുന്ന സാമാന്യമായ ഇടതുപക്ഷാഭിമുഖ്യമുള്ള ദളിത് രാഷ്ട്രീയത്തെ മുളയിലേ നുള്ളാന്‍ ശ്രമിക്കുന്നതുകൊണ്ടുകൂടിയാണ്. ഇന്ത്യയില്‍ ദളിത് രാഷ്ട്രീയവും സ്വത്വവാദ രാഷ്ട്രീയവും പൊതുവില്‍ ചെയ്യുന്നത് രാഷ്ട്രീയ-സാമ്പത്തിക ഘടകങ്ങളെ മുഴുവന്‍ തള്ളിക്കളയുകയും വലതുപക്ഷ രാഷ്ട്രീയത്തിന്റെ  മറ്റെല്ലാ സ്വഭാവങ്ങളും അവഗണിക്കുകയും വൈരുദ്ധ്യങ്ങളെ കേവലം സ്വത്വപ്രശ്‌നമാക്കി ചുരുക്കുകയും ചെയ്യുക എന്നതാണ്. ഇത് ആത്യന്തികമായി വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അത്തരത്തിലല്ലാതെ ഇടതുപക്ഷ ധാരയെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ദളിത് രാഷ്ട്രീയം ഉണ്ടാവുന്നത് ഹിന്ദുത്വ രാഷ്ട്രീയശക്തികള്‍ക്ക് ആരംഭത്തിലേ അപകടം മണക്കാന്‍ കഴിയുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമ്പോള്‍ പോലും അയാളുടെ രാഷ്ട്രീയധാരയുടെ സൂചന സംഘപരിവാര്‍ ഭരണകൂടത്തെ വിറളി പിടിപ്പിക്കുന്നുണ്ട്. 

ALSO READ

പീഡനക്കേസ് പ്രതി കമറുദ്ദീന്‍ പരപ്പില്‍ പൊതുജീവിതം ആഘോഷിക്കുമ്പോള്‍ നീതി കിട്ടാത്ത പെണ്‍കുട്ടി എവിടെയുണ്ട്?

ദല്‍ഹി കലാപക്കേസില്‍ UAPA ചുമത്തി തടവിലടച്ച നടാഷ നര്‍വാള്‍ , ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ എന്നിവര്‍ക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയപ്പോള്‍ ആ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദല്‍ഹി ഹൈക്കോടതി UAPA കേസുകളിലെ ജാമ്യം സംബന്ധിച്ചും മറ്റും നടത്തിയ നിരീക്ഷണങ്ങള്‍ മറ്റു കേസുകളില്‍ ഒരു കീഴ്വഴക്കമായി കാണരുത് എന്ന് പറഞ്ഞ സുപ്രീം കോടതി വിദ്യാര്‍ത്ഥികളുടെ ജാമ്യം നിലനിര്‍ത്തിയെങ്കിലും ഇത്തരത്തില്‍ ഭരണകൂടം നടത്തുന്ന വേട്ടയുടെ നിയമസാധുതയും അതിലെ ഭരണഘടനാ ലംഘനവും വീണ്ടും സ്പര്‍ശിക്കാതെ കടത്തിവിടുകയായിരുന്നു ചെയ്തത്. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുതയെക്കുറിച്ച് സുപ്രീം കോടതി മെയ് 5-നു അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് ബാര്‍പേട്ട സെഷന്‍സ് കോടതി ഭരണഘടനാ ജനാധിപത്യ റിപ്പബ്ലിക്കിനെ ഒരു പോലീസ് ഭരണകൂടമാക്കി മാറ്റരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് 
''Even opinion is growing in the world for providing next generation human rights to the people in the democratic countries like, right to recall an elected representative, right to destabilise an elected government, etc.
therefore, converting our hard earned democracy into a Police State is
simply unthinkable and if the Assam Police is thinking about the same,
the same is perverse  thinking.' (Crl, Misc. Bail Appllcation,No. 257 of 2022 Present:- Shri A. Chakravarty, Sessions Judge, Barpeta ) 

നടാഷ നര്‍വാള്‍ , ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍
നടാഷ നര്‍വാള്‍ , ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍

നിരവധി രാഷ്ട്രീയപ്രവര്‍ത്തകരാണ് UAPA -യും രാജ്യദ്രോഹക്കുറ്റവുമടക്കമുള്ള നിരവധി കുറ്റകൃത്യങ്ങള്‍  ചുമത്തപ്പെട്ട് ഇന്ത്യന്‍ തടവറകളില്‍ കഴിയുന്നത്. ഒരു ട്വിറ്റര്‍ കുറിപ്പിന്റെ പേരില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ തടവിലാകുന്നത് സ്വാഭാവികമായി കണക്കാക്കുന്ന തരത്തിലേക്ക് നമ്മുടെ പൊതുബോധത്തെ ചുരുക്കിക്കൊണ്ടുവന്നു എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയ  ഭരണകൂടത്തിന്റെ വിജയം. അതിനുശേഷമുള്ളതെല്ലാം കേവലം നിയമപരമായ തര്‍ക്കങ്ങള്‍ മാത്രമാക്കി നമ്മള്‍ ചുരുക്കിക്കാണും. മേവാനിയെയോ ഉമര്‍ ഖാലിദിനെയോ അറസ്റ്റ് ചെയ്തതാണ് ജനാധിപത്യ നിഷേധവും പൗരാവകാശ ലംഘനമെന്നും ഒരു വിഷയമാക്കാന്‍ കഴിയാത്തവിധത്തില്‍ അവര്‍ക്ക് ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നുള്ളതാണ് പ്രശ്‌നമെന്നതിലേക്ക്, അതിനെ മൂര്‍ത്തമായ അടിയന്തരപ്രശ്‌നമാക്കുന്നതിലേക്ക് നമ്മളെയെത്തിക്കുക എന്നതൊരു വലിയ മാറ്റമാണ്. അതായത് പൗരാവകാശങ്ങള്‍ സംബന്ധിച്ച നമ്മുടെ  ആവശ്യങ്ങള്‍ ഓരോ ദിവസവും താണുകൊണ്ടേയിരിക്കുന്നു. 

റോണാ വിത്സനും ഗൗതം നൗലാഖയും സുരേന്ദ്ര ഗാഡ്‌ലിങ്ങും ഷോമ സെന്നും ആനന്ദ് തെല്‍തുംബ്ഡെയും  അടക്കമുള്ളവര്‍ തടവില്‍ക്കിടക്കുന്നത് എന്തുകൊണ്ടാണ് എന്നുപോലും നാം പതുക്കെ മറന്നുപോകുന്നു. ദല്‍ഹി കലാപത്തില്‍ 53 പേര് കൊല്ലപ്പെട്ടപ്പോള്‍ കൊന്നവരും കൊല്ലിച്ചവരും മാരോ മുസ്ലിം സാലോം കോ എന്നാഹ്വാനം ചെയ്ത സംഘപരിവാര്‍ ഹിന്ദുത്വ ഭീകരവാദികളും സ്വതന്ത്രരായി നടക്കുമ്പോള്‍ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ടയെ ചോദ്യം ചെയ്തവര്‍ വകുപ്പുകളില്‍ ജാമ്യം ലഭിക്കാതെ തടവിലാണ്. ഭീമ കോരേഗാവ് കേസില്‍ തടവിലാക്കിയിരുന്ന സ്റ്റാന്‍ സ്വാമി എന്ന വൃദ്ധനായ സാമൂഹ്യപ്രവര്‍ത്തകന്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പ്പോലും നിഷേധിക്കപ്പെട്ട് തടവില്‍ ഭരണകൂടഭീകരതയുടെ ഇരയായി കൊല്ലപ്പെട്ടത് നമ്മുടെ ഓര്‍മ്മകളില്‍ നിന്നും അതിവേഗം മാഞ്ഞുപോയിരിക്കുന്നു. പ്രതിഷേധം ഒരു പരാജയപ്പെട്ട പഴങ്കഥയായി അവതരിപ്പിക്കപ്പെടുമ്പോള്‍ അതിലെ കഥാപാത്രങ്ങളാകാന്‍ ആളുകള്‍ മടിക്കുമെന്ന്  ഭരണകൂടത്തിനറിയാം. 

എന്തിനാണ് രണ്ടു പൗരന്മാരെ UAPA  ചുമത്തി തടവിലാക്കിയത് എന്നതിന് കേരളത്തിലെ സര്‍ക്കാരിനും പറയാനുണ്ടായിരുന്നത് അവര്‍ ആട്ടിന്‍കുട്ടികളല്ല എന്ന പരാതിയായിരുന്നു. അനുസരണയുള്ള ആട്ടിന്‍കുട്ടികളുടെ മാത്രം ഇടയാനാവുകയാണ് ഭരണകൂടം ചെയ്യുന്നത്. അല്ലാത്തവര്‍ക്ക് കശാപ്പുകാരനാണ്. ഈ പകര്‍ന്നാട്ടത്തിന്റെ അനന്തസാധ്യതകള്‍ ഓരോ ദിവസവും സമൂഹത്തെ ഓര്‍മ്മപ്പെടുക എന്നത് ഭരണകൂടത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. 

എന്തുതരം രാഷ്ട്രമാണ് നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നാണ് ബാര്‍പേട്ടയിലെ  സെഷന്‍സ് കോടതി ജഡ്ജി സര്‍ക്കാരിനോട് ചോദിക്കുന്നത്. വാസ്തവത്തില്‍ ആ ചോദ്യം നമ്മളോടുകൂടിയാണ്. എന്തുതരം സമൂഹത്തിലാണ് നിങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത് എന്നാണത്.

 

  • Tags
  • #National Politics
  • #Jignesh Mevani
  • #Umar Khalid
  • #Pramod Puzhankara
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

Muslim Women

Opinion

പ്രമോദ് പുഴങ്കര

മുസ്​ലിം സ്​ത്രീകൾക്ക്​ തുല്യ സ്വത്ത്​: മതനേതൃത്വത്തെ മ​തേതര സമൂഹം എ​ങ്ങനെ നേരിടണം?

Dec 13, 2022

10 Minutes Read

adani

Vizhinjam Port Protest

പ്രമോദ് പുഴങ്കര

ഇനി അദാനിയെങ്കിലും പറയും; ഗുജറാത്ത്​  മോഡലിനേക്കാള്‍ മികച്ചതാണ് കേരള മോഡൽ

Dec 09, 2022

10 Minutes Read

modi

National Politics

കെ. കണ്ണന്‍

'മോദിത്തുടര്‍ച്ച' അസാധ്യമാക്കുന്ന ചില സാധ്യതകള്‍

Dec 08, 2022

6 Minutes Read

Keral Police

STATE AND POLICING

പ്രമോദ് പുഴങ്കര

ഓരോ മനുഷ്യരേയും ഒറ്റുകാരാകാന്‍ ക്ഷണിക്കുന്ന ഭരണകൂടം

Nov 06, 2022

5 Minutes Read

lula

International Politics

പ്രമോദ് പുഴങ്കര

കേരളത്തിലെ ഇടതുപക്ഷമേ, ബ്രസീലിലേക്കുനോക്കി ആവേശം കൊള്ളാം, പക്ഷേ...

Nov 01, 2022

6 Minute Read

Rahul Gandhi

National Politics

പി.കെ. സാജൻ

ആർക്കും ചേരാം, ഒപ്പം നടക്കാം, വൈജാത്യങ്ങളെ ആഘോഷിക്കുകയാണ്​ ഭാരത്​ ജോഡോ യാത്ര

Oct 30, 2022

6 Minutes Read

abhilash cover

National Politics

അഭിലാഷ്​ പ്രഭാകരൻ

ബെല്ലാരിയിലെ എട്ടുമണിക്കൂർ; ഭാരത്​ ജോ​ഡോ യാത്രയുടെ അനുഭവം

Oct 29, 2022

4 Minutes Read

Next Article

പുഴയോരത്ത് തിങ്ങിഞെരുങ്ങി കഴിയുന്ന ഞങ്ങള്‍ക്കിടയില്‍ തന്നെ വേണോ മലിനജല സംസ്‌കരണ പ്ലാന്റ്?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster