‘ദി റേപിസ്റ്റ്': മുസ്​ലിം കഥാപാത്രങ്ങളെ പൊളിച്ചെഴുതുന്ന വിധം

പരമ്പരാഗത മുസ്​ലിം കഥാപാത്ര സങ്കല്പങ്ങളെ എങ്ങനെ ആധുനിക കാലത്ത് പൊളിച്ചെഴുതാം എന്ന്​പഠിക്കാള്ള ഒരു റഫറൻസ് പോയിൻറായി യുവ സിനിമാപ്രവർത്തകർക്ക്, ‘ദി റേപ്പിസ്റ്റി’ലെ മുസ്​ലിം കഥാപാത്രങ്ങളെ കാണാവുന്നതാണ്.

ൽഹിയിലെ ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറും വധശിക്ഷാ വിരുദ്ധ ആക്ടിവിസ്റ്റുമായ "നൈന'യും (കൊങ്കണ സെൻ) സഹപ്രവർത്തക മാലിനിയും ഒരു അർദ്ധരാത്രി ആളൊഴിഞ്ഞ തെരുവിൽ വെച്ച് രണ്ട് ചേരിനിവാസികളാൽ ക്രൂരമായി ലൈംഗികാക്രമണത്തിനിരയാകുകയും മാലിനി കൊല്ലപ്പെടുകയും ചെയ്യുന്നു. തുടർന്ന് നൈനയും തന്റെ മധ്യവർഗ കുടുംബവും ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന ദൂഷണങ്ങളും, അവർ നടത്തുന്ന നിയമപോരാട്ടങ്ങളുമാണ് അപർണ സെൻ സംവിധാനം ചെയ്ത ‘ദി റേപിസ്റ്റ് ’ എന്ന സിനിമയുടെ ഇതിവൃത്തം.

സമാന പ്രമേയങ്ങളെ അവതരിപ്പിക്കുന്ന മറ്റുസിനിമകളിൽ നിന്ന്​ "ദി റേപ്പിസ്റ്റി'നെ വ്യത്യസ്തമാക്കുന്നത് അതിന്റെ ശ്രദ്ധാകേന്ദ്രമായി ലൈംഗികാതിക്രമത്തിന് വിധേയയായ അതിജീവതയുടെ പോരാട്ടങ്ങളെയും മുന്നോട്ടുള്ള ജീവിതത്തെയും പ്രതിഷ്ഠിക്കുന്നതിനുപകരം, അല്ലെങ്കിൽ അതോടൊപ്പം തന്നെ, അതിക്രമിയുടെ- സിനിമയിൽ നൈന വിശേഷിപ്പിക്കുന്ന "ക്രിമിനലി'ന്റെ- ജീവിതവേരുകളും അതിന്റെ സാമൂഹിക പശ്ചാത്തലവും കൂടി സൂക്ഷ്മവിധേയമായി പ്രതിഷ്ഠിക്കുന്നതിലൂടെയാണ്. ഇവിടെ "ദി റേപിസ്റ്റ്' ആയി പ്രതിക്കൂട്ടിൽ നിൽക്കുന്നത് നൈനക്കും മാലിനിക്കുമെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രസാദ് സിംഗ് മാത്രമല്ല, മറിച്ച് ഇന്ത്യൻ സമൂഹം ഒന്നടങ്കം തന്നെയാണ്.

"IFFK'- 22ൽ പ്രദർശിപ്പിച്ചിരുന്ന "ദി റേപ്പിസ്റ്റി'നെതിരെ, സിനിമ ലൈംഗികാതിക്രമികളോട് നടത്തുന്ന സമീപനത്തിനെതിരെ, സ്തുതികരവും, വിമർശനാത്മകവുമായ പലതരം പ്രതികരണങ്ങൾ പ്രേക്ഷകരുടെയും ഫെമിനിസ്​റ്റ്​ വിമർശകരുടെയും ഭാഗത്തുനിന്ന്​ ഉയർന്നിട്ടുള്ളതിനാൽ അതേക്കുറിച്ചുള്ള ചർച്ചകളിലേക്ക് കടക്കുന്നില്ല. എന്നാൽ, വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്, അപർണ സെൻ സിനിമയിൽ അവതരിപ്പിച്ച പ്രധാനപ്പെട്ട രണ്ട് മുസ്​ലിം കഥാപാത്രങ്ങളെയാണ്. ഒന്ന്, നൈനയുടെ ഭർത്താവായി, അർജുൻ രാംപാൽ അവതരിപ്പിച്ച "അഫ്താബ് മാലിക്' എന്ന കഥാപാത്രം; രണ്ട്, തങ്ങളുടെ വീട്ടുജോലിക്കാരിയായി, സെമ്മ ആസ്മി അവതരിപ്പിച്ച, "സാവിത്രി' എന്ന കഥാപാത്രം.

ഇന്ത്യൻ സിനിമകളിലെ മുസ്​ലിം കഥാപാത്രങ്ങളെ സംബന്ധിക്കുന്ന പരമ്പരാഗത നരേറ്റീവായ ഗുഡ് മുസ്​ലിം -ബാഡ് മുസ്​ലിം ദ്വന്ദ്വങ്ങളെ അതിസൂക്ഷ്മമായി പൊളിച്ചുപണിഞ്ഞ്, ഒരുപക്ഷെ ഇന്ത്യൻ സിനിമാപ്രേക്ഷകർ ഇന്നേവരെ സ്‌ക്രീനിൽ കണ്ടിട്ടില്ലാത്ത തീർത്തും സാധാരണക്കാരായ, ന്യൂനതകൾ ധാരാളമുള്ള ലളിത മനുഷ്യരെ മുസ്​ലിം കഥാപാത്രങ്ങളായി ചിത്രീകരിക്കാൻ സാധിച്ചു എന്നതാണ് ‘ദി റേപ്പിസ്റ്റി’ൽ അപർണ സെന്നിന്റെ വിജയം. ഇവിടെ, തന്റെ ഭാര്യ നൈനയെ പോലെ തന്നെ യൂണിവേഴ്‌സിറ്റി പ്രൊഫസറും ആൻറി കാപിറ്റൽ പണിഷ്‌മെൻറ്​ ആക്ടിവിസ്റ്റുമായാണ് അഫ്താബ് മാലിക് പ്രത്യക്ഷപ്പെടുന്നത്.

ബ്രാഹ്‌മണ സമുദായത്തിൽ ജനിച്ച, എന്നാൽ തന്റെ സമാന തൊഴിൽ/പ്രത്യയശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന നൈനയെ സ്വന്തം പങ്കാളിയായി തിരഞ്ഞെടുത്ത അഫ്താബ് ഒരു ഇസ്​ലാം മതവിശ്വാസിയല്ല എന്ന് സിനിമയിലെ തന്റെ അവതരണത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രേക്ഷകർക്ക് വ്യക്തമാകുന്നു. സ്ഥിരമായി ടെലിവിഷൻ ചർച്ചകളിൽ പ്രത്യക്ഷപ്പെടാറുള്ള, പ്രാസംഗികനായ, ആദർശ- ലെഫ്‌റ് ലിബറൽ പുരുഷനായി തുടക്കത്തിൽ അവതരിപ്പിക്കപ്പെടുന്ന അഫ്താബ് ഒരു ഇസ്​ലാം മത വിശ്വാസിയാകാതെയിരിക്കുന്നത് തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വിശ്വാസങ്ങൾ കൊണ്ടുമാത്രമാണ്! മറിച്ച്, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്​ലിംകളെ ഭാരതീയവത്കരിക്കുക എന്ന അജണ്ടയോടെ സിനിമാസംവിധായകർ, ഒരുതരം "വലതുപക്ഷ സാംസ്‌കാരിക- ബദ്ധദൃഷ്ടി'യോടെ നോക്കിക്കണ്ട് നിർമിച്ചെടുത്ത, ഭാരതീയ (ഹിന്ദു) സംസ്‌കാരത്തെ സ്വന്തം മതവിശ്വാസത്തിനുമേൽ പ്രതിഷ്ഠിക്കുന്ന ആദർശവാനായ "ഇന്ത്യൻ മുസ്​ലിം' ആയതുകൊണ്ടോ, അല്ലെങ്കിൽ, ഓറിയൻറലിസ്റ്റ് കാഴ്ചപ്പാടുകളോടെ, ഇസ്​ലാം മതത്തെ കേവലം യാഥാസ്ഥിതിക ഉത്പന്നമായി കണ്ട് തുച്ഛീകരിക്കുന്ന "ആധുനിക' പൗരനായതുകൊണ്ടോ അല്ല അഫ്താബ് ഇസ്​ലാം മതവിശ്വാസി ആകാതെയിരിക്കുന്നത്. അയാൾ ഇടതുപക്ഷ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന വ്യക്തിയാണ്. തന്റെ മതം, മറ്റേതു മതത്തെയുമെന്നപോലെ തന്നെ സ്വന്തം പ്രത്യയശാസ്ത്ര വിശ്വാസങ്ങൾക്ക് കടകവിരുദ്ധമായ ഒന്നാണെന്ന് അയാൾക്ക് ഉത്തമ ബോധ്യമുണ്ട്. മാത്രമല്ല, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുടെ "ഇര'യായി മാറുന്ന "മോഡിഫൈഡ്' ഇന്ത്യയിലെ മുസ്​ലിം ആയല്ല അഫ്താബ് ‘ദി റേപ്പിസ്റ്റി’ൽ അവതരിപ്പിക്കപ്പെടുന്നത്.

ദി റേപ്പിസ്റ്റിൽ അഫ്താബ് മാലികായി അർജുൻ രാംപാൽ

ഒരു ഹിന്ദു യുവതിയെ വിവാഹം ചെയ്തതിന്​ തന്നെ "സ്യൂഡോ ലിബറൽ' എന്ന് വിളിച്ച് അപഹസിക്കുന്ന സ്റ്റേറ്റിനെ -ഒരു യാഥാസ്ഥിതിക പൊലീസുകാരനെ- അയാൾ സ്യൂഡോ (Pseudo) എന്ന ഇംഗ്ലീഷ് വാക്കിന്റെ സ്‌പെല്ലിങ് അറിയുമോ എന്ന് ചോദിച്ച്​ തിരിച്ച് അപഹസിക്കുന്നു. ഒപ്പം, ഇടതുപക്ഷ-പുരോഗമന ചിന്താഗതി വെച്ചുപുലർത്തുന്ന, താൻ ഒരു മുസ്​ലിം ആയതിൽ ഫലിതപരമായി അത്ഭുതം കൊള്ളുന്ന സുഹൃത്തിനോട് ലഘുവായി തന്നെയാണ് അഫ്താബ് പ്രതികരിക്കുന്നത്. അതിലൂടെ, ഇന്ത്യയിലെ ഒരു മധ്യവർഗ സ്ത്രീക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമം പ്രമേയമാക്കിക്കൊണ്ടുള്ള സിനിമയുടെ ഫോക്കസ് അതിൽ നിന്ന്​ വ്യതിചലിക്കാതെ തന്നെ, മുസ്​ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളുടെ, ഇന്ത്യൻ പൊതുസമൂഹം മുസ്​ലിം സമുദായത്തെ സംബന്ധിച്ച്​ വെച്ചുപുലർത്തുന്ന അപരത്വ മനോഭാവത്തിന്റെ പൊള്ളത്തരങ്ങളെ അപർണ സെൻ ഒരു മധ്യവർഗ ദൃഷ്ടിയിലൂടെ നോക്കിക്കണ്ട് പരിഹസിക്കുന്നു.

അതിനാൽ, സമകാലിക സിനിമകളിൽ ഒരുഭാഗത്ത് ഗുഡ് മുസ്​ലിം -ബാഡ് മുസ്​ലിം ദ്വന്ദ്വങ്ങളെ കേന്ദ്രീകരിച്ച്​ "ഭാരതീയ മുസ്​ലിം' (Indian Muslim) കഥാപാത്രങ്ങളെ നിർമിച്ചെടുത്തും, മറുഭാഗത്ത് ഹിന്ദു ദേശീയ-രാഷ്ട്രീയ സാഹചര്യങ്ങളിൽ അന്യവൽക്കരിക്കപ്പെടുന്ന മുസ്​ലിം കഥാപാത്രങ്ങളെ ഇരയുടെ പരിവേഷം മാത്രം നൽകി ദുർബലപ്പെടുത്തിയും അവതരിപ്പിക്കുമ്പോൾ, അപർണ്ണ സെൻ ഈ രണ്ടുതരങ്ങൾക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഒരു മുസ്​ലിം കഥാപാത്രത്തെ നിർമിച്ചെടുക്കുകയാണ്​. അതിലൂടെ കേവലമായ പൊളിറ്റിക്കൽ കറക്​റ്റനെസിൽ ഊന്നിനിൽക്കാതെ, യഥാർഥ്യത്തിൽ ആക്ഷേപാർഹമായി തന്നെ മാറിയ ഇന്ത്യയുടെ ഇന്നത്തെ സാമൂഹിക- രാഷ്ട്രീയ വ്യവഹാരത്തെ സൂക്ഷമായി പരിഹസിക്കുകയും ചെയ്യുന്നു.

ദി റേപ്പിസ്റ്റ് സിനിമയിലെ രംഗം

അഫ്താബ് ഒരു ആദർശ പുരുഷനോ, ഭർത്താവോ ആയല്ല ‘ദി റേപ്പിസ്റ്റി’ൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഭാര്യയെ ലൈംഗികമായി ആക്രമിച്ച വ്യക്തിയിൽ നിന്ന്​ അവൾ ഗർഭം ധരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ, അവളുടെ ആരോഗ്യകാരണങ്ങൾ പരിഗണിച്ച്, ഗർഭം നിലനിർത്തുവാൻ തുടക്കത്തിൽ അവളോട് അഭ്യർത്ഥിക്കുന്നു. ഒടുവിൽ നൈന അത്തരമൊരു തീരുമാനത്തിലെത്തുമ്പോൾ ഗർഭച്ഛിദ്രത്തിന് അപ്പോഴും അവശേഷിക്കുന്ന സാധ്യതകളെ കുറിച്ച് അവളെ ഓർമപ്പെടുത്തുകയും ചെയ്യുന്നു.
തുടക്കത്തിൽ നൈനയുടെ സ്വജൈവാവകാശങ്ങളെ കുറിച്ച് അവളോടുതന്നെ സംസാരിക്കുന്ന പുരോഗമനവാദിയായ അഫ്താബ്, തന്റെ ഭാര്യ പ്രസവിക്കേണ്ടതും, താൻ സമയവും സമ്പത്തും ചെലവഴിക്കേണ്ടതും തന്റെ തന്നെ ജൈവസന്തതിക്കു വേണ്ടിയായിരിക്കണം എന്ന പരമ്പരാഗത പുരുഷ/ഭർതൃസങ്കല്പം പേറുന്ന വ്യക്തി തന്നെയാണ്. താൻ നേരിട്ട ആക്രമണത്തിന്റെ മാനസികാഘാതം നേരിടുന്ന നൈന, തന്നോടൊത്ത് ശാരീരികബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാണിക്കുമ്പോൾ, അവൾ അറിയാതെ, തന്നെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരു സ്ത്രീയോടൊത്ത് സെക്‌സിൽ ഏർപ്പെടാൻ "ആദർശവാനായ' അഫ്താബിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല. ഒടുവിൽ നൈന, തന്റെ ഗവേഷണ സംബന്ധിയായ ആവശ്യത്തിന് പ്രസാദ് സിംഗിനെ തിഹാർ ജയിലിൽ പോയി കണ്ട് ഇന്റർവ്യൂ ചെയ്യാനൊരുങ്ങുമ്പോൾ, ലെഫ്‌റ്റ്​ ലിബറൽ ആദർശവാദിയായ അഫ്താബ്, പ്രസാദ് സിംഗിനെ ജാതീയമായി അധിക്ഷേപിക്കുകയും, തുടർന്ന് തന്റെ ഭാര്യയാൽ തന്നെ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇവിടെ കേവലമായ ഒരു ഹിപ്പോക്രാറ്റിനെയല്ല അഫ്താബിൽ കാണാൻ കഴിയുക. ഒരു ഉപരി- മധ്യവർഗ കുടുംബപശ്ചാത്തലത്തിൽ ജീവിച്ചുവളർന്ന അയാൾ, ഇന്ത്യയുടെ പിത്രാധിപത്യ- ജാതീയ- സ്ത്രീവിരുദ്ധ സമൂഹ വ്യവഹാരത്തിന്റെ ഉൽപ്പന്നം തന്നെയാണ്. തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അയാൾ അക്കാദമിക പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും സ്വയം ആർജ്ജിച്ചെടുത്ത ഒന്നാണ്. സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് പ്രസംഗിക്കുമ്പോഴും ഒരു പുരുഷനെന്ന നിലയ്ക്ക് തനിക്ക് ഇന്ത്യൻ സാമൂഹിക സന്ദർഭത്തിൽ ലഭിക്കുന്ന പ്രിവിലേജുകളെ അയാൾ മുറുകെ പിടിക്കുന്നു. ഇടതുപക്ഷ- കീഴാള അനുകൂല പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന് സ്വയം അവകാശപ്പെടുമ്പോഴും അയാൾ തന്റെ സാമൂഹിക- സാംസ്‌കാരിക- വർഗ്ഗ മൂലധനത്തെ വേണ്ടപോലെ ആസ്വദിക്കുകയും, ചേരിവാസികളെ ഒരുതരം ബൂർഷ്വാദൃഷ്ടിയോടെ നോക്കിക്കണ്ട് അവഹേളിക്കുകയും ചെയ്യുന്നു.

ദി റേപ്പിസ്റ്റിൽ തൻമയ് ധനാനിയ

ആൻറി കാപ്പിറ്റൽ പണിഷ്‌മെൻറ്​ ആക്ടിവിസ്റ്റായി ടെലിവിഷൻ ചർച്ചകളിൽ നിരന്തരം അവതരിക്കാറുള്ള അയാൾ, ഒടുവിൽ പ്രസാദ് സിങ്ങിന് കോടതി വധശിക്ഷ വിധിക്കുമ്പോൾ, തന്റെ ചിന്താഗതികൾക്ക് വാലിഡേഷൻ ലഭിക്കുന്നതിന് മറ്റൊരു സ്ത്രീയെ ആശ്രയിക്കേണ്ടി വരുന്നു. ചുരുക്കത്തിൽ ഈ രണ്ടു ധ്രുവങ്ങൾക്കുമിടയിലെ വൈരുധ്യമായി നിലകൊള്ളുന്ന ഒരു സാധാരണ പുരുഷൻ മാത്രമാണ് അഫ്താബ്. അയാളുടെ ഹിപ്പോക്രസി ഒരിക്കലും തന്റെ മതപശ്ചാത്തലത്തിൽ നിന്നുയരുന്നതല്ല. മറിച്ച് അയാൾ ജീവിക്കുന്ന പിത്രാധിപത്യ, പുരുഷകേന്ദ്രീകൃത സമൂഹത്തിൽ നിന്നാണ് ഉയരുന്നത്.

ഇത്തരമൊരു പുരുഷകഥാപാത്രത്തെ സോദ്ദേശ്യമായിതന്നെ സൃഷ്ടിക്കുക വഴി, അയാൾ മുസ്​ലിം തന്നെയാകുക വഴി, ആധുനിക കാലത്ത് "ഇടതുപക്ഷ ബൂർഷ്വാ' അക്കാദമിക്കുകളും, ചിന്തകരും, പുരുഷ- ഫെമിനിസ്റ്റ് ബുദ്ധിജീവികളും സ്ഥിതി ചെയ്യുന്ന "യാഥാർഥ്യ- പ്രശ്‌നപരിസരത്തേക്ക്', അതിന്റെ "സ്വാഭാവികതകളിലേക്ക്' പരമ്പരാഗത ആഖ്യാനങ്ങളിൽ നിന്ന്​മോചിതനായി ഇന്ത്യൻ സിനിമയിൽ ഒരു മുസ്​ലിമിന്​ കടന്നുചെല്ലാനാകുന്നു. അഫ്താബ് അതുകൊണ്ടുതന്നെ ഒരു മുസ്​ലിമിനെ സംബന്ധിക്കുന്ന യാതൊരു ആദർശനിഷ്ഠകളിലും തളച്ചിടപ്പെടുന്നില്ല എന്നുമാത്രമല്ല, അയാൾ സ്ഥിതി ചെയ്യുന്നത് ഏതൊരു പുരുഷനും, ചിന്തകനും, ഇടതുപക്ഷ- മധ്യവർഗ്ഗ ആക്ടിവിസ്റ്റും സ്ഥിതിചെയ്യുന്ന, വൈരുധ്യങ്ങളുടെ പ്രശ്‌നപരിസരങ്ങളിൽ മാത്രമാണ്. സിനിമയുടെ പുരോഗതിയിലാകട്ടെ, അത്തരമൊരു പരിസരത്ത് നിലകൊള്ളുന്ന ഏതൊരു വ്യക്തിയിലും, പുരുഷനിലും സംഭവിക്കാവുന്ന നിഷ്‌കർഷമായ മാറ്റങ്ങൾക്ക് അയാൾ വിധേയമാവുകയും ചെയ്യുന്നു.

നൈനയുടെയും അഫ്താബിന്റെയും വീട്ടിലെ ജോലിക്കാരിയായാണ് സെമ്മ ആസ്മി അവതരിപ്പിച്ച "സാവിത്രി' എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. തന്റെ മകൻ കബീറിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സാമ്പത്തികമായി പോലും സഹായിക്കാറുള്ള നൈന- അഫ്താബ് കുടുംബത്തോട് അവർക്ക് പ്രത്യേകമായ അടുപ്പമുണ്ട്. എങ്കിൽ കൂടി, ഇസ്​ലാം മതത്തിൽ ജനിച്ചുവളർന്ന അവർക്ക്, രാഷ്ട്രീയ സാമൂഹിക കാരണങ്ങളാൽ, തന്റെ യഥാർത്ഥ സ്വത്വം മറച്ചുവെച്ച് ഒരു ഹിന്ദുനാമധാരിയായി ജീവിക്കേണ്ടി വരുന്നു. ഒരിക്കൽ, കബീറിന്റെ അച്ഛനിൽ നിന്ന്, ഇപ്പോൾ തന്റെ ഭർത്താവായ വ്യക്തിയിൽ നിന്ന്, കല്യാണത്തിനുമുൻപ് തനിക്കു നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ച് നൈനയുടെ മുൻപിൽ ഏറ്റുപറച്ചിൽ നടത്തുന്ന സാവിത്രി അബദ്ധവശാൽ തന്റെ യഥാർത്ഥ മതസത്വം വെളിവാക്കുകയും, തുടർന്ന് അത് പുറത്ത്പറയരുത് എന്ന് നൈനയോട് കരഞ്ഞ് അപേക്ഷിക്കുകയും ചെയ്യുന്നു. തന്റെ കൈവശം- ഒരു മുസ്​ലിമിന്​ ഇന്ന് ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ആവശ്യമായി മാറിയിരിക്കുന്ന- തിരിച്ചറിയൽ രേഖകളും മറ്റു തെളിവുകളുമില്ല എന്ന് പറയുന്നതിലൂടെ ‘CAA-NRC-അനന്തര' കാലത്ത് ഇന്ത്യയിലെ മുസ്​ലിംകൾ അനുഭവിക്കുന്ന അന്യഥാത്വം കൂടി ആ വാക്കുകളിൽ വെളിവാക്കുന്നു. എന്നാൽ തന്റെ ഭർത്താവ് അഫ്താബിന്റെ മുസ്​ലിം ഐഡന്റിറ്റിയെ കുറിച്ച് സാവിത്രിയെ ബോധവതിയാക്കാൻ ശ്രമിക്കുന്ന നൈനയോട്, "പണമുള്ള മുസ്​ലിംകളുടെ അവസ്ഥയല്ല ചേരിയിൽ ജീവിക്കുന്നവ മുസ്​ലിംകൾക്ക്' എന്നാണ് അവർ മറുപടി പറയുന്നത്. ഒരേ സീനിൽ ചിത്രീകരിച്ചിരിക്കുന്ന സാവിത്രിയുടെ ഈ മൂന്ന് സന്ദർഭസംഭാഷണങ്ങളിൽ നിന്ന്​, ഇന്ത്യയിലെ ഒരു "ഇസ്​ലാമോഫോബിക്- സ്ത്രീവിരുദ്ധ- മുതലാളിത്ത' സമൂഹത്തിൽ ഒരു "മുസ്​ലിം- സ്ത്രീ-തൊഴിലാളി'യുടെ അവസ്ഥയെ സമർത്ഥമായ Intersectional വിശകലത്തിന് വിധേയമാക്കാൻ അപർണ സെന്നിന് കഴിയുന്നു.

ദി റേപ്പിസ്റ്റിൽ സെമ്മ ആസ്മിയും കൊങ്കണ സെൻ ശർമ്മയും

ചുരുക്കത്തിൽ, ഇന്ത്യൻ സിനിമകളിലെ പരമ്പരാഗത മുസ്​ലിം പുരുഷകഥാപാത്ര വർണനകൾക്കനുസരിച്ച് ദേശസ്‌നേഹത്തിന്റെ, സ്വ-സ്വത്വാനുരഞ്ജനത്തിന്റെ അമിതഭാരങ്ങളിൽ നിന്നും, സമകാലിക സിനിമകളിലെ ആധുനിക മുസ്​ലിം പുരുഷനെ സംബന്ധിക്കുന്ന വലതുപക്ഷ, "മാർഗനിർദേശ' സദൃശ്യമായ ആദർശക്രമങ്ങളിൽ നിന്നും മുസ്​ലിം പുരുഷനെ മോചിപ്പിച്ച്, പൊളിറ്റിക്കൽ കറക്​റ്റ്​നെസ്സിന്​ കടകവിരുദ്ധമായ, തീർത്തും "സാധാരണമായ' ഒരു സാമൂഹ്യയാഥാർഥ്യ പ്രശ്‌നപരിസരത്തേക്ക് അവനെ പ്രതിഷ്ഠിക്കുവാൻ അഫ്താബ് എന്ന കഥാപാത്രത്തിലൂടെ അപർണ സെന്നിന് സാധിക്കുന്നു.

അതുപോലെ, സ്വന്തം മത- കുടുംബ ഘടനകളിൽ നിന്ന്​ പുറത്തുകടക്കാൻ സാധിക്കാതെ, രക്ഷയ്ക്കായി സംസ്‌കാരപുരുഷന്റെ കാരുണ്യം കാത്തുകിടക്കുന്ന മുസ്​ലിം സ്ത്രീകളുടെ വ്യവസ്ഥാപിത കഥാപാത്രാഖ്യാനങ്ങളിൽ നിന്ന്​വ്യത്യസ്തമായി, അവൾ നേരിടുന്ന മതപരവും, വർഗ്ഗപരവും, ലിംഗപരവുമായ ബഹുവിധ പ്രശ്‌നങ്ങളെ സാവിത്രി എന്ന മുസ്​ലിം കഥാപാത്രത്തിലൂടെ അവതരിപ്പിക്കാൻ സംവിധായികക്ക് സാധിക്കുന്നു. ഇന്ത്യൻ സാമൂഹിക- രാഷ്ട്രീയ പ്രശ്‌നങ്ങളെ എങ്ങനെ മാർമികമായി മുസ്​ലിം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന, എന്നാൽ യഥാർത്ഥ പ്രമേയം മറ്റൊന്നായിരിക്കുന്ന സിനിമകളിൽ ( ഈ സന്ദർഭത്തിൽ "ലൈംഗികാതിക്രമം') അവതരിപ്പിക്കാം എന്നും, പരമ്പരാഗത മുസ്​ലിം കഥാപാത്ര സങ്കല്പങ്ങളെ എങ്ങനെ ആധുനിക കാലത്ത് പൊളിച്ചെഴുതാം എന്നും പഠിക്കാള്ള ഒരു റഫറൻസ് പോയിൻറായി യുവ സിനിമാപ്രവർത്തകർക്ക്, ‘ദി റേപ്പിസ്റ്റി’ലെ മുസ്​ലിം കഥാപാത്രങ്ങളെ കാണാവുന്നതാണ്.


ഷാഹീൻ അകേൽ

തിരുവനന്തപുരം പ്രസ്​ ക്ലബിൽ ജേണലിസം വിദ്യാർഥി. ബംഗളൂരു ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽനിന്ന്​ കൾചറൽ സ്​റ്റഡീസിൽ എം.എ. ഹൃദയങ്ങൾക്കപ്പുറം എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments