truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 28 January 2023

truecoppy
Truecopy Logo
Readers are Thinkers

Saturday, 28 January 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
opener
Image
opener
https://truecopythink.media/taxonomy/term/5797
The Teacher Malayalam movie

Film Review

വേട്ടക്കാര്‍ക്കുള്ള
ടീച്ചറുടെ സിലബസ്

വേട്ടക്കാര്‍ക്കുള്ള ടീച്ചറുടെ സിലബസ്

ഒരു പ്രത്യേക ഘട്ടത്തില്‍ ദേവിക (അമല പോള്‍) എന്ന കായികാധ്യാപികയ്ക്ക് നേരിടേണ്ടിവരുന്ന ഒരനുഭവവും പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.

6 Dec 2022, 04:49 PM

വി.കെ. ബാബു

വെളിച്ചത്തിലേക്കുണരുന്ന ദേവികയുടെ സംഘര്‍ഷനിര്‍ഭരമായ മുഖത്തിന്റെ അതീവ ക്ലോസപ്പ് ആയ ദൃശ്യത്തോടെയാണ് ടീച്ചര്‍ എന്ന സിനിമയുടെ തുടക്കം. നീതിനിഷേധത്തിന്റെ സംഘര്‍ഷസന്ദര്‍ഭത്തില്‍ ഒരു സ്ത്രീയുടെ മനസ്സ് യാത്ര ചെയ്‌തെത്തുന്ന പാരമ്യത്തിലെത്തി നില്‍ക്കുന്ന ദേവികയിലാണ് സിനിമ ഒടുവില്‍ എത്തി നില്‍ക്കുന്നത്. വേട്ടയാടപ്പെട്ട ഒരു അധ്യാപികയുടെ ജീവിതം കടന്നുപോകുന്ന തീവ്രപ്രതിസന്ധികളെപ്പറ്റി പറയുന്ന സിനിമ, ചില വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ അഭിസംബോധന ചെയ്തിട്ടുണ്ട്.

വികാരവിക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന അവള്‍ പ്രതിസന്ധികളെ നേരിടുന്നതും പരിഹരിക്കുന്നതും അപ്രതീക്ഷിതമായ വഴികളിലൂടെയാണ്. നിഗൂഢത നിലനിര്‍ത്തുന്ന ആദ്യപകുതിക്കുശേഷം അതു സിനിമയ്ക്ക് കൊടുക്കുന്ന ട്വിസ്റ്റ് ആകാംക്ഷ നിറഞ്ഞ റിവഞ്ച് ത്രില്ലര്‍ സ്വഭാവത്തിലേയ്ക്ക് ചിത്രത്തെ കൊണ്ടുപോകുന്നു. ലൈംഗികാതിക്രമം നേരിടുന്ന പെണ്‍കുട്ടികളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും അവര്‍ക്ക് എങ്ങനെയാണു നീതി നിഷേധിക്കപ്പെടുന്നതെന്നും ചിത്രം പറയുന്നു. സ്ത്രീക്കൊരു പ്രശ്‌നം വരുമ്പോള്‍ സമൂഹം ഉദാസീനമാകുന്നതിനേയും അവളില്‍ കുറ്റം ചാര്‍ത്താനുമുള്ള സമുദായത്തിന്റെ പ്രവണതയെയും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

സമീപനങ്ങളിലും നോട്ടപ്പാടുകളിലും നിലപാടുകളിലും കഥാപാത്രങ്ങള്‍ക്ക്‌
പരിണാമം സംഭവിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ പരിചരണരീതി. മധ്യവയസ്‌കനായ ഒരാള്‍ ബാലികയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസിന്റെ ഭീഷണിയും കേസും കോടതി വ്യവഹാരങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടും ഭയന്ന് അവളുടെ നിസ്സഹായരായ മാതാപിതാക്കള്‍ നഷ്ടപരിഹാരം സ്വീകരിച്ച് എല്ലാറ്റില്‍ നിന്നും വിടുതിനേടാന്‍ തീരുമാനിക്കുന്നതായ ഒരു  കാഴ്ച സിനിമയുടെ ആദ്യഭാഗത്തുണ്ട്. എന്നാല്‍  സിനിമ അവസാനിക്കുമ്പോഴേക്കും കാഴ്ചപ്പാടുകള്‍ക്ക് ഒട്ടേറെ പരിണതികള്‍ സംഭവിക്കുന്നു.പീഡകര്‍ ആരായാലും കടുത്ത നിലപാടെടുത്ത്  മുമ്പോട്ട് പോകാന്‍ പ്രേരിപ്പിക്കുകയാണ് സിനിമ അവസാനദൃശ്യങ്ങളില്‍. അന്ത്യഭാഗങ്ങളില്‍ ഇരകളോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രം വേട്ടക്കാരുടെ നേര്‍ക്ക് ദയാരഹിതമാവുന്നു. നമുക്ക് പരിചിതമായ ഒരിടത്തുനിന്ന് തുടങ്ങി അസാധാരണ സംഭവങ്ങളിലൂടെ നീങ്ങി സമൂഹത്തിനൊരു സന്ദേശം നല്‍കാന്‍ സിനിമ ശ്രമിക്കുന്നു. ഒരു പ്രത്യേക ഘട്ടത്തില്‍ ദേവിക (അമല പോള്‍) എന്ന കായികാധ്യാപികയ്ക്ക് നേരിടേണ്ടിവരുന്ന ഒരനുഭവവും  പരിമിതികളെ അതിജീവിക്കാനുള്ള അവരുടെ ശ്രമവുമാണ് സിനിമ പറയുന്നത്.  

The Teacher malayalam movie
 ദ ടീച്ചര്‍ സിനിമയില്‍ നിന്ന്‌

റേപ്പും അതിന്റെ റിവഞ്ചും ഹിച്ച്‌കോക്കിന്റെ കാലത്തും അതിനുമുമ്പും  സിനമയിലുണ്ട്. ഇരയാക്കപ്പെട്ട പെണ്ണിനുവേണ്ടി ധീരസാഹസികരായ ആണുങ്ങള്‍ റിവഞ്ച് നടത്തുന്നതായിരുന്നു അടുത്ത കാലം വരെ അത്തരം സിനിമകളില്‍ പതിവ്.  ടീച്ചര്‍ എന്ന സിനിമയെ അവയില്‍നിന്നു വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവിടെ പെണ്ണിന്റെ തന്നെ തീരുമാനമാണ് റിവഞ്ച്. സിനിമയിലെ ദേവിക എന്ന ടീച്ചര്‍ അതിനെ തന്റേതായ നിലയില്‍ മുമ്പോട്ടു കൊണ്ടുപോകാനും നടപ്പിലാക്കാനും തന്നെ തീരുമാനിച്ചിറങ്ങുകയാണ്. കാലഘട്ടം ആവശ്യപ്പെടുന്നത് അതാണ് എന്ന് തിരിച്ചറിയുകയാണ്. ആ തിരിച്ചറിവ് പ്രേക്ഷകനിലേക്ക് പകരുന്നുമുണ്ട്. അക്രമകാരികളെ കണ്ടെത്തുക മാത്രമല്ല, അവരെ ശിക്ഷിക്കാനും അവള്‍ തയ്യാറാകുന്നു.

അക്കാര്യത്തില്‍ അവള്‍ക്ക് കൂട്ടായുള്ളത് ഭര്‍ത്താവിന്റെ അമ്മയും ഉജ്വല പോരാളിയുമായ ബാറ്റണ്‍ കല്യാണിയാണ്. മഞ്ജുപിള്ള അവിസ്മരണീയമാക്കിയ കല്യാണി പോരാട്ടത്തിന് ഇപ്പോഴും അവധി കൊടുക്കാത്ത ജനനായികയാണ്. മണ്‍റോ തുരുത്തിലെ മനുഷ്യരുടെ അതിജീവനസമരത്തിന്റെ മുന്നണി പോരാളിയായാണ് കല്യാണിയെ നാം കാണുന്നത്. പോരാട്ടത്തിന്റേയും ത്യാഗത്തിന്റേയും സഹനത്തിന്റേയും സമ്പന്നമായ ഭൂതകാലത്തിന്റെ ഉടമയായ സ്ത്രീയാണവര്‍.

ദേവികയും കല്യാണിയും ദേവികയുടെ അമ്മയുമുള്‍പ്പെടെ ഇതിലെ സ്ത്രീകഥാപാത്രങ്ങളൊക്കെ നിലപാടുള്ളവരും ചുണയുള്ളവരുമാണ്. (കല്യാണിയെ അവതരിപ്പിച്ചതില്‍ അമാനുഷ ആണ്‍ കഥാപാത്രങ്ങളെ സിനിമയില്‍ കാണിക്കുന്ന രീതിയാണ് അവലംബിച്ചത്. അത് ഒരു പുരുഷ നോട്ടത്തിന്റെ ബാക്കിപത്രമായി അനുഭവപ്പെടുകയാണ് ചെയ്യുന്നത്). മഞ്ജുപിള്ളയുടെ അഭിനയ ജീവിതത്തിലെ അതിശക്തമായ  കഥാപാത്രങ്ങളിലൊന്നായിരിക്കും വിപ്ലവകാരിയായ ബാറ്റണ്‍ കല്ല്യാണി. ലാത്തിക്ക് കുട്ടികളെയുണ്ടാക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കല്ല്യാണിക്ക് കുറേ കുട്ടികളുണ്ടാകുമായിരുന്നു എന്ന അവരുടെ ഡയലോഗ് കെ.ആര്‍. ഗൗരിയമ്മയെ ലിങ്ക് ചെയ്യുന്നു. അറിയപ്പെടാത്ത സ്ത്രീ പോരാളികളുടെ പ്രതിനിധിയായി കല്യാണിയെ കാണാം. ലോകം എന്തു പറയുമെന്ന് ആലോചിച്ച് നിന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് ദേവികയ്ക്ക് ധൈര്യം പകരുന്നത്  ഭര്‍തൃ മാതാവ് കല്യാണിയായിരുന്നു.

ALSO READ

നിഷിദ്ധജീവിതങ്ങളുടെ തടവറകള്‍

ദേവികയുടെ പങ്കാളി സുജിത്ത് (ഹക്കിം ഷാജഹാന്‍) ഹോസ്പിറ്റല്‍ ജീവനക്കാരനാണ്. ആണ്‍ പൊതുബോധത്തിന്റെ ഉടമ. നാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭാര്യ ഗര്‍ഭിണിയായ വിവരം അറിയുന്ന സുജിത്ത് തന്റെ പങ്കാളി റേപ്പിന് വിധേയമായ കാര്യം അറിയുന്നു. അക്കാര്യം  പോലിസില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലാത്ത സുജിത്തിന് നിലപാടുകളില്ല. സ്ത്രീയവസ്ഥയെ ഉള്‍ക്കൊള്ളാനുള്ള ബോധമില്ല.ലജ്ജാകരമായ രീതിയില്‍ എന്തിനോടും സമരസപ്പെടാനാണ് അയാള്‍ക്ക് താത്പര്യം. ഒരു ബാലപീഡന കേസ് പൊലിസിനാല്‍ ഭീഷണിപ്പെടുത്തപ്പെട്ട് ഒതുക്കിത്തീര്‍ക്കുന്നതിന് കുട്ടിയുടെ മാതാപിതാക്കള്‍  നിര്‍ബന്ധിതമാവുന്ന സംഭവത്തിന് ദൃക്‌സാക്ഷിയാവുന്ന സുജിത്തിനെ നാം സിനിമയുടെ തുടക്കത്തില്‍ കാണുന്നുണ്ട്. അതയാളെ ഭീരുവാക്കുന്നതായും സമരസപ്പെടലിന്റെ പാതയിലേക്ക് നയിക്കുന്നതായും മനസ്സിലാക്കാം. ഒടുവില്‍ അയാള്‍ തന്റെ തെറ്റ് മനസ്സിലാക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ അപ്പോഴേക്കും അതു ദേവികയിലെ സ്ത്രീയ്ക്ക്, മനുഷ്യന് എല്ലാ പരിക്കുകളും ഏല്‍പ്പിച്ചിരുന്നു.അതിനാല്‍ അതിനെ വിശ്വാസത്തിലെടുക്കാന്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയായിക്കഴിഞ്ഞ ദേവികയ്ക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ രണ്ടാമതൊരവസരം അയാള്‍ക്ക് അവളില്‍ നിന്നും ലഭിക്കുന്നില്ല. അബോര്‍ഷന്‍ എന്ന നിബന്ധനയ്ക്ക് വിധേയമായി അത്തരമൊരു ഒത്തുതീര്‍പ്പിലെക്കെത്താന്‍ വിസമ്മതിച്ചുകൊണ്ട് സ്വന്തം ശക്തിയെ തിരിച്ചറിഞ്ഞ അവള്‍ അബോര്‍ട് ചെയ്യുന്നില്ല എന്ന തീരുമാനമാണ് പറയുന്നത്. ആ ഒരു ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്.

പങ്കാളിയായ സ്ത്രീയെ മനസ്സിലാക്കാതെയുള്ള പതിവ് പുരുഷ കാഴ്ചപ്പാടിലൂടെയാണ് ആശുപത്രിയില്‍ അറ്റന്ററായ സുജിത്ത് കാര്യങ്ങളെ കണ്ടത്. ഭാര്യയെ അയാള്‍ അതിയായി സ്‌നേഹിക്കുന്നെങ്കിലും അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ അയാള്‍ക്ക് അനുതാപത്തോടെ  ഉള്‍ക്കൊള്ളാനോ പങ്കാളിയുടെ കൂടെ നില്‍ക്കാനോ  കഴിയുന്നില്ല. എല്ലാം കഴിഞ്ഞ ശേഷം അയാള്‍ ഭാര്യയെ ചേര്‍ത്തുവെക്കാന്‍ ശ്രമം നടത്തുമ്പോള്‍ കൂടെ നില്‍ക്കേണ്ട നേരത്ത് അതുണ്ടായില്ലല്ലോ എന്ന ചോദ്യമാണ് അയാള്‍ക്ക് നേരിടേണ്ടിവരുന്നത്.

The Teacher malayalam movie
 ദ ടീച്ചര്‍ സിനിമ ട്രൈലര്‍ 

ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള പതിവ് ആഖ്യാനങ്ങളില്‍ നിന്ന് ചില  വേറിടല്‍ ഈ ചിത്രത്തിനുണ്ട്. അമലാ പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ടീച്ചറില്‍ പുതിയ കാലത്തിന്റെ  പാഠങ്ങള്‍ക്കാണ് ഊന്നല്‍. ഇര ഒരു അധ്യാപികയും വേട്ടക്കാര്‍ വിദ്യാര്‍ത്ഥികളുമാണ്.  മുതിര്‍ന്നവരെപ്പോലെ സമൂഹം ആക്കിത്തീര്‍ത്ത യുവാക്കളാണവര്‍.  ഇന്റര്‍സ്‌കൂള്‍ സ്‌പോട്‌സ് മീറ്റില്‍ വച്ച് കണ്ടുമുട്ടിയവരാണവര്‍. വിദ്യാര്‍ത്ഥികള്‍ സംഭവത്തില്‍ കുറ്റബോധമില്ലാത്തവരും സംഭവം വീഡിയോയില്‍ പകര്‍ത്തിയവരുമാണ്. ലഹരി നല്‍കി ബലാല്‍സംഗത്തിന് വിധേയമാക്കപ്പെടുകയാണ് ഒരു കായികാധ്യാപിക.( സ്ത്രീകള്‍ ഏറെ കടന്നുവരാത്ത വിഭാഗമാണ് കായികാധ്യപനത്തിന്റേത്. അതില്‍ പുരുഷാധികര സമൂഹത്തിന്റെ മുന്‍വിധികളുണ്ട്).പക്ഷേ സംഭവം വിട്ടെറിഞ്ഞുപോവാന്‍ ഭര്‍ത്താവ് സുജിത്ത്  തയ്യാറാകുന്നതുപോലെ അവള്‍ തയ്യാറാകുന്നില്ല എന്നിടത്താണ് സിനിമയിലെ ട്വിസ്റ്റും പ്രമേയത്തിന്റെ പ്രസക്തിയും.

യൗവനത്തിലേക്ക് പറക്കുന്ന കൗമാരക്കാരെ വിദ്യാര്‍ത്ഥികളായി മാത്രം കണ്ട ദേവിക ടീച്ചര്‍ക്കും അതു പാഠമായിത്തീരുകയും ടീച്ചര്‍ തിരിച്ചറിവുകളിലൂടെ സ്വയം പുതുക്കലിനു വിധേയമാവുകയും ചെയ്യുന്നു.ചിത്രത്തില്‍ ദേവിക എന്ന കേന്ദ്ര കഥാപാത്രത്തിനു ചുറ്റുമാണ് മറ്റു കഥാപാത്രങ്ങള്‍ രൂപപ്പെടുന്നത്.  സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ശക്തി കൂടുതലുണ്ട് ടീച്ചറില്‍. ദേവികയായാലും  കല്ല്യാണിയമ്മയായാലും ദേവികയുടെ അമ്മയായാലും വനിതകളെല്ലാം ശക്തരാണ്. അവര്‍ക്കാണ് നിലപാടുകളുള്ളത്.  ഭര്‍ത്താവല്ല, ഭര്‍ത്താവിന്റെ അമ്മയാണ് നിര്‍ണായക ഘട്ടത്തില്‍ ഏറ്റവും മികച്ച പിന്തുണയുമായി ദേവികയോടൊപ്പം നില്ക്കുന്നത്.

ALSO READ

‘നോ ബെയേഴ്​സ്​’ കാണാം, പനാഹിയുടെ മോചനത്തിനുള്ള ശബ്​ദമാകാം​

ചിത്രം സമൂഹത്തിനുള്ള പലസന്ദേശങ്ങളും ഉള്ളടങ്ങിയതാണ്. മയക്കുമരുന്ന് കേരളത്തിലെ സ്‌കൂളുകള്‍ക്കകത്തളങ്ങളിലേക്ക് പോലും എത്തിച്ചേരുകയും അതിനെതിരെ സര്‍ക്കാര്‍ വലിയ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളും നടത്തുന്ന കാലത്താണ് ടീച്ചര്‍ പോലൊരു സിനിമ ശക്തമായ പ്രമേയവുമായി വരുന്നത്.  ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് മീറ്റിന്റെ അവസാന ദിവസം നടന്ന ഉള്ളുലച്ച ആ സംഭവം ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ നിന്നാണ് ദേവിക  തന്റെ വഴിയിലേക്ക് ഇറങ്ങുന്നതും ഉള്ളുറപ്പ് മാത്രം കൈമുതലാക്കി  തന്റെ എതിരാളികളെ നേരിടുന്നതും.

തന്റെ ജീവിതം മാറ്റിയവരെ തേടി ടീച്ചറെത്തുന്നത് കൊച്ചിയിലാണ്. പരിചിതനാടുകളായ ചവറയിലേയും മണ്‍റോതുരുത്തിലേയും ശാന്തമായ ജീവിതത്തില്‍ നിന്നും തന്റെ എതിരാളികളേയും തേടി കൊച്ചിയിലെത്തുമ്പോള്‍ അതു വേറൊരു ലോകമായി ടീച്ചര്‍ തിരിച്ചറിയുന്നുണ്ട്. പക്ഷേ, കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞു തന്നെയാണ് ദേവിക കൊച്ചിയിലേക്ക് വരുന്നത്. ദേവികയെ കൊച്ചിയില്‍ സഹായിക്കാന്‍ ഭര്‍തൃമാതാവ് കല്ല്യാണി, മണി എന്ന സഹായിയെ ഏര്‍പ്പാടാക്കുന്നുണ്ട്. 

The Teacher malayalam movie
ദ ടീച്ചര്‍ സിനിമ ട്രൈലര്‍  

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവരുന്ന അമല പോള്‍ അഭിനയത്തില്‍ കൂടുതല്‍ പക്വതയാര്‍ജിക്കുന്നതായി ദേവിക തെളിയിക്കുന്നുണ്ട്. കഥാപാത്രത്തെ അതിന്റെ ഉള്ളറിഞ്ഞ് ചെയ്യാന്‍ അമല പോളിനായി. സംത്രാസവും ഭീതിയും ആകുലതകളും തീവ്രമായി ആവിഷ്‌കരിക്കുന്ന ഊര്‍ജസ്വലയായ പെര്‍ഫോര്‍മറെയാണ് അമല ചിത്രത്തില്‍ കാഴ്ചവെക്കുന്നത്. ഹക്കിം ഷാജഹാനും തന്റെ റോള്‍ ഭംഗിയാക്കി. ഹക്കീം ഷാജഹാന് നായക വേഷം നല്കിയതിലൂടെ ഉചിതമായ കാസ്റ്റിംഗ് ആണ് സംവിധായകന്‍ വിവേക് നടത്തിയിരിക്കുന്നത്. പതിവ് നായകന്മാരുടെ ഭൂതകാലഭാരമില്ലാതെ പ്രേക്ഷകര്‍ക്ക്‌ ഹക്കീമിന്റെ സുജിത്തിനെ ഉള്‍ക്കൊള്ളാനാവും.

സാധാരണ ഒരു ജീവിതകഥ പറയുന്നിടത്ത് അസാധാരണ നായകന്മാരാരും ഇല്ലാതിരുന്നത് കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സഹായിക്കുന്നുണ്ട്. സാധാരണ മലയാളിയുടെ എല്ലാ സ്വഭാവ വിശേഷങ്ങളുമുള്ള സഹപ്രവര്‍ത്തകനും സുഹൃത്തുമായ കെവിന്‍ പ്രശാന്ത് മുരളിയില്‍ ഭദ്രമായി. മണി എന്ന ചെമ്പന്‍ വിനോദ് അവതരിപ്പിച്ച കഥാപാത്രം ഒരു ആണ്‍ പ്രാതിനിധ്യത്തിന്റെ അനിവാര്യത റിവഞ്ചില്‍ ഉറപ്പുവരുത്താന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന തോന്നലാണുണ്ടാക്കുന്നത്. ബാറ്റണ്‍ കല്യാണി എന്ന കഥാപാത്രമായി മഞ്ജു പിള്ളയും ആളുകളുടെ കയ്യടി നേടും. അനുമോള്‍, വിനീത കോശി, സെന്തില്‍ കൃഷ്ണ, നന്ദ, ദിനേശ് പ്രഭാകര്‍, ഐ.എം. വിജയന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. 

പുതുമ നിലനിര്‍ത്തുന്ന ഫ്രെയിമുകളാണ് സംവിധായകന്‍ വിവേക് ഒരുക്കിയിരിക്കുന്നത്.അതിരനു ശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടീച്ചര്‍. പി.വി. ഷാജി കുമാറാണ്  തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. നല്ല ഒഴുക്കുണ്ട് തിരക്കഥയ്ക്ക്. ഡോണ്‍ വിന്‍സന്റിന്റേതാണ് സംഗീതം. മികച്ചതായി പാട്ടുകള്‍. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടേതാണ്  വരികള്‍. ജാസി ഗിഫ്റ്റ് ഉള്‍പ്പെടെയുള്ളവരാണ് ഗായകര്‍. ദേവിക എന്ന കഥാപാത്രത്തിന്റെ ജീവിത സന്ദര്‍ഭങ്ങളെ ഒപ്പിയെടുത്തത് അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം. മനോജാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

  • Tags
  • #V.K Babu
  • #The Teacher
  • #Amala Paul
  • # Malayalam film
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
thankam

റിന്റുജ ജോണ്‍

തങ്കം: ജീവിത യാഥാർഥ്യങ്ങളിലൂടെ വേറിട്ട ഒരു ഇൻവെസ്​റ്റിഗേഷൻ

Jan 28, 2023

04.56

Nanpakal Nerathu Mayakkam

Film Review

ഇ.വി. പ്രകാശ്​

കെ.ജി. ജോർജിന്റെ നവഭാവുകത്വത്തുടർച്ചയല്ല ലിജോ

Jan 21, 2023

3 Minutes Read

asokan cheruvil

Interview

അശോകന്‍ ചരുവില്‍

അടൂർ, ശങ്കർ മോഹനെ ന്യായീകരിക്കുമെന്ന്​ പ്രതീക്ഷിച്ചില്ല: അശോകൻ ചരുവിൽ

Jan 17, 2023

3 Minute Read

Nanpakal Nerathe Mayakkam

Film Review

നിയാസ് ഇസ്മായിൽ

‘നൻപകലി’ലെ LJP എന്ന ബ്രാൻഡും മമ്മൂട്ടി എന്ന കമ്പനിയും

Jan 07, 2023

4 Minutes Read

My neighbour Adolf

Film Review

വി.കെ. ബാബു

അഡോള്‍ഫ് ഹിറ്റ്‌ലര്‍ അയല്‍വാസിയായി എത്തുമ്പോള്‍...

Jan 07, 2023

8 minutes read

documentary

Kerala State Film Awards

രാംദാസ് കടവല്ലൂര്‍

നോണ്‍ ഫിക്ഷന്‍/ഡോക്യുമെന്ററി സിനിമകള്‍ കൂടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്ക് പരിഗണിക്കണം

Jan 06, 2023

6 Minutes Read

Beeyar PRasad

Obituary

മധുപാൽ

ബീയാറിന്റെ സ്വപ്നങ്ങളില്‍ നിന്ന് ഇനിയും സിനിമകള്‍ ഉണ്ടാകും, അത് കാണാന്‍ അയാള്‍ വരും

Jan 05, 2023

5 Minutes Read

jolly

OPENER 2023

ജോളി ചിറയത്ത്

ആഗ്രഹിച്ച കഥാപാത്രങ്ങളാകാൻ കഴിഞ്ഞ വർഷം

Jan 02, 2023

4 Minutes Read

Next Article

ഞങ്ങള്‍ കൊള്ളുന്ന അടി അവര്‍ക്ക് വാര്‍ത്തയല്ല, ഇടതുവിരുദ്ധതയാണ് മാധ്യമങ്ങളുടെ മാര്‍ക്കറ്റ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster