‘‘എന്റെ പ്രധാന ഇടം കേരളം തന്നെയായിരിക്കണം എന്നെനിക്ക് നിര്‍ബ്ബന്ധമാണ്. ശക്തമായ ഒരു സ്ത്രീനാടകഗ്രൂപ്പ് കേരളത്തിലുണ്ടാവണം. പക്ഷേ, കേരളത്തില്‍ വന്നു നിന്നപ്പോള്‍ ജീവിക്കാന്‍ നാടകം എന്നെ ഒട്ടും സഹായിച്ചില്ല. നിലനില്‍പ്പ് പ്രശ്നത്തിലാകാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും 'ഫുട്സ്ബാന്‍' തിയേറ്ററിലേക്ക് തന്നെ പോയത്." മലയാള നാടക രംഗത്തെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ശ്രീലത എസുമായി സി.എസ്. ചന്ദ്രിക നടത്തിയ അഭിമുഖം.
17 Mar 2023, 10:00 AM
സി.എസ്. ചന്ദ്രിക: ശ്രീലത നാടകാഭിനയ ജീവിതം തുടങ്ങുന്നത് എങ്ങനെയായിരുന്നു?
ശ്രീലത എസ്: എന്റെ അമ്മ നര്‍ത്തകിയാണ്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അഭിനയത്തിലായിരുന്നു എനിക്ക് ശ്രദ്ധ. സിനിമയിലെ ഷീലയും ശാരദയുമായിരുന്നു അന്നത്തെ എന്റെ നടിമാര്‍. നാടകനടിയായ മണക്കാട് ഉഷ അയല്‍വാസിയായിരുന്നു. അവര്‍ ഡയലോഗ് പഠിക്കുന്നത് കേള്‍ക്കാന്‍ അവരുടെ വീട്ടില്‍ ചെന്നിരിക്കും. 1968 -ല്‍ കുടുംബാസൂത്രണത്തെക്കുറിച്ച് പ്രചാരണം നടക്കുന്ന കാലം. അന്ന് നാടകവും പ്രചാരണത്തിനുപയോഗിച്ചിരുന്നു. അന്ന് ഞാന്‍ നാലു വയസ്സുള്ള കുട്ടിയായിരുന്നു. അവരോടൊപ്പം കേരളം മുഴുവന്‍ അതു കളിച്ചു. അന്ന് എനിക്ക് മിഠായി വാങ്ങാന്‍ തന്ന 25 രൂപയാണ് നാടകാഭിനയത്തിനുള്ള എന്റെ ആദ്യത്തെ പ്രതിഫലം.
പിന്നീട് ഗൗരവപൂര്‍വ്വം നാടകാഭിനയ രംഗത്തേക്ക് വരുന്നതിന്റെ പശ്ചാത്തലം എന്താണ്?
അഭിനയം ഒരു ഹരം പോലെ എന്റെ ഉളളില്‍ കിടക്കുകയായിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് മൂന്നു സിനിമകളില്‍ അഭിനയിച്ചു. "പൂജക്കെടുക്കാത്ത പൂക്കള്‍', "കലിക', ഭരതന്റെ "ചാട്ട'. ആകാശവാണിയില്‍ പോകുമായിരുന്നു. പിന്നീട് നാടകത്തില്‍ അഭിനയിക്കുന്നത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍, 19-ാമത്തെ വയസ്സില്‍ ടി.എന്‍. ഗോപിനാഥന്‍നായരുടെ "സായംസന്ധ്യ'യിലാണ്. അതിനു ശേഷം വയലാര്‍ സാറിന്റെ "അഗ്‌നി ' എന്ന നാടകത്തില്‍ അഭിനയിച്ചു. ശങ്കരപ്പിള്ള സര്‍ നേതൃത്വം കൊടുത്ത "സുവര്‍ണ്ണരേഖ' തിയേറ്റേഴ്സില്‍ പ്രവര്‍ത്തിച്ചു. ഈ സമയത്താണ് "കള്‍ട്ടി 'ന്റെ വര്‍ക്ക്ഷോപ്പ് തിരുവനന്തപുരത്തു നടക്കുന്നത്. അതില്‍ മായാ തോംങ്ബര്‍ഗ് ചെയ്ത നാടകം കണ്ടു. സന്ധ്യ രാജേന്ദ്രന്‍ ഈ നാടകത്തില്‍ അഭിനയിച്ചിരുന്നു. എനിക്ക് നാടകം പഠിക്കണമെന്ന് പി. കെ. വേണുക്കുട്ടന്‍നായരോട് പറഞ്ഞു. വീട്ടില്‍ ചെറിയ വിഷമം. പക്ഷേ പട്ടിണിയായാലും നാടകം ചെയ്തുതന്നെ ജീവിക്കണം എന്നായിരുന്നു ആ സമയത്ത് എന്റെ ആഗ്രഹം. അങ്ങനെ 1984 ല്‍ ഡ്രാമാ സ്‌കൂളില്‍ ചേര്‍ന്നു.

ഡ്രാമാസ്‌കൂളിലെ ക്ലാസുകള്‍ അതുവരെയുണ്ടായിരുന്ന അഭിനയ ചിന്തകളേയും നാടകസങ്കല്പങ്ങളേയും എങ്ങനെയാണ് മാറ്റിയത്?
എനിക്ക് വല്ലാത്ത സങ്കോചമുണ്ടായിരുന്നു. ഒരു പരിധി കഴിഞ്ഞ് എന്റെ കയ്യും കാലും ഒന്നും പൊങ്ങില്ലായിരുന്നു. ശാരീരിക- മാനസിക സങ്കോചങ്ങളെ മറികടക്കാന്‍ അവിടുത്തെ വ്യായാമമുറകള്‍ സഹായിച്ചു. ലോകത്തിലെ പല നാടകപ്രവര്‍ത്തകരും അവിടെ വന്നിരുന്നു. അലക്നന്ദ വന്നിട്ട് ഷേക്സ്പിയറിന്റെ "കൊറിയോലെനസ്' ചെയ്യുമ്പോള്‍ അതില്‍ ഞാനായിരുന്നു അമ്മ. റണ്‍ത്രൂ നടക്കുകയായിരുന്നു. എന്റെ പാവാട അഴിഞ്ഞുതുടങ്ങി. അലക്നന്ദ എന്റെ പാവാട അഴിച്ചു കളഞ്ഞു. ‘ബാഹ്യമായ ഒന്നിലും നമ്മള്‍ കുടുങ്ങിപ്പോവരുത്. നഗ്‌നമായിട്ടു വേണം നമ്മള്‍ സ്റ്റേജില്‍ നില്‍ക്കാന്‍' എന്നു പറഞ്ഞു. വല്ലാത്ത അനുഭവമായിരുന്നു അത്. പിന്നെ കഥാപാത്രത്തെ മനസ്സിലാക്കാനും മറ്റും തിയറി പഠനവും സഹായിച്ചു.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പെണ്‍കുട്ടികള്‍ ഒന്നോ രണ്ടോ പേരാണ് ഉണ്ടാവുക. പെണ്‍കുട്ടികള്‍ വലിയ ന്യൂനപക്ഷമാകുന്ന ആ അന്തരീക്ഷം എങ്ങനെയാണ് അനുഭവപ്പെട്ടത്?
ഞാന്‍ പഠിക്കുന്ന സമയത്ത് നാലു പെണ്‍കുട്ടികളാണുണ്ടായിരുന്നത്. എനിക്ക് ഡയറക്ഷന്‍ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ സ്ത്രീകള്‍ ആക്ടിംഗ് എടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെടും. കാരണം ഞങ്ങള്‍ ഡയറക്ഷന്‍ മുഖ്യമായി എടുത്താല്‍ അഭിനയിക്കാന്‍ ആളുണ്ടാവില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പെണ്‍കുട്ടികള്‍ വരാത്തതാണ് കാരണം.

എന്തുകൊണ്ടാണത്?
നാടകം പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്ന സമൂഹത്തിലെ ധാരണ ഇപ്പോഴും പ്രബലമായതാണ് ഒരു കാരണം. മറ്റൊന്ന്, സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അന്തരീക്ഷം വളരെ സ്ത്രീവിരുദ്ധമാണ്. ആണ്‍കുട്ടികള്‍ മദ്യപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നു. അതിനുള്ളില്‍ പെണ്‍കുട്ടികള്‍ വല്ലാത്ത മാനസികപീഡനം നേരിടേണ്ടി വരുന്നുണ്ട്. മാത്രവുമല്ല, സ്‌കൂളിന്റെ ആകെ പ്രക്രിയകളിലും ഘടനയിലും ജെന്റര്‍ സമീപനമില്ല. വ്യായാമമുറകളില്‍പ്പോലും ഈ പ്രശ്നമുണ്ട്.
ശ്രീലത വ്യക്തിപരമായി എങ്ങനെയാണ് ഈ പ്രശ്നങ്ങളെ അതിജീവിച്ചത്?
എനിക്ക് വീണുകിട്ടിയ ഫെമിനിസ്റ്റ് എന്ന ലേബല്‍ വലിയ തുണയായിട്ടുണ്ട്. എന്റെ ഡിസര്‍ട്ടേഷന്റെ വിഷയം "ഫെമിനിസ്റ്റ് തിയേറ്ററിന്റെ പ്രസക്തി കേരളത്തില്‍' എന്നതായിരുന്നു. ഈ സമയത്ത് സാറ ടീച്ചറുടെ പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തുടങ്ങി. സാറ ടീച്ചറുടെ തെരുവുനാടക പ്രവര്‍ത്തനങ്ങള്‍ ആ സമയത്ത് തൃശൂരില്‍ നടക്കുന്നുണ്ടായിരുന്നു. ഫെമിനിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഒത്തിരി വായിച്ചു. സാറ ടീച്ചറെ ഇന്റര്‍വ്യൂ ചെയ്തു. സ്ത്രീകളുടെ യാഥാര്‍ത്ഥ്യവും അതിനെ ചോദ്യം ചെയ്യുമ്പോഴുള്ള പ്രത്യാഘാതങ്ങളും ശരിയായി മനസ്സിലായി. ഡിസര്‍ട്ടേഷന്‍ എനിക്കൊരു വലിയ ഷിഫ്റ്റ് ആയിരുന്നു.

സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദമെടുത്ത് പുറത്തുവരുമ്പോഴുള്ള പ്രതീക്ഷകള്‍ എന്തായിരുന്നു? തുടര്‍ന്നുള്ള നാടകജീവിതം എന്തായിരുന്നു?
സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് വീട്ടിലെത്തി. "നിയോഗം', "അഭിനയ' തുടങ്ങിയ അമേച്വര്‍ നാടകസംഘങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പക്ഷേ നാടകം കൊണ്ട് ജീവിക്കാന്‍ പറ്റില്ല എന്നു തിരിച്ചറിഞ്ഞു. വീട്ടില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ എന്റെ ആവശ്യങ്ങള്‍ക്ക് കാശില്ല. യാത്രക്ക് പോലും. മാത്രമല്ല, ഞാന്‍ നാടകത്തിനു പോകുന്നത് അമ്മയ്ക്ക് വേദനയുണ്ടാക്കിയിരുന്നു. "എന്താണീ രാത്രിയില്. വേറെ ജോലിയില്ലേ നിനക്ക്?' എന്ന് ചോദിച്ച് സഹോദരന്റെ നിയന്ത്രണവുമുണ്ടായിരുന്നു. ഞാന്‍ കുന്തിയായിട്ടും ജൂലിയറ്റായിട്ടുമൊക്കെ അഭിനയിച്ചിട്ടാണ് വരുന്നത്. പക്ഷേ നാട്ടുകാര്‍ മറ്റു വിധത്തില്‍ പറഞ്ഞു കൊണ്ടിരുന്നു. ഈ സംസാരങ്ങള്‍ അമ്മക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അച്ഛനും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാടകമാണ് എന്റെ എക്സ്പ്രഷന്‍ എന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. വല്ലാത്ത വേദനയായിരുന്നു ഈ ഘട്ടത്തില്‍. എന്നാല്‍ അഭിനയം സംബന്ധിച്ച കാര്യങ്ങളില്‍ ഞാന്‍ സ്വയം തീരുമാനമെടുക്കുക തന്നെ ചെയ്തു.

നാടകത്തില്‍ നിന്ന് വരുമാനമൊന്നുമില്ല എന്നതും വീട്ടില്‍ നിന്നുള്ള എതിര്‍പ്പിനെ ശക്തിപ്പെടുത്തുന്ന കാരണമല്ലേ?
ശരിയാണ്. കാശിനു വേണ്ടി ഞാന്‍ പ്രൊഫഷനല്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. "വയലാര്‍ നാടകവേദി'യില്‍ നാലുമാസം അഭിനയിച്ചു.
അമേച്വര്‍/പ്രൊഫഷണല്‍ നാടകരംഗത്തെ വ്യത്യാസങ്ങളെ എങ്ങനെയാണ് മനസ്സിലാക്കിയത്? പ്രൊഫഷണല്‍ നാടകരംഗത്ത് സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണ്?
പ്രൊഫഷനല്‍ നാടകത്തില്‍ ഡയലോഗ് കാണാതെ പഠിച്ച് മ്യൂസിക്കിന് അനുസരിച്ച് വെറുതെ പറഞ്ഞാല്‍ മതി. ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയിക്കേണ്ടതില്ല. ഈ രംഗത്ത് സ്ത്രീകളുടെ അവസ്ഥ വളരെ പ്രശ്നങ്ങള്‍ നിറഞ്ഞതാണ്. നടികളോടുള്ള സമീപനം വളരെ വൃത്തികെട്ട രീതിയിലാണ്. കന്നാലിപ്പറ്റങ്ങളെ മേച്ചുകൊണ്ടുപോകുന്നതു പോലെ ഏതെങ്കിലും വീട്ടില്‍ കൊണ്ടുവന്നിടും. വണ്ടിയില്‍ നിന്ന് "പെണ്ണുങ്ങളൊക്കെ ഇറങ്ങ്' എന്നാണ് പറയുക. കൊണ്ടാക്കിയ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ അവകാശമില്ല. നാട്ടുകാര്‍ എന്തെങ്കിലും പറയുമോ എന്ന പേടിയാണ്. "എടാ നല്ല ചരക്കാണല്ലോ' എന്ന കമന്റുകള്‍ കേള്‍ക്കും. നമുക്ക് പ്രതികരിക്കാന്‍ പറ്റില്ല. കേള്‍ക്കണമെന്നാണ് വിധി. സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ പലതരം അശ്ലീല കമന്റുകള്‍ കേള്‍ക്കാം. ഡ്രസിംഗ് റൂമാണെങ്കില്‍ ഓലകൊണ്ടോ തുണികൊണ്ടോ മറച്ചതായിരിക്കും. വസ്ത്രം മാറാന്‍ പോലും ബുദ്ധിമുട്ടാണ്. ഓല പൊളിച്ച് നോക്കുന്ന കണ്ണുകള്‍ ഓലയുടെ ഇടയിലൂടെ കാണാമായിരുന്നു. ഒരിക്കല്‍ ഒരു നടി മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. അപ്പോള്‍ രണ്ടുപേര്‍ സ്ത്രീകള്‍ ഡ്രസ്സ് മാറുന്നതു നോക്കി നില്‍ക്കുകയായിരുന്നു മൂത്രമൊഴിച്ച് എഴുന്നേല്‍ക്കുമ്പോള്‍ ഇവരുടെ മാറില്‍ കയറിപ്പിടിച്ചു. സ്റ്റേജില്‍ അഭിനയിക്കുമ്പോള്‍ ഇവര്‍ ഈ നടിയെ നോക്കി സ്റ്റേജിനു മുന്നില്‍ നിന്ന് ചിരിക്കുകയായിരുന്നു. നമ്മുടെ അടുത്തേക്ക് ആരെങ്കിലും കയറി വന്നാല്‍ "ഇറങ്ങെടാ വെളിയില്‍' എന്നു പറയാന്‍ സ്വാതന്ത്ര്യമില്ല. നമ്മളെ അല്പം പോലും ബഹുമാനിക്കാത്ത ആളുകള്‍ക്കു മുമ്പില്‍ അഭിനയിക്കാന്‍ പറ്റാത്ത അവസ്ഥയായി എനിക്ക്. ഞാന്‍ വരുമാനത്തിനു വേണ്ടി മാത്രം, സാമ്പത്തികബുദ്ധിമുട്ടുകൊണ്ടു മാത്രം പോയതാണ്. പലരും ആദ്യം നാടകത്തില്‍ വരുന്നത് പണത്തിനു വേണ്ടിയാണെങ്കിലും പാടാനും അഭിനയിക്കാനുമുള്ള ആഗ്രഹം അവരെ നാടകത്തില്‍ പിടിച്ചു നിര്‍ത്തുന്നതാണ്.
നാടകം അഭിനയിച്ചാല്‍ വരുമാനമില്ലാത്ത സ്ഥിതിയല്ലേ ഇപ്പോഴും? പലരും ഉപജീവനത്തിനു വേണ്ടി നാടകമുപേക്ഷിച്ച് ടെലിവിഷന്‍ സീരിയലിലേക്ക് പോവുകയാണ്.
ഞാനും ഇത്തരം ഘട്ടത്തില്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി. വരുമാനമുണ്ടായി. അത് സന്തോഷമുണ്ടാക്കിയിട്ടുണ്ട്. ടി.വിയില്‍ അഭിനയിച്ചുതുടങ്ങിയപ്പോള്‍ കുറച്ചൊക്കെ ആളുകളുടെ മനോഭാവം മാറാന്‍ തുടങ്ങി. കുറച്ചു പേരുടെയെങ്കിലും നല്ല പ്രതികരണം കിട്ടാന്‍ തുടങ്ങി. പക്ഷേ നാടകത്തിന്റേയും സീരിയലിന്റേയും വ്യത്യാസം എനിക്ക് ബോധ്യപ്പെട്ടു. മടുക്കാന്‍ തുടങ്ങി. തൃപ്തിയില്ലായ്മയില്‍ മനം മടുത്തു തുടങ്ങിയിരുന്നു.
ഈ സമയത്തും അമേച്വര്‍ നാടകപ്രവര്‍ത്തനം ഉണ്ടായിരുന്നില്ലേ?
രഘൂത്തമന്‍ നേതൃത്വം കൊടുക്കുന്ന "അഭിനയ'യില്‍ ഞാന്‍ തുടക്കം മുതല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യത്തെ യോഗം മുതല്‍ ഞാന്‍ ഉണ്ട്. അഭിനയക്ക് ഷെഡ് പണിയുമ്പോള്‍ ഇഷ്ടിക എടുത്തുകൊടുക്കുന്ന പണി വരെ ചെയ്തിട്ടുണ്ട്. ടി.വിയിലെ അഭിനയത്തില്‍ നിന്ന് വരുമാനമുണ്ടായിരുന്നതുകൊണ്ട് കയ്യില്‍ നിന്ന് പണം മുടക്കിയിട്ടാണ് ഈ നാടകപ്രവര്‍ത്തനം.
അമേച്വര്‍ നാടകസംഘങ്ങളിലും സ്ത്രീകള്‍ക്ക് വളരെ കുറഞ്ഞ ഇടം തന്നെയല്ലേ കേരളത്തിലുള്ളത്?
ഇവിടെയുള്ള ഇടത്തുപോലും സ്ത്രീകള്‍ക്ക് തുടര്‍ന്നു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അത് മറ്റൊരു തരത്തിലാണ് ഞാന്‍ നേരിട്ടത്. ഞാന്‍ "അഭിനയ' വിടുന്നത് അത്തരമൊരു സംഭവവുമായി ബന്ധപ്പെട്ടാണ്. അഭിനയയിലെ അജയന്‍ എഴുതി സംവിധാനം ചെയ്യുന്ന "ഒരു പൈങ്കിളിക്കഥ' സംഗീത നാടക അക്കാദമിയുടെ മത്സരത്തിനു വേണ്ടി "അഭിനയ' ചെയ്യുകയാണ് (ഈ നാടകം അക്കൊല്ലത്തെ ഏറ്റവും നല്ല നാടകത്തിനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടുകയുണ്ടായി). അതില്‍ രാജ്ഞിയായിട്ടായിരുന്നു എന്റെ കഥാപാത്രം. അതിലെ ഡയലോഗുകള്‍ പറയാന്‍ എത്ര ശ്രമിച്ചിട്ടും എന്റെ നാവു വഴങ്ങുന്നില്ല. ""രാജാവേ, ഞാനങ്ങയുടെ കാലു കഴുകി...'' എന്നു തുടങ്ങി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളാണ്. എനിക്കു നാടകം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞു. ""അങ്ങനെയാണെങ്കില്‍ ടി.വി സീരിയല്‍ ചെയ്യുന്നതോ'' എന്നവര്‍ തിരിച്ചു ചോദിച്ചു. എന്തുകൊണ്ടാണ് ഞാനിങ്ങനെ പറയുന്നതെന്ന് അവര്‍ക്ക് മനസ്സിലാവുകയോ ബോധ്യപ്പെടുകയോ ചെയ്തോ എന്നറിഞ്ഞുകൂടാ. എന്തായാലും അവര്‍ സമ്മതിച്ചു. "അഭിനയ'യില്‍ പിന്നീട് ഞാന്‍ നാടകം ചെയ്തിട്ടില്ല. ഞാന്‍ നാടകം ചെയ്യുന്നത് പൂര്‍ണ്ണമായ ഇന്‍വോള്‍വ്മെന്റോടു കൂടിയാണ്. ഇവിടെ ഒരുവിധം എല്ലാ ഗ്രൂപ്പിന്റെ കൂടെയും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഇവരില്‍ ജെന്റര്‍ ഇഷ്യൂസ് തിരിച്ചറിയുന്നവര്‍ ഇല്ല.

കൂത്താട്ടുകുളത്ത് വെച്ച് കേരളത്തിലാദ്യമായി നടന്ന സ്ത്രീനാടകക്യാമ്പ്, നാടകവേദിയില്‍ സ്ത്രീകളുടെ ഭാഗത്തു നിന്നുളള സവിശേഷമായ ഇടപെടലും പരീക്ഷണങ്ങളും നടത്താന്‍ ശ്രീലതയെ എത്രമാത്രം സഹായിച്ചിട്ടുണ്ട്?
കൂത്താട്ടുകുളത്തെ സ്ത്രീനാടകക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ എന്റെ ഡിസര്‍ട്ടേഷന്‍ കുറേക്കൂടി പ്രായോഗികതലത്തിലേക്ക് വരുന്നു എന്നു തോന്നി. ആ ക്യാമ്പ് ഒരു വഴിത്തിരിവായിരുന്നു. ആ ക്യാമ്പില്‍ സജിതയും സുധിയും ഉണ്ടായിരുന്നു. സജിതയെ അവിടെ വെച്ചാണ് പരിചയപ്പെടുന്നത്. പിന്നീട്, ക്യാമ്പ് കഴിഞ്ഞതിനുശേഷം "നമുക്കൊരു നാടകം ചെയ്യാം' എന്ന തീരുമാനത്തില്‍ ഞങ്ങളെത്തുന്നു.
ആദ്യമായി സ്ത്രീകള്‍ മാത്രമായി നാടകം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ എന്തായിരുന്നു പ്രതീക്ഷകള്‍?
എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹമായിരുന്നു. പക്ഷേ ചെയ്യാന്‍ പറ്റിയ ഒരു സ്‌ക്രിപ്റ്റുമില്ലായിരുന്നു. ഒടുവില്‍ ജി. ശങ്കരപ്പിള്ളയുടെ "ഏതോ ചിറകടിയൊച്ചകള്‍', "പോറ്റമ്മ' എന്നീ രണ്ട് നാടകങ്ങളുമെടുത്തു. സ്‌ക്രിപ്റ്റ് വലിയ പ്രശ്നമായിരുന്നു. ഒരേ സമയം സ്വാതന്ത്ര്യബോധവും അതേസമയം പുരുഷന്റെ മൂല്യബോധവും അതിലുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതില്‍ നിന്ന് പുതിയൊരു രംഗപാഠം തീര്‍ത്തു. പിന്നെ ഞങ്ങള്‍ക്കുണ്ടായിരുന്നത് സ്വതന്ത്രമായ ശരീരവും ശബ്ദവുമായിരുന്നു. ഞങ്ങള്‍ ഓരോ കാര്യവും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ആദ്യമായിരുന്നു അത്തരമൊരനുഭവം. സ്നേഹത്തെപ്പറ്റിയായലും മറ്റെന്തു വിഷയമായാലും തുറന്ന ചര്‍ച്ചയും പരീക്ഷണവും ആവേശവുമായിരുന്നു. പാര്‍വ്വതിയും (ആര്‍. പാര്‍വ്വതീദേവി) ഞങ്ങളെ സഹായിച്ചിരുന്നു.
"ഏതോ ചിറകടിയൊച്ചകള്‍' എന്ന നിങ്ങളുടെ നാടകത്തിലാണ് മലയാളനാടകവേദിയില്‍ ആദ്യമായി സ്ത്രീകളുടേതായ ഒരു ശരീരഭാഷ കണ്ടെത്താനുള്ള ഗൗരവപൂര്‍ണമായ ശ്രമം നടന്നിട്ടുള്ളത്. അത്തരം പരീക്ഷണം നടത്തുമ്പോഴുണ്ടായ അനുഭവങ്ങള്‍ എത്രമാത്രം സംഘര്‍ഷാത്മകമായിരുന്നു?
‘ഏതോ ചിറകടിയൊച്ചകള്‍’ ഞാന്‍ മുമ്പു ചെയ്തിട്ടുണ്ട്. കണ്ണൂരിലെ ഒരു ക്യാമ്പില്‍. അന്ന് വത്സന്‍ എന്ന സംവിധായകനാണ് സംവിധാനം ചെയ്തത്. ഇവിടെ ഞങ്ങള്‍ റിഹേഴ്സല്‍ ചെയ്തു തുടങ്ങിയപ്പോള്‍ എന്തു ചെയ്താലും പഴയതു തന്നെ വരുന്നു. ശരീരം കണ്ടീഷന്‍ഡ് ആയിപ്പോയി. നാടകത്തില്‍ കുന്തിയും സൂര്യനും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ സീന്‍ ഉണ്ട്. കണ്ണൂരിലെ ക്യാമ്പില്‍ അന്ന് ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് അറപ്പ് തോന്നിയിരുന്നു. ഒരു വടിയില്‍ സൂര്യന്റെ മാസ്‌ക് വെച്ചിട്ട്... സംവിധായകന്‍ പറഞ്ഞതു പോലെയൊക്കെ എനിക്ക് അഭിനയിക്കേണ്ടി വന്നു. സ്ത്രീയുടെ പ്രണയത്തെക്കുറിച്ചും സെക്സിനെക്കുറിച്ചും ഒരു പുരുഷന്റെ കാഴ്ചപ്പാടിലായിരുന്നു അത്. ഇവിടെ ഈ സീന്‍ വന്നപ്പോള്‍ ഞാന്‍ വല്ലാതെ അതേക്കുറിച്ച് ആലോചിച്ചു. പിന്നീട് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എപ്പോഴും ചര്‍ച്ച തന്നെ. ഞങ്ങളുടെ സുഹൃത്തുക്കളായ പുരുഷന്‍മാരൊക്കെ വിചാരിച്ചു ഞങ്ങള്‍ ഒന്നും ചെയ്യില്ല എന്ന്. പുരുഷന്‍മാരെ ആരേയും അകത്ത് കയറ്റിയില്ല. സ്വന്തം പ്രണയം എല്ലാവരും പങ്കിട്ടു. ഞങ്ങള്‍ വ്യക്തിപരമായ എല്ലാം പങ്കിട്ടു. അതൊക്കെ ഇംപ്രൊവൈസ് ചെയ്ത് നോക്കും. ജീവിതത്തിലെ ഓരോരോ സംഭവങ്ങളുമെടുത്ത് ഇംപ്രൊവൈസ് ചെയ്തു നോക്കും. ഒടുവില്‍ ലവ് മെയ്ക്കിംഗ് മാത്രമെടുത്ത് ഇംപ്രൊവൈസ് ചെയ്തു തുടങ്ങി. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് ഈ രംഗം ചെയ്യാനായിരുന്നു. പലപ്പോഴും പഴയ അഭിനയരീതികള്‍ അറിയാതെ കടന്നുവരുമായിരുന്നു. ഒടുവില്‍ ശരീരഭാഷ എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ എല്ലാം തല തിരിച്ചിടണം എന്നു തോന്നി. വ്യായാമങ്ങളുടെ ചില പരീക്ഷണങ്ങള്‍ വെറുതെ ചെയ്തു നോക്കി. നാടകത്തില്‍ കുന്തിക്ക് ചെറിയ പ്രായമാണ്. കാലു കറക്കുന്ന ഒരു വ്യായാമം ചെയ്തു നോക്കി. നാടകത്തില്‍ ഞങ്ങള്‍ക്ക് ആവശ്യമായ ഒരു ശരീരഭാഷ കണ്ടെത്താന്‍ ശ്രമം നടത്തുകയായിരുന്നു. നാടകം ചെയ്യുമ്പോള്‍ വല്ലാത്ത വാശിയായിരുന്നു.

തീര്‍ച്ചയായും മലയാളനാടകവേദിയില്‍ പുതിയൊരനുഭവമായിരുന്നു "ഏതോ ചിറകടിയൊച്ചകള്‍'. നിങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് "അഭിനേത്രി' എന്ന സ്ത്രീനാടകസംഘം രൂപീകരിക്കുമ്പോള്‍ എന്തായിരുന്നു സ്ത്രീനാടകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ഞങ്ങള്‍ മൂന്നു പേരും നാടകം പഠിച്ചവരാണ്. നാടകം ഗൗരവമായി ചെയ്യണം എന്ന് അറിഞ്ഞുകൊണ്ടുള്ള ശ്രമമായതുകൊണ്ട് പ്രചാരണാംശം ഇതില്‍ ഉണ്ടായിരുന്നില്ല. ഇതുതന്നെയായിരുന്നു സ്ത്രീനാടകവേദിയെക്കുറിച്ചുള്ള ഞങ്ങളുടെ പ്രധാന കാഴ്ചപ്പാട്. പ്രൊഫഷനലുകളുടെ സാങ്കേതികസഹായം ഈ നാടകത്തിനു വേണ്ടി ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. പിന്നൊന്ന് സ്ത്രീയുടെ ശരീരഭാഷ കണ്ടെത്തുക എന്നതായിരുന്നു. "അഭിനേത്രി'യുടെ "ഏതോ ചിറകടിയൊച്ചകള്‍' അവതരിപ്പിക്കുന്നതു വരെ സ്ത്രീയുടെ ശരീരം മുഴുവനായും കറങ്ങുന്ന അനുഭവം അതുവരെ മലയാളനാടകവേദി കണ്ടിട്ടില്ല. അങ്ങനെ ഒരു കട്ടയെങ്കിലും ഇളക്കണമെന്നുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് കഴിഞ്ഞു. സ്ത്രീയുടെ സാന്നിധ്യം ആ നാടകത്തിലുണ്ടായിരുന്നു. മലയാളനാടകവേദിയില്‍ ആ കാഴ്ച ഒരു പുതുമയായിരുന്നു. മലയാളനാടകവേദിയില്‍ സ്ത്രീകളുടെ യഥാര്‍ത്ഥ സാന്നിധ്യം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഈ നാടകത്തോടുള്ള മലയാള നാടകലോകത്തിന്റെ പ്രതികരണം എന്തായിരുന്നു?
""അടുത്ത കാലത്തൊന്നും ഇത്ര നല്ല നാടകം കണ്ടിട്ടില്ല. ഇരുന്നു കാണണം എന്ന ചിന്തയുണ്ടായത് ഈ നാടകം കണ്ടപ്പോഴാണ് '' എന്നാണ് നാടകം കണ്ട അയ്യപ്പപണിക്കര്‍ സാറും കാവാലവുമൊക്കെ പ്രതികരിച്ചത്. പക്ഷേ കേരളത്തിലെ ഫെമിനിസ്റ്റുകളാണ് ഈ നാടകത്തെ കൂടുതല്‍ സന്തോഷത്തോടെ സ്വീകരിച്ചത്. നാലു ജില്ലകളില്‍ നാലു സ്റ്റേജുകളില്‍ നാടകം അവതരിപ്പിച്ചു. എല്ലാ സ്ഥലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. അന്ന്, തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഫെമിനിസ്റ്റ് മൂവ്മെന്റ് സജീവമായിരുന്നു.
സ്ത്രീനാടകസംഘത്തില്‍ പുരുഷന്‍മാരുടെ റോള്‍ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?
"അഭിനേത്രി'യില്‍ സ്ത്രീകള്‍ തന്നെയാണ് എല്ലാം സംഘടിപ്പിച്ചത്. സ്ത്രീകള്‍ തന്നെ അഭിനയിക്കുന്നു. ലൈറ്റിംഗ്, സെറ്റ് തുടങ്ങി നാടകത്തിനുള്ള സാങ്കേതിക കാര്യങ്ങള്‍ മാത്രം പുരുഷന്‍മാരായിരുന്നു ചെയ്തത്. മറ്റുള്ള നാടകങ്ങളില്‍ അഭിനയിക്കുമ്പോള്‍ പുരുഷന്‍മാര്‍ ഞങ്ങളെ കൊണ്ടുപോകുന്നു. ഇതില്‍ ഞങ്ങള്‍ പുരുഷന്‍മാരെ നയിക്കുകയായിരുന്നു. തമാശക്കായിരുന്നു. അപ്പോഴെങ്കിലും അവര്‍ക്ക് അതിന്റെ വൃത്തികേട് മനസ്സിലാകട്ടെ എന്നു വിചാരിച്ചു. ഈ നാടകത്തില്‍ എഴുത്ത്, സംഘാടനം, അഭിനയം എന്നിവയില്‍ മൂന്നുപേര്‍ക്കും തുടക്കം മുതല്‍ ഒടുക്കം വരെ ഇന്‍വോള്‍വ്മെൻറ് തുല്യമായിരുന്നു. രണ്ടുപേരാണ് അഭിനയിച്ചത്. മൂന്നുപേരും കൂടിയാണ് സംവിധാനം ചെയ്തത്. എങ്കിലും ഞാനും സജിതയും അഭിനയിക്കുന്നതുകൊണ്ട് സംവിധായികയായി സുധിയുടെ പേര് മാത്രം വെച്ചു.
അഭിനേത്രി പിന്നീടിതു വരെ നാടകമൊന്നും ചെയ്തില്ലല്ലോ?
"ഏതോ ചിറകടിയൊച്ചകള്‍' കഴിഞ്ഞ് കുറേ നാളുകള്‍ക്കുശേഷം "അഭിനേത്രി'യുടേതായി നമ്മളൊക്കെക്കൂടി ഒരു തെരുവുനാടകം ചെയ്തു. ആ സമയത്താണ് ചന്ദ്രിക തിരുവനന്തപുരത്തെത്തുന്നതും "അഭിനേത്രി'യോടൊപ്പം പ്രവര്‍ത്തിക്കുന്നതും. ആ തെരുവുനാടകം രൂപപ്പെടുത്തിയ അനുഭവവും വല്ലാത്തതായിരുന്നു. ഇഷ്യു ബേസ്ഡ് തീം നാടകമാക്കുകയായിരുന്നു. സൂര്യനെല്ലി കേസിലെ കുറ്റവാളികള്‍ക്കെതിരായി രൂപപ്പെട്ട സ്ത്രീകളുടെ ശക്തമായ സമരങ്ങളോടൊപ്പം നമ്മളും നാടകത്തിലൂടെ നമ്മുടെ രാഷ്ട്രീയപ്രകാശനം നടത്തുകയായിരുന്നു. നാല്പതും അമ്പതും പേര്‍ ക്രൂരമായി റേപ്പ് ചെയ്ത ഒരു കൊച്ചുപെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ നമ്മളെത്ര ബുദ്ധിമുട്ടി! എത്രമാത്രം വേദന അനുഭവിച്ചു!
1996ലായിരുന്നു അത് ചെയ്തത്. "ഞങ്ങളുടെ ശരീരം ഞങ്ങളുടേത്' എന്നാണ് നമ്മള്‍ ആ നാടകത്തിന് പേരിട്ടത്. അതിലും സ്ത്രീയുടെ ശരീരഭാഷയ്ക്കു വേണ്ടിയുള്ള അന്വേഷണമുണ്ടായിരുന്നു. നാടകം എന്ന മാധ്യമത്തിന്റെ കരുത്തു ചോര്‍ന്നു പോകാതെ പ്രചരണാംശം പരമാവധി കുറക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പക്ഷേ അഭിനേത്രിക്ക് പിന്നീട് വലിയ നാടകങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ...
ഒന്നാമത്തെ കാര്യം, എന്റെ വ്യക്തിപരമായ നിലനില്പ് പ്രശ്നത്തിലായി എന്നതാണ്. സ്ഥിരം വരുമാനത്തിന് ഒരു ജോലി വേണം. നാടകം കളിക്കാന്‍ എന്റെ കയ്യില്‍ നിന്ന് കാശ് പോവുകയല്ലാതെ വരുമാനമില്ല. വരുമാനമുണ്ടെങ്കിലേ ഒരു സ്ത്രീക്ക് വീട്ടില്‍ കുറച്ചെങ്കിലും സ്ഥാനം കിട്ടൂ. അതുകൊണ്ട് ഞാന്‍ നിര്‍മ്മിതികേന്ദ്രയില്‍ ജോലിക്ക് ചേര്‍ന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി, ഇവിടെയിരുന്നാല്‍ നാടകം നടക്കില്ലെന്ന്. ജോലി രാജിവെച്ചു. അതു കഴിഞ്ഞപ്പോള്‍ ജീവിതം ഒരു വലിയ ചോദ്യമായി. ആ സമയത്തായിരുന്നു ഫ്രാന്‍സില്‍ നിന്ന് "ഫുട്സ്ബാന്‍' തിയേറ്റര്‍ കേരളത്തില്‍ വരുന്നത്. അവരുടെ വര്‍ക്ക്ഷോപ്പില്‍ പോയി. സെലക്ഷന്‍ കിട്ടി. പക്ഷേ, എനിക്കു ചുറ്റുമുള്ള സദാചാരവ്യവസ്ഥ വല്ലാതെ വേദനിപ്പിച്ചു. ജീവിതത്തിലൂടെ അത്ര എളുപ്പത്തിലല്ല കടന്നുവന്നത്. "കല്യാണം കഴിച്ചിട്ട് എന്തു വേണമെങ്കിലും ചെയ്തോ' എന്ന നിലപാടായിരുന്നു വീട്ടുകാരുടേത്. എനിക്കപ്പോള്‍ 29 വയസ്സാണ്. ഈ ഘട്ടത്തിലാണ് അലക്സുമായുള്ള വിവാഹം നടക്കുന്നത്. അലക്സും ഡ്രാമാ സ്‌കൂളില്‍ പഠിച്ച ആളായിരുന്നതുകൊണ്ട് വിവാഹം എന്നത് എനിക്ക് വലിയ സ്വാതന്ത്ര്യമായിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ പുതിയ നാടകം ചെയ്യുന്നതിനായി ഫുട്സ്ബാന്‍ നാടകകമ്പനിയോടൊപ്പം ഞാന്‍ ഫ്രാന്‍സിലേക്ക് പോയി.
കേരളത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍, നടി എന്ന നിലയില്‍ ഫ്രാന്‍സ് എന്തെല്ലാം അനുഭവങ്ങള്‍ തന്നു?
സ്‌കൂളില്‍ ഗ്രീക്കുനാടകങ്ങള്‍ പഠിക്കുമ്പോഴും ഫ്രഞ്ച് നാടകങ്ങള്‍ പഠിക്കുമ്പോഴും എന്നെങ്കിലും ഇതൊക്കെ കാണാന്‍ പറ്റുമോ എന്ന് ഞാന്‍ വിചാരിച്ചിട്ടുണ്ട്. അവിടെ ഞാന്‍ മനുഷ്‌കിന്റേയും പീറ്റര്‍ബ്രൂക്കിന്റെയും നാടകങ്ങള്‍ കണ്ടു. യൂറോപ്യന്‍ നാടകവേദി നേരിട്ട് കാണാന്‍ പറ്റിയത് എനിക്ക് വലിയ എക്‌സൈറ്റ്മെൻറായിരുന്നു. ഇവിടെയാണെങ്കില്‍ നാടകം കളിച്ചുകഴിഞ്ഞാല്‍ കിട്ടിയതും കൊണ്ട് നുള്ളിപ്പെറുക്കി നേരെ വീട്ടില്‍ പോകും, നാടകം കഴിഞ്ഞാല്‍ ആരുമൊന്നും പറയാറില്ല. ഇവിടെ നടി രണ്ടാംകിടയാണ്. ബഹുമാനം കിട്ടാറില്ല. അവിടെ നമ്മളെ വല്ലാതെ അഭിനന്ദിക്കും. അഭിനന്ദനം കൊണ്ട് നമ്മുടെ ശരീരം മുഴുവന്‍ പിടിച്ച് കുലുക്കും. അവിടെ കലാകാരികളോട് ബഹുമാനമുണ്ട്. നാടകം കാണാന്‍ അമ്പതു പേരുണ്ടങ്കില്‍ നാല്പത്തൊമ്പതു പേരും പോകില്ല. ഒരു നാടകത്തെപ്പറ്റി വെളുപ്പാന്‍ കാലത്ത് ആറ് മണി വരെ സംസാരിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു. അവിടെ ഒരു നടി എന്ന നിലയില്‍ എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു. വേറൊരു ജീവിതം തന്നെയായിരുന്നു അത്. ഇവിടെ പൊതുസ്ഥലത്ത് എന്റെ ശരീരം വല്ലാതെ ചുരുങ്ങിപ്പോകുമായിരുന്നു. ആ കാലം എനിക്ക് വലിയ സന്തോഷം തന്നു. ഫുട്സ്ബാന്‍ ഒരു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ആയിരുന്നു. ട്രാവലിംഗ് തിയേറ്റര്‍. ധാരാളം രാജ്യങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് ഞങ്ങളുടെ നാടകം, "ഒഡിസിയൂസ്' കളിച്ചു.

വികസിച്ച തരത്തിലുള്ള യഥാര്‍ഥ പ്രൊഫഷണല്‍ നാടകവേദിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന ഉയര്‍ന്ന പ്രതിഫലവും നമ്മുടെ പദവിയേയും ആത്മവിശ്വാസത്തേയും വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നില്ലേ?
ശരിയാണ്. നാടകത്തില്‍ നിന്ന് വലിയ പ്രതിഫലം വാങ്ങിയത് എനിക്ക് വലിയ അഭിമാനമുണ്ടാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളം വാങ്ങി. നാടകം കൊണ്ട് വീടു വാങ്ങിക്കുകയും ചെയ്തു. ഇന്ന് എന്നെക്കുറിച്ച് പറയുമ്പോള്‍ അമ്മക്ക് അഭിമാനവും സന്തോഷവുമുണ്ട്.
അപ്പോഴും "അഭിനേത്രി'യുടെ ഭാവിപ്രവര്‍ത്തനങ്ങളക്കുറിച്ച് സങ്കല്പങ്ങളുണ്ടായിരുന്നോ?
തീര്‍ച്ചയായും. ഫ്രാന്‍സില്‍ വെച്ച് മനുഷ്‌കിനെ കാണാന്‍ ശ്രമിച്ചതും ഹെലന്‍ സിസുവിനെ കണ്ടതും എന്റെ ഉള്ളിലെ ഫെമിനിസ്റ്റും സ്വതന്ത്രനടിയുമായിരുന്നു. അവര്‍ പറഞ്ഞത് "ഏഷ്യയിലേക്കാണ് ഞങ്ങളിപ്പോള്‍ നോക്കുന്നത്. യൂറോപ്പില്‍ എല്ലാം നശിച്ചു കഴിഞ്ഞു. ഇപ്പോഴത്തെ തലമുറക്ക് ഡേറ്റിംഗിലാണ് ശ്രദ്ധ' എന്നാണ്. സമ്പന്നരായ സ്ത്രീകള്‍ എന്ന നിലയില്‍ കുറേ കാര്യങ്ങളില്‍ അവര്‍ സമത്വം നേടിയെടുത്തിട്ടുണ്ട്. ആവശ്യമില്ലാത്ത മൂല്യങ്ങള്‍ കുറേയൊക്കെ അവര്‍ ഉപേക്ഷിച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഇടയ്ക്ക് ലീവിന് കേരളത്തില്‍ വരുമ്പോള്‍ "അഭിനേത്രി'യുടേതായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കഠിനമാകും. അങ്ങനെയാണ് നമ്മളൊരുമിച്ച് സംഘടിപ്പിച്ച 1996 ലെ പത്തു ദിസത്തെ നാടകക്യാമ്പ്, കെ. സരസ്വതി അമ്മയെക്കുറിച്ചുള്ള പ്ലേറീഡിംഗ് എന്നിവയൊക്കെ നടന്നത്. പക്ഷേ ഇതുവരേയും ഒരു വലിയ നാടകം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്ന വിഷമം മനസ്സിലുണ്ട്. ഇതിനിടയില്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫുട്സ്ബാനിലെ ജോലിയും എനിക്കു മടുത്തു തുടങ്ങി. ആ നാടകഗ്രൂപ്പിലെ ഡയറക്ഷന്‍ രീതി വ്യത്യസ്തമായിരുന്നു. ആര്‍ക്കും എന്ത് പരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും അവിടെ ഇടമുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ഫുട്സ്ബാന്‍ വിട്ടു. ലോകത്തില്‍ പലതും നടക്കുന്നുണ്ട്. ഇതൊന്നുമറിയാതെ നാടകം കളിച്ചു നടക്കുന്നതിലായിരുന്നു മടുപ്പ്. ഇതിനിടയില്‍ എനിക്കൊരു മകനും ജനിച്ചിരുന്നു. ഈ 42-ാം വയസ്സിലും എന്റെ സങ്കല്പം ഒരു സ്ഥലത്തും സ്ഥിരമായി നില്‍ക്കരുത് എന്നാണ്. പക്ഷേ എന്റെ പ്രധാന ഇടം കേരളം തന്നെയായിരിക്കണം എന്നെനിക്ക് നിര്‍ബ്ബന്ധമാണ്. ശക്തമായ ഒരു സ്ത്രീനാടകഗ്രൂപ്പ് കേരളത്തിലുണ്ടാവണം. പക്ഷേ, കേരളത്തില്‍ വന്നു നിന്നപ്പോള്‍ ജീവിക്കാന്‍ നാടകം എന്നെ ഒട്ടും സഹായിച്ചില്ല. നിലനില്‍പ്പ് പ്രശ്നത്തിലാകാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും "ഫുട്സ്ബാന്‍' തിയേറ്ററിലേക്ക് തന്നെ പോയത്. അപ്രതീക്ഷിതമായുണ്ടായ അലക്സിന്റെ മരണം എന്നെ പാടേ തകര്‍ത്തുകളയാതിരുന്നത് ഫ്രാന്‍സില്‍ എനിക്കൊരു നാടകജീവിതം ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ്. പിന്നീട് ഞാന്‍ ഫുട്സ്ബാനിലെ കോണ്‍ട്രാക്ട് തീര്‍ത്ത് ഇവിടെ വന്നത് നാടകത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യണമെന്ന ആഗ്രഹത്തോടുകൂടിയാണ്. അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുകയും ചെയ്തു. പക്ഷേ അവിടുത്തെ അന്തരീക്ഷവും ക്ലാസ്സുകളും എനിക്ക് മടുപ്പും അസംതൃപ്തിയും മാത്രമാണ് തന്നത്. ഞാന്‍ തുടങ്ങിയപ്പോഴേക്കും മതിയാക്കിപ്പോന്നു. ഇപ്പോഴും എന്റെ ഇടം എവിടെയാണെന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ അമേരിക്കയ്ക്ക് പോവുന്നു. എം.എ. ചെയ്യാന്‍. മലയാളത്തില്‍ ഒരു നാടക നടിക്കും അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

"അഭിനേത്രി'യുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
"അഭിനേത്രി' ഇന്നില്ല. സജിത ഡല്‍ഹിക്കു പോവുകയും സ്വന്തമായ നാടകപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. സുധി "നിരീക്ഷ' എന്ന പേരിലൊരു ഗ്രൂപ്പുണ്ടാക്കി അതിന്റെ ചില പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇടക്കാലത്ത് ഒപ്പമുണ്ടായിരുന്ന ചന്ദ്രികയും പാര്‍വ്വതിയും നിങ്ങളുടേതായ പ്രവര്‍ത്തനമേഖലകളിലുമാണ്.
ശ്രീലതയുണ്ടെങ്കിലേ "അഭിനേത്രി'ക്ക് ജീവനുള്ളു എന്നതുകൊണ്ടാണത്. എന്നാലും ചോദിക്കട്ടെ, "അഭിനേത്രി' നിര്‍ജ്ജീവമാകുന്നതു കണ്ടപ്പോള്‍ "അഭിനേത്രി'യുടെ നാടകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആള്‍ എന്ന നിലയില്‍ എന്തു തോന്നി?
"അഭിനേത്രി' രൂപപ്പെടുമ്പോള്‍ മുഖ്യധാരയിലെ നാടകവേദിയോടു മത്സരിച്ചുകൊണ്ട് വളരാന്‍ പറ്റും എന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. "അഭിനേത്രി'ക്ക് പൊളിറ്റിക്കല്‍ ആവാനും അതേസമയം മുഖ്യധാരയിലേക്ക് എത്താനും കഴിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വ്യത്യസ്തമായ ഒരു രംഗഭാഷ ഉണ്ടാക്കണം എന്നായിരുന്നു ലക്ഷ്യം. അത് അത്ര എളുപ്പമല്ല. ലാഘവത്തോടുകൂടി സമീപിക്കാനും പറ്റില്ല. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് അത് വളരെ ബുദ്ധിമുട്ടാണ്. പണമില്ല, അടിസ്ഥാന സൗകര്യങ്ങളില്ല. ഗ്രോട്ടോവ്സ്‌കിയൊക്കെ വര്‍ഷങ്ങളുടെ നീണ്ട പരീക്ഷണം കൊണ്ടാണ് പുതിയതൊന്ന് കണ്ടെത്തിയത്. മറ്റൊരു പ്രധാനകാര്യം, നാടകത്തിന്റെ പ്രായോഗികത അറിയാത്തവരും അതേസമയം ഐഡിയോളജി ഉള്ളവരുമടങ്ങുന്ന ഗ്രൂപ്പില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്. ആശയവിനിമയത്തില്‍ നേരിടുന്ന തടസ്സങ്ങളാണ് ഈ പ്രശ്നത്തിലുള്ളത്. എന്തായാലും "അഭിനേത്രി'യെ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. ഞാന്‍ നാട്ടില്‍ തിരിച്ചു വരികയും അനുകൂലസാഹചര്യമുണ്ടാവുകയും ചെയ്താല്‍ "അഭിനേത്രി'യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടുമുണ്ടാകും. അഭിനയിക്കാതെ എനിക്കു ജീവിതമില്ല. മരിക്കുന്നതുവരെ ഞാന്‍ അഭിനയിച്ചേ പറ്റൂ. നാടകത്തില്‍ നിന്നുള്ള ആ സന്തോഷമില്ലാതെ ജീവിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.
(കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടനെ പ്രസിദ്ധീകരിക്കുന്ന സി. എസ്. ചന്ദ്രികയുടെ "സ്ത്രീനാടകം: മലയാള നാടകവേദിയിലെ സ്ത്രീപ്രതിനിധാനങ്ങള്‍' എന്ന ഗവേഷണ പുസ്തകത്തില്‍ നിന്ന്. ഡോക്ടറല്‍ റിസര്‍ച്ചിന്റെ ഭാഗമായി ഈ അഭിമുഖം നടത്തിയത് 10 ഏപ്രില്‍ 2006 ലാണ്.)
തീയേറ്റര്‍ ആര്‍ട്ടിസ്റ്റ്, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക
കഥാകൃത്ത്, നോവലിസ്റ്റ്, സ്ത്രീപക്ഷ പ്രവര്‍ത്തക. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ കമ്യൂണിറ്റി അഗ്രോ ഡൈവേര്‍സിറ്റി കേന്ദ്രത്തിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റ്.
മനോജ് കെ.യു.
Mar 28, 2023
53 Minutes Watch
എം. സുകുമാർജി
Mar 22, 2023
9 Minutes Read
ശ്രീജ കെ.വി.
Mar 21, 2023
8 Minutes Read
വി. കെ. അനില്‍കുമാര്‍
Mar 18, 2023
24 Minutes Read
ദീപന്‍ ശിവരാമന്‍
Mar 10, 2023
17 Minutes Watch
രാജേഷ് കാർത്തി
Mar 08, 2023
4 minutes read