truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 27 February 2021

truecoppy
Truecopy Logo
Readers are Thinkers

Saturday, 27 February 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Biblio Theca
  • Bird Songs
  • Biblio Theca Bird Songs Capital Thoughts Dr. Think Dy Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Biblio Theca
Bird Songs
Capital Thoughts
Dr. Think
Dy Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Announcement
Art
Astronomy
Babri Masjid
Bhima Koregaon
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Election Desk
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala Sahitya Akademi Award 2019
Kerala State Film Awards
Labour Issues
Labour law
Land Struggles
Language Study
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Short Read
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Testimonials
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
Union Budget 2021
UP Politics
Video Report
Vizag Gas Leak
Vote for Secular Democracy
Weather
Women Life
Youtube
ജനകഥ
അജയ് പി മാങ്ങാട്ട്

Story

ചിത്രീകരണം: ദേവപ്രകാശ്

തീയും
വെള്ളവും

തീയും വെള്ളവും

19 May 2020, 01:12 PM

അജയ്​ പി. മങ്ങാട്ട്​

നഗരത്തിലെ മുഖ്യ തപാല്‍ ഓഫീസില്‍ വച്ചാണ് തങ്കമണിയും തോമസും ആദ്യം കണ്ടത്. തപാല്‍ ഓഫീസിലെ എഴുത്തുപലകമേല്‍ കയ്യൂന്നി പോസ്റ്റ്കാര്‍ഡില്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു തങ്കമണി. സ്റ്റാംപുകള്‍ വില്‍ക്കുന്ന കൗണ്ടറിലിരിക്കുന്ന തോമസ് മുഖമുയര്‍ത്താറില്ല. ചില്ലറയില്ലാതെ വരുന്നവരോട് നീരസം പ്രകടിപ്പിക്കും. പക്ഷേ അന്നേ ദിവസം അയാള്‍ തങ്കമണിയെ ശ്രദ്ധിച്ചു. 
മുന്‍പ് തോമസ്, എല്‍കുന്ന് തപാല്‍ ഓഫീസിലായിരുന്നു. മലയോര പ്രദേശമായ അവിടെ വല്ലപ്പോഴുമാണ് ഒരാള്‍ സ്റ്റാംപോ ഇന്‍ലന്‍ഡോ വാങ്ങാന്‍ വരിക. പെന്‍ഷന്‍ വിതരണ ദിവസങ്ങളിലൊഴികെ ഓഫീസും പരിസരവും ആളനക്കമില്ലാതെ കിടക്കും. 
കവലയില്‍നിന്നു തപാല്‍ ഓഫീസിലേക്ക് കുറെ കല്‍പ്പടവുകള്‍ കയറണം. കുത്തനെയുളള വഴിയില്‍ എല്ലായിടത്തും കല്ലുകെട്ടിയിട്ടില്ല. ഇടയ്ക്കു നിരപ്പായ കുറച്ചു സ്ഥലങ്ങളുണ്ട്. പെന്‍ഷന്‍ വാങ്ങാന്‍ വരുന്നവര്‍ അവിടെ മണ്‍തിട്ടയില്‍ ഇരുന്നു വിശ്രമിച്ച് മെല്ലെയാണ് തപാല്‍ ഓഫീസിലെത്തുക.
എല്‍കുന്നിലെ തപാല്‍ഓഫീസിലെ മൂകമായ പകലുകളിലൊന്നിലാണ് തോമസ് ആദ്യമായി പദപ്രശ്‌നം ഉണ്ടാക്കിയത്. ഒരു ദിവസം ദിനപത്രത്തിന്റെ അവസാന താളിലെ പരസ്യത്തിനകത്തെ ഒഴിഞ്ഞ ഇടത്തില്‍ വെറുതെ ചതുരങ്ങള്‍ വരയ്ക്കുകയായിരുന്നു. അതിനുള്ളില്‍ എന്തെങ്കിലും എഴുതണമെന്ന് പെട്ടെന്ന് അയാള്‍ക്കു തോന്നി. മറന്നുവെന്നു കരുതിയ പഴയ കൂട്ടുകാരില്‍ ചിലരുടെ പേരുകള്‍ ഓര്‍ത്തെഴുതിയതോടെ ആദ്യ പദപ്രശ്‌നം പിറന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്കുള്ള ഒരു പ്രസിദ്ധീകരണത്തില്‍ അയാളുടെ ചില പദപ്രശ്‌നങ്ങള്‍ അച്ചടിച്ചുവരികയും ചെയ്തു.

 Ajay P Mangad Story Illustration by Devaprakash (7)_0.jpg

നഗരത്തിലേക്ക്  സ്ഥലം മാറിയെത്തിയപ്പോള്‍ കൗണ്ടറിലെ ജോലി തിരക്കേറിയതായി. മിക്കവാറും ആളുകള്‍ വന്നുകൊണ്ടിരിക്കും. ചില ദിവസങ്ങളില്‍ കൗണ്ടറിനു മുന്നില്‍ നീണ്ട നിര ഉണ്ടാവും. മല്‍സരപ്പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നവരാണ് അവരിലേറെയും.

എല്‍കുന്നില്‍നിന്ന് നഗരത്തിലേക്ക് എത്തിയ ദിവസം ശിവന്‍, അയാളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഒരുമിച്ചു കുറച്ചുകാലം ജോലി ചെയ്തിരുന്നു. ശിവന്‍ പിന്നീടു തപാല്‍ ജോലി വിട്ടു. അയാളാണു ചെറിയ ഒരു വാടകമുറി തോമസിനു കണ്ടെത്തിക്കൊടുത്തത്. ഓഫീസില്‍നിന്ന് 10 മിനിറ്റു നടന്നാല്‍ മതി.
കഴിഞ്ഞ ദിവസങ്ങളില്‍ തയാറാക്കിയ പദപ്രശ്‌നങ്ങള്‍ അപൂര്‍ണമായി തുടരുന്നതിന്റെ അസ്വസ്ഥതയിലായിരുന്നു തോമസ്. തനിക്കിതു തുടരാനാവില്ലെന്ന് അയാള്‍ക്കു തോന്നി. ആ ദിവസം അയാള്‍ ഇംഗ്ലീഷ് പത്രത്തില്‍ കണ്ട ഒരു പദപ്രശ്‌നത്തിലേക്കു നോക്കി, അതില്‍ മറഞ്ഞുകിടക്കുന്ന വാക്കുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു യുവതി വന്നു പോസ്റ്റ് കാര്‍ഡ് ചോദിച്ചത്. സ്വരം കേട്ട് ഫയല്‍ തുറന്ന് ഒരു പോസ്റ്റ് കാര്‍ഡ് മുറിച്ചെടുക്കുമ്പോള്‍ തന്നെ തോമസ് പതിവുപോലെ, ചില്ലറ വേണം എന്നു പറയാനൊരുങ്ങിയതാണ്. പക്ഷേ അതുവേണ്ടിവന്നില്ല അതിനു മുന്‍പേ അവള്‍ കൃത്യം പൈസ കൊടുത്തു. മേശവലിപ്പ് അടച്ച് തോമസ് പദപ്രശ്‌നത്തിലേക്കു തിരിച്ചുപോവുകയായിരുന്നു. അവള്‍ പോസ്റ്റ് കാര്‍ഡുമായി കൗണ്ടറിന്റെ എതിര്‍വശത്ത് സ്റ്റാംപൊട്ടിക്കാനും എഴുതാനും വേണ്ടിയുള്ള എഴുത്തുപലകയുടെ മൂലയിലേക്കു പോയി. തോമസ് പെട്ടെന്നു തലയുര്‍ത്തി നോക്കി. അവിടെ അവളല്ലാതെ മറ്റാരുമില്ലായിരുന്നു. ഉച്ചനേരത്തെ ഉഷ്ണം ഫാന്‍ അടിച്ചു പടര്‍ത്തിക്കൊണ്ടിരുന്നു.  അവളുടെ സാരിയിലെ തവിട്ടുകളങ്ങള്‍ അയാള്‍ ശ്രദ്ധിച്ചു. അരികുകളില്‍ ചെറുമഞ്ഞപൂക്കള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. എല്‍കുന്നിലെ പോസ്റ്റ് ഓഫീസിന്റെ മണ്‍കട്ടകളാല്‍ നിര്‍മിച്ച അരമതിലില്‍ മഴക്കാലത്തു വളര്‍ന്നുപടരുന്ന ചെറുസസ്യങ്ങളിലെ പൂക്കള്‍ തോമസ് ഓര്‍ത്തു. അവള്‍ ഭിത്തിക്ക് അഭിമുഖമായി നിന്ന് തോള്‍സഞ്ചിയില്‍നിന്ന് പേനയെടുത്തു പോസ്റ്റ് കാര്‍ഡില്‍ എഴുതാന്‍ തുടങ്ങി.

തോമസ് പദപ്രശ്‌നത്തിലേക്കു തിരിച്ചുപോയി. പശ്ചിമഘട്ടത്തിലെ പക്ഷികളുടെ പേരുകള്‍ വരുന്ന പദപ്രശ്‌നമായിരുന്നു അത്. അതു പൂരിപ്പിക്കുക എളുപ്പമായി ആദ്യം തോന്നിയെങ്കിലും ചില പക്ഷികളെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പദപ്രശ്‌നക്കാരന്‍ നല്‍കിയ സൂചനകളെല്ലാം അയാളെ വഴിതെറ്റിച്ചു.
പദപ്രശ്‌നം പൂരിപ്പിച്ചുതീര്‍ന്നാലുടന്‍ ഭക്ഷണം കഴിക്കണമെന്നു വിചാരിച്ചതാണ്. തലേന്ന് ഉണ്ടാക്കാന്‍ തുടങ്ങിയ പദപ്രശ്‌നം  തുറമുഖപട്ടണങ്ങളുടെ പേരുകള്‍ വരുന്നതായിരുന്നു. അത് പൂര്‍ത്തീകരിച്ചില്ലെന്നത് അയാളെ വീണ്ടും അസ്വസ്ഥനാക്കി. ശൂന്യമായ ചതുരങ്ങള്‍ക്കു മീതെ പെന്‍സില്‍ വച്ച് തലയുയര്‍ത്തി നോക്കിയപ്പോഴും അവള്‍ എഴുതുകയാണ്. ഒരു പോസ്റ്റ് കാര്‍ഡ് എഴുതാന്‍ ഇത്രയും നേരമോ ? അല്ലെങ്കിലും പോസ്റ്റ്കാര്‍ഡില്‍ എത്രയെഴുതാനാകും എന്നു വിചാരിച്ചപ്പോഴേക്കും അവള്‍ തിരിഞ്ഞു മെല്ലെ നടന്നു പുറത്തിറങ്ങി കാര്‍ഡ് തപാല്‍പെട്ടിയിലിട്ടു. ഈ സമയം അവളുടെ തോള്‍ സഞ്ചി എഴുത്തുപലകയ്ക്കുമേലിരിക്കുകയായിരുന്നു. തോമസ് അതിലേക്കു തുറിച്ചുനോക്കിയിരിക്കേ അവള്‍ തിരിച്ചെത്തി സഞ്ചിയെടുത്തു കയ്യില്‍പിടിച്ചു കൗണ്ടറിലേക്കു നടന്നു. അതു പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ വേഗം കണ്ണുകള്‍ താഴ്ത്തി.
"എനിക്കു 10 രൂപയുടെ ചില്ലറ തരുമോ..?', അവള്‍ ചോദിച്ചു.

തോമസിന് നീരസ്സം തോന്നിയില്ല. പോസ്റ്റ് ഓഫീസ് കൗണ്ടറില്‍ ചില്ലറ ചോദിക്കുന്ന ആദ്യത്തെ വ്യക്തിയാവും ഈ പെണ്ണെന്ന് അയാള്‍ക്കു തോന്നി. പക്ഷേ, അവള്‍ പെട്ടെന്ന് പറഞ്ഞു, "സോറി.. ഇവിടെ ചില്ലറ കാണില്ലല്ലോ. ഞാന്‍ അത് ഓര്‍ത്തില്ല!'' അപ്പോഴേക്കും അയാള്‍ മേശവലിപ്പു തുറന്നു ചില്ലറ നോട്ടുകള്‍ എടുത്തു. "താങ്ക് യൂ' എന്ന് പറഞ്ഞ് അവള്‍ 10 രൂപാ നോട്ട് നീട്ടി. ചില്ലറ നോട്ടുകള്‍ സഞ്ചിയിലിട്ടു. അയാളെ നോക്കി മന്ദഹസിച്ചുകൊണ്ടു പുറത്തേക്കുപോയി.
തോമസ് ഭക്ഷണം കഴിച്ചു തിരിച്ചുവന്നപ്പോള്‍ പദപ്രശ്‌നത്തിനു മുകളില്‍ വച്ചിരുന്ന പെന്‍സില്‍ ഉരുണ്ടു തറയില്‍ വീണിരുന്നു. അയാള്‍ കുനിഞ്ഞ് ആ പെന്‍സിലെടുക്കുമ്പോള്‍ ഒരു പക്ഷിയുടെ പേരു കിട്ടി. അതു പൂരിപ്പിച്ചതോടെ മറ്റു പക്ഷികളും തെളിഞ്ഞു. പക്ഷികള്‍ക്കു പകരം ആ മാതൃകയില്‍ പൂക്കള്‍ വച്ച് ഒരു പദപ്രശ്‌നം ഉണ്ടാക്കണമെന്ന് അയാള്‍ നിശ്ചയിച്ചു.
അന്നു സന്ധ്യക്ക് അയാളെ കാണാന്‍ ശിവന്‍ വന്നു. തന്റെ വിസ ശരിയായി. വരുന്ന ആഴ്ച ബല്‍ജിയത്തിലേക്കു പോകുമെന്നു പറഞ്ഞു. ശിവന്റെ ഭാര്യ ബ്രസല്‍സില്‍ നഴ്‌സാണ്. അയാളും അവിടേക്കു പോകുന്നു. ആ സന്തോഷം പങ്കിടാന്‍ അവര്‍ ബാറിന്റെ മട്ടുപ്പാവിലേക്കു പോയി. അവിടെ മുന്‍പും അവര്‍ പോയിരുന്നിട്ടുണ്ട്. അവിടെയിരുന്നാല്‍ തുറമുഖത്തു കൂറ്റന്‍ ചരക്കുകപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നതു കാണാം. രാത്രി എട്ടോടെ ബാറില്‍നിന്നിറങ്ങി. ഇരുവരും ഇടവഴിയില്‍നിന്ന് ഒരു സിഗരറ്റ് കൂടി വലിച്ചു. തട്ടുകടയില്‍നിന്നു ദോശ കഴിച്ചു. മുറിയില്‍ തിരിച്ചെത്തി കിടക്കാന്‍ നേരം പെട്ടെന്നു തോമസിന്റെ ഉള്ളം പിടഞ്ഞു.
"അവളുടെ പേരെന്താണ് ?'
വിളക്കണച്ച്, ഫാനിന്റെ ഇരമ്പലിനു താഴെ കിടക്കുമ്പോള്‍, ആ വിചാരം അലകളായി ഉയരാന്‍ തുടങ്ങി. അതില്‍ ഉയര്‍ന്ന് അയാള്‍ ഉറങ്ങി.

രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് ഉച്ച കഴിഞ്ഞനേരം കുറേ കോളജ് വിദ്യാര്‍ഥികള്‍ കൂട്ടമായി അപേക്ഷകള്‍ അയയ്ക്കാനായി വന്നു. അവരുടെ ബഹളങ്ങള്‍ക്കിടയിലൂടെ പൊടുന്നനെ അവള്‍ കയറിവന്നു. കൗണ്ടറിലെത്തി പോസ്റ്റ് കാര്‍ഡ് ചോദിച്ചു. തിരക്കിന്റെ അസ്വാസ്ഥ്യത്തില്‍ തലകുനിച്ചിരുന്ന തോമസ് ആ സ്വരം കേട്ടതോടെ ഉലഞ്ഞു. അവള്‍ കൊടുത്ത കൃത്യം പൈസ വാങ്ങി കാര്‍ഡ് കൊടുക്കുന്നതിനിടെ തോമസ് മന്ദഹസിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിനു മുന്‍പേ അവള്‍ തിരിഞ്ഞു നടന്നു തിരക്കിനിടയില്‍ നിന്ന് എഴുതാന്‍ തുടങ്ങി.

Ajay P Mangad Story Illustration by Devaprakash (1)_1.jpg

അന്ന് അവള്‍ മടങ്ങിപ്പോകുന്നതു തോമസ് കണ്ടില്ല. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വന്നു. ആ വരവുകള്‍ റിഹേഴ്‌സല്‍ പോലെയായിരുന്നു. ഓരോ തവണ വന്നുപോകുമ്പോഴും ഇരുവര്‍ക്കുമിടയിലെ ചലനങ്ങളും നോട്ടങ്ങളും കൂടുതല്‍ ഉദാരമായി. ശിവന്‍ യാത്രയാകുന്നതിന്റെ തലേന്ന് ഉച്ച കഴിഞ്ഞ് അവള്‍ വരുമ്പോള്‍ കൗണ്ടറിനു മുന്നില്‍ മറ്റാരുമില്ലായിരുന്നു. അവള്‍ രണ്ട് ഇന്‍ലന്‍ഡും പോസ്റ്റ്കാര്‍ഡും വാങ്ങി. പെട്ടെന്ന്, അവളോടു എവിടെ ജോലി ചെയ്യുന്നുവെന്നു തോമസ് ചോദിച്ചു. അവള്‍ ഒരു ആശുപത്രിയുടെ പേരു പറഞ്ഞു. അവിടെ ഫാര്‍മസിസ്റ്റാണ്. കന്യാകുമാരിയിലുള്ള തന്റെ അമ്മയ്ക്കാണ് എഴുത്ത്. ഇന്‍ലന്‍ഡ് റൂമേറ്റിനു വേണ്ടി വാങ്ങിയതാണ്. അമ്മയ്ക്കു പോസ്റ്റ് കാര്‍ഡാണ് ഇഷ്ടം.
എന്താണു പതിവായി അമ്മയ്ക്ക് എഴുതുക എന്ന് ചോദിക്കാന്‍ വെമ്പിയതാണ്. മനുഷ്യര്‍ എന്തിനാണു കത്തുകളെഴുതുന്നതെന്ന് അയാള്‍ക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. എഴുത്ത് വിരസവും ലജ്ജാകരവുമാണെന്നു അയാള്‍ കരുതുന്നു. വയസ്സ് 30 കഴിഞ്ഞു. ഇതേവരെയും ആര്‍ക്കും ഒരു കത്തെഴുതിയിട്ടില്ല. കത്തു കിട്ടിയിട്ടുമില്ല.

ജോലി ചെയ്യുന്ന ആശുപത്രിയോടു ചേര്‍ന്നുള്ള ഹോസ്റ്റലിലാണ് അവള്‍ താമസം. കന്യാകുമാരിയില്‍ അമ്മ മാത്രമാണുള്ളത്. കമലം എന്നാണ് അമ്മയുടെ പേര്,  കമലം അവിടെ സഞ്ചാരികള്‍ താമസിക്കുന്ന ഹോട്ടല്‍ നടത്തുകയാണ്. എന്തിനാണു ഹോസ്പിറ്റല്‍ ജോലി, വീട്ടിലേക്കു വരൂ എന്നാണ് അമ്മ പറയുന്നത്. അവള്‍ക്ക് ഈ നഗരം വിട്ടു പോകാന്‍ ഇഷ്ടമല്ല. - ഇത്രയും കാര്യങ്ങള്‍ അവള്‍, നേരത്തേ തയാറെടുത്തുവന്നപോലെ, അയാള്‍ ചോദിക്കാതെതന്നെ പറഞ്ഞതാണ്. പക്ഷേ അയാള്‍, അവളുടെ സംസാരത്തിനിടയില്‍ കയറി പെട്ടെന്നു സ്വന്തം പേരു പറഞ്ഞു. അവള്‍ ചിരിച്ചുപോയി. എന്നിട്ടു തങ്കമണി എന്നു പറഞ്ഞു. പിരിയും മുന്‍പ് അവര്‍ പരസ്പരം ഗാഢമായി നോക്കി.
അന്നു സന്ധ്യക്കു തോമസ് കൂട്ടുകാരന്റെ ഫ്‌ളാറ്റില്‍ പോയി. ശിവന്റെ ഭാര്യയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. സംസാരത്തിനിടെ തോമസ്, തങ്കമണിയുടെ കാര്യം പറഞ്ഞു. ശിവന്‍ അയാളുടെ തോളത്തുതട്ടി "അതെയോ!' എന്നു കൗതുകം പ്രകടിപ്പിച്ചു. ഇറങ്ങാന്‍ നേരം ലിഫ്റ്റിന്റെ വാതില്‍ വരെ ശിവന്‍ വന്നു. ഒരു കൂട്ടുകാരി ഉള്ളതു നല്ലതാണ് എന്നു പറഞ്ഞ് തോമസിന്റെ കൈ പിടിച്ചു. അയാള്‍ ദീര്‍ഘശ്വാസമെടുത്തു. ലിഫ്റ്റിന്റെ വാതില്‍ അടയും മുന്‍പ് അയാള്‍ കൂട്ടുകാരനെ നോക്കി കൈ വീശി.

ഒരു കൂട്ടുകാരനെ കണ്ടശേഷം അവനില്ലാതെ തിരക്കേറിയ തെരുവിലേക്ക് ഇറങ്ങിനടന്നിട്ടുണ്ടെങ്കില്‍ മനസിലാകും, എങ്ങോട്ടു പോകണമെന്നറിയാതെ ആദ്യം ഒന്നു നിന്നുപോകും. അസ്വസ്ഥതയാണോ മടുപ്പാണോ എന്നറിയില്ല. നഗരങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്ന മനുഷ്യര്‍ക്ക് സന്ധ്യ പിന്നിടുമ്പോള്‍ അനുഭവപ്പെടുന്നത്. മറ്റൊരിടവും ഇല്ലാത്തതിനാല്‍, ശിവനൊപ്പം പോകാറുള്ള ബാറിലെത്തി. മട്ടുപ്പാവിലേക്കു പോകാതെ തിരക്കില്‍ ഒരു മൂലയിലിരുന്നു. ആ ബഹളത്തില്‍ താന്‍ കുമിളകള്‍ പോലെ നേര്‍ത്തു പൊട്ടുന്നത് അയാള്‍ കണ്ടു. തിരിച്ചെത്തി ലോഡ്ജിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കു സമീപം നിന്ന് സിഗരറ്റ് കത്തിക്കുമ്പോള്‍, എല്‍കുന്നിലെ തപാല്‍ ഓഫീസ് വളപ്പിലെ അത്തിമരത്തിനു ചുവട്ടില്‍നിന്ന് വലിക്കാറുള്ളത് ഓര്‍ത്തു.

രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയ്ക്കുശേഷം തങ്കമണി വീണ്ടും വന്നു. അവളെ കണ്ടതും അയാള്‍ എഴുന്നേറ്റുനിന്നു. പൂക്കളുടെ പദപ്രശ്‌നം പൂര്‍ത്തിയായി എന്ന് അവളോട് പറഞ്ഞു. തങ്കമണിയുടെ മുഖത്ത് അമ്പരപ്പുണ്ടായി. പറഞ്ഞത് അവള്‍ക്കു മനസ്സിലായില്ലെന്നു കണ്ടപ്പോള്‍ അയാള്‍ താന്‍ വരച്ചത് എടുത്തുകാണിച്ചു. അവള്‍ കടലാസ് വാങ്ങി ശ്രദ്ധയോടെ നോക്കി. തങ്കമണിയുടെ വട്ടമുഖവും കൂട്ടുപുരികവും വിടര്‍ന്ന ചുണ്ടുകളും അയാള്‍ ശ്രദ്ധിച്ചു. അവള്‍ക്കു തന്നേക്കാള്‍ പൊക്കമുണ്ടെന്നും മനസ്സിലായി. പദപ്രശ്‌നം തിരിച്ചുകൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞു, "നാം സുഹൃത്തുക്കളായി അല്ലേ..!'
തോമസ് പുഞ്ചിരിയോടെ തലയാട്ടുക മാത്രം ചെയ്തു. വലതു കൈപ്പത്തി കൗണ്ടറിലെ ചില്ലുപ്രതലത്തില്‍ നിവര്‍ത്തിവച്ച് അവള്‍ ചോദിച്ചു, "നമുക്ക് വൈകിട്ട് ഒരുമിച്ചു ഭക്ഷണം കഴിച്ചാലോ..?'
തോമസ് സമ്മതിച്ചു. സമയവും സ്ഥലവും തീരുമാനിച്ചശേഷം തങ്കമണി പോയി. അവള്‍ കൈ വച്ചിടത്ത് വിരലുകളുടെ പാടുകള്‍ കണ്ടു. അതു മായുന്നതും നോക്കി അയാള്‍ നിന്നു.

റസ്റ്ററന്റിലേക്കു പോകുന്നതിനു മുന്‍പേ അവര്‍ കുറച്ചുനേരം ചുറ്റിനടന്നു. കായലോരത്തെ ഉദ്യാനത്തില്‍ പോയിരുന്നു. തനിക്ക് 28 വയസ്സായെന്നും രണ്ടു വര്‍ഷം മുന്‍പ് വിവാഹം മുടങ്ങിപ്പോയെന്നും അവള്‍ പറഞ്ഞു. കന്യാകുമാരിയില്‍ കടലിന് അഭിമുഖമായാണ് അച്ഛന്റെ ഹോട്ടല്‍. അവള്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. നൃത്ത വിദ്യാലയം നടത്തുകയായിരുന്ന കമലം അതോടെ അതു നിര്‍ത്തി ഹോട്ടല്‍ ബിസിനസിലെത്തി. തോമസിനു ഭാര്യയെയും കൂട്ടി കന്യാകുമാരിക്ക് പോകണമെങ്കില്‍ താമസം ഒരുക്കാമെന്ന് അവള്‍ പറഞ്ഞു.
ഞാന്‍ വിവാഹം കഴിച്ചിട്ടില്ല- തോമസ് പറഞ്ഞു.
എങ്കില്‍ നമുക്കു ഒരുമിച്ച് പോകാം- തങ്കമണി ചിരിച്ചു
കാറ്റില്‍ അവളുടെ മുടികള്‍ പാറുന്നതു നോക്കി, തീര്‍ച്ചയായും പോകാമെന്ന് അയാള്‍ പറഞ്ഞു. അവര്‍ക്കിടയില്‍  മൗനങ്ങളുടെ രസമുള്ള ഇടവേളകളുണ്ടായി. ഒരാളെ പുതിയതായി ഇഷ്ടപ്പെട്ടുതുടങ്ങുമ്പോള്‍, അയാളോടു പറയണമെന്നു ആഗ്രഹിക്കുന്ന കുറേ കാര്യങ്ങള്‍ ഇല്ലേ, ഇഷ്ടമുളള വസ്തുക്കള്‍, സിനിമകള്‍, സ്ഥലങ്ങള്‍, വ്യക്തികള്‍, സ്വഭാവങ്ങള്‍,ദേഷ്യങ്ങള്‍, സ്വകാര്യങ്ങള്‍... പക്ഷേ ഒരു വ്യക്തിയുടെ യാഥാര്‍ഥ്യമെന്നത് അയാള്‍ പാലിക്കുന്ന മൗനങ്ങള്‍ കൂടിയാകുന്നു. തന്റേതു മാത്രമായ, താന്‍ മാത്രമറിയുള്ള തന്റെ രഹസ്യങ്ങള്‍, അതൊരു കഥയായി പറയാനാവുന്ന സന്ദര്‍ഭം കാത്ത് മനുഷ്യര്‍ ജീവിക്കും. എത്ര വലിയ രഹസ്യമായാലും അത് ഒരാളെങ്കിലും അറിഞ്ഞിരിക്കണമെന്ന വെമ്പലാകാം, ഒരുപക്ഷേ രണ്ടുവ്യക്തികളെ തമ്മില്‍ വേഗം കൂട്ടിമുട്ടിക്കുന്നത്. തങ്കമണിയും തോമസും സംസാരം തുടങ്ങിയപ്പോള്‍ അവരുടെ ഭൂതകാലം പരസ്പരം മുട്ടിത്തുറക്കാന്‍ ശ്രമിച്ചു പരക്കം പാഞ്ഞു, അത് കെണിയില്‍ വീണുപോയ മൃഗത്തിന്റെ പരാക്രമം പോലെയായിരുന്നു. 
തങ്കമണിയെപ്പറ്റി അറിയാനും അവളുമായി സംസാരിച്ചുകൊണ്ടിരിക്കാനും തോമസിനു നല്ല ആഗ്രഹം തോന്നി. അയാള്‍ ഒരു സ്ത്രീയുടെ അടുത്തിരുന്നു സംസാരിച്ചിട്ടു വര്‍ഷങ്ങളായിരുന്നു. ഇപ്പോള്‍, കാറ്റില്‍ അവളുടെ ഗന്ധം അയാള്‍ക്കു കിട്ടുന്നുണ്ട്. ആ ഗന്ധം ഇടവിട്ടാണെന്നത് അയാളിലെ ജിജ്ഞാസ വര്‍ധിപ്പിക്കുന്നു. മണത്തുകഴിയും മുന്‍പേ അതു നഷ്ടമാകുകയാണ്. തങ്കമണിയെ ആദ്യം കണ്ട ദിവസം രാത്രി ഉറങ്ങാന്‍ കിടന്നപ്പോഴും ഇതുപോലൊരു ജിജ്ഞാസയുണ്ടായി. വളരെ ദൂരെ ഒരിടത്തേക്ക്, വനത്തിനു നടുവിലെ പുഴയുടെ വിജനതയിലൂടെ വഞ്ചിയില്‍ ഒറ്റയ്ക്കു തുഴഞ്ഞുപോകുംപോലെ ആയിരുന്നു. 
അന്ന് എന്തായിരിക്കും അവളുടെ പേര് എന്നോര്‍ത്ത്, ആ വിചാരത്തിന്റെ അലകളിലാണു താനുറങ്ങിയതെന്ന്, റസ്റ്ററന്റിലിരിക്കെ തങ്കമണിയോടു പറയാന്‍ തോമസ് ആഗ്രഹിച്ചു. പക്ഷേ വാക്കുകള്‍ അയാള്‍ കരുതിയതു പോലെ പുറത്തേക്കു വന്നില്ല. അവളാകട്ടെ റസ്റ്ററന്റിലെ ഭിത്തിയില്‍ തൂക്കിയ ഫോട്ടോഗ്രാഫുകള്‍ ശ്രദ്ധിക്കുകയായിരുന്നു. അതിലൊന്ന് കനത്ത നിറങ്ങളുള്ള ഗ്രാഫിറ്റിയുടെ മുന്നില്‍ ഒരു പെണ്‍കുട്ടി കൈകെട്ടി നില്‍ക്കുന്നതായിരുന്നു. മറ്റൊരാള്‍ അവളുടെ സമീപം ഇരുന്ന് മതിലില്‍ വരയ്ക്കുന്നുണ്ടായിരുന്നു. മതിലിലെ നിറങ്ങളാണോ പെണ്‍കുട്ടിയാണോ ആ ഫോട്ടോഗ്രാഫിനെ മനോഹരമാക്കുന്നത്? തീര്‍ച്ചയായും ഫോട്ടോഗ്രാഫര്‍ പെണ്‍കുട്ടിയെയാണു നോക്കുന്നത്. അവളുടെ കണ്ണുകളില്‍ കുസൃതി കലര്‍ന്ന പ്രകാശം പരിലസിക്കുന്നുണ്ട്.

Ajay P Mangad Story Illustration by Devaprakash (8)_0.jpg

എല്‍കുന്നിലെ ജീവിതം എങ്ങനെയായിരുന്നുവെന്നും അവിടെ എങ്ങനെയാണു തോമസ് ഒഴിവുനേരങ്ങള്‍ ചെലവഴിച്ചിരുന്നെന്നും തങ്കമണി ചോദിച്ചു. എല്‍കുന്നില്‍ തപാല്‍ ഓഫിസിനോടു ചേര്‍ന്ന ക്വാര്‍ട്ടേഴ്‌സിലായിരുന്നു തോമസിന്റെ താമസം. അത് പോസ്റ്റ്മാസ്റ്റര്‍ക്ക് താമസിക്കാന്‍വേണ്ടിയുള്ളതായിരുന്നുവെങ്കിലും അദ്ദേഹം അവിടെ താമസിക്കാന്‍ തോമസിനെ അനുവദിച്ചു. അഞ്ചുമണിക്ക് പോസ്റ്റ് ഓഫീസ് അടച്ചുകഴിഞ്ഞാല്‍ അവിടേക്ക് പിന്നെയാരും വരില്ല. പരിസരത്തെങ്ങും വേറെ വീടുമില്ല. പടവുകള്‍ ഇറങ്ങി ചെല്ലുമ്പോഴുള്ള കവലയില്‍ എട്ടു മണിക്കു മുന്‍പേ കടകളെല്ലാം അടയ്ക്കും. നഗരത്തില്‍നിന്നുള്ള അവസാന വണ്ടി ഒന്‍പതുമണിയോടെ എത്തും. ഒന്നോ രണ്ടോ യാത്രക്കാരെ മാത്രം വച്ച് ബസ് തൊട്ടടുത്തുള്ള അവസാന സ്റ്റോപ്പിലേക്കു പോകുന്നതു കണ്ടശേഷമാണു തോമസ് ഉറങ്ങാന്‍ കിടക്കുക.
കുന്നിനുമുകളില്‍, തപാല്‍ന ഓഫീസിന്റെ തിണ്ണയിലിരുന്നാല്‍ അകലെയുള്ള വെള്ളച്ചാട്ടം കാണാം. മഴക്കാലരാത്രികളില്‍ ആ ഇരമ്പം തൊട്ടടുത്തുനിന്നാണെന്നു തോന്നും. പക്ഷേ ഗ്രാമജീവിതം വിരസ്സമാണെന്ന് തോമസ് തങ്കമണിയോടു പറഞ്ഞു. അതു ശരിയാണോ, അവള്‍ ചോദിച്ചു, അവിടെ നല്ല കാഴ്ച കണ്ടും നല്ല വായു ശ്വസിച്ചും ജീവിക്കാമല്ലോ..
എല്‍കുന്നില്‍ തോമസ് കാഴ്ച കാണാനൊന്നും പോയില്ല. എങ്കിലും അതിരാവിലെ എഴുന്നേല്‍ക്കും. ഓഫീസ് പരിസരം അയാള്‍ത്തന്നെ വൃത്തിയാക്കും. പോസ്റ്റ് ഓഫീസിലേക്കുള്ള പത്രം തിണ്ണയിലിരുന്നു വായിച്ചുതീര്‍ക്കും. ബസ് കയറാനായി ആളുകള്‍ പല ഇടവഴികളിലൂടെ നടന്ന് കവലയിലേക്കു വന്നുചേരുന്നത് അയാള്‍ക്ക് തിണ്ണയിലിരുന്നാല്‍ കാണാം. ഓഫീസ് സമയം കഴിഞ്ഞാല്‍ വാതിലുകള്‍ അകത്തുനിന്ന് അടച്ച് അയാള്‍ ഓഫീസില്‍ കുറേസമയം കൂടി ഇരിക്കും. ക്വാര്‍ട്ടേഴ്‌സില്‍ തിരിച്ചെത്തിയാല്‍ കുറച്ചുസമയം തനിയെ ചെസ് കളിക്കും. അത്താഴത്തിനു സമയമാകുമ്പോള്‍ രാവിലെ ഉണ്ടാക്കിവച്ചിട്ടുള്ള ചോറ് ചൂടാക്കിക്കഴിക്കും.
ഒരു ദിവസം വൈകിട്ട് ഒരാള്‍ തോമസിനെ കാണാന്‍ പോസ്റ്റ് ഓഫീസിലെത്തി. അങ്ങിങ്ങു നരച്ചു നീണ്ട താടിയുളള തടിച്ച് ഉയരം കുറഞ്ഞ മനുഷ്യന്‍. ക്വാര്‍ട്ടേഴ്‌സിന്റെ വാതിലില്‍ മുട്ടു കേട്ട് തോമസ് പുറത്തിറങ്ങിയപ്പോള്‍ അയാള്‍ ചെരുപ്പൂരിവച്ച് മുറ്റത്തുതന്നെ നഗ്‌നപാദനായി നില്‍ക്കുന്നു. തോമസിനെ കണ്ടതും മടക്കിക്കുത്തിയ മുണ്ട് അയാള്‍ താഴ്ത്തിയിട്ടു. അയാളുടെ തോളില്‍ മുഷിഞ്ഞ സഞ്ചിയുണ്ടായിരുന്നു.
"സാര്‍, ഞാന്‍ വര്‍ക്കി', അയാള്‍ പറഞ്ഞു.
"ഓഫീസ് സമയം കഴിഞ്ഞല്ലോ...'
"അയ്യോ സാര്‍, ഓഫീസ് കാര്യത്തിനല്ല...'
തോമസ് അയാളെ സൂക്ഷിച്ചു നോക്കി.
"ചെസ് കളിക്കാന്‍ വന്നതാ ..' അയാള്‍ പറഞ്ഞു.
"തന്നോടാരാ പറഞ്ഞത് ഇവിടെ ചെസ് കളിയുണ്ടെന്ന്..'
അയാള്‍ പരുങ്ങി. എന്നിട്ട് സ്വരം താഴ്ത്തി സങ്കോചത്തോടെ പറഞ്ഞു, "സാറു ക്ഷമിക്കണം. പോസ്റ്റ്മാസ്റ്റര്‍ ഒരുദിവസം എന്നോടു പറഞ്ഞതാ, സാറ് തനിയെ ഇരുന്ന് ചെസ് കളിക്കുവാന്ന്. എനിക്കാണെങ്കില്‍ ഒരു കമ്പനി കിട്ടാതെ ഇരിക്കാര്‍ന്ന്.'
തോമസിനു കാര്യം മനസിലായി. അയാള്‍ പറഞ്ഞു. "എനിക്കു തനിച്ചു കളിക്കുന്നതാ ഇഷ്ടം.'
വര്‍ക്കിയുടെ തല കുനിഞ്ഞു. അയാള്‍ ചെരുപ്പിട്ടു തിരിച്ചുനടക്കുമ്പോള്‍ തോമസ് ചോദിച്ചു, "തന്റെ വീടെവിടെയാ?'. അയാള്‍ അടുത്ത മലയുടെ മുകളിലേക്കു കൈ ചൂണ്ടി. ആ സ്ഥലത്തിന്റെ പേരു പറഞ്ഞു.
തോമസ് മലയിലേക്കു നോക്കി. അയാള്‍ കൈ ചൂണ്ടിയ സ്ഥലം ആ വിസ്തൃതമായ പരപ്പില്‍ കണ്ടുപിടിക്കുന്ന പോലെ ഏതാനും നിമിഷങ്ങള്‍ അങ്ങനെ നിന്നു. എന്നിട്ടു വര്‍ക്കിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "താന്‍ വാ!'

ഭക്ഷണം കഴിഞ്ഞു റസ്റ്ററന്റില്‍നിന്നിറങ്ങി തങ്കമണിയും തോമസും തിരിച്ചു നടക്കുകയായിരുന്നു. ആ തപാല്‍ ഓഫിസിനുമുന്നില്‍ വര്‍ക്കി പ്രത്യക്ഷപ്പെട്ട രീതി തങ്കമണിക്കു രസിച്ചു. വര്‍ക്കിയുടെ കയ്യിലുള്ള സഞ്ചിയില്‍ അയാളുടെ സ്വന്തം ചെസ് ബോര്‍ഡും കരുക്കളുമായിരുന്നു. രാവിലെ അതുമായിട്ടാണ് അയാള്‍ വീട്ടുപറമ്പിലെ പണിക്കിറങ്ങുക. വിശ്രമനേരത്തു കളിക്കാന്‍ തോന്നിയാലോ. വൈകിട്ടു കവലയിലെത്തിയാല്‍ ഒഴിഞ്ഞ കടത്തിണ്ണയിലിരുന്ന് ആരെങ്കിലുമായി ചെസ് കളിക്കും. ആരേം കിട്ടിയില്ലെങ്കില്‍ തനിച്ചു കളിക്കും. അങ്ങനെ ഒരു ദിവസമാണു പോസ്റ്റ് മാസ്റ്റര്‍ അതുവഴി പോയപ്പോള്‍, ഇതുപോലൊരാള്‍ ഒറ്റയ്ക്കിരുന്നു കളിക്കുന്നുണ്ട് അങ്ങോട്ടു ചെല്ലൂ എന്ന് പറഞ്ഞത്.

Ajay P Mangad Story Illustration by Devaprakash (4)_0.jpg

പിറ്റേന്നു കാണാനാവില്ലെന്നു തങ്കമണി പറഞ്ഞപ്പോള്‍ തോമസിനു നിരാശയായി. കുറച്ചുദിവസം കഴിഞ്ഞ് ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു തങ്കമണി പ്രത്യക്ഷപ്പെട്ടു. അമ്മയ്ക്കുള്ള പോസ്റ്റ് കാര്‍ഡ് അയച്ചശേഷം അവള്‍ പറഞ്ഞു, "അഞ്ചു മണിയോടെ വരാം. ഇവിടെ വെയിറ്റ് ചെയ്യുമോ?'
അയാള്‍ കാത്തുനിന്നു. കൃത്യം അഞ്ചുമണിക്കു വേറൊരു സാരിയുടത്തു തങ്കമണി വന്നു. അങ്ങിങ്ങു വെള്ളപ്പൂക്കള്‍ തുന്നിച്ചേര്‍ന്ന നീലസാരി. അയാള്‍ സാരിയിലേക്കു നോക്കുന്നതു കണ്ടപ്പോള്‍ തങ്കമണി "നല്ലതല്ലേ?' എന്ന് ചോദിച്ച് അയാളുടെ മുന്നില്‍ അനങ്ങാതെ നിന്നു. കൈകള്‍ വിടര്‍ത്തി സ്വയം ഒന്നുകൂടി നോക്കി. അയാള്‍ ചിരിച്ചു.

തപാല്‍ ഓഫീസ് ക്വാര്‍ട്ടേഴ്‌സിലേക്കുള്ള വൈകുന്നേരങ്ങളിലെ വരവുകള്‍ വര്‍ക്കി ഒരിക്കലും മുടക്കിയില്ല. കവലയിലെ കടയില്‍നിന്ന് തോമസിന് ആവശ്യമുള്ള വീട്ടുസാധനങ്ങള്‍ വര്‍ക്കി വാങ്ങിക്കൊടുക്കും. തപാല്‍ ഓഫീസിന്റെ തിണ്ണയിലെ മേശമേല്‍ ഇരുവരും ചെസ് കളിക്കും. ചില ദിവസങ്ങളില്‍ രാത്രി എട്ടുവരെയൊക്കെ അതു നീളും. അതു വര്‍ക്കി കുറച്ചു ലഹരിയുമായി വരുന്ന ദിവസങ്ങളിലാണ്. ശ്രദ്ധാപൂര്‍വം ബീഡിയിലയില്‍ പൊതിഞ്ഞു നേരിയ നൂലു കെട്ടി വര്‍ക്കി അത് അയാള്‍ക്കു നേരെ നീട്ടും. ആ ലഹരിയുടെ തരംഗങ്ങളില്‍ അവര്‍ ബദ്ധശ്രദ്ധരായി ഇരിക്കും. വര്‍ക്കിയുടെ സംസാരം ഏറ്റവും ചടുലമാകുന്നത് അപ്പോഴാണ്, കുടിയേറ്റകാലത്തെ പലപല അനുഭവങ്ങള്‍ "സാറിന് അറിയോ !' എന്ന ചോദ്യത്തോടെ പൊടുന്നനെ വിവരിക്കാന്‍ തുടങ്ങും.

വര്‍ക്കിയുടെ കുട്ടിക്കാലത്ത് ഈ താഴ്വാരമാകെ മുളങ്കാടുകളായിരുന്നു. പണിസ്ഥലത്തേക്കു രാവിലെ അപ്പനുമമ്മയ്ക്കുമൊപ്പം എത്തുമ്പോള്‍ അവയെല്ലാം മഞ്ഞുവീണു നിലംപറ്റിക്കിടക്കുകയാവും. ഉച്ചഭക്ഷണമടങ്ങിയ തുണിസഞ്ചി ചായ്ഞ്ഞുകിടക്കുന്ന മുളങ്കമ്പില്‍ കെട്ടിയിട്ടശേഷം പണിയെടുക്കാന്‍ പോകും. സൂര്യന്‍ ഉച്ചിയിലെത്തുമ്പോള്‍, ഭക്ഷണം കഴിക്കാനായി തിരിച്ചെത്തുമ്പോള്‍, മഞ്ഞു വാര്‍ന്നുപോയ മുളഞ്ചില്ലകളെല്ലാം ആകാശത്തിനുനേരെ ഉയര്‍ന്നിട്ടുണ്ടാവും.

തങ്കമണിയും തോമസും കായലിനോടു ചേര്‍ന്ന നടപ്പാതയിലെ ബഞ്ചില്‍ ഇരിക്കുകയായിരുന്നു. ആ സന്ധ്യയുടെ ഉഷ്ണത്തിലേക്ക് എല്‍കുന്നിലെ മുളങ്കാടുകള്‍ ഇളകിയാടിയപ്പോല്‍ തങ്കമണിയുടെ കവിള്‍ത്തടം തണുത്തു. അവള്‍ അയാളുടെ കൈവിരലുകളില്‍ തൊട്ടുകൊണ്ടു പറഞ്ഞു, നമുക്ക് ഈ ആഴ്ച തന്നെ കന്യാകുമാരിക്കു പോകാം. നല്ല രസമായിരിക്കും, അവിടെ അഞ്ചാം നിലയിലെ മുറിയുടെ ബാല്‍ക്കണിയില്‍ കടലിലേക്കു നോക്കിയിരുന്നു സംസാരിക്കാം.
അവള്‍ കാര്യമായി പറയുന്നതാണോ എന്ന് സംശയം തോന്നിയിട്ടും തോമസ് തലയാട്ടി. അയാള്‍ പെട്ടെന്നു താന്‍ പറഞ്ഞുവന്നതു നിര്‍ത്തിയിട്ട് അവളുടെ മുടങ്ങിയ കല്യാണത്തെപ്പറ്റി ചോദിച്ചു. 
"നിനക്കു വിഷമമാണെങ്കില്‍ പറയരുത്. പക്ഷേ, ചോദിക്കാതിരിക്കാനാവില്ല.'
"ചോദിക്കൂ..'
"ആരായിരുന്നു അയാള്‍?'
"ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു.'
"എന്താണു സംഭവിച്ചത് ?'
"ഇപ്പോള്‍ വയ്യ, പിന്നീടു പറയാം..' അവള്‍ കായലിലേക്കു നോക്കി. തങ്ങള്‍ക്കിടയിലെ ജിജ്ഞാസകള്‍ പെട്ടെന്ന് അവസാനിച്ചുപോകരുതെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ടാവും. അവളെ തന്റെ സംസാരം അലട്ടുകയാണോ എന്ന് അയാള്‍ സംശയിച്ചു. താന്‍ അവള്‍ക്കൊപ്പം കായല്‍ക്കരയില്‍ ഇരിക്കുന്നുവെന്നതും ഈ ബന്ധം അയാളെ മറ്റൊരിടത്തേക്ക്, ദുരൂഹമായ ഏതോ അനുഭവത്തിലേക്ക് കൈ പിടിച്ചുകൊണ്ടുപോയേക്കുമെന്ന ചിന്ത അയാളെ ചുറ്റാന്‍ തുടങ്ങി. ഒരു തരം ആധിയാണത്. വര്‍ക്കിയുമായി ലഹരി പുകച്ച ആദ്യത്തെ സന്ധ്യയില്‍ പൊടുന്നനെ അത്തരമൊരു ആധിയായിരുന്നു തോമസിനെ പിടികൂടിയത്.  അസാധാരണമായ സംഭവങ്ങള്‍ വരാന്‍ പോകുന്നുവെന്ന ഉല്‍ക്കണ്ഠ അയാളുടെ തലച്ചോറിലൂടെ പാഞ്ഞുപോയി. തലയ്ക്കകം മിന്നലേറ്റപോലെ അയാള്‍ പിടഞ്ഞു. വര്‍ക്കി എഴുന്നേറ്റു വന്ന് അയാളുടെ തോളത്തു പിടിച്ച്, "സര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ.. എങ്കില്‍ ഇനി വലിക്കരുത്,' എന്ന് പറഞ്ഞു. തലയ്ക്കകം പൊള്ളുന്ന പോലെ തോന്നുന്നുവെന്നു തോമസ് പറഞ്ഞു. വര്‍ക്കി തുണി നനച്ചുകൊണ്ടുവന്ന് അയാളുടെ പിന്‍കഴുത്തും നെറ്റിത്തടവും തുടച്ചുകൊടുത്തു. പേടിക്കരുത് എന്നു പറഞ്ഞു.

തങ്കമണിക്കൊപ്പം കായലോരത്തിരിക്കെ തോമസിനു ആ പൊള്ളല്‍ തിരിച്ചുവരുന്നതുപോലെ തോന്നി. തങ്കമണിയുടെ ഗന്ധമാണോ തലച്ചോറിലെ ആധികളെ ഉണര്‍ത്തുന്നത്. കന്യാകുമാരിക്കു പോകരുതെന്ന് പെട്ടെന്ന് അയാള്‍ക്കു തോന്നി. എന്നാല്‍ അവളുടെ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അയാള്‍ക്കു വീര്‍പ്പുമുട്ടി. ശനിയാഴ്ച രാവിലെ ട്രെയിനിനു കന്യാകുമാരിക്കു പോകാമെന്നു അവള്‍ പറഞ്ഞു.
തോമസിനുണ്ടായ ഭാവമാറ്റം അയാളിലെ ഭൂതങ്ങള്‍ ഉണര്‍ത്തുന്ന സന്ദേഹങ്ങളാണെന്ന് ഹോസ്റ്റലിലേക്കു ഓട്ടോയിലിരിക്കുമ്പോള്‍ തങ്കമണിക്കു തോന്നി. അയാളുടെ മെലിഞ്ഞു നീണ്ട കൈകള്‍. ചുമലിലേക്കു പടര്‍ന്ന തലമുടി. മേല്‍ച്ചുണ്ടുകളെ മറയ്ക്കുന്ന മീശ. മുനയുള്ള കണ്ണുകള്‍. അതെല്ലാം തന്നെ ആകര്‍ഷിക്കുന്നുണ്ട്. പക്ഷേ, ശബ്ദങ്ങള്‍ അയാളെ നടുക്കുന്നുവെന്നാണു തങ്കമണിക്കു തോന്നിയത്. മൃഗശാലയില്‍ അലസമായി കിടക്കുന്ന കടുവയുടെ കണ്ണുകളിലെ നിസംഗമായ ജാഗ്രതയാണ് അയാളെ ആദ്യം ശ്രദ്ധിച്ചപ്പോള്‍ തങ്കമണിയുടെ ഉള്ളില്‍ പതിഞ്ഞത്. അന്നേദിവസം രാത്രി കണ്ണാടിക്കു മുന്നില്‍നിന്ന് തലമുടിയിലെ പിന്നുകള്‍ ഊരുമ്പോള്‍ തങ്കമണിക്ക്, അയാളെ വീണ്ടും കാണാന്‍ തോന്നിയിരുന്നു.  അവര്‍ പരിചയപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസത്തെ പോസ്റ്റ് കാര്‍ഡില്‍ തങ്കമണി എഴുതി. ""അമ്മേ, പഠിക്കുന്ന കാലം മുതല്‍ ഞാന്‍ കത്തെഴുതുക പോസ്റ്റ് ഓഫീസിലിരുന്നാണ്. ഒരാളും ഞാനെഴുതുന്നതു ശ്രദ്ധിച്ചിട്ടില്ല. ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയിട്ടുമില്ല. ഇപ്പോള്‍ ഈ എഴുതുന്നത് ഒരാള്‍ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. ആ നോട്ടം കൊണ്ടുവരുന്ന വികാരം ഞാനറിയുന്നു അമ്മേ! അമ്മയ്ക്ക് ഈ കത്ത് അമ്പരപ്പാകുമെന്ന് എനിക്കറിയാം. കൂടുതല്‍ അമ്പരപ്പുകള്‍ ഇനി ഞാന്‍ അമ്മയ്ക്കു തരും..'' 

Ajay P Mangad Story Illustration by Devaprakash (5)_0.jpg

കന്യാകുമാരിക്കു ചെല്ലുന്നുവെന്നു പറഞ്ഞ് അമ്മയ്‌ക്കെഴുതിയ ദിവസമാണ് തങ്കമണിക്ക് ഏറ്റവും ആഹ്ലാദം തോന്നിയത്. അത് വായിക്കുമ്പോള്‍ അമ്മയുടെ ഭാവമെന്തായിരിക്കും?  അമ്മയുടെ രൂപം മനസ്സില്‍ വന്നപ്പോഴേക്കും തോമസ് എന്തു പ്രത്യേകതയാവും തന്നില്‍ കണ്ടതെന്ന് അവള്‍ ആലോചിച്ചുനോക്കി. സ്വന്തം മൂക്കും ചുണ്ടും കഴുത്തുമെല്ലാം അവള്‍ കണ്ണാടിയില്‍ നോക്കി. ഒരു നിമിഷം, താന്‍ പരാജയമായേക്കുമോ എന്ന ശങ്കയാല്‍ തന്റെ മുഖം വിളറുന്നത് തങ്കമണി കണ്ടു. അടുത്തക്ഷണം തന്റെ മുഖത്തേക്ക് ഒരു ചിരി വരുന്നതും അവള്‍ അറിഞ്ഞു.  പരാജയത്തിന്റെ വക്കില്‍നില്‍ക്കുമ്പോഴാകും ജയിക്കാനുള്ള ശക്തി തന്നിലേക്കു വരുന്നതെന്ന് അവള്‍ക്ക് അനുഭവമുണ്ട്. ഓരോ തവണ തോമസിനെ നോക്കുമ്പോഴും അയാളുടെ ഉള്ളം, അവള്‍ക്ക് അനുഭവപ്പെടാറുണ്ട്. അതാണ് അവള്‍ക്ക് ആത്മവിശ്വാസം പകരുന്നതും.

തങ്കമണിയുടെ തോന്നലുകള്‍ സത്യമായിരുന്നു. തോമസിന് അവളുടെ സംസാരവും നോട്ടവുമാണു ഏറ്റവും തീവ്രമായി തോന്നിയത്. ആ നടത്തം നോക്കിനില്‍ക്കുമ്പോള്‍ അയാളില്‍ ഗൃഹാതുരത പോലെ ഒരു വികാരം പടര്‍ന്നു. അതില്‍നിന്ന് ഓടിയൊളിക്കാനാവാതെ അയാള്‍ നിന്നു.
ശനിയാഴ്ച രാവിലെ ട്രെയിനില്‍ അവര്‍ കന്യാകുമാരിക്കു പുറപ്പെട്ടു. ഒരു പെണ്ണിനൊപ്പം തോമസ് ആദ്യമായി ദൂരയാത്ര ചെയ്യുകയായിരുന്നു. ഇത്രയും കാലം ജീവിച്ചിട്ടും തനിക്ക് ഒരു പെണ്ണിനൊപ്പം യാത്ര പോകാന്‍ തോന്നാതിരുന്നത്, അല്ലെങ്കില്‍ അതിന് അവസരമില്ലാതെ പോയത് കഷ്ടം തന്നെ എന്ന് അയാള്‍ വിചാരിച്ചു. തങ്കമണിയോട് പക്ഷേ അയാള്‍ പറഞ്ഞത്, താന്‍ ആദ്യമായി കന്യാകുമാരിക്കു പോകുന്നുവെന്നാണ്. അച്ഛന്‍ കന്യാകുമാരിയില്‍ ഹോട്ടലുടമയായിരുന്നില്ലെങ്കില്‍ താന്‍ ഒരിക്കലും കന്യാകുമാരിയില്‍ എത്തില്ലായിരുന്നുവെന്നു തങ്കമണിയും വിചാരിച്ചു. ആ വിചാരത്തിനൊടുവിലാണ് തങ്കമണി അവളുടെ മുടങ്ങിയ വിവാഹത്തെപ്പറ്റി തോമസിനോട് പറഞ്ഞത്. ഭാവിയില്‍ ദൂരെയുള്ള മറ്റേതോ നാട്ടില്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, യാത്രയുടെ വിരസത മാറ്റാന്‍ അപ്പോള്‍ പരിചയത്തിലായ സഹയാത്രികയോടോ സഹയാത്രികനോടോ ഇതൊരു കഥയായി പറയുമെന്നാണ് അവള്‍ സങ്കല്‍പിച്ചിരുന്നത്. എന്നാല്‍ സാധാരണ മനുഷ്യര്‍ പറയുന്ന കഥ പോലെ ഒന്നല്ല തന്റേത് എന്ന് അവള്‍ക്കറിയാമായിരുന്നു.
തങ്കമണി ബിഫാം പഠനം പൂര്‍ത്തിയാക്കുന്ന വര്‍ഷമാണു  സുനിലിനെ കണ്ടത്. സുമുഖനും സൗമ്യപ്രകൃതക്കാരനുമായ ആ യുവാവിനെ നഗരത്തില്‍ ഒരു ഭക്ഷ്യമേളയ്ക്കിടെ  അവള്‍ പരിചയപ്പെട്ടു. കേറ്ററിങ് ഏജന്‍സി നടത്തുകയായിരുന്ന സുനിലിന്റെ ഒരു സ്റ്റാള്‍ അവിടെയുണ്ടായിരുന്നു. പിന്നീട് അവര്‍ പതിവായി കാണാന്‍ തുടങ്ങി. ഒരു ദിവസം രാവിലെ സുനിലിന്റെ താമസസ്ഥലത്ത് അവള്‍ പോയി. സുനില്‍ അവള്‍ക്കായി ഭക്ഷണമുണ്ടാക്കി. സന്ധ്യയായപ്പോള്‍ തങ്കമണി പറഞ്ഞു, എനിക്കു നിന്നെ ഇഷ്ടമായി. ഞാനിവിടെ താമസിക്കാന്‍ പോകുന്നു. സുനില്‍ പറഞ്ഞു, ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. നമുക്ക് ഒരുമിച്ചു ജീവിക്കാം. അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ദിവസം തങ്കമണിക്ക് അത്ഭുതം പോലെയാണു തോന്നിയത്. താന്‍ വേഗം പ്രേമത്തിലായെന്നും അതിനേക്കാള്‍ വേഗം വിവാഹത്തിലുമെത്തിയെന്നത് അവള്‍ക്ക് അതിശയമായി തോന്നി. തന്നെപ്പറ്റി താന്‍ സ്വയം കരുതിയ പലതും തെറ്റാണല്ലോ എന്നോര്‍ത്ത് അവള്‍ക്കു ചിരിവന്നു. 
തോമസും തങ്കമണിയും കന്യാകുമാരിയില്‍ ട്രെയിനിറങ്ങുമ്പോള്‍ ഒരു ചാറ്റല്‍ മഴയുണ്ടായിരുന്നു. ഉച്ചസൂര്യന്‍ മറഞ്ഞ് അന്തരീഷം ഇരുണ്ടുകിടന്നു. എല്‍കുന്നില്‍ ഇത്തരം ചാറ്റല്‍മഴ ചിലപ്പോള്‍ മണിക്കൂറോളം നീളും. അപ്പോള്‍ വേനലാണെങ്കിലും അന്തരീഷം വല്ലാതെ തണുക്കും. ആ തണുപ്പില്‍ ബീഡി വലിക്കാന്‍ നല്ല രസമായിരുന്നു.
എല്‍കുന്നിലെ മഴക്കാലത്തെപ്പറ്റി അയാള്‍ ട്രെയിനിലിരുന്ന് തങ്കമണിയോടു പറഞ്ഞിരുന്നു. വര്‍ക്കിയുമായുള്ള സൗഹൃദം ആരംഭിച്ചശേഷമുള്ള ആദ്യ മഴക്കാലം അയാള്‍ക്കു മറക്കാനാവില്ല.  ഒരു ദിവസം ഉച്ചകഴിഞ്ഞതും പെരുമഴ തുടങ്ങി. കമുകുകളുടെയും തെങ്ങുകളുടെയും തലപ്പുകള്‍ ആട്ടിയുലച്ച്, വീടുകളുടെ ഓടുകളും തകരപ്പാളികളും അടിച്ചുപറത്തി മഴക്കൊപ്പം കാറ്റുകൂടി വന്നപ്പോള്‍ തോമസ് ഭയന്നുപോയി.

 Ajay P Mangad Story Illustration by Devaprakash (9)_0.jpg

വൈദ്യുതി നിലച്ച ആ സന്ധ്യയില്‍ തപാല്‍ ഓഫീസിന്റെ തിണ്ണയില്‍ അയാള്‍ ഒറ്റയ്ക്കിരുന്നു. കവലയില്‍ ഓട കവിഞ്ഞ് റോഡിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളം. തിണ്ണയിലാകെ കാറ്റടിച്ചു മഴവെള്ളം ചിതറിച്ചിട്ടും അയാള്‍ ഇരുന്നിടത്തുതന്നെ തുടര്‍ന്നു. വെള്ളച്ചാട്ടത്തിന്റെ ഇരമ്പം ഭയങ്കരമായി വര്‍ധിച്ചുവന്നു. തോടുകള്‍ നിറഞ്ഞു വെള്ളം കവലയിലൂടെ ഒഴുകി. കടകളെല്ലാം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കൂടാരങ്ങള്‍ പോലെ തോന്നി. അന്നു വര്‍ക്കി വന്നില്ല. ആ രാത്രി തോമസിനു കഷ്ടരാത്രിയായിരുന്നു. ഉരുള്‍ പൊട്ടലില്‍ ആ തപാല്‍ ഓഫീസ് കെട്ടിടം ഒലിച്ചുപോകുകയാണെങ്കില്‍ തന്റെ ശരീരം ഒഴുകി വെള്ളച്ചാട്ടത്തില്‍ ചിന്നിച്ചിതറിപ്പോകുമല്ലോ എന്ന് അയാള്‍ സങ്കല്‍പിച്ചു. കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ഉരുള്‍പൊട്ടലില്‍ ആ മലയോരത്തെ ഒരു വീട് രാത്രി ഒലിച്ചുപോയതിനെപ്പറ്റി വര്‍ക്കി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നേരം വെളുത്തപ്പോള്‍ വീടിനിരുന്നിടത്ത് ഒരു വലിയ മണ്‍കൂന മാത്രം. രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും രാവുംപകലും തിരഞ്ഞിട്ടും വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും കണ്ടെത്താനായില്ല. അതേപോലെ ഈ പെരുമഴയുടെ രാത്രി പിന്നിടുമ്പോള്‍, താനും തിരോധാനം ചെയ്‌തേക്കുമോ എന്നു സങ്കല്‍പിച്ച്  തോമസ് കൂടുതല്‍ സിഗരറ്റുകള്‍ വലിച്ചു. അലമാരയില്‍ ബാക്കിയുണ്ടായിരുന്ന അരക്കുപ്പി റം കൂടി വലിച്ചുകുടിച്ചിട്ട് അയാള്‍ അത്താഴം കഴിക്കാതെ ഉറങ്ങിപ്പോയി.

രാവിലെയായപ്പോള്‍ മഴ തോര്‍ന്നിരുന്നു. മുറ്റത്തിറങ്ങി നോക്കുമ്പോള്‍ കവലയിലും അങ്ങാടിയിലും വെള്ളം താഴ്ന്നിട്ടില്ല. ആളുകള്‍ മുട്ടൊപ്പം വെള്ളത്തിലൂടെ നടക്കുന്നു. ഒരു മഴക്കോട്ടു പുതച്ച് മുണ്ടു മടക്കിക്കുത്തി പോസ്റ്റ്മാസ്റ്റര്‍ പത്തുമണിയായപ്പോഴേക്കും എത്തി. മലവെള്ളപ്പാച്ചിലില്‍ പലേടത്തും റോഡുകള്‍ ഒലിച്ചുപോയിരുന്നു. ബസോട്ടവും നിന്നു. ഒരാഴ്ചയെങ്കിലുമെടുക്കും റോഡ് നന്നാക്കാന്‍. എവിടെയോ ഉരുള്‍ പൊട്ടിയിട്ടുണ്ട്. ഉച്ചയോടെ വര്‍ക്കിയെത്തി. അയാളുടെ വീട്ടിലേക്കുള്ള വഴിയെല്ലാം മണ്ണിടിഞ്ഞുകിടക്കുകയാണ്. അപ്പോഴാണു തോമസ് അക്കരെ മലയിലേക്കു നോക്കിയത്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞത് തപാല്‍ ഓഫീസ് തിണ്ണയില്‍നിന്നാല്‍ കാണാമായിരുന്നു. താന്‍ ആ മല കയറാന്‍ ഒരു ദിവസം വരുമെന്ന് തോമസ് അപ്പോഴാണു വര്‍ക്കിയോടു പറഞ്ഞത്.

Ajay P Mangad Story Illustration by Devaprakash (3)_0.jpg

മാസങ്ങള്‍ക്കുശേഷം വര്‍ക്കിയുടെ മലമുകളിലെ വീട്ടിലേക്ക് അയാള്‍ പോയി. കുത്തനെയുള്ള കയറ്റമായതോടെ അയാള്‍ക്കു ശ്വാസം മുട്ടി . ഈ വഴിയത്രയും ദിവസവും മനുഷ്യര്‍ നടക്കുന്നതെങ്ങനെ എന്ന് അയാള്‍ അതിശയിച്ചു. പത്താം ക്ലാസുകാരിയായ വര്‍ക്കിയുടെ മകള്‍ മേരി , തോമസ് കുന്നുകയറി ശ്വാസം കിട്ടാതെ അണച്ചുചെല്ലുമ്പോള്‍ പടിക്കല്‍ കാത്തുനില്‍ക്കുകയായിരുന്നു. മുറ്റത്തു പൂച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന ചെറിയ വീട്. മേരി അയാളോടു നിര്‍ത്താതെ സംസാരിച്ചു. അവളുടെ വലത്തേക്കവിളില്‍ ഒരു മറുകുണ്ടായിരുന്നു, ഉണങ്ങിയ കുരുമുളക് പറ്റിപ്പിടിച്ചിരിക്കുന്നതു പോലെ. തൊട്ടാല്‍ അത് അടര്‍ന്നുപോരുമെന്ന് അയാള്‍ക്കു തോന്നി. വര്‍ക്കിയുടെ ഭാര്യ അധികമൊന്നും സംസാരിച്ചില്ല, സൗമ്യവതിയായ ആ സ്ത്രീ പുഞ്ചിരിയോടെ തോമസിന് ആഹാരം വിളമ്പി.

അയാളോടു വിശേഷങ്ങള്‍ ചോദിച്ചു. അവരെ വീട്ടുജോലികളില്‍ സഹായിക്കാനും മേരി ഓടിനടന്നു. ആ സന്ദര്‍ശനം തോമസിന് വലിയ സന്തോഷമുണ്ടാക്കി. പിന്നീടു പലവട്ടം അയാള്‍ ആ കുന്നുകയറി. ഒരിക്കല്‍ വര്‍ക്കി അയാളെ പറമ്പ് കാണിക്കാന്‍ കൊണ്ടുപോയി. അവിടെ ഒരു കാഴ്ചയുണ്ടായിരുന്നു. പറമ്പിന്റെ അതിരായി, ഏറ്റവും ഉയരമുള്ള ചെരുവില്‍, പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു വലിയ ഗുഹ. 
ഒരാള്‍പ്പൊക്കമുള്ള, മൂന്നോ നാലോ പേര്‍ക്കു കയറിനില്‍ക്കാവുന്ന ഗുഹാകവാടത്തിലൂടെ നേര്‍ത്ത വെള്ളച്ചാലുണ്ടായിരുന്നു. മഴക്കാലത്ത് അതു നിറഞ്ഞൊഴുകും.

 Ajay P Mangad Story Illustration by Devaprakash (2)_0.jpg

വേനലാവുമ്പോഴേക്കും നേര്‍ത്തുനേര്‍ത്തുവറ്റും. ആ സമയം ഗുഹയ്ക്കകത്തേക്കു നടന്നു പോകാം. കുറച്ചങ്ങു പോയാല്‍ വെളിച്ചം കുറഞ്ഞുവരും. അവിടെ ഒരു കുളമുണ്ട്. പണ്ടൊരിക്കല്‍ വര്‍ക്കിയും കൂട്ടുകാരും അവിടെ ചൂട്ടുകത്തിച്ചു പോയിട്ടുണ്ട്. ഇപ്പോള്‍ ആരും അങ്ങോട്ടൊന്നും കയറാറില്ല. കാടുവളര്‍ന്നു. ഇഴജന്തുക്കളുടെ ശല്യവും പെരുകി. വേനല്‍ക്കാലമായാല്‍ വര്‍ക്കി ഗുഹാമുഖത്തെ കാടുവെട്ടി വൃത്തിയാക്കും. അവിടെ വേനലില്‍ ഒരു തണുപ്പുണ്ട്. ഒരുതരം ഈര്‍പ്പം. ആ സമയം പകല്‍  ചിലപ്പോള്‍ അയാള്‍ അവിടെയിരുന്നു തനിയെ ചെസ് കളിക്കും. നല്ല പോലെ പുകയ്ക്കും. 

വര്‍ക്കി ഇതെല്ലാം ആവേശത്തോടെ വിവരിക്കുമ്പോള്‍, ഗുഹയ്ക്കുള്ളില്‍നിന്ന് നേരിയ മുഴക്കത്തോടെ വെള്ളം പുറത്തേക്ക് ഒഴുകുന്നതു നോക്കി നില്‍ക്കുകയായിരുന്നു തോമസ്. അയാള്‍ക്കു നല്ല ഭയമാണു തോന്നിയത്. അപ്പോള്‍ പൊടുന്നനെ വര്‍ക്കി പറഞ്ഞു. ""സാറേ, എന്റെ മരണദിവസം ഞാന്‍ ഈ ഗുഹയ്ക്കുള്ളിലേക്കു പോകും. ഇതിനുള്ളിലെ ഇരുട്ടിലായിരിക്കും ഞാന്‍ മരിക്കുക!''
തോമസ് ഞെട്ടിപ്പോയി. "അതിന് മരണം എങ്ങനെ അറിയാനാണ് ?', വര്‍ക്കിയെ മിഴിച്ചുനോക്കി ഒരു കുട്ടിയെപോലെ, അയാള്‍ ചോദിച്ചു
വര്‍ക്കി ഉറക്കെച്ചിരിച്ചു, "ഇതെല്ലാം ഓരോ കിനാവല്ലേ.. ഇവിടെ വരുമ്പോഴെല്ലാം എനിക്കങ്ങനെ തോന്നാറുണ്ട്. അത്രേയുള്ളു!'

കന്യാകുമാരിയിലെ ചാറ്റല്‍മഴയില്‍ തോമസും തങ്കമണിയും സ്റ്റേഷനില്‍നിന്നു പുറത്തേക്കുവരുമ്പോള്‍ കവാടത്തില്‍ ഒരു വെള്ള അംബാഡര്‍ കാറില്‍ ചാരി കുട ചൂടി നില്‍ക്കുകയായിരുന്ന സ്ത്രീ അവര്‍ക്കു നേരെ വന്നു.
-"നോക്കൂ, എന്റെ അമ്മയാണ്..', തങ്കമണി പറഞ്ഞു.
തങ്കമണിയെപ്പോലെ ഉയരമുണ്ട്  കമലയ്ക്ക്. ചലനങ്ങളില്‍ ഉത്സാഹവും. കണ്‍മഷി പരന്ന വലിയ കണ്ണുകള്‍ക്കു താഴെയുള്ള കറുത്ത പാടുകള്‍ ഒഴിച്ചാല്‍ പ്രസാദപൂര്‍ണമായ മുഖം. ക്ഷമാമധുരമായ നോട്ടത്തോടെ തിടുക്കത്തില്‍ അടുത്തത്തെത്തി, ""തോമസ്..!'' എന്നു വിളിച്ച് നനഞ്ഞ കൈ വിരലുകള്‍ കൊണ്ട് അയാളുടെ കൈത്തലത്തില്‍ സ്പര്‍ശിച്ചു. 

മഴ ഉടനെ മാറുമെന്നു വണ്ടിയോടിക്കുന്നതിനിടെ കമലം പറഞ്ഞു. ജംങ്ഷനില്‍ ഒരാള്‍ വട്ടംചാടിയപ്പോള്‍, ഒരു വിചിത്ര ശബ്ദം പുറപ്പെടുവിച്ചതല്ലാതെ യാത്രയ്ക്കിടെ മറ്റൊന്നും മിണ്ടിയില്ല. ഹോട്ടല്‍ മുറിയുടെ താക്കോല്‍ വാങ്ങി തങ്കമണിയാണ് ഒപ്പം വന്നത്. അഞ്ചാം നിലയില്‍ കടലിന് അഭിമുഖമായിരുന്നു ആ മുറി. തങ്കമണി പറഞ്ഞതുപോലെ തന്നെ. ആ ബാല്‍ക്കണിയില്‍ ഇരുന്നാണു സംസാരിക്കേണ്ടതെന്നു മുന്‍പ് തങ്കമണി പറഞ്ഞത് അയാള്‍ക്ക് ഓര്‍മ വന്നു. ഏതൊരു കഥയും അതിനു യോജ്യമായ അന്തരീഷത്തില്‍ വേണം പറയാന്‍. ആ സമയമാകും വരെ ഉള്ളില്‍ ഒരു കഥയുണ്ടെന്ന് പറയുന്ന ആള്‍ക്കുപോലും നിശ്ചയമുണ്ടാവില്ല. 
ഉച്ചഭക്ഷണം കഴിഞ്ഞയുടന്‍ യാത്രാക്ഷീണത്താല്‍ അയാള്‍ ഉറങ്ങിപ്പോയി. ഉണരുമ്പോള്‍ അയാളെ തന്നെ നോക്കി എതിര്‍വശത്തെ സോഫായില്‍ തങ്കമണി ഇരുപ്പുണ്ട്. അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നതും അവള്‍ പറഞ്ഞു, "തോമാ, നീ ഉറക്കത്തില്‍ പിറുപിറുക്കുന്നുണ്ടായിരുന്നു'. അയാള്‍ അവള്‍ക്കു നേരെ പകച്ചുനോക്കി. "പക്ഷേ, എനിക്കൊന്നും മനസിലായില്ല.' അവള്‍ ചിരിച്ചുകൊണ്ടു എണീറ്റുപോയി ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നു. സന്ധ്യയായിരുന്നു. വാതില്‍ തുറന്നതും കാറ്റും കടലിന്റെ ഇരമ്പവും ഉയര്‍ന്നു. അസ്തമയവെളിച്ചം പകര്‍ന്ന ആകാശം. ഉയരുന്ന പാറക്കെട്ടുകള്‍. ഹോട്ടലിനു പിന്നില്‍, കടലോരത്തു നിരയായി കുടിലുകളുണ്ടായിരുന്നു. ആ കുടിലുകള്‍ക്കു മുന്നിലായി ഉയര്‍ത്തിവച്ചിരിക്കുന്ന തോണികള്‍, ഓടിക്കളിക്കുന്ന കുട്ടികള്‍.

Ajay P Mangad Story Illustration by Devaprakash (6)_0.jpg

എല്‍കുന്നില്‍, വര്‍ക്കിക്കൊപ്പം കണ്ട ഗുഹയുടെ ഉള്ളിലെ ഇരുട്ടില്‍നിന്ന് ഭയങ്കരനായ കാട്ടുപന്നി തനിക്കുനേരെ കുതിച്ചു വരുന്നതുകണ്ടു നിലവിളിച്ചാണ് പിന്നീടൊരു രാത്രി തോമസ് ഉണര്‍ന്നത്. എന്നാല്‍ അതിനു തൊട്ടുമുന്‍പ് അയാള്‍ വര്‍ക്കിയുടെ മകള്‍ മേരിയെ സ്വപ്നം കാണുകയായിരുന്നു. തപാല്‍ ഓഫീസിലേക്കുള്ള കല്‍പടവുകള്‍ കയറി അവള്‍ വരുന്നു. തോമസ് അവളെയും നോക്കി ഏറ്റവും മുകളിലെ പടിയിലിരിക്കുന്നു. അവളുടെ സ്‌കൂള്‍ ബാഗ് തോമസ് ചോദിച്ചുവാങ്ങുന്നു. അതില്‍നിന്ന് ഒരു നോട്ട് ബുക്കെടുത്തു അതിന്റെ മുകളില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയെയാണ് തോമസ് വരച്ചത്. വര്‍ണരഹിതമായ ആകാശത്തേക്ക് മുടികള്‍ പറത്തി, അന്തരീഷത്തിലേക്ക് പാവാട വിരിച്ച് അവളുടെ ഉടല്‍ രൂപമെടുക്കുമ്പോഴേക്കും ആ സ്വപ്നമവസാനിച്ചുപോയി.  

ആ രണ്ടു സ്വപ്നങ്ങള്‍ക്കിടയിലെ ദൂരം കണക്കാക്കാന്‍ അയാള്‍ക്കു പറ്റിയില്ല. ആദ്യ സ്വപ്നത്തിന്റെ അമ്പരപ്പില്‍ അയാള്‍ നിദ്രയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കേ ഇരുണ്ട മേഘങ്ങള്‍ തൂങ്ങിനില്‍ക്കുന്ന ആകാശത്തിനുകീഴെ പാറക്കെട്ടുകള്‍ക്കിടയില്‍ ആ ഗുഹ പ്രത്യക്ഷപ്പെട്ടു. പാറക്കല്ലുകള്‍ ഉരുളുന്ന  ഒച്ച കേട്ടു. ഗുഹയ്ക്കകത്തുനിന്ന് അയാളുടെ നേര്‍ക്ക് അപ്പോഴേക്കും ഭയങ്കരമായ മുരള്‍ച്ചയോടെ ഭീമന്‍ കാട്ടുപന്നി കുതിച്ചുചാടി...
തങ്കമണി എഴുന്നേറ്റു വന്ന് അയാള്‍ക്കു ചായക്കപ്പ് എടുത്തുകൊടുത്തു. വിവശമായ മുഖത്തോടെ തോമസ് അതു വാങ്ങിയെങ്കിലും അയാളുടെ കൈകകള്‍ വിറച്ചുകൊണ്ടിരുന്നു. തന്റെ സംസാരം ഇവിടെ അവസാനിപ്പിക്കണമെന്ന് തോമസ് വിചാരിച്ചു. എന്നാല്‍, തങ്കമണി അയാളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അയാള്‍ക്കു തുടരാതെ നിവൃത്തിയില്ലായിരുന്നു. ഒരിക്കല്‍ സംസാരിച്ചുതുടങ്ങിയാല്‍ അന്ത്യം വരെ നിങ്ങള്‍ പോകണം. 
അസുഖകരമായ ആ ഉറക്കത്തില്‍നിന്നു പിറ്റേന്നു നേരം പുലരും മുന്‍പേ എല്‍കുന്നിലെ നാട്ടുകാരിലാരോ ആണ് തോമസിനെ വിളിച്ചുണര്‍ത്തിയത്. വര്‍ക്കിയുടെ മകള്‍ മരിച്ചുപോയെന്നു പറഞ്ഞു. ഉള്‍ക്കിടിലം മൂലം അയാളുടെ തൊണ്ട വരണ്ടുപോയി. തോമസിന്റെ ഭാവമാറ്റം ശ്രദ്ധിക്കാതെ വന്നയാള്‍ തുടര്‍ന്നു,
""സാറേ ആ കൊച്ച് തൂങ്ങിച്ചത്തതാ. വീടിന്റെ പിറകിലെ ചായ്പില് രാവിലെ തൂങ്ങിനില്‍ക്കാര്‍ന്ന്.'' 
മുറ്റത്തിറങ്ങി പുലരിവെയിലില്‍ തുടുത്തുനില്‍ക്കുന്ന അക്കരെ മലയിലേക്ക് അയാള്‍ നോക്കി. അവിടെ വര്‍ക്കിയുടെ വീട് എവിടെയാണെന്നും അയാള്‍ക്കറിയാം. കുഴഞ്ഞുവീഴാതിരിക്കാന്‍ അയാള്‍ അരമതിലില്‍ പിടിച്ചു നിന്നു. മേരിയെ കാണാന്‍ തോമസ് പോയി. അയാള്‍ എത്തിയപ്പോള്‍ വര്‍ക്കി അടുത്തു വന്നുനിന്ന് ശബ്ദം അടക്കി തേങ്ങിക്കൊണ്ടിരുന്നു. 
 ""ദൈവമേ! എന്തിനാണ് ആ കുട്ടി അതു ചെയ്തത് ? - തങ്കമണി ചോദിച്ചു. തോമസ് തന്റെ മുന്നിലിരുന്ന തണുത്ത ചായയിലേക്കു നോക്കി. അസ്തമയവെളിച്ചം ബാക്കി നില്‍ക്കുന്ന ചക്രവാളത്തിലേക്കു നോക്കി. കടലോരത്തെ വിളക്കുകള്‍ തെളിഞ്ഞിരുന്നു. രാത്രിയുടെ ആരംഭത്തിലേക്കു നോക്കി, സാന്ധ്യാപ്രകാശത്തില്‍ തുടുത്ത തങ്കമണിയുടെ കവിള്‍ത്തടം നോക്കി, ഇതാ ആ സമയം വന്നിരിക്കുന്നു എന്ന് അയാള്‍ വിചാരിച്ചു. 
മേരി അന്ന് ഉച്ചയോടെ സ്‌കൂള്‍ വിട്ടെത്തി. ആ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വൈകിട്ട് അഞ്ചുമണിയോടെ അമ്മ വരുമ്പോള്‍ മേരി കിടക്കുകയായിരുന്നു. വയ്യെന്നും തലവേദനിക്കുന്നുവെന്നും പറഞ്ഞു. അവര്‍ ചായയും പലഹാരവും ഉണ്ടാക്കിക്കൊടുത്തു. തലവേദന മാറാന്‍ മരുന്നു കൊടുത്തു. അന്നു രാത്രി വര്‍ക്കി വന്നപ്പോഴും അവള്‍ കിടക്കുകയായിരുന്നു. അവളുടെ നെറ്റിയില്‍ കൈ വച്ചു നോക്കി. മകള്‍ക്കു പനിക്കുന്നുവെന്ന് അയാള്‍ക്കു തോന്നി. രാവിലെ ആശുപത്രിയില്‍ പോകാമെന്നുപറഞ്ഞ് അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ഉണരുമ്പോള്‍ മുറിയില്‍ മേരി ഇല്ലായിരുന്നു. വിറകും പഴയസാധനങ്ങളും സൂക്ഷിക്കുന്ന വീടിന്റെ പിന്‍വശത്തെ ചായ്പില്‍ മകള്‍ തൂങ്ങിനില്‍ക്കുന്നതാണു അമ്മ കണ്ടത്. 
അവള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിരുന്നുവെന്നു  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറഞ്ഞു. സ്‌കൂളില്‍നിന്നു മടങ്ങുന്ന വഴിയിലോ വീട്ടിലെത്തിയശേഷമോ ആയിരിക്കണം. പൊലീസ് ദിവസങ്ങളോളം അന്വേഷിച്ചുവെങ്കിലും ആ കുറ്റം അതിന്റെ രഹസ്യം തുറന്നുകൊടുത്തില്ല. 
ഒരാഴ്ച കഴിഞ്ഞ് സന്ധ്യക്കു വര്‍ക്കി തോമസിനെ കാണാന്‍ പോയി. മകള്‍ മരിച്ചശേഷം അയാള്‍ വീട്ടില്‍നിന്നു പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. വര്‍ക്കി കല്‍പ്പടവുകള്‍ മെല്ലെ കയറി അണച്ചു വരുമ്പോള്‍ തോമസ് പനിബാധിച്ചെന്ന പോലെ ഒരു കമ്പിളി പുതച്ച് ഏറ്റവും മുകളിലെ പടിയില്‍ ഇരിക്കുന്നുണ്ടായായിരുന്നു. രണ്ടു മൂന്നു പടികള്‍ക്കു താഴെ വര്‍ക്കി ഇരുന്നു. പാമ്പുകടിയേറ്റതുപോലെ അയാളുടെ മുഖവും കൈകളും കരുവാളിച്ചിരുന്നു. കുറച്ചുനേരം കഴിഞ്ഞ് അയാള്‍ തിരിച്ചുപോയി. 
പിറ്റേന്നു രാവിലെ എഴുന്നേറ്റ വര്‍ക്കി, പണിസാധനങ്ങളുമായി പറമ്പിലേക്കു പോയി. ഒരു ചാക്കില്‍ പൊതിഞ്ഞ് അയാള്‍ ഒരു കന്നാസ് മണ്ണെണ്ണയും എടുത്തിരുന്നു. പറമ്പിലൂടെ ഒരുവട്ടം നടന്നശേഷം അയാള്‍ ഗുഹയുടെ മുന്നിലെത്തി. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തി. ആളുന്ന തീയുമായി അയാള്‍ ഗുഹയുടെ ഇരുട്ടിലേക്ക് അലറിക്കൊണ്ടു പാഞ്ഞു. അതിനുള്ളില്‍ കൂടുവച്ചിരുന്ന കിളികളെല്ലാം തീച്ചൂടില്‍ പുറത്തേക്കു പറന്നുപോയി. വര്‍ക്കിയുടെ ചെസ്‌ബോര്‍ഡും കരുക്കളും ഗുഹാകവാടത്തില്‍ ചിതറിക്കിടന്നു. അയാള്‍ പാതിവലിച്ച ബീഡിക്കുറ്റിയും അവിടെ പുല്ലുകള്‍ക്കിടയില്‍ ബാക്കിയായി.
"തങ്കമണീ..', തോമസ് വിളിച്ചു. അവള്‍ എഴുന്നേറ്റു. അവള്‍ക്കു നേരെ കൈകള്‍ ഉയര്‍ത്തി അയാള്‍ പറഞ്ഞു, ""വരൂ എന്റെ മടിയിലിരിക്കൂ''. തങ്കമണി അയാളുടെ മടിയിലിരുന്നു. മെല്ലെ പടരുന്ന ഇരുട്ടില്‍, കടലിന്റെ ഒച്ച, കാറ്റിന്റെ ഒച്ച. തങ്കമണി അയാളുടെ നെഞ്ചിലേക്കു ചാഞ്ഞു മുഖം ചേര്‍ത്തു. അയാളുടെ ഉടല്‍ പൊള്ളുന്നുണ്ടായിരുന്നു. അയാളുടെ കാതില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അവള്‍ "തോമാ... തോമാ' എന്നാവര്‍ത്തിച്ചു. എന്നിട്ട് കാതില്‍ ചുംബിച്ചു. 
രാത്രി  അവര്‍ തെരുവില്‍ പലയിടത്തും നടന്നു. വഴിവാണിഭക്കാര്‍ നിരന്നിരിക്കുന്ന ഒരു തെരുവിലൂടെ പോയി. അവിടെ പ്രകാശം കുറവായിരുന്നു. വഴിയോരത്ത് ഇരുവശവും കത്തിച്ചുവച്ച മണ്ണെണ്ണവിളക്കുകള്‍ക്കു മുന്നില്‍ കറുപ്പഴകാര്‍ന്ന സ്ത്രീകള്‍ സഞ്ചാരികള്‍ക്കായി കരകൗശല വസ്തുക്കള്‍ വില്‍ക്കാനിരുന്നു. അവിടെ കുറച്ചുനേരം നില്‍ക്കാമെന്നു തോമസ് പറഞ്ഞു. അയാള്‍ക്കു പെട്ടെന്ന് തങ്കമണിയുടെ അമ്മയെ ഓര്‍മ വന്നു. ഹോട്ടലിനു മുന്നില്‍ കാറില്‍നിന്നിറങ്ങുമ്പോള്‍  എന്റെ അമ്മ സുന്ദരിയല്ലേ എന്ന് അവള്‍ ചോദിച്ചതും മനസിലേക്കു വന്നു. ഹോട്ടലില്‍ എത്തിയശേഷം കമലത്തെ കണ്ടിട്ടേയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലും വന്നു സംസാരിക്കുമെന്നാണ് അയാള്‍ വിചാരിച്ചത്. അതും ഉണ്ടായില്ല. 

വഴിയോരത്ത് കടല്‍മീനുകള്‍  വാലും ചിറകും മാത്രം മുറിച്ചു കളഞ്ഞ് മുളകുതേച്ച് പൊള്ളിച്ചെടുക്കുന്ന കടകളുണ്ടായിരുന്നു. വെളിച്ചം കുറവായ അവിടെ മനുഷ്യര്‍ നിഴലുകളായി കുരുങ്ങിനിന്നു. കടയുടെ മുന്നിലെ ബെഞ്ചിലിരുന്ന് ഇരുവരും മീന്‍ പൊള്ളിച്ചതു കഴിച്ചു. തന്റെ വിവാഹം മുടങ്ങിപ്പോയതിനെപ്പറ്റി അവള്‍ സംസാരിച്ചു തുടങ്ങിയതു ഹോട്ടലിലേക്കു മടങ്ങുന്ന വഴിയിലാണ്. 
വിവാഹം കഴിക്കാമെന്നു തീരുമാനിച്ചതിനു പിന്നാലെ തങ്കമണിയും സുനിലും ഒരുമിച്ചു കന്യാകുമാരിയില്‍ പോയി താമസിച്ചിരുന്നു. ഹോട്ടലിലല്ല തങ്കമണിയുടെ വീട്ടില്‍. രണ്ടാം ദിവസം അവര്‍ കന്യാകുമാരിയില്‍നിന്നു ഒരുമിച്ചു മടങ്ങി. 
നഗരത്തില്‍ മടങ്ങിയെത്തിയതിന്റെ പിറ്റേന്നു രാവിലെ ഇരുവരും പരസ്പരം കണ്ടില്ല. വൈകിട്ടു തങ്കമണി കാത്തിരുന്നു. അയാള്‍ വന്നില്ല. പിറ്റേന്നു രാവിലെ അവള്‍ അയാളുടെ താമസസ്ഥലത്തുപോയി. വീടു പൂട്ടിയിരുന്നു. തങ്കമണിക്ക് ആധി കയറി. എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന് അവള്‍ ഭയന്നു. അതിന്റെ പിറ്റേന്നും ഒരു വിവരവും ലഭിച്ചില്ല. മൂന്നാം ദിവസം തിടുക്കപ്പെട്ടു തങ്കമണി ചെല്ലുമ്പോള്‍ വീട്ടില്‍ അയാളുണ്ട്.   
തങ്കമണി അയാളെ കണ്ടപാടെ ഒച്ചവച്ചു. ദേഷ്യപ്പെട്ടു. പിന്നെ നിന്നനില്‍പില്‍ കരഞ്ഞു. കരയരുത്, കരയരുത് എന്നു സുനില്‍ പറഞ്ഞു. അവളെ സോഫയില്‍ ഇരുത്തിയശേഷം എതിരെ കസേര വലിച്ചിട്ടിരുന്ന് അവളോടു സംസാരിക്കാന്‍ തുടങ്ങി. അയാള്‍ ആ ദിവസങ്ങളില്‍ കന്യാകുമാരിക്കു പോയതായിരുന്നു. അവളുടെ അമ്മ കമലം ആവശ്യപ്പെട്ടിട്ടായിരുന്നു അത്.
കന്യാകുമാരിയിലെ ആദ്യ സന്ദര്‍ശനത്തില്‍തന്നെ സംഭവിച്ചുപോയ ബന്ധത്തിന്റെ തുടര്‍ച്ചയായിരുന്നു. താനും കമലവും പ്രേമത്തിലായിപ്പോയെന്നും തനിക്കു കമലത്തെ വേണമെന്നും അയാള്‍ അവളോടു പറഞ്ഞു. 
കരഞ്ഞുകൊണ്ടിരുന്ന തങ്കമണി അതുകേട്ടതോടെ പെട്ടെന്നു കരച്ചില്‍ നിര്‍ത്തി. കണ്ണീരു തുടച്ച് സോഫയില്‍ നിവര്‍ന്നിരുന്ന് അയാളെ നന്നായി ശ്രദ്ധിക്കാന്‍ തുടങ്ങി. ശരിയാണ്, കമലം ആര്‍ദ്രത പൂണ്ടതു തനിക്കു കണ്ടുപിടിക്കാനായില്ല. കന്യാകുമാരിയില്‍നിന്ന് മടങ്ങുന്ന ട്രെയിനില്‍ മുഴുവന്‍ നേരവും സുനില്‍ പുറത്തേക്കു നോക്കിയിരിക്കുകയായിരുന്നു. അല്ലാത്തപ്പോള്‍ ഉറങ്ങുന്ന പോലെ കണ്ണടച്ചിരുന്നു. അതും തനിക്ക് അപ്പോള്‍ മനസ്സിലായില്ല.  ഇപ്പോള്‍ എല്ലാം വ്യക്തമാകുന്നു. അയാളുടെ മുഖം തന്നെ എല്ലാം വിളിച്ചു പറയുന്നു. അയാളുടെ കണ്ണുകളില്‍ സത്യം മാത്രം ആളുന്നു. തങ്കമണി എഴുന്നേറ്റു പോയി മുഖം കഴുകി. കണ്ണാടി നോക്കി മുടിയിഴകള്‍ ഒതുക്കിവച്ചു. പലവട്ടം ദീര്‍ഘശ്വാസം വിട്ട് കുറച്ചുനേരം അങ്ങനെ തന്നെ നിന്നു.  അവളുടെ അച്ഛന്‍ മരിച്ചദിവസമാണു തങ്കമണി കണ്ണാടിക്കു മുന്നില്‍ ഏറ്റവുമധികം നേരം ഇതേപോലെ നിന്നിട്ടുള്ളത്. കണ്ണാടിയില്‍ നോക്കിനിന്നാല്‍, അതിന്റെ അഗാധതയില്‍നിന്നു തനിക്കു ധൈര്യം കുറേശ്ശേയായി പകര്‍ന്നു കിട്ടുമെന്ന് അവള്‍ക്കറിയാമായിരുന്നു. ഒടുവില്‍ അവള്‍ക്കു വേണ്ട വാക്യങ്ങള്‍ ലഭിച്ചു.
""സുനില്‍, ആഗ്രഹം നടക്കട്ടെ. ഞാന്‍ അമ്മയ്ക്ക് എതിരല്ല.''
""എന്നോടു ദേഷ്യം തോന്നരുത് തങ്കം'', അയാള്‍ തുടര്‍ന്നു, ""നാം തമ്മിലുള്ള വിവാഹം നടക്കില്ല.''
""എനിക്കതു മനസ്സിലായി. പക്ഷേ ദേഷ്യം എന്തിന് ?''   തങ്കമണി മന്ദഹസിച്ചു, 
""എനിക്ക് എന്റെ അമ്മയുടെ മനസ്സ് അറിയാം. ഇക്കാര്യം നാം തമ്മില്‍ സംസാരിച്ചത് ഇപ്പോള്‍ അമ്മയോടു പറയണ്ട. ഞാന്‍ തന്നെ സംസാരിക്കാം. എനിക്കു അമ്മയേക്കാള്‍ വലുതായി ഒന്നുമില്ല, സുനില്‍!''
അവള്‍ ഹാന്‍ഡ് ബാഗ് എടുത്തുകൊണ്ടു പുറത്തേക്കു നടന്നു, 
സുനില്‍ അതു പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ക്ക് അവളുടെ പെരുമാറ്റത്തില്‍ അമ്പരപ്പു തോന്നി. അവള്‍ വല്ല കടുംകൈയും ചെയ്യുമോ എന്ന പേടി പെട്ടെന്നാണ് അയാളെ ബാധിച്ചത്. 
""എന്നോടു വേറൊന്നും പറയാനില്ലേ... ? '' അയാള്‍ പിന്നാലെ ചെന്നു ചോദിച്ചു. തങ്കമണി തിരിഞ്ഞുനോക്കി. ""സുനില്‍ സംശയിക്കണ്ട, എനിക്ക് ചത്തുകളയാനുള്ള വിഷമം ഒന്നുമില്ല. കാരണം ഞാന്‍ അമ്മയെ അത്രമേല്‍ സ്‌നേഹിക്കുന്നു.''- അവള്‍ വാതില്‍ തുറന്നു പുറത്തിറങ്ങി നടന്നുപോയി.
പിറ്റേന്ന് ഉച്ചയോടെ സുനിലിന്റെ താമസസ്ഥലത്ത് തങ്കമണി തിരിച്ചെത്തി. അവള്‍ ഉച്ചഭക്ഷണം ഉണ്ടാക്കി. ഇരുവരും ഒരുമിച്ചിരുന്നു കഴിച്ചു.  അമ്മയെ താന്‍ തന്നെ വിവരമറിയിച്ചോളാമെന്നു പറഞ്ഞാണു തങ്കമണി മടങ്ങിയത്. അന്നു രാത്രി സുനിലിനു കഠിനമായ വയറുവേദന വന്നു. അയല്‍വാസികളാണ് അയാളെ ആശുപത്രിയിലാക്കിയത്. അതിരാവിലെ തങ്കമണി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അയാള്‍ ഐസിയുവിലായിരുന്നു. ഗുരുതരമായ ഭക്ഷ്യവിഷബാധയാണെന്നു ഡോക്ടര്‍ പറഞ്ഞു. പാതിബോധത്തില്‍ സുനില്‍ തങ്കമണിയെ കണ്ടു. അയാള്‍ക്കു സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. തങ്കമണി അവിടെത്തന്നെ കാത്തുനിന്നു. അന്നു വൈകിട്ടോടെ സുനില്‍ മരിച്ചു. 
ഹോട്ടല്‍മുറിയില്‍ ഭിത്തിയില്‍ ചാരി നിലത്തിരുന്നു സംസാരിച്ചുകൊണ്ടിരുന്ന അവളുടെ അടുത്ത് അയാള്‍ ഇരുന്നു. അവളുടെ കൈത്തലം തടവി. തങ്കമണി മുഖം തിരിച്ചു അയാളെ നോക്കി. മുറിയില്‍ എസി പ്രവര്‍ത്തിക്കുന്നതിന്റെ നേരിയ ഇരമ്പം. കുറച്ചുനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല. മനുഷ്യര്‍ പലതരം ഇരുട്ടിലേക്കു സഞ്ചരിക്കുന്നു. ചിലര്‍ അവിടെ അവസാനിച്ചുപോകുന്നു. മറ്റു ചിലര്‍ അതില്‍നിന്നു തിരിച്ചെത്തുന്നു. എന്നാല്‍ ഇരുട്ട് അവരെ പിന്തുടരുന്നു. 
"നോക്കൂ', തങ്കമണി അയാളുടെ കഴുത്തില്‍ കൈ ചുറ്റി അയാളെ തന്നിലേക്കു വലിച്ചടുപ്പിച്ചു. അവളുടെ ഉടലില്‍ പുരട്ടിയ സുഗന്ധം അയാള്‍ക്കു കിട്ടി. ""തോമാ, ഭയങ്കരമായ വിഷമാണു ഞാന്‍ സുനിലിനു കൊടുത്തത്. കാട്ടുപന്നിക്കു വയ്ക്കുന്ന തരം വിഷം. പക്ഷേ, ഞാന്‍ അതിനു മറ്റൊരു മിശ്രിതമുണ്ടാക്കി, മറ്റൊരാള്‍ക്കും കഴിയാത്ത എന്റെ കണ്ടുപിടിത്തം !''

തോമസിന്റെ തൊണ്ടയില്‍ ഉമിനീരു കുടുങ്ങി. അയാള്‍ക്കു ചുമ വന്നു. ഒന്നിനു പിറകേ മറ്റൊന്നായി ചങ്കു കലങ്ങുന്ന ചുമകള്‍. അയാള്‍ എഴുന്നേറ്റു വാതില്‍ തുറന്നു ബാല്‍ക്കണിയിലേക്കിറങ്ങി. കടലോരത്തു വിജനതയില്‍ തിരകളുടെ ഇരമ്പം പൊങ്ങുന്നു, തെരുവില്‍നിന്നു കഴിച്ച മീന്‍ അയാളുടെ ആമാശയത്തില്‍ മറിഞ്ഞു നെഞ്ചെരിഞ്ഞു. തങ്കമണി അയാള്‍ക്കു ഒരു ഗ്ലാസില്‍ വെള്ളമെടുത്തുകൊടുത്തു. അയാള്‍ അതു വാങ്ങി കയ്യില്‍ വച്ച് കസേരയിലിരുന്നു. തങ്കമണി അയാളുടെ അടുത്ത കസേരയിലും. 
""തോമാ, ഞാനാണ് അതു ചെയ്തതെന്നു എനിക്കു തന്നെ ഇപ്പോള്‍ വിശ്വാസമില്ല. ചിലപ്പോള്‍ എനിക്കു തോന്നും ഞാന്‍ വായിച്ച ഒരു കഥയിലെ കഥാപാത്രമായി ഞാന്‍ സ്വയം സങ്കല്‍പിച്ചതാണെന്ന്. പക്ഷേ, ഒരു കഥയ്ക്കും യാഥാര്‍ഥ്യത്തിനു പകരം നില്‍ക്കാനാവില്ല. എനിക്കതറിയാം. സുനില്‍ മരിക്കാന്‍ അത്രയേറെ സമയമെടുക്കുമെന്നു ഞാന്‍ കരുതിയില്ല. എന്റെ അമ്മ അയാളുടെ പ്രാണനെ അത്രത്തോളം പിടിച്ചുവച്ചിരുന്നിട്ടുണ്ടാവാം. അമ്മ വിചാരിക്കുന്നതു ഞാന്‍ ഒന്നും അറിഞ്ഞില്ലെന്നാവാം. എനിക്ക് എന്റെ പ്രേമം നഷ്ടമായി എന്ന് അമ്മ കരുതുന്നു. അമ്മയുടെ പ്രേമം നഷ്ടപ്പെട്ടെന്ന് എനിക്കുമറിയാം.  ആശുപത്രിയില്‍ ചെന്ന് അയാളെ കണ്ടപ്പോള്‍ അയാള്‍ രക്ഷപ്പെട്ടേക്കും എന്നെനിക്കു തോന്നി. ഞാന്‍ അപ്പോള്‍ തീവ്രമായി പ്രാര്‍ഥിച്ചു, ദൈവമേ അയാള്‍ രക്ഷപ്പെടണേ എന്ന്.''
"ദൈവത്തിനു നമ്മെ സഹായിക്കാനാവില്ല തങ്കമണി', അയാള്‍ മന്ത്രിച്ചു. എന്നിട്ടു ഗ്ലാസിലെ വെള്ളം മെല്ലെ കുടിച്ചു. തൊണ്ട നനഞ്ഞപ്പോള്‍ അയാള്‍ക്കു സുഖകരമായ മയക്കം തോന്നി. 
"തോമാ!', പെട്ടെന്നു തങ്കമണി എഴുന്നേറ്റു നിന്നു. 
"തോമാ... ആരാണു മേരിയെ റെയ്പ് ചെയ്തത്?'
തോമസ്  ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞ് പറഞ്ഞു- "ഈ ചോദ്യത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. '
എത്ര കഴുകിയിട്ടും ആ ചോര നിലയ്ക്കുന്നുണ്ടായിരുന്നില്ല. തനിക്കെന്താണു സംഭവിച്ചതെന്നോ ആരാണതു ചെയ്തതെന്നോ  മേരി ആരോടും പറഞ്ഞില്ല. ഭയവും ഏകാന്തതയും അവളെ കെണിയില്‍ വീണ മൃഗത്തെപ്പോലെ നിസ്സഹായയാക്കി. രാവിലെ ആശുപത്രിയില്‍ പോകാമെന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ മേരി കൂടുതല്‍ പേടിച്ചു. എന്തു ചെയ്യണമെന്നറിയാതെ അവള്‍ രാത്രി മുഴുവന്‍ ഉറങ്ങാതെ കിടന്നു. പുലരി വരാന്‍ അവള്‍ കാത്തുനിന്നില്ല.  
തോമസ് എഴുന്നേറ്റു ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചുനിന്നു. അവള്‍ അടുത്തുവന്ന് അയാളുടെ തോളത്തു കൈവച്ചു. രാത്രി അതിന്റെ സഞ്ചാരം തുടര്‍ന്നു.

  • Tags
  • #Ajay P Mangat
  • #Story
  • #Post Office
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

EJ

10 Jun 2020, 11:24 AM

An exciting read...

സലിം കുരിക്കളകത്ത്

31 May 2020, 06:48 PM

ക്രാഫ്റ്റ് ഗംഭീരം. അരികു ജീവിതങ്ങളെ പുതിയ ആഖ്യാനത്തിൽ.... നന്ദി അജയ് ജീ..

സലിം കുരിക്കളകത്ത്

31 May 2020, 06:47 PM

ക്രാഫ്റ്റ് ഗംഭീരം. അരികു ജീവിതങ്ങളെ പുതിയ ആഖ്യാനത്തിൽ.... നന്ദി അജയ് ജീ..

Roon Hamis

30 May 2020, 04:20 AM

പ്രമേയവും ആഖ്യാനവും ഗംഭീരമായി. പിടിച്ചിരുത്തി വായിപ്പിച്ചു.

Basheer Kanhirapuzha

25 May 2020, 10:25 AM

നല്ലൊരു പ്രമേയം കൃത്രിമത്വം ഒട്ടുമില്ലാത്ത മികച്ച ഭാഷ. നന്നായി ആസ്വദിച്ചു. നന്ദി

ബഷീർ മൂടാടി

24 May 2020, 05:31 PM

ജീവിതം പൂരിപ്പിക്കപ്പെടാതെ പോകുന്ന പദപ്രശ്നം. വാക്കുകളെ കൊണ്ട് അമ്പരപ്പിക്കുന്ന കഥ . അസ്സലായിട്ടുണ്ട്.

Lizen Jacob, Dublin, Republic of Ireland

23 May 2020, 02:32 AM

Such a powerful theme, beautifully narrated...everything described in detail, creates a fully developed picture in head. Thank you for writing this and let us read...Thank you Ajai

Sandeep

22 May 2020, 07:19 PM

Loved it.

കെ എസ് രതീഷ്

22 May 2020, 06:55 PM

ജീവിതം എത്ര രസകരമായ പദപ്രശ്നം, നല്ല കഥ

SHAJI ANTONY

20 May 2020, 09:12 AM

Congrats ajay

Pagination

  • Current page 1
  • Page 2
  • Next page Next ›
  • Last page Last »
shafeeq

Story

കുറുമാന്‍

(സു) ഗന്ധങ്ങളാല്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍

Jan 15, 2021

6 Minutes Read

PS Rafeeque 2

Literary Review

പി. എസ്. റഫീഖ്

"യാ... അള്ളാ..'’

Dec 04, 2020

3 Minutes Read

Sham Muhammad Story 2

Story

ഷാം മുഹമ്മദ്​

പോത്ത്യൂണിസ്റ്റ്

Nov 22, 2020

12 Minutes Read

Paul Zacharia 2

Interview

സക്കറിയ /എതിരന്‍ കതിരവന്‍

സെക്‌സ്, പാപം, യേശു, മീഡിയ

Nov 02, 2020

25 Minutes Read

Punathil Kunjabdulla 2

Memoir

അജയ്​ പി. മങ്ങാട്ട്​

പുനത്തില്‍ കുഞ്ഞബ്ദുള്ളയെപ്പറ്റി അഞ്ച്​ വിചാരങ്ങള്‍

Oct 26, 2020

3 Minutes Read

Punnapra-Vayalar

Story

രാജേഷ് ടി. ദിവാകരന്‍

രക്തസാക്ഷിയും ഒതളങ്ങയും

Oct 24, 2020

3 Minutes Read

Samraj Story 2

Story

വിവ: എ. കെ. റിയാസ് മുഹമ്മദ്

13, സാം രാജിന്റെ തമിഴ്​ കഥ

Oct 06, 2020

9 Minutes Read

Story

Story

ആരതി അ​ശോക്​

ഉടയോന്റെ നടുവിരല്‍

Oct 03, 2020

10 Minutes Read

Next Article

റൂട്ട് മാപ്പ് ഭയപ്പെടുന്ന ഗുഹാ ജീവിതങ്ങൾ

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster