തന്നോടുതന്നെ മത്സരിക്കുകയായിരുന്നു തിലകൻ

സുരേന്ദ്രനാഥ തിലകൻ എന്ന പേര് രേഖപ്പെടുത്താതെ മലയാളസിനിമയുടെ ചരിത്രവും സുവർണകാലവും പൂർണമാകില്ലെന്ന മലയാളിയുടെ തിരിച്ചറിവാണ് അയാളുടെ സ്ഥാനം..!

ച്യുതൻ നായരുടെ പരുക്കൻ മനസ്സിനകത്തെ നിറഞ്ഞ സ്നേഹത്തിനും വാത്സല്യത്തിനും മകന്റെ ജീവിതം കണ്മുന്നിൽ കെട്ടുപോകുന്നതിനു സാക്ഷിയാകേണ്ടിവന്ന ധർമസങ്കടത്തിനും, സ്വന്തം മകൾക്ക് വേശ്യാവൃത്തിക്ക് കൂട്ടുപോകേണ്ടിവന്ന മരണതുല്യമായ നിസ്സഹായതയ്ക്കും ഒടുവിൽ മകന്റെ മുന്നിൽ അഭിമാനവും ജീവനും അടിയറവുവെക്കേണ്ടി വന്ന ജീവിതത്തിനും അയാളുടേതല്ലാതെ മറ്റൊരു മുഖം സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.

ഇന്നത്തെ കാലത്തുപോലും പ്രസക്തമായ ടോക്സിക് പാരന്റിങ് അണുവിട തെറ്റാതെ അഭ്രപാളിയിലെത്തിച്ച, സ്വന്തം മകന്റെ ജീവിതം സ്വയം രൂപകൽപ്പന ചെയ്ത് അയാളുടെ സ്വപ്നങ്ങൾ തകർത്ത, ഒടുവിൽ തിരിച്ചറിവിന്റെ ദിനങ്ങൾ ഒരുപാടൊന്നും ലഭിക്കുന്നതിനുമുമ്പേ അതേ മകനുവേണ്ടി വെടിയേറ്റുമരിച്ച സ്ഫടികത്തിലെ ചാക്കോമാഷിനെ അനശ്വരനാക്കാനുള്ള പ്രതിഭാശേഷിയും അയാൾക്ക് മാത്രമുള്ള കൈമുതലായിരുന്നു.

അതേ നടനവിസ്മയമാണ് മൂക്കില്ലാരാജ്യത്ത് സിനിമയിൽ വിദേശവസ്ത്ര ബഹിഷ്കരണം നടത്തിയും നാടോടിക്കാറ്റിലെ പേടിത്തൊണ്ടൻ കള്ളക്കടത്തുകാരനായും, പഴത്തൊലി ചവിട്ടലോ പെയിന്റ് പാട്ടയിൽ വീഴലോ pseudo ശബ്ദനിയന്ത്രങ്ങളോ ഇല്ലാതെ ശുദ്ധമായ നർമം കൊണ്ടൊരു തലമുറയെ നിർത്താതെ ചിരിപ്പിച്ചത്, ദശാബ്ദങ്ങൾ പലത് പിന്നിട്ടിട്ടും ആ രംഗങ്ങൾക്ക് സാക്ഷിയായവർക്ക് ഇന്നും ചിരിപൊട്ടുന്നത്.

അനന്തൻ നമ്പ്യാരുടെ പേടിയും ഇളിഭ്യതയും കലർന്ന അതേ മുഖമാണ് ഒരു നിമിഷാർദ്ധംകൊണ്ട്, അധികമൊന്നും നിരൂപകർ കാണാതെപോയ മയിൽപ്പീലിക്കാവിലെ വിക്കനായ വല്യത്താനാകുന്നത്. ഒരൊറ്റ രംഗത്തിൽ വിരിയുന്ന ഭാവചലനങ്ങളാൽ നമ്മെ ഭയമെന്തെന്ന് അനുഭവിപ്പിക്കുന്നത്. അയാൾ തന്നെയാണ് ദുരഭിമാനത്താൽ നിഷ്ഠൂരനായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ രണ്ടാനച്ഛനാകുന്നത്. വെറുപ്പും ഭീതിയും അറപ്പും തോന്നിക്കുന്ന ഇരുകാലിമൃഗമെന്ന് അടിവരയിടീക്കുന്നത്. എന്നാലതേ പദ്മരാജന്റെ മൂന്നാംപക്കത്തിൽ സ്വപ്നങ്ങളും സന്തോഷവും സമാധാനവും നഷ്ടപ്പെട്ട് മനസ്സാൽ അനാഥനാകുന്ന മുത്തച്ഛനാകാനും അയാൾക്ക് കഴിയുന്നു. ജീവിതത്തിനെ കാർന്നുതിന്നിരുന്ന ഏകാന്തതയ്ക്കൊരു പരിഹാരമായി കണ്ടിരുന്ന കൊച്ചുമകന്റെ അകാലമരണത്താൽ ചിതറിത്തെറിച്ച മനസ്സാൽ അയാളാ കടലിലേക്ക് മറ്റൊരു മൂന്നാംപക്കത്തിലേക്ക് പോകുമ്പോൾ അഭ്രപാളിയുടെയും യാഥാർഥ്യത്തിന്റെയും ഇടയ്ക്കുള്ള മതിലുകൾ പൊളിഞ്ഞുവീണ്‌ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.

ഒടുവിൽ അസ്തമയമെന്നും അവസാനമെന്നും മിത്രങ്ങളും ശത്രുക്കളും കാഴ്ചക്കാരും കരുതിയിരുന്ന കാലത്ത്, എല്ലാവരുടെയും വിധികളെ പാടെ തെറ്റിച്ചുകൊണ്ടൊരു അച്യുതമേനോനായി ഇന്ത്യൻ റുപ്പിയിലെ നെടുംതൂണാവുന്നത്. ഒരു വർഷത്തിന്റെ ഇടവേളയിൽ ഉസ്താദ് ഹോട്ടലിലെ ഉപ്പൂപ്പയാവുന്നത്. അഭിനയജീവിതത്തിലെ ഏറ്റവുമോർക്കപ്പെടുന്ന, തന്റെ എഴുപത്തിയഞ്ചാം വയസ്സിൽ നായകരെ നിഷ്​പ്രഭമാക്കുംവിധം പകർന്നാടിയ രണ്ട്‌ അനശ്വര കഥാപാത്രങ്ങൾ.

അയാളോളം വൈവിധ്യമാർന്ന അച്ഛന്മാരെ ആരുമിതുവരെ അവതരിപ്പിച്ചിട്ടില്ലെന്നത് ഒരു പാഴ് വാക്കല്ല. പവിത്രത്തിലെ മകന്റെ മുന്നിൽ നിന്നും പാപബോധത്താൽ ഒളിച്ചോടുന്ന അച്ഛൻ, പ്രതിഭയളക്കാൻ ഭാഷയിലെ ഒരു വിശേഷണവും മതിയാകാത്ത സേതുമാധവന്റെ അച്ഛൻ, ആടുതോമയുടെ അച്ഛൻ, അപകർഷതാബോധം പ്രതിഭയെ തോൽപ്പിച്ച് അപമാനഭാരം മകനെ കൊല്ലിക്കുന്ന പെരുന്തച്ചൻ, വീണ്ടും ചില വീട്ടുകാര്യങ്ങളിൽ റോയ് തോമസിനെ ജീവിതം പഠിപ്പിക്കുന്ന കൊച്ചുതോമയെന്ന അച്ഛൻ, കിലുക്കത്തിൽ മുരടനെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പിച്ചൊടുവിൽ നന്ദിനിയെ ചേർത്തുപിടിച്ച് അവളെ തനിച്ചാക്കരുതെന്ന് ജോജിയോട് പറയുന്ന അച്ഛൻ, അങ്ങനെയെത്രയെണ്ണം.. പ്രതിഭയും പരിചയസമ്പത്തും മത്സരിച്ചു കൈകോർത്ത എത്രയെത്ര ഷെയ്ഡുകൾ..

ഇല്ലാതായിട്ട് ഒമ്പത് വർഷം പിന്നിടുമ്പോൾ നമുക്കറിയാം, അയാൾക്ക് പകരക്കാരില്ലെന്നത് വെറുംവാക്കല്ല എന്ന്. സമാനതകളില്ലാത്ത ശബ്ദനിയന്ത്രണവും, കണ്ണിമവെട്ടാതെ നോക്കിനിന്നുപോകുന്ന ഭാവചലനങ്ങളും, നവരസങ്ങളിലേതും നിമിഷദൂരത്താൽ നഖത്തുമ്പിൽ വരെ പടർത്തുന്ന പ്രതിഭാശേഷിയുമുള്ള മറ്റൊരു തിലകൻ അത്രയെളുപ്പം സംഭവിക്കുന്ന ഒന്നല്ലെന്ന്. അർഹിക്കുന്ന പലയവസരങ്ങളിലും അനീതിയാൽ മാത്രം നിഷേധിക്കപ്പെട്ട അംഗീകാരങ്ങളെക്കാൾ പതിന്മടങ്ങ് അർഹമായ സ്ഥാനം അയാൾ ചരിത്രത്തിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ടെന്ന്.

സുരേന്ദ്രനാഥതിലകൻ എന്ന പേര് രേഖപ്പെടുത്താതെ മലയാളസിനിമയുടെ ചരിത്രവും സുവർണകാലവും പൂർണമാകില്ലെന്ന മലയാളിയുടെ തിരിച്ചറിവാണ് അയാളുടെ സ്ഥാനം..!
നഷ്ടപ്പെടലിന്റെ ഒമ്പത് വർഷങ്ങൾ..

Comments