ഇപ്പോള്‍ ഓണ്‍ലൈനില്‍
ചെയ്തുകൊണ്ടിരിക്കുന്നതല്ല
ഇ- ലേണിങ്
ഇപ്പോള്‍ ഓണ്‍ലൈനില്‍ ചെയ്തുകൊണ്ടിരിക്കുന്നതല്ല ഇ- ലേണിങ്
ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പില്‍ നല്‍കി കടലാസില്‍ ഉത്തരമെഴുതി അത് സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. ആക്കി തിരിച്ചയക്കുന്ന നടപ്പുരീതി ഇ-ലേണിംഗിലെ വിലയിരുത്തലോ മൂല്യനിര്‍ണയമോ അല്ല. മള്‍ട്ടി മീഡിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ആവിഷ്‌കാരങ്ങള്‍ ഉണ്ടാവണം.
30 Sep 2021, 12:44 PM
നമ്മള്‍ ആഗ്രഹിക്കാതെയും പ്രതീക്ഷിക്കാതെയും ഒരുങ്ങാതെയും നമ്മുടെ ക്ലാസ്മുറിയെ മണ്ണില്‍നിന്ന് ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് പറിച്ചുനടാന്‍ നിര്‍ബന്ധിതമാക്കിയ ഒരു സാഹചര്യത്തെ കേരളം പിന്നിട്ടുകഴിഞ്ഞു. നമ്മള്‍ ചെയ്തുകൊണ്ടിരുന്നത് ഇ-ലേണിങ് ആണ് അഥവാ ഓണ്‍ലൈന്‍ പഠനമാണെന്ന് മേനി നടിക്കുകയും ചെയ്തിരുന്നു. അത്തരം പഠനത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് നടന്ന പരിമിതമായ പഠനങ്ങള്‍ പുറത്തുവിട്ട ഫലങ്ങളാവട്ടെ നിരാശാജനകവുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫലപ്രദമായ ഇ-ലേണിങ് രീതികളെക്കുറിച്ചുള്ള അന്വേഷണം പ്രസക്തമാകുന്നതും സര്‍ക്കാര്‍ ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും ഒരു ലേണിങ് മാനേജ്മെന്റ് സിസ്റ്റം (LMS) എന്ന പ്രശ്നപരിഹാര മാര്‍ഗത്തിലേക്ക് എത്തുന്നതും. ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും ഇതിനായി അധ്യാപകര്‍ക്ക് പരിശീലനവും നല്‍കിവരുന്നു.
അധ്യാപനം എത്രത്തോളം ഇ- ലേണിങ്ങായി?
മുമ്പില്ലാത്തവിധം അധ്യാപകസമൂഹവും പൊതുസമൂഹവും സാങ്കേതികവിദ്യയെ ഏറ്റവും കൂടുതല്‍ സ്വായത്തമാക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്ത സന്ദര്‍ഭമാണിത്. കരയിലും വെള്ളത്തിലും എന്നപോലെ റിയലായും വിര്‍ച്വലായും ജീവിക്കുന്ന ഉഭയജീവികളായി നമ്മള്‍ മാറി. വാട്സ്ആപ്പ്, ഗൂഗിള്‍ ക്ലാസ് റൂം, ഗൂഗിള്‍ മീറ്റ്, വെബെക്സ്, സൂം തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകള്‍ ദിനേന ഉപയോഗിക്കുന്നവരായി അധ്യാപക-വിദ്യാര്‍ഥി സമൂഹം മാറി. യൂ- റ്റ്യൂബ് ചാനല്‍ സ്വന്തമായുള്ള മുതലാളിമാരാണ് നമ്മളില്‍ പലരും. ക്ലാസുകള്‍ ശബ്ദമായും ദൃശ്യമായും ലൈവായും പുരോഗമിക്കുന്നുമുണ്ട്. ടെക്സ്റ്റുകള്‍ പി.ഡി.എഫ് ഫയലുകളായി തേരാപ്പാര നടക്കുകയും നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നതാണ് ഓണ്‍ലൈന്‍ പഠനമെന്ന വലിയ തെറ്റിദ്ധാരണയില്‍ നമ്മള്‍ നിലനില്‍ക്കുകയും ചെയ്യുന്നു.

ഈയൊരു ഘട്ടത്തില്‍ പഠനത്തെയും വിദ്യാഭ്യാസത്തെയും സംബന്ധിച്ച് മൗലികമായ ചില ചോദ്യങ്ങള്‍ അഭിമുഖീകരിച്ചേ മതിയാവൂ. പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നതല്ല അത് എലിയെ പിടിക്കുന്നുണ്ടോ എന്നതാണ് മൗലിക ചോദ്യം. പഠനം ഓണ്‍ലൈനില്‍ ആവട്ടെ ഓഫ് ലൈനില്‍ ആവട്ടെ അതല്ലെങ്കില്‍ ഇതുരണ്ടും ഇടകലര്‍ത്തിയ ബ്ലെന്‍ഡഡ് ലേണിംഗ് ആവട്ടെ; പഠിതാവ് പാഠ്യപദ്ധതി ലക്ഷ്യം നേടിയെന്ന് ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടോ എന്നതാണ് ആ ചോദ്യത്തിന്റെ വിവക്ഷ.
ഞാന്‍ ഓണ്‍ലൈനില്‍ ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണോ ഇ- ലേണിങ് എന്ന് ഉറപ്പുവരുത്താന്‍ ചില അനുബന്ധ ചോദ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
• നമ്മുടെ ഓണ്‍ലൈന്‍ ക്ലാസിലെ കുട്ടിയെ തിരിച്ചറിയാനും അവരുടെ പഠന നിലവാരത്തെ സംബന്ധിച്ച് വസ്തുനിഷ്ഠമായ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആകുമോ?
• നമ്മള്‍ ക്ലാസെടുക്കുമ്പോള്‍ ഏതു നിലവാരത്തിലുള്ള കുട്ടിയെയാണ് മുന്നില്‍ കാണുന്നത്?
• ക്ലാസിനെ ഡിജിറ്റല്‍ സാധ്യത പരിഗണിച്ച് ആസൂത്രണം ചെയ്തിട്ടുണ്ട? അഥവാ ഡിസൈന്‍ ചെയ്തിട്ടുണ്ടോ?
• ഓരോ കുട്ടിക്കും അവരുടെ പ്രകടനത്തെ സംബന്ധിച്ച് നമ്മളില്‍ നിന്ന് എന്ത് ഫീഡ്ബാക്കാണ് കിട്ടിയിട്ടുള്ളത്? ആ ഫീഡ്ബാക്കുകള്‍ അവരുടെ പഠനത്തെ എങ്ങനെയാണ് മെച്ചപ്പെടുത്തിയത്?
• നമ്മുടെ പഠിതാവിന്റെ പഠനപുരോഗതിയെ സംബന്ധിച്ച് പഠിതാവുമായോ രക്ഷിതാവുമായോ പൊതുസമൂഹവുമായോ ആശയവിനിമയം സാദ്ധ്യമായിട്ടുണ്ടോ?
ഞാന്‍ ക്ലാസില്‍ നടത്താറുള്ള പ്രസംഗം അല്ലെങ്കില്‍ ചര്‍ച്ച ഗൂഗിള്‍ മേറ്റ് വഴി നടത്തുന്നു, അതിനു കഴിഞ്ഞില്ലെങ്കില്‍ എന്റെ ക്ലാസ് റെക്കോര്‍ഡ് ചെയ്ത് ശബ്ദമായി ഗൂഗിള്‍ ക്ലാസ്‌റൂമിലോ വാട്‌സ്ആപ്പിലോ പോസ്റ്റ് ചെയ്യുന്നു. കുട്ടികള്‍ക്ക് പാഠപുസ്തകവും റഫറന്‍സ് സാമഗ്രികളും ഇല്ലാത്തതിനാല്‍ കഷ്ടപ്പെട്ട് അവയെല്ലാം സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. ഫയലുകളാക്കി നല്‍കുന്നു. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉപയോഗിച്ച് ക്ലാസ് ഭംഗിയാക്കുന്നു കവിതയും കവിതയും ഗണിതവും പഠിപ്പിക്കാന്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം കവിതകള്‍ തുടങ്ങി ടെക്സ്റ്റുകള്‍ കണ്ടുകൊണ്ട് പഠിക്കേണ്ട സാഹചര്യത്തില്‍ അവയെ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്ത് വീഡിയോകളാക്കി അപ്‌ലോഡ് ചെയ്യുന്നു. ഇതൊക്കെ നമ്മള്‍ ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ അധ്യാപനം ഇ-ലേണിംഗിന്റെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടോ എന്ന് നിര്‍ണയിക്കുന്നത് മുകളില്‍ കൊടുത്ത ചോദ്യങ്ങളും അവയുടെ ഉത്തരവുമാണ്.
വാട്‌സ്ആപ്പും പി.ഡി.എഫും അല്ല ഇ- ലേണിങ് ടൂളുകള്‍
ഡിജിറ്റല്‍ സാധ്യത പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള കൃത്യമായ ആസൂത്രണം അഥവാ ഡിസൈനിങ് ആണ് ഇ-ലേണിംഗിന്റെ ഏറ്റവും പ്രധാന പ്രക്രിയ. അങ്ങനെ ആസൂത്രണം ചെയ്യുമ്പോള്‍ നമ്മള്‍ പരിഗണിക്കേണ്ടത് ആസൂത്രണം ക്ലാസിലെ ശരാശരിക്കാരനോ പിന്നാക്കക്കാരനോ പ്രതിഭാശാലിക്കോ വേണ്ടി മാത്രമുള്ളതല്ലെന്നും ഓരോ കുട്ടിക്കും വേണ്ടിയുള്ളതാണെന്നുമാണ്. Individualised Learning അഥവാ Personalised Learning ആണ് ഇ-ലേണിങ് ലക്ഷ്യം വയ്ക്കുന്നത്. ഓരോ കുട്ടിക്കും പഠനവേഗ (learning pace) ത്തിനനുസരിച്ച് മുന്നോട്ട് വരാനുള്ളതാണത്. പഠനസമയം പഠിതാവിന് തിരഞ്ഞെടുക്കാന്‍ കഴിയണം.

അവര്‍ക്കനുയോജ്യമായ ഡിജിറ്റല്‍ രൂപത്തിലുള്ള ഉള്ളടക്കവും തിരഞ്ഞെടുക്കാന്‍ കഴിയണം. ഒന്നുകൂടി വ്യക്തമാക്കിയാല്‍ പാഠ്യപദ്ധതി ലക്ഷ്യത്തെ മുന്നില്‍ക്കണ്ട് ഡിജിറ്റല്‍ പഠനാനുഭവങ്ങള്‍ തിരഞ്ഞെടുത്ത് ബഹുമുഖമായി ആസൂത്രണം നിര്‍വഹിക്കേണ്ടിവരും. ഒരേ ഉള്ളടക്കത്തിന്റെ ഓഡിയോ അനുഭവവും വീഡിയോ അനുഭവവും പാഠാ (Text) നുഭവവും കുട്ടിക്ക് ഇഷ്ടമനുസരിച്ച് തിരഞ്ഞെടുക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കണം. അതുകൊണ്ടുതന്നെ ഇ-ലേണിംഗ് ലക്ഷ്യം വെക്കുന്നത് ലൈവ് ക്ലാസുകള്‍ നല്‍കുന്ന ഗൂഗിള്‍ മീറ്റ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ അല്ല, non synchronised സംവിധാനങ്ങളായ ഗൂഗിള്‍ ക്ലാസ് റൂമിന്റെ ചെറിയ സാധ്യതയില്‍ തുടങ്ങി മൂഡില്‍ (self modular design) പോലുള്ള വലിയ സാധ്യതകളെയാണ്. ഇന്റര്‍നെറ്റില്‍ ഗ്ലോബലായി ലഭ്യമാവുന്ന റിസോഴ്സുകള്‍ ഉപയോഗിച്ച് പാഠഭാഗത്തെ അല്ലെങ്കില്‍ പാഠ്യപദ്ധതി മൊഡ്യൂളുകളെ പാഠ്യപദ്ധതി ലക്ഷ്യത്തെ മുന്‍നിര്‍ത്തി രീതിശാസ്ത്രം അനുസരിച്ച് വിന്യസിക്കേണ്ടി വരും. അതിനുള്ള വൈദഗ്ദ്ധ്യമാണ് ഡിജിറ്റല്‍ ലേണിംഗിനായാലും ബ്ലെന്‍ഡഡ് ലേണിംഗിനായാലും അധ്യാപകരില്‍നിന്ന് പ്രതീക്ഷിക്കുന്നത്.
പഠിതാവിന്റെ മുന്നറിവ് പരിശോധന, ചിന്തയെ ഉദ്ദീപിപ്പിച്ച് ആദ്യാവസാനം ശ്രദ്ധ നിലനിര്‍ത്തല്‍, ഉള്ളടക്കം സ്വാംശീകരിക്കാനുള്ള പ്രചോദനം നല്‍കല്‍, വിവിധ ടാസ്‌കുകളുമായി താല്‍പര്യത്തോടെ ഇടപഴകാന്‍ അവസരമൊരുക്കല്‍, നിരന്തരം വിലയിരുത്തി ആവശ്യ സന്ദര്‍ഭങ്ങളില്‍ കൈത്താങ്ങു നല്‍കല്‍ എന്നിവയെല്ലാം പരസ്പര ബന്ധിതമായും രീതിശാസ്ത്രമനുസരിച്ചും ഡിജിറ്റല്‍ സാധ്യത ഉപയോഗിച്ച് നിര്‍വ്വഹിക്കുമ്പോഴാണ് ഇ-ലേണിങ് നടക്കുക. പഠിതാവിന്റെ വിലയിരുത്തലിനും മൂല്യനിര്‍ണയത്തിനും ഡിജിറ്റല്‍ സാധ്യത തന്നെ ഉപയോഗിക്കണം. ചോദ്യപ്പേപ്പര്‍ വാട്സ്ആപ്പില്‍ നല്‍കി കടലാസില്‍ ഉത്തരമെഴുതി അത് സ്‌കാന്‍ ചെയ്ത് പി.ഡി.എഫ്. ആക്കി തിരിച്ചയക്കുന്ന നടപ്പുരീതി ഇ-ലേണിംഗിലെ വിലയിരുത്തലോ മൂല്യനിര്‍ണയമോ അല്ലെന്നര്‍ത്ഥം. മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ആവിഷ്‌കാരങ്ങള്‍ ഉണ്ടാവണം.
ലേണിങ് മാനേജ്മെന്റ് സിസ്റ്റം
ലേണിങ് മാനേജ്മെന്റ് സിസ്റ്റം (എല്‍.എം.എസ്) യാഥാര്‍ഥ്യമാകുമ്പോഴാണ് ഇ- ലേണിംഗിന്റെ അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും പരമാവധി പഠനനേട്ടം ഉറപ്പുവരുത്താനും കഴിയുക. ഇത്തരമൊരു ക്ലാസ്മുറിയില്‍ പഠന നേട്ടത്തെ അല്ലെങ്കില്‍ പുരോഗതിയെ വിലയിരുത്തേണ്ടത് മാനകമായ മാനദണ്ഡങ്ങള്‍ കൊണ്ടോ ഇതര പഠിതാക്കളുടെ ഗ്രേഡുകള്‍ കൊണ്ടോ അല്ല, പഠിതാവിന്റെ തന്നെ മുന്‍നിലകള്‍ വെച്ചാണ്. മൂഡില്‍ പോലുള്ള എല്‍.എം.എസ് ഉപയോഗിക്കുമ്പോള്‍ അനന്തമായ ആക്ടിവിറ്റികളെ അതില്‍ സര്‍ഗാത്മകമായും ആകര്‍ഷകമായും വിന്യസിക്കാന്‍ കഴിയും. കുട്ടിക്കും അധ്യാപകനും രക്ഷിതാവിനും എക്സിബിഷനിലെ സ്റ്റാളുകള്‍ പോലെ അവയെല്ലാം നോക്കി കാണാനാകും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അധ്യാപകന്റെയും കുട്ടിയുടെയും അക്കാദമിക ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകും.
പഠിതാവിന്റെ ഉല്‍പ്പന്നങ്ങള്‍, പ്രതികരണങ്ങള്‍, അതുമായി ബന്ധപ്പെട്ട് ഓരോ പഠിതാവിനും അധ്യാപകന്‍ നല്‍കിയ ഫീഡ്ബാക്കുകള്‍, സഹപഠിതാക്കളുടെ അഥവാ ഗ്രൂപ്പിന്റെ വിലയിരുത്തലുകള്‍, അവരുടെ ആവിഷ്‌കാരങ്ങള്‍, ചാറ്റ്‌റൂമുകളിലും ഡിസ്‌കഷന്‍ ഫോറത്തിലും നടന്ന ആശയ സംവാദങ്ങള്‍, അധ്യാപകന്‍ അപ്ലോഡ് ചെയ്ത മള്‍ട്ടിമീഡിയ ഫയലുകള്‍ ആരൊക്കെ എങ്ങനെയെല്ലാം ഉപയോഗിച്ചു എന്നിവയെല്ലാം അവിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും. അഥവാ സെമസ്റ്റര്‍ - വാര്‍ഷിക പരീക്ഷകളെ അപ്രസക്തമാക്കുന്ന വിധം പഠിതാവിന്റെയും അധ്യാപകന്റെയും അക്കാദമിക ജീവിതത്തിന്റെ ഇ- പോര്‍ട്ട്ഫോളിയോ വസ്തുനിഷ്ഠവും വ്യക്തവും കൃത്യവുമായ മൂര്‍ത്തതെളിവായി ഏതുതരം വിലയിരുത്തലിനും സദാ സന്നദ്ധമായി എല്‍.എം.എസില്‍ ഉണ്ടാകുമെന്നര്‍ത്ഥം. പഠിതാവിന് ഗ്രേഡ് നല്‍കാന്‍ മാത്രമല്ല അധ്യാപകന് പ്രമോഷനും പ്ലെയ്സ്മെന്റും കൊടുക്കാനും ഇതു ധാരാളം മതി. അധ്യാപകരെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കാന്‍ തുടങ്ങി സ്ഥാപന മേധാവിക്കും നിയമനാധികാരിക്കും ക്ലാസുകള്‍ പരിശോധിക്കാന്‍ വരെ LM S എന്ന ഈ ‘ഇ-പോര്‍ട്ട്ഫോളിയോ' ധാരാളം മതി. മാത്രമല്ല ഒരു സ്ഥാപനത്തിന് അതിന്റെ ഗുണഭോക്താക്കളുമായി അനായാസം ആശയവിനിമയം നടത്താനും പഠിതാവിന്റെ പഠനത്തെളിവുകള്‍ പങ്കുവെക്കാനുമാകും.
അധ്യാപകനും പഠിതാവും തമ്മില്‍ ക്ലാസ്മുറിയുടെ സ്വകാര്യതയില്‍ സ്വതന്ത്രമായി നടന്ന പഠനബോധന പ്രക്രിയ എല്‍.എം.എസ് എന്ന പ്രോഗ്രാമിന്റെ നിരീക്ഷണത്തില്‍ മറ്റൊരുതരത്തില്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്ന സുതാര്യവും തുറന്നതുമായ പ്രക്രിയയായിമാറും. മറ്റെല്ലാ നിരീക്ഷണോപകരണങ്ങള്‍ പോലെ അക്കാദമിക ജീവിതവും നാളെ നിയന്ത്രിക്കപ്പെട്ടേക്കാം.
മലയാളവിഭാഗം അസി. പ്രൊഫസര്‍. കെ.കെ.ടി.എം. ഗവണ്‍മെന്റ് കോളേജ്, കൊടുങ്ങല്ലൂര്‍.
കെ.വി. മനോജ്
May 07, 2022
8 Minutes Read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മനില സി.മോഹൻ
Apr 17, 2022
5 Minutes Watch
ഐശ്വര്യ കെ.
Apr 07, 2022
3 Minutes Read