പുറത്താകുന്ന 'ഫുൾ എ പ്ലസു'കാർ; ഒരു അധ്യാപകന്റെ ആശങ്കകൾ

പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ഫുൾ എ പ്ലസ് ലഭിച്ചവർക്കുപോലും ഇഷ്ടവിഷയവും സ്‌കൂളും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത്, ഇത്തവണ നടപ്പാക്കിയ 'ഫോക്കസ് ഏരിയ' എന്ന സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്. എല്ലാവർക്കും സ്‌കോർ ദാനമായി വാരിക്കൊടുക്കുന്നതിലല്ല, അർഹർക്ക് അവ കൃത്യതയോടെ നൽകുന്നതിലാണ് ഒരു വിലയിരുത്തൽ സമ്പ്രദായത്തിന്റെ വിശ്വാസ്യത നിലകൊള്ളുന്നത്. ഭൂരിപക്ഷത്തിനും മുഴുവൻ സ്‌കോറും നൽകി മേനി നടിക്കുകയാണോ, അതോ നീതിപൂർവ്വകമായ ഒരു സ്‌കോറിങ്ങ് രീതിയിലൂടെ പൊതു സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയാണോ വേണ്ടതെന്ന് അധ്യാപക സമൂഹം ചിന്തിക്കട്ടെ- ഒരു ഹയർസെക്കന്ററി അധ്യാപകന്റെ ആശങ്കകൾ.

‘ഫോക്കസ് ഏരിയ' എന്ന വാക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇന്ന് പരിചിതമാണ്. പരീക്ഷക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ട മേഖലയെന്ന ഏക പര്യായത്തിലേക്ക് ഈ വാക്ക് ചുരുങ്ങിക്കഴിഞ്ഞു. ‘കൊറോണ ബാച്ചു'കളുടെ പഠന - ബോധന പ്രവർത്തനങ്ങൾ ഈ ഫോക്കസ് ഏരിയയിൽ മാത്രം പരിമിതപ്പെട്ടു പോകുന്നുവോയെന്ന ആശങ്കയാണ് ഈ കുറിപ്പിന് ആധാരം.

ഫോക്കസ് ഏരിയ നിർണയിച്ചത് എന്തിന്?

ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും അവിഭാജ്യ ഘടകമാണ് സുതാര്യമായ വിലയിരുത്തൽ രീതി. പഠന പുരോഗതി വിലയിരുത്താനും, അർഹമായ ഉന്നത പഠനത്തിന് യോഗ്യത നിശ്ചയിക്കാനും മൂല്യനിർണയ പരീക്ഷകളും അനിവാര്യമാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങൾ പേടിച്ചു നിന്നപ്പോഴും, പഴുതുകളടച്ചുള്ള ആസൂത്രണത്തിലൂടെ തുടർപഠനത്തിനായി കുട്ടികളെ വാർഷിക പരീക്ഷകൾക്ക് ഒരുക്കി കേരളം മാതൃകയായിട്ടുണ്ട്. ഡിജിറ്റൽ പഠനത്തിന്റെ പരിമിതികൾ ഉൾക്കൊണ്ട് പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച്, ചോദ്യപേപ്പറുകൾ തയ്യാറാക്കി.

സിലബസിൽ ഉൾപ്പെടുത്തിയിരുന്ന 50 ശതമാനത്തോളം പാഠഭാഗങ്ങൾ മാത്രമാണ് പൊതുവിൽ ഫോക്കസ് ഏരിയ എന്ന നിലയിൽ നിശ്ചയിച്ചിരുന്നത്. കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിന് 75% വരെ ഫോക്കസ് ഏരിയ ചോദ്യങ്ങളായിരുന്നു ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തിയത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഉത്തരങ്ങൾ എഴുതുന്നതിന് ബാക്കി പാഠഭാഗങ്ങളിൽ നിന്നുള്ള പരിമിതമായ ചോദ്യങ്ങളും ഉൾപ്പെടുത്തി. ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യപേപ്പറുകളിലും ഘടനാപരമായ മാറ്റം വരുത്തി. ഇതെല്ലാം കുട്ടികളിലെ പരീക്ഷാപ്പേടി അകറ്റി, അവരെ സമഗ്രവും വസ്തുനിഷ്ഠവുമായ ഒരു വിലയിരുത്തലിന് വിധേയരാക്കുക എന്നതിന് പരമപ്രാധാന്യം കൽപിച്ചു കൊണ്ടായിരുന്നു.

പ്രയോഗത്തിലെ പാളിച്ചകൾ

കുട്ടികളുടെ പരീക്ഷാ തയ്യാറെടുപ്പിനും, ചോദ്യപേപ്പർ നിർമ്മാണത്തിലും മാത്രമാണ് ഫോക്കസ് ഏരിയ പ്രസക്തമാകുന്നത്. നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള
മുഴുവൻ പാഠഭാഗങ്ങളും അധ്യാപകർ വിനിമയം ചെയ്യേണ്ടതുണ്ട്. ചുരുക്കത്തിൽ, ഫോക്കസ് ഏരിയ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ പഠന പ്രവർത്തനങ്ങൾ ഫോക്കസ് ഏരിയയിൽ മാത്രം പരിമിതപ്പെടുമോ എന്ന ആശങ്ക രക്ഷിതാക്കളിലും കുട്ടികളിലുമുണ്ട്.

ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ച ശേഷം ക്ലാസുകൾ തുടങ്ങാമെന്ന നില വന്നേക്കാം. അൻപത് ശതമാനത്തോളം മാത്രം വരുന്ന ഫോക്കസ് ഏരിയ പാഠഭാഗങ്ങളുടെ ക്ലാസുകൾ മാത്രം നടത്തി പരീക്ഷയ്ക്കായി കുട്ടികളെ ഒരുക്കുന്ന സ്ഥിതി സംജാതമാകാം. ഓരോ ക്ലാസ് തലത്തിലും കുട്ടികൾ നേടേണ്ട അറിവുകളും ശേഷികളും തിട്ടപ്പെടുത്തിയാണല്ലോ പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം പാഠ്യപദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള പഠനനേട്ടങ്ങൾ ലഭിക്കാനുള്ള അവകാശം ഒരോ പഠിതാവിനും ഉറപ്പുനൽകുന്നുണ്ട്. അധ്യാപകർ ഫോക്കസ് ഏരിയയിൽ മാത്രമായി പാഠവിനിമയം പരിമിതപ്പെടുത്തുന്നതിലൂടെ ഈ അവകാശം കുട്ടികൾക്ക് നിഷേധിക്കുന്ന സാഹചര്യവും ഉണ്ടാവാം. താഴെ ക്ലാസുകളിൽ നിന്ന് ആവശ്യമായ അടിസ്ഥാന വിവരങ്ങളും, ശേഷികളും ആർജ്ജിക്കാർ കഴിയാതെ പോകുന്നത് കുട്ടികളുടെ തുടർന്നുള്ള പഠനത്തേയും ദോഷകരമായി ബാധിക്കും. കതിരിൽ വളംവെയ്ക്കുന്ന രീതികൾ, പരീക്ഷക്കു വേണ്ടി മാത്രം വിവരങ്ങൾ ഓർമിച്ചുവെയ്ക്കാനുള്ള കുറുക്കുവഴികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അറിവ് നിർമ്മാണത്തിലൂടെ വിവരങ്ങളെ ഭാവി ജീവതത്തിൽ അവന് പ്രയോജനപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല.

പരിമിതികൾ മാത്രം പറയുമ്പോൾ

ഡിജിറ്റൽ വിദ്യാഭ്യാസം ഒരുപാട് പുതിയ വെല്ലുവിളികൾ അധ്യാപകരിൽ ഉണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ വിഭവങ്ങളുടെ ലഭ്യതക്കുറവ്, സങ്കേതിക ജ്ഞാനത്തിന്റെ അഭാവം, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താൽപ്പര്യക്കുറവ്, കുട്ടികളുടെ മുൻപിൽ മോശക്കാരനാകുമോയെന്ന ഭീതി എന്നിവയെല്ലാം ഓൺലൈൻ ക്ലാസുകളിൽ നിന്ന് ഒളിച്ചോടാൻ പല അധ്യാപകരെയും പ്രേരിപ്പിക്കുന്നുണ്ട്. മറ്റുള്ളവർ തയ്യാറാക്കിയ ഡിജിറ്റൽ വിഭവങ്ങളെ സാഹചര്യബന്ധിതമായി മാറ്റം വരുത്താതെ, പലപ്പോഴും അതിലൂടെ കടന്നുപോകുക പോലും ചെയ്യാതെ, വിതരണം ചെയ്യുന്ന ഇടനിലക്കാരെന്ന സ്ഥാനമല്ല അധ്യാപകനുള്ളത്. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും അധ്യാപകരുടെ നേതൃത്വവും, കൈത്താങ്ങും ഒരു അനിവാര്യത തന്നെയാണ്.

കുട്ടികളുടെ പങ്കാളിത്ത - പ്രതികരണക്കുറവുകളും ഡിജിറ്റൽ ക്ലാസുകളിൽ നിന്ന് അധ്യാപകരെ പിൻതിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. കുട്ടികളുടെ ഡിജിറ്റൽ സൗകര്യക്കുറവും, സാമ്പത്തിക പരിമിതികളും തുടർച്ചയായി ഓൺലൈൻ ക്ലാസുകൾ നൽകുന്നതിന് അധ്യാപകർ മടിക്കുന്നതിനുള്ള ഒരു കാരണം കൂടിയാണ്. എങ്കിലും, ഏതു വിധേനയും മുഴുവൻ പാഠഭാഗങ്ങളും കുട്ടികൾക്ക് വിനിമയം ചെയ്യുക എന്നത് അധ്യാപകരുടെ നിയമപരമായ ബാധ്യത കൂടിയാണ്. ഈ ഉത്തരവാദിത്തത്തിൽ നിന്നും അധ്യാപകർ ഒളിച്ചോടുമ്പോഴാണ് ഓൺലൈൻ ട്യൂഷൻ സംവിധാനങ്ങൾക്ക് പ്രചാരമേറുന്നത്.

വെറുതെ വീട്ടിലിരുന്ന് കനത്ത ശമ്പളം വാങ്ങുന്നവരാണ് സർക്കാർ ജീവനക്കാരെന്ന അബദ്ധധാരണകളെ സജീവവും, നിരന്തരവുമായ അക്കാദമിക ഇടപെടലുകളിലൂടെ പ്രതിരോധിക്കാൻ അധ്യാപക സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. പഠനപ്രവർത്തനങ്ങളിലുള്ള സജീവ പങ്കാളിത്തം തന്നെയാണ് ഒരു അധ്യാപകനെ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയങ്കരനാക്കുന്നത്. മികവുറ്റതും നിരന്തരവുമായ അക്കാദമിക-മാനസിക പിൻതുണ ഈ കാലഘട്ടം അധ്യാപകരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്.

ഡിജിറ്റൽ അന്തരം

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയ്ക്കാൻ സ്വാതന്ത്ര്യാനന്തര കാലത്ത് പിൻതുടർന്ന സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങൾ ഏറെ സഹായകരമായിരുന്നു. ഇത്തരം സാമ്പത്തിക അസമത്വങ്ങൾക്ക് പുറമെ, ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ ഉപകരണങ്ങളുടെ ലഭ്യതയിലും പ്രയോഗത്തിലുമുള്ള ഏറ്റക്കുറച്ചിലുകളും സമൂഹം ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ, അരികുവത്ക്കരിക്കപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങൾക്ക് പുതിയ സാങ്കേതിക വിദ്യയും, ഡിജിറ്റൽ ഉപകരണങ്ങളും അപ്രാപ്യമാണെന്നത് ഒരു പഴംകഥയായി മാറുകയാണ്. അധ്യാപകരുടെയും, സംഘടനകളുടെയും, പൊതു സമൂഹത്തിന്റെയും ഇടപെടലുകളും, കൈത്താങ്ങും ഡിജിറ്റൽ അന്തരം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്.

ഡിജിറ്റൽ പരിധിക്ക് പുറത്തുണ്ടായിരുന്ന കുട്ടികൾക്കും വകുപ്പുതല ഇടപെടലുകളിലൂടെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കിയതിലൂടെ ആ പ്രദേശത്തുള്ള എല്ലാ ജനങ്ങളും അതിന്റെ ഗുണഭോക്താക്കളായിത്തീർന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. 'വീടാണ്- വിദ്യാലയം' തുടങ്ങിയ പദ്ധതികളിലൂടെ രക്ഷിതാക്കളെയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്നതിന് അനിവാര്യമായ ബോധവത്ക്കരണവും നൽകി. ഇത്തരം അനുകൂല സാഹചര്യങ്ങളിൽ ഡിജിറ്റൽ അന്തരത്തിന്റെ മറപറ്റി ഓൺലൈൻ ക്ലാസുകളോട് പുറംതിരിഞ്ഞു നിൽക്കാൻ ഏറെ സാമൂഹ്യ പ്രതിബന്ധതയുള്ള അധ്യാപകർക്ക് കഴിയുമോ? പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത വിദൂരഇടങ്ങളിലും, ആദിവാസി ഊരുകളിലും ബദൽ സംവിധാനമായി 'പഠനവീട് ' ഒരുക്കിയ അനേകം മാതൃകകളും നമുക്ക് മുൻപിലുണ്ട്. വിദ്യാഭാസ വകുപ്പും, അധ്യാപക സംഘടനകളും, വിഷയ കൂട്ടായ്മകളും പരിശീലനപരിപാടികളിലൂടെ അധ്യാപക ശാക്തികരണത്തിനും അവസരങ്ങൾ ഒരുക്കുന്നുണ്ട്.

കൈറ്റ് വിക്ടേഴ്‌സ് മാതൃക

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പൊതുപഠന സഹായി എന്ന നിലയിൽ വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ക്ലാസുകൾ ലോകോത്തര മാതൃക തന്നെയെന്നത് കേരളത്തിന് അഭിമാനകരമാണ്. വിഷയവിദഗ്ധരെ കണ്ടെത്തി, നിലവാരമുള്ള ക്ലാസുകൾ സംപ്രേഷണം ചെയ്തുകൊണ്ട് എക്കാലവും ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ വിഭവശേഖരമാണ് നമുക്ക് ഇതിലൂടെ ലഭ്യമായിട്ടുള്ളത്. വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ആവർത്തന ക്ലാസുകളും, തൽസമയ സംശയ നിവാരണ ക്ലാസുകളും പരീക്ഷാഭീതി അകറ്റാൻ കുട്ടികളെ ഏറെ സഹായിക്കുന്നവയായിരുന്നു. അതിനെ എത്രമാത്രം അധ്യാപകർ പ്രയോജനപ്പെടുത്തിയിട്ടുണ്ട് എന്ന ഒരു ആത്മവിമശനവും നടത്തേണ്ടതുണ്ട്. വിക്ടേഴ്‌സ് ക്ലാസ് കണ്ടോളൂ എന്നു പറഞ്ഞ് തുടർ പ്രവർത്തനങ്ങളൊ, സംശയ നിവാരണമൊ നടത്താതെ മാറിനിൽക്കാൻ മാർഗ്ഗദർശികളെന്ന നിലയിൽ അധ്യാപകർക്ക് കഴിയുമോ? വിദ്യാർത്ഥി മനസ്സുകളിൽ നിന്ന് സ്വന്തം അധ്യാപകർ കുടിയിറക്കപ്പെടുന്നതിന് ഇത് കാരണമാകില്ലേ?
സമഗ്രാപോർട്ടൽ നൽകുന്ന പഠന വിഭവങ്ങളെയും, ചോദ്യ ശേഖരത്തെയും ആശ്രയിച്ച് നവപഠനാനുഭവം പ്രദാനം ചെയ്യുന്ന അധ്യാപകർ അനവധിയുണ്ട്.

അവയ്ക്കു പുറമേ, ഉന്നത പഠനത്തിന് യോഗ്യതനേടാത്ത പ്ലസ് ടൂ വിദ്യാർത്ഥികളെ "സേ' പരീക്ഷയ്ക്ക് ഒരുക്കുന്നതിന് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് വിഭാഗം നടത്തിയ 'ഉയരെ' യും , പ്ലസ് വൺ വിദ്യാർത്ഥികളെ ചേർത്തു പിടിക്കാൻ പ്രമുഖ അധ്യാപക സംഘടനയുടെ ജില്ലാ അക്കാദമിക് ഘടകം നടത്തിയ 'അരികെ' യുമെല്ലാം ശ്രദ്ധേയമായ പദ്ധതികളായിരുന്നു.

എല്ലാവർക്കും ഫുൾ സ്‌കോർ!

പതിവ് ക്ലാസ് റൂം പഠനത്തോളം പൂർണത ഓൺലൈൻ ക്ലാസുകൾക്ക് നൽകാൻ കഴിയില്ലെന്ന വാസ്തവം തിരിച്ചറിഞ്ഞാണ് പരീക്ഷാ ചോദ്യപേപ്പറുകളിലും മാറ്റം വരുത്തിയത്. വിശകലനാത്മകമായ പരോക്ഷ ചോദ്യങ്ങൾ കുറച്ച് കൂടുതൽ വസ്തുനിഷ്ഠ ചോദ്യങ്ങൾ ഉൾപ്പെടുത്തിയതായി കാണുന്നു. കുട്ടികളുടെ പക്ഷത്തുനിന്ന് ചിന്തിച്ചുകൊണ്ട് ചോദ്യപേപ്പറുകൾ പരമാവധി ലളിതമാക്കിയതായി കാണാം. കൂടാതെ പരീക്ഷാ തയ്യാറെടുപ്പ് അനായാസമാക്കാൻ ഫോക്കസ് ഏരിയയിൽ നിന്ന് 75% വരെയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തി. ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിലൂടെ പഠിതാക്കളുടെ പരീക്ഷാഭീതി അകറ്റാനും കഴിഞ്ഞിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങളും എഴുതുവാനും, കുട്ടി ഉത്തരക്കടലാസിൽ എഴുതിയ മുഴുവൻ ചോദ്യങ്ങളും മൂല്യനിർണയം ചെയ്യുമെന്നുമുള്ള സൂചനകൾ കുട്ടികൾക്കുള്ള നിർദ്ദേശങ്ങളിലൂടെ വ്യക്തമായിരുന്നു. എന്നാൽ മൂല്യനിർണയ ക്യാമ്പുകൾക്കുശേഷം, ഇത് ഉചിതമായ തീരുമാനം അല്ലായെന്ന് വെളിപ്പെട്ടതുകൊണ്ടാകാം ഒന്നാം വർഷ ഹയർ സെക്കണ്ടറി മാത്യകാ പരീക്ഷയിൽ അനുകൂലമായ ചില മാറ്റങ്ങൾ വരുത്തിയതായി കാണുന്നത്. മുൻ പരീക്ഷകളുടെ ചോദ്യപേപ്പറുകളിലൂടെ, താരതമ്യേന പഠനമികവ് കുറഞ്ഞ കുട്ടികൾക്കും മുഴുവൻ സ്‌കോറും ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഉദാഹരണമായി, 100 സ്‌കോറിനുള്ള ചോദ്യപേപ്പറിൽ 200 സ്‌കോറിനുള്ള ചോദ്യങ്ങക്ക് ഓപ്പൺ ചോയിസ് ആകുമ്പോൾ, 100-ൽ 90 സ്‌കോർ മുതൽ 200 സ്‌കോർ വരെ ലഭിച്ചവർക്ക് A+ ഗ്രേഡ് നൽകേണ്ടി വരുന്നു. ഇതാണ് A+ നേടുന്നവരുടെ എണ്ണം മുൻവർഷങ്ങളേക്കാൾ നാലിരട്ടി വരെ ഉയരാൻ കാരണവും.

തുടർപഠനത്തിന് കുടുതൽ മിടുക്കരായ വിദ്യാർത്ഥികളെ പിൻതള്ളി താരതമ്യേന പിന്നാക്കം നിൽക്കുന്ന കുട്ടികൾ അർഹരായി എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. ഉയർന്ന പഠന നിലവാരമുള്ള മിടുക്കരായ കുട്ടികൾക്ക് തങ്ങളുടെ ഇഷ്ടവിഷയങ്ങളിലും, സ്ഥാപനങ്ങളിലും തുടർപഠനത്തിന് പ്രവേശനം ലഭിച്ചില്ല. മാർക്ക് ലിസ്റ്റിലുള്ള ഉയർന്ന ഗ്രേഡ് പ്രകാരം ലഭിച്ച കോഴ്‌സുകളിലുള്ള തുടർപഠനം താരതമ്യേന പഠനമികവില്ലാത്ത വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട് എന്നത് കുട്ടികൾ തന്നെ പങ്കുവെയ്ക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കിയതിനായിരിക്കാം പുതിയ ചോദ്യപേപ്പറുകളുടെ ഘടനയിൽ വീണ്ടും ചില മാറ്റങ്ങൾ കാണുന്നത്. അവയിൽ ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുകയും എന്നാൽ ഒരോ സെക്ഷനിൽ നിന്നും കുട്ടികൾക്ക് ഉത്തരം എഴുതാവുന്ന പരമാവധി ചോദ്യങ്ങൾ നിജപ്പെടുത്തുകയും ചെയ്യുമെന്ന നിർദ്ദേശമാണ് പുതിയ ചോദ്യപേപ്പറുകളിൽ കാണുന്നത്. കുട്ടികൾ അധിക ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്നുവെങ്കിൽ, മുഴുവൻ മൂല്യനിർണ്ണയം ചെയ്ത് അവയിൽ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്നവ മാത്രം പ്രസ്തുത വിഭാഗത്തിൽ ആകെ സ്‌കോറിലേക്ക് പരിഗണിക്കുകയും ചെയ്യുമെന്ന ഗവൺമെൻറ്​ നിർദ്ദേശവും വന്നിട്ടുണ്ട്. ഇവിടെയും ഫോക്കസ് ഏരിയയിൽ ഉൾപ്പെടുന്ന പാഠഭാഗങ്ങൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് മുഴുവൻ സ്‌കോറും ലഭിക്കുമെന്നുണ്ട്. ഈ സൗകര്യം ഫോക്കസ് ഏരിയ പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കാൻ അധ്യാപകരെ പ്രേരിപ്പിച്ചേക്കാം. ഇത് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന മുഴുവൻ പഠന നേട്ടങ്ങളും കുട്ടികളിൽ ഉണ്ടാകുന്നതിന് തടസമായേക്കാം.

ഇതിനുള്ള പരിഹാരമെന്ന നിലയിൽ മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾക്ക് ചോദ്യപേപ്പറിൽ ചോയിസ് നൽകാതിരിക്കുന്നത് ഉചിതമായിരിക്കും. അതിലൂടെ മുഴുവൻ പാഠഭാഗങ്ങളും നന്നായി പഠിച്ച് പരീക്ഷയെ അഭിമുഖികരിക്കുന്ന കുട്ടികൾക്ക് മാത്രം മുഴുവൻ സ്‌കോറും ലഭിക്കുമെന്ന സാമാന്യ നീതി നടപ്പിലാകുന്നു. ഉത്സാഹികൾക്ക് ഉയർന്ന പ്രതിഫലവും, ഉദാസീനർക്ക് കുറഞ്ഞ പ്രതിഫലവുമാണല്ലോ മാനുഷിക നീതി. എല്ലാവർക്കും സ്‌കോർ ദാനമായി വാരി കൊടുക്കുന്നതിലല്ല, അർഹതപ്പെട്ടവർക്ക് അവ കൃത്യതയോടെ നൽകുന്നതിലാണ് ഒരു വിലയിരുത്തൽ സമ്പ്രദായത്തിന്റെ വിശ്വാസ്യത നിലകൊള്ളുന്നത്. ചോദ്യപേപ്പർ നിർമ്മാണ മാർഗ്ഗനിർദ്ദേശങ്ങൾ ഇത്തരത്തിൽ വ്യക്തമായി നൽകുകയും എല്ലാ വിഷയ ഗ്രൂപ്പുകളിലും ഇവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതും ഉചിതമാണ്.

അതിലൂടെ ചോദ്യരൂപകൽപനയുടെ പിന്നിലുള്ള അടിസ്ഥാന ആശയങ്ങളെ കൂടുതൽ ശാസ്ത്രീയവും, നീതിയുക്തവുമാക്കാൻ കഴിയും. ചോദ്യപേപ്പർ രൂപകല്പനയ്ക്കു പിന്നിലുള്ള ഇത്തരം നല്ല ലക്ഷ്യങ്ങളെ പരിഗണിച്ച് മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങൾക്ക് ചോയിസ് നൽകാതിരുന്ന വിഷയ ഗ്രൂപ്പുകൾ സമീപകാല പരീക്ഷകളിൽ വിരളമായെങ്കിലും കാണുന്നുണ്ട്. സമഗ്രവും, നീതിപൂർവ്വകവുമായ പരീക്ഷാ രീതികളെക്കുറിച്ചുള്ള ചർച്ചകൾ ഈ വിഷയ ഗ്രൂപ്പുകളിൽ നടന്നിട്ടുണ്ടാവാം. ഭൂരിപക്ഷത്തിനും മുഴുവൻ സ്‌കോറും നൽകി മേനി നടിക്കുകയാണോ, അതോ നീതിപൂർവ്വകമായ ഒരു സ്‌കോറിങ്ങ് രീതിയിലൂടെ പൊതു സമൂഹത്തിന്റെ വിശ്വാസം നേടിയെടുക്കുകയാണോ വേണ്ടതെന്ന് അധ്യാപക സമൂഹം ചിന്തിക്കട്ടെ!

പുതിയ പ്രതിസന്ധി കാലഘട്ടം ഇത്തരത്തിലുള്ള ഒരുപാട് പുതിയ വെല്ലുവിളികൾ വിദ്യാഭ്യാസരംഗത്ത് ഉയർത്തുന്നുണ്ട്. പരീക്ഷണ വ്യവഹാരങ്ങൾ ഒഴിവാക്കി, ഇവയുടെ വിവിധ ഘടകങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ഉചിതമായ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലാണ് ഇനി ഊന്നൽ കൊടുക്കേണ്ടത്.

Comments