തൃപ്പുണിത്തുറ: മൃദുഹിന്ദുത്വ സൂത്രങ്ങൾ

Election Desk

രിത്രമെടുത്താൽ അനവധി ഗതിവിഗതികൾ നിറഞ്ഞതാണ് എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ മണ്ഡലത്തിന്റെ സഞ്ചാരം. പ്രമുഖ നേതാക്കൾ, മന്ത്രിമാർ, അട്ടിമറികൾ...എല്ലാം നിറഞ്ഞത്.

ആറുതവണ വീതം എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും പിന്തുണച്ച മണ്ഡലം. 1965ലാണ് തൃപ്പുണിത്തുറയിൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്. സി.പി.എം നേതാവ് ടി.കെ. രാമകൃഷ്ണൻ കോൺഗ്രസിലെ പോളിനെ 2371 വോട്ടിന് തോൽപ്പിച്ച് ആദ്യ എം.എൽ.എയായി. 1970ൽ പോൾ പി. മാണി 360 വോട്ടിന് ടി.കെ. രാമകൃഷ്ണനെ തോൽപ്പിച്ചു.

എം. സ്വരാജ് / ചിത്രീകരണം: ദേവപ്രകാശ്

1982ൽ സ്വതന്ത്ര സ്ഥാനാർഥി കെ.ജി.ആർ. കർത്ത ടി.കെ. രാമകൃഷ്ണനെ 761 വോട്ടിന് തോൽപ്പിച്ചു. 1987ൽ സി.പി.എം നേതാവ് വി. വിശ്വനാഥമേനോൻ സ്വതന്ത്രൻ എസ്.എൻ. നായരെ തോൽപ്പിച്ചു.
1991ൽ കോൺഗ്രസിലെ കെ. ബാബു സി.പി.എം നേതാവ് എം.എം. ലോറൻസിനെ തോൽപ്പിച്ചു. പിന്നീട് 2011 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ബാബുവിന്റെ സ്വന്തമായിരുന്നു തൃപ്പുണിത്തുറ. തുടർച്ചയായി അഞ്ചുതവണ ബാബു തന്നെയാണ് വിജയിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. സ്വരാജ് ബാബുവിനെ 4116 വോട്ടിന് തോൽപ്പിച്ച് ആ കുതിപ്പിന് കടിഞ്ഞാണിട്ടു. 2016ൽ ബി.ജെ.പി സ്ഥാനാർഥി തുറവൂർ വിശ്വംഭരൻ 29,843 വോട്ട് നേടി.

മന്ത്രി മണ്ഡലം കൂടിയാണിത്. ടി.കെ. രാമകൃഷ്ണൻ, വി. വിശ്വനാഥമേനോൻ, പോൾ പി. മാണി, കെ.ജി.ആർ. കർത്ത, കെ.ബാബു എന്നിവരെല്ലാം മന്ത്രിമാരായിട്ടുണ്ട്.
എം. സ്വരാജ് തന്നെയായിരിക്കും ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർഥി. കാരണം വ്യക്തം. യുവാവും മികച്ച പ്രതിച്ഛായയും. കഴിഞ്ഞ തവണ ബാബുവിനെ തോൽപ്പിച്ച അതേ കാരണങ്ങൾ കൊണ്ട് ഇത്തവണയും സ്വരാജിന് ജയിച്ചുകയറാമെന്ന് സി.പി.എമ്മിന് ഉറപ്പുണ്ട്.

എന്നാൽ, കോൺഗ്രസ് ഇവിടെ വെറുതെ ഇരിക്കുകയല്ല. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര തൃപ്പുണിത്തുറയിലെത്തിയപ്പോൾ, തമാശയെന്നു തോന്നുന്ന ഒന്ന് സംഭവിച്ചു- അതുവരെ ബി.ജെ..പിയായിരുന്ന സിനിമ സംവിധായകൻ മേജർ രവി പൊടുന്നനെ കോൺഗ്രസിൽ ചേർന്നത് ചില കിംവദന്തികൾ പ്രചരിപ്പിച്ചു, ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയാകും എന്നൊക്കെ.

അത് മേജർ രവിയുടെ സിനിമകൾ പോലെത്തന്നെയുള്ളൊരു തമാശ മാത്രമായിരുന്നു. ആരായാലും യു.ഡി.എഫിന് ഇവിടെയുള്ളത് ഒരേയൊരു ലക്ഷ്യം; മൃദു ഹിന്ദുത്വവോട്ടുബാങ്കുള്ള മണ്ഡലങ്ങളിൽ ഒന്നാണിത്, ഈ വോട്ട് സമാഹരിച്ച് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കുക. നടക്കുമോ എന്തോ? സംശയത്തിന് കാരണം, സാക്ഷാൽ ‘മെട്രോ മാനാ'ണ്. ബി.ജെ.പിയിൽ ചേർന്ന ഇ. ശ്രീധരന് പാർട്ടി ആലോചിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തൃപ്പുണിത്തുറയാണ്. പാലവും റോഡും പണിയുന്നതിന്റെ മേന്മ നോക്കി മലയാളികൾ വോട്ടുചെയ്യാറില്ല, അപ്പോൾ ശ്രീധരനായി ഇവിടെ ബി.ജെ.പി കരുതിവെക്കുന്ന മൂലധനം, ‘പൊതു' ഹിന്ദുത്വ വോട്ടുകളാണ്. അത്, എന്തിന് വെറുതെ യു.ഡി.എഫിന് കൊടുക്കണം എന്ന് ബി.ജെ.പിക്ക് തോന്നുന്നത് തികച്ചും ന്യായം.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ ലിസ്റ്റിലുള്ള കെ.പി. ധനപാലൻ തന്നെ ഒടുവിൽ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയായി എത്തുമോ?

തൃപ്പുണിത്തുറ, മരട് നഗരസഭകളും കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 11 മുതൽ 18 വരെ വാർഡുകളും അടങ്ങുന്നതാണ് തൃപ്പുണിത്തുറ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തുറ നഗസഭയിൽ എൽ.ഡി.എഫ് 49 സീറ്റും ബി.ജെ.പി 15 സീറ്റും നേടി. കോൺഗ്രസിന് വെറും എട്ടു സീറ്റേ കിട്ടിയുള്ളൂ.


Comments