തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന
ഇക്കാലത്ത് ‘തുറമുഖം’
ഒരു ചരിത്രക്കാഴ്ച മാത്രമല്ല
തൊഴിലവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്ന ഇക്കാലത്ത് ‘തുറമുഖം’ ഒരു ചരിത്രക്കാഴ്ച മാത്രമല്ല
മലയാളത്തിൽ, തൊഴിലാളികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചലച്ചിത്രങ്ങള്‍ അറുപതുകളിലും എഴുപതുകളിലും നിര്‍മ്മിക്കപ്പെട്ടിരുന്നു. തൊഴിലാളികളുടെ കഥയെന്നത്, അവരുടെ പോരാട്ടത്തിന്റെ കഥയായിരുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍', ‘മൂലധനം’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ തൊഴിലാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. ആ ദിശയിലേയ്ക്കാണ് രാജീവ് രവി ‘തുറമുഖ’ത്തിലൂടെ ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.
13 Mar 2023, 12:41 PM
1953 സെപ്റ്റംബര്‍ 15 നാണ് മട്ടാഞ്ചേരി വെടിവെപ്പ് നടന്നത്. മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തിലെ തൊഴിലവകാശ സമര ചരിത്രത്തില്‍ ചാപ്പ വിരുദ്ധ സമരവും മട്ടാഞ്ചേരി വെടിവെപ്പും അര്‍ഹമായ പ്രാധാന്യത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒരു വ്യവസായ നഗരമായി കൊച്ചി വികസിച്ചതില്‍ അറബിക്കടലിനും തുറമുഖത്തിനും നിര്‍ണായക സ്ഥാനമുള്ളതുപോലെ, തൊഴിലാളികള്‍ക്കുമുണ്ട്. അദ്ധ്വാനശക്തി മാത്രം കൈമുതലുള്ള തൊഴിലാളികള്‍, ഗ്രാമങ്ങളില്‍ നിന്ന് ജോലി തേടി കൊച്ചി തുറമുഖത്തെത്തി, അതിജീവിച്ചത് രക്തമൊഴുക്കിയ പോരാട്ടങ്ങളിലൂടെയാണ്. തൊഴിലവകാശങ്ങള്‍ക്കുവേണ്ടി മട്ടാഞ്ചേരിയിലെ തൊഴിലാളികള്‍ നടത്തിയ സുദീര്‍ഘ സമരത്തിന്റെ ചരിത്രം യഥാതഥമായി ദൃശ്യാഖ്യാനം ചെയ്യുകയാണ് ‘തുറമുഖം'.
‘കാട്ടാളന്മാര്‍ നാട് ഭരിച്ച്, നാട്ടില്‍ തീമഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ?'- പി.ജെ. ആന്റണി എന്ന നാടകപ്രതിഭ എഴുതിയ ഈ മുദ്രാവാക്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്. മണികണ്ഠനാചാരിയുടെ ഇടിമുഴക്കമുള്ള മുദ്രാവാക്യം വിളി തിയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷക ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിയ്ക്കും . ‘തുറമുഖ'ത്തിലുടനീളം ഉശിരന്‍ മുദ്രാവാക്യങ്ങളുടെ ഘോഷയാത്രയാണ്. ചൂഷിതരായ തൊഴിലാളികള്‍, ഹൃദ്രക്തത്തില്‍ ചാലിച്ചെഴുതിയ മുദ്രവാക്യങ്ങളില്‍ അവരുടെ വേദനയും രോഷവുമൊക്കെ സ്വാഭാവികമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കാലഘട്ടത്തിനിണങ്ങുന്ന വാക്കുകളും വരികളും ചേര്‍ത്തുകോര്‍ത്താണ് അന്‍വര്‍ അലി മുദ്രാവാക്യങ്ങള്‍ രചിച്ചിരിക്കുന്നത്.

ചതിയന്മാരാം ഇണ്ടെക്കേ
തൊഴിലാളികളെ വഞ്ചിച്ച്
ചരക്കിറക്കാന്‍ നോക്കണ്ട
സാഗര്‍ റാണി കപ്പലീന്ന്
ചരക്കിറക്കാന്‍ നോക്കണ്ട
കോനാകമ്പനി സ്റ്റീവ്‌ഡോറേ
ഒത്തുകളിക്കും സെക്കട്രീ
തൊഴിലാളികളെ വഞ്ചിച്ച്
ചരക്കിറക്കാന്‍ നോക്കണ്ട
സാഗര്‍ റാണി കപ്പലീന്ന്
ചരക്കിറക്കാന്‍ നോക്കണ്ട
ഇണ്ടെക്കിന്‍ പട്ടിക്ക് മാത്രം പണിയെങ്കില്‍
അപ്പണി ഞങ്ങ നിറുത്തിക്കും
കരിങ്കാലിച്ചെറ്റകള്‍ ചാപ്പയുമായ് വന്നാല്‍
ആ ചാപ്പ ഞങ്ങ പറപ്പിക്കും
കല്‍ക്കരിയായാലും കാരിരുമ്പായാലും
കപ്പലു ഞങ്ങ കത്തിക്കും
സാഗര്‍ റാണി കത്തിക്കും
സാഗര്‍ റാണീല്‍ ചരക്കുണ്ടെങ്കില്‍
ഞങ്ങടെ കൈക്ക് കരുത്തുണ്ടെങ്കില്‍
ചരക്കു നിങ്ങളിറക്കില്ല
ഞങ്ങടെ മക്കള്‍ വെശന്നു കരയുമ്പൊ
ഞങ്ങടെ ചോരയാല്‍ വാര്‍ഫു ചുവക്കുമ്പൊ
ഒരിക്കലും നിങ്ങളിറക്കില്ല
ചരക്കു നിങ്ങളിറക്കില്ല
ഞങ്ങടെ ശവത്തില്‍ ചവിട്ടിയേ നിങ്ങ
ചരക്കിറക്കൂ കട്ടായം
ചതിയന്മാരേ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
കരിങ്കാലികളേ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
സ്റ്റീവ്‌ഡോറേ, സെക്കട്രീ
പോലീസേ സര്‍ക്കാരേ
കണ്ടോളൂ കണ്ടോളൂ
തൊഴിലാളികളുടെ ചെമ്പടയെ
കണ്ടോളൂ കണ്ടോളൂ
സീപ്പീസീയെല്‍യൂ ചെമ്പടയെ
സീപ്പീസീയെല്‍യൂ സിന്ദാബാദ്
തൊഴിലാളി ഐക്യം സിന്ദാബാദ്
1930 കളില്‍ മലബാര്‍, തിരുവിതാംകൂര്‍ രാജ്യങ്ങളില്‍ നിന്ന് തൊഴിലന്വേഷിച്ച് കൊച്ചിയിലെത്തിയ നിസ്വവര്‍ഗ്ഗത്തിന്റെ കഥയാണ് ‘തുറമുഖം' പറയുന്നത്. അറബിക്കടലിന്റെ തീരത്ത് ഒരു വ്യവസായ നഗരം വളര്‍ന്നു വരുന്നതുകൊണ്ടു തന്നെ തൊഴിലാളികളുടെ അനുസ്യൂതമായ ഒഴുക്ക് അവിടേയ്ക്കുണ്ടായി. എന്നാല്‍, തൊഴിലാളികളുടെ അവസ്ഥ അടിമസമാനമായിരുന്നു.1886 മെയ് 4 ന് ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍, തൊഴില്‍സമയം 8 മണിക്കൂറായി നിജപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത തൊഴിലാളികള്‍ക്കുനേരെ വെടിവെപ്പുണ്ടാകുകയും നാലുപേര്‍ കൊല്ലപ്പെട്ടുകയും നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹേ മാര്‍ക്കറ്റ് കൂട്ടക്കൊലയ്ക്ക് ശേഷം വിവിധ രാജ്യങ്ങളില്‍ നിരന്തരം സംഘടിപ്പിയ്ക്കപ്പെട്ട സമരത്തിന്റെ ഫലമായാണ് എട്ടു മണിക്കൂര്‍ തൊഴിലവകാശം നിയമമായത്.

മെയ് ദിനാചരണം ആരംഭിച്ച് ഒന്നരപ്പതിറ്റാണ്ടിനുശേഷവും കൊച്ചിയിലെ തൊഴിലാളികള്‍ 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവന്നിരുന്നു. തുറമുഖത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ വലിയൊരു കടമ്പ കൂടി കടക്കേണ്ടതുണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായതുകൊണ്ടുതന്നെ, ദിവസേന നൂറ് കണക്കിന് തൊഴിലന്വേഷകര്‍ തുറമുഖത്തെത്തും. തൊഴിലെടക്കുവാനുള്ള യോഗ്യതയെന്നത് ആരോഗ്യവും സന്നദ്ധതതയുമായിരുന്നില്ല. മറിച്ച്, കൈയ്യൂക്കായിരുന്നു. മൂപ്പനും കോണ്‍ട്രാക്റ്ററും തൊഴിലാളികള്‍ക്കിടയിലേക്ക് എറിഞ്ഞുകൊടുക്കുന്ന ചാപ്പ (ചെമ്പു നാണയം) കരസ്ഥമാക്കുന്നവര്‍ക്കായിരുന്നു ആ ദിവസം തൊഴില്‍ ലഭിക്കുന്നത്. അത് ദിവസവും ആവര്‍ത്തിക്കുന്നു. ചാപ്പയ്ക്കു വേണ്ടി, തൊഴിലാളികള്‍ നടത്തുന്ന തമ്മിലടി കണ്ട് രസം പിടിച്ചു നില്‍ക്കുന്ന മൂപ്പനെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമില്ലായിരുന്നു. എന്നാല്‍, ചൂഷണം അസഹനീയമായപ്പോള്‍ തൊഴിലാളികള്‍ സംഘടിച്ചു. അവര്‍ ചെങ്കൊടിയ്ക്ക് കീഴില്‍ അണിനിരന്നു. കൊച്ചിന്‍ പോര്‍ട്ട് കാര്‍ഗോ ലേബര്‍ യൂണിയന്‍ എന്ന തൊഴിലാളി സംഘടന രൂപീകരിച്ച്, ചൂഷണത്തിനെതിരെ അണിനിരന്നു. അവകാശബോധത്തോടെ തൊഴിലാളികള്‍ ഒന്നിച്ചപ്പോള്‍ മുതലാളിമാരുടെ സംരക്ഷണത്തിന് പോലീസിന്റെ ഹിസാത്മക ശക്തിയെത്തി. തൊഴിലാളികളുടെ സമരവീര്യവും ഭരണകൂടത്തിന്റെ നൃശംസതയും ഏറ്റുമുട്ടിയപ്പോള്‍ മട്ടാഞ്ചേരിയില്‍ രക്തപ്പൂക്കള്‍ വിടര്‍ന്നു. ആ ആവേശകരമായ തൊഴിലാളി സമര ചരിത്രമാണ് രാജീവ് രവി അഭ്രപാളികളിലെത്തിച്ചിരിക്കുന്നത്.

മലബാറില്‍ നിന്ന് മട്ടാഞ്ചേരിയിലേയ്ക്ക് കുടിയേറിയ മൈമുവിലൂടാണ് ‘തുറമുഖം' തുടങ്ങുന്നത്. ബ്ലാക്ക് ആൻറ് വൈറ്റിന്റെ ചാരുതയിലാണ് അക്കാലത്തെ രാജീവ് രവി ദൃശ്യവത്കരിക്കുന്നത്. പോരാട്ടത്തിന് പ്രാരംഭം കുറിച്ച് മൈമു മണ്ണിലേയ്ക്ക് മടങ്ങി. മടങ്ങും മുന്‍പ് ഭാര്യ ഉമ്മയോട് ‘ഞാനില്ലെങ്കിലും നീ നമ്മടെ മക്കളെ വളര്‍ത്തില്ലേ?'എന്ന മൈമുവിന്റെ ചോദ്യത്തില്‍ പകച്ചുപോയെങ്കിലും അവര്‍ മൂന്ന് മക്കളെയും വളര്‍ത്തി വലുതാക്കി. ഉമ്മയുടെയും മക്കളുടെയും പോരാട്ടത്തിന്റെ കൂടി കഥയാണിത്.
മലയാളത്തിൽ, തൊഴിലാളികള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചലച്ചിത്രങ്ങള്‍ അറുപതുകളിലും എഴുപതുകളിലും നിര്‍മ്മിക്കപ്പെട്ടിരുന്നു. തൊഴിലാളികളുടെ കഥയെന്നത്, അവരുടെ പോരാട്ടത്തിന്റെ കഥയായിരുന്നു. ‘അനുഭവങ്ങള്‍ പാളിച്ചകള്‍', ‘മൂലധനം’, ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങി നിരവധി ചലച്ചിത്രങ്ങള്‍ തൊഴിലാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു. ആ ദിശയിലേയ്ക്കാണ് രാജീവ് രവി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.
1953-ലെ വെടിവെപ്പിൽ കൊല്ലപ്പെട്ട സെയ്ദും സെയ്ദലവിയും പിന്നീട് ലോക്കപ്പ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട ആന്റണിയുമൊക്കെ അഭ്രപാളികളില്‍ പുനര്‍ജനിക്കുന്നു. മട്ടാഞ്ചേരിയില്‍ ഹിന്ദുവും മുസല്‍മാനും കൃസ്ത്യാനിയുമൊക്കെ ഏകോദര സഹോദരങ്ങളെപ്പോലെ ചേര്‍ന്നു നിന്ന് പോരാടിയെന്നത് ഇന്ന് എടുത്തു പറയേണ്ടതുണ്ട്. സമരങ്ങളാണ് ജനങ്ങളെ ഐക്യപ്പെടുത്തുന്നതും വര്‍ഗീയ, വിഭാഗിയ ചിന്തകളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതെന്നതും തുറമുഖം നല്‍കുന്ന വെളിച്ചമാണ്.
1968ല്‍ പി.എം.ചിദംബരം എഴുതി സംവിധാനം ചെയ്ത ‘തുറമുഖം' എന്ന നാടകം അടിസ്ഥാനപ്പെടുത്തി, അദ്ദേഹത്തിന്റെ മകന്‍ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചാരം മൂടിക്കിടന്നിരുന്ന പ്രക്ഷോഭക്കനലുകളെ പ്രോജ്വലിപ്പിക്കും വിധത്തില്‍ ചലച്ചിത്ര സാക്ഷാത്കരം നടത്തിയത് രാജീവ് രവിയാണ്. ഗോകുല്‍ദാസിന്റെ കലാസംവിധാനമികവും എടുത്തു പറയേണ്ടതാണ്. 1930 കളില്‍ ആരംഭിച്ച്, 53 ല്‍ അവസാനിക്കുന്ന സിനിമയില്‍ കാലഘട്ടം പുനരാവിഷ്‌കരിക്കുവാനുള്ള കലാസംവിധായകന്റെ പരിശ്രമം വിജയം കണ്ടു. പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. പൂര്‍ണിമ ഇന്ദ്രജിത്, സുദേവ് നായര്‍ എന്നിവര്‍ അവിസ്മരണീയ പകര്‍ന്നാട്ടമാണ് നടത്തിയത്. ജോജു ജോര്‍ജ്ജിന്റെ സ്‌ക്രീന്‍ പ്രസന്‍സ് എടുത്തു പറയേണ്ടതാണ്. നിവിന്‍ പോളി, അര്‍ജ്ജുന്‍ അശോകന്‍, നിമിഷ സജയന്‍, എന്നിവരുടെ പ്രകടനങ്ങളും മികച്ചുനിന്നു. എട്ടും പൊട്ടും തിരിയാത്ത ഖദീജ എന്ന പെണ്‍കുട്ടിയായുള്ള ദര്‍ശനയുടെ പ്രകടനം ശ്രദ്ധിക്കപ്പെടേണ്ടതാണ് .

തൊഴിലവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍ ‘തുറമുഖം' തുറന്നു വയ്ക്കുന്ന സമരചരിത്രം വെറും കാഴ്ചകള്‍ മാത്രമായി അവശേഷിയ്ക്കണ്ടതല്ല. പുതിയ തലമുറയോട് ‘തുറമുഖം' പറയുന്നത്, അനീതിയോടും അസത്യത്തോടും സന്ധിയില്ലാതെ പോരാടുവാനാണ്. വേഷം മാറിയ മൂപ്പന്മാരും കങ്കാണിമാരും ചാട്ടയും ചാപ്പയുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഇടിമുഴക്കം പോലെ മുഴങ്ങേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ചാണ് ഈ സിനിമ ഓർമപ്പെടുത്തുന്നത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
റിന്റുജ ജോണ്‍
Feb 18, 2023
4 Minutes Watch