ഒറ്റ വെടിക്ക് ഇസ്ലാമിനെയും കമ്യൂണിസത്തെയും
ഉന്നം വെക്കുന്ന വമ്പന്‍ ചതിക്കുഴിയാണിത്-
എം.ടി. അന്‍സാരി
ഒറ്റ വെടിക്ക് ഇസ്ലാമിനെയും കമ്യൂണിസത്തെയും ഉന്നം വെക്കുന്ന വമ്പന്‍ ചതിക്കുഴിയാണിത്- എം.ടി. അന്‍സാരി
ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മള്‍' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യന്‍ മുസ്‌ലിം തുടരണമോ?
19 Sep 2021, 06:39 PM
മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ പുറംതള്ളുന്നത്, കേരളത്തിലെ ദ്വിവിജയികളായ സി.പി.എം. ഗവണ്മെന്റിനെ ഒന്നുകില്‍ നിസ്സംഗത അഭിനയിക്കുക, അല്ലെങ്കില്‍ ഹിന്ദുത്വ നയങ്ങള്‍ക്കെതിരായി മതേതര വാദങ്ങള്‍ പൊക്കി പിടിക്കുക എന്ന ഇരട്ടക്കെണിയില്‍ വീഴിക്കുന്ന കൗടില്യതന്ത്രമാണെന്ന് എഴുത്തുകാരനും ഗവേഷകനുമായ എം.ടി. അന്‍സാരി. ഒറ്റ വെടിക്ക് ഇസ്ലാമിനെയും കമ്യൂണിസത്തെയും ഉന്നം വെക്കുന്ന വമ്പന്‍ ചതിക്കുഴിയാണ് ഒരുക്കിയിരിക്കുന്നതെന്ന് നാം കാണാതെ പോകരുത്; ബോണസ് എന്ന പോലെ ചില ക്രൈസ്തവവിഭാഗങ്ങളെയെങ്കിലും ഇളക്കാനും ഇക്കിളിപ്പെടുത്താനും പറ്റുകയും ചെയ്തു. ഇത്തരുണത്തില്‍, ശബരിമല കോലാഹലത്തിന്റെ അലയൊലികള്‍ സംസ്ഥാനത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് ഓര്‍മ്മിക്കുന്നതും നന്നായിരിക്കും- ട്രൂ കോപ്പി വെബ്സീനില്‍ അദ്ദേഹം എഴുതുന്നു.
‘താലിബാന്‍ മനോഭാവത്തിന്റെ ആദ്യ രൂപം' എന്ന് നേരത്തെ ബി.ജെ.പി. നേതാവ് രാം മാധവ് മലബാര്‍ കലാപത്തെ മുദ്ര കുത്തിയിരുന്നു. ഹിന്ദുക്കളുടെ കൂട്ടക്കൊല എന്നാണ് ലഹളയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിശേഷിപ്പിച്ചത്. കേരള ഗവണ്‍മെന്റ് ആദ്യം (1971-ല്‍) അവരെ രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു, പിന്നീട് 1975-ല്‍ പിന്‍വലിച്ചു എന്നും മുരളീധരന്‍ പറഞ്ഞു: ‘‘സംസ്ഥാന ഗവണ്മെൻറ് അംഗീകരിക്കാത്തവരെ ഐ.സി.എച്ച്.ആര്‍. എന്തിന് അംഗീകരിക്കണം? 1975-ല്‍ കേരള സംസ്ഥാന ഗവണ്മെൻറ് പുറത്തിറക്കിയ Who is Who of Freedom Fighters in Kerala എന്ന പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഉള്‍പ്പെടുത്തിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോന്‍ ആണ് പുസ്തകത്തിന്റെ ആമുഖം എഴുതിയത്’’ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികള്‍ അകത്തോ പുറത്തോ എന്ന പുകമറയ്ക്കുള്ളില്‍ ശക്തമായ അണിയറനീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. പക്ഷെ, മറ നീക്കി പുറത്തു വരുന്ന നീക്കങ്ങള്‍ കാണുമ്പോള്‍ നമ്മളില്‍ പലരും ഇന്നും അതിശയിക്കുന്നതാണ് അതിലേറെ അതിശയം. വീണ്ടും ജനിച്ച ഗവണ്‍മെന്റിനാല്‍ നിയമിക്കപ്പെട്ട ഐ.സി.എച്ച്.ആര്‍. സമിതി അവര്‍ വരച്ച വരയിലൂടെ നടക്കുന്നത് മനസിലാക്കാവുന്നതല്ലേയുള്ളൂ. എന്നുമാത്രമല്ല, ബി.ജെ.പി. തങ്ങളുടെ വലയും കൊയ്ത്തും പെരുകിക്കാനായി കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. എന്നാല്‍, ഇതിലെ വൈപരീത്യം ഇനിയും മറച്ചു പിടിക്കാനാവില്ല: ബീഫ് കയ്യില്‍ വെച്ചു എന്ന ആരോപണത്തിന്റെ മാത്രം പേരില്‍ ഒരു മുസ്‌ലിമിനെ, നേതാക്കളുടെ മൗനസമ്മതത്തോടെ, പലപ്പോഴും ഒത്താശയോടെ തന്നെ, അവരുടെ പാര്‍ട്ടിക്കാരില്‍ ഒരാള്‍ തല്ലിക്കൊല്ലുമ്പോള്‍, അത് ഒറ്റപ്പെട്ട സംഭവമെന്ന പേരില്‍ പാര്‍ട്ടിയെ ബാധിക്കുന്നില്ല, ദേശീയ നേതാക്കള്‍ പോലും അപലപിക്കുന്നില്ല. എന്നാല്‍ ഒരു സാധാരണ മുസ്‌ലിം, ഒറ്റക്കോ കൂട്ടം ചേര്‍ന്നോ, പ്രാദേശിക- ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍, ചെയ്തതോ ചെയ്യുന്നതോ, രാഷ്ട്രത്തെ പിളര്‍ത്തുന്ന പാപമായി മൊത്തം സമുദായത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നു, ദയനീയമായ അടിയറവ് ആവശ്യപ്പെടുന്നു. കാരണം, ചരിത്രപരമായ മറവിരോഗവും രാഷ്ട്രീയ താല്പര്യങ്ങളും ചേര്‍ന്ന്, മറാത്താ ഭരണപ്രവിശ്യയുടെ വികാസത്തിന് ശിവാജി ചെയ്തതെല്ലാം സാധുവും, മുഗള്‍ ഭരണപ്രവിശ്യയുടെ വികസനത്തിന് ഔറംഗസേബ് ചെയ്തതെല്ലാം അസാധുവും ആക്കി മാറ്റുന്ന വിരോധാഭാസം തന്നെയാണ് ഇതിനും പിന്നിലുള്ളത്.
1920 വരെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവും, മതപരവുമായ കൊടുക്കല്‍വാങ്ങലുകളുടെ കടയ്ക്കല്‍ കത്തി വെച്ചു എന്നതാണ് കോണ്‍ഗ്രസിന്റെ ഖിലാഫത് തന്ത്രത്തിന്റെ യഥാര്‍ത്ഥ പരിണിതഫലം. ഇത്തരം തന്ത്രങ്ങളുടെ തുടര്‍ച്ചയെന്നോണം, 1990 ആഗസ്റ്റ് 7-ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കമാണ് മന്ദിര്‍ കോലാഹലം ആളിക്കത്തിച്ചതിന്റെ ഒരു നിര്‍ണായക കാരണമെന്ന് ഇതിനകം നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ ധ്രുവീകരണത്തിന്റെ വിതയും കൊയ്ത്തും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിലേറെ പേടിപ്പെടുത്തുന്നത് ചരിത്രപരമായ തെളിവുകളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനഭ്രംശനവും ചില രാഷ്ട്രീയ വിശ്വാസങ്ങളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനപ്പെടുത്തലും ആണ്.
ഏതു കഥയ്ക്കും പല വശങ്ങളുണ്ടെന്നും, ഓരോ കഥയ്ക്കും പല കഥകളുണ്ടെന്നും, അതുകൊണ്ടുതന്നെ ഒരു കഥയ്ക്കു മാത്രമായി ഇനി നിലനില്പില്ലെന്നും, അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന കഥയിലെ കഥയില്ലായ്മയും - അത് ദേശസ്നേഹത്തെ ചൊല്ലിയായാല്‍ പോലും - നാം എന്ന ജനതയ്ക്കറിയുന്നതാണ്. സവര്‍ക്കറുടെ തന്നെ രചനകള്‍ ഇതിന്റെ തെളിവാണ്. ആരാണ് മാപ്പ് പറഞ്ഞതെന്നും, അതുതന്നെ ഒരു തന്ത്രമായിരുന്നോ എന്നും മറ്റും തര്‍ക്കിക്കുന്നത് വെറും പാഴ് വേലയായിരിക്കും. സവര്‍ക്കര്‍ തന്റെ കല്പിത പ്രതിയോഗികളോട്, മുസ്‌ലിംകളും ബ്രിട്ടീഷുകാരും ഉള്‍പ്പടെ, അടഞ്ഞ മനഃസ്ഥിതിയല്ല വെച്ച് പുലര്‍ത്തിയിരുന്നത്, മറിച്ച് അവരില്‍ നിന്ന് പഠിക്കാന്‍ തയ്യാറായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പരക്കെ അറിയുന്നതുപോലെ, ഹിന്ദുത്വക്ക് വേണ്ടി സവര്‍ക്കര്‍ ഹൈന്ദവതയെയും ശാശ്വതമായ ഭാരതീയ നാഗരികതയെയും തള്ളിപ്പറയുക വരെ ചെയ്തിരുന്നു. തീര്‍ച്ചയായും, നാഗരികത്വം, നിര്‍വചന പ്രകാരം, അനേകം സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്; മാപ്പിളമാര്‍ ഏറിയകൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദേശവാസികളായ കീഴാളവര്‍ഗ്ഗത്തില്‍ നിന്ന് മതം മാറിയവരുടെ വംശജരാണെന്നു മുമ്പേ തന്നെ സവര്‍ക്കര്‍ ചൂണ്ടിക്കാണിച്ചതും ഇതുകൊണ്ടാവാം. അന്ന് ലഭ്യമായിരുന്ന ബൗദ്ധികവും സാമൂഹിക-സാംസ്‌കാരികവുമായ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്, സവര്‍ക്കര്‍, എല്ലാ മനുഷ്യസഹജമായ അഭിവാഞ്ഛകളുടെയും അന്തിമരൂപം രാഷ്ട്രമാണ് എന്ന തീര്‍പ്പിലെത്തിയതെന്ന് ഒരാള്‍ക്ക് വാദിക്കാന്‍ കഴിഞ്ഞേക്കും. ഒരു സാര്‍വത്രിക ഹിന്ദു ഇന്ത്യന്‍ വിഷയിയെ നിര്‍മിച്ചെടുക്കാനുള്ള ഈ പ്രക്രിയയില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാന്‍ തക്ക രാഷ്ട്രീയ വിവേകം സവര്‍ക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്.
CAA, NRC, NPR തുടങ്ങി എന്തൊക്കെ കൊണ്ടുവന്നാലും, ഭരണസൗകര്യത്തിന്റെ പേരില്‍, ദേശീയവും അന്തര്‍ദേശീയവുമായ സമ്മര്‍ദ്ദങ്ങള്‍ കാരണം, ഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും വരെ അതിരുകള്‍ മാറ്റിവരയ്ക്കാമെങ്കില്‍, അതിഗംഭീരമായ ദേശീയ ആഖ്യാനങ്ങളുടെ വിമര്‍ശനം ആന്തരികമായി ഉയര്‍ത്തികൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ജനനം ഇന്ത്യക്ക് വെളിയിലാണെങ്കിലും, ഒരു വിനോദസഞ്ചാരിയായി പോലും ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും, ഒരു ഹിന്ദു എപ്പോഴും ഇന്ത്യന്‍ ആവുകയും, ജന്മാന്തരങ്ങളായി ഇവിടെയുള്ള ഹൈന്ദവ സമുദായങ്ങള്‍ വിദേശികളാവുകയും ചെയ്യുന്ന വൈപരീത്യമുണ്ട്. സവര്‍ക്കറിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരല്ലേ ഈ പരികല്പന എന്ന് നമ്മള്‍ ചിന്തിച്ചുപോകും. എന്തെന്നാല്‍, സവര്‍ക്കര്‍, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാന്‍ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!
നിലനില്‍ക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട് ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാന്‍ പൈശാചികവത്കരണത്തിലൂടെ മുസ്‌ലിംകളെ തീറ്റയാക്കിയത് സവര്‍ക്കറിന്റെ ധര്‍മചിന്തയുടെ ദാരുണവശമാണ്. ഇത്തരത്തില്‍, സവര്‍ക്കര്‍ തുറന്നുകാണിക്കുകയും അംബേദ്കര്‍ സൈദ്ധാന്തികവത്കരിക്കുകയും ചെയ്ത ഹൈന്ദവതയുടെ ദുര്‍ഗതികള്‍, ഇന്ത്യന്‍ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത് തുടരുകയാണെങ്കില്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താന്‍ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാന്‍, അല്ലെങ്കില്‍ ഒഴിയാബാധയാകാന്‍, ഇനിയും തയ്യാറാണ്. സകല കക്ഷികളും സമ്മതിച്ചു തരുന്ന ഒരു കാര്യമെങ്കിലുമുണ്ട്: ഉള്‍ച്ചേര്‍ന്ന വൈവിധ്യങ്ങളോട് കൂടിത്തന്നെ മുസ്‌ലിംകള്‍ ജനസംഖ്യാനുസരണം സമകാലീന ഇന്ത്യയുടെ ഭൂരിപക്ഷ ന്യൂനപക്ഷമായി ഇന്ന് നിലകൊള്ളുന്നു. ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മള്‍' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യന്‍ മുസ്‌ലിം തുടരണമോ? ആ തുടര്‍ച്ച ഭൂരിപക്ഷത്തിനും ഭൂരിഭാഗ ന്യൂനപക്ഷത്തിനും അന്യൂനവും ബഹുമുഖവുമായ ചെറിയ ന്യൂനപക്ഷങ്ങള്‍ക്കും എങ്ങനെ അനിവാര്യമാണെന്ന കാര്യത്തിലെങ്കിലും നമുക്കെല്ലാവര്‍ക്കും ഒന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍- അന്‍സാരി എഴുതുന്നു.
മുഹമ്മദ് ഫാസില്‍
May 31, 2022
16 Minutes Watch
Truecopy Webzine
Apr 29, 2022
2 Minutes Read
Delhi Lens
Apr 21, 2022
4 minutes read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
ഡോ: ടി.എം. തോമസ് ഐസക്ക്
Feb 19, 2022
20 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 14, 2022
7 Minutes Read
Reju Sivadas
20 Sep 2021, 11:02 AM
ഇന്ത്യന്‍ മുസ്ളിം എന്ന പ്രയോഗം വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. ഇന്ത്യയിലുള്ളവര്‍ ഇന്ത്യക്കാരാണ്.. ഒരു മതേതരരാജ്യത്തെ പൗരന്‍മാരെ മതം തിരിച്ച് സംബോധന ചെയ്യുന്നത് തെറ്റാണ്. നമ്മള്‍ നിര്‍മ്മിക്കേണ്ടത് മനുഷ്യസമൂഹമാണ്...