മറ്റേത് ഓപ്ഷനേക്കാളും മികച്ചത് വി.ഡി. സതീശൻ തന്നെയാണ്

കേരളത്തിലെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ ഭൂരിപക്ഷം വി.ഡി. സതീശന്റെ വരവിനെ സ്വാഗതം ചെയ്യുന്നത് കൗതുകകരമാണ്. അപ്പോഴും എല്ലാ അർത്ഥത്തിലും കോൺഗ്രസുകാരൻ തന്നെയാണ് സതീശൻ. അഞ്ച് ടേമായി ഒറ്റ മണ്ഡലം കൈവശം വച്ചിരിക്കുന്ന നേതാവ് എന്ന വിമർശനമുണ്ട്, അലിവില്ലാത്ത പെരുമാറ്റത്തിന് തെളിവുമുണ്ട്. പക്ഷേ പ്രതിപക്ഷ നേതൃസ്ഥാനത്ത് മറ്റേത് ഓപ്ഷനേക്കാളും മികച്ചത് വി.ഡി. സതീശൻ തന്നെയാണ്.

"ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനം മരിക്കണം' എന്നാണ് പ്രമുഖ സെഫോളജിസ്റ്റ് യോഗേന്ദ്രയാദവ് 2019ലെ പാർലമെൻറ്​ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ തുറന്നടിച്ചത്. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുന്നതിൽ കോൺ​ഗ്രസ്​ പരാജയപ്പെട്ടെന്നും ഇനി ഇന്ത്യൻ ഫാസിസത്തിനെതിരെ ഒരു വിശാല സഖ്യം വിജയിക്കണമെങ്കിൽ കോൺഗ്രസ് ഇല്ലാതാകണമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. മോദി സർക്കാരിന്റെ തുടർഭരണം ഉറപ്പായ ഘട്ടത്തിലെ നിരാശയിൽ നിന്നുള്ള കടന്ന പ്രതികരണമായി അതിനെ വേണമെങ്കിൽ കാണാം. പക്ഷേ വിശാലസഖ്യത്തെ ദേശീയതലത്തിൽ വിജയിപ്പിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പ്രധാന കാരണങ്ങളിലൊന്നായി അന്ന് വിലയിരുത്തപ്പെട്ടത് പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസിനോടുള്ള വിശ്വാസരാഹിത്യം തന്നെയാണ്. മതനിരപേക്ഷകക്ഷികൾ പിന്നീടെപ്പോഴും കോൺഗ്രസിനോടുള്ള വിശ്വാസമില്ലായ്മ തുറന്നു പറഞ്ഞു എന്നതും കാണണം.

കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിൽ അധികാരമേറ്റ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമാണ് കോൺഗ്രസ്. പക്ഷേ 2016ൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ഇത്തവണ ഡി.എം.കെ സഖ്യത്തിൽ മത്സരിക്കാൻ കിട്ടിയത് 25സീറ്റാണ്. ‘കോൺ​ഗ്രസിന് കൂടുതൽ സീറ്റുകൊടുത്താൽ അവർ ഡി.എം.കെ വോട്ട് നേടി ജയിക്കും, പക്ഷേ ജയിക്കുന്നവർ ബി.ജെ.പിയ്‌ക്കൊപ്പം പോകില്ലെന്ന് ഒരു ഉറപ്പുമില്ല’ എന്ന്​പരസ്യമായി പറഞ്ഞാണ് ഡി.എം.കെ കോൺഗ്രസിന് സീറ്റ് നിഷേധിച്ചത്.

തമിഴ്​നാട്ടിൽ സീറ്റ് വിഭജനചർച്ചക്കു ശേഷം മാധ്യമങ്ങളെ കാണുന്ന കോൺഗ്രസ് നേതാക്കളായ കെ.എസ്. അളഗിരി, ദിനേഷ് ഗുണ്ടു റാവു, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ. / Photo: Facebook

ബിഹാറും പുതുച്ചേരിയും ഉദാഹരണങ്ങളാണെന്നും കോൺഗ്രസ്​നേതാക്കൾക്ക് സംഘപരിവാറിനൊപ്പം പോകാൻ മടിയില്ലെന്നും പല ആവർത്തി സ്റ്റാലിനും കനിമൊഴിയുമടക്കമുള്ള ഡി.എം.കെ നേതാക്കൾ പരിഹസിച്ചു. സീറ്റ് ചർച്ചകൾക്ക് ഹൈക്കമാൻറ്​ പ്രതിനിധിയായി പോയ ഉമ്മൻചാണ്ടിയോടും ഈ ആശങ്ക തന്നെയാണ് സ്റ്റാലിൻ പങ്കുവച്ചത്. ആ ആരോപണത്തെ മറികടക്കാനുള്ള ത്രാണി ഇല്ലാത്തതുകൊണ്ട് 25 സീറ്റുവാങ്ങി കോൺഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു. മുമ്പ് ബിഹാറിലും ഇതേ മുന്നറിയിപ്പാണ് ലാലു പ്രസാദ് യാദവ് സഖ്യചർച്ചകൾക്കിടെ ഒപ്പമുള്ളവർക്ക് കൊടുത്തത്. 60 സീറ്റിൽ കൂടുതൽ കോൺഗ്രസിന്​ കൊടുത്താൽ തെരഞ്ഞടുപ്പ് കഴിയുമ്പോൾ അവർ മറുകണ്ടം ചാടുമെന്നായിരുന്നു ലാലുവിന്റെ വിലയിരുത്തൽ.

ഇന്ത്യൻ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ വിശ്വസിക്കാവുന്ന സഖ്യമല്ല കോൺഗ്രസെന്ന സ്ഥിതി ഉണ്ടാക്കിയത് കോൺഗ്രസ് തന്നെയാണ്. അത് തെരഞ്ഞടുപ്പുകളെ അട്ടിമറിച്ച കാലുമാറ്റങ്ങളിലൂടെ മാത്രമല്ല. ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമിക്കുന്നതടക്കമുള്ള വിഷയങ്ങളിലെ ആർ.എസ്.എസ് വിരുദ്ധമല്ലാത്ത നയങ്ങളും നിലപാടുകളുമൊക്കെ കോൺഗ്രസിനെ ബി.ജെ.പിയുടെ ബി ടീം എന്ന നിലയ്ക്ക് പരിഗണിക്കാൻ പ്രാദേശിക മതനിരപേക്ഷ കക്ഷികളെ പ്രേരിപ്പിച്ചു.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് വലിയ പരാജയം നേരിടുന്നത്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തോടല്ല അതിന്റെ അമ്പേ തകർന്ന സംഘടനാ സംവിധാനത്തോടും ആശയദൃഢതയില്ലാത്ത പ്രാദേശിക നേതൃത്വത്തോടുമാണ് ജനങ്ങൾ അവിശ്വാസം രേഖപ്പെടുത്തിയത്. 2019ൽ പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അടപടലം തകർന്നപ്പോൾ കേരളം കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിശ്വസിച്ച് രാഹുലിനൊപ്പം നിന്നു, പക്ഷേ, 2021ൽ മതനിരപേക്ഷ വോട്ടുകൾക്ക് വിശ്വാസമർപ്പിക്കാൻ കഴിയുന്ന ഒന്നും കേരളത്തിലെ കോൺഗ്രസ് നേതൃത്വം ജനങ്ങൾക്ക് നൽകിയില്ല.

ശബരിമല വിഷയത്തിൽ സംഘപരിവാറിന്റെ അറുപിന്തിരിപ്പൻ നിലപാടിനോട് തോളോട് തോൾചേർന്നു നിന്ന കോൺഗ്രസ് -യു.ഡി.എഫ് നേതൃത്വം പാർലമെൻറ്​ തെരഞ്ഞെടുപ്പ് വിജയത്തെ ശബരിമല സമരത്തിന്റെ അക്കൗണ്ടിലെഴുതി. കേരളത്തിന്റെ സംഘപരിവാർ വിരുദ്ധ സമീപനത്തേയും മതനിരപേക്ഷ മനസ്സിനേയുമാണ് കോൺഗ്രസ് നേതൃത്വം കാണാതെ പോയത്.

പമ്പയിൽ 144 പ്രഖ്യാപിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കാണാതെ പോയതല്ല, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫിന് കേരളത്തിലെ ന്യൂനപക്ഷ- മതനിരപേക്ഷ വോട്ടുകളാണ് തുണയായത് എന്ന് വിലയിരുത്താൻ ശേഷിയില്ലാത്ത നേതൃത്വമൊന്നുമല്ല കോൺഗ്രസിന്റേത്. എങ്കിലും സവർണ പദ്ധതികളാണ് വിജയം സമ്മാനിച്ചതെന്ന് വിശ്വസിക്കുന്നതിന്റെ സുഖത്തിലായിരുന്നു സംസ്ഥാന നേതൃത്വം. അതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിലും വിശ്വാസ സംരക്ഷണം മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി കോൺഗ്രസ് പ്രചാരണത്തിനിറങ്ങിയത്. ഇന്ത്യ മുഴുവൻ കോൺഗ്രസിനെ കൈവിട്ടപ്പോഴും കോൺഗ്രസിനെ ചേർത്തുപിടിച്ച കേരളം നിയമസഭാ തെരഞ്ഞടുപ്പിൽ എന്തുകൊണ്ട് കോൺഗ്രസിനെ തള്ളി എന്നതിന് ഉത്തരം ലളിതമാണ്. പാർലമെൻറ്​ തെരഞ്ഞെടുപ്പിൽ കേരളം വോട്ട് ചെയ്തത് വർഗ്ഗീയതയ്‌ക്കെതിരെയാണ്, നിയമസഭാ തെരഞ്ഞെടുപ്പിലും കേരളം വോട്ട് ചെയ്തത് വർഗ്ഗീയതയ്‌ക്കെതിരെയാണ്.

തിരിച്ചടികളിലേ കോൺഗ്രസിൽ പൊതുവെ നേതൃമാറ്റം സാധ്യമാവാറുള്ളൂ, ഇത്തവണയും അത് സംഭവിച്ചു. വി.ഡി. സതീശനെ വെട്ടാൻ എ- ഐ ഗ്രൂപ്പുകൾ ഒരുമിച്ചെങ്കിലും ആ നീക്കം പരാജയപ്പെട്ടു. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന് നടത്തിയ നീക്കം പരാജയപ്പെടാൻ കാരണം മറ്റൊന്നുമല്ല, ഇന്ത്യയിലെ ഒന്നാമത്തെ മതനിരപേക്ഷ ഇടത്ത് കോൺഗ്രസ്​തകരുന്നത് ദേശീയനേതൃത്വത്തിന് ചിന്തിക്കാനാവില്ല. അമേതിയിൽ തിരസ്‌കരിക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നിലയുറപ്പിക്കാനിടം കിട്ടിയത് കേരളത്തിലാണ്. കേരളത്തിലെ തകർച്ച രാഹുലിന്റെ തകർച്ച കൂടിയായി എണ്ണപ്പെടും എന്ന് ഹൈക്കമാന്റിനറിയാം. സത്യത്തിൽ രാഹുൽ മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളല്ല കേരളത്തിലെ കോൺഗ്രസ് പ്രചാരണവിഷയങ്ങളാക്കിയത്.

ചരിത്രത്തിൽ ഒരിക്കലുമില്ലാത്തവണ്ണം മണ്ഡലങ്ങൾ തോറും രാഹുൽ സഞ്ചരിച്ചെങ്കിലും രാഹുലിന്റെ മുദ്രാവാക്യങ്ങൾ പ്രചാരണവേദിക്കപ്പുറം പോയില്ല. ഹിന്ദുവിനെ രക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് ബി.ജെ.പി പറഞ്ഞപ്പോൾ അതിനൊപ്പം ആചാരം ലംഘിക്കുന്നവരെ ജയിലിലടയ്ക്കാൻ നിയമം കൊണ്ടുവരുമെന്ന് കടുപ്പിച്ച കോൺഗ്രസ് മുദ്രാവാക്യമാണ് മണ്ഡലങ്ങളിൽ മുഴങ്ങിയത്. കേരളത്തിലെ മനുഷ്യർക്ക് വേറേ പ്രശ്‌നങ്ങളുണ്ടായിരുന്നു.

വി. ഡി. സതീശൻ എന്ന നേതാവിന്റെ കടന്നുവരവ് പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. ശബരിമല വിഷയത്തിലടക്കം പല പിന്തിരിപ്പൻ നിലപാടുകളിലും കോൺഗ്രസ്​ നേതൃത്വത്തിനൊപ്പം വി.ഡി. സതീശൻ ഉണ്ടായിരുന്നില്ല. പുരോഗമനവും സ്ത്രീപക്ഷവും നിരന്തരം പറയുകയും വിശ്വാസസംരക്ഷണം പ്രചാരണവിഷയമാക്കി പ്രസംഗിച്ചുനടക്കുകയും ചെയ്ത യുവകോൺഗ്രസ് നേതാക്കളേക്കാൾ ദൃഢത വി. ഡി. സതീശന്റെ നിലപാടുകൾക്കുണ്ട്. ഗ്രൂപ്പിന്റെ ആളായാണ് വന്നതെങ്കിലും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പങ്കുവെപ്പിൽ വീണുപോയിട്ടുണ്ട്. അതിനുശേഷം ഗ്രൂപ്പിനതീതമായ പരിവേഷം സതീശന് പാർട്ടിയിലും പുറത്തുമുണ്ട്.

രാഹുൽ ഗാന്ധി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.

പതിറ്റാണ്ടുകളായി ഒരു സംഘം നേതാക്കൾ ഊഴം വച്ച് കളിക്കുന്ന കളത്തിലേയ്ക്കാണ് പുതിയ നായകൻ പുറത്തുനിന്നെത്തുന്നത്. മുമ്പില്ലാത്തവണ്ണം വെൽഫെയർ പൊളിറ്റിക്‌സ് വിധി നിർണയിക്കുന്ന കേരളീയ സാഹചര്യത്തിൽ ഉള്ളതിനും ഇല്ലാത്തതിനും സർക്കാറിനെ കുറ്റംപറയുന്നതാണ് പ്രതിപക്ഷപ്രവർത്തനം എന്ന ബോധ്യമല്ല തന്നെ ഭരിക്കുന്നത് എന്ന് സതീശൻ വ്യക്തമാക്കിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ശൈലിയെ തള്ളിപ്പറയുകതന്നെയാണ് ഇതിലൂടെ സതീശൻ ചെയ്തത്. മറ്റൊരു രമേശ് ചെന്നിത്തലയോ ഉമ്മൻചാണ്ടിയോ അല്ല താനെന്ന് ബാധ്യപ്പെടുത്താതെ ഇനി പ്രതിപക്ഷപ്രവർത്തനം മുന്നോട്ടുരുളില്ലെന്ന് സതീശന് ബോധ്യമുണ്ട്, ഹൈക്കമാൻറിനും.

കെ. കരുണാകരനിൽ നിന്ന് എ.കെ. ആന്റണിയിലൂടെ, ഉമ്മൻ ചാണ്ടിയിലൂടെ രമേശ് ചെന്നിത്തലയിലേയ്ക്ക് പാർലമെന്ററി പാർട്ടി നേതൃസ്ഥാനം എത്തുന്നതിൽ ഹൈക്കമാന്റിനേക്കാൾ നിർണായകമായത് ഗ്രൂപ്പാണ്. പക്ഷേ വി.ഡി. സതീശൻ വരുന്നത് ആ ഗ്രൂപ്പുകളെ അട്ടിമറിച്ചാണ്, രമേശ് ചെന്നിത്തലയേയും ഉമ്മൻചാണ്ടിയേയും വെട്ടിനിരത്തിയാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷപ്രവർത്തനങ്ങളിൽ പ്രതിബന്ധങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും ഇടതുപക്ഷത്തിന്റെ ചരിത്രവിജയത്തിലൂടെ അഭിമാനക്ഷതമേറ്റ കോൺഗ്രസ്​അണികൾ സതീശനുപിന്നിൽ ഉറച്ചുനിൽക്കാനാണ് സാധ്യത.

കോൺഗ്രസിലെ ഗ്രൂപ്പകളിയിലും വീതം വെപ്പിലും സാമുദായികനേതാക്കളുടെ പങ്ക് ചെറുതല്ല. പക്ഷേ സാമുദായിക നേതൃത്വത്തെ ഇറക്കി സതീശനെ ഒതുക്കാമെന്ന് ഗ്രൂപ്പ് നേതാക്കൾ കരുതിയാൽ അത് ഏൽക്കില്ല. കോൺഗ്രസ് നേതൃത്വത്തെ ഭീഷണിപ്പെടുത്താനും വരുതിക്ക് നിർത്താനും സാമുദായിക നേതാക്കളിറക്കുന്ന നമ്പരുകളൊന്നും സതീശന്റെ അടുത്ത് വിലപ്പോവില്ലെന്നതാണ് ചരിത്രം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്​ലാമിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നതിന് മടി കാണിക്കാതിരുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നെഞ്ചിൽത്തന്നെയാണ് ഭൂരിപക്ഷ -ന്യൂനപക്ഷ തീവ്രവർഗീയതെയ്‌ക്കെതിരായ പോരാട്ടമായിരിക്കും ഇനി പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം ചെന്ന് തറയ്ക്കുക.
കേരളത്തിന്റെ ഭരണപക്ഷവും പ്രതിപക്ഷവും മതനിരപേക്ഷമായിരിക്കേണ്ടതുണ്ട്, ജനങ്ങളുടെ തീരുമാനവും അതുതന്നെയാണ്. പല കാരണങ്ങൾ കൊണ്ട് സി.പി.എം വിരുദ്ധരായ, ഇടതുവിരുദ്ധരായവർ പകുതിയ്ക്കടുത്ത് വരുന്ന സമൂഹമാണ് നമ്മുടേത്. സി.പി.എം വിരോധം ആരേയും വർഗീയകക്ഷികളുടെ മടയിലെത്തിക്കാതിരിക്കാൻ ഉറച്ച പ്രതിപക്ഷവും ഉറച്ച കോൺഗ്രസും അതിന് ഉറച്ച നേതൃത്വവും വേണം.
ഇടതുവിരോധികൾക്ക് മാത്രമല്ല അയഞ്ഞ ഘടനയോട് ആഭിമുഖ്യമുള്ളവർക്കുള്ള ഇടവും കോൺഗ്രസ് തന്നെയാണ്, അവരെ ചോർത്തിക്കൊണ്ട് പോകാതെ നോക്കാനുള്ള കൗശലവും കോൺഗ്രസ് നേതൃത്വത്തിനുണ്ടാവണം. അതേതായാലും കെ. സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താനും പയറ്റുന്ന അടവുമല്ല. കോൺഗ്രസ്​ തോറ്റാൽ അണികൾ ബി.ജെ.പിയിൽ പോകുമെന്നതാണ് രമേശിനും ഉമ്മൻചാണ്ടിക്കുമപ്പുറം കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കാൻ തന്ത്രങ്ങൾ സ്വന്തമായി കയ്യിലുണ്ടെന്നവകാശപ്പെടുന്ന ഈ നേതാക്കളുടെ നിലപാട്, വി.ഡി. സതീശന്​ കോൺഗ്രസ് അണികളെക്കുറിച്ച് അങ്ങനൊരഭിപ്രായം ഇല്ല.

പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ‘ബി.ജെ.പി ലൈറ്റ് അല്ല റിയൽ കോൺഗ്രസാണ്' കേരളത്തിലുള്ളതെന്ന് രാജ്യമെമ്പാടുമുള്ള കോൺഗ്രസസുകാരോട് ദേശീയ നേതൃത്വത്തിന് ചൂണ്ടിക്കാട്ടാൻ ഇവിടെ കരുത്തോടെ കോൺഗ്രസ് വേണം. നെഹൃവിന്റെ ആശയത്തിലധിഷ്ഠിതമായ ഇടതുമനസ്സാണ് കേരളത്തിനെന്നും അത് തകർക്കുന്ന ഇടപെടലുകളാണ് കേരളത്തിൽ നടക്കുന്നതെന്നുമാണ് പ്രതിപക്ഷനേതൃസ്ഥാനലബ്ധിയ്ക്ക് പിന്നാലെ വി.ഡി. സതീശൻ പറഞ്ഞത്. ആ വാക്കുകൾ ആത്മാർത്ഥമാണെങ്കിൽ ഇനി ആചാരസംരക്ഷണ നിയമത്തേക്കുറിച്ച് പ്രതിപക്ഷം മിണ്ടരുത്.

1967ലെ സാഹചര്യവുമായി 2021ലെ സാഹചര്യത്തെ ചേർത്തുവായിക്കുന്നത് പരമാബദ്ധമാണ്. കോൺഗ്രസിന്റെ തകർച്ചയിൽ ഒരു പുതിയ നേതാവിന്റെ വരവ് എന്നതിനപ്പുറം താരതമ്യം ചെയ്യാവുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇന്ത്യയിലും കേരളത്തിലും. ഒമ്പത് നേതാക്കളെ നയിച്ച് കെ. കരുണാകരൻ നിയമസഭയിൽ വരുമ്പോൾ അപ്പുറത്ത് മുസ്​ലിംലീഗടക്കമുള്ള സപ്തകക്ഷി മുന്നണിയാണ്. അഞ്ചുപേരുമായി കേരളാ കോൺഗ്രസ് ഒറ്റയ്ക്കും. സി.പി.ഐയും ആർ.എസ്.പിയുമടങ്ങുന്ന കുറുമുന്നണി സി.പി.എമ്മിനോട് പിണങ്ങിയതിനും മുസ്​ലിം ലീഗ് പിരിഞ്ഞതിനും സമാനമായ സാധ്യത ഇനി പ്രതീക്ഷിക്കേണ്ടതില്ല. കരുണാകരനേപ്പോലെ ലീഡർ എന്ന വിശേഷണം ചില മാധ്യമങ്ങൾ വി.ഡി. സതീശന് കൊടുക്കുന്നുണ്ട്​. പക്ഷെ, വി.ഡി. സതീശൻ പറയുന്ന രാഷ്ട്രീയം മറ്റൊന്നാണ്, അത് കാലികമാണ്.

കേരളത്തിലെ ഇടതുപക്ഷമടക്കമുള്ള മതനിരപേക്ഷ ഭൂരിപക്ഷം വി.ഡി. സതീശന്റെ വരവിനെ സ്വാഗതം ചെയ്യുന്നത് കൗതുകകരമാണ്. അപ്പോഴും എല്ലാ അർത്ഥത്തിലും കോൺഗ്രസുകാരൻ തന്നെയാണ് സതീശൻ. അഞ്ച് ടേമായി ഒറ്റ മണ്ഡലം കൈവശം വച്ചിരിക്കുന്ന നേതാവ് എന്ന വിമർശനമുണ്ട്, അലിവില്ലാത്ത പെരുമാറ്റത്തിന് തെളിവുമുണ്ട്. പക്ഷേ പ്രതിപക്ഷ നേതൃസ്ഥാനത്ത് മറ്റേത് ഓപ്ഷനേക്കാളും മികച്ചത് വി.ഡി. സതീശൻ തന്നെയാണ്.


Comments