പാർട്ടി മെംബർഷിപ്പിൽ നിന്ന്​ അകന്നുമാറി ആനന്ദമാർഗത്തിൽ ആടിയും ഉലഞ്ഞും നിന്ന കട്ടമരം

‘അപൂർണ്ണത്തിന്റെ ഭംഗി' എന്ന പുസ്തകത്തിന് ഞാൻ പഠനം എഴുതണം എന്ന് ടി.എൻ. ജോയി ആഗ്രഹിച്ചിരുന്നു. നിങ്ങൾ വിദുഷിയായിരുന്നിട്ട്​ എന്തുകൊണ്ടാണ് എന്റെ പുസ്തകത്തിന് പഠനം എഴുതാത്തത് എന്ന് കളിയായി ചോദിച്ചു കൊണ്ടാണ് എല്ലാ ഫോൺ കോളുകളും അവസാനിപ്പിച്ചത്. ആണുങ്ങൾ തരുന്ന പ്രശസ്തി പത്രവും കുറ്റപത്രവും ഒരു പോലെ തള്ളിക്കളഞ്ഞുകൊണ്ടേ ഈ നാട്ടിൽ ജീവിക്കാനാകൂ എന്ന് പറഞ്ഞപ്പോഴെല്ലാം വിദുഷിയായിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള പണിയാണല്ലേ എന്ന് ചിരിച്ചു. ‘നേതി ..നേതി’യാണ് എന്റെ ഇഷ്ടപുസ്തകം എന്നും എന്നെങ്കിലും എഴുതുന്നെങ്കിൽ അതെ കുറിച്ച് എഴുതാം എന്നും ജോയിയോട് ഞാൻ പറഞ്ഞിരുന്നു. ജോയി ജീവിച്ചിരുന്നപ്പോൾ ഇത് എഴുതാൻ കഴിഞ്ഞില്ല എന്ന കുറ്റബോധത്തോടെ... ടി.എൻ. ജോയി മരിച്ചിട്ട്​ ഒക്​ടോബർ രണ്ടിന്​ മൂന്ന് വർഷം തികയുന്നു

"അപൂർണ്ണത്തിന്റെ ഭംഗി' ഭംഗിയായി തെളിഞ്ഞുനില്ക്കുന്ന പുസ്തകം; "നേതി ... നേതി'. ടി.എൻ. ജോയിയുടെ "അപൂർണ്ണത്തിന്റെ ഭംഗി' എന്ന പുസ്തകത്തിന് അക്ഷരാർത്ഥത്തിൽ തന്നെ കനമുണ്ട്. ചരിത്രസന്ദർഭങ്ങളെ ഉദാഹരണമാക്കാനുള്ള വ്യഗ്രതയുണ്ട്. എന്നാൽ ഇതേ കാര്യത്തെപ്പറ്റി ‘നേതി ... നേതി’യിൽ മെമ്പർഷിപ്പ് കാലത്തുനിന്ന് കടം തീർത്ത് തിരിമുയക്കാനാകാത്ത ഒരു ദുർഭൂതത്തിന്റെ സ്വാധീനം (p.17) എന്ന ഉൾക്കാഴ്ചയുണ്ട്. "വായനായോഗ്യമായ രാഷ്ട്രീയാപകടങ്ങൾക്കും' (തനിക്ക് തന്നെ വായിച്ചാൽ മനസ്സിലാകാതെ പോയ) രാഷ്ട്രീയസൂചനകൾ ഒഴിവാക്കിയ ശുദ്ധ ദാർശനികസ്വപ്നത്തിനും ഇടയിൽ ചിന്ത ചിന്തിച്ചു വഴികൾ അളക്കാനും കുറിക്കാനും "അപൂർണ്ണത്തിന്റെ ഭംഗി'എന്ന പുസ്തകം സഹായിച്ചേക്കും. എന്നാൽ ആ ചിന്തയുടെ തിളക്കത്തിൽ മുങ്ങിക്കുളിക്കാൻ "നേതി ... നേതി'യാണ് നല്ലത്.

മലയാള തത്ത്വചിന്ത

തടശിലയായും തരംഗലീലയായും മലയാളത്തിലെ തത്ത്വചിന്തയെ കാണാൻ കിട്ടുന്ന അപൂർവം പുസ്തകങ്ങളിൽ ഒന്നാണ് ‘നേതി... നേതി’. മലയാളത്തിലെ തത്വചിന്തയും തത്വചിന്താപരമായ മലയാളവും ഇരിക്കാൻ കൊമ്പില്ലാതെ ഉഴലുമ്പോൾ സ്വന്തം ഭാഷയിൽ കണിശത്വത്തിന് ഇതരഭാഷയിലേക്കോ മൃതഭാഷയിലേക്കോ പോകേണ്ടതില്ലാത്ത (p10) യൂറോപ്യൻ ചിന്തയാണ് പൂർവ്വമാതൃകയാകേണ്ടത് എന്ന അഭിപ്രായമായിരുന്നു ജോയിക്ക്.

പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പാക്കുന്ന ഒരു പുസ്തകം കൂടിയാണ് "നേതി.....നേതി’. ചിന്തയുടെ ഭാഷയായി മലയാളം വരേണ്ടതെങ്ങനെ എന്ന് ഇത്രയും തെളിമയോടെ അധികമാളുകൾ ചിന്തിച്ചിട്ടില്ല. ആടയാഭരണങ്ങൾ അണിഞ്ഞ് കവചകുണ്ഡലങ്ങളുടെ സാന്നിദ്ധ്യം പ്രസരിപ്പിക്കുന്ന പരികല്പനകളുമായി വരുന്ന പതിവ് മലയാളമല്ല ചിന്തിക്കാൻ വേണ്ടത് എന്ന് ജോയി കരുതുന്നു. സാഹിത്യാസ്വാദനത്തിന്റെ തലത്തിലുള്ള ഒരു ഭാഷാപ്രയോഗം ഒഴിവാക്കുന്ന ശുദ്ധദർശനം -അതിനുവേണ്ടി സൃഷ്ടിക്കേണ്ടിവരുന്ന പുതിയ മലയാളത്തനിമ (p.9)എന്നിവയാണ് ജോയിയെ പ്രചോദിപ്പിക്കുന്നത്.

ടി.എൻ. ജോയി

എന്നാൽ സാഹിത്യത്തെ എന്തു ചെയ്യണം എന്ന കാര്യത്തിൽ ചിലപ്പോഴെങ്കിലും കുഴങ്ങുന്നുമുണ്ട് ജോയി. "സംവാദാത്മകമായ ശ്രുതിഭേദങ്ങളോടെ വ്യർത്ഥബോധമില്ലാത്ത അന്വേഷണം നടത്താമെങ്കിൽ അവിടെ സാഹിത്യവും ദർശനവും ഇടകലർന്നുവരുന്നത് ഒരു ദുഃസ്വാധീനമല്ല' എന്നും ജോയി നിരീക്ഷിക്കുന്നുണ്ട് (p 16). ‘നേതി ... നേതി’യിൽ ഉടനീളം ചിതറികിടക്കുന്ന മൗലികപദസംഘാതങ്ങൾ ഇതിന്റെ തെളിവാണ്. ചില സമയത്ത് തത്വചിന്താ ഗൗരവം കലർന്ന എഴുത്ത് സാഹിത്യഭംഗിയിൽ കൂടുതൽ തെളിയുന്നുമുണ്ട്. ‘മരണം - അവലോകനത്തിന്റെ ദാരിദ്രം’ എന്ന കുറിപ്പിൽ ഒരിടത്ത് ജോയി പറയുന്നു: ‘മരണത്തെ ജീവിതം കൊണ്ട് മാത്രം അതിജീവിക്കാനാവില്ല.'(p.19) സാഹിത്യത്തിൽ എൻ. എസ്. മാധവനോ വി. കെ. എന്നോ എഴുതാൻ ഇടയുള്ള വാചകം. ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന സൂചനകൾ മലയാളസാഹിത്യചരിത്രത്തിൽ നിന്ന് തപ്പിയെടുക്കാൻ കഴിയും, ഒരു നല്ല വായനയ്ക്ക്. തത്വചിന്തയുടെ പരിസരത്തുനിന്ന് ഇതിനോട് സംവദിക്കാൻ മലയാളം വിയർക്കും. അങ്ങനെ അന്വേഷണം മറുഭാഷ കണ്ടെത്തുന്നതുവരെ അദ്ധ്വാനിച്ച് വിയർക്കാൻ മലയാളത്തെയും ചിന്തയെയും മലയാളചിന്തയെയും ക്ഷണിക്കുന്നു ഈ കൃതി.

തത്വചിന്തയുടെ തന്മ പ്രകാശിപ്പിക്കാനുതകുന്ന മലയാളത്തനിമ എന്ന സങ്കല്പം സ്വാഭാവികമായും ചെന്നുമുട്ടുന്ന ഒരു ചോദ്യമാണ് ജനകീയതയുടേത്. എന്നാൽ ഇവിടെ എളുപ്പവഴികളില്ല എന്നതാണ് ജോയിയുടെ നിലപാട്. ‘ന്യൂനപക്ഷത്തിനു വേണ്ടിയാണ് ഞാനിപ്പോൾ എഴുതുന്നത്. ഇതിന്റെ ജനകീയത ഭാവിയിൽ ഉല്പാദിപ്പിക്കപ്പെട്ടേക്കാം. ഇത്തരം സാമൂഹികശാസ്ത്രപരിഗണനകൾ അതിൽ തന്നെ മോശം കാര്യമല്ല. സാമൂഹ്യശാസ്ത്രമാണ് തത്ത്വചിന്തയെന്ന് പ്രഖ്യാപിക്കാതിരിക്കുന്നിടത്തോളം കാലം.' (p.10)

മനനത്തിന്റെ ദ്രവാവസ്ഥ

അലഞ്ഞവനും അന്വേഷിച്ചവനും ആയ പുരുഷന്റെ അപദാനമാണ് ചിന്തയുടെ ചിരിത്രം മുഴുവൻ. എന്നിട്ടും ‘വിദുഷികളുമായി അന്തമില്ലാത്ത സംവാദത്തിൽ ഏർപ്പെടണം’ എന്ന് ജോയി എഴുതുന്നതിന്റെ പൊരുൾ എന്തായിരിക്കും? ചിന്തയുടെ ഒരു മുന്നുപാധിയായാണ് ഇത് ജോയിയിൽ കടന്നുവരുന്നത്. എഴുപതുകൾ എന്നോമനിക്കപ്പെടുന്ന ഭാവുകത്വത്തോട് അതിന്റെ നടുവിൽ നില്കുന്ന അന്വേഷക പുരുഷകവേഷത്തോടാണ് ‘നേതി ....നേതി' പറയാൻ ഏറ്റവും ബുദ്ധിമുട്ട്, ജോയിക്ക്. അതിൽ നിന്നുള്ള കുതറലുകളാണ് ‘നേതി ... നേതി' സാദ്ധ്യമാക്കുന്നത്. തന്മ എന്ന സംഗതിയുടെ പുറത്ത് ജോയി നടത്തുന്ന പരീഷണങ്ങൾ എല്ലാം പുരുഷത്വത്തെ നിരാകരിക്കാനുള്ള ശ്രമങ്ങളായും മനസ്സിലാക്കാവുന്നതാണ് എന്ന് തോന്നുന്നു, ഒരു മൂർത്തജീവിതത്തിൽ തന്മയുടെ സാദ്ധ്യതകൾ ആശയവ്യക്തതയിലേക്ക് ഏത് നൂൽപ്പാലമാണ് നീട്ടിയെടുത്തത് എന്നതാണ് ആലോചനാവിഷയം (p.8)എന്ന് തെളിച്ചുപറയുന്നുണ്ട്, ജോയി. ഈ തെളിച്ചം കൊണ്ടുതന്നെയാകാം സ്വയം നൂൽപ്പാലത്തിൽ കയറിനില്ക്കാനും ആടകളണിയാത്ത ഒരു ബ്രഹ്മസങ്കല്പം പോലും പ്രത്യക്ഷീഭവിക്കാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കാനും ജോയിയ്ക്കാകുന്നത്. അന്വേഷകത്വം എന്ന സ്ഥാപനത്തെ കൈവിടുമ്പോഴും അന്വേഷണത്തെ കൈവിടുന്നില്ല ഈ ശ്രമങ്ങൾ. അത് അന്വേഷണത്തെ പുനരാനയിക്കാനാണ് ശ്രമിക്കുന്നത്. ‘നമുക്ക് മടങ്ങി വരേണ്ടതുണ്ട്. ഗവേഷകന്റെ ഉപാസനയെ ആന്തരികവല്കരിക്കേണ്ടതുണ്ട്. കർത്താവും കർമ്മവും ക്രിയയും തമ്മിൽ വ്യതികിക്തതയിൽ (സാമ്യത്തേക്കാളേറെ) ഉണരുമ്പോഴാണ് പഠനം സ്വന്തം മറുഭാഷ രൂപ്പെടുത്തുന്നത്'. ഈ പുതിയ അന്വേഷണത്തിൽ പരിവർത്തനത്തിനോന്മുഖതയും പരികല്പനയായാണ് വരുന്നത്.
‘തീരെ രാഷ്ട്രീയപ്രവർത്തനം നടത്താത്ത പണ്ഡിതരും പരിവർത്തനോന്മുഖതയെയാണ് സിദ്ധാന്തവിചാരങ്ങളിൽ തിരയുന്നത്’ എന്നത് സാമൂഹ്യശാസ്ത്രചിന്തകളെക്കുറിച്ചുണ്ടായ വളരെ പ്രധാനപ്പെട്ട തത്വചിന്താപരമായ നീരീക്ഷണമാണ് ... മറ്റ് പല സർഗ്ഗങ്ങളെയും ലീലാപരതയോടെ കൈയൊഴിയുമ്പോഴും സാമൂഹ്യശാസ്ത്രം, തത്വചിന്ത എന്നീ സംവർഗ്ഗങ്ങൾ ഈ ചിന്തയിലുടനീളം രണ്ടായി തന്നെ ഉണ്ട്. പുറം സാമൂഹ്യശാസ്ത്രത്തിനും അകം തത്വചിന്തയ്ക്കും പതിച്ചുനല്കുന്ന ലളിതപദ്ധതിയല്ല പക്ഷേ അത്. മനനം എന്ന ജ്ഞാനസിദ്ധാന്തപദ്ധതിയെ താങ്ങാൻ സാമൂഹ്യശാസ്ത്രത്തിന് കെല്പുണ്ടാകില്ല എന്ന സന്ദേഹത്തിൽ ഒരു ചിന്തകൻ എടുക്കുന്ന മുൻകരുതലായാണ് ഞാനിതിനെ മനസ്സിലാക്കുന്നത്. അതിവേഗ നിഗമനത്തിലേക്ക് എത്താതിരിക്കലാണ് പ്രധാനം എന്ന് പലവട്ടം പലയിടത്ത് ഓർമിക്കുന്നുണ്ട് ഈ പദ്ധതി. മറിച്ച്, മനനത്തിന്റെ ദ്രവാവസ്ഥയിൽ തുടരാനാണ് അതിന്റെ ഉപദേശം. പരിവർത്തനോന്മുഖത അതിവേഗനിഗമനങ്ങളിലേക്ക് എത്തിക്കുമെന്ന നിലവരുമ്പോൾ ‘ബ്രഹ്മത്തിന്റെ ഗുപ്തസൗന്ദര്യം' എന്നൊക്കെ പറഞ്ഞുകളയും ഈ അന്വേഷണം. ഭാവിയിലെ വ്യഖ്യാതാക്കൾ അരക്കൈ നോക്കട്ടെ എന്നുതന്നെ.

‘നിഗമനപ്പിറവിയുടെ ഘട്ടങ്ങളിലും നിഗമനപൂർണ്ണതയുടെ ഭാഷയിൽ പോലും നിലനിർത്തുന്ന' (p 11) നിലനിർത്തേണ്ട ഒന്നാണ് ഈ അന്വേഷണത്തിന് മനനത്തിന്റെ ദ്രവാവസ്ഥ. അതുകൊണ്ടുതന്നെ യുക്തിയും ഓർമയുമല്ല ഈ അന്വേഷണത്തിന്റെ രീതി. എന്തിന്, അന്വേഷണജാഗ്രത പോലുമല്ല. ജോയി എഴുതുന്നു: ‘അന്വേഷണ ജാഗ്രതയിൽ കുടുങ്ങി ജീവിക്കാൻ മറന്ന നിമിഷങ്ങൾ ഇനി തിരിച്ചുവരില്ല. പക്ഷെ, മറവിയുടെ ആഴങ്ങളിൽ നിന്ന് ജീവരൂപങ്ങൾ നാമറിയാതെ, നമ്മെ അറിയിക്കാതെ സംഭവിക്കണം.' (p. 18) ഇത് ആഗ്രഹചിന്തയായല്ലാതെ ശരിക്കും സംഭവിക്കുന്നുണ്ട് ‘നേതി ... നേതി'യിൽ. അങ്ങനെയാണ് പരികല്പനകളെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന പ്രൗഢമെന്ന തോന്നലുണർത്തുന്ന ചെറുലേഖനം പൂച്ചയെക്കുറിച്ചുള്ള വിചാരത്തിൽ അവസാനിക്കുന്നത്. ഗദ്യലേഖനം വിരുത്തമില്ലാത്ത പദ്യമാകുന്നത്. ചിന്തയുടെ ലീലാപരത അറിഞ്ഞുകൊണ്ട് സംഭവിക്കുന്നതല്ല ഈ കൃതിയിൽ. മനനത്തിന്റെ ദ്രവാവസ്ഥയിൽ മാത്രം ചിന്തയ്ക്ക് നിലനില്ക്കാൻ കഴിയുന്ന ഒരു സവിശേഷത നിലയാണത്.

സ്വാഭാവിക മൗലികതയും ചിന്താഘരാനകളും

കുറഞ്ഞ് കുറുകി സമഗ്രമായ ഒരു ശില്പമാകാൻ, ഒറ്റ അദ്ധ്യായമുള്ള പുസ്തകമാകാൻ കൊതിക്കുന്ന ജീവിതമാണ് ‘നേതി ... നേതി'യിൽ ഉള്ളത് എന്ന് ജോയി തന്നെ പറയുന്നുണ്ട്. വാക്കുകൾ സ്വയം സൂക്ഷ്മതയോടെ പുറത്തുവരുന്ന (സൂക്ഷിച്ച് ഉപയോഗിക്കുന്നതല്ല) ഈ മാതൃകയിൽ ഒന്നിലധികം തവണ കടന്നുവരുന്ന ഒരു പ്രയോഗമാണ് ‘സ്വാഭാവിക മൗലികത'. അതെന്താണെന്ന് കാര്യമായി വിശദീകരിക്കുന്നില്ല, ഈ പുസ്തകം. എന്നാൽ സ്വയം അതിന് നിദർശനമാകുന്നുമുണ്ട്. ‘അതൊരു പ്രത്യേക വിഷയമാണ്. ഒരു ഗണവൈകല്യമല്ല അത് എന്നുമാത്രം പറഞ്ഞുവെക്കട്ടെ’ (p. 8) എന്ന് ഒരിടത്ത് പറയുന്നു. ‘പഴയ വിജ്ഞാനങ്ങളെ നുള്ളി നോവിക്കുന്നത്' (p .24) എന്നും അതിനെക്കുറിച്ച് പറയുന്നുണ്ട്. ചിന്താഘരാന എന്ന പ്രയോഗവും അങ്ങനെ തന്നെ കേൾക്കാൻ ഇമ്പമുള്ള പ്രയോഗം എന്നതിലുപരി, സ്‌കൂൾ ഓഫ് തോട്ട് എന്നതിനേക്കാൾ സവിശേഷമായ എന്തോ ചിന്താഘരാന പങ്കുവയ്ക്കുന്നുണ്ട്. ‘സംവാദാത്മകമായ ശ്രുതിഭേദങ്ങൾ'' (p16) എന്ന പ്രയോഗമായിരിക്കും ചിന്താഘരാന എന്ന പ്രയോഗം മനസ്സിലാക്കാൻ ഈ കൃതി പ്രത്യക്ഷത്തിൽ തരുന്ന ഒരേയൊരു സൂചന.

‘സ്വാഭാവിക മൗലികതയും ചിന്താഘരാനകളും' എന്ന് പേരിട്ട ഒരു ചെറുകുറിപ്പുണ്ട്, ഈ പുസ്തകത്തിൽ. മൂന്നേ മൂന്ന് വാചകങ്ങൾ. സമർത്ഥരായ വ്യാഖ്യാതക്കൾ ഭാവിയിൽ രീതിശാസ്ത്രപഠനത്തിന് ഉപയോഗിക്കരുതെന്ന വാശിയിൽ എഴുതിയതുപോലെ ചിന്തയുടെ പലയടരുകൾ പടർത്താതെ വിരിച്ചിട്ട മൂന്ന് വാചകങ്ങൾ. ഈ വാചകങ്ങളെ വായിച്ചെടുക്കുവാൻ പുസ്തകം മുഴുവനും വായിക്കേണ്ടി വരും എന്ന അവസ്ഥ, നമുക്ക് പരിചയമുള്ള ജ്ഞാനാന്വേഷണഭാഷയിൽ നിന്ന്, രീതികളിൽ നിന്ന്, പ്രകാശവർഷങ്ങൾ അകലെയാണീ ചിന്ത. എന്നാൽ അപകടകരാംവിധം സമീപസ്ഥവും. പരിചയമുള്ള ഭാഷയിൽ പറഞ്ഞാൽ റാഡിക്കൽ ക്രിട്ടിക്കിൽ കുറഞ്ഞ ഒന്നുമല്ല സ്വാഭാവിക മൗലികത ചിന്താഘരാനകളോട് ചെയ്യുന്നത്. പരിചയമുള്ള ഭാഷയിൽ പരിചയമുള്ള കാര്യങ്ങൾ പറയാനായിരുന്നില്ല പക്ഷേ ജോയിയുടെ ശ്രമം. എങ്ങനെ പറയണമെന്ന ശ്രുതിഭേദമായൊടുങ്ങാതെ സ്വാഭാവികത മൗലികതയിൽ വ്യതിരിക്തതയാജ്ജിക്കുന്ന ഈ ചിന്ത ഭാവിയിലെ വ്യാഖ്യാതക്കളെയോ വരാനിരിക്കുന്ന അതിദർശനങ്ങളേയോ പറ്റി ഭയമില്ലാതെ സ്വച്ഛന്ദമായി, ലീലാലോലമായി തുടരുന്നു.

പിൻകുറിപ്പ്: ‘അപൂർണ്ണത്തിന്റെ ഭംഗി' എന്ന പുസ്തകത്തിന് ഞാൻ പഠനം എഴുതണം എന്ന് ജോയി ആഗ്രഹിച്ചിരുന്നു. അക്കാര്യം എന്നോടും അടുത്ത സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ജോയി ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും ഇക്കാര്യം പറഞ്ഞു വിളിച്ചിരുന്നു. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഫോൺ വിളികൾ. നിങ്ങൾ വിദുഷിയായിരുന്നിട്ട്​ എന്തുകൊണ്ടാണ് എന്റെ പുസ്തകത്തിന് പഠനം എഴുതാത്തത് എന്ന് കളിയായി ചോദിച്ചു കൊണ്ടാണ് എല്ലാ ഫോൺ കോളുകളും അവസാനിപ്പിച്ചത്. ആണുങ്ങൾ തരുന്ന പ്രശസ്തി പത്രവും കുറ്റപത്രവും ഒരു പോലെ തള്ളിക്കളഞ്ഞുകൊണ്ടേ ഈ നാട്ടിൽ ജീവിക്കാനാകൂ എന്ന് പറഞ്ഞപ്പോഴെല്ലാം വിദുഷിയായിരിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള പണിയാണല്ലേ എന്ന് ചിരിച്ചു. ‘നേതി ..നേതി’യാണ് എന്റെ ഇഷ്ടപുസ്തകം എന്നും എന്നെങ്കിലും എഴുതുന്നെങ്കിൽ അതെ കുറിച്ച് എഴുതാം എന്നും ജോയിയോട് ഞാൻ പറഞ്ഞിരുന്നു. ജോയി ജീവിച്ചിരുന്നപ്പോൾ ഇത് എഴുതാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം ഉണ്ട്. മനുഷ്യൻ എന്ന നിലയിലും ചിന്തകൻ എന്ന നിലയിലും എനിക്ക് മുഴുവൻ മനസ്സിലാകുകയോ മുഴുവൻ അംഗീകരിക്കാൻ കഴിയുകയോ ചെയ്യുന്ന ഒരാളായിരുന്നില്ല ജോയി. എന്നാലും ചിന്തയിൽ അയാൾ നടത്തിയ ഒറ്റവരി കുതിപ്പുകൾ, പരികല്പനകളോടുള്ള ഗാഢ ബന്ധുത്വം, ഉന്മാദമൂർച്ചയുള്ള പദപ്രയോഗങ്ങൾ എന്നിവയ്ക്ക് മലയാളത്തിൽ പൂർവമാതൃകകൾ ഇല്ല. അധികശമ്പളത്തിലേയ്ക്ക് വളരുന്ന ആശ്രമ ചിന്തകരിൽ നിന്നും പാർട്ടി മെംമ്പർഷിപ്പിൽ നിന്നും അകന്നുമാറി ആനന്ദമാർഗത്തിൽ ആടിയും ഉലഞ്ഞും നിന്ന കട്ടമരം ആയിരുന്നു ജോയി. നിലാവിൽ തിരയുടെ നിറം നോക്കി മീനിന്റെ തരം പറയുന്ന പ്രായം ചെന്ന മുക്കുവനെ പോലെ ജോയി ചിന്തയിൽ നിന്നും ചരിത്രത്തിൽ നിന്നും ചിന്താചരിത്രത്തിൽ നിന്നും അപൂർവമായ മീനുകളെ പിടിച്ചുകൊണ്ട് വന്നു. അടിയൊഴുക്കുകളുടെ ഓർമയുള്ള മീനുകളായി തന്നെ അവയിൽ ചിലതിനെ മലയാളിയുടെ ആഴമില്ലാത്ത കുളങ്ങളിൽ നിക്ഷേപിച്ചു. ചിലതിനെ കടലിലേയ്ക്ക് തിരികെ വിട്ടു. എഴുപതുകളുടെ കാടും പടർപ്പും തല്ലി കഴിഞ്ഞെങ്കിൽ നമുക്ക് ഇയാൾ ഏതു മീനുകളെയെയാണ് പിടിച്ചത്, ഏതിനെയൊക്കെയാണ് തിരിച്ച്​ കടലിൽ വിട്ടത് എന്ന് ആലോചിക്കാം. രസമായിരിക്കും ആ ആലോചന.

Comments