ആ പെയിന്റുപണിക്കാരൻ ആത്മകഥ എഴുതുകയാണ്

Truecopy Webzine

വിശപ്പിന്റെ തളർച്ചയിൽനിന്ന് ഉറക്കത്തിന്റെ മയക്കത്തിലേക്ക് ചായുന്ന മക്കൾക്ക് ആ അരി വേവിച്ച് കൊടുക്കാൻ എന്റെ ഉമ്മ ഊതിയ കനലുകൾക്ക് കണ്ണീരിന്റെ നിറമായിരുന്നു. പാതി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കോരി കുടിച്ച് നാവുപൊള്ളിയ ആ കഞ്ഞിയിലും തൊട്ടുകൂട്ടിയ മുളകുചമ്മന്തിയിലും ഉമ്മ ചേർത്തത് ആ കണ്ണീരുപ്പാണെന്ന് ഞങ്ങൾ മക്കൾക്ക് അറിയില്ലായിരുന്നു. വേളിമലയ്ക്കും ചെറുകുന്നുകൾക്കും താഴെ സമതലങ്ങളിൽ നെൽപ്പാടങ്ങളും മരച്ചീനി തോട്ടങ്ങളും ഉണ്ടായിരുന്നു. അതിനുനടുവിലെ പാതയിലൂടെയാണ് ഞാൻ സ്‌കൂളിലേക്ക് നടന്നത്.

മലപ്പുറത്തെ കാറ്റും വെളിച്ചവും തട്ടാത്ത ഒരു ഗ്രാമത്തിൽ നിന്ന് ഭർത്താവിന്റെ കൈയ്യും പിടിച്ച് അപരിചിതമായ ദേശത്ത് എത്തിയപ്പോൾ ഉമ്മ അന്തിച്ച് നിന്നിരിക്കണം. അർത്ഥമറിയാത്ത തമിഴ് പേച്ചിന്റെ അന്തരീക്ഷത്തിൽ ഇതാണ് ജീവിതമെന്ന യഥാർത്ഥ്യം ഉൾക്കൊണ്ടിരിക്കണം. ഞങ്ങളുടെ വിശപ്പ് മാറ്റാനാണ് ഉമ്മ ജോലിക്കിറങ്ങിയത്. ഉമ്മാക്ക് ടാപ്പിങ്ങ് അറിയില്ലായിരുന്നു. പാടത്തെ പണിയും അറിയില്ലായിരുന്നു.

ഉമ്മ ഗോവിന്ദച്ചാമിമാരുടെ ഉരൽപ്പുരകളിൽ അരിയിടിച്ചു. അതിന്റെ കൂലിയായി കിട്ടിയ അരി കൊണ്ട് ഞങ്ങൾ ഉച്ചക്കഞ്ഞി കുടിച്ചു. തന്റെ മുമ്പിൽ അലറി വിളിച്ച വയറുകൾ നിറയ്ക്കാൻ ഉമ്മ മരച്ചീനി തോട്ടങ്ങളിൽ ജോലിക്ക് പോയി. അവിടെ ഒരുപാട് അമ്മമാർ ജോലി ചെയ്തു. അവർ പറഞ്ഞ കൊടും തമിഴ് ഉമ്മാക്കും ഉമ്മ പറഞ്ഞ മലപ്പുറം മലയാളം അവർക്കും പിടി കിട്ടിയില്ല.

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസിക്കുന്ന മുഹമ്മദ് അബ്ബാസ് എന്ന ഒരു സാധാരണക്കാരന്റെ അസാധാരണമായ ആത്മകഥ ആരംഭിക്കുകയാണ് ട്രൂക്കോപ്പി വെബ്സീൻ പാക്കറ്റ് 17-ൽ.

എട്ടാം ക്ലാസുവരെ തമിഴ്നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തിയ അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്ന അബ്ബാസ് ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

""എന്റെ ഈ എഴുത്ത് ഒരിക്കലും നിങ്ങളെ രസിപ്പിക്കില്ല. വ്യാകരണ പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകർത്തുമ്പോൾ പലതും ചോർന്ന് പോയെന്ന് വരാം. ദയവായി നിങ്ങളിതിൽ സാഹിത്യഭംഗി തിരയരുത്. ആഖ്യാനരീതിയെ പരിഹസിക്കരുത്. ചില ജീവിതങ്ങൾ, അല്ല ഒരുപാട് ജീവിതങ്ങൾ അങ്ങനെയാണ്''... എട്ടാം ക്ലാസും തമിഴും മാത്രം കൈമുതലായ, കൂലിപ്പണിയും പെയിന്റുപണിയും ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അബ്ബാസ് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു.


Comments