സര്‍ക്കാര്‍ നല്‍കിയ അക്കൗണ്ടുകളില്‍ 90-95% സസ്‌പെന്റ് ചെയ്ത് രംഗം ശാന്തമാക്കുകയാണ് ട്വിറ്റര്‍. ഭാവിയിലും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ക്ക് സാധ്യതയും ഏറിയിട്ടുണ്ട്. അപ്പോഴും കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളെ അവര്‍ക്ക് അനുകൂലമായി മാറ്റാന്‍ ഐ.ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.
14 Feb 2021, 05:03 PM
"മോദിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ സോഷ്യല്‍ മീഡിയ അദ്ദേഹത്തിന്റെ പാഷന്‍ മാത്രമല്ല, അനിവാര്യതയാണ്' എന്നാണ് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് മോദിയുടെ അടുത്ത സഹായിയായിരുന്ന അരവിന്ദ് ഗുപ്ത മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിയുടെ "I Am a Troll: Inside the Secret World of the BJP's Digital Army' എന്ന പുസ്തകത്തില്‍ പറയുന്നത്. മോദിയ്ക്കു മാത്രമല്ല ഭാരതീയ ജനസംഘ് എന്ന പേരില്‍ 1951-ല്‍ തുടങ്ങി ഒരുനൂറ്റാണ്ടിനുള്ളില്‍ വന്‍ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ അധികാരത്തിലെത്തുന്നതിലേക്ക് ഇന്നത്തെ ബി.ജെ.പിയെ വളര്‍ത്തിയതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വളരെ വലുതാണ്. തങ്ങളുടെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും എത്രയോ മുമ്പ് ബി.ജെ.പി തിരിച്ചറിഞ്ഞു. 2014-ലെ തെരഞ്ഞെടുപ്പു വിജയത്തിലടക്കം ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു.
ഒരു കാലത്ത് പ്രൊപ്പഗണ്ട പ്രചാരണത്തിന് ആയുധമാക്കിയ അതേ സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ ബി.ജെ.പിയ്ക്ക് തലവേദനയാവുകയാണ്. അവയെ നിയന്ത്രിക്കാന്‍, തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ എല്ലാ തരത്തിലും ശ്രമിക്കുമ്പോഴും ചില പ്രതിരോധങ്ങള്‍ ശ്രദ്ധേയമാണ്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മിലുള്ളത്.
ഇന്ത്യയില്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളാണ് ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററുമെല്ലാം. ഇതില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്കിനെ സംഘപരിവാര്‍ അനുകൂല സമീപനം സ്വീകരിച്ചുവെന്ന വ്യക്തമാക്കുന്നതായിരുന്നു 2020 ആഗസ്റ്റില്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. അത്തരം വിമര്‍ശനങ്ങളും ഫെയ്‌സ്ബുക്കിനെതിരെ ഇന്ത്യയില്‍ നിന്നുതന്നെ പലതവണ ഉയര്‍ന്നുവന്നിരുന്നു. അപ്പോഴും ഇന്ത്യയിലെ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ അടങ്ങുന്ന എലീറ്റ് വിഭാഗത്തിനിടയില്‍ ട്വിറ്ററിനോടുള്ള താല്‍പര്യം അതേപോലെ നിലനിന്നു. എന്നാല്‍ സര്‍ക്കാറും ട്വിറ്ററും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലായിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ ട്വിറ്റര്‍ എക്‌സിക്യുട്ടീവ്‌സ് അഴിയെണ്ണേണ്ടിവരും എന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ എത്തിയിരുന്നു ഈ പോര്.
കര്‍ഷക സമരം തുടരുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ടതടക്കം 200 ട്വീറ്റുകള്‍ മോദി സര്‍ക്കാറിന്റെ ആവശ്യപ്രകാരം ട്വിറ്റര്‍ നീക്കം ചെയ്തതോടെയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. ബ്ലോക്ക് ചെയ്തവയില്‍ കര്‍ഷക സംഘടനകളുടെയും മാധ്യമങ്ങളുടെയും അക്കൗണ്ടുകളുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം കാരവന്‍ മാഗസിന്റെയും കിസാന്‍ ഏകതാ മോര്‍ച്ചയുടെയും അടക്കം ചില അക്കൗണ്ടുകള്‍ ട്വിറ്റര്‍ പുനസ്ഥാപിച്ചു. ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമാണെന്നു കണ്ടാണ് ഈ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചതെന്നാണ് ഫെബ്രുവരി 10ന് ട്വിറ്റര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഇതോടെയാണ് ട്വിറ്റര്‍ അധികാരികളെ അഴിയെണ്ണിയ്ക്കുമെന്ന ഭീഷണിയുമായി കേന്ദ്രം വന്നത്.

അക്കൗണ്ട് കേന്ദ്ര സർക്കാർ നിർദേശപ്രകാരം ട്വിറ്റർ താല്‍കാലികമായി
ബ്ലോക് ചെയ്തപ്പോള്‍
ഐ.ടി ആക്ടിലെ 66എ പ്രകാരം "ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്' എന്നാരോപിച്ചുകൊണ്ട് ഇതാദ്യമായല്ല ട്വീറ്റുകള്‍ നീക്കംചെയ്യാന്‍ ട്വിറ്ററിനെ സര്‍ക്കാര്‍ സമീപിക്കുന്നത്. ഐ.ടി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരം 2017-2020നും ഇടയില്‍ ട്വിറ്ററിന് മൂന്നുമാസത്തിനുള്ളില്‍ ഒന്ന് എന്ന നിലയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.
റോഹിംഗ്യന്‍ മുസ്‌ലീങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഇമേജ് സര്‍ച്ചുകളും മ്യാന്‍മറിലെ വംശഹത്യയെക്കുറിച്ചുള്ള ഖാലിദ് എ ബെയ്ഡൗണ്‍ എന്ന നിയമ അധ്യാപകന്റെ ട്വീറ്റും ബ്ലോക്ക് ചെയ്യാന്‍ മോദി സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നതായി ദ വയര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ജറുസലേമില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഷെയര്‍ ചെയ്ത 50,000ത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിനോടു ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട മറ്റൊന്ന്. ഗോസംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആക്രമങ്ങള്‍ക്കെതിരെയുള്ള ഒരു ട്വീറ്റും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടവയിലുണ്ട്.
2019 ആഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍കക്കാര്‍ ഉത്തരവ് വന്നപ്പോള്‍ ഒരുമാസം ഒമ്പത് നോട്ടീസുകളാണ് ട്വിറ്ററിന് ഇത്തരത്തില്‍ ലഭിച്ചത്. അന്ന് നീക്കം ചെയ്യാനാവശ്യപ്പെട്ടതില്‍ #KashmiriUnrest, #KashmirNow എന്നീ ഹാഷ്ടാഗുകളുമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം കശ്മീരുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്തതിന് അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ട്വിറ്റര്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 2017 മുതല്‍ കശ്മീരുമായി ബന്ധപ്പെട്ട പത്തുലക്ഷത്തോളം ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്തതായി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2018ന്റെ മധ്യത്തിലാണ് ഏറ്റവുമധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്.
വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി അടുത്തിടെ ട്വിറ്റര്‍ പോളിസികളില്‍ മാറ്റം വരുത്തിയതോടെ ബി.ജെ.പിനേതാവായ അമിത് മാളവ്യയുടെ ട്വീറ്റിനെതിരെ ട്വിറ്റര്‍ സ്വമേധയാ നടപടിയെടുത്തിരുന്നു. 2020 ഡിസംബര്‍ ആദ്യം ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റു ചെയ്ത കര്‍ഷക സമരവുമായി ബന്ധപ്പെട്ട എഡിറ്റു ചെയ്ത വീഡിയോയ്ക്ക് ട്വിറ്റര്‍ മാനിപ്പുലേറ്റഡ് മീഡിയ ടാഗ് നല്‍കുകയാണുണ്ടായത്. ഇതിനു പുറമേ 2020 നവംബറില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത കമ്പനിയുടെ നടപടിയും കേന്ദ്രസര്‍ക്കാറിനെ രോഷംകൊള്ളിച്ചിരുന്നു. ഇത് അശ്രദ്ധമായി സംഭവിച്ചതെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു ട്വിറ്റര്‍ ചെയ്തത്. കൂടാതെ ലേ ചൈനീസ് അതിര്‍ത്തിയുടെ ഭാഗമാക്കി കാണിച്ചുകൊണ്ടുള്ള മാപ്പ് പ്രസിദ്ധീകരിച്ച ട്വിറ്റര്‍ നടപടിയെയും ബി.ജെ.പി ചോദ്യം ചെയ്തിരുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയകള്‍ക്ക് വളരെയധികം സ്വാധീനമുള്ള കാലമാണിത്. മുഖ്യധാരാ മാധ്യമങ്ങളേക്കാള്‍ സ്വാധീനം സോഷ്യല്‍ മീഡിയകള്‍ക്കുണ്ടെന്നും വലിയൊരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളെ സോഷ്യല്‍ മീഡിയകളിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ബി.ജെ.പി മുമ്പേ തിരിച്ചറിഞ്ഞതാണ്. എന്നാല്‍ അടുത്തിടെയായി, സ്മാര്‍ട്ടുഫോണുകളും ഇന്റര്‍നെറ്റ് സേവനവും വര്‍ധിച്ചത്തോടെ ബി.ജെ.പിയുടെ അത്തരം പ്രൊപ്പഗണ്ടകള്‍ക്ക് എതിരായും സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. പൊതുസമൂഹത്തില്‍ നിന്നും പൗരത്വഭേദഗതി നിയമത്തിലും കാര്‍ഷിക നിയമത്തിലുമടക്കം കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അതിനെ ശക്തിപ്പെടുത്തിയതില്‍ സോഷ്യല്‍ മീഡിയകളുടെ പങ്ക് വളരെ വലുതായിരുന്നു. പൗരത്വനിയമത്തിനെതിരെ ട്വിറ്ററില്‍ അഭിപ്രായ സര്‍വ്വേ നടത്തിയ ബി.ജെ.പിയ്ക്ക് സി.എ.എ വിരുദ്ധ നിലപാടിനൊപ്പമാണ് കൂടുതലാളുകള്‍ എന്നുകണ്ട് അന്നുതന്നെ അത് പിന്‍വലിക്കേണ്ടിയും വന്നിരുന്നു. ഇപ്പോള്‍ കര്‍ഷക നിയമത്തിന് പിന്തുണയേറുമ്പോള്‍, സര്‍ക്കാറിന്റെ പല വാദങ്ങളും സോഷ്യല്‍ മീഡിയകള്‍ വഴി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവര്‍ അത്തരം ആളുകളെയും മാധ്യമങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ഇവിടെ ട്വിറ്റര്‍ സ്വീകരിച്ച സമീപനം ചെറിയ പ്രതീക്ഷയ്‌ക്കെങ്കിലും വകനല്‍കുന്നതായിരുന്നു.
ഈ വിഷയത്തില്‍ അതുവരെ സ്വീകരിച്ചിട്ടുള്ള സമീപനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്റര്‍ ഫെബ്രുവരി പത്തിന് പുറത്തുവിട്ട പ്രസ്താവന. "സര്‍ക്കാര്‍ ഞങ്ങളോട് ആവശ്യപ്പെട്ട നടപടികള്‍ ഇന്ത്യന്‍ നിയമാനുസൃതമുള്ളതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ഞങ്ങളുടെ തത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് മാധ്യമ സ്ഥാപനങ്ങളും ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ക്കെതിരെ ഞങ്ങള്‍ യാതൊരു നടപടിയുമെടുക്കുന്നില്ല. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ അത് അവരുടെ ഇന്ത്യന്‍ നിയമപ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവാകാശത്തിന്റെ ലംഘനമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.' എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ഈ വിഷയത്തിലുള്‍പ്പെട്ട അക്കൗണ്ടുകള്‍ക്കുവേണ്ടിയും ഇന്ത്യന്‍ നിയമാനുസൃതമായ എല്ലാ വഴികളും തേടുമെന്നു പറഞ്ഞാണ് ട്വിറ്റര്‍ അവരുടെ പ്രസ്താവന അവസാനിപ്പിച്ചത്.

അതിനിടെ, ട്വിറ്റര്‍ ഇന്ത്യയുടെ പോളിസി ഹെഡ് ആയ മഹിമ കൗള്‍ രാജിവെച്ചിരുന്നു. സര്‍ക്കാറുമായുള്ള ആശയവിനിമയങ്ങള്‍ നടത്താനുള്ള സ്ഥാനങ്ങളില്‍ ട്വിറ്റര്‍ പുതിയ ആളുകളെ തേടുന്നതായും റിപ്പോര്‍ട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ട്വിറ്റര്‍ പറയുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ മഹിമ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ സര്‍ക്കാര്‍ നല്‍കിയ അക്കൗണ്ടുകളില്‍ 90-95% സസ്‌പെന്റ് ചെയ്ത് രംഗം ശാന്തമാക്കുകയാണ് ട്വിറ്റര്‍. ഭാവിയിലും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് തടയിടാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് സാധ്യതയും ഏറിയിട്ടുണ്ട്. അപ്പോഴും കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങളെ അവര്‍ക്ക് അനുകൂലമായി മാറ്റാന്‍ ഐ.ടി നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന
പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണ്.

ഡോ : വി. രാമചന്ദ്രൻ / അലി ഹെെദർ
Feb 23, 2021
7 Minutes Read
ഒ. രാജഗോപാല്‍ / മനില സി.മോഹൻ
Feb 21, 2021
27 Minutes Watch
Political Desk
Feb 19, 2021
1 Minutes Read
മുഹമ്മദ് ഫാസില്‍
Feb 11, 2021
5 minutes read
Truecopy Webzine
Feb 08, 2021
1 minute read
Sreekala
15 Feb 2021, 02:07 PM
Stand for freedom of expression