മറക്കാനാകാത്ത ‘അതിഥി’,
പിന്നെ പി.ജെ. ആന്റണിയും
മറക്കാനാകാത്ത ‘അതിഥി’, പിന്നെ പി.ജെ. ആന്റണിയും
കെ.പി. കുമാരന്റെ ‘അതിഥി’ എന്ന സിനിമയുടെ കാലം ഓര്‍ത്തെടുക്കുകയാണ്, അന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരുന്ന ലേഖകന്‍. ഒപ്പം, അന്ന് ‘നിര്‍മാല്യ’ത്തിലൂടെ ദേശീയഅവാര്‍ഡ് നേടിയ നടന്‍ പി.ജെ. ആന്റണിയുടെ ഒരു അപൂര്‍വ ചിത്രവും
11 Nov 2020, 09:58 AM
ആദ്യമായി അതിഥി എന്ന് കേള്‍ക്കുന്നത് 1972ല്‍ ആയിരിക്കണം. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരുന്ന ഒരു നാടകോത്സവത്തില്‍ ദ റോക്ക് എന്ന വിശ്രുതമായ 90 സെക്കന്റ് ചിത്രത്തിന്റെ സ്രഷ്ടാവും സ്വയംവരം എന്ന, സഹകരണാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട ആദ്യ ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും സഹസംവിധായകനുമായ കെ. പി. കുമാരന്‍ എഴുതി സംവിധാനം ചെയ്ത അതിഥി അവതരിപ്പിക്കുന്നുണ്ട് എന്ന് കേട്ടപ്പോള്‍ അത് ഒന്ന് കാണണം എന്ന് അതിയായ മോഹമുദിച്ചു.
ദ റോക്ക് കണ്ടതുതന്നെ ഒരുപാട് അന്വേഷിച്ചുനടന്ന് അവസാനം പട്ടത്തെ കല്‍പന ടാക്കീസില്‍ ഒരു സെക്കന്റ്‌ഷോക്ക് ഓടിക്കിതച്ചെത്തിയാണ്. രണ്ടു തവണ ആ ചിത്രം കണ്ടു. പക്ഷെ ഇന്നും അതിന്റെ ശബ്ദവും വെളിച്ചവും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
പാറയുരുട്ടിക്കയറ്റുന്ന വൃദ്ധന്റെ കര്‍ണ്ണഞരമ്പ് പൊട്ടിപ്പോകുമെന്ന് തോന്നിപ്പിക്കും വിധമുള്ള ശ്വാസോച്ഛ്വാസത്തിന്റെ മുരള്‍ച്ച; ചിത്രം അവസാനിക്കുന്ന ഫ്രെയിമില്‍ കയ്യുയര്‍ത്തി ആര്‍ത്തുചിരിക്കുന്ന അയാളുടെ വിദൂരദൃശ്യം...ഇതെല്ലാം എന്റെ സെലുലോയിഡ് സ്വപ്നങ്ങളിലെ ജീവസ്സുറ്റ ഇമേജുകളാണ്. ഇങ്ങനെയൊക്കെയുള്ള ആലോചനകള്‍ ഈ മഹാവ്യാധിക്കാലത്തെ വീട്ടുതടങ്കലില്‍ പതിവാണ്. അതിഥിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അനുഭവങ്ങളാണ് പറയാന്‍ തുടങ്ങിയത്. അതിലേക്കു മടങ്ങാം.
നാടകോത്സവത്തിന് പാസ് ഒപ്പിക്കുക എന്നതൊന്നും അന്നത്തെ കാലത്ത് എന്നെപ്പോലെ അസ്ഥിമാത്രനും പട്ടിണിക്കാരനുമായ ഒരു വിദ്യാര്‍ത്ഥി വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല.

അങ്ങനെ ഞാന്‍ അക്കാലത്ത് എനിക്ക് ഏറ്റവും അടുത്ത് ബന്ധമുണ്ടായിരുന്ന, ഇത്തരം കാര്യങ്ങളിലെല്ലാം താല്‍പര്യമുള്ള ഒരു സുഹൃത്തിനോട് (ഇന്നത്തെ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഹരികുമാര്‍. അന്നദ്ദേഹം സിനിമാസ്വപ്നങ്ങളുമായി തിരുവനന്തപുരത്ത് വേറൊരു ജോലി ചെയ്ത് ജീവിക്കുകയായിരുന്നു) ഇക്കാര്യം സൂചിപ്പിച്ചു. (ഇതില്‍ ഉള്‍പ്പെട്ട മൂന്നാമന്റെ പേര്‍ ഞാന്‍ പറയില്ല. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നതു തന്നെയാണ് അതിനു കാരണം. പേരു പറഞ്ഞാല്‍ പലര്‍ക്കും പരിചിതനായിരിക്കും അദ്ദേഹം). ഹരിയുടെ ഒരു പരിചയക്കാരന്റെ സാന്നിദ്ധ്യത്തില്‍ ഇക്കാര്യം ഞങ്ങള്‍ സംസാരിക്കുന്നതു കേള്‍ക്കാനിടയായപ്പോള്‍ അദ്ദേഹം ചാടി വീണു.
‘‘കുമാരന്‍ ചേട്ടന്റെ നാടകത്തിന്റെ പാസോ? ഇന്നും ഞാന്‍ പുള്ളീയുടെ വീടുവഴി പോയിരുന്നു. പ്രത്യേകം പറഞ്ഞിട്ടുണ്ട്, നാടകം കാണാന്‍ ചെല്ലണമെന്ന്. നിങ്ങളെ രണ്ടുപേരേം കൂടെ കൊണ്ടു ചെല്ലുന്നതില്‍ പുള്ളിക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ല. ഞാന്‍ ഒന്നു ചോദിച്ചിട്ടു പറയാം.''
പോകാന്‍ എഴുന്നേറ്റ അദ്ദേഹം തിരിച്ചു വന്നിട്ടു ഞങ്ങളോട് പറഞ്ഞു; ‘‘അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം. നാളെയല്ലേ നാടകം? ഞാന്‍ ഇവിടെ വരാം. നമുക്ക് ഒന്നിച്ചങ്ങു പോകാം. എന്താ?'' അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു.
പിറ്റേന്ന് പതിവിലും നേരത്തെ ഞാന്‍ ഹരികുമാറിന്റെ മുറിയില്‍ ഹാജരായി. അയാളുടെ പരിചയക്കാരനും വന്നു.
ഞങ്ങള്‍ ഒന്നിച്ച് കാര്‍ത്തികതിരുനാള്‍ തീയേറ്ററിലേക്ക് നടന്നു. അതിന്റെ മുന്‍ഗേറ്റിനല്‍പം അകലെയായി ഞങ്ങള്‍ കെ.പി കുമാരന്‍ വരുന്നതും കാത്തുനിന്നു. അദ്ദേഹം രണ്ട് എക്‌സ്ട്രാ പാസുകള്‍ കൊണ്ടുവരും എന്നാണ് ഹരിയുടെ പരിചയക്കാരന്‍ പറഞ്ഞത്.

അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു അംബാസഡര്‍ കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്ന് കെ.പി. കുമാരനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും (ഒരാള്‍ നടക്കുന്ന പ്രായം. മറ്റേയാളെ ശ്രീമതി എടുത്തിരിക്കുന്നു) വന്നിറങ്ങുന്നു.
ഞങ്ങളോട് കൂലങ്കഷമായി തന്റെ അസ്തിത്വസംബന്ധമായ ആകുലതകള്‍ പങ്കിട്ട് നിന്നിരുന്ന ഹരികുമാറിന്റെ പരിചയക്കാരന്‍ ‘ദാ വരുന്നേ’ എന്നു പറഞ്ഞ് ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന ഗതിവേഗത്തില്‍ പാഞ്ഞുചെന്ന് മിസ്സിസ് കുമാരന്റെ കയ്യില്‍ നിന്ന് കുഞ്ഞിനെ അങ്ങ് വാങ്ങുന്നു. അവരോടൊപ്പം നടന്ന് ഗേറ്റ് കടന്ന് തീയേറ്ററിനുള്ളിലേക്ക് കയറി പോകുന്നു. അയാള്‍ മറയുന്നത് കണ്ടു നിന്ന ഹരി എന്നോട് പറഞ്ഞു,
‘ജയാ, അവന്‍ നമ്മളെ പറ്റിച്ചല്ലോ. നമുക്കു പോകാം.’
എനിക്ക് നഗരജീവിതത്തിന്റെ മറവിലെ തിരിവുകളെപ്പറ്റി ഹരികുമാറിനോളം പരിചയമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞു, ‘ഏയ്, അയാള്‍ തിരിച്ചു വരുമെന്നേ.''
അങ്ങനെ ഞങ്ങള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി അവിടെ നിന്നു. നാടകം തുടങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ നിരാശരായി തിരികെ പോകുകയും ചെയ്തു.
അതാണ് അതിഥിയുമായുള്ള ആദ്യത്തെ സമാഗമം. അഥവാ നടക്കാതെ പോയ സമാഗമം. അതിഥിയില്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കഥാപാത്രത്തിന് സമാനമായ അനുഭവമാണല്ലോ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാവുന്നത്!
അതിനുമെത്രയോ നാളുകള്‍ കഴിഞ്ഞാണ് അതിഥി സിനിമയാവുന്നു എന്ന വിവരം വൈകുന്നേരം സ്വാമീസ് ബുക്‌സില്‍ വന്നു ചേരാറുള്ള, ഇന്നും ഞാന്‍ ഗുരുക്കന്മാരിലൊരാളായി കരുതുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ സാറോ മറ്റോ പറഞ്ഞ് അറിയുന്നത്.
‘ഇരുട്ടിന്റെ ചക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവര്‍’ എന്നോ മറ്റോ ആലേഖനം ചെയ്ത ഒരു ബ്രോഷര്‍ അതിഥിക്കു വേണ്ടി ആര്‍ട്ടിസ്റ്റ് കെ. ദേവദത്തന്‍ തയാറാക്കിയിരുന്നു. അതും കണ്ടിരുന്നു.
അതിഥിയുടെ ഷൂട്ടിംഗ് നടന്നത് ചാക്കക്കടുത്ത വിശാലമായ ഒരു മണല്‍പ്പരപ്പിലായിരുന്നു. ആ ലാന്‍ഡ്‌സ്‌കേപ് ഇന്നെങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ അന്ന് അത് ശരിക്കും ഒരു ‘സാന്‍ഡ് ഡ്യൂണ്‍’തന്നെ ആയിരുന്നു. അതിന്റെ ഉള്ളിടങ്ങളിലെവിടെയോ വെയിലും തണലും സമൃദ്ധമായി വന്നു വീഴാനിടമുള്ളൊരിടത്ത് ഇട്ട ഒരു സെറ്റായിരുന്നു അതിഥിയിലെ കരുണന്റെ വീട്.
ആ ‘സാന്‍ഡ് ഡ്യൂണി’നപ്പുറം ഒരു പാവപ്പെട്ട സെറ്റില്‍മെന്റ് ഉണ്ടായിരുന്നു. അവിടത്തെ വഴികളും മറ്റും ചിത്രത്തില്‍ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്.
ഈയിടെ, എഫ്.എഫ്.എസ്.ഐ നടത്തിയ കെ.പി. കുമാരന്‍ ഫെസ്റ്റിവലില്‍ അതിഥി സ്‌ക്രീനിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് ശശി എന്നെ വിളിച്ചു.
‘അതിഥി കണ്ടോ?'
‘കണ്ടു’
പിന്നെ അങ്ങോട്ട് ശശി ചില ചോദ്യങ്ങള്‍ ചോദിച്ചു. ആ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങള്‍ സിനിമയുടെ ക്രെഡിറ്റ് ടൈറ്റിലില്‍ വരേണ്ട പേരുകളാണ്.
അതിന്റെ ക്യാമറ ആരായിരുന്നു? മൂര്‍ത്തി. കര്‍ണ്ണാടകസംസ്ഥാനത്തോ നിന്നോ മറ്റോ ഉള്ള ആളാണെന്ന് തോന്നുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്റ്റ് ആണെന്നാണ് എന്റെ ഓര്‍മ.
പ്രൊഡക്ഷന്‍ ഡിസൈന്‍ (കലാസംവിധാനം)? കെ. ദേവദത്തന്‍.
റെക്കോര്‍ഡിസ്റ്റ്: ഓര്‍മയില്ല. ദേവദാസ് ആയിരുന്നോ എന്ന് സംശയമുണ്ട്.
സംഗീതം: ദേവരാജന്‍.
ഗാനരചന: വയലാര്‍,
ഇത്രയുമൊക്കെയേ എനിക്ക് ഓര്‍മയുള്ളു.
ഇതൊക്കെത്തന്നെ പലപ്പോഴായി നടന്ന സംഭാഷണങ്ങളില്‍ നിന്നും മറ്റും ഓര്‍മ ഭാഗ്യവശാല്‍ ‘ബാക്കി’വച്ച അറിവിന്റെ ശകലങ്ങളാണ്.
ശശിയുടെ അവസാനത്തെ ഡയലോഗ് അവിസ്മരണീയമാണ്: ഇതൊക്കെ ജയനറിയാം. ഇപ്പോള്‍ എനിക്കും. വേറെ എത്ര പേര്‍ക്കറിയാം?'' അത് സത്യം.
എന്തു കാരണം കൊണ്ടായാലും അതിഥി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ക്രെഡിറ്റുകള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ‘വിതരണം: ദീപ്തി ഫിലിംസ്' എന്നു മാത്രം ഒരു ഫ്രെയിം അവസാനം കാണാം.
ദീപ്തി ഫിലിംസ് അതിനു മുന്‍പ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നതായാണ് എന്റെ ഓര്‍മ. അവയിലൊന്നാണ് മിടുമിടുക്കി. ആ ചിത്രം ഇന്നും ഓര്‍മിക്കപ്പെടുന്നത് അതിലുള്ള ഒരു അനശ്വരമായ യുഗ്മഗാനത്തിന്റെ പേരില്‍ മാത്രമാണ്; ‘അകലെയകലെ നീലാകാശം.’
ദീപ്തി ഫിലിംസ് ആണോ അതിഥി നിര്‍മിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ എ. പൊന്നപ്പന്‍ എന്നൊരാളായിരുന്നു ദീപ്തിയുടെ ഉടമസ്ഥനെന്ന് കേട്ടിട്ടുണ്ട്. അയാള്‍ക്ക് മറ്റു ബിസിനസ്സുകളും ഉണ്ടായിരുന്നതായാണ് കേട്ടിട്ടുള്ളത്. അതിലൊന്ന് അന്നൊക്കെ എല്ലാ വര്‍ഷവും പുത്തരിക്കണ്ടത്തു നടന്നുകൊണ്ടിരുന്ന ആള്‍ ഇന്‍ഡ്യാ എക്‌സിബിഷന്‍' എന്ന ‘മഹോത്സവ’ത്തില്‍ സ്‌കില്‍ ഗെയിംസ് സ്റ്റാള്‍ നടത്തലായിരുന്നു എന്നും കേട്ടിരുന്നു.
ഇതെല്ലാം കേട്ടറിവ് മാത്രമാണ്.
അതിഥി ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സ് ഫോറം (യു.സി.എസ്.എഫ്) എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. കോളേജ് യൂണിയനെ മാത്രം ആശ്രയിച്ച് കലാസാംസ്‌കാരിക പരിപാടികള്‍ നടത്താതിരിക്കാനുള്ള ശ്രമമായിരുന്നു അത്. അതിന്റെ രൂപീകരണത്തെ ഒരു ആഘോഷം തന്നെയാക്കി മാറ്റി ഞങ്ങള്‍.
ഈയിടെ അന്തരിച്ച നോവലിസ്റ്റ് എസ്. ഇ. ജയിംസ്, സി. പി. എം നേതാവ് ബി.എസ്. രാജീവ് (രാജീവ് അന്ന് എന്റെ ഒരു വര്‍ഷം ജൂനിയറായി യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് ബി.എക്ക് പഠിക്കുന്നു) എന്നിവരും ഞാനും ചേര്‍ന്നാണ് അതിനൊരു മാനിഫെസ്റ്റോ ഉണ്ടാക്കിയെടുത്തത്. അതിനെ ഞങ്ങള്‍ ‘നാലാം തലമുറയുടെ മാനിഫെസ്റ്റോ’ എന്ന തലക്കെട്ടോടെ ലഘുലേഖയാക്കി അച്ചടിച്ച് കോളേജിലും പുറത്തുമെല്ലാം വിതരണം ചെയ്തു.
അതിന്റെ തുടക്കം യൂണിവേഴ്‌സിറ്റി കോളേജില്‍ ആദ്യമായി നടന്ന ഒരു താരനിബിഡമായ കവിയരങ്ങോടെ ആയിരുന്നു. അയ്യപ്പ പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഒ.എന്‍.വി തുടങ്ങി ഇതെഴുതുന്നയാള്‍ വരെയുള്ളവര്‍ ഒത്തുചേര്‍ന്ന കവിയരങ്ങ്.
ഔദ്യോഗിക പരിപാടി അല്ലാത്തതിനാല്‍ കോളേജ് ഓഡിറ്റോറിയം ഉപയോഗിക്കാന്‍ പറ്റില്ലെന്ന് അന്നത്തെ പ്രിന്‍സിപ്പാള്‍ ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് പരിപാടി നടത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും പ്രശസ്തമായ ലക്ചര്‍ ഹാള്‍ ആയ ‘റൂം നമ്പര്‍ 114’ല്‍ വച്ചായിരുന്നു.
കടമ്മനിട്ടയുടെ സിംഹഗര്‍ജ്ജനം ആ മുറിയുടെ ചുമരുകളെപ്പോലും കിടിലം കൊള്ളിച്ചിരിക്കണം. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞായിരുന്നു യു.സി.എസ്.എഫിന്റെ പരിപാടികള്‍ നടത്തിയിരുന്നത്. എസ്.എഫ്.ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന ഒരു സംഘമാണതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും അവിടെ ഉയരുന്ന രാഷ്ട്രീയഭാഷണങ്ങളില്‍പ്പോലും അത്യാവശ്യം subtlety കലര്‍ത്താന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ഞങ്ങളുടെ എതിരാളികളായ കെ.എസ്.യു സഹോദരന്മാര്‍ക്ക് എതിര്‍ക്കാന്‍ ഒരു പഴുതും കിട്ടുന്നുമില്ലായിരുന്നു.
ഭരത് അവാര്‍ഡ് പ്രഖ്യാപനം നടന്നു കഴിഞ്ഞായിരുന്നു അതിഥിയുടെ ഷൂട്ടിംഗ്. നിര്‍മാല്യത്തില്‍ വെളിച്ചപ്പാടായി തകര്‍ത്തഭിനയിച്ച പി. ജെ. ആന്റണി നല്ല സിനിമയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കിടയിലെ ഏറ്റവും വില കൂടിയ താരമായി മാറിയ കാലം.
അതിഥിയുടെ ഷൂട്ടിംഗിന് പി.ജെ. ആന്റണി വന്നിട്ടുണ്ടല്ലോ. അദ്ദേഹത്തെ ഒന്ന് കോളേജില്‍ കൊണ്ടുപോയി രണ്ടു വാക്ക് സംസാരിപ്പിക്കാം എന്നൊരാശയം ഞങ്ങളുടെ ഉള്ളിലുദിച്ചു. കുമാരേട്ടനോട് അതിന് അനുവാദം ചോദിച്ചപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നതിനിടെ അത്തരം പരിപാടികളൊന്നും പറ്റില്ല എന്ന പ്രതികരണമാണ് കിട്ടിയത്.

ആന്റണിക്ക് ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് അദ്ദേഹം സമ്മതിച്ചാല്‍ കൊണ്ടുപോയി അതു കഴിഞ്ഞയുടനെ ഷൂട്ടിംഗ് നടക്കുന്നിടത്ത് എത്തിച്ചുകൊള്ളാം എന്ന ഉറപ്പിലും സ്വന്തമായി ഒരു വാക്കു പോലും ആന്റണിയോട് ഇതേപ്പറ്റി ശുപാര്‍ശയായി പറയില്ല എന്ന കര്‍ശനമായ ഓര്‍മപ്പെടുത്തലുമാണ് കുമാരേട്ടന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ആന്റണിയെ കണ്ടു സംസാരിക്കാന്‍ ഞങ്ങളെ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ ജെയിംസും ഞാനും അദ്ദേഹം താമസിച്ചിരുന്ന ഓവര്‍ബ്രിഡ്ജിനടുത്തുള്ള ഉഡുപ്പി ശ്രീവാസ് എന്ന സാമാന്യം നല്ല ഒരു ലോഡ്ജില്‍ ചെന്നു കയറി. (ആ ലോഡ്ജ് ഇപ്പോള്‍ ഇല്ലെന്നാണ് തോന്നുന്നത്).
മുറിയില്‍ ചെന്നപ്പോള്‍ അദ്ദേഹം ഷൂട്ടിംഗൊക്കെ കഴിഞ്ഞു വന്ന് വളരെ റിലാക്‌സ്ഡ് ആയ ഒരു മൂഡില്‍ ഇരിക്കുന്നു. ഞങ്ങള്‍ കോളേജിന്റെ പേരൊക്കെ പറഞ്ഞപ്പോള്‍ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങള്‍ അകത്തു ചെന്നു. അപ്പോഴേക്ക് സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.
ഞങ്ങള്‍ യു. സി. എസ്. എഫിനെപ്പറ്റിയും ഇതുവരെ നടത്തിയ പരിപാടികളെപ്പറ്റിയും എല്ലാം പറഞ്ഞൊപ്പിച്ചു, ഞങ്ങളുടെ അന്നത്തെ അവസ്ഥ മനസ്സിലാക്കണം. ഭരത് അവാര്‍ഡ് കിട്ടിയ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനടന്‍ എന്ന പരിവേഷം മാത്രമല്ലല്ലോ പി. ജെ. ആന്റണിക്കുള്ളത്! ശക്തമായ ഇടതുപക്ഷരാഷ്ട്രീയം കൊണ്ടുനടന്ന് പള്ളിയെ വെല്ലുവിളിച്ച അതിധീരനായ ഒരു വിപ്ലവകാരി കൂടിയാണല്ലോ അദ്ദേഹം. ഒരു ഘട്ടത്തില്‍ പാര്‍ട്ടിയെപ്പോലും അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ടല്ലോ.
ഞങ്ങള്‍ വിഷയം പറഞ്ഞ ഉടനേ അദ്ദേഹം പറഞ്ഞു, ‘ഇല്ല. ഞാന്‍ വരില്ല. കോളേജില്‍ വന്ന് എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ വല്ല കോളേജദ്ധ്യാപകരെയും വിളിച്ച് സല്‍ക്കരിക്ക്.'
എല്ലാവരും ഇങ്ങനെ പറയും. നമ്മള്‍ കൂടുതല്‍ താണുവീണു പറഞ്ഞ് സമ്മതിപ്പിക്കുക. ഇവരുടെ ഈഗോ ആണ് ഇങ്ങനെ ഒരു അഭിനയം നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത് എന്നതാണ് ഞങ്ങളുടെ ഒരു ലൈന്‍.
ആ ലൈനില്‍ ഞാനും ജെയിംസും താഴാന്‍ തുടങ്ങി.
പക്ഷേ താഴുവോളം അദ്ദേഹത്തിന്റെ നിഷേധത്തിന്റെ കടുപ്പം കൂടിയതല്ലാതെ അണുവിട പോലും കുറയുന്ന ലക്ഷണം കണ്ടില്ല.
അതിനിടക്ക് ആന്റണിസാര്‍ ഞങ്ങള്‍ക്ക് ചായ വരുത്തി തന്നു. അദ്ദേഹം മൂന്നു ചായയാണ് കുടിക്കുക.
വര്‍ത്തമാനം പറഞ്ഞു പറഞ്ഞ് രാത്രിയായി. ആന്റണി സാര്‍ ഒരു കുപ്പി വിസ്‌കി വാങ്ങിപ്പിച്ചു. ഓള്‍ഡ് വിക് എന്നു പേരുള്ള, രൂക്ഷമായ ഗന്ധമുള്ള ഒരു വിസ്‌കി ഉണ്ടായിരുന്നു അക്കാലത്ത്. അതാണ് അദ്ദേഹം വാങ്ങിയത്.
അത് ഗ്ലാസിലേക്കൊഴിക്കുമ്പോള്‍ ഞങ്ങളോട് പറഞ്ഞു, ‘നീയൊന്നും ഇതു കണ്ട് മോഹിക്കണ്ട. എന്റെ മക്കളേപ്പോലെയാ നീയൊക്കെ. നിനക്കൊന്നും ഞാന്‍ ഇതൊന്നും ഓഫര്‍ ചെയ്യില്ല, മനസ്സിലായോ?'
കോളജ് വിദ്യാര്‍ത്ഥികള്‍ പൊതുവേ മഹാ ഉപയോഗശൂന്യരായ ഒരു കൂട്ടം കാളികൂളികള്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. ജെയിംസും ഞാനും സാമാന്യം നല്ല നിഷേധികള്‍ ആയിരുന്നെങ്കിലും ആന്റണിച്ചേട്ടനുമായി ഒരു വാദപ്രതിവാദത്തിന് പോകരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ദത്തശ്രദ്ധരായിരുന്ന് അദ്ദേഹം പറഞ്ഞതെല്ലാം കേട്ടു.
അപ്പോഴെല്ലാം കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം പോലെ മുന്നിലിരിക്കുന്ന ഈ മനുഷ്യന്റെ ഉള്ളില്‍ ദുഃഖിതനും സ്‌നേഹസമ്പന്നനുമായ ഒരു അച്ഛന്‍, പ്രണയലോലുപനായ ഒരു ഭര്‍ത്താവ്, ഇവരെല്ലാം ഉണ്ടാവും; അതില്ലാതെ ഇദ്ദേഹം നിര്‍മാല്യത്തില്‍ അവതരിപ്പിച്ച് നമ്മെ ആര്‍ദ്രഹൃദയരാക്കിയ ആ വെളിച്ചപ്പാടിന്റെ ജീവിതത്തിലെ രണ്ട് നിമിഷങ്ങള്‍- അഭിമാനവിജൃംഭിതനായി, ഒരു വിജിഗീഷുവായി, തന്റെ വിളിപ്പുറത്തുള്ള ദേവിയെ തന്നിലേക്കാവാഹിക്കാന്‍ തയ്യാറെടുത്ത് നെഞ്ചുവിരിച്ച്, എതിരേവരുന്ന നാട്ടുകാരെ കണ്ട്, എന്നാല്‍ ഒന്നും കാണാതെ കുളി കഴിഞ്ഞ് ഈറന്‍ മാറാന്‍ വീട്ടിലേക്കു പോകുന്ന ആ നിമിഷം...വീട്ടില്‍ ചെല്ലുമ്പോള്‍ താന്‍ കാണാനിടയാവുന്നത് ഈ അനുഗൃഹീത നിമിഷത്തില്‍, മറ്റൊരുവനോടൊപ്പം കിടക്കേണ്ടി വരുന്ന ഭാര്യയുടെ അമ്പരന്ന മുഖം...എല്ലാ ശക്തിയും ചോര്‍ന്നുപോയ വെളിച്ചപ്പാടിന്റെ ഒരു തിരിച്ചുവരവുണ്ടല്ലോ...വിജൃംഭിച്ചു നിന്ന തോളുകളിടിഞ്ഞ്, വിജിഗീഷുവിന്റെ ‘അഹം’ തെളിയുന്ന അര്‍ദ്ധമന്ദഹാസത്തിന്റെ സ്ഥാനത്ത് കരച്ചിലിന്റെ വക്കോളമെത്തുന്ന ഒരു ചിരി തേച്ച് ഒരു പരാജിതനായി അവസാനത്തെ വെളിച്ചപ്പെടലിലേക്ക് നടന്നു നീങ്ങുന്ന ഒരു നിമിഷം...ഈ രണ്ട് നിമിഷങ്ങളും ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത് അത് പി. ജെ. ആന്റണി എന്ന നടന്‍ കാണിച്ചു തന്നതു കൊണ്ടാണ്. അത്തരമൊരാളെ ഒരു കഠിനഹൃദയനായി സങ്കല്‍പ്പിക്കാനേ ഞങ്ങള്‍ക്ക് കഴിയില്ലായിരുന്നു.
ഒരു കുപ്പി കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു കുപ്പി കൂടി വരുത്തി. അതിനു പിറകേ കഴിക്കാനായി എന്തോ വരുത്തി. ഞങ്ങളെയും നിര്‍ബന്ധിച്ചു കഴിപ്പിച്ചു.
അതെല്ലാം കഴിഞ്ഞ് അദ്ദേഹം ആ മുറിയിലുണ്ടായിരുന്ന ചാരുകസേരയിലേക്ക് ഇരുന്നു. അദ്ദേഹം കുടുംബത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അത് ചെന്നു നിന്നത് സ്വന്തം ജീവിതസഖിയെക്കുറിച്ചുള്ള ഒരു നീണ്ട പ്രഭാഷണത്തിലായിരുന്നു.
എനിക്കു തോന്നിയത്, അദ്ദേഹം ഞങ്ങളോടല്ല സംസാരിച്ചിരുന്നത്. അദ്ദേഹം സ്വയം പറയുകയായിരുന്നു. ഒരു മോണോലോഗ്. അതിന്റെ അവസാനം അദ്ദേഹം പാടി:
ബിന്ദു, ബിന്ദു
ഒതുങ്ങി നില്‍പ്പൂ
നിന്നിലൊരുല്‍ക്കട-
ശോകത്തിന്‍ സിന്ധു...
അദ്ദേഹം നല്ല ഒരു ഗായകനാണെന്ന് അന്നു വരെ ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല. പക്ഷേ എന്നെ വിശ്വസിക്കൂ; പി.ജെ. ആന്റണി അനന്യമായ ഒരു ഗായകശബ്ദത്തിനുടമയായിരുന്നു.
‘കേട്ടിട്ടുണ്ടോടാ ഈ പാട്ട്?’ അദ്ദേഹം ചോദിച്ചു.
മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം പറഞ്ഞു, ‘ഈ പാട്ടുണ്ടല്ലോ, ഇത് ഞാന്‍ എന്റെ ഭാര്യക്കുവേണ്ടി എഴുതിയതാണ്; അറിയാമോ?'
ഞങ്ങള്‍ നിശ്ശബ്ദരായി കേട്ടിരുന്നു.
‘അതേടാ. അവള്‍ ഒരു ശോകത്തിന്റെ സിന്ധു ആണ്. എന്റെ എല്ലാ തെറ്റുകളും മനസ്സിലാക്കി, എന്നെ സ്‌നേഹിക്കുന്നവള്‍..നീയൊക്കെ വെറും പിള്ളേരല്ലേടാ. നീയൊക്കെ ഇതൊക്കെ എങ്ങനെ അറിയാനാ..'
താന്‍ തന്നെ തിരക്കഥയും ഗാനങ്ങളും എഴുതി, സംവിധാനം ചെയ്ത ചിത്രമായിരുന്നു പെരിയാര്‍. സാമ്പത്തികമായി അമ്പേ പരാജയപ്പെട്ട ഒരു ചിത്രം. ഒരാഴ്ച പോലും അത് ഒരിടത്തും ഓടിയില്ല.
ചലച്ചിത്രസംവിധാനം തനിക്ക് ചേര്‍ന്ന മേഖലയല്ല എന്ന് അതില്‍ ആവര്‍ത്തിച്ചുണ്ടായ പരാജയങ്ങള്‍ ആന്റണിയെ പഠിപ്പിച്ചില്ല.
അതിനിടക്ക് അദ്ദേഹം തന്റെ പല്ലുകള്‍ ഊരി വച്ചു. അതോടെ ആ മുഖത്തിന്റെ സ്വഭാവം തന്നെ മാറിപ്പോയതായി ഞങ്ങള്‍ക്കു തോന്നി. ഭീതിദമായ, അല്ല; സൂക്ഷിച്ചു നോക്കിയാല്‍ ദൈന്യതയുടെ കാണാക്കയങ്ങള്‍ തെളിയുന്ന കണ്ണുകളുമായി, സ്വന്തം നഷ്ടങ്ങളുടെ ഓര്‍മ്മപ്പുസ്തകം ഞങ്ങളുടെ മുന്നില്‍ തുറന്നിടുന്ന ഒരു സാധു മനുഷ്യന്‍.
രാവേറെച്ചെന്നു ആന്റണിച്ചേട്ടന്‍ ആ കസേരയില്‍ കിടന്നുറങ്ങി. ജെയിംസും ഞാനും ആ മുറിയില്‍ വെറും തറയില്‍ ചാരിയിരുന്നുറങ്ങി.
രാവിലെ എണീറ്റപ്പോള്‍ ആന്റണിച്ചേട്ടന്‍ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് ചായ വരുത്തി വച്ചിരിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ചായയും കുടിച്ച് യാത്ര പറഞ്ഞിറങ്ങി.
അങ്ങനെ അതിഥി ഒരിക്കലും മറക്കാത്ത ഒരു രാത്രിയുടെ മുദ്രകള്‍ മനസ്സില്‍ പതിച്ച് കടന്നുപോയി.
ഒരു കാര്യം കൂടി പറയാതിരുന്നാല്‍ ഈ കുറിപ്പ് പൂര്‍ണമാവില്ല. നാലാമത്തെ തവണയാണ് ഞാന്‍ അതിഥി കാണുന്നത്. ഇതു പോലെ ‘ഫ്രഷ്‌നെസ്' ഉള്ള ഒരു ചിത്രം മലയാളത്തില്‍ വേറെ ഇല്ല. കഴിഞ്ഞ ഫെസ്റ്റിവല്‍ സമയം സ്വയംവരം കണ്ടപ്പോള്‍ അത് കുറെയൊക്കെ ‘ഡേറ്റഡ്' ആയി തോന്നിയിരുന്നു.

എന്നാല്‍ പഥേര്‍ പാഞ്ചലി കാണുമ്പോള്‍ അത് തോന്നില്ല. ഏതാണ്ട് അത്തരം ഒരു അനുഭവമാണ് അതിഥി നമുക്ക് സമ്മാനിക്കുക. അതിനു കാരണം അതിഥി കൈകാര്യം ചെയ്യുന്നത് അസാദ്ധ്യമായ ഒരു പ്രപഞ്ചത്തില്‍ അകപ്പെട്ടു പോകുന്ന മനുഷ്യന്റെ അന്തഃസംഘര്‍ഷങ്ങളാണ് എന്നതാവാം.
ഞാന്‍ ഉദ്ദേശിച്ചത്, അതിഥിയുടെ പ്രമേയത്തിന്റെ ഒരു സാര്‍വലൗകികത്വം ആണ്. അതിഥിയുടെ ക്യാമറാവര്‍ക്കും ലൈറ്റിംഗും ഇന്നും അതിന്റെ പുതുമ ചോര്‍ന്നു പോകാതെയിരിക്കാന്‍ കാരണമാണെന്നും എനിക്ക് തോന്നുന്നു.
അതിനോടെല്ലാം ഒപ്പമോ അതിനേക്കാളുപരിയായോ അതിഥിയെ സമാനതകളില്ലാത്ത ഒരു അനുഭവമാക്കി മാറ്റുന്നത് ദേവരാജന്റെ പശ്ചത്തലസംഗീതമാണ്. അദ്ദേഹം ഈ കഥയുടെ ആത്മാവ് സംഗീതത്തിലൂടെ കണ്ടറിഞ്ഞിരിക്കുന്നു. ഇതു കണ്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ശരിക്കും ‘മാസ്റ്റര്‍' എന്ന് വിളിക്കാമെന്നു തോന്നി.
ഇതെല്ലാം തന്നെ കൃതഹസ്തനായ ഒരു ചലച്ചിത്രകാരന്റെ അസാമാന്യമായ പ്രതിഭയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
U Jayachandran
15 Nov 2020, 11:18 PM
i believe it won't be considered rude on my part if i respond to a couple of remarks in the feedback column. Venu Edakkazhiyur; sir, much of what you have mentioned is not new information for me. i was not reviewing the film. i was only walking back to a past where films like "Athithi" was possible. In other words, reliving of a colourful period of a beautiful black and white film. Thank you for reading. Shaji, i haven't bothered about Samuel Beckett's influence on "Athithi". If Beckett created a phantasmagoric world in "Waiting for Godot", Kumarettan has placed real human beings with varied degrees of unattainable dreams. Their phantasmagoria is within. It's unravelling is what happens in the film. It is not a bad thing to be influenced by a great work. In "Athithi" it's creator (if at all influenced by Beckett) goes one step ahead and makes the "waiting" his own. Thanks a million to Messrs Babu Philip Mananthavadi and K M Chandran for your kind words.
ബാബു ഫിലിപ്പ്. കെ മാനന്തവാടി
13 Nov 2020, 08:32 AM
'അതിഥി'യുടെ പ്രിന്റ് ഒന്നും തന്നെ ലഭ്യമല്ല എന്നാണ് ശ്രീ കെ.പി. കുമാരൻ മാസ്റ്റർ പറഞ്ഞത്. മൂന്നാലു വർഷങ്ങൾ മുൻപ് അതിഥിയെക്കുറിച്ച് ' സിനിമയും സംവിധായകനും' എന്ന പ്രക്ഷേപണ പരിപാടിയിൽ വയനാട്ടിലെ മാറെറാലി കമ്യണിറ്റി റേഡിയോയിൽ ഞാൻ ഒരു episode ചെയ്തിരുന്നു. ആ അവസരത്തിൽ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞതാണ്! കാലം തെറ്റി അഥവാ കാലത്തിനു മുൻപേ സംഭവിച്ച മലയാളത്തിലെ എക്കാലെത്തെയും മികച്ച സിനിമകളിൽ ഒന്നാണ്. വീണ്ടും കാണാൻ ആഗ്രഹമുണ്ട്. യു ട്യൂബിൽ തെരഞ്ഞാൽ സീമന്തിനി... പോലെ പാട്ടുകൾ കേൾക്കാം: കാണാം.
Venu Edakkazhiyur
12 Nov 2020, 10:23 AM
Athidhi Directed by K. P. Kumaran Produced by Ramachandran Written by K. P. Kumaran Screenplay by K. P. Kumaran Starring Sheela P. J. Antony Balan K. Nair Kottarakkara Sreedharan Nair Music by G. Devarajan Cinematography R. M. Kasthoori Edited by Ravi Production company Rachana Films Distributed by Rachana Films Release date 2 May 1975 Country India Language Malayalam ഇത്രയെങ്കിലും ലേഖകൻ അന്വേഷിച്ചു കണ്ടെത്തേണ്ടതായിരുന്നു!
SHAJI m Shankar Mumbai
11 Nov 2020, 01:19 PM
It is suggested that Athithi was influenced by " waiting for Godot" Beckett' s seminal play which was emblematic of " Theatre of the Absurd"
CHANDRAN K M
11 Nov 2020, 01:09 PM
സ്വയംവരവും നിർമ്മാല്യവും വീണ്ടും മനസ്സിലേക്ക് കയറിവന്നു. അനുഭവ കുറിപ്പ് വായിച്ചപ്പോൾ, പി. ജെ. നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്നു തോന്നിപ്പോയി. ലേഖകനും truecopy ക്കും അഭിനന്ദനങ്ങൾ
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
Jose
17 Nov 2020, 08:25 PM
Well commented Jayan in ur own style