പിള്ള ഗ്രൂപ്പുകാരനായി വന്ന്​ എസ്​.എഫ്​.ഐ ​​​​​​​സഖാവായി മാറിയ നടൻ മുരളി

സ്​മരണകൾ എഴുതുന്നവരെല്ലാം ‘ഹാ, ഞങ്ങളുടെ ആ പഴയ നല്ല കാലം...' എന്നുപറഞ്ഞ് അവനവന്റെ ഓർമയിലുള്ള പഴമയെ അതീവ റൊമാന്റിക്കായി അവതരിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ടല്ലോ. എഴുപതുകളെപ്പറ്റി രോമാഞ്ചം കൊള്ളുമ്പോൾത്തന്നെ, എഴുപതുകളിൽ ജീവിച്ച് ജീവിതത്തിന്റെ കയ്പ്പും മധുരവുമെല്ലാം അനുഭവിച്ച് ഇനിയും മരിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർക്ക് ജീവിതം ഒരു പ്രഹേളികയായിരുന്ന എഴുപതുകൾ തികച്ചും യഥാർത്ഥമായിരുന്നു.

സുഭാഷ് ചന്ദ്രബോസ് അറസ്റ്റ് ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷം പൊലീസ് ‘രാമനിലയ'ത്തിൽ വന്ന ബോസിന്റെ മുറിയാകെ തകിടം മറിച്ച് പരിശോധിച്ചു. ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു ബോസിന്റെ പക്കൽ. അവയ്ക്ക് എന്തുസംഭവിച്ചെന്ന് ആർക്കുമറിയില്ല. ശിക്ഷ കഴിഞ്ഞെത്തിയ ബോസിനോട് അതേപ്പറ്റി ചോദിച്ചാൽ ‘അതിനെപ്പറ്റിയൊന്നും നമുക്ക് വർത്തമാനം വേണ്ട' എന്ന മട്ടിൽ ഒഴിഞ്ഞുമാറുകയാണ് ബോസ് ചെയ്തത്. ബോസ് ജയിൽശിക്ഷ കഴിഞ്ഞുവരുമ്പോഴേക്ക് ഞാൻ ‘രാമനിലയ'ത്തിലെ ഒരു അന്തേവാസി ആയിക്കഴിഞ്ഞിരുന്നു. എന്നുവച്ചാൽ, ഗെയ്റ്റ് ക്രാഷ് ചെയ്ത് അകത്തായി.

ആ കാലത്ത് അവിടെ ഒരു പുതിയ താമസക്കാരൻ വന്നുചേർന്നു. കൊട്ടാരക്കരയിൽ നിന്നുവന്ന് ലോ അക്കാദമിയിൽ എൽ.എൽ.ബിക്ക് വായിക്കുകയായിരുന്ന ‘രമണൻ' എന്ന സ്വന്തം നാട്ടുകാരനെയാണ് ആ വന്നയാൾ ആദ്യം അന്വേഷിച്ചത്. വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ. നെറ്റിയിൽ നല്ലൊരു വടു തെളിഞ്ഞു കിടന്നു. സൗമ്യനായ അയാൾക്ക് രമണന്റെ ശുപാർശയിൽ മാനേജർ ശ്രീകണ്ഠൻ ഒരു മുറി കൊടുത്തു. പുതിയ ആൾ ആരാണെന്ന് രമണൻ തന്നെ ഞങ്ങളെ (തോമസ് ജോർജ്ജ്, തോമസ് എബ്രഹാം, ഞാൻ) അറിയിച്ചു. വളരെ ആത്മാർത്ഥതയുള്ള ഒരു സി.പി.എം പ്രവർത്തകനായിരുന്നു രമണൻ. വന്ന പുതിയ അതിഥി കെ.എസ്.സി (പിള്ള ഗ്രൂപ്പ്) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലാണ് പഠിച്ചത്. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി ഓഫീസിൽ ജോലി കിട്ടി വന്നതാണ്. ലോ അക്കാദമിയിൽ അഡ്മിഷനു ശ്രമിക്കുന്നു. അത് കിട്ടാതിരിക്കില്ല. പേര് മുരളീധരൻ നായർ. കുടവട്ടൂർ എന്ന സ്ഥലമാണ് ജന്മദേശം.

എം.എ. ബേബിയും മുരളിയും

സുന്ദരനായ മുരളി വളരെ വേഗം ഞങ്ങളുടെയെല്ലാം സുഹൃത്തായി. ഞാൻ ആദ്യമായാണ് ഒരു കേരള കോൺഗ്രസ്സുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നത്. കമ്യൂണിസത്തിന്റെ വിശ്വമാനവികത എന്നെ അതിലേക്ക് ആകർഷിച്ച ഒരു പ്രധാന ഘടകമായിരുന്നു. അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനുണ്ടായിരുന്ന നെഹ്‌റുവിയൻ ദർശനത്തിലെ ‘വസുധൈവ കുടുംബകം' എന്ന സങ്കൽപം കോൺഗ്രസിന് ഒരു മേന്മയായിരുന്നു. എന്നാൽ ‘കേരള കോൺഗ്രസ്' ഒരു വിചിത്രസംഘടനയായിട്ടാണ് ഞാൻ കരുതിയിരുന്നത്. അതുകൊണ്ട് മുരളിയ്ക്ക് ചില ‘ഗൃഹപാഠങ്ങൾ' കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ഭാഗമായി
ഒരു ദിവസം ഞങ്ങൾ സംസാരിച്ചിരിക്കെ ഞാൻ മുരളിയോട് ചോദിച്ചു, ‘നിങ്ങളുടെ, അതായത് കേരള കോൺഗ്രസി (ബി) ന്റെ സൗന്ദര്യശാസ്ത്രം; ഈസ്‌തെറ്റിക്‌സ്; എന്താണ്?' വെറുതെ ഒന്ന് കുഴയ്ക്കാനുള്ള ചോദ്യമെന്നതിൽക്കവിഞ്ഞ് അതിൽ കാര്യമില്ലെന്ന് മനസ്സിലായല്ലോ. മുരളി പ്രകടമായും അസ്വസ്ഥനായി. മറുപടിക്ക് തിരയുന്ന നേരത്ത് ഭാഗ്യവശാൽ മുരളിക്ക് ഒരു ഫോൺകാൾ വന്നു.
മുരളി വന്നതിനുശേഷം ‘രാമനിലയ'ത്തിലെ ടെലിഫോൺ ശബ്ദിച്ചിരുന്നത് കൂടുതലും മുരളിക്കുവേണ്ടി ആയിരുന്നു.

ദിവസങ്ങൾ കഴിയുംതോറും മുരളിയിലെ യഥാർത്ഥ മനുഷ്യൻ സ്വയം അനാവൃതനായി. ആ കെ. എസ്.സി അലങ്കാരങ്ങൾക്കു പിന്നിൽ മനുഷ്യന്റെ ആന്തരികവ്യഥകളെ അറിയാൻ, അവയ്ക്ക് അൽപമെങ്കിലും സാന്ത്വനമേകാൻ ആത്മാർത്ഥമായി തപിക്കുന്ന ഒരു മനസ്സുണ്ടെന്ന് എനിക്ക് മനസ്സിലായി. ആ അടിയന്തരാവസ്ഥ കഴിയും മുമ്പേ മുരളിയെ ഞങ്ങൾ ഒരു ഒന്നാന്തരം എസ്.എഫ്.ഐ സഖാവായി ‘മെയ്​ക്ക്​ ഓവർ' ചെയ്ത് സമ്പന്നനാക്കി. ലോ അക്കാദമിയിലെ പഠനവും നിരന്തരം തോമസ് ഏബ്രഹാമും രമണനും ആയുള്ള സമ്പർക്കവും മുരളിയുടെ ആ മാറ്റത്തിന്റെ ഗതിവേഗവും നാടകീയതയും വർധിപ്പിച്ചു. അതിനിടെ മുരളി ലോ അക്കാദമിയിൽ ഒരു നാടകത്തിൽ മനുഷ്യനെ തേടി പകൽവെട്ടത്തിൽ ഒരു മെഴുതിരിയുമായി ഗ്രീസിലെ തെരുവിൽ പ്രത്യക്ഷപ്പെട്ട ഡയോജനിസ് ആയി അഭിനയിച്ച് പരക്കെ പ്രശംസ നേടി. ശാസ്താംകോട്ട കോളേജിൽ ജി. ശങ്കരപ്പിള്ള സാറിന്റെ ശിക്ഷണത്തിൽ നാടകം പഠിച്ച മുരളിക്ക് ലോ അക്കാദമിയിലെ തുടക്കം ഭരത് അവാർഡിൽ എത്തിച്ചേരാൻ പോകുന്ന ഒരു ഇതിഹാസതുല്യമായ കഥയിലെ ആദ്യാക്ഷരങ്ങൾ മാത്രമായിരുന്നു എന്ന്​ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ സമ്മിശ്രവികാരങ്ങളോടെ ഞാനറിയുന്നു.

മുരളിയുടെ അന്ത്യദിനങ്ങളിൽ അയാൾ ഞാൻ ജോലി ചെയ്തിരുന്ന ദക്ഷിണാഫ്രിക്കയിൽ വന്നു. ഉദയനിധി സ്റ്റാലിന്റെ ‘ആദവൻ'എന്ന തമിഴ് സിനിമയുടെ ഷൂട്ടിംഗിനാണ് അയാൾ വന്നത്. ഒപ്പം നയൻതാര എന്ന ഒരു നടിയും ഉണ്ടായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന അംടാട്ട എന്ന സ്ഥലത്തു നിന്ന് 1300 കിലോമീറ്റർ അകലെയുള്ള കേപ് ടൗൺ എന്ന മനോഹര നഗരത്തിലായിരുന്നു മുരളിയുടെ ഷൂട്ടിംഗ്. എന്റെ മകൾ അപർണ്ണയും അവളുടെ തോഴൻ അലൻ മില്ലറും കേപ് ടൗൺ വാസികളായിരുന്നതിനാൽ ഞാൻ മുരളിയെ അവരെ ഏൽപ്പിച്ചു.

അയാൾ അന്ന് സംഗീതനാടക അക്കാദമി ചെയർമാനോ മറ്റോ ആയിരുന്നല്ലോ. അതിന്റെ ഭാഗമായി നടത്താറുള്ള വാർഷികനാടകോത്സവം ആ കൊല്ലം ആഫ്രിക്കൻ തിയറ്ററിനെ കേന്ദ്രീകരിച്ചു നടത്താനായിരുന്നു പദ്ധതി. അങ്ങനെ മുരളിയെ യു.സി.ടി (യൂണിവേഴ്‌സിറ്റി ഓഫ് കേപ്ടൗൺ) യിലെ തീയറ്റർ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടുത്തിയതുമെല്ലാം അവർ ഇരുവരും ആയിരുന്നു. പക്ഷെ ആ ദിവസങ്ങളിലൊന്നിൽ ഫോൺ ചെയ്തപ്പോൾ എന്റെ മകൾ പറഞ്ഞത് ഇങ്ങനെയാണ്:‘അച്ഛാ, ആ അങ്കിളിന് തീരെ വയ്യെന്ന് തോന്നുന്നു.'
ഷർട്ട് മാത്രമിട്ട് കൊടും തണുപ്പിൽ ചില രംഗങ്ങളിൽ (സ്റ്റണ്ട്) മുരളി പ്രത്യക്ഷപ്പെടുന്നുണ്ട്, ചിത്രത്തിന്റെ അവസാനഭാഗത്ത്. ‘തീരെ കട്ടികുറഞ്ഞ ഒരു ഷർട്ടാണ് സീനിലെല്ലാം അങ്കിളിന്റെ വേഷം. തണുക്കുന്നു എന്ന് എപ്പോഴും പറയാറുണ്ട്.'

ഞാൻ ഫോൺ ചെയ്യുമ്പോഴും അയാൾ അങ്ങനെ തന്നെ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിലെ മഞ്ഞുകാലം മെയ് പകുതി മുതൽ ആഗസ്ത് മൂന്നാമത്തെ ആഴ്ച വരെയാണ്. ആ സമയം മഞ്ഞുപെയ്യുന്ന ഇടങ്ങൾ ആ രാജ്യത്ത് എത്ര വേണമെങ്കിലും ഉണ്ട്. സതർലാൻഡ് എന്ന കൊച്ചുപട്ടണം ആ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും തണുപ്പുള്ള ഒരു ഇടമാണ് (-25° വരെ താഴും മെർക്കുറി). കേപ് ടൗൺ പിന്നെ എപ്പോഴും മറ്റ് ദക്ഷിണാഫ്രിക്കൻ നഗരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

മുരളി അന്ന് എന്നെ പലവുരു ക്ഷണിച്ചു, കേപ് ടൗൺ വരെ യാത്ര ചെയ്യാൻ. വേണമെങ്കിൽ രണ്ടു ദിവസത്തെ ലീവെടുത്തു പോകാമായിരുന്നിട്ടും ഞാൻ പോയില്ല. എനിക്കുപകരം എന്റെ മകൾ അവളുടെ തോഴനോടൊത്ത് മുരളിയെ ഗംഭീരമായി സൽക്കരിച്ചു. അതുകഴിഞ്ഞ് നാട്ടിലെത്തിയ മുരളി അധിക ദിവസങ്ങൾ ജീവിച്ചിരുന്നില്ല. ഒരു ദിവസം മേശമേലിരുന്ന ഫോണിന്റെ കുഞ്ഞി ജാലകത്തിൽ പ്രിയ സഖാവ് എം.എ. ബേബിയുടെ വാട്‌സ്ആപ്പ് സന്ദേശം തെളിഞ്ഞു: Murali passed away.

വെബ്‌സീൻ പാക്കറ്റ് 27ൽ വായിക്കാം, കേൾക്കാം.


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments