3 Oct 2020, 12:04 PM
നിന്നോട്, (പറയാതെ പറഞ്ഞത്): അയാളോടെനിക്ക് വെറുപ്പായിരുന്നു. എന്നെ നിഴലാക്കിയ മനുഷ്യനാണയാള്‍. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നതിനാല്‍ അയാളുടെ മുഖം എനിക്ക് ഇന്നോര്‍മ്മയില്ല. അയാളെ പൊലീസ് വെടിവെച്ച് കൊന്നത് രണ്ടു കൊല്ലം മുന്നേയാണ്. ഏതോ ഒരു ശവത്തിനു ചുറ്റും കാടിറങ്ങിവന്ന മനുഷ്യര്‍ ആര്‍ത്തലച്ചു കരയുന്ന ചിത്രം പത്രത്തിന്റെ ആദ്യത്തെ പുറത്തില്‍ കണ്ടപ്പോളാണ് പതിവില്ലാതെ അതെടുത്തു നോക്കിയത്. കമിഴ്ന്നു കിടക്കുന്ന മനുഷ്യന്‍ അയാള്‍ ആണെന്ന് വാര്‍ത്ത വായിച്ചപ്പോഴാണ് മനസ്സിലായത്. പിന്നീട് മൂന്നോനാലോ ദിവസം എനിക്ക് ഒന്നും ചെയ്യാന്‍ ആയില്ല. അയാളുടെ ചിരി ഓര്‍മ്മവന്നു.
എനിക്ക് പതിമൂന്നു വയസ്സുള്ള ഒരു നട്ടുച്ചക്ക് അയാള്‍ പുരയിലേക്ക് കയറി വന്നപ്പോള്‍ എന്നെ നോക്കി ചിരിച്ചചിരി. ഞാന്‍ അയാളെ അതിനു മുന്നേ കണ്ടത് ആറു വയസ്സുള്ളപ്പോള്‍ ആയിരുന്നു. അന്നയാള്‍ക്ക് പതിനേഴുവയസ്സ്. ആ വയസ്സിലാണയാള്‍ പുരയും, നാടും വിട്ടിറങ്ങിപ്പോയത്. നാടകം കളിക്കാന്‍ പോയതായിരുന്നു. അയാളെ കണ്ടതും ഉമ്മയുടെ തൊണ്ടയില്‍ നിന്നും ഒരു പുഴ ഒഴുകിയിറങ്ങി.

ന്റെ മോനേ, ജലീലേ, മോനേ, നോക്ക്, നിന്റെ ഇക്ക.
(ഇരുട്ടില്‍, നിന്റെ ഉറക്കത്തിന്റെ താളം ഞാന്‍ അറിയുന്നുണ്ട്. ഉണര്‍വില്‍ നീ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എനിക്കാവതില്ല. ഭീരുവായത് കൊണ്ടല്ല. ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തുകൊടുത്ത് എന്റെ വാക്കുകള്‍ വറ്റി വരണ്ടു പോയി. ചോദ്യങ്ങളെ ഭയന്നാണ് ഞാനും ജലീലിനെ പോലെ പുരവിട്ടിറങ്ങിയത്. ഞാനും നീയും പരസ്പരം ഉപ്പു രുചിച്ചവരാണ്. നിന്റെ തൊലിയിലെ വടുക്കളും, ഉയിർപ്പുകളും എനിക്കറിയാം. നിനക്ക് തിരിച്ചും. അതിനുമപ്പുറം എനിക്കൊന്നും അറിയേണ്ട. നീ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ടെന്നാലും എനിക്കതിലൊന്നും ഒരു താല്‍പര്യവും ഇല്ല. നിന്റെ യൗവനകാലത്തെ പീഡകളും, നിന്റെ ഇന്നത്തെ പരാധീനതകളും, ഒന്നും എനിക്കറിയേണ്ട. ഒരു രാത്രിക്കപ്പുറം നിന്നില്‍ നിന്നു ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല. എന്നാലും നിന്റെ നെഞ്ച് താളത്തില്‍ ഉയർന്നമരുന്ന ഈ രാവില്‍ എനിക്ക് സംസാരിക്കുവാന്‍ തോന്നുന്നു, ഉണര്‍വില്‍ എനിക്ക് പറയാനാകാത്തതൊക്കെയും പറയണമെന്നും. നാളെ പുലരുമ്പോള്‍ നിനക്ക് ചുറ്റും ചിതറിക്കിടക്കുന്ന വാക്കുകള്‍ കണ്ടു നീ അന്ധാളിക്കുന്നത് എനിക്ക് ഇപ്പോള്‍ കാണാം. )
ആരംഭം
നിശബ്ദതയില്‍ സംഭവിക്കുന്നതെന്താണ്?
ഒരു പൂമ്പാറ്റ ചിറകടിക്കുന്നു. ഒരു ഇല ചുരുള്‍ നിവരുന്നു. ഒരു മേഘം പുകയുന്നു.
നിശബ്ദതയില്‍ എന്താണ് സംഭവിക്കാത്തത്?
അയാള്‍ മെല്ലെ കുനിഞ്ഞ് അവളുടെ പൊക്കിളില്‍ ചുഴിഞ്ഞു നോക്കി. ഒരു കണ്ണടച്ച്, മറ്റേ കണ്ണ് മെല്ലെ തുറന്നു, അടുത്തു നിന്നും, പിന്നെ കുറച്ചകന്നുനിന്നും പൊക്കിളിനുള്ളിലേക്ക് നോക്കി. അവിടെ മുഴുവന്‍ ഇരുട്ടാണ്. അയാള്‍ വിളക്ക് കത്തിച്ച് വയറിനടുത്തേക്ക് പിടിച്ചു. ചൂട് തട്ടിയപ്പോള്‍ അവള്‍ ഒന്നു ഞെട്ടി, വയറു കുഴിഞ്ഞു പോയി. കൈ ചുമരില്‍ അള്ളിപ്പിടിച്ചിരിക്കുന്നതിനാല്‍ അവള്‍ക്കു പിന്നോട്ട് മാറാനായില്ല. അയാള്‍ ഒന്നു മുരണ്ടു.
അടങ്ങ്.
മുലത്തടത്തിനടിയില്‍ നിന്ന് ഒരു ചാല് വിയർപ്പിറ്റി അയാളുടെ കണ്ണിമയിലേക്ക് വീണു. അസഹ്യതയോടെ അയാള്‍ അത് തുടച്ചു മാറ്റി. വിളക്ക് തെളിഞ്ഞപ്പോള്‍ അയാള്‍ വേണ്ടും പൊക്കിളിനുനേരെ ആഞ്ഞു നോക്കി. ഇപ്പോള്‍ അയാള്‍ക്ക് കുറച്ചു കൂടി തെളിഞ്ഞു കാണാം. ചുളിവുകള്‍ നിറഞ്ഞ ഒരു ഗര്‍ത്തം. തൊലിയുടെ നിറം തന്നെ. ചില വടിവുകളില്‍ ചളി പിടിച്ചിരിക്കുന്നു. അയാള്‍ മെല്ലെ കണ്ണകറ്റി, പിന്നെ മൂക്ക് പൊക്കിളിനടുത്തേക്ക് നീക്കി. അയാളുടെ മുഖം അന്നേരം അവളുടെ വയറ്റില്‍ ഒന്നുരസി. അവള്‍ക്കുള്ളില്‍ ഒരു മിന്നലടിക്കുന്നത് അയാള്‍ അറിഞ്ഞു. അയാള്‍ മണത്തു. ചെറിയ ഒരു വാട ഉയരുന്നുണ്ടോ. ഒന്ന് രണ്ടു വട്ടം മണത്തപ്പോള്‍ അയാള്‍ക്ക് ഗര്‍ത്തത്തിനുള്ളില്‍ നിന്നും കടലിന്റെ മണം വരുന്നത് പോലെ. പായല്‍പ്പരപ്പിന്റെ നിഗൂഢ ഗന്ധങ്ങള്‍.
അയാളുടെ തലയില്‍ പേനരിക്കുന്നു. അയാള്‍ വീണ്ടും മുരണ്ടു. മെല്ലെ എഴുന്നേറ്റ് ഒരു സ്റ്റൂള്‍ വലിച്ചിട്ടു. വിളക്ക് പൊക്കിളിലേക്ക് വെളിച്ചം വീശും പോലെ അതിനെ തിരിച്ചു വച്ചു. പിന്നെ അയാള്‍ നിലത്തു വച്ചിരിക്കുന്ന ചെറു ചൂടുവെള്ളത്തില്‍ സോപ്പ് കലക്കി. കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള ബ്രഷ് ഒരെണ്ണം കയ്യിലെടുത്തു, സോപ്പുവെള്ളത്തില്‍ മുക്കി, അത് മെല്ലെ പോക്കിളിനുള്ളിലേക്ക് കടത്തി ബ്രഷ്‌ചെയ്യാന്‍ തുടങ്ങി.

അവള്‍ അനങ്ങുമ്പോള്‍ അയാള്‍ അടങ്ങ് എന്ന് പറഞ്ഞുകൊണ്ടിരുന്നു. പൊക്കിളിനുള്ളില്‍ നിന്നും ചളി മെല്ലെ അരിച്ചിറങ്ങി. തുണി വച്ച് അയാള്‍ അത് തുടച്ചെടുത്തു. പിന്നെയും വെളിച്ചമടിച്ചു അതിനുള്ളിലേക്ക് നോക്കി. ഇപ്പോള്‍ ചളിയില്ല. എന്നാല്‍ ഇരുട്ട്. ഇരുട്ട് തന്നെ. അയാള്‍ക്ക് ചെവിക്കുള്ളില്‍ ഇരമ്പം അനുഭവപ്പെട്ടു. തലയ്ക്കു കയ്യും കൊടുത്തു അയാള്‍ അവിടെ ഇരുന്നു പോയി.
ആവുന്നില്ലല്ലോ, ആവുന്നില്ല. അയാള്‍ പിറുപിറുത്തു.
ആ സ്ത്രീ മെല്ലെ ഒന്നനങ്ങി.
അനങ്ങരുത്. അയാള്‍ കേണു.
അവര്‍ക്ക് നടുവേദനിക്കുന്നുണ്ടായിരുന്നു. കാലു കഴയ്ക്കുന്നുണ്ടായിരുന്നു. തീര്‍ന്നില്ലേ? മതി, അവര്‍ പറഞ്ഞു.
അയാള്‍ ദൈന്യതയോടെ അവരുടെ മുഖത്തേക്ക് നോക്കി. പിന്നെ മുറിവേറ്റവനെ പോലെ തേങ്ങിക്കരഞ്ഞു. അപ്പോള്‍ ആദ്യത്തെ പൂവന്‍ കൂവി.
അവള്‍ മെല്ലെ കുനിഞ്ഞു അയാളുടെ തലയില്‍ തടവി.
എന്താണ്?
ചാറ്റല്‍ മഴയ്ക്ക് മുന്നിലുള്ള കാറ്റിന്റെ ശബ്ദം.
എന്താണെന്ന്? അവള്‍ വീണ്ടും ചോദിച്ചു.
അയാള്‍ മാറിയിരുന്നു ചുമരിലേക്കു ചാരി, തല രണ്ടുകയ്യും കൊണ്ട് താങ്ങി ഏങ്ങിഏങ്ങിക്കരഞ്ഞു. അവള്‍ സ്റ്റൂളില്‍ നിന്നും താഴേക്കു ഇറങ്ങിയിട്ട് അതിന്റെ മുകളില്‍ തന്നെ ഇരുന്നു. മുന്നില്‍ ഇപ്പോള്‍ മങ്ങിയ ഇരുട്ടാണ്. മുറിക്കുള്ളില്‍ പുറത്ത് നിന്നും വരുന്ന വരണ്ട മഞ്ഞ വെളിച്ചം മാത്രം. ഒരിക്കല്‍ കൂടി അയാളോട് എന്താണെന്നു ചോദിക്കുവാന്‍ അവള്‍ക്കു തോന്നിയില്ല.ചോദിച്ചിട്ടും കാര്യം ഇല്ല എന്ന് അവള്‍ക്കു മനസ്സിലായിരുന്നു.
ദിവസവും അവള്‍ നടന്നു പോകാറുള്ള വഴിയരികില്‍ നിലത്തു ചുരുണ്ട് കൂടിയിരുന്ന മനുഷ്യനെ ആര്‍ക്കും അറിയുന്നുണ്ടായിരുന്നില്ല. ഒറ്റമുറി വാടകക്കെടുത്ത് അയാള്‍ അവിടെ താമസിക്കുകയാണെന്ന് പലചരക്കുകടയിലെ രാജന്‍ പറഞ്ഞു. തീരെ പതിയ ശബ്ദത്തില്‍ ചിലപ്പോള്‍ അയാള്‍ സംസാരിക്കുന്നത് അവള്‍ ഇടക്ക് കേട്ടിരുന്നു. കുടങ്ങള്‍ നിരത്തി വച്ചിരിക്കുന്ന വരിക്കൊടുവില്‍ അയാള്‍ നില്‍ക്കുന്നത് കാണാം. ശരീരം ചുരുക്കി, ഭൂമിയോളം ഒതുക്കി,അയാള്‍. ആരുടേയും മുഖത്തേക്ക് അയാളുടെ കണ്ണുകള്‍ അബദ്ധത്തിൽ പോലും പാളി വീണില്ല. ആരും അയാളെയും നോക്കിയില്ല.
ആ കോളനിയിലെ എല്ലാരും അയാളെ പോലെ തന്നെ ഇന്നലെ വന്നു, ചിലപ്പോള്‍ നാളെ വിട്ടു പോകുന്നവര്‍. ചിലപ്പോള്‍ പേരും, എപ്പോളും വിലാസവും ഇല്ലാത്തവര്‍. ഓടി തളരുമ്പോള്‍, ഒറ്റമുറികളിലേക്കും, ഇരട്ട മുറികളിലേക്കും, വൈകുന്നേരം തിരിച്ചെത്തുന്നവര്‍. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമോ, ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമോ അവിടെ നിന്നും അപ്രത്യക്ഷരാവുന്നവര്‍. അവള്‍ ആ ഓരത്ത് വന്നിട്ട് ഇപ്പോള്‍ ആറു മാസം കഴിയുന്നു. അയാള്‍ അതിനും മുന്നെ ഉണ്ടെന്നാണ് രാജന്‍ പറഞ്ഞത്.
ഒരിക്കല്‍ ടൗണിലെ അരണ്ട മഞ്ഞ വെളിച്ചത്തില്‍ അവള്‍ നില്‍ക്കുമ്പോള്‍ അയാള്‍ അവളെ കടന്നു പോയി. റോഡില്‍ ഇടക്ക് പോകുന്ന വാഹനങ്ങള്‍ മാത്രം. അവള്‍ അയാളെ ശ്രദ്ധിക്കാത്ത മട്ടില്‍ വേറെ എന്തോ നോക്കി നിന്നു. അപ്പോള്‍ അയാള്‍ തിരിച്ചു വരുന്നത് കണ്ടു. അവള്‍ടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അയാള്‍ ചോദിച്ചു,
വീട്ടില്‍ പോകണ്ടേ?
ശബ്ദം കേള്‍ക്കാതെ അവള്‍ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു.
ഏ.
വീട്ടില്‍ പോകാന്‍ ആയില്ലേ?
ഇല്ല..
ഹും, അയാള്‍ മൂളി. പിന്നെ കുറച്ചു മാറി ഇരുന്ന് കയ്യിലുള്ള ഒരു പേപ്പര്‍ കൊണ്ട് മുഖത്തിന് ചുറ്റും വീശി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.
വീട്ടില്‍ പോകണ്ടേ?
ഞാന്‍ നടക്കുകയായിരുന്നു. നിന്നെ കണ്ടപ്പോ.. ഇനി ഇപ്പൊ ബസ്സില്ലല്ലോ. നടക്കണം.
എന്നിട്ടയാള്‍ വീണ്ടും അപ്പുറത്തേക്ക് നോക്കി ഇരുന്നു.
നിങ്ങള്‍ എന്തിനാണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നത്? പൊയ്‌ക്കോള്ളൂ.
അവള്‍ക്കിപ്പോള്‍ ചെറുതായി ദേഷ്യം വന്നു. അവളുടെ ശബ്ദം ചെറുതായി ഉയര്‍ന്നു.
നിങ്ങള്‍.. എനിക്ക് ഒരാവശ്യമുണ്ട്. നിങ്ങള്‍ നില്‍ക്കണം എന്നില്ല.
അയാള്‍ മെല്ലെ നിന്നിടത്തുനിന്നും ഒന്ന് തിരിഞ്ഞു. എന്നിട്ട് നടന്നു തുടങ്ങി. അടുത്ത വളവില്‍ അയാള്‍ മറയുന്നത് വരെ നോക്കി നിന്ന് വീണ്ടുമവള്‍ ഇരുട്ടിലേക്ക് കണ്ണ് പായിച്ചു. പെട്ടന്ന് അടുത്ത് ഒരു കാല്‍പ്പെരുമാറ്റം കേട്ട് അവള്‍ തിരിഞ്ഞു നോക്കി. അയാള്‍ തന്നെ.
വരുന്നോ?
അവള്‍ ചുറ്റും നോക്കി.
ഇത് വരെ ആരും വന്നില്ലാലോ? വരുന്നോ?
ഇല്ല . അവള്‍ പറഞ്ഞു.
വെറുതെയല്ല.
പൊയ്‌ക്കൊള്ളാന്‍ പറഞ്ഞില്ലേ? അവള്‍ തിരിഞ്ഞു നിന്നു.
ഈ വട്ടം അയാള്‍ തിരിഞ്ഞു നടന്നു. പിന്നെ ഒന്ന് രണ്ടു ദിവസം അയാളെ എവിടെയും കണ്ടില്ല. ഒരിക്കല്‍ അവസാനത്തെ ബസ്സില്‍
ടൗണിലേക്ക് കയറുമ്പോള്‍ അവള്‍ ഒരു മിന്നായം പോലെ അയാളെ കണ്ടു. ബസ്സ്‌റ്റോപ്പില്‍ അവളെ നോക്കി നില്‍ക്കുന്നു. പിന്നീട് വെള്ളം പിടിക്കുമ്പോള്‍, കടക്കു മുന്നില്‍ നില്‍ക്കുമ്പോള്‍, അല്ലെങ്കില്‍ കുട്ടിയെ അംഗനവാടിയിലാക്കാന്‍ പോകുമ്പോഴൊക്കെ ചിലപ്പോള്‍ കാണും. അയാള്‍ പരിചയ ഭാവം കാണിച്ചില്ല. ഒരിക്കലും മിണ്ടിയില്ല. ഇടവഴിയില്‍ അറ്റത്തെ മുറിയാണയാളുടെയെന്ന് കണ്ടുപിടിക്കാന്‍ കുറച്ചു ശ്രമപ്പെട്ടു. അയാളെ ആര്‍ക്കും അറിയില്ലായിരുന്നു.
ഉച്ച കഴിഞ്ഞു വാതിലില്‍ മുട്ടിയപ്പോള്‍ അയാള്‍ അവിടെ ഉണ്ടാവും എന്ന് കരുതിയില്ല. എന്നാല്‍ അയാള്‍ ഉറക്കച്ചടവോടെ മുഖം കാട്ടി. അവളെ കണ്ടപ്പോള്‍ ഒന്ന് പകച്ചു എന്ന് തോന്നി. ചിലപ്പോള്‍ തോന്നിയതാവാം. എന്താണെന്ന് ചോദിച്ചില്ല. അവള്‍ പറഞ്ഞും ഇല്ല. അകത്തേക്ക് കയറിയപ്പോള്‍ മുഷിഞ്ഞ തുണികളുടെ നാറ്റം. ഒരു മൂലയ്ക്ക് കുറച്ചു പാത്രങ്ങള്‍. ഒരു സ്റ്റൗ. നിലത്തിട്ട ഒരു കിടക്ക. ഒരു ജനാല. ഉച്ചയുടെ ചൂട്. അയാള്‍ പറയാതെ അവള്‍ നിലത്ത് ഒരു മൂലക്കിരുന്നു. കുറച്ചു നേരം പുറത്തേക്ക് നോക്കിനിന്ന ശേഷം അയാള്‍ മുറിയില്‍ ആകെ ഉള്ള ഒരു സ്റ്റൂളിലും ഇരുന്നു. എന്താണ് വന്നതെന്ന് അയാള്‍ ചോദിച്ചില്ല. അവള്‍ ഒന്നും പറഞ്ഞും ഇല്ല.
പേരെന്താണ്? അവള്‍ മെല്ലെ ചോദിച്ചു.
അബ്ദു.
ഇവിടെ എന്താണ്?
അയാള്‍ ഒന്നും പറഞ്ഞില്ല. ഉച്ചവെയിലിന്റെ ചൂട് കുറയുന്നത് പോലെ തോന്നിയപ്പോള്‍ അവള്‍ ഇരുന്നിടത്തുന്ന് എഴുന്നേറ്റു. വാതില്‍ തുറന്നു പുറത്ത് കടക്കുമ്പോഴും അയാള്‍ ഇരുന്ന ഇടത്ത് തന്നെ. പിറ്റേന്ന് നഗരത്തിന്റെ അരണ്ട മഞ്ഞ വെളിച്ചത്തിനു കീഴെ അവള്‍ നില്‍ക്കുമ്പോള്‍ അയാള്‍ വരുന്നോ എന്ന് ചോദിച്ചു. ഇയാള്‍ എപ്പോ ഇവിടെ എത്തി എന്നവള്‍ ഓര്‍ത്തു. ടൗണില്‍ നിന്നുള്ള അവസാനത്തെ ബസ്സും പോയിരുന്നു. ഇത്തവണ അവള്‍ കൂടെ നടന്നു. അവര്‍ നടന്ന് അയാളുടെ ഒറ്റമുറിയില്‍ എത്താന്‍ ഒരു മണിക്കൂര്‍ എടുത്തിട്ടുണ്ടാവും. രണ്ടുപേരും അയാളുടെ മുറിയുടെ വാതില്‍ തുറന്നു അകത്തു കയറി. അന്ന് പുലരും മുന്നേ അവിടുന്ന് ഇറങ്ങി അവളുടെ ലൈനിലേക്ക് പോവുമ്പോഴേക്കും നഗരത്തിലേക്കുള്ള ആദ്യത്തെ ബസ് വന്നു നിന്നിരുന്നു. അവളുടെ കയ്യില്‍ ചുരുട്ടിപ്പിടിച്ച നോട്ടില്‍ അയാളുടെ വിയര്‍പ്പു ചുവച്ചു.
അവള്‍ ഇറങ്ങിപ്പോവുമ്പോള്‍ അയാള്‍ കമിഴ്ന്നു തന്നെ കിടക്കുകയായിരുന്നു. അവള്‍ പോയി പിന്നെയും കുറച്ചു സമയം കഴിഞ്ഞാണയാള്‍ എഴുന്നേറ്റത്. എണീറ്റ് ചുമരും ചാരി കുറച്ചു നേരം ഇരുന്നപ്പോള്‍ ഫോണടിച്ചു. ഇന്നലെയും അവര്‍ വിളിച്ചത് എട്ടു മണിക്കാണ്. ഇന്നും അവര്‍ അതേ സമയത്തു തന്നെ വിളിച്ചിരിക്കുന്നു. അയാള്‍ പ്രയാസപ്പെട്ട് ഏന്തിവലിഞ്ഞ് ഫോണെടുത്തു.
വെളിച്ചം കണ്ണുകളില്‍ തറച്ചപ്പോള്‍ അയാള്‍ കണ്ണുകള്‍ ചിമ്മി.
ഹലോ. അയാളുടെ ശബ്ദം നേര്‍ത്തതായിരുന്നു.
നിനക്ക് വേഗം ഫോണ്‍ എടുത്തൂടെ? ശബ്ദത്തിന് കനപ്പ്.
അയാള്‍ മെല്ലെ ചെരിഞ്ഞ് എണീറ്റു. നടുവിലൂടെ ഒരു വിള്ളല്‍.
എന്താ? ഇപ്പോഴും അയാളുടെ ശബ്ദം നേര്‍ത്തതായിരുന്നു.
തെണ്ടി, നിനക്കെന്താ ഉറക്കെ സംസാരിച്ചൂടെ? രാവിലെ തന്നെ മനുഷ്യന്റെ മൂഡാകളയാന്‍.

അയാള്‍ വായിലേക്ക് വന്ന തെറി കടിച്ചിറക്കി.
ഇന്നെങ്ങോട്ടാ? അയാളുടെ ശബ്ദം വീണ്ടും മെലിഞ്ഞു.
മുറിയുടെ ഇരുട്ടില്‍ അയാളുടെ ശബ്ദം പല്ലിയെ പോലെ തോന്നിച്ചു. അത് മെല്ലെ നാക്കുനീട്ടി പിന്നെ അകത്തേക്ക് വലിച്ചു ഒട്ടിയിരുന്നു. അതിന്റെ കണ്ണിന്‍ മുന്നില്‍ ഇളകിക്കൊണ്ടിരിക്കുന്ന ഒരു പ്രാണിയായിരുന്നു. ഇനി ഒരു നിമിഷം കൂടി, അത് വായക്കുള്ളിലാവും. പല്ലിയുടെ വാല്‍ ഇടത്തോട്ടും വലത്തോട്ടും അനങ്ങി. എന്നാല്‍ പൊടുന്നനെ ആ പ്രാണി ഒന്ന് പൊങ്ങിയുയരുകയും മുകളിലുള്ള ചിലന്തിവലയുടെ അകത്ത് കുടുങ്ങുകയും ചെയ്തു. പല്ലിയുടെ ഉള്ളില്‍ നിന്നും ഒരു നിശ്വാസം പുറത്തേക്ക് വന്നു. ചിലന്തിവലയിലേക്ക് ഒരു നിമിഷം നോക്കി നിന്ന് അത് മറ്റൊരിടത്തേക്ക് കണ്ണ് പായിച്ചു. അവളുടെ മണം. മഞ്ഞ നിറം. കൈക്കുള്ളില്‍ ഒതുങ്ങുന്ന മുലകള്‍. വരണ്ട കണ്ണുകള്‍. പിന്നെ ഓര്‍മ വരുന്നില്ല.
സെക്രട്ടേറിയറ്റിന്റെ അടുത്ത് വന്നാ മതി. രാജന്‍ ണ്ടാവും. സമയത്തിനെത്തിക്കൊള്ളണം. കഴിഞ്ഞ വട്ടം പോലെ വൈകരുത്.
അങ്ങെ തലക്കലെ ശബ്ദം കൂടുതല്‍ എന്തെങ്കിലും പറയുംമുന്നെ അയാള്‍ ഫോണ്‍ കട്ട്‌ചെയ്ത് ക്ലോക്കിലേക്ക് നോക്കി. സമയം 8:30. അയാള്‍ പായയിലേക്ക് ചെരിഞ്ഞു കിടന്നു. ഒറ്റ മുറിയുടെ ജനാലക്കപ്പുറത്ത് വെയില്‍ അരിച്ചു തുടങ്ങി. അവള്‍ കുഞ്ഞിനെ അംഗനവാടിയിലാക്കുന്നുണ്ടാവും. അവളുടെ അമ്മ കിടന്ന കിടപ്പില്‍ പുറത്തേക്ക് നോക്കി വഴിയെപ്പോകുന്നവരെ വിളിക്കുകയും. ഇന്നലെ അവരെ ഡയാലിസിസ് കഴിഞ്ഞു കിടത്തിയേയുള്ളൂ. ഇനി നാളെ കൊണ്ട് പോകണം. ഇന്നവള്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടേണ്ട ദിവസം ആണ്.
രാത്രിയില്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ അടുക്കില്ലാതെ അയാളുടെ മുന്നില്‍ അഴിഞ്ഞുവീണു.
ചെറുതായി വിശക്കുന്നുണ്ടെന്നു തോന്നിയപ്പോളയാള്‍ എഴുന്നേറ്റിരുന്ന് ഒരു ബീഡി കത്തിച്ചു. കുറച്ചു കഴിഞ്ഞ് മുണ്ട് മാറ്റി, ഷര്‍ട്ടിടുവാന്‍ വേണ്ടി ഒന്നെടുത്തു. ഷര്‍ട്ട് മണപ്പിച്ചു കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ അത് തന്നെ ഇട്ടു, അടുത്ത് കിടക്കുന്ന ഹവായി ചെരുപ്പിലേക്ക് കാലുതിരുകിക്കയറ്റിയിട്ട് മുറിക്കു പുറത്തേക്ക് ഇറങ്ങി.
അയാള്‍ കടന്നു പോവുമ്പോള്‍ വെള്ളത്തിന്റെ ലോറി വന്നു നില്‍ക്കുന്നുണ്ടായിരുന്നു. ഇനി തിരിച്ചു പോകണമോ എന്ന് ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് അയാള്‍ മുന്നോട്ട് തന്നെ നടന്നു. വെയിലിനു ചൂട് കൂടി വന്നു. പറഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ രാജനെ കണ്ടു, സ്ഥിരമായി വരാറുള്ള മറ്റു ചിലരേയും.
ഇന്ന് എവിടെയാ സമ്മേളനം? ആരോ ചോദിച്ചു. അയാള്‍ ഉത്തരം കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ക്കുള്ള വണ്ടിയില്‍ കയറിയിരുന്നു. അറിഞ്ഞിട്ടൊന്നുമില്ല. ഒരു പണി ചെയ്യുന്നു. അത്ര മാത്രം. മുദ്രാവാക്യം വിളിക്കാനാണങ്കില്‍ അങ്ങനെ. വരിയായി നടക്കാന്‍ പറഞ്ഞാല്‍ അങ്ങനെ. അതിനപ്പുറം അയാള്‍ ഒന്നും ചോദിക്കുകയോ, പറയുകയോ ചെയ്യില്ല. പരിപാടി കഴിഞ്ഞാല്‍ എല്ലാവർക്കും പൊതിച്ചോറും , കാശും കൊടുത്തു കയറ്റിയ ഇടത്തുതന്നെ അവര്‍ കൊണ്ടു പോയി വിടും.
അന്ന് എല്ലാവരും ഒഴിഞ്ഞു പോയിട്ടും അയാള്‍ ആ നിരത്തിന്റെ ഓരത്തു തന്നെ നിന്നു. ഇരുട്ട് മെല്ലെ കറുപ്പ് മൂടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തിരക്കിട്ട് ബസ്സ് നിര്‍ത്തുന്ന ഇടത്തേക്ക് നടന്നു. ഇരുട്ടിനെ അയാള്‍ക്ക് മണക്കുവാനാകും.
ഇരുട്ടിന് മഞ്ഞക്കണ്ണുകള്‍ ഉണ്ടെന്ന് അയാള്‍ അറിയുന്നത് കുഞ്ഞായിരിക്കുമ്പോഴാണ്. ചില രാത്രികളില്‍ നക്ഷത്രങ്ങള്‍ പോലും പുറത്തിറങ്ങാന്‍ മടിച്ചു നില്‍ക്കും. ഇരുട്ടിനു മഞ്ഞക്കാലുകളുമുണ്ട്. അയാള്‍ക്ക് പണ്ടേ അറിയാവുന്നതാണ്. വീട്ടില്‍ ജനാലകള്‍ ഇല്ലായിരുന്നു. അഴികള്‍ മാത്രം പിടിപ്പിച്ച ചില പൊത്തുകള്‍. കനത്ത ഇടിയും മഴയും വരുന്ന ദിവസങ്ങളില്‍ ആകെയുള്ള ഒന്നോ നാലോ പുതപ്പില്‍നിന്ന് ഉമ്മ ഏതെങ്കിലും ഒന്നെടുത്തു പൊത്ത് അടക്കും. എങ്കിലും അലറുന്ന കാറ്റില്‍ തുണി വകഞ്ഞു മാറ്റി മിന്നല്‍ വീടിനകത്തേക്ക് അടിച്ചിറങ്ങും. കണ്ണുകള്‍ ഇറുക്കിയടച്ചാലും നടുപ്പുറത്തുകൂടി കടന്നു പോകുന്ന തണുപ്പ് തടയാന്‍ ആവില്ല. അതേ തണുപ്പ് അയാള്‍ക്ക് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. മരുഭൂമിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന പോലെ, കടലിനൊത്ത നടുവില്‍ തടഞ്ഞ പോലെ, അല്ലെങ്കില്‍ അടഞ്ഞ വാതിലുകള്‍ക്ക് മുമ്പില്‍ വെള്ളം ദാഹിച്ചു നില്‍ക്കുന്ന പോലെ. ഒരു കാരണം ഇല്ലെങ്കിലും ഇപ്പോള്‍ ആ തോന്നല്‍ ഇടയ്ക്കിടെ വരും. രാത്രികളില്‍ ഒരു സ്വപ്നത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ അയാളെ ആരോ തട്ടി ഉണര്‍ത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു.
- നീ ആരാണ്? നീ അവന്റെ അനിയന്‍ അല്ലെ? നീ എങ്ങനെ നന്നാവും? നിന്റെ കയ്യില്‍ എന്താണ്? നീ എന്താണ് ഒളിപ്പിക്കുന്നത്? എന്താണ് ഈ കടലാസ്? നിന്റെ തലയിണക്കടിയില്‍ എന്താണ്? നീ പുസ്തകം വായിക്കുമോ? പറയ്. നിന്റെ മുഖത്തെന്താണ്? നിനക്ക് മീശ ഉണ്ടോ? കാണട്ടെ. നിന്റെ കണ്ണുകളില്‍ എന്താണ്? നിന്നെ കണ്ടാല്‍ അറിയാം. അറിയാം. അറിയാം. അറിയാം.
ബസ്സ് വന്നപ്പോള്‍ അയാള്‍ പെട്ടന്ന് ചിന്തയില്‍ നിന്നും ഊര്‍ന്നിറങ്ങി സീറ്റില്‍ കയറിയിരുന്നു. മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അവിടെ ഉണ്ടാവരുതെന്നയാള്‍ ആഗ്രഹിച്ചു.
ഓരോ ദിവസവും രാവിലെ പറഞ്ഞുറപ്പിക്കുന്ന പണികളിലേക്കും, വിരസമായ വൈകുന്നേരങ്ങളിലേക്കും അവള്‍ വരുന്ന രാത്രികളിലേക്കും അയാള്‍ പരന്നൊഴുകി. ഓരോ രാത്രിയും തെരുവൊതുങ്ങുമ്പോള്‍ അവള്‍ വാതിലില്‍ മുട്ടും. പുലര്‍ച്ചെ സൂര്യന്‍ ഉയരും മുന്നേ അവളുടെ മുറിയിലേക്കുപോകും. ഒരു ദിവസം അയാള്‍ കൊടുത്ത പൈസ അവള്‍ തിരിച്ചു വച്ചു.
വേണ്ട.
അയാള്‍ പിന്നെയും അത് അവളുടെ ബ്ലൗസില്‍ തിരുകി. ഒട്ടിയ മുലകളില്‍ കൈ തങ്ങിനിന്നു
വച്ചോ.
വേണ്ട.
എന്നാ പിന്നെ വേറെ ആള്‍ക്കാര്‍ക്ക് കൊടുക്ക്. ഇവിടെ തരണ്ട. പൈസ വാങ്ങാണ്ട് ഇവടെ വരണ്ട. ഐന് മാത്രം ഞാന്‍ നിന്റെ ആരാ? (തേങ്ങല്‍) പിന്നെ എങ്ങന്യ ജീവിക്കാന്‍ കണ്ടിന്? പൈസയില്ലാണ്ട്?
ഞാന്‍ ജീവിച്ചോളാ.
എങ്ങനെ?
രാവിലെ ഒക്കെ പണി എടുക്കുന്നില്ലേ?
അത് പോരാഞ്ഞിട്ടല്ലേ കിടന്നു കൊടുക്കാന്‍ പോയത്? മുഖമടച്ചു ഒരടി കിട്ടിയപ്പോള്‍ അയാളുടെ കണ്ണില്‍ വെള്ളം വന്നു.
ഞ്ഞാ ഒന്നും വിചാരിച്ച് പറഞ്ഞതല്ല, അയാള്‍ മുഖം തടവിപ്പറഞ്ഞു.
നിങ്ങടെ കൂടെ കിടന്നിട്ട് ഇപ്പൊ വേറെ കിടക്കാന്‍ തോന്നീല്ല. തോന്നുമ്പോ പോവാ. അതുവരെ പൈസ വച്ചോ. ഞാന്‍ ആവശ്യണ്ട്ങ്കില്‍ ചോയ്ക്ക. കേട്ടാ?
കേട്ടാന്നു? അയാള്‍ ഒന്നും മിണ്ടിയില്ല.
എന്നാല്‍ പിറ്റേന്ന് മുതലാണ് അവൾ കൂലി ചോദിച്ചു തുടങ്ങിയത്. അവള്‍ അയാളെക്കുറിച്ച് ചോദിക്കുവാന്‍ തുടങ്ങി. ചോദ്യങ്ങള്‍. ചോദ്യങ്ങളുടെ പെരുമഴ. നിര്‍ത്താതെ അവള്‍ ചോദിച്ചുകൊണ്ടേ ഇരുന്നു. അയാളെവിടുന്നു വന്നു? അയാള്‍ക്കാരുണ്ട്? അയാളുടെ നാടെവിടെയാണ്? അവിടെ എന്തുണ്ട്? അയാള്‍ പഠിച്ചിരുന്നോ? എത്ര വരെ? അവിടെ എങ്ങനെയാണ്? മീന്‍ കിട്ടുമോ? പുഴയുണ്ടോ? വീട്ടില്‍ പശുവുണ്ടോ? ആരാണ് ഉമ്മ? ഉപ്പയില്ലേ? മറ്റാരും? മറ്റാരുടെ കൂടെ കിടന്നു? എത്ര വട്ടം? അയാള്‍ മറുപടി പറഞ്ഞില്ല.
ഒരിക്കല്‍ പോലും അയാള്‍ അവളിലേക്ക് മുഖം ഉയര്‍ത്തിയില്ല. അയാളുടെ ചോദ്യങ്ങള്‍ കൂടുന്തോറും അയാള്‍ അവളിലേക്ക് കൂടുതല്‍ ശക്തിയോടെ വീണു കിടന്നു. അവള്‍ ഇറങ്ങാന്‍ പറഞ്ഞും ഇറങ്ങിയില്ല. കണ്ണടക്കുമ്പോളും തുറക്കുമ്പോളും അവളുടെ ചോദ്യങ്ങളെ അയാള്‍ ചവച്ചു തുപ്പി. അവളില്‍ കടിച്ചു തൂങ്ങി. അവള്‍ കുടഞ്ഞാലും കുതറിയാലും വായ തുറന്നില്ല. ഒരക്ഷരം മിണ്ടിയില്ല. തളര്‍ന്ന് അവള് ഉറങ്ങുമ്പോള്‍ അയാള്‍ മുട്ടില്‍ മുഖമമര്‍ത്തി ശബ്ദമില്ലാതെ കരഞ്ഞു.
അന്നുരാത്രി ചോദ്യങ്ങള്‍ക്കൊപ്പം കൂര്‍ത്ത മുന വച്ച വാക്കുകളും അവള്‍ വാരിവിതറി. അയാള്‍ പതിവുപോലെ നിശ്ശബ്ദത തുടര്‍ന്നു. തലകുടഞ്ഞും, കരഞ്ഞും അവള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതിനൊടുവില്‍ തോല്‍വി സമ്മതിച്ച് അവള്‍ ഉറങ്ങിപ്പോയി. മഞ്ഞ വെളിച്ചത്തില്‍ അയാള്‍ അവളെ നോക്കി ഇരുന്നു. പതിയെ അയാള്‍ വിളക്കിന്റെ നാളം ഉയര്‍ത്തി. അവള്‍ ഒന്നും ധരിച്ചിട്ടില്ല. വിളക്ക് അവളുടെ കാലുകളോടടുപ്പിച്ചു അയാള്‍ കിടന്നു. നോക്കും തോറും അവളുടെ കാല്‍പാദങ്ങള്‍ക്കടിയില്‍ പ്രാവിന്റെ കുറുകല്‍ കേള്‍ക്കുന്ന പോലെ. അയാള്‍ അവിടെ മെല്ലെ ചുണ്ടമര്‍ത്തി. അവള്‍ ഒന്ന് ഞരങ്ങി, പിന്നെ തിരിഞ്ഞു കിടന്നു.
ഉറങ്ങി എന്നുറപ്പായപ്പോള്‍ അയാള്‍ വീണ്ടും ആ പാദങ്ങളെ സൂക്ഷിച്ചു നോക്കുവാന്‍ തുടങ്ങി. അയാളുടെ കൈകള്‍ ഉയര്‍ത്തി പാദങ്ങള്‍ തൊട്ടു.അവള്‍ അറിയുന്നില്ല എന്നുറപ്പ് വരുത്തി അയാള്‍ അവളുടെ കാലുകള്‍ പൊക്കി അയാളുടെ മടിയില്‍ വച്ചു. പെട്ടന്നൊരു കടല്‍ അയാളുടെ ഉള്ളില്‍ മറിഞ്ഞ്ഒഴുകി. അയാള്‍ അടച്ചു പിടിച്ച വായില്‍ നിന്നും ആകാശത്തേക്ക് ചിലന്തികള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി. അതിന്റെ കാലുകല്‍ക്കിടയില്‍കിടന്നു അയാളില്‍ നിന്നും കാലം പിന്നോട്ടൊളിച്ചു.
നിന്നോട്, (പറയാതെ പറഞ്ഞത്): നിന്നോട് എനിക്ക് സംസരിക്കണമെന്നുണ്ട്. നമ്മള്‍ക്കിടയിലെ ദൂരം എന്റെ വാക്കുകള്‍ കൊണ്ട് അളക്കാനാവില്ല എന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എന്നില്‍ നിന്നു കൈവിട്ടു പോകുമ്പോഴും എന്റെ ജീവിതം വലിയ കാട്ടുപക്ഷിയെ പോലെ തെളിഞ്ഞ ആകാശത്ത് പറക്കുന്നത് എനിക്ക് കാണാം. അതിന്റെ ചിറകടിയൊച്ച എനിക്ക് കേള്‍ക്കാനാവില്ലെങ്കിലും അത് പറക്കുന്നതും, തിരിഞ്ഞുമറിയുന്നതും എനിക്ക് കാണാം. അതിനെ എനിക്ക് വിളിക്കാനാവില്ല എന്നും, അതിനൊരിക്കലും എന്നെ കാണാനാവില്ലെന്നും എനിക്കറിയാം. ശ്വാസം മുട്ടുന്നത് പോലെ. കൈപൊക്കാനാവുന്നില്ല.
നിന്റെ കാലിനടിയില്‍ ഞാന്‍ നടന്നു തീര്‍ക്കാത്ത ലോകങ്ങള്‍. രണ്ടു പാദങ്ങളും വിണ്ടു കീറിയിരിക്കുന്നു. ചിലതിനു മഞ്ഞ നിറം. ചിലത് ചുവന്നും. പിളര്‍ന്നു കിടക്കുന്ന പാദത്തിന്റെ അറ്റങ്ങളില്‍ ഇറച്ചി തുറിച്ചുനില്‍ക്കുന്നു. അരണ്ട വെളിച്ചത്തില്‍ എനിക്ക് നിന്റെ മുഖം കാണാന്‍ വയ്യ. നിന്റെ കാലിനടിയില്‍ നിവര്‍ന്നു കിടക്കുന്ന ഭൂരേഖകള്‍ നിന്റെ മുഖത്തില്ല. കവിളുകള്‍ കുഴിഞ്ഞാണിരിക്കുന്നത്. കണ്ണുകളില്‍ വെളിച്ചമില്ല. കാല്പാദങ്ങളിലുള്ള ഭൂപടങ്ങളില്‍ ഞാന് കണ്ണോടിക്കുന്നു. എന്റെ കൈകുമ്പിളില്‍ ഒതുങ്ങാവുന്ന ഒരു സമുദ്രം അവിടെ ഉറവ കൊളളുന്നുണ്ട്. ഞാന്‍ അതില്‍ ഇറങ്ങുന്നു. ഓരോ തിരയും എന്നെ തികട്ടി കൊണ്ട് പോവുകയാണ്.
എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും ശുദ്ധമായ വികാരം ഭയമാണ്. പിന്നെ കുറ്റബോധവും.
ഒരിക്കല്‍ രണ്ടാംക്ലാസ്സില്‍ പഠിക്കുന്ന കാലം. മൂത്രമൊഴിക്കാന്‍ മുട്ടി. അസഹ്യമായ വേദന അടിവയറ്റില്‍ നീറ്റി. ടീച്ചര്‍ മുന്നൊരിക്കല്‍ കാരണങ്ങളില്ലാതെ പുറത്തു പോകരുത് എന്ന് പറഞ്ഞിരുന്നു. ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ എന്ന് പറഞ്ഞു പുറത്തു പോകുന്ന കുട്ടികളെ ചീത്ത പറഞ്ഞു കിഴുക്കി ടീച്ചര്‍ ഇരുത്തുന്നത് കണ്ടിട്ടുള്ളത് കൊണ്ട് ഉള്ളില്‍ ചെറിയ ഒരു കനലെരിഞ്ഞു.
ഇന്നിപ്പോള്‍ ക്ലാസ്സ് പകുതിയായപ്പോള്‍ മൂത്രം ഒഴിക്കാന്‍ മുട്ടി. എന്ത് ചെയ്യും? ടീച്ചറെ നോക്കുമ്പോ ചോദിക്കാന്‍ ഉള്ള ധൈര്യം വരുന്നില്ല. പോരാതെ ടീച്ചര്‍ എന്തിനോ ദേഷ്യപ്പെട്ടിരിക്കുകയും. കയ്യിലുള്ള കുട്ടിപെന്‍സില്‍ നേരിയതായി വിറച്ചു. എന്നിട്ടും എണീക്കാന്‍ ധൈര്യം പോര. ടീച്ചറുടെ ആക്രോശം കേട്ടാണ് തല ഞെട്ടിയുയര്‍ത്തിയത്.
എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. ചോദ്യം ചോദിച്ചാല്‍ എന്താണ് മറുപടി ഇല്ലാത്തത്? ബാക്കി ഉള്ളവര്‍ ഇത്ര നേരം പറഞ്ഞത് എന്താണ്? നിങ്ങള്‍ എന്താണ് കേട്ടത്?നിങ്ങളൊക്കെ എന്തിനാണ് ക്ലാസ്സില്‍ വരുന്നത്? ഉച്ചക്ക് കിട്ടാനുള്ളത് കഴിക്കാന്‍ മാത്രമോ?
ബാക്കി കേട്ടില്ല.
എല്ലാവരെയും പോലെ എഴുന്നേറ്റു നിന്നിരുന്നു. നില്‍ക്കും തോറും ശക്തി ക്ഷയിക്കുന്ന പോലെ തോന്നി. സഹിക്കുന്നതിന്റെ നീളം ഇനി താങ്ങാന്‍ വയ്യ. അങ്ങറ്റത്ത് മഴ പെയ്യുന്നു. നിന്ന നില്‍പ്പില്‍ കാലിലൂടെ ചൂട് വെള്ളം ഒലിച്ചിറങ്ങുന്നത് അറിയാം. വയര്‍ പൂവ് പോലെ വിടരുന്നതും. കുട്ടികളൊക്കെ ടീച്ചറെ നോക്കുകയാണ്. ആരും അറിയുന്നില്ല. പെട്ടെന്ന് അടുത്തിരിക്കുന്ന ബിജു ചോദിച്ചു.
ഇതെന്താ ഈ ഒലിച്ചു പോകുന്നത്?
ആരുടെയെങ്ങിലും വെള്ളം തട്ടിമറിഞ്ഞിരിക്കും എന്ന് അവനോടു മെല്ലെ പറയുമ്പോഴേക്കും മണി മുഴങ്ങി. ബിജു, ടീച്ചറുടെ കാതില്‍ എന്തോ പറയുന്നതും, പടിക്കല്‍ കാത്തു നില്‍ക്കുന്ന ഉമ്മയെ ടീച്ചര്‍ ഉള്ളിലേക്ക് വിളിച്ചു മാറ്റി നിര്‍ത്തി സംസാരിക്കുന്നതും കണ്ടു. വീട്ടിലേക്കുള്ള വഴി മുഴുവനുമുമ്മ ഒന്നും മിണ്ടിയില്ല. പിന്നീട്, കട്ടഞ്ചായ മുന്നില്‍ നീട്ടി വച്ചു ഉമ്മ ചോദിച്ചു.
എന്താ അബ്ദുവേ.
..................
എന്തിനാ അത് ചെയ്‌തെ? പറഞ്ഞൂടെനോ?
പേടിച്ചിട്ടാ.
ഭയമായിരുന്നു. അയാളുടെ അനുജനായത് കൊണ്ടു മാത്രം ഉയര്‍ന്ന ചോദ്യങ്ങള്‍ കേട്ടു ശക്തി ചോര്‍ന്നിരുന്നു. നീ എങ്ങോട്ടാണെന്നു മുതല്‍ കയ്യിലെ പുസ്തകം എന്താണ് എന്ന് വരെ. ജലീലിനെ കുറിച്ച്, അവന്‍ എവിടെയെന്ന്, വന്നിരുന്നോ എന്ന് , ഇപ്പോളെവിടെയെന്ന്... നിര്‍ത്താതെയുള്ള ചോദ്യങ്ങള്‍.
എന്റെ ക്ലാസ്സുമുറിയില്‍ മുഴങ്ങിയ വാക്കുകളില്‍ കേട്ട ചിത്രമാണ് അയാളുടേത്. ഇതേ സ്‌കൂളില്‍ ആയിരുന്നു അയാളും പഠിച്ചത്. അവനെ പോലെ ആകുമോടാ എന്ന് മാഷ് കണ്ണുരുട്ടും. വായ തുറക്കാത്ത കഴുത എന്ന് മറ്റൊരു ടീച്ചര്‍. മറ്റവന്‍ വായടക്കില്ലായിരുന്നു, അവനെക്കൊണ്ട് എന്റെ ജോലി തെറിക്കെണ്ടാതായിരുന്നു, എന്ന് കണക്കു മാഷ്. എന്നിട്ടിപ്പോ സമരമൊക്കെ ചെയ്തു നാട് നന്നായോ? ആര്‍ക്കും ഉപകാരമില്ലാതെ നശിപ്പിക്കാന്‍, എന്ന് സാമൂഹിക പാഠം പഠിപ്പിക്കുന്ന ടീച്ചര്‍. ഞാന്‍ നില്‍ക്കുന്ന ഭൂമിയില്‍ നിന്നും അയാളെ തുടച്ചു നീക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചു. സ്‌കൂളിലും, കടയിലും, കളിസ്ഥലത്തും ഞാന്‍ അയാളുടെ അനിയന്‍ മാത്രം ആയി.
എന്റെ ആറുവയസ്സിനപ്പുറം ജലീല്‍ കൂടെയില്ലായിരുന്നു. അതിനു ശേഷം ചില സമയങ്ങളില്‍ അയാള്‍ വന്നു പോയും ഇരുന്നു. വരുമ്പോള്‍ ഉമ്മ കരയുന്നത് കാണാം, എന്ന് തിരിച്ചു വരുമെന്ന് ചോദിക്കുന്നതും. ഒരിക്കല്‍ വന്നപ്പോള്‍ എന്റെ തലയില്‍ തലോടി കുറച്ചു നേരമിരുന്നു. എനിക്കന്നു സംസാരിക്കാന്‍ തോന്നിയില്ല. ആരോ പറഞ്ഞറിഞ്ഞ് ഉപ്പ പാഞ്ഞു വന്നു കയറി. പിന്നെ കേട്ടത് ഒരു കരച്ചില്‍ ആണ്. ഉപ്പയോട് ഉമ്മ സാരല്ല എന്ന് പറയുന്നത് കേട്ടു.ചോറ് വിളമ്പിയപ്പോള്‍ എല്ലാരുമൊരുമിച്ചിരിക്കാന്‍ ഉമ്മ പറഞ്ഞു. ഉപ്പ ജലീലിനെ നോക്കിച്ചിരിച്ച് താമസിക്കുന്ന ഇടം നല്ലതാണോ എന്ന് ചോദിച്ചു. ആണെന്ന് ജലീലും. ദിവസങ്ങള്‍ക്കു ശേഷം കിട്ടിയ ചെറിയ തുണ്ട് മീനില്‍ ആയിരുന്നു എന്റെ മനസ്സ്. ജലീല്‍ പറഞ്ഞ വാക്കുകള്‍ മുഴുവനും ചെവിയില്‍ നനഞ്ഞില്ല. അയാള്‍ വയനാട്ടിലാണ്. കൂടെ കുറച്ചു നാടകക്കാരുണ്ട്. പുതിയ ഒരു നാടകം എഴുതുന്നു. നല്ലതാണ്. ഇതിനു മുന്നേ കളിച്ച നാടകത്തിനു വിലക്കുണ്ട്.
പൊലീസ് പിടിച്ച വിവരം അറിഞ്ഞതെങ്ങനെ എന്ന് ഉപ്പ വിവരിച്ചു. അയാള്‍ ഒന്ന് മൂളി. ഞങ്ങള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ പറയണം എന്ന് ഉപ്പ. അയാള്‍ പ്ലേറ്റില്‍ നിന്നും കണ്ണുകളുയര്‍ത്തി ഉപ്പയെ നോക്കിയപ്പോള്‍ അവയില്‍ കനിവിന്റെ ഒരാകാശം നീലിക്കുന്നത് ഞാന്‍ കണ്ടു.
എന്ത് ചെയ്യാന്‍ ഉപ്പ? ലോകത്തിനു നല്ലത് വരുന്നതിനെ കുറിച്ചല്ലേ ആലോചിക്കുന്നത്. നല്ലത് എന്നാലൊരു ചോദ്യവും ചോദിക്കരുത് എന്നാണല്ലോ, അയാള്‍ ചിരിച്ചു.
ഉപ്പയുമുമ്മയും ഒന്നും പറഞ്ഞില്ല. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം ഉപ്പ പറഞ്ഞു,
നിന്റെ കൂടെ ഉണ്ടായ രാധനില്ലേ. അവന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു.
ഈച്ചയുടെ ഇരമ്പലില്‍ ഞാന്‍ ഊണ് കഴിക്കുന്ന തിണ്ണയില്‍നിന്നും എഴുന്നേറ്റു പോയതു ആരും ശ്രദ്ധിച്ചില്ല. കോലായില്‍ വന്നിരിക്കുമ്പോ വെയിലിനു ചൂട് കൂടിയിരുന്നു.
കുട്ടിക്കാലത്തു വലിയ കുട്ടിളോടോത്ത് അയാള്‍ കളിക്കുമ്പോ അപ്പുറത്തെ വീട്ടിലെ ചേച്ചി ചൂണ്ടി കാണിച്ചു തരുമായിരുന്നു. ഉമ്മ ചോരുരുട്ടുമ്പോ അവനെ പോലെ പഠിക്കണം കേട്ടോ എന്ന് പറയും. അയാള്‍ വീട്ടില്‍ വരുമ്പോള്‍ ചിരി നിറയും. എന്നെക്കാളും പത്തോ, പതിനൊന്നോ വയസ്സിനു മൂത്തവന്‍. പിന്നെ ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആയപ്പോ അയാള്‍പോയി. കേരളം മുഴുവന്‍ ചുറ്റി ഏതോ നാടകം കളിയ്ക്കാന്‍ എന്ന് ഉമ്മ പറഞ്ഞു. കത്ത് വന്നോ എന്ന് നോക്കി ഉപ്പ ഇരുന്നു. ഞാന്‍ ആ വീട്ടില്‍ നിഴലായിരുന്നു. ഞാന്‍ മിണ്ടാതായത് ആരും അറിഞ്ഞില്ല. ഉണ്ടോ എന്ന് ആരും തിരക്കിയില്ല. അയാള്‍ പോയി രണ്ടു വർഷം കഴിഞ്ഞപ്പോള്‍ തെരുവില്‍ നിന്ന് പൊലീസുകാര്‍ പിടിച്ചു കൊണ്ട് പോയി എന്നാരോ പറഞ്ഞു.
ഉപ്പ ഓടിപ്പാഞ്ഞ് ജയിലില്‍ പോയപ്പോ അയാളെ കാണാന്‍ പറ്റിയില്ല. മൂന്ന് ദിവസം മൂപ്പര് പുറത്തു കാത്തുനിന്നു. അവസാനം കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ വീര്‍ത്തു ചോര കക്കിയിരുന്നു. ചുണ്ട് വിറച്ചു സംസാരിക്കുവാന്‍ പറ്റിയില്ല. കാലു വേച്ച് അയാള്‍ കമ്പിയില്‍ താങ്ങി നിന്നു. എന്തായി മോനെ എന്ന് ഉപ്പ ചോദിച്ചപ്പോള്‍ മെല്ലെ ചുണ്ടനക്കി. കൂടയൂള്ളോരോ എന്ന് ഉപ്പ പിന്നെയും ചോദിച്ചു. അവിടെ ഉണ്ടെന്നയാള്‍ ചൂണ്ടി. ദൂരയൂള്ള സെല്ലില്‍ മറ്റു ചിലരെ കണ്ടു.
നീ എന്ന് വരും? ഉപ്പ ചോദിച്ചു.
വരും, പേടിക്കാന്‍ ഒന്നും ഇല്ല. അയാള്‍ തിരിഞ്ഞു നടന്നു.
ഇതെല്ലാം വന്നു ഉമ്മയോട് പറയുമ്പോള്‍ ഉപ്പയുടെ തൊണ്ടയിടറിക്കൊണ്ടിരുന്നു.
ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ആദ്യമായി രാത്രി സിനിമ കാണാന്‍ പോയ ദിവസം, ഇടവഴി തിരിഞ്ഞതും പോലീസ് വണ്ടി അടുത്ത് വന്നു നിന്നതും ഒരുമിച്ചായിരുന്നു.
എവിടെയാ പോയത്? കൊമ്പന്മീശക്കാരന്‍ എന്നെ തലങ്ങും വിലങ്ങും നോക്കുന്നു.

കൂടെ ഉണ്ടായ കുട്ടി അവന്റെ വീടെത്തി കയറി പോയിരുന്നു. ഇനി ഒരു തിരിവിനുപ്പുറമെന്റെ വീടാണ്. ഇരുട്ടത്ത് ഞാന്‍ ഒറ്റക്കായിരുന്നു.
സിനിമാക്കാ സാര്‍, ഞാന്‍ വിക്കി.
നിന്നെ ഞാന്‍ മുന്നേം കണ്ടിട്ടുണ്ട്. അവിടേം ഇവിടേം പതുങ്ങി നില്‍ക്കുന്നത്.
ഞാന്‍ എവ്‌ടെം നിന്നില്ല.
എങ്ങനെ ഉറപ്പാക്കാ? അയാള്‍ ചോദിച്ചു, ആവശ്യം ഇല്ലാത്ത വഴീലൊക്കെ നിന്നെ കാണാന്‍ ണ്ടല്ലോ. എത്രാം ക്ലാസ്സിലാ?
പത്തില്‍.
എന്നിട്ടാണാ രാത്രി ഇറങ്ങി നടക്കുന്നെ. ജലീലിന്റെ അനിയനല്ലേ?
ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
എന്താടാ? അയാള്‍ ഒച്ച ഉയര്‍ത്തി.
അല്ലേട? നീ അവന്റെ അനിയന്‍ അല്ലെ?
ആ. ഞാന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ഇപ്പോള്‍ ഭയത്തോടൊപ്പം എനിക്ക് ദേഷ്യവും വരുന്നുണ്ടായിരുന്നു.
എന്താട കയ്യില്?
ഒന്നൂല്ല സാര്‍.
കൈ കാണിക്ക്, അയാള്‍ പറഞ്ഞു.
ഞാന്‍ കൈ രണ്ടും മുന്നോട്ടു വച്ചു.
കൈ പോക്കട, അയാള്‍ പറഞ്ഞു.
ഞാന്‍ കൈപൊക്കി.
ഇനിയും ഉയര്‌ത്തെടാ, അയാള്‍ ചീറി.
ഞാന്‍ കൈ പിന്നെയും ഉയര്‍ത്തി.
കൈ കുടയ്. അയാള്‍ പറഞ്ഞു.
ഞാന്‍ കൈകുടഞ്ഞു.
നീ നാടകം കളിക്കുമോ ഡാ? അയാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഇല്ല
നീ പുസ്തകം വായിക്കുമോ?
ഇല്ല.
നീ കവിത ചൊല്ലുമോ?
ഇല്ല.
നീ പ്രസംഗിക്കുമോ?
ഇല്ല.
നിനക്ക് കൂട്ടുകാര്‍ ഇല്ലേ?
...
ഇല്ലേ?
ഉണ്ട്.
ആര്‍?
കുറച്ചു പേരൊക്കെ.
ജലീല്‍ ഇപ്പൊ എവിടെയാ?
അറിയില്ല.
അതെന്താ?
എനിക്ക് അറിയില്ല.
അവന്‍ പറഞ്ഞില്ലേ?
ഇല്ല.
അവന്‍ വീട്ടില്‍ വന്നില്ലേ?
ഇല്ല.
എപ്പോള വന്നത് ?
കുറേ ആയി.
എപ്പോ?
കുറേ ആയി.
എപ്പോ?
ഓര്‍മ ഇല്ല.
അതെന്താ?
കുറേ ആയി.
വന്നപ്പൊഎന്തു തന്നു?
ഒന്നൂല്ല.
അതെന്താ?
അറിയില്ല.
അവന്റെ കയ്യില്‍ കുറേ പൈസണ്ടാവുമല്ലോ?
അറിയില്ല.
അതെന്താ?
അറിയില്ല.
അവന്റെ കയ്യില്‍ പൈസ ഉണ്ടാവും, നീ കാണാഞ്ഞിട്ടാ.
അറിയില്ല.
ഉമ്മാക്ക് പൈസ കൊടുത്തില്ല?
അറീല്ല.
അതെന്താ?
അറിയില്ല.
നിനക്ക് സിനിമക്ക് എവിടുന്നാ പൈസ?
ഉപ്പ തന്നു.
ഉപ്പക്കെവിടുന്നാ?
...
ഉപ്പക്കെവിടുന്നാ?
പണി എടുത്തിട്ട്.
എന്ത് പണി?
ലോഡിംഗ്.
ഉപ്പന്റെ കയ്യില് കുറേ പൈസ ണ്ടോ?
ഇല്ല.
ജലീല്‍ എവടെ?
അറീല്ല.
എപ്പോളാ അവസാനം വന്നെ?
കുറേ ആയി.
വന്നപ്പോ എന്താ പറഞ്ഞെ?
ഓർമ ഇല്ല.
അതെന്താ?
കുറേ ആയി.
കൈ വേദനിക്കുന്നുണ്ടോ?
ഉണ്ട്.
താഴ്ത്തണോ?
ഉം.
പറ്റില്ല. ഇവിടെ കുറേ പേരെ അവന്‍ ഇങ്ങനെ കൈ പൊക്കി നിര്‍ത്തിരിക്ക്യ.
അറിയോ?
ഇല്ല.
അതെന്താ? നീ അവന്‍ എഴ്ത്യത് വായിച്ചില്ലേ?
ഇല്ല.
കള്ളം.
അല്ല.
കള്ളാ.
അല്ല.
നീ സത്യം പറയുമോ?
ഉവ്വ്.
എന്നാല്‍ പറ. അവനെവിടെ?
അറിയില്ല സാര്‍. അറിഞ്ഞാ ഞാനന്നെ കൊണ്ടു തരാ. എന്റെ ശബ്ദം ഉയര്‍ന്നു. അയാള്‍ എന്നെ തുറിച്ച് നോക്കി ജീപ്പ് മുന്നോട്ടടുത്തു, പിന്നെ തിരിച്ചു വന്നു. കൈ താഴ്ത്തടാ, അയാള്‍ അലറി.
അയാള്‍ പോയിക്കഴിഞ്ഞും ഞാന്‍ കൈ താഴ്ത്തിയില്ല. കൈ ഉയര്‍ത്തി പിടിച്ചു തന്നെ വീട്ടിലേക്ക് നടന്നു. എന്റെ ഉള്ളില്‍ എന്തല്ലാമോ തകർന്നെരിഞ്ഞുകൊണ്ടേയിരുന്നു. ഉമ്മ തിണ്ണയില്‍ ഉണ്ടായിരുന്നു.
എന്താടാ വൈക്യേ? നിന്റെ കയ്യെന്താട ഇങ്ങനെ?
ഞാന്‍ ആ നിലാവത്ത് കയ്യുയര്‍ത്തി നിന്നു. ഉപ്പ വന്നു എന്റെ കൈ താഴ്ത്താന്‍ ആവതും നോക്കിയെങ്കിലും ഞാന്‍ താഴ്ത്തിയില്ല. ഉപ്പ കയ്യില്‍ കിട്ടിയ മട്ടല്‍ എടുത്തു എന്നെ അടിച്ചു കൊണ്ടിരുന്നു. എന്റെ കണ്ണില്‍ നിന്നും വെള്ളം വീണു മുന്‍വശം നനഞ്ഞു. എന്നിട്ടും ഞാന്‍ കൈ താഴ്ത്തിയില്ല. അവസാനം ഉപ്പ തളര്‍ന്നു നിലത്തിരുന്നു, എന്താണ് മോനെ എന്നുകരഞ്ഞു. നെഞ്ചത്ത് കൈവച്ചു മൂപ്പര് ആകാശത്തേക്ക് നോക്കിക്കരഞ്ഞു.
ഓനാണ്. ഓന്‍, ജലീല്‍. ഓന്‍ കാരണം ഞാന്‍ എന്നും കയ്യുയര്‍ത്തി നിക്കാണ്. എന്നോടെല്ലരും ചോയ്ക്കുന്ന്. എപ്പളും. ഓന്‍ എവടെ. ഓനെ പോലെ. ഓന്‍ ഏടെ.ഓനെ എന്തിനാ പോലീസ് പിടിച്ചേ. ഓനാരാ പടച്ചോനാ. ലോകം നന്നാക്കിന്നു. ത്ഫൂ. ത്ഫൂ. ത്ഫൂ.
എന്റെ തുപ്പല്‍ തെറിച്ചു എന്റെ മുഖം നനഞ്ഞു. ഞാന്‍ കരഞ്ഞു ഉമ്മയെ പിടിച്ചു.
മടുത്തുമ്മാ. ഇനി പറ്റൂല്ല.ഞാന്‍ പോന്നാ.
അള്ളാ മോനെ പറയല്ലാ. നീയുംകൂടെ പറയല്ല. താങ്ങൂല്ലാ. ഇനി താങ്ങൂല്ലാ.
എല്ലാവരും ഒലിച്ച ആ രാത്രിക്ക് ശേഷം എനിക്ക് പിന്നെ തീരെ മിണ്ടാട്ടം ഇല്ലാതായി. കുറേ ദിവസം സ്‌കൂളില്‍ പോയില്ല. പിന്നെ മെല്ലെ ഒരു ദിവസം പോയി. പത്തിന്റെ പരീക്ഷക്ക് മുന്നേ ഞാന്‍ ടൗണിലേക്കുള്ള ബസ്സ് കയറി. ഇവിടെ അടിയുന്നതിനു മുന്നേ ഞാന്‍ പല തീരങ്ങളില്‍ അടിഞ്ഞു. അയാളില്‍ നിന്നു ഞാന്‍ ഓടുകയായിരുന്നു. അയാള്‍ നന്നാക്കാന്‍ ശ്രമിച്ച ലോകം എന്നെ കല്ലെറിഞ്ഞു കൊണ്ടിരുന്നു. ചോര പൊടിയുമ്പോളൊക്കെ ഞാന്‍ അയാളെ ഓര്‍ത്തു. അയാളുടെ ചിരിയെ. അയാള്‍ കളിച്ചിരിക്കാവുന്ന നാടകങ്ങളെ. അയാളുടെ എഴുത്തുകളെ. അയാള്‍ പറഞ്ഞ ലോക നന്മയെ. അതെവിടെ ആണെന്ന്. അയാള്‍ എവിടെ എന്ന്.
വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ കയ്യില്‍ തടഞ്ഞ ഒരു പുസ്തകത്തില്‍ നിന്ന് ഞാന്‍ അയാളെ കണ്ടെത്തി. അതിനിടയില്‍ ഞാന്‍ കാണാത്ത ആകാശങ്ങളെയും , ആര്‍ത്തലക്കുന്ന മഴയില്‍ കുതിരുന്ന ജീവിതങ്ങളും കണ്ടു. ഒരു വാക്കില്‍ നിന്നും മറ്റൊരു വാക്കിലേക്ക് ഞാന്‍ തൂങ്ങിയാടിക്കൊണ്ടിരുന്നു. അയാള്‍ക്ക് വേണ്ടി അന്ന് കാടിറങ്ങി വന്ന മനുഷ്യരുടെ കയ്യില്‍ ഞാന്‍ മെല്ലെ തൊട്ടു. അവരുടെ കണ്ണില്‍ അന്ന് അയാള്‍ക്ക് വേണ്ടി ഒഴുകിയ ചോര എന്നെയും നനച്ചു കടന്നു പോയി. ഭൂമിയില്‍ കാലുറപ്പിനാകാതെ അവര്‍ നടന്ന ഒറ്റയടിപാതകളും, അവരുടെ ജനിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങളും എന്നെ നോക്കാതെ തിരിച്ചു നടന്നു. എന്റെ സമയം മഞ്ഞയില്‍ കുതിര്‍ന്നു ഈ മുറിയില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നു. വര്‍ഷങ്ങള്‍ മുന്നേ അയാള്‍ കയറി വന്ന ഉച്ചച്ചൂടില്‍ ഞാനുരുകി. അയാളെ എല്ലാവരും ഭയന്നതു, വെറുത്തതു, എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. അയാളെ ഭയന്ന് ഞാന്‍ പുരവിട്ടോടിയത് എന്തിനാണെന്ന് ഇപ്പോള്‍ എനിക്ക് തോന്നാറുണ്ട്. ഞാന്‍ അയാളെ ചേര്‍ത്ത് നിര്‍ത്തുന്നു എന്ന് കരുതാന്‍ ഇന്നെനിക്ക് ശക്തിയുണ്ട്. കമിഴ്ന്നു കിടന്ന ആ ശരീരം ഏറ്റു വാങ്ങാന്‍ ആര് ചെന്നു എന്നെനിക്കറിയില്ല. ഉപ്പ പോയിരിക്കുമോ? ഉമ്മ തിണ്ണയിലെ ഇരുട്ടില്‍ കാത്തിരിപ്പുണ്ടാവുമോ?
ജലീല്‍. നീ സ്‌നേഹിച്ചതിനാണോ ലോകം നിന്നെ കല്ലെറിഞ്ഞത്? തുറുങ്കിലടച്ചത്? എന്നെ കൂര്‍ത്ത കണ്ണുകള്‍ കൊണ്ടു നോക്കിയത്?ചോദ്യങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചത്?
എന്റെ ശാന്തമായ കൈകള്‍ കൊണ്ട് പുസ്തകത്തിന്റെ താളുകള്‍ മറച്ചു, അരണ്ട വെളിച്ചങ്ങളിലിരുന്നു ഞാന്‍ ഒച്ചയില്ലാതെ ആര്‍ത്തു വായിക്കുന്നു.
നീ കേള്‍ക്കുക.
‘‘എല്ലാറ്റിലും അവന്റെ നിശബ്ദമായ രക്തം
ചിതറിവീണിരിക്കുന്നു
ഒരാള്‍ക്കും അവനെ രക്ഷിക്കാനായില്ല.
തടവറയില്‍ അവസാനം വായിച്ചു കൊണ്ടിരുന്ന
പുസ്തകം നിവര്‍ത്തിവെച്ച്
തടവുകാരന്‍ തൂക്കുമരത്തിലേക്ക് നടന്നുപോയിരിക്കുന്നു.
ബാക്കിയായത് നീലക്കടലാസ്സില്‍
കുത്തിക്കോറിയ ചില വരികള്‍മാത്രം.
അവസാനത്തെ ഹൃദയസ്പന്ദനത്തിന്റെ ചിറകടി മാത്രം
അവസാനത്തെ നെടുവീര്‍പ്പിന്റെ
ഇളംചൂടറ്റ പ്രതിധ്വനി മാത്രം.
ഉരിഞ്ഞിട്ട പേരും ഊരിവെച്ച ചെരിപ്പും മാത്രം
ജീവിക്കപ്പെടാത്ത ഒരു ജീവിതം മുഴുവന്‍
ഈ മുറിയില്‍ അവനെ കാത്തിരിക്കുന്നു.
ജീവിക്കപ്പെടാത്ത ഒരു ജീവിതം,
പ്രതീക്ഷകളുടെയും സാദ്ധ്യതകളുടെയും
കുഴിയ്ക്കപ്പെടാത്ത ഒരു ഖനി''.*
* സച്ചിദാനന്ദന്‍; ‘ഒഴിഞ്ഞ മുറി’. സുബ്രമണ്യദാസ്- ഇന്നും.
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
രാജേഷ് കെ പി
4 Oct 2020, 09:34 PM
അവരുടെ കണ്ണില്‍ അന്ന് അയാള്‍ക്ക് വേണ്ടി ഒഴുകിയ ചോര എന്നെയും നനച്ചു കടന്നു പോയി. ....