രണ്ട് പെണ്ണുങ്ങള്‍,
അനവധി പെണ്‍ജീവിതങ്ങള്‍
രണ്ട് പെണ്ണുങ്ങള്‍, അനവധി പെണ്‍ജീവിതങ്ങള്‍
വിവാഹം കഴിക്കുന്നതുവരെ പഠിച്ച്, ഭര്‍ത്താവിന്റെ വീട്ടിലൊതുങ്ങിക്കഴിയേണ്ടിവരുന്ന സാധാരണ സ്ത്രീ ജീവിതത്തെ സ്വപ്രയത്‌നത്താല്‍ മറികടക്കുകയും ദരിദ്രജീവിതം നയിക്കേണ്ടിവന്ന നിരവധി സ്ത്രീകളുടെ കൈപിടിക്കാന്‍ പ്രാപ്തി നേടുകയും ചെയ്ത രണ്ട് പെണ്ണുങ്ങളുടെ ജീവിതമാണിത്, ഒപ്പം; പെണ്ണിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ആത്മവിശ്വാസം നല്‍കിയ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിന്റെ കൂടി കഥയും- കുടുംബശ്രീ മിഷൻ പ്രവർത്തകരായ ഉമ അഭിലാഷ്, ടി.എം.ഉഷ എന്നിവർ എഴുതുന്നു
6 Oct 2020, 09:03 AM
ഉമ അഭിലാഷ്
ഒരു മനോരോഗ ആശുപത്രിയില്‍ ചെന്നൊടുങ്ങുമായിരുന്നു എന്റെ ജീവിതം. ഈ മാറ്റം ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചുതീര്‍ക്കുംപോലെ അത്ര എളുപ്പമായിരുന്നില്ല. ഡിപ്രഷന്‍ എന്നു പറഞ്ഞാല്‍ വട്ടാണെന്നു കരുതിയിരുന്ന ഒരു വലിയ കൂട്ടം ചുറ്റിലുമുണ്ടായിരുന്നു. അവരുടെയൊക്കെ കളിയാക്കലുകളില്‍ അപമാനങ്ങളില്‍ പലവട്ടം വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ കൂടെനിന്ന ഒരുപാടുപേരുണ്ട്. ഒരു പ്രസ്ഥാനത്തെ മഹത്താക്കുന്നത് അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
കുടുംബശ്രീയില്‍ എത്തിപ്പെടുന്നതുവരെ ജീവിതം മറ്റൊന്നായിരുന്നു. 2007ല്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഇന്റര്‍വ്യൂവിന് ചെല്ലുന്നത് കുടുംബശ്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ കാണാപ്പാഠം പഠിച്ചാണ്. പക്ഷേ പേടിച്ചതുപോലെയുള്ള ഇന്റര്‍വ്യൂ അല്ലായിരുന്നു അത്. തികച്ചും വ്യത്യസ്തമായ ഒരനുഭവം. സാമൂഹിക ശാക്തീകരണത്തെക്കുറിച്ച് അഞ്ചു മിനിറ്റ് സംസാരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്തൊക്കെയാണ് ഞാനന്ന് പറഞ്ഞതെന്ന് ഓര്‍മയില്ല. പക്ഷെ നാല്‍പതുപേരോളം പങ്കെടുത്ത ആ ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ഒരാള്‍ ഞാനായിരുന്നു.
പാറിനടന്ന ജീവിതം ഒരു മുറിയിലേക്ക്
സ്ഥിരമായ ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് നടന്നെത്തുന്ന സമയത്താണ് കുടുംബശ്രീ എന്നെ താങ്ങിയതും തിരികെ ജീവിതത്തിലേക്കെത്തിച്ചതും. 2006ലായിരുന്നു എന്റെ വിവാഹം. അതുവരെയുണ്ടായിരുന്ന കടം വീട്ടാനും വിവാഹച്ചെലവുകള്‍ക്കും ജനിച്ചുവളര്‍ന്ന വീട് വില്‍ക്കേണ്ടിവന്നു. വിവാഹമാണ് ഒരു പെണ്‍കുട്ടിക്ക് എത്തിപ്പെടാനുള്ള സുരക്ഷിതതീരം എന്നു വിശ്വസിച്ചിരുന്ന കാലമായിരുന്നു, അതുകൊണ്ടുതന്നെ വീട് വിറ്റതിനെ എതിര്‍ത്തതുമില്ല. മഹാരാജാസ് പോലെയൊരു കോളേജിന്റെ നേതൃനിരയില്‍ ആയിരുന്ന, അതിനുമുന്‍പ് സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ സംസ്ഥാനതലത്തില്‍ സമ്മാനം വാങ്ങിയിട്ടുള്ള, വിവാഹത്തിന്റെ തലേദിവസം വരെ വീട്ടിലും നാട്ടിലും ഓടിനടന്ന എനിക്ക് ഭര്‍ത്താവിന്റെ വീട് നല്‍കിയത് തികച്ചും അപരിചിതമായ അന്തരീക്ഷമായിരുന്നു.
പതിയെപ്പതിയെ വിശാലമായ ആകാശത്തിനുകീഴില്‍നിന്ന് ജീവിതം ഒരു മുറിയിലേക്ക് ചുരുങ്ങി. ആ വര്‍ഷം ആദ്യത്തെ കുഞ്ഞുണ്ടായി. അവന്‍ വന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഇരുട്ടിനെ, ഉറക്കെയുള്ള സംസാരങ്ങളെ ഒക്കെ പേടി. എന്തിനും ഏതിനും കരച്ചില്‍ വരുന്ന അവസ്ഥ. വിഷാദരോഗത്തിലേക്ക് വീണുകൊണ്ടിരിക്കയാണ് എന്ന് മനസ്സിലായി. കുട്ടിക്കാലം മുതല്‍ പരിചയമുണ്ടായിരുന്ന ഒരു ഡോക്ടറാണ് ഒടുവില്‍ അഭിയോട് ‘ഒരു ജോലിക്ക് വിടൂ, ഈ അന്തരീക്ഷത്തില്‍നിന്ന് ഒന്നു മാറിനില്‍ക്കട്ടെ' എന്ന് നിര്‍ദ്ദേശിച്ചത്.
അങ്ങനെ ഒരു പത്രത്തില്‍ ജോലി നോക്കുന്ന സമയത്താണ് സാമൂഹ്യപ്രവര്‍ത്തകനായ പീറ്റര്‍ചേട്ടന്‍ കുടുംബശ്രീയില്‍ റിസോഴ്‌സ്‌പേഴ്‌സണെ ആവശ്യമുണ്ടെന്നു അഭിയോട് പറയുന്നതും ഇന്റര്‍വ്യൂവിന് പോകുന്നതും.

മുന്‍പും പല സ്ഥലങ്ങളില്‍ ജോലി ചെയ്തിട്ടുള്ള എനിക്ക് കുടുംബശ്രീ പുതുമയായിരുന്നു. പരസ്പരം മത്സരിക്കുന്ന സഹപ്രവര്‍ത്തകരല്ല, ചേച്ചിമാരെപ്പോലെ കൂടെ നില്‍ക്കുന്നവര്‍. അച്ഛനെപ്പോലെ കരുതലോടെ ഞങ്ങളെ സ്‌നേഹിക്കുന്ന മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ കെ രവി. ആ സമയത്താണ് പുതിയ ഗ്രൂപ്പ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞങ്ങള്‍ കുറച്ചുപേര്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പിന് രൂപം നല്‍കി. ‘Awake' എന്നായിരുന്നു അതിന്റെ പേര്. അന്ന് ആ ഗ്രൂപ്പില്‍ എന്നെ ചേര്‍ക്കാന്‍ അവര്‍ മനസ്സു കാണിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഉമയിലേക്കുള്ള യാത്ര ഇത്ര എളുപ്പമാകില്ലായിരുന്നു.
അങ്ങനെ കേരളത്തിലെ കുറച്ചധികം ജില്ലകളില്‍ പരിശീലനം നല്‍കാന്‍ യാത്ര ചെയ്യാന്‍തുടങ്ങി. എത്ര ദൂരമാണെങ്കിലും ബസിലേ പോകൂ, ട്രെയിന്‍ പേടിയാണ്, പ്ലാറ്റ്‌ഫോം എന്താണെന്നുപോലും അന്നറിയില്ല. എല്ലാ ജില്ലകളിലും പോകും, ക്ലാസ് എടുക്കാന്‍പോയ സ്ഥലങ്ങളിലെ പ്രധാന കാഴ്ചകളൊക്കെ കണ്ടിട്ട് വന്നാല്‍ മതിയായിരുന്നു എന്നിപ്പോള്‍ നഷ്ടബോധം തോന്നുന്നു. പരീശീലനങ്ങളില്‍ പങ്കെടുക്കാന്‍ വരുന്ന സ്ത്രീകളാണ് പൊതുവെയുള്ള കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് മാറ്റി ചിന്തിക്കാന്‍ ഇടയാക്കിയത്.
ഞാന്‍ പരിശീലനം നല്‍കിയിരുന്നത് മറ്റുള്ളവര്‍ക്കായിരുന്നു എങ്കിലും മാറിയത് ഉമ എന്ന ഞാന്‍ കൂടെ ആയിരുന്നു. മെല്ലെമെല്ലെ കെട്ടിക്കിടന്ന വിഷാദത്തിന്റെ മേഘങ്ങള്‍ കാറ്റടിച്ചെന്നോണം ഒഴിഞ്ഞുപോയിത്തുടങ്ങി. കഴിക്കുന്ന മരുന്നുകളുടെ അളവ് കുറഞ്ഞു. പഠനകാലത്ത് ഒരിക്കലും വിട്ടുപിരിഞ്ഞിട്ടില്ലാത്ത ചിരി തിരികെവന്നു. പകല്‍ മോനെ അമ്മയെ ഏല്‍പ്പിച്ചിട്ട് പോകേണ്ടതുകൊണ്ട് ഞാന്‍ അച്ഛനുമമ്മയും താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് ജോലിക്ക് പോകാന്‍ തുടങ്ങി. 2012-ല്‍ മകള്‍ ജനിച്ചു. അവള്‍ക്ക് ആറു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ വീണ്ടും അടുത്തുള്ള പഞ്ചായത്തില്‍ ട്രെയിനിങ് കൊടുക്കാന്‍ പോയിത്തുടങ്ങി.
ജെന്‍ഡര്‍; ഒരു പുതിയ വാക്ക്
അക്കാലത്താണ് ജെന്‍ഡര്‍ എന്നൊരു വാക്ക് ശ്രദ്ധിച്ചുതുടങ്ങിയത്. കുടുംബശ്രീയുടെ പുതിയ പഠനപദ്ധതി. അതിന് സംസ്ഥാനതലത്തില്‍ നടന്നൊരു പരിശീലനത്തില്‍ ഞാനും പങ്കെടുത്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഗജീവന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാരദ മുരളീധരന്‍ എന്നിവരെ മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്. അവരുടെ ക്ലാസ്സുകളില്‍ നിന്നാണ് സ്വര്‍ണവും വസ്ത്രവും ആണ് വ്യക്തിത്വം നിശ്ചയിക്കുന്നതെന്നൊക്കെയുള്ള എന്റെ തോന്നലുകള്‍ മാറിയത്. അവരെപ്പോഴും സംസാരിച്ചിരുന്നത് അവരുടെ തന്നെ അനുഭവങ്ങളാണ്.
ഈ ക്ലാസുകളില്‍ വെച്ചാണ് കേരളത്തിന് പുറത്തേക്കുള്ള യാത്രകളെക്കുറിച്ചും മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അറിയുന്നത്. ക്ലാസ്സില്‍ അവര്‍ മേഘാലയയെക്കുറിച്ച് പറയുമ്പോള്‍ അവിടെ പോകാന്‍ ആഗ്രഹം വന്നുമൂടും. ക്ലാസ് കഴിയുമ്പോള്‍ ഓടി ജഗജീവന്‍ സാറിന്റെ അടുത്ത് പോകും. ഞങ്ങള്‍ക്കും വെളിയില്‍ പോകണമെന്ന് പറയും. അദ്ദേഹം ഹിന്ദി വേഗം പഠിക്കാന്‍ പറയും. അദ്ദേഹവും കുടുംബശ്രീയിലെ എറണാകുളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. രവിയും എന്തുപറഞ്ഞാലും അത് ഞങ്ങള്‍ വിശ്വസിക്കുമായിരുന്നു. കാരണം അപ്പോഴേക്കും ജീവിതം ഇവരിലൊക്കെയായി മാറിയിരുന്നു. ഹിന്ദി പഠിക്കുന്നതും പുറത്തൊക്കെ പോകുന്നതും ഇടക്കിടെ ആലോചിക്കാന്‍ തുടങ്ങി. പക്ഷെ അപ്പോഴും അതൊക്കെ നടക്കുന്ന കാര്യമാണെന്ന് തോന്നിയിട്ടില്ല.
2012-ലാണ് NRO യെക്കുറിച്ച് അറിയുന്നത്. അഭി നിര്‍ബന്ധിച്ച് എന്നെക്കൊണ്ട് അപേക്ഷ സമര്‍പ്പിപ്പിച്ചു. അങ്ങനെ 2013-ല്‍ NRO യുടെ ആദ്യ പ്രോജക്ട് സ്ഥലമായ ബീഹാറിലേക്ക് മെന്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ആറുപേരില്‍ ഒരാളായി ഞാനും. നിലവില്‍ ആറോളം സംസ്ഥാനങ്ങളില്‍ പരിശീലനത്തിന്റെ ഭാഗമായി ജോലി ചെയ്തിട്ടുണ്ട്. ബീഹാറില്‍ സംരംഭക വികസനത്തിന് വേണ്ടിയുള്ള കണ്‍സള്‍ട്ടന്റ് ഗ്രൂപ്പിനെ പിന്തുണക്കുകയാണിപ്പോള്‍.
ഇക്കാലംകൊണ്ട് നിരവധി സ്ത്രീകളെ, അവരുടെ സാഹചര്യങ്ങളെ പരിചയപ്പെട്ടിട്ടുണ്ട്. ചെറിയ മാറ്റങ്ങള്‍ പലരുടെയും ജീവിതത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുതന്നെയാണ് വിശ്വാസം.

ആദ്യകാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങളുടെ വികസനം എന്നു പറയുന്നത് തമാശയായിട്ടാണ് എനിക്ക് തോന്നിയിരുന്നത്. കാരണം കേരളത്തില്‍ ജനിച്ചുവളര്‍ന്ന, മറ്റു സംസ്ഥാനങ്ങളുമായി ബന്ധമില്ലാത്ത ഒരാള്‍ക്ക് ഇന്ത്യ മുഴുവനുമുള്ള ആളുകള്‍ നമ്മെപ്പോലെ തന്നെയാണെന്ന് കരുതാനല്ലേ ന്യായമുള്ളൂ! കുറച്ചു സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തപ്പോള്‍ തന്നെ ഇന്ത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് നല്ല ബോധ്യം കിട്ടി. അവര്‍ക്ക് മുഖമോ പേരോ ആവശ്യമില്ല എന്നു തോന്നി.
ഗ്രാമങ്ങളെന്നും നഗരങ്ങളെന്നും വേര്‍തിരിവില്ലാതെ, സംസ്ഥാനങ്ങളുടെ വ്യത്യാസങ്ങളില്ലാതെ അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത് നരകതുല്യമായ യാതനകളാണ്. ഏറ്റവും സങ്കടമുള്ളത് തങ്ങളുടെ അവസ്ഥയെക്കുറിച്ച് അവര്‍ക്ക് യാതൊരു ധാരണയും ഇല്ല എന്നതാണ്. തങ്ങള്‍ ഇങ്ങനെയൊക്കെമാത്രം ജീവിക്കേണ്ടവരാണ് എന്ന അവരുടെ തോന്നലില്‍നിന്നും മറ്റു മനുഷ്യര്‍ക്കുള്ള എല്ലാ അവകാശങ്ങളോടെയും ജീവിക്കാന്‍ അര്‍ഹതയുള്ളവരാണ് തങ്ങള്‍ എന്ന് തിരുത്തി ചിന്തിപ്പിക്കുക എന്നതാണ് ജോലിസംബന്ധമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പുരുഷകേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ ആചാരങ്ങളുടെ, ദാരിദ്ര്യത്തിന്റെ, വിശ്വാസങ്ങളുടെ പേരില്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.
ഭർത്താവിന്റെ ദീർഘായുസ്സിനായി പാഴാകുന്ന ജന്മങ്ങൾ
ഓര്‍മ്മയില്‍ നില്‍ക്കുന്ന ചിലത് പറയാം. ബീഹാറില്‍ അയല്‍ക്കൂട്ടങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അവിടെ കൂടിയ സ്ത്രീകള്‍ക്ക് എന്റെ ജോലിയെക്കാള്‍ കൂടുതലായി അറിയേണ്ടിയിരുന്നത് ഞാന്‍ തനിയെ അത്രദൂരം യാത്ര ചെയ്തതിനെക്കുറിച്ചും എന്തുകൊണ്ടാണ് ഞാന്‍ വളയും സിന്ദൂരവും ധരിക്കാത്തത് എന്നും ഒക്കെയായിരുന്നു.
ആഴ്ചയില്‍ നാലു ദിവസം ഭര്‍ത്താവിന്റെ സൗഖ്യത്തിന് കഠിനവ്രതം നോല്‍ക്കുന്ന, ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് എന്ന ഒരേയൊരു ലക്ഷ്യത്തിനായി വളയും സിന്ദൂരവും സദാ ധരിക്കുന്ന, വീട്ടിനുള്ളില്‍ നിന്ന് തല വെളിയില്‍ കാണിക്കാത്ത ആ സ്ത്രീകള്‍ക്ക് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതമാവാതെ തരമില്ലല്ലോ. ട്രെയിനിലെ യാത്രാ സൗകര്യങ്ങളെക്കുറിച്ച്, ട്രെയിനില്‍ ചായ കിട്ടുമോ എന്ന്, അതിനകത്ത് ബാത്‌റൂം സൗകര്യമുണ്ടോ എന്ന്, ഞാന്‍ പറയുന്നതൊന്നും വിശ്വസിക്കാനാവാത്ത കണ്ണുകളുമായി ഇരിക്കുന്ന അവരെ കണ്ടപ്പോള്‍ എനിക്ക് ബോദ്ധ്യമായി. ഇതുകൂടിയാണ് ഇന്ത്യ.
അങ്ങോട്ട് പറയുന്നത് കേള്‍ക്കുന്നതിനേക്കാളുപരി ഞാന്‍ വളയും സിന്ദൂരവും ഇട്ടില്ലെങ്കില്‍ എന്റെ ഭര്‍ത്താവിനുണ്ടാകാവുന്ന ദോഷങ്ങളെക്കുറിച്ചും പണിയെടുത്ത് കിട്ടുന്ന പൈസ ഭര്‍ത്താവിനെ ഏല്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അവരെന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പുരുഷന്‍ എന്ന വാക്കിന്റെ ആധികാരികത അവരുടെ ജീവിതത്തേക്കാള്‍ വലുതാണ് എന്നെനിക്ക് ബോദ്ധ്യമായി. അതൊരു ആചാരമായി കൊണ്ടുനടക്കുന്ന ഒരിടത്തിരുന്നാണ് ഞാന്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും സംസാരിക്കുന്നത് എന്നതുതന്നെ ഒരു വിരോധാഭാസമായിരുന്നു.
രാജസ്ഥാനിലെ ടൂറിസം സാദ്ധ്യതകളെ മാത്രമേ നമ്മുടെ മാധ്യമങ്ങള്‍ കാണിച്ചു തരാറുള്ളു. കുട്ടിയായിരിക്കുമ്പോഴേ വിവാഹം ചെയ്തുകൊടുക്കപ്പെടുന്ന ബാലികാവധുക്കളുടെ ജീവിതം ഇപ്പോഴും തിരശ്ശീലക്കു പിന്നില്‍ തന്നെയാണ്. കുട്ടിക്കാലത്തെ വിവാഹം കഴിഞ്ഞ് ദമ്പതികള്‍ മുതിര്‍ന്നു വലുതാകുമ്പോള്‍ പുരുഷന് അവളെത്തന്നെ വേണം എന്നില്ല. അതോടെ അയാള്‍ മറ്റൊരു വിവാഹത്തിലേക്ക് പോകാം. പക്ഷേ ആ പെണ്‍കുട്ടി മരണം വരെ ചെറുപ്പത്തില്‍ വിവാഹം ചെയ്ത ആളുടെ ഭാര്യയായിരിക്കും. അതാണ് നിയമം.
അടുക്കളയുടെ കര്‍ട്ടനുപിറകില്‍ ഒരു സ്ത്രീയുടെ നിഴലിനെ (വലിയ രണ്ട് ആണ്‍മക്കള്‍ ഉള്ള ഒരു സ്ത്രീയെ) ഒരിക്കല്‍ പരിചയപ്പെടുത്തി തന്നു, ‘നയാ ബഹു' എന്നു പറഞ്ഞ്. അമ്മായിയമ്മ ജീവിച്ചിരിക്കുമ്പോള്‍ അവര്‍ക്ക് തല വെളിയില്‍ കാണിച്ചുകൂടാ. തലയിലൂടെ മുഖംമൂടുന്ന ഷാള്‍ ധരിച്ച് എത്ര സ്ത്രീകളാണ് അടുക്കളയില്‍ ജീവിച്ചു മരിച്ചുപോകുന്നത്! വളരെ കുറച്ചാണെങ്കിലും വിധവകളെയും ഉപേക്ഷിക്കപ്പെട്ട കുറച്ചുപേരെയും പുനര്‍വിവാഹം ചെയ്യിക്കാന്‍, അവരെ ജീവിതത്തെക്കുറിച്ചു ചിന്തിപ്പിക്കാന്‍ NRO പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. അതില്‍ അങ്ങേയറ്റം അഭിമാനവുമുണ്ട്.
അമ്മാവന്മാരെ കല്യാണം കഴിക്കുന്ന രീതിയുണ്ട് കര്‍ണാടകത്തില്‍. സഹോദരിയുടെ മകള്‍ വളര്‍ന്നു വരുമ്പോഴേക്ക് അമ്മാവന്‍, അഥവാ ഭര്‍ത്താവ് മരിച്ചു പോകും. അത്ര പ്രായവ്യത്യാസം അവര്‍ തമ്മിലുണ്ടാകും. അതോടെ ചെറുപ്രായത്തിലേ വിധവകളായി ജീവിതത്തെ പഴിച്ചു കഴിയാന്‍ വിധിക്കപ്പെട്ടവരാകും നിസ്സഹായരായ ആ പെണ്‍കുട്ടികള്‍.
ഓര്‍മയില്‍നിന്ന് ഒരിക്കലും പോകാത്ത ഒരു നിര്‍മ്മലയുണ്ട് ബീഹാറില്‍. പ്രസവം കഴിഞ്ഞ് മൂന്നാം ദിവസം ചോരക്കുഞ്ഞുമായി ക്ലാസിലെത്തിയ അവളില്‍നിന്നാണ് ഇത്രയധികം പരിഷ്‌കൃതം എന്നു നമ്മള്‍ കരുതുന്ന ഈ സമൂഹത്തില്‍ എന്തെല്ലാമാണ് നടക്കുന്നതെന്ന് വേദനയോടെ മനസിലാക്കിയത്. പെണ്‍കുട്ടിയെയാണ് പ്രസവിക്കുന്നതെങ്കില്‍ വീട്ടിലാരും പെണ്ണിനേയും കുഞ്ഞിനേയും കണ്ട ഭാവം നടിക്കില്ല. ആണ്‍കുട്ടി ജനിക്കും വരെ പ്രസവിച്ചുകൊണ്ടേയിരിക്കണം. ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ അവളുടെ ജീവിതം രക്ഷപെട്ടു. അന്നുമുതല്‍ കുടുംബത്തില്‍ മാന്യമായ സ്ഥാനം കിട്ടും.
രണ്ടാമത്തെ പരീക്ഷണഘട്ടം
അക്കാലത്തായിരുന്നു ജീവിതത്തിലെ രണ്ടാമത്തെ പരീക്ഷണഘട്ടം. അഭി ചെയ്തിരുന്ന ബിസിനസ്സില്‍ വലിയ നഷ്ടം വന്നു. കടക്കാര്‍ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കാന്‍ തുടങ്ങി. വാടക മുടങ്ങിയതോടെ വീട്ടുടമസ്ഥരുടെ വഴക്ക്.... ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് നഷ്ടപ്പെട്ടുപോകുമോ എന്ന് പേടിച്ചിരുന്ന നാളുകള്‍.
അക്കാലം വരെ ജോലിചെയ്തു കിട്ടുന്ന പണം ഭര്‍ത്താവിനെ ഏല്‍പ്പിക്കുന്നതോടെ വീട്ടുനടത്തിപ്പിലെ റോള്‍ തീരുന്ന സാധാരണ സ്ത്രീകളെപ്പോലെ തന്നെയായിരുന്നു ഞാനും. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. ആകെ പരിഭ്രമിച്ചിരുന്ന ദിവസങ്ങളില്‍നിന്ന് പതുക്കെപ്പതുക്കെ വീടിന്റെ ചുമതല ഞാന്‍ ഏറ്റെടുത്തു. ഭാരിച്ച ചുമതലകളടങ്ങുന്ന വലിയ കുടുംബത്തിന്റെ നടത്തിപ്പ് പിന്നീട് കഴിഞ്ഞുപോന്നത്, NRO -യില്‍ നിന്നുള്ളവരുമാനം കൊണ്ടുമാത്രമായിരുന്നു.
ഒരു മനോരോഗ ആശുപത്രിയില്‍ ചെന്നൊടുങ്ങുമായിരുന്ന എന്റെ ജീവിതം മാറ്റിമറിച്ചത് കുടുംബശ്രീയും NRO യുമാണ്.
ഈ മാറ്റം ഒരുപക്ഷേ ഈ കുറിപ്പ് വായിച്ചുതീര്‍ക്കുംപോലെ അത്ര എളുപ്പമായിരുന്നില്ല. ഡിപ്രഷന്‍ എന്നു പറഞ്ഞാല്‍ വട്ടാണെന്നു കരുതിയിരുന്ന ഒരു വലിയ കൂട്ടം ചുറ്റിലുമുണ്ടായിരുന്നു. അവരുടെയൊക്കെ കളിയാക്കലുകളില്‍ അപമാനങ്ങളില്‍ പലവട്ടം വീണുപോയിട്ടുണ്ട്. അപ്പോഴൊക്കെ കൂടെനിന്ന ഒരുപാടുപേരുണ്ട്. ഒരു പ്രസ്ഥാനത്തെ മഹത്താക്കുന്നത് അതില്‍ പ്രവര്‍ത്തിക്കുന്ന ആളുകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നന്ദി പറയേണ്ടവരുടെ പേരുകള്‍ പറഞ്ഞാല്‍ തീരില്ല. ഒരിടത്തുപോലും ഒറ്റയ്ക്കാക്കാതെ ചേര്‍ത്തുപിടിച്ച പ്രസ്ഥാനമാണിത്. ഇത്രമാത്രം യാഥാസ്ഥിതികമായ ഒരു സമൂഹത്തിന്റെ ഭാഗമാണെങ്കിലും അതില്‍നിന്ന് വ്യത്യസ്തമായി ജീവിക്കാന്‍ കഴിയുന്നത്, ചിലരെയെങ്കിലും
ചിന്തിക്കാന്‍ പ്രേരിപ്പിക്കാനാകുന്നത് ഞാനും കൂടി ഭാഗമായിട്ടുള്ള ഈ പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണെന്നത് എന്റെ സ്വകാര്യമായ അഹങ്കാരവും അഭിമാനവുമാണ്.
ടി. എം. ഉഷ
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കുണ്ടായ നേട്ടങ്ങള്‍ നിരവധിയാണ്. കമ്പ്യൂട്ടര്‍ എന്ന് കേട്ടിട്ടുള്ളതല്ലാതെ അത് ഉപയോഗിക്കാന്‍ പഠിക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉണ്ട്. ഒരു സാധാരണ സാമൂഹ്യപ്രവര്‍ത്തകയില്‍ നിന്ന് ഒരു ബിസിനസ് കണ്‍സള്‍ട്ടന്റ് ആയതിന്റെ പ്രൊഫഷണലായ മാറ്റം വ്യക്തി എന്ന നിലയിലും ആത്മവിശ്വാസം നല്‍കുന്നുണ്ട്
സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ കടക്കുന്നത് പഞ്ചായത്തില്‍ സാക്ഷരതാ പ്രേരക് ആയാണ്. അതിനു ശേഷം കുടുംബശ്രീ രൂപം കൊണ്ടപ്പോള്‍ പ്രവര്‍ത്തന മേഖല അതിലേക്ക് മാറി. ആ സമയത്ത് അയല്‍ക്കൂട്ട രൂപീകരണമായിരുന്നു പ്രധാന പ്രവര്‍ത്തനം. തുടക്കത്തില്‍ കുടുംബശ്രീക്ക് സമൂഹത്തില്‍ സ്വീകാര്യത ഉണ്ടായിരുന്നില്ല. ഇന്ന് ഈ പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങള്‍ക്കും ലോകത്തിനുതന്നെയും മാതൃകയാണ്. കുടുംബശ്രീയില്‍ അംഗമല്ലാത്ത ഒരു കുടുംബം ആയിരിക്കും കേരളത്തില്‍ ഇന്ന് ആളുകള്‍ക്ക് അതിശയമുണ്ടാക്കുന്നത്.
സ്ത്രീകളെ ഒരുമിച്ചു കൂട്ടുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിനാല്‍ മിക്കവരും കുടുംബശ്രീയെ സംശയത്തോടെയാണ് അക്കാലത്ത് കണ്ടിരുന്നത്. ഓരോ പ്രദേശത്തും സ്ത്രീകളെ സംഘടിപ്പിച്ച് അയല്‍ക്കൂട്ടമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആളുകള്‍ ഇവരെന്തോ കുഴപ്പമുണ്ടാക്കാന്‍ വന്നവരാണ് എന്ന മട്ടിലാണ് പെരുമാറിയിരുന്നത്.
ഓരോ വീട്ടിലും നേരിട്ടുചെന്ന് സംസാരിച്ച് എന്താണ് കുടുംബശ്രീ പ്രസ്ഥാനം എന്ന് ബോധ്യപ്പെടുത്തണം. സ്ത്രീകളെയല്ല, അവരുടെ ഭര്‍ത്താക്കന്മാരെ വേണം ഇതൊക്കെ പറഞ്ഞു മനസ്സിലാക്കിക്കാന്‍. വീട്ടിലെ ആണുങ്ങളുടെ സമ്മതമുണ്ടെങ്കിലേ സ്ത്രീകളെ കൂട്ടി ഒരു അയല്‍ക്കൂട്ടം രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് വീടുകളില്‍ ആണുങ്ങള്‍ ഉള്ള നേരം നോക്കി വേണം പോകാന്‍. പകല്‍ ഇവരൊക്കെ ജോലിക്ക് പോയിരിക്കുകയായിരിക്കും. മിക്കവാറും രാത്രി മാത്രമേ പോയി സംസാരിക്കാന്‍ പറ്റൂ.
പുറത്തിറങ്ങിയതിന് ആക്രമണം
കുടുംബശ്രീയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് തുടക്കം മുതല്‍ ധാരണയുണ്ടായിരുന്നതുകൊണ്ട് ഈ ബുദ്ധിമുട്ടുകളൊന്നും വലിയ കാര്യമായി എനിക്ക് തോന്നിയിരുന്നില്ല. ഭാവിയില്‍ ഇത് കേരളത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഒരു കൂട്ടായ്മയായി വളര്‍ത്താനുള്ള ആദ്യത്തെ പടികളാണ് ഇതെല്ലാമെന്ന് അറിയാമായിരുന്നു. അങ്ങനെ ഓരോ വീടും കയറിയിറങ്ങി അംഗങ്ങളെ ചേര്‍ത്തു. ഒരാഴ്ച മീറ്റിംഗില്‍ വരുന്നവരെ പിന്നീട് കാണില്ല. വീണ്ടും ഇവരുടെ വീടുകളില്‍ ചെല്ലും. സംസാരിക്കും. അടുത്ത തവണ ഉറപ്പായും വരണമെന്ന് പറയും. ഇതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു കുറേക്കാലം.
ഒരു ദിവസം രാത്രിയില്‍ വീട് സന്ദര്‍ശനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ എന്നെ രണ്ടുമൂന്നുപേര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. കൂട്ടവും ബഹളവും കണ്ട് നാട്ടുകാര്‍ അവരെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു. എന്നെ ആക്രമിച്ചതിന് അവര്‍ പറഞ്ഞ കാരണം തമാശയായിത്തോന്നി. സ്ത്രീകള്‍ ഓരോ കാര്യവും പറഞ്ഞ് പുറത്തിറങ്ങി നടന്ന് ഒടുക്കം ഭര്‍ത്താക്കന്മാരെ അനുസരിക്കാത്തവരായിമാറും. അതിന് അവരെ പ്രേരിപ്പിക്കുന്ന ആളായതുകൊണ്ടാണ് എന്നെ ആക്രമിച്ചതത്രേ!
കുടുംബശ്രീ സംഘടനാ സംവിധാനം എത്രയോ ബോധവത്കരണ ക്ലാസുകളിലൂടെയാണ് ഈ മനോഭാവത്തിന് ഒരു മാറ്റമുണ്ടാക്കിയത്. കുടുംബശ്രീയെ കേരളം മെല്ലെ അംഗീകരിച്ചു. കുടുംബശ്രീയുടെ വളര്‍ച്ചക്കൊപ്പം ഞാന്‍ വാര്‍ഡ് തല ലീഡറായും ഒരു പഞ്ചായത്തിന്റെ നേതൃനിരയിലേക്കും പിന്നീട് സി.ഡി.എസ് ചെയര്‍പേഴ്‌സണായും സ്ഥാനങ്ങള്‍ വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ആയും പിന്നീട് ബ്ലോക്ക് മെമ്പര്‍ ആയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ഇന്ന് സാമൂഹികവിഷയങ്ങളില്‍ കേരളത്തിലെ ചര്‍ച്ചകളും പെരുമാറ്റ രീതികളും കാണുമ്പോള്‍ പണ്ട് കേരളം എന്തായിരുന്നെന്നും ജീവിതരീതിയും സാഹചര്യവും എന്തായിരുന്നെന്നും ആളുകള്‍ മറന്നുപോയതായി തോന്നാറുണ്ട്. ഞാന്‍ ബ്ലോക്ക് മെമ്പര്‍ ആയിരുന്ന സമയത്ത് ഒരു എയ്ഡ്‌സ് രോഗി മരിച്ചു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് എത്തുമ്പോഴേക്ക് മരിച്ചയാളുടെ ഭാര്യയും മക്കളും വീടുപൂട്ടി സ്ഥലം വിട്ടിരുന്നു.
ആശുപത്രിയില്‍നിന്ന് വന്നവര്‍ ശരീരം വീടിന്റെ വരാന്തയില്‍ കിടത്തി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോള്‍ അയല്‍ക്കാര്‍ വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ എന്നെ കാര്യമറിയിച്ചു. ഞാനെത്തിയപ്പോഴേക്ക് ഒരാളെ ഏല്‍പ്പിച്ച ആശ്വാസത്തില്‍ അവരും സ്ഥലംവിട്ടു. അതൊരു കോരിച്ചൊരിയുന്ന മഴക്കാലമായിരുന്നു.

മരിച്ചയാളുടെ വീടിന്റെ മുറ്റം കാണാന്‍ പറ്റാത്തവിധത്തില്‍ വെള്ളവും. അങ്ങനെ അന്നത്തെ മുന്‍ എംപി ആയിരുന്ന അഡ്വ. എം തോമസിനെ വിളിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ആവശ്യത്തിന് വിറക് വാങ്ങി. നാട്ടുകാരും അയല്‍ക്കാരും ദൂരെ കൂട്ടംകൂടി നിന്നതല്ലാതെ സഹകരിക്കാന്‍ തയ്യാറായില്ല. എല്ലാവര്‍ക്കും പേടിയായിരുന്നു.
രോഗിയെ കണ്ടാല്‍തന്നെ എയ്ഡ്‌സ് പകരും എന്നൊക്കെയായിരുന്നു ആളുകളുടെ വിചാരം. ഒടുവില്‍ പഞ്ചായത്ത് ഇടപെട്ട് സഹകരിക്കാന്‍ തയ്യാറുള്ള ചിലരെ കണ്ടെത്തി. വെള്ളത്തിനു മുകളില്‍ ചങ്ങാടം ഉണ്ടാക്കി അതില്‍ വെച്ച് ശരീരം ദഹിപ്പിച്ചു. മറക്കാന്‍ കഴിയാത്ത ഇത്തരം ചില അനുഭവങ്ങള്‍ കൂടെയാണ് സാമൂഹ്യപ്രവര്‍ത്തനം തന്നത്. അക്കാലത്തായിരുന്നു എന്റെ വിവാഹം. ജീവിതത്തില്‍ പണത്തിനുള്ള സ്ഥാനം മനസ്സിലാക്കിയത് അപ്പോള്‍ മുതലായിരുന്നു.
വരുമാനമുള്ള തൊഴിൽ വേണം
വരുമാനമുള്ള ഒരു തൊഴില്‍ വേണമെന്ന് ചിന്തിച്ചപ്പോഴും കുടുംബശ്രീ അല്ലാതെ വേറൊന്നും മനസ്സില്‍വന്നില്ല. അങ്ങനെ ജില്ലാമിഷനില്‍ സംരംഭവികസന ടീമംഗമായി മാറി. സ്ത്രീകള്‍ക്ക് ചെറിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കുക, ബിസിനസില്‍ വരുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുക ഇതൊക്കെയായിരുന്നു ചുമതല.
വീട്ടില്‍ സാമ്പത്തിക ആവശ്യങ്ങള്‍ കൂടിവന്നപ്പോള്‍ മറ്റൊരു മാര്‍ഗം ആലോചിക്കേണ്ട അവസ്ഥയായി. ആ സമയത്താണ് എന്‍.ആര്‍.ഒയെക്കുറിച്ച് അറിയുന്നത്. അപേക്ഷിച്ചാലോയെന്ന് തോന്നി. വേറെ നാടുകള്‍ കാണുകയും ചെയ്യാമല്ലോ. നൂറോളംപേര്‍ പങ്കെടുക്കുമ്പോള്‍ ഇരുപത് പേരെയാണ് തെരഞ്ഞെടുക്കുന്നത്.
മാത്രമല്ല, നാട്ടിലെ നിലവിലെ ജോലിയില്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ഇടപെടാനുമുള്ള സമയം ധാരാളമുണ്ടായിരുന്നു. ചുറ്റുപാടുകളില്‍നിന്നുമുള്ള വിടുതലാണ് കേരളത്തിന് വെളിയിലേക്ക് പോയാല്‍ സംഭവിക്കാനുള്ളത്. അതുകൊണ്ട് ഇക്കാര്യത്തില്‍ രണ്ടു മനസ്സായിരുന്നു. പക്ഷേ പണത്തിന് പണം തന്നെ വേണമല്ലോ. സാമ്പത്തികബാധ്യത മുന്‍പിലുള്ളപ്പോള്‍ അത് മറികടക്കലാണല്ലോ അത്യാവശ്യം. അങ്ങനെയാണ് സെലക്ഷനില്‍ പങ്കെടുത്തത്. എനിക്ക് സെലക്ഷന്‍ കിട്ടി. പരിശീലനത്തിനും ശേഷമാണ് അറിയുന്നത് പോകേണ്ടത് കര്‍ണാടകത്തിലേക്കാണ് എന്ന്.
ദേവിഹാള്‍ പഞ്ചായത്തിലെ മഞ്ജുള
കര്‍ണാടകത്തിലെ ഗദക് ജില്ലയിലേക്കാണ് നിയമനം. വീണ്ടും ആശയക്കുഴപ്പത്തിലായി. കന്നഡ ഒരു ഭാഷയാണ് എന്നല്ലാതെ മറ്റൊന്നും എനിക്കറിഞ്ഞൂടാ. അതുവരെ ഇടപെട്ട മേഖലയിലൊക്കെ കഴിവിന്റെ പരമാവധി പ്രവര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് അവിടെ ചെന്നിട്ട് ഒന്നും ചെയ്യാന്‍ പറ്റാതെവന്നാല്‍ എന്തുചെയ്യുമെന്ന ഭയം.
ജീവിതത്തിലെ അനിശ്ചിതാവസ്ഥകള്‍ ശീലമുള്ളതുകൊണ്ട് ഒടുവില്‍ എന്തും നേരിടാം എന്നുതന്നെ തീരുമാനിച്ചു. കര്‍ണാടകയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ലയാണ് ഗദക്. വെള്ളം ശേഖരിച്ചു കൃഷിക്ക് ഉപയോഗിക്കുന്ന ഇവിടത്തെ രീതി പിന്തുടരപ്പെടേണ്ടതാണ്. മുളക്, സവാള, വെളുത്തുള്ളി, കടല, പയര്‍ എന്നിവയാണ് പ്രധാന കൃഷിയിനങ്ങള്‍.
എല്ലാ മാസവും എന്തെങ്കിലുമൊക്കെ ആഘോഷങ്ങള്‍ കാണും. ദീപാവലിയും മകരസംക്രാന്തിയുമാണ് വിശേഷപ്പെട്ട ദിവസങ്ങള്‍. നമ്മുടെ കര്‍ക്കിടകവാവ് പോലെ പിതൃക്കളുടെ ദിനമാണ് മകരസംക്രാന്തി. സ്ത്രീകള്‍ പൊതുവെ കൃഷിയും മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് പുറത്തിറങ്ങുന്നത്. എല്ലാ കൃഷിയിടങ്ങളിലും അവരവരുടെ കുലദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ടാകും.
കൂടുതല്‍ ഉല്‍പന്നങ്ങളും കയറ്റിയയക്കുന്നത് കേരളത്തിലേക്കാണ്. ഹാന്‍ഡിക്രാഫ്റ്റും നെയ്ത്തും അറിയാവുന്ന സ്ത്രീകള്‍ അത് തൊഴിലാക്കി എടുത്തിട്ടുണ്ട്. നെയ്യുന്നത് കൂടുതലും മഹാരാഷ്ട്രക്കാണ് കയറ്റി അയക്കുന്നത്. പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. അത് എങ്ങനെ പ്രവര്‍ത്തിക്കണം, തങ്ങള്‍ക്ക് എന്തൊക്കെ ഉപകാരങ്ങള്‍ ഉണ്ട് എന്നൊന്നും ആളുകള്‍ക്ക് അറിയില്ല.
അവിടെ ചെന്നദിവസം തന്നെ തലക്കകത്ത് നക്ഷത്രം മിന്നുന്നത് അനുഭവിച്ചു. ഒന്നും മനസ്സിലാകുന്നേയില്ല. തിരികെ പോയാലോ എന്നുവരെത്തോന്നി. എന്റെ നിസ്സഹായാവസ്ഥ കണ്ടിട്ടാവും അവിടത്തെ ഉദ്യോഗസ്ഥര്‍ ഹിന്ദി അറിയാവുന്ന ഒരു കണ്‍സള്‍ട്ടന്റിനെ സഹായത്തിന് നല്‍കി. ഒരു പരിചയവുമില്ലാത്ത, ഭാഷയോ ജീവിതമോ അറിയാത്ത ഒരിടത്തുചെന്ന് അവിടെയുള്ള ആളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക...അവരില്‍ ഒരാളായി മാറുക ശരിക്കും അതൊരു പരീക്ഷണ കാലഘട്ടമായിരുന്നു.
തുടക്കത്തില്‍ വാടകക്ക് വീടെടുത്ത് താമസിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ഹിന്ദി അറിയാവുന്ന ആളുകള്‍ ഉള്ള ഒരു വീട്ടില്‍ തല്‍കാലം താമസിക്കാന്‍ ഇടം ശരിയാക്കി. ബ്ലോക്കിലെ തന്നെയുള്ള ആളുകളെയാണ് സംരംഭവികസനത്തിന് തെരഞ്ഞെടുത്തത്. ഇതിനായി തയ്യാറാക്കിയ മുഴുവന്‍ ആളുകളും വളരെയധികം കഷ്ടപ്പാടുകളില്‍ നിന്ന് വരുന്നവരായിരുന്നു. വിധവകളായിരുന്നു കൂടുതലും. ഇവര്‍ക്ക് വീട്ടില്‍ ജോലികളൊക്കെ തീരുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
അവരില്‍ ദേവിഹാള്‍ പഞ്ചായത്തിലെ മഞ്ജുള എന്ന സ്ത്രീയെ ഒരിക്കലും മറക്കാന്‍ പറ്റില്ല. പതിനേഴാമത്തെ വയസ്സില്‍ അച്ഛന്റെ അടുത്ത ബന്ധുവിന്റെ മകനാണ് വിവാഹം കഴിച്ചത്. വിവാഹശേഷം മഞ്ജുളയുടെ ജീവിതം ദുരിതമായിരുന്നു. ആ വീട്ടിലെ പണികളെല്ലാം തനിയെ ചെയ്യണം. ഭര്‍ത്താവിന്റെ അമ്മ ഉപദ്രവിക്കും. ഭര്‍ത്താവും അതിന് കൂട്ടുനില്‍ക്കും. ദിവസങ്ങള്‍ കഴിയും തോറും പ്രശ്‌നങ്ങള്‍ അധികമായിക്കൊണ്ടിരുന്നു. അമ്മയുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതായപ്പോള്‍ ഒടുവില്‍ അവര്‍ വീട് മാറിത്താമസിച്ചു. എന്നാല്‍ അധികം വൈകാതെ മഞ്ജുളയുടെ ഭര്‍ത്താവ് മരിച്ചു. അങ്ങനെ പത്തൊന്‍പതാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി വിധവയായി.
വിധവകളായ പെണ്‍കുട്ടികളെ കര്‍ണ്ണാടകയില്‍ ഒരുപാട് കാണാന്‍ കഴിയും. മറ്റൊരു കുടുംബത്തിലേക്ക് സ്വത്ത് പോകരുതല്ലോ എന്നോര്‍ത്ത് ആണുങ്ങള്‍ സ്വന്തം കുടുംബത്തില്‍ നിന്നുതന്നെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കും. അതില്‍ പ്രായത്തിനോ സ്വഭാവത്തിനോ പ്രാധാന്യമൊന്നും കൊടുക്കില്ല. അതുകൊണ്ടുതന്നെ മിക്കപ്പോഴും പ്രായമുള്ളവരെ വിവാഹം കഴിക്കേണ്ടിവരുന്ന ഈ പെണ്‍കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിധവകളാവുകയും ചെയ്യും.
സ്ത്രീധനമായി നല്‍കിയ പണമോ വസ്തുക്കളോ തിരികെനല്‍കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയ്യാറാവുകയുമില്ല. അതോടെ സ്വത്തും ജീവിതവും നഷ്ടപ്പെട്ട് ചെറിയ പ്രായത്തില്‍തന്നെ മരണമൊത്ത ജീവിതമാവും ഇവരുടേത്. മഞ്ജുളയുടെ സ്ഥിതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ലായിരുന്നു. ഈ കാലത്താണ് അവള്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് ആവുന്നത്. അവളുടെ കെട്ടിക്കിടന്ന ജീവിതത്തിന് ഒഴുക്കായിത്തുടങ്ങി. വീട്ടില്‍നിന്ന് പുറത്തിറങ്ങി നടക്കാനും സ്വന്തമായി വരുമാനം ഉണ്ടാക്കാനും സാധിച്ചു.
വരുമാനത്തേക്കാള്‍ ഇതിലുപരിയായി ആത്മവിശ്വാസവും തനിയെ ജീവിക്കാം എന്നുള്ള ധൈര്യവും ഉണ്ടായിട്ടുണ്ട്. അവരുടെ സ്ഥിതിയില്‍ സ്ഥിരവരുമാനം ആവശ്യമായതുകൊണ്ട് ഞങ്ങള്‍ മഞ്ജുളയെ ഒരു ബിസിനസ്സ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. ആദ്യമൊന്നും ധൈര്യമില്ലായിരുന്നെങ്കിലും സംരംഭ വികസനടീമിന്റെ പിന്തുണയോടെ ഒടുവില്‍ അവര്‍ ഒരു ലക്ഷം രൂപ ലോണെടുത്ത് ഒരു ഫ്‌ളോര്‍ മില്‍ തുടങ്ങി. ഇപ്പോള്‍ അതിന്റെ വരുമാനം കൊണ്ടാണ് അവര്‍ ജീവിക്കുന്നത്.
സാവിത്രി ഹിരോളി
ഓര്‍മ്മയില്‍നിന്ന് മായാത്ത മറ്റൊരു പെണ്‍കുട്ടി സാവിത്രി ഹിരോളിയാണ്. പഠിക്കാന്‍ മിടുക്കിയായിരുന്നു സാവിത്രി. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ വീടിനടുത്ത് തുണിക്കച്ചവടം നടത്തുന്ന ഒരാളുടെ വിവാഹാലോചന വന്നു. കുറഞ്ഞ സ്ത്രീധനമാണ് അയാള്‍ ചോദിച്ചതെന്ന ഒറ്റക്കാരണം കൊണ്ട് കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ മറ്റൊന്നുമാലോചിക്കാതെ അതിന് സമ്മതിച്ചു.
ഇന്ത്യന്‍ ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ മാതാപിതാക്കളെ സംബന്ധിച്ച് ആധിയും ബാധ്യതയുമാണല്ലോ. അങ്ങനെ സാവിത്രിയുടെ വിവാഹം കഴിഞ്ഞു. അയാള്‍ അവളുടെ വീട്ടില്‍തന്നെയാണ് നിന്നത്. ആദ്യം ഇതിന് പല കാരണങ്ങളും പറഞ്ഞെങ്കിലും കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ അറിഞ്ഞു അയാള്‍ നേരത്തെ വിവാഹം കഴിച്ചിട്ടുള്ളതാണ്. അതില്‍ മൂന്നു മക്കളുമുണ്ട്. മാനസികമായി തകര്‍ന്നെങ്കിലും അയാളെ ഉപേക്ഷിക്കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ സാവിത്രിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അയാളുടെ സഹായമില്ലാതെ സ്വയം വരുമാനം ഉണ്ടാക്കി ജീവിക്കണം എന്ന ഒറ്റവാശിയായിരുന്നു പിന്നീട് അവര്‍ക്ക്. ആദ്യം തയ്യല്‍ പഠിക്കാന്‍ ചേര്‍ന്നു. ആ സമയത്താണ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത് അറിഞ്ഞത്. അങ്ങനെ സംരംഭവികസന ടീമംഗമായി. സ്വന്തം വരുമാനമായ ശേഷം അഭിമാനത്തോടെ മാതാപിതാക്കളോടൊത്ത് ജീവിക്കുന്നു.
ഇവര്‍ക്ക് ഉണ്ടായ വരുമാനം അല്ല ഇവരെ ഓര്‍ക്കാന്‍ കാരണം. ജീവിതം തന്നെ ദുരിതമായിട്ടും അടച്ച മുറികളില്‍ ഒതുങ്ങിക്കൂടാന്‍ തയ്യാറാവാതെ വ്യവസ്ഥിതിയോട് സമരം ചെയ്ത് ജീവിതം തിരികെ പിടിച്ച പെണ്ണുങ്ങളാണ് ഇവര്‍. നമ്മളറിയാത്ത ഗ്രാമങ്ങളിലെ സ്ത്രീജീവിതങ്ങളില്‍ വരുന്ന വലിയ മാറ്റങ്ങളില്‍ കുടുംബശ്രീ പോലുള്ള സംഘടനകളുടെ പങ്ക് വലുതാണ്.
കര്‍ണാടകയില്‍ ഏകദേശം മൂന്നുവര്‍ഷം ജോലി ചെയ്തു. അക്കാലം കൊണ്ട് 586 സംരംഭങ്ങള്‍ തുടങ്ങാനുള്ള പിന്തുണ നല്‍കാന്‍ കുടുംബശ്രീ എന്‍.ആര്‍.ഒക്കു കഴിഞ്ഞു. തുടങ്ങിയവയില്‍ ഏകദേശം എണ്‍പത് ശതമാനം ബിസിനസുകളും ഇപ്പോഴും മികച്ച രീതിയില്‍ നടക്കുന്നുണ്ട്. സ്ത്രീകളുടെ പൊതുപങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്ടിയും ഉല്‍പന്നങ്ങള്‍ മികച്ച വിലയില്‍ സമീപപ്രദേശങ്ങളില്‍ത്തന്നെ വില്‍ക്കാന്‍ വേണ്ടിയും ഒന്‍പത് ആഴ്ചച്ചന്തകള്‍ക്ക് രൂപം കൊടുത്തിരുന്നു. അവയും നല്ല രീതിയില്‍ തുടര്‍ന്നുപോരുന്നു.
നിലവില്‍ ഞാന്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്കിലാണ് ജോലി ചെയ്യുന്നത്. ഇവിടെ 1083 ബിസിനസുകളാണ് കുടുംബശ്രീ എന്‍.ആര്‍.ഒ യുടെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുള്ളത്. കര്‍ണാടകത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നതും കേരളത്തില്‍ ജോലി ചെയ്യുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇവിടത്തെ പഞ്ചായത്തു പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. ഏതൊരു പ്രോജക്റ്റിനും നല്ല രീതിയിലുള്ള പിന്തുണ കിട്ടാറുണ്ട്. അപൂര്‍വ്വം ചിലയിടത്തൊഴിച്ച് കേരളത്തിലെ ത്രിതല സംവിധാനങ്ങള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ എന്‍.ആര്‍.ഒ-യില്‍ വന്ന ഞാന്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കുണ്ടായ നേട്ടങ്ങള്‍ നിരവധിയാണ്. കമ്പ്യൂട്ടര്‍ എന്ന് കേട്ടിട്ടുള്ളതല്ലാതെ അത് ഉപയോഗിക്കാന്‍ പഠിക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലാത്ത എനിക്ക് ഇപ്പോള്‍ സ്വന്തമായി കമ്പ്യൂട്ടര്‍ ഉണ്ട്. ബിസ്സിനസ് എന്താണെന്നും അതെങ്ങനെ നടത്തണമെന്നും കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയ കേരളത്തിന് അതെത്ര മാത്രം ആവശ്യമാണെന്നും എന്‍ ആര്‍ ഒ നല്‍കിയ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ക്ലാസുകളില്‍നിന്ന് പഠിച്ചിട്ടുണ്ട്. ഒരു സാധാരണ സാമൂഹ്യപ്രവര്‍ത്തകയില്‍ നിന്ന് ഒരു ബിസിനസ് കണ്‍സള്‍ട്ടന്റ് ആയതിന്റെ പ്രൊഫഷണലായ മാറ്റം വ്യക്തി എന്ന നിലയിലും ആത്മവിശ്വാസം നല്‍കുന്നുണ്ട്. അത് കുടുംബശ്രീ നല്‍കിയ അവസരങ്ങളും പരിശീലനങ്ങളും കൊണ്ടുമാത്രം ഉണ്ടായിട്ടുള്ളതാണ്.
ഉമ അഭിലാഷ്: 2007-2012 കാലത്ത് Awake HRD Training Institute and Research centre അംഗം, കുടുംബശ്രീ ജില്ലാ, സംസ്ഥാനതലങ്ങളില്‍ വിവിധ പരീശീലനങ്ങള്‍ ഏറ്റെടുത്തു നടത്തി. തൃശൂര്‍ 'കില'യുടെ താത്കാലിക ഫാക്കള്‍ട്ടി ആയി പ്രവര്‍ത്തിച്ചു. 2012 മുതല്‍ കുടുംബശ്രീ എന്‍.ആര്‍.ഒയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ സംരംഭ വികസനത്തില്‍ പരീശീലനം നല്‍കി. 2016- 2018ല്‍ പത്തനംതിട്ട ജില്ലയില്‍ മെന്റ്റര്‍ ആയി പ്രവര്‍ത്തിച്ചു. 2018 മുതല്‍ ബീഹാറില്‍ മെന്റ്റര്‍ ആയി ജോലി ചെയ്യുന്നു.
ടി.എം. ഉഷ: 2000 ത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകയായി പനച്ചിക്കാട് പഞ്ചായത്തിന്റെ സി.ഡി.എസ് ചെയര്‍പേഴ്‌സനായി. തുടര്‍ന്ന് പനച്ചിക്കാട് പഞ്ചായത്ത് മെമ്പറും. 2005 പള്ളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായിരുന്നു. തിരുവനന്തപുരം ജില്ലാ മിഷനില്‍ മൈക്രോ എന്റെര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ കുടുംബശ്രീ എന്‍.ആര്‍.ഒ അംഗമാണ്. ബീഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെന്റ്റര്‍ ആയി പ്രവര്‍ത്തിച്ചു. നിലവില്‍ മലപ്പുറം നിലമ്പൂര്‍ ബ്ലോക്കില്‍ വര്‍ക്ക് ചെയ്യുന്നു.
കുടുംബശ്രീ മിഷന്‍ ജീവനക്കാരികള്‍ എഴുതി ഗ്രീന്‍പെപ്പെര്‍ പുബ്ലിക്ക പുറത്തിറക്കുന്ന ‘പെണ്ണുങ്ങള്‍ അടയാളപ്പെടുത്തുന്ന ഭൂപടങ്ങള്‍' എന്ന പുസ്തകത്തില്‍നിന്ന്
Vinaya
11 Sep 2021, 01:11 PM
👍👍great.
Nitha
9 Oct 2020, 07:56 AM
Realy good
Vinitha v
8 Oct 2020, 08:09 AM
😍😍😍😍😍😍
Manikantan
7 Oct 2020, 05:16 PM
Supper
Molly george
7 Oct 2020, 01:57 PM
Good, grateful
Milka
7 Oct 2020, 01:32 PM
Great
സുനിത രാഘവൻ
7 Oct 2020, 09:45 AM
ഞാൻ അറിയുന്ന എന്റെ ഉമ എല്ലാം പറഞ്ഞു തീർന്നു എന്ന് വിശ്വസിക്കുന്നില്ല. എന്നാലും ജീവിതം എന്ന പുസ്തകത്തിന്റെ വലിയൊരു ഏടിൽ നിന്നുള്ള ചെറിയൊരു അദ്ധ്യായം, വളരെ നന്നായിട്ടുണ്ട്. കേരള സംസ്കാരം തന്നെ മാറ്റിയെടുത്ത, കേന്ദ്രീകൃത നയങ്ങളെ സ്ത്രീകളുടെ പങ്കാളിതത്തോടെ അധികാര വികേന്ദ്രീകരണത്തിലേക്കു നയിച്ച, സാമൂഹ്യ പരിഷ്കാരണത്തിൽ മറ്റുരച്ച്, അതിരുകളില്ലാതിരുന്ന അരുതുകളെ ദൂരെയെറിഞ്ഞ സ്ത്രീജന്മങ്ങളെ വാർത്തെ ടുത്ത കുടുംബശ്രീയോടൊപ്പം നിൽക്കുന്നവർ ക്കുണ്ടായ മാറ്റങ്ങൾ വളരെ അത്ഭുതത്തോടെയാണ് ലോകം നോക്കികണ്ടത്. അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ ഒടുങ്ങേണ്ട പാഴ്ജന്മങ്ങൾ ഇന്ന് ലോകത്തെ തന്റെ വിരൽത്തുമ്പിൽ ഒതുക്കി. തനിക്കുണ്ടായ ജീവിതാണെന്നുഭവങ്ങളുടെയും അറിവുകളുടെയും അദ്ധ്യായങ്ങൾ പേറി മറ്റു പെൻജീവിതങ്ങൾക്ക് വഴികാട്ടിയായി.. ഈ നേട്ടം കുടുംബശ്രീയുടേതാണ് എന്ന് പറയുമ്പോൾ തോമസ് ഐസക് സർ നെ ഓർക്കാതെ വയ്യ. വളരെ നന്ദി ഉമ & ഉഷച്ചേച്ചി ഈ വലിയ ലോകത്തിലേക്കു നിങ്ങളുടെതായ സംഭാവന വളരെ യേറെ അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇനിയും എഴുതണം. പ്രവർത്തിക്കണം..കാത്തിരിക്കുന്നു..
Prem .c.c
7 Oct 2020, 07:59 AM
നന്നായിട്ടുണ്ട് , ഒന്നോർക്കുക ചരിത്രം സ്ത്രികൾക്കെന്നോ പുരുഷൻമ്മാർക്കെന്നോ വേർതിരിച്ചുനൽകിയിട്ടില്ല സ്ത്രി ആയാലും പുരുഷനായാലും ചരിത്രത്തിൻ്റെ ഭാഗമായിട്ടുണ്ടെങ്കിൽ അവരെ ചരിത്രം വാഴ്ത്തിയിട്ടേയുള്ളൂ .എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു
P. J. Mathew
6 Oct 2020, 11:57 AM
Very inspiring stories. Thanks toThink. Why are such stories not found in our mainstream media?
എം.സുല്‍ഫത്ത്
Jan 12, 2023
10 Minutes Read
അനുപമ മോഹന്‍
Jan 03, 2023
5 Minutes Read
എസ്.കെ. മിനി
Dec 24, 2022
6 Minutes Read
മനില സി.മോഹൻ
Dec 05, 2022
23 Minutes Watch
ഷഫീഖ് താമരശ്ശേരി
Oct 05, 2022
35 Minutes Watch
Jyothi omanakuttan
11 Sep 2021, 10:01 PM
Great, very great information about surviving women 🙏