ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ

പ്രണയം "ഹറാമാ'യികരുതിപ്പോന്ന ഫ്യൂഡൽ- മുസ്​ലിം വീക്ഷണത്തോട് കയർത്തുജീവിച്ച എനിക്ക് സാമൂഹിക സ്വപ്നങ്ങളെ വാർത്തെടുക്കുന്നതിൽ സിനിമകളും ചലച്ചിത്ര സംഗീതവും വഴികാട്ടിയായി. കേരളത്തിന്റെ നവോത്ഥാന സംരംഭങ്ങളെ തീർക്കുന്നതിൽ അക്കാലത്തെ ക്ഷുഭിതയൗവനങ്ങളുടെ പ്രണയസ്വപ്നങ്ങൾക്ക് ഏറിയ പങ്കുണ്ടായിരുന്നു എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു -അവ പലപ്പോഴും പരാജയത്തിൽ വീണുടഞ്ഞവയാണെങ്കിലും!

വാൽക്കണ്ണെഴുതി
വനപുഷ്പം ചൂടി...

പ്രൊഫസറുമൊത്ത് പിക്‌നിക്കിനു വന്ന കോളേജുകുമാരീ കുമാരന്മാർ.
അവർ അപൂർവമായൊരു പ്രണയ-സഹസിക കഥക്ക് ചന്തം വിതറി.
കാലം ആ കഥ കേൾക്കാൻ കാത്തിരിക്കയായിരുന്നു. ഋതുക്കൾ പ്രണയത്തിൽ ഇടപെടുന്ന രീതിയായിരുന്നു അക്കാലത്തെ സിനിമകളുടെ സവിശേഷത. കാർഷിക സംസ്‌കൃതി ഏറെ കൊണ്ടാടിയിരുന്ന കാലമായിരുന്നല്ലോ, 1970- 80 കൾവരെയുള്ള ദശകങ്ങൾ. മഴയും വെയിലും തണലും പുഴയും മണലും വൃക്ഷലതാദികളും കാറ്റും, എന്നു വേണ്ട എന്തും സിനിമാപ്രണയത്തിൽ കൂടിക്കുഴയും.

അതിനെല്ലാം കൂടിപ്പറയുന്ന പേരുകൂടിയാണ്, മരംചുറ്റിപ്രേമം, എന്ന്. പ്രേം നസീറായിരുന്നു ഇക്കാര്യത്തിൽ വേന്ദ്രൻ. നസീറിന്റെ ജനപ്രിയമായ അഴകും ചൊടിയും അത്തരം ആട്ടങ്ങൾക്ക്പറ്റിയ പ്രകൃതം കൂടിയൊരുക്കി. മറ്റു പല സിനിമകളെയും പോലെ അന്നത്തെ ബ്ലോക്ക്ബസ്റ്റർ മൂവികളുടെ സംവിധായകനായ ശശികുമാറിന്റെ പിക്‌നിക് മാനസികമായ എന്റെ പ്രണയസഞ്ചാരങ്ങളുടെ ആകാശപ്പരപ്പിൽ കൂടുതൽ ഭാവന തുന്നിച്ചേർത്ത ഒരു സിനിമയത്രേ.

കുറേ കാലമായി അവളെ, എന്നുമെന്നോണം കാണുന്നുണ്ട്.
ഏഴാം ക്ലാസ്​ വരെ അടുത്തടുത്ത ക്ലാസുകളിൽ പഠിച്ചിട്ടുട്ടെങ്കിലും, എന്തോ ഒരകലം സാമാന്തരമായ രണ്ടുകരകളെപ്പോലെ ഞങ്ങളെ തനിച്ചാക്കി. അകൽച്ച ഒരു രക്ഷാകവമാണ്. പിന്നെയവൾ പഠനം നിറുത്തി, മംഗല്യവതിയായി. കഥകൾക്കിടയിൽ കാലം ചിലത് ഒലിച്ചുപോയി. ഒന്നിനുമീതെ മറ്റൊന്നായി ബോധോദയത്തിന്റെ മിന്നൽപ്പിണർ തീർക്കുമ്പോഴൊക്കെ അവയെ മൗനംകൊണ്ട് തടുത്ത് ഒറ്റയ്ക്ക് നടന്നു. എത്രയും നടക്കാൻ ഭൂമി വിശാലമായിരുന്നു, അന്ന്. ഗൾഫ് ഇക്കണോമി ജീവിതത്തിന്റെയെല്ലാമാണ് എന്നു ചിന്തിച്ചു തുടങ്ങിയിട്ടില്ല. ഡ്രാഫ്റ്റുകൾ വന്നുതുടങ്ങുന്നേയുള്ളൂ. അതുകൊണ്ട് മലബാറിൽ "വീടുകൃഷി' ആരംഭിച്ചിട്ടില്ല. സ്വകാര്യമായതും പൊതുവായതും ഇല്ലിമുള്ളുവേലികൾക്കപ്പുറവും ഇപ്പുറവും ആലിംഗനബദ്ധരായിത്തന്നെ കിടക്കുന്ന ഭൂഭാഗങ്ങളുടെ കാലം. വലിയ മതിൽകെട്ടി വീടുകളും മനസ്സും പരസ്പരം വിഭജിക്കാത്ത, ആക്കാലത്തെ അർദ്ധഫ്യൂഡൽ -മധ്യവർഗ കുടുംബങ്ങളിലെ പ്രണയങ്ങൾക്ക് എന്നും മിതശീതോഷ്ണ കാലാവസ്ഥയായിരുന്നു.

അങ്ങനെയിരിക്കെയാണ് തലേദിവസം ഞങ്ങൾ കൂട്ടംകൂടിപ്പോയി വേങ്ങര വിനോദ് ടാക്കീസിലിൽ നിന്ന്​ കണ്ട പിക്‌നിക് സിനിമയുടെ കഥ അവളോട് പറഞ്ഞത്​. ഞങ്ങൾ മാമ എന്ന്​ പൊതുവായി വിളിക്കാറുള്ള അവളുടെ ഉമ്മാമ സിനിമാകഥ കേൾക്കാൻ കൂടെയിരിക്കും. അവരുടെ മുഖ്യ ജീവിതവ്യവഹാരം നാലുംകൂട്ടി മുറുക്കലും കഥകേൾക്കലും പഴങ്കഥ പറച്ചിലുമാണ്. സിനിമാക്കഥയിലെ വില്ലന്മാരെക്കുറിച്ച് കേൾക്കുമ്പോഴൊക്കെ, യൗവനത്തിൽ അവർ കണ്ട ഒരു നാടകത്തിലെ "കത്തിരംഗം' കണ്ടു പേടിച്ച കഥ അവർ അയവിറക്കും.

പിക്‌നിക് സിനിമയുടെ കഥ പറഞ്ഞുകേട്ടപ്പോൾ, മൂക്കത്ത് വിലൽവെച്ചു അത്ഭുതത്തോടെയവൾ ചോദിച്ചു: "ഇതൊക്കെ ഉള്ളതാണോ, കുട്ടീ? എല്ലാ സിൽമകളും ഇങ്ങനെയാണോ?'
കുട്ടി, എന്നാണ് അവൾ എന്നെ സംബോധന ചെയ്യാറ്. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ആഴത്തിലുള്ള മൗനത്തിന്റെ സ്‌നേഹഖനികളിൽനിന്നു തന്നെയാണോ ഈഅമൃതബിന്ദുക്കൾ? കഥ പറയുന്ന ഒരാൾ പൊടുന്നനെ എന്റെ അകത്തുനിന്നും കൂടുതൽ കരുത്തോടെ കയറിവന്നു.

ഞാൻ പറഞ്ഞു: "എല്ലാ സിൽമയും അങ്ങനെയല്ല, ഈ സിൽമ ഇങ്ങനെയാണ്.'
വല്ലാത്ത നാണം തോന്നിച്ചു, അവളുടെ കണ്ണുകളിൽ..ഒരു നക്ഷത്രശോഭ, ആകാശത്ത് മിന്നി. വാലിട്ടെഴുതിയ അവളുടെ കണ്ണുകൾ ചലിച്ചപ്പോൾ അടുത്തുള്ള മാവിൽ കാറ്റിളകി.
പറവകൾ അണിയണിയായി ആകാശത്ത് വലംവച്ചു.
വല്ലാത്ത കാന്തികതയോടെ കണ്ണുകൾ ആകാശത്തെയുഴിയുന്നത് കണ്ടു. എല്ലാമറിഞ്ഞുകൊണ്ട് തന്നെ ഞാൻ ഉള്ളിൽ പലപ്പോഴും ചോദിക്കാൻ വെച്ച ചോദ്യമിട്ടു:

"അയാൾ എത്രകാലമായി പോയിട്ട്?'
"കുട്ടീ, മൂന്നരക്കൊല്ലം കഴിഞ്ഞു.'

ദുബായ് കത്തുപാട്ടിന്റെ കാലത്ത് അതൊരു സാധാരണ സംഭവമായിരുന്നു. മൂന്നും നാലും വർഷം കഴിഞ്ഞ്​ ഗൾഫിൽനിന്ന്​ ആണുങ്ങളുടെ മടങ്ങിയെത്തലുകൾ. എസ്.ഏ ജമീലിന്റെ ദുബായ് കത്തും മറുപടിയും, ഗൾഫിൽ നിന്ന്​ കൊണ്ടുവരുന്ന ടേപ്പ്​ റെക്കോർഡറിൽനിന്ന്​ ഒഴുകിയെത്താത്ത വീടുകൾ അക്കാലത്ത് ഞങ്ങളുടെ പ്രദേശത്ത് ഉണ്ടായിരുന്നില്ല. പെണ്ണുങ്ങൾ, ഒളിഞ്ഞും തെളിഞ്ഞും ആ പാട്ടു കേട്ട് ഉള്ളിൽ തീർത്താൽ തീരാത്ത കാത്തിരുപ്പിന്റെ വേദനയിൽ ആളി. ചിലർ ഒറ്റക്കിരുന്നു കരഞ്ഞു.

ഗൾഫിൽ ആണുങ്ങൾ അബ്‌സെന്റി ഹസ്ബന്റിസത്തിന്റെ വിപര്യയങ്ങൾ അയവിറക്കി അതേ കത്തുപാട്ടിലെ മറുപടിക്കത്ത് പൊട്ടിച്ചു.
മലക്കല്ല ഞാനെന്നത് വല്ലാത്തൊരു വാക്കാണ് /മനസ്സിൽ വെടിപൊട്ടിച്ചൊരിരട്ടക്കുഴൽ തോക്കാണ് /മാനാഭിമാനമുള്ള പുരുഷന്റെ നേർക്കാണ് /മറുപടി പറയാൻ കഴിയുന്നതാർക്കാണ്...
ഹൃദയം പൊട്ടിപ്പോകും...... എന്നൊക്കെ വിങ്ങിപ്പൊട്ടിയ കാലം.

ജലം മുറിവേൽപ്പിക്കുന്നു

ആ കണ്ണുകളിൽ കലക്കമുണ്ട്, ജലംകൊണ്ട് പൊള്ളിക്കുന്നത്.
തീപിടിക്കുമെന്ന് തോന്നിയപ്പോൾ, "ഞാൻ പോട്ടെ',
എന്നുപറഞ്ഞു പോന്നു. മുളകൂട്ടിക്കെട്ടിയുണ്ടാക്കിയ ഇടിക്കുറ്റിക്കയൽ (അന്ന് ഗേറ്റുകൾ ഇല്ല )കടന്നു മുകളിൽ എന്റെ മുറിയിലെത്തി. പടിഞ്ഞാറെ ജനൽ തുറന്നുനോക്കി.

ചിത്രീകരണം : ജാസില ലുലു

അവൾ, അവിടെത്തന്നെയിരിക്കുന്നു. പിന്നെപ്പിന്നെ ആ ജനൽ അടഞ്ഞേയില്ല! പുഴ. അവയ്ക്ക് ചുറ്റുമുള്ള മലയും കാടുകളും. ഇരുളുമ്പോൾ, കിലുകിലാരവമുതിർക്കുന്ന, കിന്നരിമാർ ചിലമ്പിട്ടാടുന്ന ചോലയിൽ സ്വപ്നങ്ങൾ തുന്നിപ്പിടിപ്പിച്ച അരുവികളുടെ സ്വരസൗരഭ്യം.
കണ്ണ് കണ്ണോട് പിണയുമ്പോൾ ലോകം മാറിയതായി, ആ ചോലയുടെ പാദസരത്തിളക്കം എന്നെയൊർമിപ്പിച്ചു. കാലം നിരവധി സിനിമാപാട്ടുകളുടെ തുറമുഖങ്ങളിലൂടെയായി ദിനരാത്രങ്ങൾ ഓർമത്തേരിലേരി കുതറിയോടി.

കായലും കയറും സിനിമയിലെ, ‘ശരറാന്തൽ തിരിതാണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു...'
ചില പാട്ടുകൾ പ്രണയഭാവനക്കിടയിൽ വന്യമായി കുടിയിരിക്കും.

പുഴയും വയലും നിറഞ്ഞു നിൽക്കുന്ന, മാനം കരിമുകിലുകളാൽ ഘനീഭവിച്ചുനിൽക്കുന്ന മിഥുനമസക്കാലം ഈ പാട്ടുകൾ എന്നിലുണ്ടാക്കിയ പ്രണയചൊരുക്കുകൾ ചെറുതല്ല. സ്വപ്നം സിനിമയിലെ, "മാനെ.. മാനെ വിളികേൾക്കൂ...’, ആരണ്യകാണ്ഡത്തിൽ, യേശുദാസ് പാടിയ, "ഈ വഴിയും ഈ മരത്തണലും....', ഗന്ധർവക്ഷേത്രത്തിൽ, യേശുദാസിന്റെ തന്നെ, "ഇന്ദ്രവല്ലരി പൂചൂടിവരും സുന്ദര ഹേമന്തരാത്രി....', പണിതീരാത്ത വീട്ടിലെ, "സുപ്രഭാതം... നീലഗിരിയുടെസഖികളെ ജ്വാലമുഖികളെ....' അങ്ങനെ എണ്ണിയാലറ്റമില്ലാത്ത പാട്ടുകൾ.
ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ.

ഓലമേഞ്ഞ സിനിമാകൊട്ടകകൾക്കകത്ത് ഒളിഞ്ഞുനോട്ടക്കാരനായി കാണി ചെന്നെത്തുന്ന ഭാവനയുടെ നിലവറകളുടെ മനോഹാരിത ചെറുതല്ല. സ്വപ്നത്തോടാണ് ആ ഒളിഞ്ഞുനോട്ടങ്ങൾക്ക് സാമ്യം. അന്ന് ഒളിഞ്ഞുനോട്ടക്കാരനാണോ, എന്നൊന്നും ആലോചിച്ചിട്ടേയില്ല. അവയോടൊക്കെ താദാതമ്യം പ്രാപിച്ച പോലെയായിരുന്നു. ഇല്ലായ്മയുടെയും വറുതിയുടെയും വിലക്കുകളുടെയും കാലത്ത് ഈ പാട്ടുകളൊന്നും എന്നെപ്പോലെയുള്ള മാപ്പിളക്കുട്ടികൾ കേട്ടതും കണ്ടതും ഗായകരുടെ സ്വരത്തിലുമല്ല, നസീറിന്റെയും മധുവിന്റെയും വിൻസെന്റിന്റെയും ഒക്കെ ശബ്ദത്തിലും ആട്ടത്തിലും അവരുടെ ജോഡികളായി ആടിയ ജയഭാരതി, റാണിചന്ദ്ര, വിജയശ്രീ, ഷീല എന്നിവരുടെയൊക്കെ ശരീരഭാഷയിലൂടെയും. ഞങ്ങളുടെ സ്വപ്നങ്ങളിലെ തടവുകാരായിരുന്നു അവരൊക്കെ, അവരറിയാതെ.

വിധിവിലക്കുകളുടെ പുഴകൾകടന്ന്​ ഇക്കരെയെത്തുമ്പോഴും പിടിവിടാതെ പിക്‌നിക്, എന്ന സിനിമ. "മാലേ... മാലേ.. എന്ന് നായകൻ പാടിവിളിച്ചുതുടങ്ങുമ്പോഴേക്കും ദൂരെ വനാന്തരത്തിൽ നിന്ന്​
ഗോത്രപ്പെണ്ണിന്റെ ഗദ്ഗദം...
"വേണ്ടാ... പാടേണ്ടാ... ആപത്ത്..'
ഇന്നും കാതിൽ മുഴക്കമുണ്ടാക്കുന്ന സ്വരമാണത്. ആ ദയനീയസ്വരം.
എന്നാൽ, തന്റെ സന്ദേശത്തിനു കാത്തുനിൽക്കാതെ അയാൾ പാടിത്തുടങ്ങി.
"ചന്ദ്രക്കല മാനത്ത് ചന്ദനനദിതാഴത്ത്...'
സിനിമയിലെ നായകന്റെ ജീവിതത്തിന് അതോടെ ദുരന്തംവന്നുഭവിച്ചു. ട്രാജിക്
ത്രില്ലറുകൾ, ആ പ്രായത്തെ വല്ലാതെ ഹരിക്കുമായിരുന്നു.

സിനിമയിലെ പാട്ടുകളെ നാം ആരാധിക്കുന്നത് എന്തുകൊണ്ടാണ്? പാട്ട് കേൾക്കുകയും കാണുകയും ജീവിതമാകുന്ന ആൽബത്തിന്റെ ഏടിലേക്ക് അപ്പപ്പോൾ ചേർത്തുവെക്കുകയും ചെയ്യുന്നു. ചലച്ചിത്ര സംഗീതം നമ്മുടെ ജനപ്രിയസംഗീതത്തെ എത്രമേൽ പാലൂട്ടി വളർത്തിയെന്ന് പറയേണ്ടതില്ലല്ലോ.

സിനിമയിലെ ലൊക്കേഷനോട് ചേർത്ത് ഒരു പാട്ടിനെ വായിക്കുന്നതും സ്വതന്ത്രമായ ഒരു പാട്ടിനെ വായിക്കുന്നതും തികച്ചും വിഭിന്നമായ ഒരു അനുഭവമാണ്. എം.കെ.അർജുനൻ - ശ്രീകുമാരൻ തമ്പി കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ച സ്വപ്നസഞ്ചാരികളുടെ ലോകം തീർത്ത പാട്ടുകളിൽ ഏറ്റവും മുന്തിയത് എന്നെ സംബന്ധിച്ചിടത്തോളം "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, വൈശാഖരാത്രിയൊരുങ്ങി...'!

വാണീജയറാമിന്റെ വരവ്, സലിൽ ചൗധരി മലയാള ചലച്ചിത്രസംഗീതത്തിലേക്ക് കടന്നുവന്നതിന് സമാനമായ, അന്യസംസ്‌കൃതിയിൽനിന്നുള്ള സ്വപ്നസുന്ദരമായ ഒരു കൂടിച്ചേർപ്പാണ്. വിരഹമെന്ന വികാരത്തിന്റെ ശബ്ദരൂപമായിരുന്നു വാണിയുടെ സ്വരം. അവരുടെ പാട്ടിലെ ശ്രുതി എന്റെ പ്രണയങ്ങളെ വല്ലാതെ പൊള്ളിക്കുകയും ഭാവനയുടെ വിഹായസ്സിലേക്ക് പറത്തിവിടുകയും ചെയ്തു.

കൗമാരത്തിൽ, കാട്ടിലേക്കു സഞ്ചരിക്കാനുള്ള എന്റെ മോഹമായിരുന്നു ഗോത്രവർഗക്കാരിയായ ഒരു പെൺകുട്ടിയുടെ ദുരന്ത പ്രണയത്തെ ആഖ്യാനിക്കുന്ന പിക്‌നിക് എന്ന സിനിമയിലെ ആ പാട്ട്.

ഒരു ഡാം പണിയാനായി കാട്ടുപ്രദേശത്ത് എത്തുന്ന എഞ്ചിനീയറും (പ്രേംനസീർ) ഗോത്രവർഗക്കാരിയായ പെൺകുട്ടിയും (ലക്ഷ്മി) തമ്മിലുള്ള പ്രണയം ഇത്ര ചാരുതയോടെ മറ്റൊരു സിനിമയിലും ഞാൻ കണ്ടിട്ടില്ല. അണിഞ്ഞൊരുങ്ങിയാൽ, കാടിന്റെ ചാരുതയാർന്ന കഥാനായികയാകാൻ ലക്ഷ്മിയെപ്പോലെ കെൽപ്പുള്ള, ശരീരഭാഷയുള്ള ഒരു നടിയും അക്കാലത്ത് വേറെയില്ലെന്ന് ഞാൻ വിശ്വസിച്ചു.

ഒരുകൂട്ടം കോളേജ് വിദ്യാർത്ഥികൾ, അവരുടെ പ്രൊഫസറോടൊപ്പം കാട്ടുപ്രദേശത്ത് പണിത ഡാം കാണാനായെത്തുന്നതും അതിൽപ്പെട്ട ഒരു ചെറുപ്പക്കാരന്റെ അച്ഛനായിരുന്ന എഞ്ചിനീയറുടെ (നസീറിന്റെ ഡബിൾ റോൾ )
കഥ ഫ്ളാഷ്ബാക്ക് രൂപത്തിൽ നിർവഹണം നേടുന്നതുമാണ് ആ സിനിമയുടെ ഇതിവൃത്തം. ആഖ്യാനത്തിൽ പുതുമ കൊണ്ടുവന്ന സിനിമയായിരുന്നു, എനിയ്ക്ക് അന്ന് ആ സിനിമ. രണ്ടു തലമുറയുടെ മൂല്യസമ്പ്രദായത്തിന്റെ വ്യത്യാസം കളറിൽ ഒപ്പിയെടുക്കാൻ പിക്‌നിക്കിനു കഴിഞ്ഞു.

"പണിതീരാത്ത വീടി'ലെ വാണീജയറാം പാടിയ പാട്ടുകളും അക്കാലത്തെ എന്റെ പ്രണയജീവിതത്തിലേക്ക് ഞാൻ പലപ്പോഴും ഒട്ടിച്ചുചേർത്തു. പി.ഭാസ്‌ക്കരൻ, വയലാർ എന്നിവരുടെ സംഗീത രതിമൂർച്ഛകൾക്കുശേഷം പാട്ടിന്റെ പ്രകൃതിയും ശ്രുതിയും ദർശനവും വേറിട്ട തരത്തിൽ അടയാളപ്പെടുത്തിയ ഗാനരചയിതാവുമായിരുന്നു ശ്രീകുമാരൻതമ്പി. തമ്പിക്ക് ഏറ്റവും നന്നായിണങ്ങുന്ന കമ്പോസർ എം.കെ. അർജുനൻമാഷും.

ഗോത്രസ്മൃതികളും അവയുടെ പ്രണയവിശേഷങ്ങളും അതിനോടുള്ള വിലക്കുകളും (Taboos) പലപ്പോഴും എന്റെ സമുദായത്തിന്റെ മനോഭാവങ്ങളോട് കിടപിടിക്കുന്നവായയിരുന്നു. പ്രണയം "ഹറാമാ'യികരുതിപ്പോന്ന ഫ്യൂഡൽ- മുസ്​ലിം വീക്ഷണത്തോട് കയർത്തുജീവിച്ച എനിക്ക് സാമൂഹിക സ്വപ്നങ്ങളെ വാർത്തെടുക്കുന്നതിൽ അക്കാലത്ത് സിനിമകളും ചലച്ചിത്ര സംഗീതവും വഴികാട്ടിയായി.

സമൂഹത്തിലെ പരമ്പരാഗത മൂല്യസമ്പ്രദായത്തെ എന്റെ മനസ് എന്നിട്ടും സംഘർഷത്തോടെ കണ്ടു. വിണ്ണിലേറി പറയ്ക്കാനുള്ള മോഹത്തേക്കാൾ മണ്ണിന്റെ പച്ചപ്പുകളിൽ ഒരു അവധൂതനെപ്പോലെ അലഞ്ഞുനടക്കാൻ എന്നിലെ സഞ്ചാരി എപ്പോഴും നിർബന്ധിച്ചു. കേരളത്തിന്റെ നവോത്ഥാന സംരംഭങ്ങളെ തീർക്കുന്നതിൽ അക്കാലത്തെ ക്ഷുഭിതയൗവനങ്ങളുടെ പ്രണയസ്വപ്നങ്ങൾക്ക് ഏറിയ പങ്കുണ്ടായിരുന്നു എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു -അവ പലപ്പോഴും പരാജയത്തിൽ വീണുടഞ്ഞവയാണെങ്കിലും!

അതത്രേ അക്കാലത്തെ ചലച്ചിത്ര സംഗീതം നമ്മുടെ സാമൂഹികശാസ്ത്രത്തിന് നൽകിയ മറ്റൊരു സംഭാവന. അതേസമയം, മധ്യവർഗ കുടുംബങ്ങളിൽ തോൽ ചെരിപ്പിട്ടുമേഞ്ഞുനടന്ന ആൺകോയ്മയുടെ അധികാരത്തിൽ പരാജയപ്പെട്ടുപോയ നിരവധി വ്യർത്ഥസ്വപ്നങ്ങളുടെ ശവപ്പറമ്പ് കൂടി ഒരുക്കുന്നതിൽ ആക്കാലത്തെ നിരവധി പാട്ടുകൾ മധ്യവർഗകാമുകന്മാരെ സജ്ജമാക്കി. ചങ്ങമ്പുഴയുടെ, രമണന്റെ ആന്റിതിസിസ് ആയിരുന്നു അവയൊക്കെ. രമണൻ സൂത്രശാലിയും ചന്ദ്രിക ദുരന്തം ഏറ്റുവാങ്ങാൻ വിധിക്കപ്പവട്ടവളും.

"പിരിഞ്ഞുപോകിലും /നിനക്കിനിയക്കഥ /മറക്കുവാനെ കഴിയൂ /... നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറയ്ക്കുവാനേ കഴിയൂ...'
എന്നൊക്കെ പാടി പ്രണയപരാജയങ്ങൾക്ക് കപടസമാധാനം കണ്ടെത്തിയ ഒരുതരം മധ്യവർഗകാമുകന്മാരുടെ കാലം കൂടിയത്രേ അറുപതുകൾ തൊട്ട് എൺപതുകൾ വരെയുള്ള കാലം.

പിക്‌നിക്കിലെ, "വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി'യെന്ന ഗാനം ഇന്ന് കേൾക്കുമ്പോഴും ഞാൻ ഒരു ‘അന്യനായി ' എന്നിൽ നിന്ന്​ വിമോചനം കൊള്ളുന്നു-ഒരുകാലത്തിന്റെ നിരവധി ചരിത്രമുദ്രകൾ ബാക്കിയിട്ടുകൊണ്ട്.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments