ഒരിക്കല്‍ സംഗീതത്തിന്റെ ലഹരിയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയില്‍ മറ്റൊരാള്‍, സംവിധായകന്‍ ജോണ്‍ എബ്രഹാം. ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രഹവുമായി നില്‍ക്കുന്നു. പാടിക്കൊടുത്തു. എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നില്‍ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോണ്‍. "ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.'' പിന്നീട് ലഹരിയിലല്ലാതെ മാത്രമാണ് ജോണ്‍ എന്റെയടുത്തെത്തിയത്.
7 Nov 2022, 05:16 PM
ഉമ്പായി ജനിച്ച ദിവസമേതെന്ന് ഉമ്പായിക്കുപോലും ഓര്‍മ്മയില്ല. ""എല്ലാ ദിവസവും എന്റെ ജന്മദിനം'' എന്ന് ഉമ്പായി പറയാറുണ്ട്. ഉമ്പായിയെ ഓര്‍ക്കാന്‍ ഒരു ദിവസം, അങ്ങനെയൊന്നില്ലെന്ന് പിന്നീട് ഗസലുകള്‍ കാട്ടിത്തന്നു. പടിയിറങ്ങിപ്പോയിട്ടും ഉമ്പായി പാടുകയാണ്. ആ പാട്ടുജീവിതത്തെക്കുറിച്ച്....
ഡിപ്പോയില്‍ അരി വന്നിട്ടുണ്ടോന്ന് നോക്കാന്‍ ഉമ്മ നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ ഇബ്രാഹിം കാത്തിരുന്നത്, നടത്തവഴിയിലെ ബാര്‍ബര്‍ഷോപ്പില്‍ ഹാര്‍മോണിയവുമായി അയ്മൂക്കയും തബലയുമായി ബാര്‍ബര്‍ പാപ്പച്ചനും ചേര്‍ന്ന് നടത്തുന്ന രാഗവിസ്താരങ്ങള്‍ കേട്ടുനില്‍ക്കാനായിരുന്നു. അവിടെ അവര്‍ പാടുന്നുണ്ടാവും
""ആസുബരി ഹേ യേ ജീവന്‍ കി രാഹേ
കോയി ഉന്‍സെ കെഹദേ ഹമേം ഭൂല്‍ ജായേ....''
എന്താ വൈകിയതെന്ന ബാപ്പയുടെ ചോദ്യത്തിന് എന്ത് ഉത്തരം പറയുമെന്ന് ഉള്ളം ആകുലപ്പെടുന്നതിനും മുകളിലായിരുന്നു ആ ആസ്വാദനം. പിന്നീടൊരിക്കല്‍ ഡിപ്പോയില്‍ അരി വന്നുവോ എന്നു നോക്കാന്‍ പോയപ്പോഴേക്കും അയ്മൂക്ക എന്ന തന്റെ പാട്ടുകാരന്‍ ചോരയില്‍ കുളിച്ചുനില്‍ക്കുന്നു. ആരോ കൊന്നതാ. പൊട്ടിയ ഹാര്‍മോണിയം കിടക്കുന്നതും കണ്ട് വീട്ടിലേക്ക് നടക്കുമ്പോള്‍ തനിക്കുവേണ്ടി മാത്രമായി അയ്മൂക്ക പാടുന്നുണ്ടായിരുന്നു
""ആസൂബരി ഹേ യേ ജീവന്‍ കി രാഹേ...''
ഓടിക്കിതച്ചെത്തി ആടിയാടി നില്‍ക്കുന്ന ഡസ്‌കിന്റെ തലപ്പത്ത് കൈവിരലുകളാല്‍ ആ പാട്ടിന് താളമിടുന്ന ഇബ്രാഹിം. ബാപ്പയുടെ തട്ടുകിട്ടുമ്പോള്‍ കൈവിരലുകള്‍ നെഞ്ചോടുചേര്‍ത്ത് നെഞ്ചില്‍ കൊട്ടിത്തുടങ്ങി. ചാക്കുകളാല്‍ മറച്ച കക്കൂസുപുരയുടെ മറവില്‍ കാല്‍മുട്ടുകളില്‍ താളമിട്ട് ഉപ്പാനോടുള്ള സ്‌നേഹവൈരാഗ്യം തീര്‍ത്തു.
ബാപ്പായുടെ തല്ല് പിന്നെയും കൊണ്ടു. കലാകാരനായാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന ബാപ്പാന്റെ തത്വശാസ്ത്രത്തെ എതിര്‍ക്കാന്‍ പറ്റില്ല. ഒരു സാധാരണക്കാരന്റെ മക്കളെക്കുറിച്ചുള്ള ആതി.

""എല്ലാം ശരിയാകുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാറുള്ള എന്റെ ദൈവം, എന്റെ ഉമ്മ വിട്ടുപിരിഞ്ഞപ്പോള്‍, ഒരു കെട്ടഴിഞ്ഞപോലെയായി കുടുംബം. ആചാര്യന്മാരില്ലാത്ത എന്റെ തബലയുമായി ഞാന്‍ മട്ടാഞ്ചേരിയില്‍ അലഞ്ഞു. ബോംബെ എന്നൊരു സ്ഥലമുണ്ട്, അവിടെ ചെന്നാകണം തബല പഠിക്കേണ്ടതെന്ന് മെഹ്ബുബ് ഭായി പറഞ്ഞു. തബലയുമായി പോകുന്നുവെന്ന് പറയുമ്പോള്‍ ബാപ്പാന്റെ മനസില്‍ കൊട്ടുന്ന ദ്രുതതാളത്തിന്റെ വേഗത അറിയുന്നതുകൊണ്ട്, എളാപ്പാനെപ്പോലെ കപ്പലോട്ടക്കാരനാകാന്‍ പഠിക്കണമെന്ന് ബാപ്പാന്റെ മുന്നില്‍ കള്ളം പറഞ്ഞു.''
രാത്രിമുല്ലകള്‍ പോലെ മണം വിതറിനില്‍ക്കുന്ന അത്തറും പളപളാ തിളങ്ങുന്ന കുപ്പായക്കരയും കെട്ടിത്തൂക്കി മകന്‍ വരുന്നത് സ്വപ്നം കണ്ടൊന്നുമായിരിക്കില്ല ബാപ്പ ഇബ്രാഹിമിന് അനുമതി നല്‍കി. നാട്ടിലെ പോളിറ്റ്ബ്യൂറോ എന്നറിയപ്പെടുന്ന മുഹമ്മദ്ക്കയുടെ ടൈലര്‍ഷാപ്പില്‍ നിന്നും തുന്നിവാങ്ങിയ കാല്‍സറായിയുമിട്ട് ബോംബെ എന്ന അതിശയനഗരിയിലേക്ക് ഇബ്രാഹിം പുറപ്പെട്ടു. പാമ്പും പട്ടിയും മാത്രമുള്ള ഹോസ്‌റ്റലില്‍ അവര്‍ക്കൊപ്പം രാപ്പാര്‍ക്കുമ്പോഴും മറ്റെല്ലാവരെയും പോലെ കപ്പലോടിച്ച് അത്തറുമായി നാട്ടിലേക്ക് തിരിക്കണമെന്നായിരുന്നില്ല, ഈ തബല പഠിപ്പിക്കണ ചെങ്ങായീനെ കാണണംന്നായിരുന്നു മോഹം.
കപ്പലില്‍ പരിശീലനത്തിനിടെ വെള്ളത്തില്‍ തള്ളിയിട്ട് നീന്താന്‍ പറഞ്ഞപ്പോള്‍, വെള്ളത്തിന്റെ മുകളില്‍ തബല കൊട്ടിക്കളിച്ചു. ഇവന് മരണത്തിലും തബല കൊട്ടലോ എന്നു ചോദിച്ച് കപ്പലിലേക്ക് വലിച്ചുകയറ്റിയിട്ടു. കപ്പലിലെ ഇലക്ട്രീഷ്യനാകാനായിരുന്നു പഠിപ്പ്. പക്ഷേ, അതായിരുന്നില്ല പഠനം. കുറേ നിരാശാകാമുകന്മാരും ബുദ്ധിജീവികളും കഞ്ചാവില്‍ ലഹരിപൂണ്ടു നില്‍ക്കുന്ന ഇരുണ്ട മുറികളിലും ഹോളിയുടെയും ബക്രീദിന്റെയും വിശാലമായ വേദികളിലും മലബാറി എന്നു വിളിക്കുന്ന ഇബ്രാഹിം പാട്ടുകള്‍ കൊണ്ട് ലഹരി നല്‍കി.

""കോയി ജബ് തുംഹാ ഹൃദയ് തോഡുദേ...
.... തബ് തും മേരേ പാസ് ആനാ പ്രിയേ
മേരാ ഘര്‍ കുലാഹേ കുലാദീ രഹേ...''
എന്നു പാടുമ്പോള്‍ സിഗരറ്റിന്റെ പാക്കറ്റും മറ്റൊരു കൈയില്‍ മദ്യവും പകര്‍ന്നുതരാന്‍ നിരാശാകാമുകന്മാര്‍ തിക്കു കാട്ടി. ""ഞാന്‍ പാടുന്നു, മദ്യം കിട്ടുന്നു. പാടാനുള്ള ലഹരി ഓരോ തുള്ളിയായി അവര്‍ ഒഴിച്ചുതന്നു.''
""മലബാറി ബഹുത് അച്ചാ ഗാതാ ഹെ''
മാസത്തിലൊരിക്കല്‍ എലിഫന്റാ ദ്വീപില്‍ നിന്ന് കരയിലേക്ക് ഒരു യാത്ര. സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള യാത്രയ്ക്കിടെ ബോംബെ തെരുവുകളില്‍ അലഞ്ഞു. കണ്ടെത്താനായില്ല, തന്റെ ഗുരുവിനെ.
കപ്പലില്‍ മുങ്ങുമ്പോള്‍ പോലും തബല കൊട്ടിക്കളിക്കുന്ന ഇബ്രാഹിം പരീക്ഷയില്‍ തോറ്റു. പാടുന്ന മലബാറിക്കു മുന്നില്‍ തോല്‍വിയില്ല, ""അവനെ ജയിപ്പിച്ചേക്ക്'' എന്നു പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ട്രെയിനിംഗ് കഴിഞ്ഞു.
ഗുരുവിനെ കണ്ടെത്താന്‍ കഴിയാതെ വീണ്ടും നാളുകള്‍ അലച്ചിലായിരുന്നു, അപ്പോഴും ജീവന്‍ എന്നത് പ്രശ്‌നം തന്നെയാണ്. ""കൂട്ടുകാരന്‍ ഗോഡ്‌റേജില്‍ 360 രൂപ മാസശമ്പളത്തിന് ജോലി ശരിയാക്കിത്തന്നു. താമസം ഭദ്രാവതി ലോഡ്ജിന്റെ കുടുസുമുറിയില്‍. പാട്ടും ഞാനും ഗുളികയുടെ ലഹരിയില്‍ ഒതുങ്ങിനിന്നു. രാവിലെ പകുതി, വൈകിട്ട് പകുതി 50 പൈസയുടെ ലഹരി പാതിപ്പാതി കഴിച്ച് ഗുരുവിനെ തേടിയിറങ്ങി. കണ്ടെത്താന്‍ പറ്റാതാവുമ്പോള്‍ ഭദ്രാവതിയുടെ മടിയില്‍ ദിവസങ്ങളോളം ബീഡിയുടെയും കട്ടന്‍ചായയുടെയും ബലത്തില്‍ കഴിഞ്ഞുകൂടി. തൊട്ടടുത്ത് മലബാര്‍ ഹില്ലില്‍ ഒരിക്കല്‍ ഒരു പാട്ടുകേട്ടു. ആരോ പഠിപ്പിക്കുന്നു. കൂട്ടത്തില്‍ മനസില്‍ തബല കൊട്ടി സദസിലെരാളായി ഞാനും.
ഏഴാംപക്കം വേദിയില്‍ നിന്നൊരു വിളി,
""ഇദര്‍ ആവോ മലബാറി'' ഞാന്‍ ചെന്നു.
""ഭക്ഷണം കഴിച്ചോ?''
ഒന്നും മിണ്ടിയില്ല. കൈയില്‍ പണമില്ലാത്ത ഞാന്‍ അളന്നാണ് ചായ കുടിച്ചിരുന്നത്. പകുതിയാക്കി അടച്ചുവെച്ച് വിശക്കുമ്പോള്‍ പാതി.
""നിസ്‌കരിച്ചോ?''
""ഇല്ല'', പക്ക കമ്യൂണിസ്റ്റായ ബാപ്പ ഇതൊന്നും ശീലമാക്കിയിരുന്നില്ല.
""പോയി നിസ്‌കരിക്ക്''
നിസ്‌കരിച്ച് വന്നപ്പോള്‍ ഹോട്ടലില്‍ നിന്ന് നല്ല ബിരിയാണി വാങ്ങിത്തന്നു.
ഉസ്താദ് മുജാഫിര്‍ അലിഖാന്‍ സാഹിബ്, എന്റെ ഗുരുനാഥന്‍. അക്ഷരങ്ങള്‍ ചെവിയില്‍ നൃത്തം ചവിട്ടുന്ന തബല വാദനമാണ് എന്റെ ഉസ്താദിന്റേത്. അത് പഠിച്ചെടുക്കാനായി ഞാന്‍ കൂടെക്കൂടി. ഒന്നരവര്‍ഷം പിന്നിട്ടു.
ഭദ്രാവതിയുടെ കയര്‍ക്കട്ടിലില്‍ മലര്‍ന്നുകിടന്ന് ഞാന്‍ പാടുകയായിരുന്നു,
ആസുബരിഹേ....
താഴെ ടിന്‍മേക്കര്‍ സുലൈമാനിക്കയുടെ മുറിയുടെ അടുത്തെത്തി ഉസ്താദ് ചോദിച്ചു,
""ആരാ പാടുന്നത്?''
""നിങ്ങളുടെ ശിഷ്യന്‍തന്നെ.''
ഉസ്താദ് കയര്‍കട്ടിലിനോടു ചേര്‍ന്നുനിന്നതറിയാതെ ഞാന്‍ പാടിക്കൊണ്ടിരുന്നു. പാട്ടുതീര്‍ന്നപ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ഒന്നുകൂടി പാടാന്‍ പറഞ്ഞു. വീണ്ടും പാടി.
""ഇന്നു തൊട്ട് തബല ബന്ദ്, ഇനി ഹാര്‍മോണിയം.'' ഉസ്താദിന്റെ കീഴില്‍ ഞാന്‍ പാട്ടുപഠിച്ചു. തെറ്റുമ്പോള്‍, ഉറക്കെ കേള്‍ക്കാം,
""മന്ത്ര മേം സുനോ.''

ഏഴുവര്‍ഷം ഗുരുവിന്റെ കൂടെക്കൂടി. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്തു വരാന്‍ കാത്തിരിക്കുകയായിരുന്നു.
""ബോംബെ സെന്‍ട്രലില്‍ നിന്ന് രണ്ട് ടിക്കറ്റെടുക്കണം.''
ഞാന്‍ ടിക്കറ്റെടുത്ത് കൊണ്ടുവന്നു.
""ആസുബരി ഹേ.. പാടണം.''
ഞാന്‍ കരഞ്ഞുപാടി.
""ഇന്‍സാ അല്ല പിന്നെ കാണാം. നിനക്കൊരു സമ്മാനം മുറിയില്‍ വച്ചിട്ടുണ്ട്.''
മുറിയിലേക്ക് ഓടിയെത്തി നോക്കി. 17 പുസ്തകങ്ങള്‍.
ബാപ്പയോടുള്ള ദേഷ്യത്തിന്റെ പേരില്‍ ആ പുസ്തകവും എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റും നാട്ടിലെത്തിച്ചപ്പോള്‍ കത്തിച്ചു. എങ്കിലും കത്താതെ ഇന്നെന്റെ മനോഷെല്‍ഫില്‍ പൊടി പോലുമില്ലാതെ കിടക്കുന്നു ആ പുസ്തകം. അന്ന് ഗുരു ഇറങ്ങിപ്പോയതാണ്. പിന്നെ കണ്ടില്ല. ഗുരുവിന്റെ അസാന്നിധ്യം എന്നിലെ പാട്ടുകാരനെ ജീവിക്കാന്‍ ഗതിയില്ലാത്തവനാക്കി. ഞാന്‍ അലഞ്ഞു.''
കലാകാരനിലേക്ക് എത്താനുള്ള കടമ്പകളില്‍ ഇറ്റിവീണ വിയര്‍പ്പുതുള്ളികള്‍, ഐസ് പ്‌ളാന്റില്‍ ഐസ് അടിക്കുന്നവനായി, പിടയ്ക്കുന്ന മീനുകള്‍ തോളെല്ലില്‍ കയറ്റിയിറക്കുന്ന ലോഡിംഗുകാരനായി. ലോറിയില്‍ ക്‌ളീനറായി, ഡ്രൈവറായി, വളയം പിടിച്ച് മടുത്തപ്പോള്‍ ബ്രോക്കറായി.
പിന്നീട്, ബോംബെയിലേക്ക് കൊച്ചിയില്‍ നിന്നും ഡോളര്‍ എത്തിച്ചുകൊടുക്കുന്ന മൂന്നാമനായി. ഡോളറിനൊപ്പം സുഹാനി രാത് ഘര്‍ ഛുഠേ... എന്നും കൂടി പാടിക്കൊടുക്കുമ്പോള്‍ ഒരു രൂപ കൂട്ടിത്തന്നു. തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ അരയില്‍ വാച്ചുകള്‍ കെട്ടിയൊതുക്കി വന്ന് കള്ളക്കടത്തുകാരനായി. എന്നിട്ടും ഒന്നും സമ്പാദിച്ചില്ല. ഇതൊന്നും തന്റേതല്ല എന്ന തിരിച്ചറിവ് മാത്രമായിരുന്നു സമ്പാദ്യം.
ഓരോ ബോംബെ യാത്രയിലും ഗുരുവിനെ അന്വേഷിച്ചു. എങ്ങും കണ്ടില്ല. പലരോടും ചോദിച്ചു, മുജാഫിര്‍ അലിഖാന്‍ സാഹിബ് എന്നൊരാളെ കണ്ടോ? പാട്ടുകച്ചേരികളില്‍, പഴയ സൗഹൃദങ്ങളില്‍, ആരും കണ്ടില്ല.
മട്ടാഞ്ചേരിയില്‍ ഹാര്‍മോണിയവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടു.
ഒരിക്കല്‍ സംഗീതത്തിന്റെ ലഹരിയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് മദ്യത്തിന്റെ ലഹരിയില്‍ മറ്റൊരാള്‍, സംവിധായകന്‍ ജോണ്‍ എബ്രഹാം.
ഒരു പാട്ടു പാടണമെന്ന ചെറിയൊരു ആഗ്രഹവുമായി നില്‍ക്കുന്നു. പാടിക്കൊടുത്തു. പിന്നീട്, ജോണ്‍ പറഞ്ഞ സ്ഥലത്തും പാടി. പാട്ട് സ്വന്തം വഴിയാണെന്ന് അന്നും തിരിച്ചറിഞ്ഞിരുന്നില്ല. വെറുതെ പാടുന്നുവെന്നുമാത്രം.
"അമ്മ അറിയാന്‍' എന്ന സിനിമയുടെ റെക്കോഡിംഗ് വേളയില്‍ ജോണ്‍ എന്നെയും കൊണ്ടുപോയി. രാത്രി രണ്ടുമണി, ചാര്‍മിനാര്‍ സിഗരറ്റ് എന്റെ ചുറ്റും എരിയുമ്പോള്‍ ജോണ്‍ പറഞ്ഞു,
""ഇബ്രാഹിം പാടിയ പാട്ട് ഒന്ന് കേള്‍പ്പിച്ചു കൊടുക്ക്.''
എന്റെ കുറവെന്താണെന്ന് മനസിലാക്കിത്തന്നത് ജോണായിരുന്നു. എന്റെ മുന്നില്‍ ഒരു കണ്ണാടി വച്ചപോലെ. നിന്റെ ജീവിതം സംഗീതമാണെന്ന് മനസിലാക്കിത്തന്ന ജോണ്‍.
ടൈറ്റിലില്‍ ജോണ്‍ ചെറിയൊരു മാറ്റം വരുത്തി.
""ഇബ്രാഹിം, നിങ്ങളെ ഉമ്മ വിളിക്കുന്ന പേര് ഉമ്പായി എന്നാണ്. ഞാനും വിളിക്കുന്നു ഉമ്പായി എന്ന്.'' പിന്നീടും പലതവണ ജോണ്‍ വന്നു, കണ്ടു. ലഹരിയിലല്ലാതെ മാത്രമാണ് ജോണ്‍ പിന്നീട് എന്റെയടുത്തെത്തിയത്.

സംഗീതത്തോടൊപ്പം ഞാന്‍ വളര്‍ന്നു. ഡല്‍ഹിയില്‍ എം.പിമാരുടെ സദസില്‍ പാടുമ്പോള്‍ എം. എ. ബേബി, കെ.വി. തോമസ് എന്നിവരുമുണ്ടായിരുന്നു. എന്തുകൊണ്ട് മലയാളത്തിലേക്കില്ല എന്ന ചോദ്യത്തിന് കാച്ചിയത്, താമസമെന്തേ വരുവാന്‍ എന്ന ഗാനമായിരുന്നു. അറിയാവുന്ന ആ നാലുവരി എന്നെ മലയാളത്തിലേക്ക് എത്തിച്ചു. എറണാകുളം അബാദ് പ്‌ളാസയിലെ പാട്ടുകാരനായി മാറി. കാര്യമായ സമ്പാദ്യമില്ലാത്ത ഞാന്‍ വീടു പുലര്‍ത്താന്‍ ലോണിന് അപേക്ഷിച്ചു. പപ്പടത്തിന്റെ ബിസിനസ് ചെയ്യാനാണെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ലോണ്‍ തന്നില്ല. പിന്നീട് എന്റെ പാട്ടുകേട്ട ബാങ്ക് മാനേജര്‍ പാട്ടു തീര്‍ന്നയുടന്‍ രായ്ക്കുരാമാനം എനിക്ക് ലോണ്‍ ശരിയാക്കിത്തന്നു. എന്റെ സംഗീതം എന്നെ വളര്‍ത്തുകയായിരുന്നു.
അബാദ് പ്‌ളാസയിലേക്കുള്ള വഴിമധ്യേയാണ് ജോണിന്റെ മരണവാര്‍ത്ത ഞാനറിയുന്നത്. എന്റെ ജോണിനു വേണ്ടി എനിക്ക് എന്തു ചെയ്യാന്‍ പറ്റുമെന്ന ആലോചനയായിരുന്നു അബാദിലേക്കുള്ള ഒന്നര കിലോമീറ്റര്‍ ദൂരം വരെയും. അബാദ് പ്‌ളാസയിലെത്തിയപ്പോള്‍ ആ ചോദ്യത്തിന് മറുപടിയായി, ജോണ്‍ നല്‍കിയ ആ പേരു മതി. ഇബ്രാഹിം അങ്ങനെ ഉമ്പായി ആയി.''
ഉമ്പായിയുടെ പ്രണയം
""എന്റെ ഏറ്റവും വലിയ പ്രണയിനി സംഗീതമാണെന്ന് ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. അവളെന്നെ സ്‌നേഹിക്കുംപോലെ, ഞാന്‍ സ്‌നേഹിക്കുന്നില്ല.
ഞാന്‍ കാണാന്‍ കൊതിച്ചുനടന്ന ഒരു പെണ്ണുണ്ടായിരുന്നു. ഭദ്രാവതി ലോഡ്ജിലെ കയര്‍ കട്ടിലില്‍ കിടന്ന്,
""ദൂര് രഹേ കല്‍ കരീ ബാജാ..''(നീ അടുത്തുവന്ന് സംസാരിച്ചാല്‍ ഈ രാവ് ഞാന്‍ ഒരിക്കലും മറക്കില്ല.) എന്നു പാടുകയായിരുന്നു. കയര്‍ കട്ടിലില്‍ കിടന്നാല്‍ കാണാം, തൊട്ടപ്പുറത്തെ ബില്‍ഡിംഗിന്റെ മുകളില്‍ ഒരു പെണ്ണ് മുഖം മാത്രം കാണിച്ച പര്‍ദയിട്ട് നില്‍ക്കുന്നത്. എന്റെ പാട്ട് ഉച്ചത്തിലായി. ജനലഴികളിലൂടെ അവളുടെ പുഞ്ചിരി എന്നെ മുത്തമിട്ടു. ഒരുനോക്കേ കണ്ടുള്ളൂ. പിന്നീട് പലതവണ ഞാനാ പാട്ടുപാടി കാത്തുനിന്നു. അവള്‍ വന്നില്ല. അവളെ കാണണമെന്നു വീണ്ടും വീണ്ടും തോന്നി. എന്റെ ലോഡ്ജിന്റെ താഴത്തെ കടയിലെ പറ്റു നിര്‍ത്തി ആ ബില്‍ഡിംഗിന്റെ താഴത്തെ കടയിലേക്ക് മാറി.

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ കടക്കാരനുമായി അടുപ്പം വന്നു. അപ്പോള്‍ ഞാന്‍ ആ പെണ്ണിനെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു.
""ഖാജാവിമാരാണ് അവര്‍. ഒറിജിനല്‍ മറാത്തികള്‍. അവരുടെ മുഖം ഒരിക്കല്‍ കണ്ടതുതന്നെ നിന്റെ ഭാഗ്യം. വല്ലപ്പോഴും പുറത്തിറങ്ങിയാല്‍ത്തന്നെ മുഖംമൂടിയിട്ടുണ്ടാകും. ഇന്നുവരെ ഞാന്‍ പോലും കണ്ടിട്ടില്ല.''
അവളുടെ ഓര്‍മ്മയ്ക്കായി ഞാന്‍ പാടിയിട്ടുണ്ട്,
""നിന്‍ മന്ദഹാസം കണ്ട നാള്‍ മുതല്‍,
നിന്നെ ഓര്‍പ്പൂ ഞാന്‍
അനുരാഗഭാവഗാനം പാടി കാത്തിരുന്നൂ ഞാന്‍..''
വേണു. വി. ദേശത്തിനോട് കഥാസന്ദര്‍ഭം പറഞ്ഞപ്പോള്‍ അദ്ദേഹമെഴുതിയ വരികള്‍.''
എന്നെ ഉയര്‍ത്തിയവള്‍
""ഭാര്യ അഫ്‌സ. എന്റെ ജീവന്റെ പാതി. സംഗീതത്തിന്റെ ലഹരി മൂത്ത് അലഞ്ഞുനടന്ന നാളുകളില്‍ അവള്‍ ടൈലറിംഗ് മെഷീന്റെ കാലിലിട്ടടിച്ചായിരുന്നു ഈ കുടുംബം പോറ്റിയത്. തല്ലും കുത്തുമൊന്നുമില്ല, പക്ഷേ, പാട്ടിന് ഞാന്‍ താളം പിടിക്കുന്നത് പാത്രങ്ങളൊക്കെയെടുത്തായിരിക്കും. അതു പൊട്ടുമ്പോള്‍ അഫ്‌സയുടെ ചങ്ക് പൊട്ടുന്നുണ്ടാവും. അഫ്‌സ അധ്വാനിച്ചുണ്ടാക്കിയ കഞ്ഞി ഞാനും ഏറെനാള്‍ കുടിച്ചിട്ടുണ്ട്. അപ്പോഴും അഫ്‌സ പരാതി പറഞ്ഞിട്ടില്ല. രാവും പകലുമില്ലാതെ തയ്ക്കുമ്പോള്‍ മെഷീന്റെ ശബ്ദം കേട്ട് അയല്‍പക്കക്കാര്‍ക്കു പോലും ഉറങ്ങാന്‍ പറ്റില്ല. കുറേനാളുകള്‍ക്കുശേഷം എന്റെ കൈയില്‍ വന്ന കുറച്ചു പണമെടുത്ത് ഞാന്‍ ഒരു തയ്യല്‍ മെഷീന്‍ വാങ്ങി കൈയില്‍ വച്ചുകൊടുത്തപ്പോള്‍ കരഞ്ഞുപോയി എന്റെ അഫ്‌സ.''

സംഗീതം ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കവി അക്തര്‍ മഫീസ് പറയുന്നത്,
രൂഹ് വഹ് വസ്ത് മേം ആയേതോ
ജീവന്‍ അതിന്റെ ഉന്മാദാവസ്ഥയിലെത്തുമ്പോള്‍ ഗസല്‍ സൃഷ്ടിക്കപ്പെടുന്നു.
യാ കോയി ദില്‍കോ ദുഖായേതോ
വേദനിക്കുമ്പോള്‍ അതുണ്ടാകുന്നു.ജീവനുണ്ടാകുന്ന കാലത്തേ ഈ വികാരമുണ്ട്. പ്രണയം. 1700 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിന് ഗസല്‍ എന്നു പേരു വരുന്നു. ഗസല്‍ സമ്മിശ്രവികാരമാണ്. ഉറുദു ഭാഷയാണ് ഗസലിന്റെ അടിസ്ഥാനം. പാര്‍സി, അറബി, സംസ്‌കൃതം, ഹീബ്രു എന്നീ ഭാഷകളുടെ സമ്മിശ്രമാണ് ഉറുദു. മനുഷ്യരുടെ അന്വേഷണത്വരയില്‍ അവര്‍ കൂട്ടിമുട്ടിയപ്പോള്‍ സമാഗമിച്ചതാണ് ഉറുദു ഭാഷ. അതുകൊണ്ട് ഉറുദു ഭാഷ മതേതരമാണ്.
എന്നില്‍ നിയുക്തമായ കലയെ ആത്മാര്‍ത്ഥമായി ഞാന്‍ പ്രണയിക്കുന്നു. ആ പ്രണയമാണ് എന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ എന്റെയുള്ളില്‍ കലയുണ്ടായിരുന്നു, പക്ഷേ, എനിക്കത് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എന്നുമാത്രം. എന്നിലെ കല എന്റേതല്ല, സമൂഹത്തിന്റേതാണ്. ഈ ആശയം എന്നിലെത്തിയത് ഇ.എം.എസില്‍ നിന്നാണ്. ഇ.എം.എസിനെ ജീവനായി കാണുന്ന ബാപ്പയിലൂടെ മകനിലേക്ക് പകര്‍ന്നു കിട്ടിയതാകാമിത്. കലാകാരന്‍ സമൂഹത്തോട് അവന്റെ കര്‍ത്തവ്യം ചെയ്താല്‍, അവനു വേണ്ടി സമൂഹം ചെയ്‌തോളും. എന്റെ ബാപ്പ എനിക്കായി ഒന്നും സമ്പാദിച്ചിട്ടില്ല. എന്നിട്ടും ഞാനിങ്ങനെയൊക്കെയായത് ഈ സമൂഹം തന്നതാണ്.''
ഉമ്പായി പറഞ്ഞവസാനിപ്പിച്ച വാക്കുകളില്‍ ഗസലുണ്ടായിരുന്നു. ആശയങ്ങളുടെ കലവറയായ ഗസലുകള്‍ പാടി ഉമ്പായി പതിയെ ഇവിടെ നിന്നിറങ്ങിപ്പോയി. പക്ഷേ, ആ ഗസലുകള്‍ മനസ്സില്‍ നിന്നിറങ്ങാതെ തുടരുന്നു.
സി.എസ്. മീനാക്ഷി
Feb 25, 2023
2 Minutes Read
സി.എസ്. മീനാക്ഷി
Feb 04, 2023
6 Minutes Read
മുസ്തഫ ദേശമംഗലം
Jan 26, 2023
7 Minutes Read
രശ്മി സതീഷ്
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read