‘ഡോട്ടർ' ഉസ്മാന്റെ അടിയന്തരാവസ്​ഥാ ജീവിതവും മരണവും

ഭാവനയും ചരിത്രവും കൂടിക്കലർന്ന ഒരു പ്രാദേശിക ചരിത്രത്തിന്റെ എടാണിത്. മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്കിൽപ്പെട്ട വാളക്കുളം പുതുപ്പറമ്പ് എന്ന ദേശത്തിന്റെ ജീവിത്തിലെ ഒരധ്യായം. തങ്ങളുടെ നാടിനെ അടിയന്തരാവസ്ഥ ബാധിച്ച ചരിത്രത്തിന്റെ ഒരേട് എന്ന് നിലയ്ക്കാണ് ഇതിന്റെ പ്രാധാന്യമെന്ന് ലേഖകൻ

‘ഡോക്ടർ' ഉസ്മാൻ.

അങ്ങനെയാണ് അയാളെ ചിലരെങ്കിലും വിളിച്ചത്. ഡോക്ടർ എന്ന ശബ്ദം ഡോട്ടർ എന്നാണ് നാട്ടുകാർ ഉച്ചരിച്ചത്.

ഉസ്മാനെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നെനിക്ക് പിടികിട്ടിയിരുന്നില്ല. എന്നാലും അപാര സാമർഥ്യമുള്ള, നല്ല ശരീരമുള്ള ഒരാളായിരുന്നു, ഉസ്മാൻ.

അക്കാലത്ത് ഉണ്ണാനും ഉടുക്കാനും കഷ്ടിയായിരുന്നു. താളും ചേമ്പും ചക്കയും തവരയുമൊക്കെ പാതി പശിയടക്കിയെങ്കിലും ആളുകളെ ജീവിപ്പിച്ചു.
അക്കാലത്ത് മീൻപിടുത്തം പലമട്ടിൽ സജീവമായിരുന്നു. വീശുവല, കോരുവല, വെള്ളവലി, ചൂണ്ടയേറ്, ചൂണ്ട കുത്ത്... എന്നിങ്ങനെ പല മീൻപിടുത്തങ്ങൾ.

എന്നാൽ, ചിലർ തവളപിടുത്തത്തിൽ മിടുക്കരാണ്. തവള നാട്ടിൽ പലരും തിന്നാറില്ലെങ്കിലും പുറത്ത് ടൗണിലെത്തിച്ചാൽ നല്ല കാശ് കിട്ടും. അതിനായി ചില ഒറ്റയന്മാർ ഏജൻസികളുണ്ട്. എന്നാൽ തവളയെ തിന്നുന്നത് ഹറാമാണെന്നും അല്ലെന്നും രണ്ട് അഭിപ്രായമുണ്ടായതിനാൽ തവളപിടുത്തക്കാരെ രണ്ടാംതരക്കരായേ ആളുകൾ കണ്ടുള്ളൂ.
ഉസ്മാൻ ഇടക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വരും. തവള പിടിക്കാനുള്ള തവളക്കോൽ ചിലപ്പോൾ കൈയിൽ കാണും. വലിയൊരു വള്ളി ട്രൗസറായിരിക്കും വേഷം. ചിലപ്പോൾ കുടുക്കില്ലാത്ത ഒരു കുപ്പായമിടും.
അയാളുടെ നോട്ടവും സംസാരവും മൂർച്ചയുള്ളതാണ്. പ്രിയത്തിൽ സംസാരിക്കും. തർക്കിക യുക്തികൾ ഭാഷയിൽ ഒളിച്ചുവെച്ചു പറയാൻ മിടുക്കുണ്ട്. ഞാൻ, ആലോചിച്ചു, ഇതൊക്കെ കൊണ്ടല്ലേ, അയാളെ ഡോ(ക്)ട്ടർ ഉസ്മാൻ എന്നു നാട്ടുകാർ വിളിക്കുന്നത്.

ഉസ്മാന്റെ ബാപ്പ മരക്കാർക്കാ നാട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ട കർഷകനായിരുന്നു. പുലർന്നു മോന്തിയാവോളം അദ്ദേഹം മറ്റു വീടുകളിലെ തോട്ടങ്ങളിൽ പണിയും. വല്ലാത്ത നിഷ്‌ക്കളങ്കതയും മതചിട്ടയും. മാവേലി നാട് വാണിടും കാലം എന്ന പാട്ട് കേൾക്കുമ്പോൾ, എനിക്ക് മരക്കാർക്കയുടെ ചിത്രം ഓർമ വരും. പഴയൊരു എറനാടൻ മാപ്പിളയുടെ എല്ലാ ഗുണവും ഒത്തുചേർന്ന മനുഷ്യൻ. നല്ല തടിയും ആരോഗ്യവും. അക്കാലത്തു മാപ്പിളമാർ അണിഞ്ഞിരുന്ന ബട്ടൺ ഇല്ലാത്ത മൂട്ടിയ ഒരു പഴയ കുപ്പായവും ജോലിക്കിറങ്ങുമ്പോൾ ഇടുന്ന വലിയൊരു ട്രൗസറും ആണ് വേഷം. ആൾ തടിച്ചു കുറു തായിട്ടാണ്.

അക്കാലത്ത്, ഉച്ചക്ക് ഊണ് ഇല്ല. കഞ്ഞിയും ചക്കയും താളുമൊക്കെയായിരുന്നു ശാപ്പാട്. അദ്ദേഹം ഒരു ചെറുകലം കഞ്ഞി കുടിക്കും. ഒരു കമ്പിപ്പാത്രം മുഴുവൻ ചക്കക്കൂട്ടാനും. ശേഷം വിശ്രമമൊന്നുമില്ല. നിസ്‌കാരം ഒഴിവാക്കുകയില്ല.

മരക്കാർക്കയെ ഇങ്ങനെ വർണിക്കാൻ കരണം, ആ മനുഷ്യന്റെ ജീവിതം തന്നെയാണ്. അക്കാലത്ത് എല്ലുമുറിയെ കഷ്ടപ്പെട്ട് അന്തിയാവോളം പണിയെടുത്താൽ കൂലി ഒരു രൂപ. അതുകൊണ്ടുവേണം വീട്ടിലെ എല്ലാരും പുലരാൻ. അക്കാലത്ത്, 2 രൂപ കൂലിയാക്കണം എന്നൊരു അവകാശ വാദം നാട്ടിലെ ചില കർഷകരിൽനിന്നും ഉയർന്നതോർക്കുന്നു. എന്നാൽ, ദിവസത്തിൽ ഒൻപത് മണിക്കൂർ പണിയുകയാണെങ്കിൽ ഒന്നര രൂപയാക്കാം എന്നൊരു ഒത്തുതീർപ്പുണ്ടായി. പിന്നെ, വാക്ക് പാലിച്ചോ എന്ന കാര്യം അത്ര ഉറപ്പില്ല.
ഉസ്മാന് വേണ്ടിയാണ് മരക്കാർക്കാ ജീവിച്ചതെന്നു തോന്നും. മകന്റെ ഓരോ വളർച്ചയും അദ്ദേഹം നോക്കിനിന്നു. എന്നാൽ മകൻ കാരണം ഇത്രമേൽ വേദനിക്കേണ്ടിവന്ന പിതാക്കന്മാർ കുറവായിരിക്കും.

നാട്ടിൽ ഉസ്മാന് കാര്യമായി പണിയില്ല. കൂലിപ്പണിക്കൊന്നും ബാപ്പയെപ്പോലെ ഉസ്മാൻ പോയി ശീലിച്ചില്ല. അങ്ങനെയായിരിക്കണം ബോംബെയിലേക്ക് പോകുന്നത്.

അക്കാലത്ത്, ബോംബെ, മദിരാശി, മംഗലാപുരം തുടങ്ങിയ നഗരങ്ങളിലേക്ക് മലയാളികളുടെ ഒഴുക്ക് കൂടുതലുള്ള കാലമാണ്. ഗൾഫ് പ്രവാസം ആരംഭിച്ചിട്ടില്ല. സിങ്കപ്പൂരും പെനാങ്കും ഒക്കെയായിരുന്നു അക്കാലത്തെ വിദേശ പ്രവാസനഗരങ്ങൾ. അവിടെ ഒരു ചെറു ന്യൂനപക്ഷമേയുള്ളൂ. മദിരാശിയും ബോംബെയും തന്നെയായിരുന്നു മലയാളിയുടെ നഗരങ്ങൾ. മലയാള നോവലിലെയും സിനിമയിലെയും നായകന്മാർ അക്കാലത്ത് പ്രവാസികളായി പോയിരുന്ന നഗരങ്ങളും ഇവ തന്നെ. മറുനാട്ടിൽ മലയാളിയും പണിതീരാത്ത വീടും ബഷീറിന്റെ ബാല്യകാലസഖിയും ഒക്കെ ഓർക്കാവുന്നതാണ്. ‘നാളികേരത്തിന്റെ നാട്ടിലെനിയ്‌ക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്...' എന്ന പാട്ടും അക്കാലത്തെ ആഭ്യന്തര പ്രവാസത്തിന്റെയാണ്.

ഉസ്മാൻ ബോംബെയിൽ പോയതോടെ ജീവിതരീതി തന്നെ മാറി. താങ്ങും തണലുമാകുമെന്ന് കരുതിയ മകൻ ബാപ്പയുടെ ആഗ്രഹങ്ങൾ തെറ്റിച്ചു. ഉസ്മാനെപ്പറ്റി പല കഥകളും പരന്നു.

നാട്ടിലെത്തിയാൽ എപ്പോഴെങ്കിലും വീട്ടിൽ വരാറുണ്ട് ഉസ്മാൻ. ഉറച്ച ശരീരവും രണ്ട് വശങ്ങളിലക്കും കൊതിയിട്ട മുടിയും ഇന്നും ഓർക്കുന്നു. അവ എണ്ണയിട്ട് മിനുക്കിവെക്കും.

ഉസ്മാൻ ലഹരിക്ക് അടിമയാണെന്നും ഒക്കെയുള്ള വാർത്തകൾ ആ ബാപ്പയെ വല്ലാതെ പിടിച്ചുലച്ചു. അദ്ദേഹം സദാ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ചു, മകൻ തനിക്കും കുടുംബത്തിനും പ്രയോജനപ്പെടണേ എന്ന്. ആ ഒരർത്ഥനയുമായി നടന്നു.

ആയിടക്കാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
ഇന്ദിരഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയിന്റെ അഞ്ചിന പരിപാടിയും പൊടിപൊടിച്ച കാലം.

സഞ്​ജയ്​ ഗാന്ധി, ഇന്ദിരാ ഗാന്ധി

ഭരണകൂട മെഷിനറി ഇന്ത്യക്കാരെ ശുദ്ധിയുള്ളവരും അച്ചടക്കമുള്ളവരുമാക്കി തീർക്കാൻ മിനക്കെട്ടിറങ്ങി. അതിന്റെ സന്തതിയായിരുന്നു, നഗര ശുചീകരണത്തിന്റെ ഭാഗമായി സഞ്ജയ്ഗാന്ധിയുടെ തുർക്കുമാൻ ഗേറ്റ് വേട്ട. തുർക്കുമാൻ ഗേറ്റിലെ ബഹുഭൂരിപക്ഷം കഴിഞ്ഞുകൂടിയ ചാളകൾ നഗര ശുചീകരണത്തിന്റെ പേരിൽ തകർത്തു. ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങൾ വഴിയാധാരമായി. തടഞ്ഞവരെ ബലം പ്രയോഗിച്ചു തടവിലിട്ടു. ഇന്ദിരാഭരണം, ഇന്ത്യൻ ജനാധിപത്യ പാരമ്പര്യത്തെ ശാപഗ്രസ്തമാക്കിയ സംഭവങ്ങളായിരുന്നു അതൊക്കെ. കുടുംബാസൂത്രണ പരിപാടികളിലൂടെ ജനസംഖ്യ നിയന്ത്രണം കൊണ്ടുവരുന്നതും അടിയന്തരാവസ്ഥയുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളിൽ മുഖ്യമായ ഒന്നായിരുന്നു. കുടുംബാസൂത്രണ മാർഗങ്ങൾ പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളും മുഴുനീള കഥാചിത്രങ്ങളും അക്കാലത്ത്, സ്‌കൂളുകളിൽ പോലും പൊതുജങ്ങൾക്കായി വ്യാപകമായി പ്രദർശിപ്പിക്കപ്പെട്ടു.

നിരോധ് എന്ന കുടുംബാസൂത്രണ ഉറകളെക്കുറിച്ചു ആദ്യം ഞാൻ കേൾക്കുന്നത് ഇക്കാലത്താണ്. സൗജന്യമായും തുച്ഛം വിലക്കും സർക്കാർ ഗർഭനിരോധ ഉറകൾ രാജ്യമെമ്പാടും വിതരണം ചെയ്തു. ഒരു പാക്കറ്റിന് 10 രൂപയായിരുന്നു എന്നാണോർമ്മ. ഒരു പാക്കറ്റിൽ മൂന്നെണ്ണമുണ്ടാവും.
ഒരുപക്ഷെ, അക്കാലത്തായിരിക്കണം, ഗർഭനിരോധനം ഹറമാണെന്ന് വിശ്വസിച്ചിരുന്ന മലബാർ മാപ്പിളമാർ ക്കിടയിലൊക്കെ നിരോധിനെ കുറിച്ചുള്ള ആദ്യ അവബോധം ഉണ്ടായത്. എന്നാൽ, ജനസംഖ്യ വർദ്ധനവ് നിയന്ത്രിക്കാനുള്ള കൽപനകൾ മിക്ക ഭരണകൂടങ്ങളും നയമായി സ്വീകരിച്ചിരുന്നതായി ഓർമ വരുന്നു. ഞാൻ മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്താണെന്നു തോന്നുന്നു, ഒള്ളതുമതി എന്ന സിനിമ കുടുംബാസൂത്രണത്തിന്റെ ഭാഗമായി ഞങ്ങളുടെ സ്‌കൂളിൽ പ്രദർശിപ്പിച്ചത് ഓർമിക്കുന്നു. നാട്ടിൽ ആദ്യമായി പലരും സിനിമ കണ്ടതും ഇതായിരുന്നു. അതേചൊല്ലിയുള്ള മത വിമർശനങ്ങൾ ഏറെക്കാലം കെട്ടാറിയില്ല.

എന്നാൽ സഞ്ജയന്റെ പരിപാടികളോടെ ഇന്നത്തെയെന്നപോലെ അവയൊക്കെ രാജ്യരക്ഷയുടെ മാർഗമായി വ്യാഖ്യാ നിക്കപ്പെടുകയും നിർബന്ധമായും പൗരന്മാരുടെ ചുമതലയായി അവ മാറുകയും ചെയ്തു.

കുടുംബാസൂത്രണത്തിന്റെ മറവിൽ നിർബന്ധ വന്ധ്യംകരണം ഒരു കലാപരിപാടിയാക്കി മാറ്റി. തുർക്കുമാൻ ഗേറ്റ് സംഭവം ഇന്ത്യയിൽ വലിയ ഒച്ചപ്പാടായി. എല്ലാം നിയന്ത്രിക്കാൻ മാധ്യമങ്ങളുടെ കണ്ണും വായും മൂടിക്കെട്ടി, ഭരണകൂടം. ഇന്ദിരയുടെ മകനുവേണ്ടി സർക്കാർ മെഷിനറി അഹോരാത്രം തണുകൂണ് പണിയെടുത്തു.

അങ്ങനെയൊരു കാലത്താണ്, എന്റെയറിവിൽ ഉസ്മാൻ ഒരിക്കൽ ബോംബയിൽ നിന്ന് നാട്ടിലെത്തിയത്. അതുവരെ നമ്മുടെ മുമ്പിൽ ഊർജസ്വലനായി നടന്ന ഉസ്മാനെയല്ല നാട്ടുകാർ കണ്ടത്.
ശരീരം കുറെ വിളർത്തിട്ടുണ്ട്. പഴയ സരസതയില്ല. നാട്ടുകാർ പലതും പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടു എന്നോ നഗരത്തിലെ മാഫിയ സംഘത്തിൽ അദ്ദേഹം കുടുങ്ങിയെന്നോ ഒക്കെ. അതേസമയം അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ മാത്രം പറഞ്ഞറിഞ്ഞ ഒരു കാര്യമുണ്ട് - ഉസ്മാൻ വന്ധ്യംകരണത്തിന് വിധേയമായെന്ന്.
കുടുംബാസൂത്രണം ചെയ്യുന്ന ആണിനും പെണ്ണിനും 100 രൂപ ഓഫർ നൽകുമ്പോൾ, കഷ്ടപ്പാട് മാത്രം ജീവിതത്തിൽ അറിഞ്ഞ പലരും കഥയറിയാതെ അതിനിരകളായി. പലരും ശസ്ത്രക്രിയയുടെ എതിർ ഫലങ്ങളെ കുറിച്ചറിയാതെയാണ് വെറും നൂറു രൂപക്ക് സമ്മതിച്ചത്. ചിലർ ഭരണകൂടത്തിന്റെയും പൊലീസിന്റെയും സൗജന്യം നേടാനോ ഭീതി മൂലമോ അതിനു നിർബന്ധിതരായി. ഉസ്മാനും അതിൽപ്പെട്ടു, എന്നത് ചിലരെയെങ്കിലും ഏറെ വേദനിപ്പിച്ചു.

അദ്ദേഹത്തിന്റെ സ്‌നേഹനിധികളായ മാതാപിതാക്കളുടെ കണ്ണീർ തോരാതായി. പ്രാർത്ഥനക്ക് നീളം കൂടി. എന്നാൽ ദൈവം അവരുടെ കൂടെയുണ്ടായില്ല.

ഉസ്മാന് പ്രത്യേക ചില ചേഷ്ടകൾ ഉണ്ടായിരുന്നു. തന്റെ അലസ സ്വാതന്ത്രമായ ജീവിതത്തിൽ നിന്ന് ആർജ്ജിച്ചതാവണം.
അയാൾ നടക്കുമ്പോൾ നേരെ മുമ്പിലേക്കാണ് നോക്കിയത്. മാത്രമല്ല, ആ പോക്കിൽ എതിരെ വരുന്നത് ആരായാലും വഴിമാറിക്കൊടുക്കില്ല. ഇത് ബോധപൂർവം ചെയ്യുന്നതല്ല, ഒരു മാനറിസം. പലരും ഇത് തെറ്റിദ്ധരിച്ചു.

ബോംബെയിൽ നിന്ന് അയാൾ നാട്ടിലെത്തിയപ്പോഴേക്കും പല കഥകളും നാട്ടിൽ പ്രചരിച്ചിരുന്നു. അയാളെ വന്ധ്യംകരിച്ചു എന്നതിനുപുറമെ പല കുറ്റകൃത്യങ്ങൾക്കും പൊലിസ് ഉസ്മാനെ ബോംബെ പോലീസ് ജയിലിലിട്ടു എന്നും മറ്റും.

എന്നോസിക്കേസ്

അക്കാലത്താണ് കുപ്രസിദ്ധമായ എന്നോസിക്കേസ് നാട്ടിൽ സംഭവിക്കുന്നത്. ഒരു ന്യൂനപക്ഷം ഫ്യൂഡൽ മുതലാളിമാരുടെയും അവരുടെ കിങ്കരന്മാരുടെയും നാടായിരുന്നു അക്കാലത്ത് ഞങ്ങളുടെ ഗ്രാമം. ബഹുഭൂരിപക്ഷവും കഞ്ഞി കുടിക്കാൻ വകയില്ലാത്ത സാധാരണക്കാരും. സ്വന്തമായി കിടപ്പാടമില്ലാത്തവരും കൂട്ടത്തിലുണ്ട്.

എന്നോസിക്കേസിലെ മുഖ്യപ്രതി എന്റെ ജേഷ്ഠൻ അബ്ദുറഹിമാൻ ആയിരുന്നു. അദ്ദേഹം കോഴിക്കോട് മീഞ്ചത്ത ലോവർ പ്രൈമറി സ്‌കൂളിൽ അധ്യാപകനായിരിക്കെ കോഴിക്കോടുള്ള സൈദ് എന്നുപേരായ ഒരാൾ ജ്യേഷ്ഠന്റെ സഹായത്തോടെ ഏതാനും നാട്ടുകാർക്ക് ഗൾഫിലേക്ക് വിസ വിതരണം ചെയ്യുന്നു എന്ന് പ്രഖ്യാപിക്കുന്നു.
അക്കാലത്ത് ഗൾഫിലേക്കുള്ള യാത്രകൾ സജീവമായിത്തുടങ്ങിയ കാലം. ലോഞ്ച് യാത്ര മുഖേന ഗൾഫിലെത്താമെന്ന സ്വപ്നവുമായി മലബാറിലെ യുവാക്കൾ നെട്ടോട്ടമൊടുന്ന കാലം.
നാട്ടിൽ കാര്യമായ പണിയൊന്നുമില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പലരും ഏറെ കഷ്ടപ്പെട്ടു. നാലാം ക്ലാസ്സാവുമ്പോഴേക്കും മിക്കവരും സ്‌കൂളിൽ നിന്നൂരിപ്പോരും. പിന്നെ, അണ്ടിക്കളി, ചട്ടിയും ചുട്ടിയും (ചുള്ളിയും വടിയും), കുറ്റിപ്പത്താന തുടങ്ങിയ കളികളോ, പുഴയിൽ മീനും എരുന്തും പിടുത്തമോ ഒക്കെയായി നടക്കും. ചിലർ പാടത്ത് പണിക്കുപോകും...

വാളക്കുളം പുതുപ്പറമ്പിലെ ആദ്യത്തെ ജി.എൽ.പി സ്കൂൾ. സമസ്ത മത വിദ്യാഭ്യാസ ബോർഡിന്റെ സ്ഥാപക അംഗമായ മൗലാന അബ്ദുൽ ബാരിയാണ് ഈ സ്​കൂൾ പണിയാൻ സ്ഥലം കൊടുത്തത്.

ഗൾഫ് കുടിയേറ്റം തുടങ്ങിയ കാലമാണ്. ലോഞ്ചുകളിൽ യാത്ര പോയ പലരും കടലിലും കരയിലുമല്ല എന്ന മട്ടിൽ അങ്കലാപ്പുകളുടെയും സ്വപ്നങ്ങളുടെയും നടുക്കായ കഥകൾ ഏറെ പ്രചരിച്ചു. ചില ഭാഗ്യവാന്മാർ അറബിനാട്ടിൽ കരപറ്റി. അതോടെ മലബാറിന്റെ ശിരോരേഖ തെളിഞ്ഞു. അങ്ങനെയാണ് വിസ തങ്ങളുടെ സ്വപ്നങ്ങളുടെ നിർവഹണമാകും എന്ന് യുവാക്കൾ വിശ്വസിച്ചത്. മലബാറിൽ അക്കാലത്ത് ഏറ്റവും വിലയുള്ള ഒരു വാക്കായിരുന്നു വിസ. ആ വാക്ക് ഉച്ചരിക്കുന്നവരെയും പിൽക്കാലത്തു ഡ്രാഫ്റ്റ് എന്ന പദമുച്ചരിക്കുന്നവരെയും ആദരപൂർവം മറ്റുള്ളവർ കടാക്ഷിച്ചു.

ജ്യേഷ്ഠൻ സ്‌കൂൾ വിട്ട് വീട്ടിൽ വന്ന് ഒരു ദിവസം പ്രഖ്യാപിച്ചു: സൈദ് എന്നൊരാൾ വീട്ടിൽ വരുമെന്നും അയാൾ കുറെ വിസയുടെ അമരക്കാരനാണെന്നും. സൈദ് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അക്കാലത്തെ വീശിഷ്ടവിഭവമായ നെയ്‌ച്ചോറും കോഴിയും റെഡിയാക്കി. അക്കാലത്ത്, ഞങ്ങളുടെ നാട്ടിലൊന്നും ബിരിയാണി ഒരു വിഭവമായി വന്നിട്ടില്ല. സൈദ് ഒരറബിയായിരിക്കും എന്നാണ് ഞങ്ങളൊക്കെ കരുതിയത്. അക്കാലത്ത് അറബിനാടുകളിൽ നിന്ന് വരുന്ന വിസയുടെ കാര്യമോർത്താൽ അങ്ങനെയേ വിചാരിക്കാൻ പറ്റൂ.
ഉച്ചയ്ക്ക് 12 മണിയോടെ ജ്യേഷ്ഠന്റെ കൂടെ സ്ലാക് ഷർട്ടും കറുത്ത പാന്റ്‌സുമണിഞ്ഞ ഒരാൾ കയറിവന്നു. ഒറ്റനോട്ടത്തിൽ, കെ.പി. ഉമ്മറിന്റെ തടിയും സൈസും. സൈദിനെ അത്യാദരപൂർവം സലാം ചൊല്ലി ബാപ്പ സ്വീകരിച്ചു.

‘അറബി വിസയുമായി വന്നു' എന്നാണ് നാട്ടിൽ പാട്ടായത്.
കുറെയാളുകൾ ജ്യേഷ്ഠൻ വശം, ആയിരങ്ങൾ കൊടുത്തേൽപ്പിച്ചു. പലരും കടം വാങ്ങിയാണ് വിസക്ക് കാശ് കൊടുത്തത്.ജ്യേഷ്ഠന്​ അന്നുണ്ടായിരുന്ന പേരും പ്രശസ്തിയും ഇരട്ടിയായി.

പല കാര്യങ്ങളിലും സാമാർഥ്യക്കാരനായിരുന്നുവെങ്കിലും ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ജ്യേഷ്ഠന്റേത്. വിസയുടെ പേരിൽ ആയിരങ്ങൾ കൈപ്പറ്റിയത് അദ്ദേഹം സൈദിനെ ഏൽപ്പിച്ചു. പത്തിരുപതോളം നാട്ടുകാർ വിസ വരുന്നതും കാത്ത് ഉറക്കമൊഴിഞ്ഞിരുന്നു. വിസ മുംബയിൽ നിന്ന് കിട്ടുമെന്ന് ഓർമിപ്പിച്ചതുമൂലം പലരും പുറപ്പെട്ടു. എന്നാൽ, സൈദോ അയാളുടെ ഏജൻസികളോ ഒരിക്കലും പൊങ്ങിയില്ല.
ജ്യേഷ്ഠൻ അപ്പോഴും താൻ പറ്റിക്കപ്പെട്ടു എന്ന കാര്യം അറിഞ്ഞില്ല. അയാൾ ഉടനെ വിസയുമായി വരുമെന്നും കാത്തിരിക്കണമെന്നും അദ്ദേഹം മറ്റുള്ളവരെയറിയിച്ചു. ജ്യേഷ്ഠൻ കബളിക്കപ്പെട്ടു എന്നു ബോധ്യമായതോടെ ഇരയാവർക്ക് നഷ്ടപരിഹാരം നൽകാനുള്ള ചർച്ചകൾ ആരംഭിച്ചു. എന്നാൽ, മറുപുറത്തുള്ളവർ, അതൊന്നും വകവെക്കാതെ ഇരുവർക്കുമേതിരെ കേസ് കൊടുക്കുകയാണ് ചെയ്തത്.

അതോടെ ജേഷ്ഠനെ പോലീസ് അറസ്റ്റുചെയ്തു.
ഞാൻ അന്ന് ഒൻപതിലോ പത്തിലോ പഠിക്കുകയാണ്. എന്റെ കൗമാരത്തിൽ ഞാൻ അനുഭവിച്ച ഏറ്റവും വലിയൊരു താളം തെറ്റലിന്റെ കഥയായിരുന്നു ഈ എന്നോസിക്കേസ്.

നാട് രണ്ടു ചേരിയായി. എന്റെ ബാപ്പക്കെതിരെ എല്ലാവരും ഒന്നിച്ചു. തങ്ങളുടെ കുടുംബത്തോടും വിശിഷ്യാ ബാപ്പയുടെ ഉന്നമനത്തിലും അസൂയ പൂണ്ടവർക്കെല്ലാം ഒരവസരമായി. ജ്യേഷ്ഠനല്ല, ബാപ്പയെയായിരുന്നു അവർക്കുവേണ്ടത്. കേസിൽ കൂട്ടുപ്രതിയാക്കാൻ ശ്രമങ്ങൾ നടന്നു. ഒരു ദിവസമെങ്കിലും ബാപ്പയെ അറസ്റ്റു ചെയ്ത് അഭിമാനക്ഷതം വരുത്തണമെന്നായിരുന്നു അവരുടെ താൽപര്യം. ബാപ്പ പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങളിൽ ഒളിച്ചു താമസിച്ചു. അക്കാലത്ത്, നാട്ടിൽ ഇതിനനുസൃതമായ ചില രാഷ്ട്രീയ സംഭവങ്ങൾ ഉണ്ടായി.

ആന്റണി കോൺഗ്രസിന്റെ പക്ഷക്കാരായിരുന്നു നാട്ടിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഏറെ ഫ്യൂഡലായ കുടുംബങ്ങളാൽ ഭരിക്കപ്പെടുന്ന പ്രസ്ഥാനം. അവരുടെ എന്തും ചെയ്യാൻ മടിക്കാത്ത കുറെ ആശ്രിതന്മാരും. എന്നോസിക്കേസിൽ, ഇരകളായവരുടെ സംരക്ഷണർത്ഥം എന്ന ചുളുവിൽ, ബാപ്പയുടെ പക്ഷത്തിനെതിരെ കോൺഗ്രസ് നിലകൊണ്ടു. അപ്പോൾ, ബാപ്പയെ അംഗീകരിക്കുന്ന ഒരുപറ്റം ആളുകൾ ഇവിടെ ഐ കോൺഗ്രസ് രൂപീകരിച്ചു. അവരിൽ ചില അംഗങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരായതിനാൽ, നേരിട്ട് രാഷ്ട്രീയ പ്രവർത്തനം അസാധ്യമാകയാൽ, കരുണാകരൻ കോൺഗ്രസിന്റെ സാംസ്‌കാരിക വിഭാഗമായ യുവഭാവനയാണ് ഇവിടെ യൂണിറ്റ് ഇട്ടത്. യുവഭാവനയുടെ അരികുപിടിച്ചാണ് രാഷ്ട്രീയപ്രവർത്തനം ഉണ്ടായത്. ഇതിന്റെ ജില്ലാ ഉത്ഘാടനം തിരൂരിൽ പ്രശസ്ത നടൻ മധുവായിരുന്നു നിർവഹിച്ചത് എന്നു കേട്ടിട്ടുണ്ട്. കുരുണിയൻ സൈദ് ആയിരുന്നു അതിന്റെ പ്രാദേശിക നേതാവ്. കോൺഗ്രസിന് രണ്ടു ചേരിയാക്കി മാറ്റുന്നതിൽ എന്നോസിക്കേസിനുള്ള പങ്ക് ചെറുതല്ല.

സന്ധ്യയായാൽ രണ്ടു ചേരി നിരന്ന് അങ്ങാടിയിൽ കൊലവിളിയുയർന്നു. പലരും ചാവേറുകളെപ്പൊലെ ഫ്യുഡൽ കുടുംബങ്ങൾക്കുവേണ്ടി പെരുമാറി. രണ്ടു ചേരിയായതോടെ അപ്പുറത്തും ഇപ്പുറത്തും കൈകാര്യസ്ഥന്മാരുണ്ടായി. അങ്ങനെ ആറുമാസക്കാലം നാട് ബഹുവിധമായ കൊലവിളികളാൽ മുഖരിതമായി. ഇതിന്റെ പരിണതഫലം മറ്റൊന്നായിരുന്നു-വാളക്കുളം എന്ന ഗ്രാമത്തിലെ ഫ്യൂഡൽ പ്രതാപങ്ങൾ, പഴഞ്ചൻ സമ്പ്രദായങ്ങൾ എന്നിവക്കെല്ലാം ഒരു ഷോക്ക്​ കൊണ്ടുവന്ന സംഭവമായിരുന്നു ഇത്.

എന്റെ ജീവിതത്തിൽ ആദ്യമായാണ് പിടഞ്ഞു ജീവിച്ച ഒരു ബാപ്പയെ ഞാൻ കണ്ടത്.

ഏതായാലും അവസാനം ബാപ്പയുടെ പക്ഷം ജയിക്കുകയാണുണ്ടായത്. ജ്യേഷ്ഠനെ വെറുതെ വിട്ടു. വളരെ മാന്യമായി ജീവിച്ച, എല്ലാരുടെയും ആദരം പറ്റിയ ഒരാൾ എന്ന് നിലക്ക് അക്കാലത്തു ബാപ്പ സഹിച്ച വേദനകളിൽ അഗാധമായ വേദന അനുഭവിച്ച ഒരാളായിരുന്നു ഉസ്മാന്റെ ബാപ്പ, മരക്കാർക്കാ. ഉസ്മാന്റെ ജീവിതം അയാളെ തകർത്ത പോലെത്തന്നെ, ബാപ്പയ്ക്ക് സംഭവിച്ച ദുര്യോഗവും മരക്കാർക്കയെ വേട്ടയാടി. ഉസ്മാൻ അക്കാലത്തും എന്റെ വീട്ടിൽ വന്നത് ഞാനോർക്കുന്നു. അയാൾ വല്ലാതെ ക്ഷീണിച്ചിരുന്നു. എന്നാൽ ഉസ്മാന്റെ ദുര്യോയോഗത്തെ തട്ടി നീക്കാൻ, ഈ മാറിയ രാഷ്ട്രീയ കാലാവസ്ഥക്കുമായില്ല, എന്ന ചരിത്ര വിപര്യയം കാണാതിരുന്നുകൂടാ.

അക്കാലത്താണ്, അവസാനമായി ഉസ്മാൻ നാട്ടിലെത്തിയത്. പഴയപോലെ അയാളെ ആരും സ്വീകരിച്ചില്ല. ബാപ്പ അദ്ദേഹത്തെയോർത്ത് പ്രാർത്ഥനയുടെ എണ്ണം കൂട്ടി. മഹത്തുക്കളായ സയ്യിദന്മാരുടെയും ഓമാനൂർ ശുഹദാക്കളുടെയും നേർച്ചപ്പെട്ടികളിലേയ്ക്ക് കാണിക്കകൾ സമർപ്പിച്ചു. നിരന്തരം ദുആ ഇരന്നു.ആ പിതാവിന്റെ വേദനയും ഒറ്റപ്പെടലും, ബാക്കിയായി.

ഒടുവിൽ ഉസ്​മാനെ ‘വാളക്കുളം പൂച്ച പിടിച്ചു’

അടിയന്തരാവസ്ഥക്കാലത്തെ മറ്റൊരു അനുഭവം.
ഒരു ദിവസം ഉസ്മാൻ സ്‌കൂൾ മുറ്റത്തിനു ചേർന്നുപോകുന്ന റോട്ടിലൂടെ നടന്നുപോകവേ, സ്‌കൂളിലേക്ക് വരികയായിരുന്ന ഒരാധ്യാപികക്ക് വഴിമാറി കൊടുത്തില്ല. അതേചൊല്ലി കശപിശയായി. ഉസ്മാന്റെ മാനറിസം അറിയാത്ത ടീച്ചർ തന്നെ പീഡിപ്പിക്കാൻ ശ്രമിക്കുകയാണെന്നു കരുതി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തൽക്ഷണം അയാളെ പൊലീസ് കൊണ്ടുപോയി. അടിയന്തരാവസ്ഥ കാലമല്ലേ, പിന്നെ ഉസ്മാനെക്കുറിച്ച് കുറെ കാലത്തേയ്ക്ക് വിവരമൊന്നുമില്ല.

ഒരു ദിവസം അദ്ദേഹം മരിച്ചതായി വാർത്ത വന്നു.

അക്കാലത്തെ നിയമവ്യവസ്ഥയും സാധാരണ മനുഷ്യനും തമ്മിലുള്ള അകലം ഇന്നത്തെയപേക്ഷിച്ചു അജഗ ജാന്തരമായിരുന്നു.
ഉസ്മാനെപ്പോലെ ആർക്കും വേണ്ടതായ ഒരാളെക്കുറിച്ച് കൂടുതലൊന്നും പറയേണ്ടല്ലോ. പണവും പ്രതാപവുമുള്ള പിതാവോ ബന്ധുക്കളോ അയാൾക്കുണ്ടായില്ല. മാത്രമല്ല, അക്കാലത്തെ പ്രാദേശിക പഴഞ്ചൻ പൗരോഹിത്യം നടമാടുന്ന നാട്ടിൻപുറങ്ങളിൽ ഉസ്മാനെപ്പോലെ താന്തോന്നിയായി ജീവിച്ച ഒരാൾക്ക് എന്തെങ്കിലും പിന്തുണ കിട്ടുമെന്നുള്ളതിന് ഒരുറപ്പും വേണ്ട.
‘വാളക്കുളം പൂച്ച പിടിച്ചു' (വാളക്കുളം എന്നായിരുന്നു ഞങ്ങളുടെ സ്ഥലത്തിന്റെ അന്നത്തെ പേര്. ക്രമേണ വാളക്കുളം പുതുപ്പറമ്പ് എന്നു പരിണമിച്ചു. അതോർത്തു പഴമക്കാർ പറഞ്ഞിരുന്നതാണ്, ആ ചൊല്ല് ) എന്നൊക്കെയുള്ള ഉക്തി പിന്നെ പ്പിന്നെയാണ് പുലർന്നത്.

നാട്ടിൽ നിന്ന് ചില രാഷ്ട്രീയ വ്യക്തികൾ അദ്ദേഹത്തിന്റെ ബോഡി കാണാൻ പൊലീസ് സ്റ്റേഷനിൽ പോയതായി കേട്ടിട്ടുണ്ട്. അക്കാലത്ത് ഞങ്ങളുടെയൊക്കെ നാട്ടുമ്പുറങ്ങളിൽ മനുഷ്യന് ലഭിക്കേണ്ട സാമൂഹ്യ നീതിയെകുറിച്ചൊക്കെ അത്രയൊക്കെ ധാരണയേ ഉണ്ടായിരുന്നുള്ളൂ. ഒരു തരം പ്രാദേശിക ഫ്യൂഡലിസം എല്ലാത്തരം മനുഷ്യ ജാഗ്രത്തിനെയും പൊതിഞ്ഞു നിലക്കൊണ്ടു. അർഹിക്കുന്നവൻ അതിജീവിക്കും, കയ്യൂക്കുള്ളോർ കാര്യക്കാർ എന്നൊക്കെയുള്ള ചൊല്ലുകൾ വിളയാടിയിരുന്ന കാലം.

അതേക്കാലത്ത്, കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച മാറ്റൊരു രാഷ്ട്രീയ ഉരുട്ടിക്കൊല സംഭവിക്കുന്നു; എഞ്ചിനീയറിങ് കോളേജ് വിദ്യാർഥി രാജന്റെ പൊലീസ് കസ്റ്റഡിയിലെ കൊല. അന്നത്തെ മുഖ്യമന്ത്രി കെ. കരുണകാരന്റെ രാഷ്ട്രീയഭാവി സങ്കീർണമാക്കിത്തീർത്ത സംഭവം. ഈച്ചരവാരിയർ എന്ന സ്‌നേഹസമ്പന്നനും രാഷ്ട്രീയ ജാഗ്രതയുള്ളവനുമായ ഒരു പിതാവിന്റെ പൊരുതുന്ന ജീവിതത്തെ മലയാളിക്ക് സമ്മാനിച്ച കഥ. അതൊരു അടയാളമായിരുന്നു.

ഈച്ചരവാരിയർ

ഈ രണ്ടു പിതാക്കന്മാരും അവരെപ്പോലെ അക്കാലത്തെ അടിയന്തരാവസ്ഥയുടെ അധികാരക്കസർത്തിൽ വേദന തിന്നു തീർത്ത രണ്ടു പിതാക്കന്മാർ, അവരറിയാതെ രണ്ടു രീതിയിൽ ചരിത്രത്തിന്റെ ഭാഗമായി. ഒരാൾ നിരന്തരമായ ജാഗ്രതയും പോരാട്ടവും കൊണ്ട്. അപരനാവട്ടെ, ഉള്ളുരുകിയൊലിക്കുന്ന നിരന്തരമായ പ്രാർത്ഥന കൊണ്ട്.

പൂച്ചപിടിച്ചുപോയി എന്നു പഴമക്കാർ പറയാറുള്ള ഞങ്ങളുടെ വാളക്കുളം എന്ന പഴയ ഗ്രാമത്തെ, രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ ഭീതിദമായ കേരളീയമായ ഒരധ്യായത്തോടൊപ്പം തുന്നിചേർത്തത് ഡോട്ടർ ഉസ്മാൻ എന്നു ആളുകൾ പേരിട്ടുവിളിച്ച ഈ മനുഷ്യനിലൂടെയായിരുന്നു എന്ന് ഇതിനോടൊപ്പം സാക്ഷ്യപ്പെടുത്തട്ടെ.



ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments