ഏപ്രില്‍ 19 ന് ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. കോവിഡ് രോഗം വ്യാപിക്കുന്നതിനിടയില്‍ മാര്‍ച്ച് 24 ന് രാജ്യം അപ്രതീക്ഷിതമായി ലോക് ഡൗണിലേക്കു പോയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിച്ചത് കുടിയേറ്റതൊഴിലാളികളാണ്. സ്വന്തം നാട്ടിലെത്താന്‍ സൈക്കിളില്‍ ഏഴുദിവസം കൊണ്ട് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത മഹേഷ് ജന എന്ന യുവാവിനെപ്പറ്റിയാണ് ഈ റിപ്പോര്‍ട്ട്.
25 Apr 2020, 11:39 AM
മൊഴിമാറ്റം : എം സുചിത്ര

ഏപ്രില്‍ ഒന്ന്. എന്നത്തെയും പോലെ അന്നും മഹേഷ് ജന അതിരാവിലെ എഴുന്നേറ്റു. പതിവായി ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്തു. പക്ഷേ, സാധാരണഗതിയില്‍ ഒരിക്കലും ചിന്തിക്കാന്‍പോലും സാധ്യതയില്ലാത്ത ഒരു പ്ലാനുണ്ടായിരുന്നു അന്ന് അയാളുടെ മനസ്സില്‍.
ഇരുപതു വയസ്സേയുള്ളു അയാള്‍ക്ക്. അധികം ഉയരമോ വണ്ണമോ ഇല്ലാത്ത ദേഹപ്രകൃതം. മുടി പറ്റെ വെട്ടിയിട്ടുണ്ട് . കുട്ടിത്തമുള്ള മുഖം. രാത്രി ഒരുപോള കണ്ണടയ്ക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നതിനുശേഷം കാലത്ത് നാലുമണിക്കു തന്നെ എഴുന്നേറ്റു. നീല ജീന്‍സും നീലയില്‍ ചാരനിറത്തില്‍ വിലങ്ങനെ വരകളുള്ള ടീഷര്‍ട്ടും ധരിച്ചു. തേഞ്ഞുപോയ റബര്‍ ചെരുപ്പുകളിട്ടു. കനമുള്ള ബാക്ക്പാക് തോളില്‍ തൂക്കി, സന്തോഷത്തോടെ. പിന്നീട് കുടുസുമുറി താഴിട്ടുപൂട്ടി പതുക്കെ പുറത്തിറങ്ങി തന്റെ സൈക്കിളില്‍ കേറി. ഭാരമേറിയ സൈക്കിളായിരുന്നു അത്. ഇരുപത്തിരണ്ട് ഇഞ്ചിന്റെ ചക്രങ്ങളുള്ള വലിയൊരു സൈക്കിള്‍.
മൊബൈല്‍ ഫോണോ മാപ്പോ ഒന്നുമുണ്ടായിരുന്നില്ല കയ്യില്‍. എന്നിട്ടും ഒരു തരിമ്പുപോലും പേടിയോ സംശയമോ തോന്നിയില്ല . തലയ്ക്കകത്ത് ഒരൊറ്റ ചിന്ത മാത്രം: എങ്ങനെയെങ്കിലും നാട്ടിലെത്തണം.
നേരം അപ്പോഴും വെളുത്തിരുന്നില്ല. ഈ സമയത്ത് അയാള്‍ സൈക്കിള്‍ ചവിട്ടി പതിവായി പോവാറുള്ളത് പത്തുകിലോമീറ്റര്‍ അകലെയുള്ള ഫാക്ടറിയിലേക്കാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വ്യവസായമേഖലയിലാണ് അയാള്‍ ജോലിചെയ്യുന്ന മെറ്റല്‍ ഫാക്ടറി.
പക്ഷേ, ആ ദിവസം തൊഴിലിടമായിരുന്നില്ല മഹേഷ് ജനയുടെ ലക്ഷ്യം. സ്വന്തം ഗ്രാമത്തിലേക്കാണ് അയാള്‍ യാത്ര തിരിച്ചത്. ബന്റ എന്നാണ് ഗ്രാമത്തിന്റെ പേര്. ഗ്രാമം തൊട്ടടുത്തതൊന്നുമല്ല. അങ്ങകലെ, 1700 കിലോമീറ്റര്‍ ദൂരെ, ഒഡീഷ/യിലെ ജാജ്പുര്‍ ജില്ലയിലാണ്.
ഒരു കമ്പിളിപ്പുതപ്പും കട്ടികുറഞ്ഞ ഒരു കിടക്കയും മാറിയിടാന്‍ ഒരുസെറ്റ് കുപ്പായവും പാര്‍ലെ-ജി, മാരി, ക്രീം ബിസ്‌ക്കറ്റുകളുടെ ഏതാനും പാക്കറ്റുകളും വെള്ളം നിറച്ച കുറച്ചു പ്ലാസ്റ്റിക് കുപ്പികളും സോപ്പിന്റെ കുഞ്ഞുപാക്കറ്റുകളുമാണ് മഹേഷ് ജനയുടെ ബാഗിലുണ്ടായിരുന്നത്. പിന്നെ, എല്ലാദിവസവും ഫാക്ടറിയിലേക്ക് കൊണ്ടുപോകാറുള്ള സ്റ്റീലിന്റെ ഭക്ഷണപാത്രവും. എല്ലാംകൂടി ബാഗിന് ഏകദേശം പത്തുകിലോ ഭാരമുണ്ടാവും. കാശായി കയ്യില്‍ കരുതിയത് മൂവായിരത്തോളം രൂപ മാത്രം. മൊബൈല്‍ ഫോണോ മാപ്പോ ഒന്നുമുണ്ടായിരുന്നില്ല അയാളുടെ കയ്യില്‍. എന്നിട്ടും ഒരു തരിമ്പുപോലും പേടിയോ സംശയമോ തോന്നിയില്ല അയാള്‍ക്ക്. തലയ്ക്കകത്ത് ഒരൊറ്റ ചിന്ത മാത്രം: എങ്ങനെയെങ്കിലും നാട്ടിലെത്തണം. അവിടെയെത്തുന്നതുവരെ മുന്നോട്ടു തന്നെ പോവുക. സൈക്കിള്‍ ബ്രേക്ക് ഡൗണായാല്‍ നടന്നുപോവുക.
യാത്രയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. എന്നാല്‍, അവയൊന്നും താനും തന്റെ കൂട്ടുകാരും കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ സഹിച്ച മാനസിക സമ്മര്‍ദങ്ങളുടെയത്ര ഗുരുതരമാവില്ല എന്ന കാര്യത്തില്‍ മഹേഷ് ജനക്കു സംശയമൊന്നുമില്ലായിരുന്നു. മാര്‍ച്ച് 24ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം വല്ലാത്ത പേടിയിലും ആശങ്കയിലുമായിരുന്നു അവരൊക്കെ. അവര്‍ എന്ന് പറഞ്ഞാല്‍ വ്യവസായ മേഖലയിലെ മെറ്റല്‍, പ്ലാസ്റ്റിക് ഫാക്ടറികളില്‍ പണിയെടുക്കുന്ന കുടിയേറ്റ തൊഴിലാളികള്‍. ഏറെയും ഒഡീഷയില്‍ നിന്നുള്ളവര്‍.
''ചുരുങ്ങിയത് അഞ്ചുമാസത്തേക്കെങ്കിലും ഫാക്ടറികളൊന്നും തുറക്കില്ല എന്നാണു പറഞ്ഞുകേട്ടത്. വല്ലാത്ത ഭയത്തിലായിരുന്നു ഞങ്ങളൊക്കെ. അങ്ങനെ സംഭവിച്ചാല്‍ എന്തു ചെയ്യും? വരുമാനമുണ്ടാവുമോ? ഭക്ഷണം കിട്ടുമോ? മുറിയുടെ വാടക എങ്ങനെ കൊടുക്കും? ഞങ്ങളെപ്പോലുള്ള കുടിയേറ്റത്തൊഴിലാളികളുടെ നിലനില്പിനെപ്പറ്റിആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല,'' മഹേഷ് ജന പറയുന്നു.
പലായനം ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ അയാള്‍ കണ്ടു. ഏതുവിധേനയും സ്വന്തം നാട്ടിലെത്തണമെന്ന വ്യഗ്രതയോടെ കാല്‍നടയായി പോകുന്നവരുടെ വലിയ കൂട്ടങ്ങള്‍. നമുക്കും അങ്ങനെത്തന്നെ ചെയ്യാം എന്നാണ് ജനയുടെ കൂടെയുള്ളവരൊക്കെ പറഞ്ഞത്.
''ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള നാലഞ്ചുദിവസം ഞങ്ങളൊന്നും ഉറങ്ങിയിട്ടേയില്ല. എന്തുചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. നില്‍ക്കണോ പോകണോ? പുറപ്പെട്ടാല്‍ എത്തേണ്ടിടത്ത് എത്തുമോ? കാല്‍നടയാണെങ്കില്‍ ഒരുദിവസം പരമാവധി 50 കിലോമീറ്റര്‍ കടക്കാന്‍ കഴിഞ്ഞേയ്ക്കും . നാട്ടിലെത്താന്‍ ഒരുമാസമെങ്കിലുമെടുക്കും. സൈക്കിളിലാണെങ്കില്‍ ഒരുപക്ഷേ ഒരോദിവസവും 100 കിലോമീറ്ററോ അതിലധികമോ പോകാന്‍ കഴിഞ്ഞേക്കും. അങ്ങനെയാണെങ്കില്‍ 15 ദിവസം കൊണ്ടു നാട്ടിലെത്താം.''
ഇടുങ്ങിയ വാടകമുറിയിലിരുന്ന് മഹേഷ് ജന തലപുകഞ്ഞാലോചിച്ചു. എന്തുചെയ്യണം ? ഒടുവില്‍ തീരുമാനിച്ചു. എന്തുവന്നാലും പോകുക തന്നെ. കാല്‍നട വേണ്ട സൈക്കിള്‍ മതി. മാര്‍ച്ച് 25 ന് അയാള്‍ അമ്മാവന്റെ മകന്‍ മനോജ് പരീദയെ വിളിച്ചു. അയാളുടെ വീട്ടിലാണ് മഹേഷ് വളര്‍ന്നത്. ജാജ്പുര്‍ ജില്ലയില്‍ നോര്‍ത്തേണ്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയില്‍ ലൈന്‍ മാനായി ജോലിചെയ്യുകയാണ് മനോജ്

''തല്‍ക്കാലം ഇങ്ങോട്ടു വരേണ്ട, അവിടെത്തന്നെ നിന്നാല്‍ മതി എന്നാണ് ഞാന്‍ മഹേഷിനോട് പറഞ്ഞത്. കയ്യില്‍ കാശില്ല എന്നവന്‍ പറഞ്ഞപ്പോള്‍ ഗൂഗ്ള്‍പേ വഴി 3000 രൂപ അയച്ചുകൊടുക്കുകയും ചെയ്തു. മഹാരാഷ്ട്രയില്‍ നിന്ന് ഒഡീഷയിലേക്ക് സൈക്കിളില്‍ ആരെങ്കിലും വരുമോ? അത് അസാധ്യമാണെന്നാണ് ഞങ്ങളൊക്കെ കരുതിയത്,'' മനോജ് പരീദ പറയുന്നു.
പക്ഷേ, മഹേഷ്ജന പിന്മാറിയില്ല. ആരോടും ഒന്നും പറയാതെ സ്ഥലം വിടാന്‍ തീരുമാനിച്ചു. പ്ലാന്‍ വളരെ ലളിതമായിരുന്നു: ഒഡീഷയില്‍ നിന്ന് സാംഗ്ലീയിലേക്ക് വന്ന അതേ വഴിയിലൂടെ നേരെ എതിര്‍ദിശയിലേക്ക് സഞ്ചരിക്കുക.
മഹേഷിനെയും കൂട്ടുകാരെയും ഒരു കോണ്‍ട്രാക്ടറാണ് ജോലിക്കായി സാംഗ്ലിയി ലേക്ക് കൊണ്ടുപോയത്. ആ യാത്ര ഇങ്ങനെയായിരുന്നു: ആദ്യം ജാജ്പുരില്‍ നിന്ന് ഭുവനേശ്വറിലേയ്ക്ക് ബസില്‍ നാലുമണിക്കൂര്‍ യാത്ര. അവിടെ നിന്ന് കൊണാര്‍ക്ക് എക്‌സ്പ്രസില്‍ കയറി. ഇന്ത്യയുടെ കിഴക്കു-പടിഞ്ഞാറന്‍ തീരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തീവണ്ടി. ഭുവനേശ്വറില്‍ നിന്ന് 1932 കിലോമീറ്റര്‍ താണ്ടി മുംബൈയിലേക്കു പോകുന്ന വണ്ടിയാണ്. 37 മണിക്കൂറും 15 മിനുറ്റുമാണ് യാത്രാസമയം. ഒന്നരദിവസം കഴിഞ്ഞപ്പോള്‍ അവര്‍ സോലാപൂരില്‍ ഇറങ്ങി. മഹാരാഷ്ട്രയുടെയും കര്‍ണാടകയുടെയും അതിര്‍ത്തിക്കടുത്തുള്ള പട്ടണം. സോലാപൂരില്‍ നിന്ന് സാംഗ്ലിയിലേക്ക് ബസില്‍ 12 മണിക്കൂര്‍ യാത്ര.
''ആ വഴിയിലൂടെത്തന്നെ വേണം തിരിച്ചുപോകേണ്ടത്. അതിനെപ്പറ്റി മാത്രമാണ് അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. കുടിക്കാന്‍ വെള്ളമുണ്ടാവുമോ കഴിക്കാന്‍ ആഹാരം കിട്ടുമോ സൈക്കിളിനു കുഴപ്പമെന്തെങ്കിലും സംഭവിക്കുമോ എന്നതൊന്നും എന്റെ തലയിലേക്കു വന്നതേയില്ല,'' മഹേഷ് ജന യാത്ര പുറപ്പെട്ടതിനെപ്പറ്റി ഓര്‍മ്മിക്കുന്നു.
കുടിയേറ്റത്തൊഴിലാളിയാവുന്നത്
മഹേഷ് ജനിച്ചത് ലുധിയാനയിലാണ്. ഒരു സൈക്കിള്‍ മാര്‍ക്കറ്റിനരികെ. മഹേഷിന്റെ അച്ഛനുമമ്മയും പട്ടണത്തില്‍ ഒരു തട്ടുകട നടത്തിയിരുന്നു. ദാരിദ്ര്യം മൂത്തപ്പോള്‍ അവര്‍ മഹേഷിനെ ഒഡീഷയിലെ ഗ്രാമത്തിലേക്കു തിരിച്ചയച്ചു; അമ്മാവന്റെ വീട്ടിലേക്ക്. ഒമ്പതുവയസായിരുന്നു മഹേഷിനപ്പോള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പട്ടാളത്തില്‍ ചേരണമെന്നായിരുന്നു മഹേഷിന്റെ മോഹം.
അഞ്ചുവര്‍ഷം മുമ്പ് അച്ഛന്‍ സ്വന്തം ജീവനൊടുക്കാന്‍ ശ്രമിച്ചു. മഹേഷ് അച്ഛനെ കാണാന്‍ ദല്‍ഹിയിലേക്കും അവിടെനിന്ന് ലുധിയാനയിലേക്കും പോയി. കയ്യില്‍ 500 രൂപ തികച്ചില്ലായിരുന്നു. കഴിഞ്ഞവര്‍ഷം അച്ഛന് വൃക്കരോഗം വന്നു. അതിനു പുറമേ, നട്ടെല്ലിനു ക്ഷതം പറ്റുകയും കിടപ്പിലാവുകയും ചെയ്തു .
''എനിക്ക് രണ്ട് അനിയന്മാരും ഒരു അനിയത്തിയുമുണ്ട്. തൊഴിലെടുത്ത് കുടുംബം പുലര്‍ത്താനുള്ള എന്റെ ഊഴമായി എന്ന് എനിക്കു മനസ്സിലായി. കൊടിയ ദാരിദ്യം. സ്വന്തമെന്നു പറയാന്‍ ഒരു വീടുപോലുമില്ല. പണിയെടുത്ത് എന്തെങ്കിലും വരുമാനം ഉണ്ടാക്കിയേ പറ്റൂ,'' മഹേഷ് പറയുന്നു.
ഒമ്പതുമാസം മുമ്പ് മഹേഷ് പഠിത്തം നിര്‍ത്തി. പത്താം ക്ളാസിലെ പരീക്ഷ എഴുതിയില്ല. അങ്ങനെ രാജ്യത്തെ 12കോടി കുടിയേറ്റത്തൊഴിലാളികളില്‍ ഒരാളായി മാറി അയാള്‍.
ചെറുപ്രായത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറ്റത്തൊഴിലാളികളായി മാറുന്ന രാജ്യമാണ് ഇന്ത്യയെന്ന് സാമ്പത്തികശാസ്ത്രജ്ഞനും അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അധ്യാപകനുമായ ചിന്മയ് തുംബെ പറയുന്നു. 'ഇന്ത്യ മൂവിങ് : എ ഹിസ്റ്ററി ഓഫ് മൈഗ്രേഷന്‍' എന്ന പുസ്തകത്തിന്റെ കര്‍ത്താവു കൂടിയാണ് അദ്ദേഹം .
ഒരു തൊഴിലിലും പരിശീലനം നേടിയിട്ടില്ലാത്ത മഹേഷ് ആദ്യം ചേര്‍ന്നത് ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ്. ചുമട്ടുതൊഴിലാളിയായി. 'ചുമട് എടുത്തെടുത്ത് കഴുത്തൊടിയുമെന്ന അവസ്ഥയായി. ഒട്ടും ഇഷ്ടപ്പെട്ടില്ല എനിക്ക് ആ ജോലി,'' മഹേഷ് പറയുന്നു.
പിന്നെ ചേര്‍ന്നത് ഒരു മെറ്റല്‍ ഫാക്ടറിയിലാണ്. വാട്ടര്‍പമ്പുകള്‍ നിര്‍മ്മിക്കുന്ന വിഭാഗത്തില്‍ ജോലി പഠിക്കാന്‍ ചേര്‍ന്നു . ആ ജോലി അപകടം പിടിച്ചതാണെന്നും അതില്‍ ചേരരുതെന്നും ചങ്ങാതിമാര്‍ പറഞ്ഞത് മഹേഷ് കേട്ടില്ല. വലിയ ഇരുമ്പു സ്ളാബുകള്‍ക്കിടയില്‍പ്പെട്ടു മരിച്ച ഒരു തൊഴിലാളിയുടെ ചതഞ്ഞ ശരീരം തുടക്കത്തില്‍ത്തന്നെ കാണേണ്ടിവന്നു മഹേഷിന് .
''ഈ ജോലിയക്കിടയില്‍ തൊഴിലാളികളുടെ കയ്യും കാലുമൊക്കെ ഒടിയും. പക്ഷേ, മഹേഷ് എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. ഇരുമ്പ് മുറിക്കാനും കൂട്ടിയോജിപ്പിക്കാനുമൊക്കെ പഠിച്ചു . ആദ്യത്തെ അഞ്ചുമാസം നയാപൈസ പോലും കിട്ടിയില്ല കൂലിയായി. അതിനുശേഷം, ജനുവരിയില്‍ ജെസണ്‍സ് ഫൗണ്ടറി എന്ന പുതിയ ഒരു ഫാക്ടറിയില്‍ ചേര്‍ന്നു. എണ്ണ -വാതക വ്യവസായങ്ങള്‍ക്കു വേണ്ടി ലോഹവാര്‍പ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ്. മാസം 12000 രൂപ ശമ്പളം .
നീണ്ടുപോകുന്ന പാത
ആ ദിവസം സൂര്യന്‍ ഉദിക്കുമ്പോഴേക്കും മഹേഷ് മിറാജിലെത്തിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണമാണ് മിറാജ്. സാംഗ്ലി മുനിസിപ്പാലിറ്റിയുടെ ഭാഗം. അവിടെവച്ച് NH 160 ലേക്ക് കേറി. പകല്‍ മുഴുവന്‍ സൈക്കിള്‍ ചവിട്ടി സന്ധ്യയാകുമ്പോഴേക്കും സോലാപൂരിലെത്തണം. അന്നവിടെ തങ്ങി പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ വീണ്ടും യാത്ര തുടങ്ങുക. അതായിരുന്നു പ്ലാന്‍.
മിറാജ് പിന്നിട്ടതിനുശേഷം മഹേഷ് മഹാരാഷ്ട്ര സ്റ്റേറ്റ് ഹൈവേ No 161 ലേക്ക് കേറി. കരിമ്പുതോട്ടങ്ങള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന പാത. കുറച്ചുകഴിഞ്ഞപ്പോള്‍ യാത്രയിലെ ആദ്യത്തെ നദിക്കരികെയെത്തി. അഗ്രണി നദി . ചെറിയ പുഴ. സദാ വരള്‍ച്ചയാനുഭവിക്കുന്ന പ്രദേശത്തിന് അല്പം ആശ്വാസമാകുന്നതിനു വേണ്ടി 2017 ലാണ് അഗ്രണിയെ പുനരുജ്ജീവിപ്പിച്ചത്.
വൈകുന്നേരമായപ്പോഴും വലിയ തളര്‍ച്ചയൊന്നും മഹേഷിനു തോന്നിയില്ല. എന്നുമാത്രമല്ല, സമയബന്ധിതമല്ലാത്ത ആ സൈക്കിള്‍സവാരിയും ഒഴിഞ്ഞുകിടക്കുന്ന പാതയുടെ ഏകാന്തതയും മഹേഷിന് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. എവിടെയും നിര്‍ത്താതെ വേഗത്തില്‍ അയാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരുന്നു.
നേരം ഇരുട്ടിയപ്പോള്‍ ഒരു അമ്പലത്തിനടുത്തെത്തി. യാത്ര അന്നത്തേയ്ക്ക് അവസാനിപ്പിച്ചു. അപ്പോഴേക്കും 150 കിലോമീറ്റര്‍ പിന്നീട്ടിരുന്നു. ആഗ്രഹിച്ചതുപോലെ സോലാപൂരിലെത്താന്‍ കഴിഞ്ഞില്ല. പക്ഷേ , ആ പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ഇപ്പുറം എത്തിയിരുന്നു. അന്നത്തെ യാത്രയിലുണ്ടായ ഏക പ്രശ്‌നം സൈക്കിള്‍ ഒരുതവണ പഞ്ചറായി എന്നതാണ്.
രാത്രിയില്‍ സൈക്കിളില്‍ വന്നെത്തിയ അപരിചിതനെക്കണ്ട് ഒരുകൂട്ടം ഗ്രാമീണര്‍ അടുത്തുവന്നു വിവരം തിരക്കി. മഹേഷ് അവരോട് തന്റെ കഥ പറഞ്ഞു. അന്നു രാത്രി അമ്പലത്തില്‍ തങ്ങുന്നതിന് അവര്‍ അനുവാദം നല്‍കി. അയാള്‍ക്ക് ഭക്ഷണവും കുടിക്കാന്‍ പാലും കൊടുത്തു. സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിച്ചുകൊടുത്തു. ഇന്ന് 150 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാന്‍ കഴിഞ്ഞുവെങ്കില്‍ നാളെയും അതു സാധ്യമാകും എന്ന ചിന്തയോടെ ഞാന്‍ ഉറക്കത്തിലേക്കു വീണു'': മഹേഷ് പറയുന്നു.
സൈക്കിളുന്തി എത്രതന്നെ നടക്കേണ്ടി വന്നാലും ശരി, അത് എവിടെയെങ്കിലുമിട്ട് പോകുന്ന പ്രശ്‌നമേയില്ല എന്നു ഞാന്‍ തീരുമാനിച്ചു. തീവണ്ടിസര്‍വീസുകള്‍ വീണ്ടും തുടങ്ങിയിട്ടുണ്ടെങ്കില്‍ സൈക്കിളും കൊണ്ട് വണ്ടിയില്‍ കയറും. ബസോടാന്‍ തുടങ്ങിട്ടുണ്ടെങ്കില്‍ ബസില്‍ കയറും
അപ്പോഴേക്കും മഹേഷിനെ കാണാതായ വിവരം കോണ്‍ട്രാക്ടറും മഹേഷിന്റെ ചങ്ങാതിമാരും പൊലീസിനെ അറിയിച്ചിരുന്നു.
ചെക്‌പോസ്റ്റുകള്‍
ഒന്നാം ദിവസത്തില്‍ സ്വാഭാവികമായി രൂപപ്പെട്ട അസാധാരണമായ യാത്രാരീതി തന്നെയാണ് പിന്നീടുള്ള ദിവസങ്ങളിലും മഹേഷ് അവലംബിച്ചത്. അതിരാവിലെ യാത്ര തുടങ്ങുക. പകല്‍ മുഴുവനും യാത്ര ചെയ്യുക. അതു കഴിഞ്ഞാല്‍ നേരം ഇരുട്ടിയതിനുശേഷം കുറെ നേരവും സൈക്കിള്‍ ചവിട്ടുക. ഉറങ്ങാന്‍ മാത്രം എവിടെയെങ്കിലും തങ്ങുക. ഇന്ത്യക്കു കുറുകെ നടത്തിയ ആ ഏകാന്തയാത്രയില്‍ ആരും അയാളെ ഉപദ്രവിച്ചില്ല. സഹായത്തിനു വേണ്ടി അഭ്യര്‍ത്ഥിച്ചപ്പോഴൊക്കെ പലരും സഹായഹസ്തം നീട്ടി.
''ഭയപ്പെടുത്തുന്നതൊന്നും സംഭവിച്ചില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ആ യാത്ര ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു. പ്രത്യേകിച്ചും വലിയ ഇറക്കമൊക്കെ ഇറങ്ങുന്നത് നല്ല രസമായിരുന്നു'' മഹേഷ് ചിരിക്കുന്നു.
രണ്ടാമത്തെ ദിവസം സോലാപൂര്‍ പിന്നിട്ട അയാള്‍ നല്‍ദുര്‍ഗ്ഗിലെത്തി. അവിടത്തെ പുരാതനമായ കോട്ടയുടെയും മനോഹരമായ തടാകത്തിന്റെയും അരികിലൂടെ സൈക്കിള്‍ ചവിട്ടി, പൂട്ടിക്കിടക്കുന്ന പഞ്ചസാരമില്ലുകള്‍ പിന്നിട്ട്, വാഹനം മുട്ടി പാതയില്‍ ചതരഞ്ഞുകിടക്കുന്ന നായ്ക്കളുടെ ജഡങ്ങള്‍ കണ്ട്, പിന്നെയും മുന്നോട്ടുപോകുന്നതിനിടയില്‍ ഉച്ചയ്‌ക്കെ പ്പൊഴോ അയാള്‍ കര്‍ണാടകത്തിലേക്കു പ്രവേശിച്ചു. ചെക്‌പോസ്റ്റ് എത്തിയപ്പോഴാണ് മഹാരാഷ്ട്രയുടെ അതിര്‍ത്തി കഴിഞ്ഞുവെന്നത് അയാള്‍ക്ക് മനസ്സിലായത്.
''എന്റെ പേടി മുഴുവന്‍ പൊലീസുകാരെപ്പറ്റി ഓര്‍ക്കുമ്പോഴായിരുന്നു. എന്നാല്‍ അവരും എന്നെ ഉപദ്രവിച്ചില്ല. വെള്ളവും ആഹാരവും തരികയും ചെയ്തു. പലയിടത്തും പോലീസുകാര്‍ എന്നെ തടഞ്ഞിരുന്നു. തിരിച്ചുപോകാന്‍ എന്തായാലും കഴിയില്ല, നിങ്ങള്‍ക്കു വേണമെങ്കില്‍ ഞാനിവിടെ തങ്ങാമെന്നു ഞാന്‍ അവരോട് പറഞ്ഞു. അവര്‍ എന്നെ പോകാന്‍ അനുവദിച്ചു,'' മഹേഷ് ഓര്‍മ്മിക്കുന്നു.
( ഒരു കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഹേഷ്ജന വൈറസ് വാഹകനായിരുന്നില്ല. അതല്ലായിരുന്നെങ്കില്‍ ഈ കഥയുടെ ഗതി തീര്‍ത്തും മാറിപ്പോയേനെ. സൈക്കിളില്‍ യാത്ര ചെയ്ത് സകലയിടത്തും രോഗം പരത്തിയ സൂപ്പര്‍മാനായിട്ടാവും അയാളെ നമ്മള്‍ അറിയുക.)
മനുഷ്യനും സൈക്കിളും
മഹേഷ്ജനയുടെ യാത്രയില്‍ എന്തെങ്കിലും ഒരു തടസ്സം ഉണ്ടായിരുന്നുവെങ്കില്‍ അത് അയാളുടെ സൈക്കിള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. ഓരോ ദിവസവും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും വാഹനം പഞ്ചറായി.
''അപ്പോഴൊക്കെ നടക്കേണ്ടിവന്നു. യാത്ര തുടങ്ങിയപ്പോള്‍ ഇത് ഇങ്ങനെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു.''

മൂന്നാമത്തെ ദിവസം ഹൈദരാബാദിനു സമീപമെത്താറായപ്പോള്‍ മഹേഷ് ജനക്കു വഴിതെറ്റി. തെറ്റായ വഴിയില്‍ നൂറു കിലോമീറ്ററോളം യാത്രചെയ്തതിനുശേഷമാണ് വഴിതെറ്റിയ കാര്യം മനസ്സിലായത്. വീണ്ടും NH 65 ലേക്ക് കയറാന്‍ ഒരു എളുപ്പവഴിയുണ്ടെന്നു വഴിയില്‍ കണ്ടുമുട്ടിയ ഒരു ഗ്രാമീണന്‍ പറഞ്ഞു. അങ്ങനെ പോയാല്‍ പകുതി വഴിയെങ്കിലും ലാഭിക്കാം. പക്ഷേ, പോകേണ്ടത് കനത്ത കാടുള്ള മലമ്പ്രദേശത്തിലൂടെയാണ്.
മുകളിലേയ്ക്കു കയറുന്നതിനിടയില്‍ കൂര്‍ത്ത ഒരു പാറയില്‍ തട്ടി സൈക്കിളിന്റെ ടയറിനു ചെറുതായി പരിക്കേറ്റു . സൈക്കിളും ഉന്തി പത്തുകിലോമീറ്ററോളം കയറേണ്ടി വന്നു .
''മലയുടെ ഒത്ത മുകളില്‍ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും സൈക്കിളില്‍ കയറി. ബ്രെയ്ക്ക് ശരിയല്ലേ എന്നു നോക്കി. എന്നിട്ട് താഴോട്ട് ഒറ്റ പോക്ക്. എന്തു രസമായിരുന്നെന്നോ ആരുമില്ലാത്ത റോഡിലൂടെ സ്പീഡിലുള്ള ആ ഇറക്കം!'' മഹേഷ് ജന പറയുന്നു.
താഴെയെത്തിയതിനുശേഷം 30 കിലോമീറ്റര്‍ നടക്കേണ്ടിവന്നു വീണ്ടും ഒരു ഗ്രാമത്തിലെത്താന്‍. പുറത്തെങ്ങും ആരെയുംകണ്ടില്ല. ഓരോവാതിലിലും ചെന്നുമുട്ടി. ഒടുവില്‍ ഒരാള്‍ വന്ന് പഞ്ചര്‍ ഒട്ടിക്കാന്‍ സഹായിച്ചു. പക്ഷേ, എന്ത് കാര്യം? അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും ടയര്‍ തീര്‍ത്തും പൊട്ടി. പിന്നെയും നടന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു സൈക്കിള്‍ കടക്കാരന്‍ പിന്‍ടയറിന്റെ ട്യൂബ് മാറ്റികൊടുത്തു. ട്യൂബിന്റെ വില മാത്രമാണ് അയാള്‍ എടുത്തത്,'' മഹേഷ് ഓര്‍മ്മിക്കുന്നു.
യാത്ര വീണ്ടും തുടര്‍ന്നു. അധികം വൈകാതെ അയാള്‍ വലിയ നഗരമായ ഹൈദരാബാദിനു പുറത്തുള്ള ഹൈവേയിലേക്ക് കയറി. നേരെ വിജയവാഡയിലേയ്ക്ക് പോകുന്ന റോഡ് .
ആ പാതയില്‍ വച്ച് മഹേഷ് കുടിയേറ്റത്തൊഴിലാളികളുടെ വലിയ ഒരു കൂട്ടത്തെക്കണ്ടു. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ളവര്‍. കയ്യില്‍ കാശൊന്നുമില്ലാത്തതുകൊണ്ട് കാല്‍നടയായി നാട്ടിലേക്കു പോകുന്നവരാണ്. മറ്റു വഴികളൊന്നുമില്ല.
''ഈ സൈക്കിളില്‍ ഒഡീഷ വരെ എത്തുമോ എന്നവര്‍ എന്നോടു ചോദിച്ചു. ഭോലാനാഥ് കൂടെയുണ്ടെങ്കില്‍ തീര്‍ച്ചയായും എത്തുമെന്ന് ഞാന്‍ മറുപടി പറഞ്ഞു''. പരമശിവന്റെ മറ്റൊരു പേരാണ് ഭോലാനാഥ്. കാല്‍നടക്കാരെ കടന്നു മുന്നോട്ടുപോകുമ്പോള്‍ മഹേഷ് ഒരു കാര്യം തീരുമാനിച്ചു: എന്തുതന്നെ സംഭവിച്ചാലും സൈക്കിള്‍ ഉപേക്ഷിക്കില്ല.
''സൈക്കിളുന്തി എത്രതന്നെ നടക്കേണ്ടി വന്നാലും ശരി, അത് എവിടെയെങ്കിലുമിട്ട് പോകുന്ന പ്രശ്‌നമേയില്ല എന്നു ഞാന്‍ തീരുമാനിച്ചു. തീവണ്ടിസര്‍വീസുകള്‍ വീണ്ടും തുടങ്ങിയിട്ടുണ്ടെങ്കില്‍ സൈക്കിളും കൊണ്ട് വണ്ടിയില്‍ കയറും. ബസോടാന്‍ തുടങ്ങിട്ടുണ്ടെങ്കില്‍ ബസില്‍ കയറും. അപ്പോഴുമുണ്ടാവും സൈക്കിള്‍ കൂടെ. എന്തും എപ്പോള്‍ വേണമെങ്കിലും നിശ്ചലമായേക്കുമെന്ന ഒരു പേടി എന്നെ പിടികൂടിയിരുന്നു. ആ സമയത്ത് എനിക്ക് പ്രതീക്ഷ നല്‍കിയ ഒന്ന് സൈക്കിളാണ്,'' മഹേഷ് പറയുന്നു.
നാലാംദിവസം അയാള്‍ വിജയവാഡയിലെത്തി. ഒരുപക്ഷേ തന്റെ വിവരമൊന്നുമറിയാതെ കുടുംബക്കാര്‍ വിഷമിക്കുന്നുണ്ടെങ്കിലോ എന്ന ചിന്ത അപ്പോഴാണ് അയാള്‍ക്കുണ്ടായത്. അപരിചിതനായ ഒരാളുടെ പക്കല്‍ നിന്ന് ഫോണ്‍വാങ്ങി സഹോദരിയെ വിളിച്ചു.
''എന്തൊരു ഭംഗിയായിരുന്നു... ഞാന്‍ അതിശയിച്ചുപോയി. ഈ യാത്രക്കിടയില്‍ മരിച്ചുപോയാലും വലിയകുഴപ്പൊന്നുമില്ല എന്ന് എനിക്കപ്പോള്‍ തോന്നി. ജീവിക്കുകയാണെങ്കില്‍ വലിയ സന്തോഷം. അപ്പോള്‍ വീണ്ടും സൈക്കിളില്‍.''
''ഫോണില്‍ വിളിവന്നപ്പോള്‍ ഒരുനിമിഷത്തേക്ക് എനിക്ക് ഭയങ്കര ദേഷ്യം വന്നു,'' മഹേഷിന്റെ സഹോദരി മിതാലി പറയുന്നു. ''എന്തൊരു ബുദ്ധിമോശമാണ് ചേട്ടന്‍ കാണിച്ചത് എന്നൊക്കെ ഞാന്‍ വഴക്കു പറഞ്ഞു ഒരുവിവരവുമില്ലാതെ വേവലാതിപ്പെട്ടിരിക്കുകയായിരുന്നു ഞങ്ങളൊക്കെ. അതേ സമയം ഒന്നും പറ്റിയിട്ടില്ലല്ലോ എന്ന ആശ്വാസവും തോന്നി. ജാജ് പൂരിലെത്തിയാല്‍ വീണ്ടും വിളിക്കാന്‍ ഞാന്‍ പറഞ്ഞു.''
ജാജ് പൂരിലെത്തണമെങ്കില്‍ ഇനിയുമുണ്ട് 900 കിലോമീറ്റര്‍. പക്ഷേ, അപ്പോഴേയ്ക്കും പുറത്തുള്ളതൊന്നും തന്നെ അലട്ടാത്ത ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിക്കഴിഞ്ഞിരുന്നു മഹേഷ്. താനും സൈക്കിളും റോഡും മാത്രം. ഇതിലപ്പുറമൊന്നുമില്ലാത്ത അവസ്ഥ. സദാസമയവും അയാളെ അലട്ടാറുള്ള പണത്തെപ്പറ്റിയുള്ള ചിന്തകളും എങ്ങോപോയി. ഫോണില്ലാത്തതിനാല്‍ ആരെയെങ്കിലും അങ്ങോട്ടു വിളിക്കാനോ ഇങ്ങോട്ടു വിളിക്കുന്നവരോട് സംസാരിക്കാനോ ചുമ്മാ വീഡിയോ കാണാനോ പാട്ടു കേള്‍ക്കാനോ, ഫോട്ടോ എടുക്കാനോ ഒന്നും കഴിയില്ല. ശ്രദ്ധ തെറ്റിക്കുന്ന ഒന്നുമില്ല.
ഇതിനിടയില്‍ വഴി മനോഹരമായിമാറുന്നത് മഹേഷ് ജന ശ്രദ്ധിച്ചു. മലകളും കാടുകളും മദിച്ചൊഴുകുന്ന കൃഷ്ണാനദിയും . കൊണ്ടപ്പള്ളി സംരക്ഷിതവനമേഖല കടന്നുപോകുകയായിരുന്നു അപ്പോള്‍ അയാള്‍.
''എന്തൊരു ഭംഗിയായിരുന്നു... ഞാന്‍ അതിശയിച്ചുപോയി. ഈ യാത്രക്കിടയില്‍ മരിച്ചുപോയാലും വലിയകുഴപ്പൊന്നുമില്ല എന്ന് എനിക്കപ്പോള്‍ തോന്നി. ജീവിക്കുകയാണെങ്കില്‍ വലിയ സന്തോഷം. അപ്പോള്‍ വീണ്ടും സൈക്കിളില്‍.''
വിജയവാഡയില്‍ കൃഷ്ണ നദിക്കു കുറുകെ കെട്ടിയിട്ടുള്ള കൂറ്റന്‍ ബാരേജ് പിന്നിട്ടപ്പോള്‍ മഹേഷ് ജന വലിയൊരു വളവു തിരിഞ്ഞ് NH 16 ലേക്ക് കേറി. കിഴക്കന്‍ തീരത്തിലൂടെ നേരെ സ്വന്തം നാട്ടിലേക്ക് പോകുന്ന റോഡ് .
ആറാം ദിവസം മഹേഷ് ജന ശ്രീകാകുളവും നാഗാവലി നദിക്കു കുറുകെ കെട്ടിയിട്ടുള്ള പാലവും പിന്നിട്ടു. രണ്ടുവര്‍ഷം മുമ്പ് ജൂണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ പാലം പാടെ തകര്‍ന്നിരുന്നു.
അന്നത്തെ ദിവസം സന്ധ്യയായപ്പോഴേക്കും അയാള്‍ ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ഗുഡിപദാര്‍ ഗ്രാമത്തിലെത്തി. പിന്നീട് ഗഞ്ചാംസിറ്റി കടന്നു. ഇവിടെ വച്ചാണ് ഋഷികുല്യാനദി ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നത്. പിന്നെ വംശനാശം നേരിടുന്ന ഒലിവ് റിഡ്ലി ആമകള്‍ മുട്ടയിടാന്‍ കയറിവരുന്ന തീരവും സാല്‍വനങ്ങളും കടന്ന് സൈക്കിള്‍ അതിവേഗം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നു. ഇതിനിടയില്‍ കടലിനെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ വലതുവശത്തായി ദൂരെ തിളങ്ങുന്ന ഒരു നീലവരയായി സമുദ്രം കിടക്കുന്നുണ്ടായിരുന്നുവെന്നും മഹേഷ് ജന പറയുന്നു.
ഏഴാംനാള്‍ ഭുവനേശ്വറിലെത്തിയതിനുശേഷം മാത്രമാണ് സ്വന്തം തട്ടകത്തിലെത്തിയത്തിന്റെ ആശ്വാസം അയാള്‍ക്ക് അനുഭവപ്പെട്ടത്. പക്ഷേ, ഇനിയുമുണ്ട് 100 കിലോമീറ്റര്‍ നാട്ടിലെത്താന്‍ .
'' ഈ യാത്രക്കിടയില്‍ ഒരു പ്രാവശ്യംപോലും എനിക്ക് അസുഖം വന്നില്ല. ഒരുപാട് സമയം തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടിയതിനാല്‍ കാലും തുടയും ഭയങ്കരമായി വേദനിച്ചിരുന്നു. രണ്ടുതവണ ബോധംകെട്ടു. വേദന സഹിക്കാന്‍ പറ്റാത്തപ്പോള്‍ ഞാന്‍ സൈക്കിളില്‍ നിന്നിറങ്ങി വിശ്രമിച്ചു. ഭുവനേശ്വറില്‍ എത്തിയപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.''
ഏപ്രില്‍ ഏഴിന് വൈകുന്നേരം മഹേഷ്ജന ജാജ്പുര്‍ പട്ടണത്തിലെത്തി. ഇനി ഗ്രാമത്തിലെത്താന്‍ വെറും അഞ്ചു കിലോമീറ്റര്‍ മാത്രം.
പക്ഷേ, ആ അഞ്ചുകിലോമീറ്റര്‍ കടന്നുപോകാന്‍ അയാള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.
''ജാജ് പൂരിലെത്തിയപ്പോള്‍ ഞാന്‍ അമ്മാവനെ വിളിച്ചു. അമ്മാവന്‍ എന്നോട് പറഞ്ഞത,് ഞാന്‍ നേരെ പൊലീസുകാരുടെ അടുത്തുചെന്ന് ആരോഗ്യസംരക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്വാറന്റ്റെയ്നിലാക്കാന്‍ ആവശ്യപ്പെടണമെന്നാണ് . ഞാന്‍ അങ്ങനെത്തന്നെ ചെയ്തു,'' മഹേഷ് ചിരിക്കുന്നു.
പതിന്നാലു ദിവസമാണ് ക്വാറന്റ്റെയ്ന്‍. അത് കഴിഞ്ഞ് സ്വന്തം വീട്ടിലൊന്ന് എത്തിക്കിട്ടാന്‍ കൊതിച്ചിരിക്കുകയാണ് മഹേഷ്. അമ്മാവനും മറ്റു കുടുംബാംഗങ്ങളും എല്ലാ ദിവസവും മെഡിക്കല്‍ സെന്ററില്‍ വന്ന് അയാളെ കാണുന്നുണ്ട്, ഭക്ഷണം കൊണ്ടുവരുന്നുണ്ട്, അകലം പാലിച്ച് സംസാരിക്കുന്നുമുണ്ട്.
ദീര്‍ഘമായ ഈ സൈക്കിള്‍ യാത്രക്കിടയില്‍ പ്രതീക്ഷിച്ചതെന്തെങ്കിലും നടക്കാതെ പോയത്തില്‍ സങ്കടം തോന്നിയിട്ടുണ്ടോ?
''പ്രേതങ്ങളെ എന്തായാലും കാണുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്,''
സൈക്കിള്‍ ഇപ്പോള്‍ പോലീസ്‌കസ്റ്റഡിയിലാണ് .
''അവനെ വിശ്വസിക്കാന്‍ പറ്റില്ല, മഹാരാഷ്ട്രയില്‍ നിന്ന് ഇതുവരെ സൈക്കിളില്‍ വന്ന ഒരാള്‍ക്ക് ഇവിടെ നിന്ന് കടന്നുകളയാനാണോ പ്രയാസം എന്നാണ് പോലീസ് പറയുന്നത്,'' മഹേഷ് ജന പറയുന്നു .
ഏഴുദിവസം കൊണ്ടാണ് അയാള്‍ 1700 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയത്; ദിവസവും ശരാശരി 242 കിലോമീറ്റര്‍.
ദീര്‍ഘമായ ഈ സൈക്കിള്‍ യാത്രക്കിടയില്‍ പ്രതീക്ഷിച്ചതെന്തെങ്കിലും നടക്കാതെ പോയത്തില്‍ സങ്കടം തോന്നിയിട്ടുണ്ടോ?
''പ്രേതങ്ങളെ എന്തായാലും കാണുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്,'' മഹേഷ് ജന ചിരിക്കുന്നു. ''പക്ഷേ , ഒരെണ്ണത്തിനെപ്പോലും കണ്ടില്ല.''
Beenashaji
26 Jul 2020, 08:39 AM
വളരെ മികവോടെയുള്ള അവതരണം.... വായിച്ചില്ലെങ്കിൽ ഒരു നഷ്ടം.. If there is a will.... thwre is a way
Beena
26 Jul 2020, 08:37 AM
Super!! വായിച്ചില്ലായിരുന്നെങ്കിൽ വലിയ nazhtamaakumaayorunnu...
ജാവേദ് അഹമ്മദ്
27 Apr 2020, 04:26 PM
സ്വന്തം നാട്ടിലെത്താന്‍ സൈക്കിളില്‍ ഏഴുദിവസം കൊണ്ട് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത മഹേഷ് ജനയുടെ കഥ വായിച്ചു. 350CC, 500CC ഉള്ള വണ്ടിയും പിന്നെ ഡബ്ബിൾ വൈസർ ഉള്ള ഹെൽമറ്റും, ഗ്ലൗവ്, ജാക്കറ്റ്, പിന്നെ ക്യാമറ ഗോപ്രോ ഇത് ഒക്കെ ഉണ്ടെങ്കിലേ നമ്മക്ക് ഒരു യാത്ര പോവാൻ പറ്റുള്ളൂ. പറ്റുള്ളൂ എന്നല്ല ഇതൊക്കെ ഉണ്ടെങ്കിലേ യാത്ര പോവാൻ പാടുള്ളു എന്നാണ് നമ്മടെ മൈൻഡ് സെറ്റ് ആക്കി വെച്ചത്. ഇതൊന്നും ഇല്ലാതെ സൈക്കിളില്‍ ഏഴുദിവസം കൊണ്ട് 1700 കിലോമീറ്റര്‍ യാത്ര ചെയ്ത മഹേഷ് ജന മരണ മാസ്സ് ആണ്. സ്വന്തം നാട്ടിലെത്താന്‍ വേണ്ടി ആണ് മഹേഷിന്റെ ഈ പ്രതികാരം എന്ന് പറയാം 😁😁ഒരു ഇരുപത് വയസ്സുകാരൻ ഒരു സൈക്കിൾ എടുത്തു 1700 കിലോമീറ്റർ അതും 7ദിവസം കൊണ്ട് ഒരു ക്ലാസ്സ് ഫിലിം ചെയ്യാനുള്ള കഥ. ഞാൻ ഇതിൽ കാണുന്നുണ്ട് നല്ല ത്രില്ലെർ മൂവി ആവും യാത്രകൾക്ക് ഇടയിൽ അയാൾക്ക് നടക്കുന്ന സംഭവവികാസങ്ങൾ ഒക്കെ തന്നെ നല്ല രീതിയിൽ സ്ക്രിപ്റ്റ് ചെയ്തു എഴുതിയ കിടു ഫിലിമിന് ഉള്ള വകുപ്പ് ഉണ്ട്. മൊബൈല്‍ ഫോണോ മാപ്പോ ഒന്നും ഇല്ലാത്ത ഒരു യാത്ര. എന്നിട്ടും ഒരു തരി പോലും പേടിയില്ലാതെ. തലയ്ക്കകത്ത് ഒരൊറ്റ ചിന്ത മാത്രം എങ്ങനെയെങ്കിലും നാട്ടിലെത്തണം. പ്രേതങ്ങളെ കാണുമെന്ന് വിചാരിച്ചു ഉള്ള യാത്രയിൽ അങ്ങനെ ഒന്നും ഇല്ല എന്ന് അദ്ദേഹം മനസിലാക്കി കാണും. ഇത് ഫിലിം ആക്കിയ ക്ലാസ്സ് ആയിരിക്കും അതിന് ഉള്ള എല്ലാ സാധ്യത ഞാൻ കാണുന്നുണ്ട്.
Rajesh
27 Apr 2020, 11:37 AM
Life is beautiful
K. Viswambharan
26 Apr 2020, 09:28 PM
If there is a will, there is a way. Jena had decided to reach home at any cost and he reached. It is a lesson to all others. We all can emulate him. Mr. Jena, congratulations. Please inform your employer company that you reached home safely.
Arun Thadhaagath
26 Apr 2020, 07:38 AM
Where can I have the English Original story. I am a cycle traveller around the world from Kerala. Even we can't do like this in our privileges and ultra special Cycle. I want to send it to my european fellow travelers. Arun Thadhaagath
Manoj kumar ib
26 Apr 2020, 06:26 AM
💚💚🌳
. - റസാഖ് കിണാശ്ശേരി-
25 Apr 2020, 10:21 PM
സ്വന്തം ബന്ധങ്ങളിലേക്ക് ചേക്കേറാൻ നടത്തിയ ഈ യാത്ര ജീവിതത്തിൻ്റെ യാത്രയ്ക്ക് മാറ്റുകൂട്ടും. തീർച്ചയായും ഇദ്ധേഹം ഒരിക്കൽ കൂടി ഇതു യാത്ര ചെയ്യും അത് മറ്റൊരു സുന്ദര അനുഭവമായി മാറട്ടെ.
Gopikrishnan r
25 Apr 2020, 09:52 PM
അവിശ്വസനീയം. . .
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
എം. ഗോപകുമാർ
Dec 23, 2022
14 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
K V Nair
28 Jul 2020, 06:20 PM
ധീരൻ ! നമോവാക !💐💐