ട്വൻറി ട്വൻറി കമ്പനി ഭരണം: ഒരു ‘പറുദീസ'യുടെ മറച്ചുപിടിച്ച നേരിലേക്ക്

മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന ട്വന്റി ട്വന്റിയുടെ 'അൽഭുത പറുദീസ'യിലൂടെ സഞ്ചരിച്ച് ‘തിങ്ക്' കണ്ടെത്തിയ സത്യങ്ങളാണിത്. കിറ്റെക്സിന്റെ പരസ്യക്കാശിനും അപ്പുറത്തെ വാസ്തവങ്ങൾ. പഴയ ചാപ്പ സമ്പ്രദായം പുനഃസൃഷ്ടിച്ചിരിക്കുന്ന കിഴക്കമ്പലത്തെ കോർപ്പറേറ്റ് കങ്കാണിത്വം ഒളിപ്പിച്ചുവച്ച സത്യങ്ങൾ അവിടുത്തെ മനുഷ്യർ തുറന്നുപറയുന്നു, അവിടെനിന്നുള്ള കാഴ്ചകൾ അനാവരണം ചെയ്യുന്നു.

കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത പ്രവർത്തനങ്ങളെ മുതലാളിയുടെ കാരുണ്യമായി അവതരിപ്പിച്ച്​ വിജയിച്ചു എന്നതാണ് കിറ്റെക്സ് ഗാർമെൻറ്സ്​ എന്ന കോർപ്പറേറ്റ് കമ്പനിയും അതിന്റെ രാഷ്ട്രീയ ആയുധമായ ട്വൻറി ട്വൻറിയും നടത്തിയ ജനാധിപത്യ അട്ടിമറിയിൽ നിർണായകമായത്. ഞങ്ങൾക്ക് രാഷ്ട്രീയമില്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടാണ് ട്വൻറി ട്വൻറിയെ കിഴക്കമ്പലത്ത് അവതരിപ്പിച്ചതെങ്കിലും ഒരു പഞ്ചായത്തിന്റെ വിപുലമായ അധികാരം തിരിച്ചറിഞ്ഞ് അത് കൈയാളാൻ വേണ്ട രാഷ്ട്രീയ ഇടപെടലാണ് കമ്പനി നടത്തിയത്.

സോഷ്യൽ കാപിറ്റൽ പ്രയോജനപ്പെടുത്തുന്ന കോർപറേറ്റ് കമ്പനികൾ അവരുടെ ലാഭവിഹിതത്തിന്റെ നിശ്ചിതഭാഗം സമൂഹനന്മക്ക് ചെലവഴിക്കണം എന്നത് ഇന്ത്യാരാജ്യത്തെ നിയമമാണ്. നികുതി അടവിന് സമാനമായ സംഗതി തന്നെയാണ് സി.എസ്.ആർ നിയമം അഥവാ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ആക്ട്. അതനുസരിച്ച് ഒരു കമ്പനി പ്രവർത്തിച്ചാൽ കമ്പനി ഉടമ ഉടനേ ദൈവസമാനനായ കരുണാമൂർത്തി ആവില്ല, പകരം നിയമം പാലിക്കുന്ന ഒരു പൗരനാവും എന്ന ഒട്ടും അസ്വാഭാവികമല്ലാത്ത സംഗതിയാണ് അവിടെ സംഭവിക്കുക. എന്നാൽ ഈ നിയമം പരാജയമാണെന്നും കോർപറേറ്റ് അനുകൂലനിയമമാണെന്നും ഒക്കെയുള്ള വിലയിരുത്തുന്ന സാമ്പത്തിക ശാസ്ത്രജ്ഞർ നിരവധിയാണ്. ആ വിലയിരുത്തൽ ശരിയാണെന്ന് ഉറപ്പിക്കാൻ ഇനി കേരളം വിട്ട് പോകേണ്ടതില്ല, നമ്മുടെ സ്വന്തം കിഴക്കമ്പലം 'മോഡലു'ണ്ട്. അരാഷ്ട്രീയവാദം മുദ്രാവാക്യമാക്കി കോർപറേറ്റ് അവസരവാദത്തത്തെ ജനകീയമുന്നേറ്റമാക്കി പരിവർത്തിപ്പിച്ച കിറ്റെക്സ് ഗാർമെൻറ്സി​ന്റെ കൗശലം ശരിക്കും പഠനവിധേയമാക്കേണ്ടതാണ്.

മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന ആ ‘അൽഭുത പറുദീസ'യിലൂടെ സഞ്ചരിച്ച് ‘തിങ്ക്' കണ്ടെത്തിയ സത്യങ്ങളാണിത്. കിറ്റെക്സിന്റെ പരസ്യക്കാശിനും അപ്പുറത്തെ വാസ്തവങ്ങൾ. പഴയ ചാപ്പ സമ്പ്രദായം പുനഃസൃഷ്ടിച്ചിരിക്കുന്ന കിഴക്കമ്പലത്തെ കോർപ്പറേറ്റ് കങ്കാണിത്വം ഒളിപ്പിച്ചുവച്ച സത്യങ്ങൾ അവിടുത്തെ മനുഷ്യർ തുറന്നുപറയുന്നു, അവിടെനിന്നുള്ള കാഴ്ചകൾ അനാവരണം ചെയ്യുന്നു.

Comments