ഏതെങ്കിലുമൊരു ദന്ത ഡോക്ടറുടെയോ ആശുപത്രിയുടെയോ കാരുണ്യം കൊണ്ടല്ല, മുത്തുവിനുമേല്‍ ചുമത്തപ്പെട്ട അയോഗ്യതയെ യോഗ്യതയാക്കേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. അത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.
28 Dec 2022, 05:57 PM
അട്ടപ്പാടി ആനവായ് ഊരിലെ വനാശ്രിത വിഭാഗത്തില്‍ പെട്ട മുത്തു എന്ന യുവാവിന് ഉന്തിയ പല്ലുണ്ട് എന്ന കാരണത്താല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നിഷേധിക്കപ്പെട്ടത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഒരുപക്ഷെ, ബ്രിട്ടീഷുകാലം മുതല്‍ പിന്തുടരുന്ന ഒരു വ്യവസ്ഥ, ഒരുതരം നവീകരണത്തിനും വിധേയമാക്കാതെ മനുഷ്യവിരുദ്ധമായി പിന്തുടരുന്നതിലെ അനീതിയാണ് ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ടത്.
എന്നാല്‍, ഈ ചര്‍ച്ചകളൊന്നും നമ്മുടെ ഭരണാധികാരികളുടെ കാതിലെത്തിയിട്ടില്ല എന്നാണ് അവരുടെ സമീപനം വ്യക്തമാക്കുന്നത്. വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ മുത്തുവിനും കുടുംബത്തിനും ആവോളം സഹതാപം വാരിക്കോരി നല്‍കി. മുത്തുവിന് ജോലി നല്‍കുന്ന കാര്യത്തിലുള്ള നിസ്സഹായതയും മന്ത്രി പ്രകടിപ്പിച്ചു. പിന്നാക്കക്ഷേമ വകുപ്പുമന്ത്രിയായ കെ. രാധാകൃഷ്ണന്‍ ഒരു പടി കൂടി കടന്ന്, ഈ നീതികേടിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ടുമെന്റില്‍ ഇളവ് അനുവദിക്കുന്നത് മികവിനെയും അച്ചടക്കത്തെയും ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം.
മുത്തുവിന്റെ പല്ലിനുള്ള പ്രശ്‌നം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന ജോലിക്ക് എങ്ങനെയാണ് തടസമാകുക എന്നതുസംബന്ധിച്ച് പി.എസ്.സിയോ മെഡിക്കല്‍ വിദഗ്ധരോ സംശയരഹിതമായ ഒരു വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല. തനിക്കുമുന്നിലെത്തിയ ഒരു മാന്വല്‍ ചട്ടപ്പടി പാസാക്കിവിടുക മാത്രമാണ്, മുത്തുവിനെ പരിശോധിച്ച ഡോക്ടര്‍ ചെയ്തത്. ചികിത്സയിലൂടെ ശരിയാക്കാവുന്ന താല്‍ക്കാലികമായ ഒരു ശാരീരികാവസ്ഥയെ പ്രതിയാക്കി ഒരു യുവാവിനെ ശിക്ഷിക്കുക എന്ന അനീതിയാണ് ഈ വ്യവസ്ഥ പാലിച്ചതിലൂടെ നടപ്പാക്കപ്പെട്ടത്.
വിവേകരഹിതമായി പാലിച്ചുവരുന്ന ഒരു ചട്ടത്തെ മനുഷ്യവകാശപരമായി നവീകരിക്കാനുള്ള അവസരമായി എടുക്കേണ്ടതിനുപകരം, മികവിന്റെയും അച്ചടക്കത്തിന്റെയും ദംഷ്ട്ര പുറത്തെടുക്കുകയാണ് മന്ത്രി ചെയ്തത്. പി.എസ്.എസി മാന്വലില്‍ ചൂണ്ടിക്കാട്ടുന്ന ഇത്തരം ശാരീരികപ്രശ്‌നങ്ങള്‍ എന്തടിസ്ഥാനത്തിലാണ് അതാതുജോലികള്‍ക്കുള്ള അയോഗതായി പരിഗണിക്കപ്പെടുന്നത് എന്ന കാര്യം ശാസ്ത്രീയവും നീതിയുക്തവുമായ ഒരു വീണ്ടുവിചാരത്തിന് വിധേയമാക്കണമെന്ന ആവശ്യമാണ് ഈ മന്ത്രിമാരുടെ പ്രതികരണങ്ങളിലൂടെ റദ്ദാക്കപ്പെട്ടത്.
വനസംരക്ഷണ സേനാനിയമങ്ങളുടെ അടിമുടി പൊളിച്ചെഴുത്തല്ല ഇവിടുത്തെ പ്രശ്‌നം. ആര്‍ക്കെങ്കിലും അനര്‍ഹമായ ഒരിളവ് നല്‍കുന്നതുമല്ല. മറിച്ച്, ഒരാളുടെ അര്‍ഹത നിഷേധിക്കപ്പെടാനിടയാക്കുന്ന ഒരു വ്യവസ്ഥ പൊളിച്ചെഴുതണം എന്നാണ് ആവശ്യം. അതിലൂടെ, ഭാവിയിലുണ്ടാകാനിടയുള്ള എക്‌സ്‌ക്ലൂഷനുകളെ ഇല്ലാതാക്കുകയും ചെയ്യാം. നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിലുള്ള നയപരമായ തീരുമാനമാണ് പരിഹാരം. അതേക്കുറിച്ച് ആലോചിക്കുന്നതിനുപകരം, മികവും അച്ചടക്കവും പ്രതിനിധാനം ചെയ്യാന്‍ മുത്തുവിന്‍േറതുപോലുള്ള ശരീരങ്ങള്‍ അയോഗ്യരാണ് എന്ന വരേണ്യപൊതുബോധം നിസ്സംശയം പങ്കിടുകയാണ് മന്ത്രി രാധാകൃഷ്ണനും.
ഇവിടെ, ഒരു വ്യവസ്ഥയാല്‍ ബഹിഷ്‌കൃതനാക്കപ്പെട്ടിരിക്കുന്നത് ഒരു ആദിവാസി കൂടിയാണ് എന്നതും മറ്റൊരു പ്രധാന പ്രശ്‌നമാണ്. മുത്തുവിന് നിഷേധിക്കപ്പെട്ട ജോലി അതേ വിഭാഗത്തില്‍ പെട്ട മറ്റൊരാള്‍ക്കാണ് ലഭിക്കുക എന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറയുന്നത് ഒരു ക്രൂര ഫലിതം കൂടിയാകുന്നുണ്ട്. അനീതി നിറഞ്ഞ ഒരു വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്തുകയെന്ന ഭരണകൂട കൗശലമാണ് മന്ത്രിയുടെ വിശദീകരണത്തിലൊളിഞ്ഞിരിക്കുന്നത്. കീഴാള വിഭാഗങ്ങളുടെ കാര്യത്തില്‍ മൗലികമായ പരിഷ്‌കാരങ്ങളുടെ വിഷയം ഉന്നയിക്കപ്പെടുമ്പോഴെല്ലാം, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും പ്രകടിപ്പിക്കുക സഹതാപമായിരിക്കും. വ്യവസ്ഥകളെ അതേപടി നിലനിര്‍ത്താനുള്ള തന്ത്രങ്ങളാകും അവര്‍ ആരായുക. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിനും വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയ്ക്കുമെല്ലാം ഭരണകൂടങ്ങള്‍ വാരിക്കോരി നല്‍കിയ സഹതാപം തന്നെ മുത്തുവിനും യഥേഷ്ടം ലഭിച്ചുകൊണ്ടിരിക്കുന്നു. ഏതെങ്കിലുമൊരു ദന്ത ഡോക്ടറുടെയോ ആശുപത്രിയുടെയോ കാരുണ്യം കൊണ്ടല്ല, മുത്തുവിനുമേല്‍ ചുമത്തപ്പെട്ട അയോഗ്യതയെ യോഗ്യതയാക്കേണ്ടത്. അദ്ദേഹത്തെപ്പോലെ നിരന്തരം പുറന്തള്ളപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടിയുള്ള നീതിയുടെ പ്രയോഗത്തിലൂടെയായിരിക്കണം. അത് ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ജോലി കാരുണ്യമല്ല, തന്റെ അവകാശം തന്നെയാണ് എന്ന് ഉറച്ച വിശ്വാസമുള്ള മുത്തുവിനെപ്പോലുള്ള യുവാക്കളുടെ മുന്‍കൈയില്‍ വേണം അധികാരപ്രയോഗത്തിന്റെ ചട്ടങ്ങള്‍ തിരുത്തിക്കാനുള്ള സമ്മര്‍ദം രൂപപ്പെടേണ്ടത്.
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
കെ. കണ്ണന്‍
Mar 09, 2023
4:48 Minutes Watch
പി. പ്രേമചന്ദ്രന്‍
Mar 03, 2023
10 Minutes Read
റിദാ നാസര്‍
Feb 20, 2023
7 Minutes Watch
ഷഫീഖ് താമരശ്ശേരി
Feb 19, 2023
10 Minutes Watch