തിരിച്ചുവരവിനുള്ള പൊളിറ്റിക്കല്‍ റിസോഴ്‌സ് വേണ്ടുവോളമുള്ള പാര്‍ട്ടി തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്. 20 ശതമാനം ദേശീയ വോട്ടര്‍ ബേസുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണ പ്രവര്‍ത്തകരുടെ അതിശക്തമായ നെറ്റുവര്‍ക്കുണ്ട്. അടിസ്ഥാന വിഷയങ്ങളെ റെപ്രസൻറ് ചെയ്യുന്ന ജനകീയമായ വര്‍ഗ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ മരണം എന്നത് ഊതിവീര്‍പ്പിക്കപ്പെട്ട ഒരു കാമ്പയിന്‍ മാത്രമാണ്.
17 Mar 2022, 05:34 PM
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അടിസ്ഥാനപരമായി ഒരു ഭൂതകാല പാര്‍ട്ടിയാണ്. എന്നാല്‍, അത് ചില സമീപകാല സന്ദര്‍ഭങ്ങളില്‍ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്നുനിന്നിട്ടുണ്ട്. 2009ല്‍, യു.പി.എ സര്‍ക്കാറിന്റെ തുടര്‍ഭരണം അങ്ങനെയാണ് സാധ്യമായത്. 1971ല്‍ ഇന്ദിരാഗാന്ധി ഉയര്‍ത്തിയ "ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യത്തിന് സമമായ, തൊഴിലുറപ്പുപദ്ധതിയെപ്പോലുള്ള ചില പരിപാടികള്‍, മതേതര വോട്ടുകളുടെ സമാഹരണം എന്നിവയാണ്, ബി.ജെ.പിബലപ്പെടുത്തിക്കൊണ്ടുവന്നിരുന്ന വര്‍ഗീയ വോട്ടുധ്രുവീകരണങ്ങളെ അപ്രസക്തമാക്കിയത്. എന്നാല്‍, 2014, വരാനിരിക്കുന്ന വലിയ തകര്‍ച്ചകളുടെ തുടക്കമായിരുന്നു, അത് ഈയിടെ, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോടെ ഏതാണ്ട് പൂര്‍ത്തിയായെന്നു പറയാം.
ചാരത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ്, ഇപ്പോഴത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ ശൂന്യമായ മസ്തിഷ്‌കങ്ങളാല്‍ അസാധ്യമാണെന്നാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതൃത്വം നെഹ്‌റു കുടുംബത്തിന്റെ അഞ്ചാം തലമുറയിലെത്തിനില്‍ക്കുകയാണ്. 1998 മുതല്‍ പാര്‍ട്ടിയെ ഭരിച്ചുവരുന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തിന് അടിസ്ഥാനപരമായി ഫ്യൂഡല്‍ പാരമ്പര്യത്തിന്റെതായ സംഘടനാ ശരീരമാണുള്ളത്. രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ പൂജ ചെയ്യാനുള്ള ‘അവകാശം' സ്ഥാപിച്ചെടുക്കാന്‍ തന്റേത് ദത്താത്രേയ ഗോത്രമാണെന്നും താനൊരു കശ്മീരി ബ്രാഹ്മണനാണെന്നും 2018ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രാഹുല്‍ ഗാന്ധി പറയുന്നുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും ഉത്തരാഖണ്ഡിലെ ഗംഗാ ആരതിയില്‍ പങ്കെടുത്ത് അദ്ദേഹം തന്റെ ‘ഗോത്ര ശുദ്ധി' തെളിയിച്ചു. ബി.ജെ.പി പറയുന്ന ഒരു കോണ്‍ഗ്രസ് മുക്ത ഭാരതം, കോണ്‍ഗ്രസിനാല്‍ തന്നെ സാധ്യമാകുന്ന മൃദുസൂത്രങ്ങളാണിത്. യു.പിയില്‍ 2.4 ശതമാനം വോട്ടും രണ്ടു സീറ്റും സ്വന്തമാക്കി കോണ്‍ഗ്രസ് കുതിക്കുന്നത് അവിടേക്കാണ്.
1952ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 45 ശതമാനമായിരുന്നു. ആകെയുള്ള 401 സീറ്റില്‍ 364 സീറ്റാണ് പാര്‍ട്ടി നേടിയത്. 15 വര്‍ഷത്തിനുശേഷം, ഇന്ദിരാഗാന്ധിയുടെ സ്വാധീനകാലം തുടങ്ങുന്ന 1967ല്‍, പാര്‍ട്ടി നേടിയത് 520 ല്‍ 283 സീറ്റും 40.8 ശതമാനം വോട്ടുമാണ്. പിന്നീട്, 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന്റെ പാശ്ചാത്തലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ഒഴികെ, വോട്ടുശതമാനം 43 ശതമാനത്തില്‍നിന്ന് കൂടിയിട്ടില്ല.
പാര്‍ട്ടിയുടെ ജനകീയ ബേസിന്റെ ശോഷണം ശക്തമാകുന്നത് സോണിയ- രാഹുല്‍ നേതൃത്വത്തിന്റെ കാലത്താണ്. കാരണം, ഈ നേതൃത്വം ഒരു അപ്പൊളിറ്റിക്കല്‍ ക്ലബ്ബാണ്. യുവാക്കളോടും വിദ്യാര്‍ഥികളോടും യാഥാര്‍ഥ്യബോധത്തോടെ സംസാരിക്കുന്ന, ഭാവി തലമുറയെ പ്രതിനിധീകരിക്കാന്‍ പ്രാപ്തമായ ഒരു പൊളിറ്റിക്കല്‍ ഐഡന്റിറ്റി പ്രദര്‍ശിപ്പിക്കുന്ന ഒരു പൊട്ടന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് ചിലപ്പോഴൊക്കെ തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്ന രാഹുലിന് തന്നെത്തന്നെയോ പാര്‍ട്ടിയെയോ സ്ഥിരതയോടെ നയിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ഥ്യം പാര്‍ട്ടിക്കുമുന്നിലുണ്ട്. ഒപ്പം, നേതൃത്വത്തിലും സംഘടനയിലും ജനാധിപത്യപരമായ അഴിച്ചുപണി ആവശ്യപ്പെടുന്ന ജി 23 ആകട്ടെ, പാര്‍ട്ടിക്കുവേണ്ടി കൃത്യമായ ഒരു പ്ലാന്‍ അവതരിപ്പിക്കാന്‍ കഴിയാത്ത നേതാക്കളുടെ ഒരു കൂട്ടം മാത്രമാണ്. അതുകൊണ്ടാണ്, അവര്‍ക്ക് അമ്മയും മക്കളും അടങ്ങിയ ഹൈക്കമാന്‍ഡിനുമുന്നില്‍ ഇപ്പോഴും പകച്ചുനില്‍ക്കേണ്ടിവരുന്നത്.
തിരിച്ചുവരവിനുള്ള പൊളിറ്റിക്കല്‍ റിസോഴ്‌സ് വേണ്ടുവോളമുള്ള പാര്‍ട്ടി തന്നെയാണ് ഇപ്പോഴും കോണ്‍ഗ്രസ്. ബി.ജെ.പി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണ്. 20 ശതമാനം ദേശീയ വോട്ടര്‍ ബേസുണ്ട്. ഗ്രാമങ്ങളിലും നഗരങ്ങളിലും സാധാരണ പ്രവര്‍ത്തകരുടെ അതിശക്തമായ നെറ്റുവര്‍ക്കുണ്ട്. അടിസ്ഥാന വിഷയങ്ങളെ റെപ്രസൻറ് ചെയ്യുന്ന ജനകീയമായ വര്‍ഗ പ്രാതിനിധ്യമുണ്ട്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ മരണം എന്നത് ഊതിവീര്‍പ്പിക്കപ്പെട്ട ഒരു കാമ്പയിന്‍ മാത്രമാണ്.
എന്നാല്‍, പുതിയ യാഥാര്‍ഥ്യങ്ങളിലേക്കും പുതിയ മനുഷ്യരിലേക്കും പാര്‍ട്ടി കണ്ണുതുറക്കേണ്ടതുണ്ട്. 1971ല്‍ ഇന്ദിരാഗാന്ധി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളും പരിഷ്‌കാര നടപടികളും അന്നത്തെ സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നവയായിരുന്നു. തെരഞ്ഞെടുപ്പുരാഷ്ട്രീയം സൃഷ്ടിക്കുന്ന വ്യാജമായ വോട്ടുബാങ്കുകളേക്കാള്‍ കോണ്‍ഗ്രസിന് അവകാശപ്പെടാവുന്ന ജനവിഭാഗങ്ങള്‍ പ്രതീക്ഷയോടെ ഈ പാര്‍ട്ടിയെ നോക്കുന്നുണ്ടിപ്പോഴും. ജീവിക്കാന്‍ സ്ട്രഗ്ള്‍ ചെയ്യുന്ന, സമരം ചെയ്യുന്ന, രാഷ്ട്രീയം തിരിച്ചറിയുന്ന പച്ചമനുഷ്യര്‍. അവരിപ്പോള്‍, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വ്യാജമായ വോട്ടുബാങ്കില്‍ കുരുങ്ങിക്കിടക്കുകയാണ്. യു.പിയില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ മാത്രമല്ല, മുസ്‌ലിംകളുടെ പോലും വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നതിന്റെ ‘യുക്തി'യും ഒരു വീട്ടില്‍ ഒരു കര്‍ഷകനോ കര്‍ഷകയോ ഉള്ള പഞ്ചാബില്‍, കര്‍ഷകരെ ഒരുവിധത്തിലും പ്രതിനിധീകരിക്കാത്ത ഒരു പാര്‍ട്ടി വലിയ വിജയം നേടുന്നതിനുപുറകിലെ വോട്ടുബാങ്കു തിയറിയും കോണ്‍ഗ്രസിന്റെ ‘ആത്മപരിശോധന'കളുടെ വിഷയമാകണം.
വര്‍ഗീയതയാല്‍ മാത്രം കൊയ്യാവുന്ന വിളകളല്ല, ഭാവി രാഷ്ട്രീയത്തില്‍ മുളച്ചുപൊന്താന്‍ പോകുന്നത്. കോര്‍പറേറ്റിസവും പവര്‍ പൊളിറ്റിക്‌സും നിയന്ത്രിക്കുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങളും സഖ്യങ്ങളും രൂപപ്പെട്ടുകഴിഞ്ഞു. പലപ്പേഴും ഇവയുടെ ആശ്ലേഷത്തിനിരയായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ല സവിശേഷതകളുടെയും ഏറ്റവും കൃത്യമായ റപ്രസന്‍േറഷനുള്ള പാര്‍ട്ടിയെന്ന നിലയ്ക്ക്, ക്രോണി കാപ്പിറ്റലിസത്തെ നിര്‍വീര്യമാക്കാന്‍ പ്രാപ്തിയുള്ള ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്.
എന്നാല്‍, ഭൂതകാലത്തിന്റെ പൊളിറ്റിക്കല്‍ ഹാംഗോവറില്‍ അഭിരമിക്കുന്ന ഇന്നത്തെ ഹൈക്കമാന്‍ഡിന് ഫെഡറലിസവും സെക്യുലറിസവും ജനാധിപത്യവും നേരിടുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. പകരം, പാര്‍ട്ടിയുടെ ജനകീയമായ അടിത്തറയെ കൃത്യമായി പ്രതിനിധീകരിക്കുന്ന ഒരു ലീഡര്‍ഷിപ്പാണ് ഉയര്‍ന്നുവരേണ്ടത്. ഏതെങ്കിലുമൊരു പിതൃത്വം അവകാശപ്പെടാന്‍ കഴിയുന്ന നേതൃത്വമാകരുത് അത്, പകരം ഒരു വിഷയം, പലപല വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന നേതൃത്വമാകേണ്ടതുണ്ട്. അത്തരം ജനാധിപത്യപരമായ ഒരു സംഘടനാ ശരീരത്തിലൂടെ കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള മനുഷ്യരുടെ അസ്തിത്വത്തിലേക്കുയരാന്‍ കോണ്‍ഗ്രസിനുകഴിയും.
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
Truecopy Webzine
Aug 01, 2022
3 Minutes Read
Jul 29, 2022
2 Minutes Read
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ദില്‍ഷ ഡി.
Jul 28, 2022
8 Minutes Watch