ഉണ്ണി ആർ. പരിഭാഷപ്പെടുത്തിയ അഞ്ച് കവിതകൾ

പ്രണയം
റാഡ്മില ലാസിക്

എല്ലാ രാത്രികളിലും
ഞാൻ കത്തിക്ക് മൂർച്ച കൂട്ടുന്നു.
സ്വാഗതം ചെയ്യുവാൻ നിന്നെയതിൻ
മൂർച്ചയുടെ പ്രകാശത്തിലേക്ക്,
അതിനിടയിൽ നിന്റെ കണ്ണുകൾക്കായി മാത്രം
എന്റെ പ്രണയം തിളങ്ങുന്നു.

ടെലിവിഷൻ
ആൻ സ്റ്റീവൻസൺ

ശബ്ദങ്ങളുടെയമ്മേ, എന്നെപ്പുണരൂ.
എനിക്കായൊരൊളിയിടം കണ്ടെത്തൂ.
എന്റെയൊച്ചയിൽ പേടിയുള്ളവൻ ഞാൻ.
ഇഷ്ടമല്ലെനിക്കെൻ മുഖം.

ജനുവരി
ചാൾസ് സിമിക്

ചെറിയൊരു പള്ളിക്കൂടത്തിന്റെ
തണുത്തുറഞ്ഞ ജനൽപ്പാളിയിൽ
കുട്ടികളുടെ വിരൽപ്പാടുകൾ.

എവിടെയോ വായിച്ചു ഞാൻ, സമ്രാജ്യം
അതിന്റെ ജയിലറകളിലെ ക്രൂരതയിലൂടെയാണ്
നിലനിൽക്കുകയെന്ന്.

എന്റെ ശത്രു
ഫാനി ഹൊവ്

എന്റെ ശത്രു ഒരു പൂപ്പാത്രം നിറയെ
നക്ഷത്രപ്പൂക്കൾ എന്റെ കിടയ്ക്കക്കരികിലെ
മേശയിൽ വെച്ചിരിക്കുന്നു
ഈ ക്രൂരത ദുർബലന്റെ കടമകൾക്കുപോലുമാകാതെ
കൊന്നു കളഞ്ഞെന്റെ ഇച്ഛാശക്തിയെ

മരക്കാലുകൾ
മാർജോറി ഹോക്‌സ്വർത്

പൊയ്ക്കാലിൽ നടക്കുന്നയാൾ
തെരുവു വെട്ടത്തിൽ നിന്നും
ചുരുട്ട് കത്തിക്കുന്നു,
പണിതീർന്ന് ക്ഷീണത്താൽ
നിലത്തിറങ്ങാതെ
വീട്ടിലേക്ക് നടക്കുമ്പോൾ
ചന്ദ്ര പ്രകാശത്തിൽ
പ്രണയത്തെരുവുകളിലെ
മാളിക ജനലുകളിൽ കണ്ണു കൂർപ്പിച്ച്
എണ്ണിയെടുക്കുന്നു നഗ്‌നദേഹങ്ങൾ,
ഒടുവിൽ വീടെത്തുമ്പോൾ

മേൽക്കൂരയിലേക്ക് തൂങ്ങിയിറങ്ങി
മേച്ചിൽ പലകയിൽ ഉറങ്ങുന്നു.

റാഡ്മില ലാസിക്സെർബിയൻ കവി

ആൻ സ്റ്റീവൻസൺഅമേരിക്കൻ ബ്രിട്ടീഷ് കവി

ചാൾസ് സിമിക്സെർബിയൻ - അമേരിക്കൻ കവി

ഫാനി ഹൊവ്അമേരിക്കൻ കവി

മാർജോറി ഹോക്‌സ്വർത്അമേരിക്കൻ കവി

Comments