truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
4

Cultural Studies

നസീറുദ്ദീന്‍ ഷായ്ക്കും
ആമിറിനും ഷാറൂഖിനും പുറത്തുള്ള
ചില ബോളിവുഡ് കാഴ്ചകള്‍

നസീറുദ്ദീന്‍ ഷായ്ക്കും ആമിറിനും ഷാറൂഖിനും പുറത്തുള്ള ചില ബോളിവുഡ് കാഴ്ചകള്‍

സിനിമ പ്രോജ്വലിക്കുന്ന ഒരു ഉപഗ്രഹമാണെന്നെനിക്കു തോന്നുന്നു. അതിന്റെ പ്രകാശവലയത്തില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നവര്‍ ഗ്ലാമറും പണവും ആദരവുമൊക്കെ വന്നുചേരുമെന്നു വിശ്വസിക്കുന്നു. എന്നാല്‍, അവരില്‍ പലരും സൂര്യതാപമേറ്റപോലെ കൊഴിഞ്ഞുവീഴുന്നുമുണ്ട്. ദിന്‍കര്‍ ബോസ്‌ലെ, വിലാസ് പാട്ടീല്‍ എന്നീ എന്റെ സുഹൃത്തുക്കളുടെ കഥകളും ഇതുപോലെത്തന്നെ. ഇന്ത്യന്‍ വെള്ളിത്തിരകളെ പിടിച്ചുകുലുക്കിയ സിനിമകളുടെ കാലങ്ങളിലൂടെയുള്ള യാത്രയുടെ അവസാന ഭാഗം.

6 Aug 2021, 09:33 AM

കെ.സി.ജോസ്

ബ്ലാസ്റ്റ്, ബ്ലാസ്റ്റ്!

ഇന്ത്യന്‍ പാരലല്‍ സിനിമയില പ്രമുഖനാണ് നസീറുദ്ദീന്‍ ഷാ.
മിര്‍ച്ച് മസാല, മണ്ഡി (ബസാര്‍) കഥ, അര്‍ദ്ധസത്യ, ജാനേദോ ഭി യാരോ തുടങ്ങിയ നിരവധി ആര്‍ട്ട് സിനിമകള്‍ക്കുശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ സന്തതി ബോളിവുഡ് മെയിന്‍സ്ട്രീം സിനിമകളിലെത്തി. കര്‍മ, ജല്‍വ, മാസൂം, ജൂനൂന്‍ എന്നിവയിലും തന്റെ അഭിനയസിദ്ധി പ്രകടിപ്പിച്ച നസീറുദ്ദീന്‍, ആമീര്‍ഖാന്‍ സംവിധാനം ചെയ്ത് അഭിനയിച്ച സര്‍ഫരോഷില്‍ ഗസല്‍ ഗായകനായാണ് വേഷമിട്ടത്. എന്നാല്‍, ആ പ്രസിദ്ധ ഗായകന്‍ ഭീകരവാദികളുടെ തലച്ചോറാണെന്ന കാര്യം നമ്മില്‍ ഞെട്ടലുണ്ടാക്കുന്നു. ആരോഹണാവരോഹണക്രമത്തോടെ ഗസല്‍ മൂളുമ്പോഴും തന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ഭീകരവാദിയുടെ റോള്‍ നസീറുദ്ദീന്‍ എത്ര തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത് എന്നത് ആശ്ചര്യമുളവാക്കുന്നുണ്ട്.

anupam
'വെനസ് ഡേ' സിനിമയില്‍ നിന്നൊരു രംഗം

1992-ലെ ബോംബെ ബ്ലാസ്റ്റിനെ ആധാരമാക്കി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കുറ്റമറ്റതും എടുത്തുപറയേണ്ടതുമാണ് നസീറുദ്ദീന്‍ ഷാ പ്രധാനവേഷമിട്ട വെനസ് ഡേ (Wednesday). പ്രധാന സ്ഥലങ്ങളിലായി താന്‍ ഏഴ് ആര്‍.ഡി.എക്‌സ്. ബോംബുകള്‍ വെച്ചിട്ടുണ്ടെന്ന അജ്ഞാതസന്ദേശം ബോംബെ പൊലീസ് ഐ.ജി.ക്ക് ലഭിക്കുന്നു. വിവിധ ബോംബെ ജയിലുകളില്‍ അഴികളെണ്ണുന്ന തന്റെ സഹപ്രവര്‍ത്തകരെ (അഞ്ചു ഭീകരരെ) ജൂഹു ഹെലിപാഡില്‍ എത്തിക്കണമെന്നും അല്ലെങ്കില്‍ മഹാനഗരം വീണ്ടുമൊരു സ്‌ഫോടനപരമ്പരയ്ക്കു സാക്ഷ്യം വഹിക്കുമെന്നുള്ള ഫോണ്‍സന്ദേശം ഐ.ജി.ക്കു വീണ്ടും ലഭിക്കുന്നു. തിരക്കേറിയ നഗരവീഥികളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും മാര്‍ക്കറ്റുകളുടെയും ഷോട്ടുകള്‍ അനുബന്ധമായി ഇതോടൊപ്പം സ്‌ക്രീനില്‍ വരുന്നുണ്ട്. അങ്കലാപ്പിലാകുന്ന പൊലീസ് മേധാവി (അനുപം ഖേര്‍) ജയിലില്‍നിന്ന് എല്ലാ ബന്തവസ്സോടെയും ഭീകരരെ ഹെലിപാഡില്‍ എത്തിക്കാന്‍ നിര്‍ബ്ബന്ധിതനായി. എന്നാല്‍, അവര്‍ ഇരുന്ന ബെഞ്ചിനടിയില്‍ രഹസ്യമായിവെച്ച ആര്‍.ഡി.എക്‌സ്. ബോംബ് റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തി ആ അഞ്ചു ഭീകരരെയും വധിക്കുകയാണ് ഫോണ്‍ സന്ദേശം നല്കുന്നയാള്‍ ചെയ്യുന്നത്.

Naseeruddin_Shah_
നസീറുദ്ദീന്‍ ഷാ

അവരെല്ലാം ചത്തടിഞ്ഞെന്ന് ഉറപ്പുവരുത്തിയ  ‘ആം ആദ്മി'യുടെ ഐ.ജി.യ്ക്കുള്ള അവസാന ഫോണ്‍സന്ദേശത്തില്‍ പറയുന്നത് നോക്കുക,  ‘‘1992-ല്‍ മഹാനഗരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് ഒരു വെള്ളിയാഴ്ചയായിരുന്നു അരങ്ങേറിയത്. ഒരു മാറ്റത്തിന് ഞാനിത് വെനസ് ഡേ ആക്കിയെന്നുമാത്രം.'' 
ഐ.ജി. വീണ്ടും ചോദിക്കുന്നത് എന്തിനിവരെ വധിച്ചുവെന്നാണ്. ‘‘വീടുകളില്‍ കോക്രോച്ചുകള്‍ വര്‍ദ്ധിക്കുമ്പോള്‍ നമുക്കിരിക്കപ്പൊറുതി ഇല്ലാതാകും. നാമവയെ മരുന്നുകളടിച്ച് തുരത്തും.  ഈ കാര്യവും അതുപോലെ കണക്കാക്കിയാല്‍ മതി'' എന്നാണ് അയാളുടെ ഉത്തരം.
എന്നാല്‍, താന്‍ ഒരിടത്തും ബോംബ് വെച്ചിട്ടില്ലെന്നുകൂടി ആം ആദ്മി വെളിപ്പെടുത്തുന്നുണ്ട്. നീരജ്പാണ്ഡേ സംവിധാനം ചെയ്ത വെനസ് ഡേ കാണുമ്പോള്‍ നാമോരോരുത്തരും ആകാംക്ഷയുടെ മുള്‍മുനയിലെത്തും. 

ഷാറൂഖ്, ആമിര്‍, അജയ് ദേവ്ഗണ്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മൂല്യച്യുതി, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങിയ വിഷയങ്ങളും നമ്മുടെ സിനിമകള്‍ക്ക് വിഷയമായതില്‍ അതിശയോക്തി ഒന്നുമില്ല. സമൂഹമധ്യേ എക്കാലവും ഇത്തരം വ്യതിയാനങ്ങള്‍ നാം കണ്ടുപോരുന്നുണ്ട്. അനുഭവിച്ചറിയുന്നുമുണ്ടല്ലോ! ഷാറൂഖ്ഖാന്റെ  ‘റെയാസ്', അജയ് ദേവ്ഗണിന്റെ  ‘വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ബോംബെ',  ‘ഹസീന പാര്‍ക്കര്‍' തുടങ്ങിയ ചിത്രങ്ങളില്‍ ബോംബെ അധോലോകകഥകള്‍ പറഞ്ഞും പറയാതെയും ചിത്രീകരിച്ചിരിക്കുന്നു. അക്ഷയ്കുമാറിനെ നാം പലപ്പോഴും വിലയിരുത്താറുള്ളത് മാര്‍ഷല്‍ ആര്‍ട്‌സ് മാന്‍, കോമഡിയന്‍ എന്നൊക്കെ ആണ്. എന്നാല്‍, അദ്ദേഹത്തിന്റെ  ‘ജോളി എല്‍ എല്‍ ബി',  ‘പാഡ്മാൻ', ‘ടോയ്‌ലറ്റ്​',  ‘ബേബി' തുടങ്ങിയ  ചിത്രങ്ങൾ സാമൂഹികപ്രതിബദ്ധതയുള്ള പുതിയ ഇന്ത്യന്‍ സിനിമകളുടെ ഗണത്തില്‍ പെടുത്തേണ്ടതാണെന്ന് തോന്നുന്നു.

RAID

ഏകദേശം രണ്ടുമൂന്നു വര്‍ഷം മുമ്പ് റിലീസ് ചെയ്യപ്പെട്ട അജയ് ദേവ്ഗണിന്റെ ‘റെയ്ഡ്' എന്ന ചലച്ചിത്രത്തിന്റെ പശ്ചാത്തലം 1975-ലെ അടിയന്തരാവസ്ഥക്കാലമാണ്.  ഉത്തരേന്ത്യയിലെ ഒരു ഉള്‍നാടന്‍ പ്രദേശം അപ്പാടെ തന്റെ മുഷ്ടിക്കുള്ളിലൊതുക്കി ഒരു ജന്മി (സൗരഭ് ശുക്ല) അളവറ്റ ധനം സമ്പാദിച്ചതു കണ്ടെത്താന്‍ ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന്‍ ആ ഹവേലിയിലേക്കു എത്തുന്നു. അതോടെ ഉണ്ടാകുന്ന സംഭവവികാസങ്ങളെ ആധാരമാക്കിയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. 
അജയ് ദേവ്ഗണ്‍, അക്ഷയ്കുമാര്‍, അനുപം ഖേര്‍ എന്നീ മുന്തിയ നടന്മാര്‍, കേന്ദ്രസര്‍ക്കാരിന്റെ മൗത്ത് പീസായി വര്‍ത്തിക്കുന്നത് ഒരുപക്ഷേ, അവരുടെ ഗതികേടു കൊണ്ടാകാം എന്നാണെന്റെ നിഗമനം!

ALSO READ

തിയറ്ററുകളെ തകർത്ത ഒരു ബോംബെ 'ഷോലെ' കാലം

ആമീര്‍ഖാന്‍ എപ്പോഴും വ്യത്യസ്ത വിഷയങ്ങള്‍ സിനിമയാക്കുന്നതില്‍ ഏറെ തല്‍പരനാണെന്ന് പറയാം. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ഓസ്‌കാര്‍ അവാര്‍ഡിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മദര്‍ ഇന്ത്യയ്ക്കുശേഷം സലാം ബോംബെയും ലഗാന്‍ (ചുങ്കം) എന്ന അമീര്‍ഖാന്റെ ചിത്രവുമാണ് ഇന്ത്യയില്‍നിന്ന് അന്താരാഷ്ട്ര പുരസ്‌കാരമത്സരത്തിനെത്തിയത്. പക്ഷേ, ഇവ മൂന്നിനും എന്തുകൊണ്ടോ ഓസ്‌കാര്‍ നേടാനായില്ല. രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ്, താരേ ജമീന്‍ പര്‍ എന്നിവയ്ക്കു ശേഷം അദ്ദേഹം പുറത്തിറക്കിയ  ഏറെ വിവാദങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് പി.കെ.

lagaan
ലഗാനിലെ ഒരു രംഗം

അനുഷ്‌കശര്‍മ്മയും ആമീര്‍ഖാനും നായികാനായകന്മാരായ പി.കെ.യിലൂടെ മതാദ്ധ്യക്ഷന്മാര്‍ എങ്ങനെ സാധാരണക്കാരെ വഞ്ചിക്കുന്നു എന്ന് വെട്ടിത്തുറന്നുകാട്ടിയിട്ടുണ്ട്. അതേ ഗണത്തില്‍പ്പെട്ട സിനിമതന്നെയാണ് പരേഷ് റാവല്‍ നായകനായ  ‘ഓ മൈ ഗോഡ്' എന്ന ആക്ഷേപഹാസ്യം അങ്ങോളമിങ്ങോളമുള്ള ചിത്രവും. ഈ രണ്ടുസിനിമകളും സെന്‍സറിങ്ങിനുവേണ്ടി  വളരെ കാത്തിരിക്കേണ്ടിവന്നതും ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. എന്നാല്‍, ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇന്ത്യയില്‍ ഇവ വെള്ളിത്തിരയിലെത്തിയത് അത്ഭുതാവഹമായി തോന്നുന്നു.

അമി മുംബൈക്കര്‍ ആഹോത്

ബോംബെ മഹാനഗരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ഹിന്ദിചിത്രങ്ങളിലെ ഭൂരിഭാഗം അഭിനേതാക്കളും ജന്മം കൊണ്ട് മഹാരാഷ്ട്രീയരല്ല. മറാഠിനടീനടന്മാര്‍ക്ക് അഭിനയസിദ്ധിയും ഗ്ലാമറും ഇല്ലാത്തതല്ല അതിന്റെ കാരണം. വി.ശാന്താറാമിന്റെ ‘ദോ ആംഖേം ബാരാ ഹാഥ്' ഒരു പ്രാവശ്യം കണ്ടാല്‍ നമുക്കിതു മനസ്സിലാകും. ഹിന്ദിസിനികളുടെ നിര്‍മാതാക്കള്‍ പൊതുവെ ഗുജറാത്തികളും സിന്ധികളുമാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അദാനി ഗ്രൂപ്പും റിലയന്‍സ് പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും ഇന്ന് സിനിമാനിര്‍മ്മാണമേഖലയില്‍ സജീവമായി രംഗത്തുണ്ട്. എങ്കിലും, ചില മറാഠി നടീനടന്മാര്‍ ഹിന്ദി സിനിമകളിലെ ഉന്നതസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കെ.എ.അബ്ബാസിന്റെ  ‘ശഹര്‍ ഔര്‍ സപ്ന'യില്‍ തെരുവുഗായകനായി വേഷമിട്ട നാനാ പാല്‍സിക്കറെയാണ് എനിക്കാദ്യം ഓര്‍മവരുന്നത്. ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് വിദ്യാര്‍ത്ഥിയും നാടകനടനുമായ വിശ്വനാഥ് പാഠേക്കര്‍ (നാനാ പാഠേക്കര്‍) നായകനായും വില്ലനായും കോമഡിയനായും ക്യാരക്ടര്‍ റോളിലും വെള്ളിത്തിരയിലെത്തി പ്രേക്ഷകരുടെ കൈയടി വാങ്ങിക്കൊണ്ടിരിക്കുന്നു.

kulkarni
അതുല്‍ കുല്‍ക്കർണി ചാന്ദ്നിബാറില്‍

സൈക്യാട്രിസ്റ്റായി പൂനെയില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന മോഹന്‍ അഗാഷേ, ശിവാജി സാഠം എന്നിവര്‍ ഇപ്പോഴും ഹിന്ദിസിനിമകളിലും ചില ടി.വി.സീരിയലുകളും അഭിനയിക്കുന്ന മറാഠി താരങ്ങളാണ്. ആദര്‍ശ ധീരതയുള്ള കുറേപ്പേര്‍ ഗുജറാത്തിലെ ആനന്ദ് എന്ന സ്ഥലത്ത് കന്നുകാലിവളര്‍ത്തലും പാല്‍ ഉല്പാദനവും നടത്തുന്നവരെ സംഘടിപ്പിച്ചതിന്റെ ചരിത്രം പറയുന്നതാണ് ശ്യാംബെനഗല്‍ സംവിധാനം ചെയ്ത  ‘മന്ഥന്‍' എന്ന ചിത്രം. ഇതില്‍ അഗാഷേയും ശിവാജി സാഠവും നസുറുദ്ദീന്‍ഷായും ആനന്ദ് നാഗും സ്മിതപാട്ടീലും മികവുറ്റ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. മലയാളികള്‍ക്ക് സുപരിചിതനായ അതുല്‍ കുല്‍ക്കര്‍ണിക്ക്  ‘ചാന്ദ്‌നിബാര്‍',  ‘ഹേ രാം' എന്നീ ചിത്രങ്ങളിലൂടെ ഏറ്റവുംനല്ല നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡുകള്‍ അടക്കം ദേശീയതലത്തിലും പുരസ്‌കാരങ്ങള്‍ നേടാനായി.

ബാസു ചാറ്റര്‍ജി കണ്ടെത്തിയ മറാഠി നടന്മാരില്‍ മലയാളികളായ നാം ഏറ്റവും അധികമോര്‍ക്കുക അമോല്‍ പാലേക്കറെയാണ്; അദ്ദേഹത്തിന്റെ ഛോട്ടീ സി ബാത്ത്, ചിത് ചോര്‍ എന്നീ ചിത്രങ്ങളിലൂടെ. ശ്രീരാം ലാഗുവും അദ്ദേഹത്തിന്റെ മകള്‍ റീമാ ലാഗുവും ശുഭാ ഖോഠേയും സഹോദരന്‍ വിജു ഖോഠേയും 70 മുതല്‍ 2004വരെയുള്ള കാലങ്ങളില്‍ ഹിന്ദിസിനിമകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന മറാഠിതാരങ്ങളാണ്. മഹാരാഷ്ട്രീയരായ ഊര്‍മിള മാഠോണ്‍കര്‍, കിമി കാംക്ര്‍, മമതാ കുല്‍ക്കര്‍ണി, ശില്പ ശിരോഡ്കര്‍ എന്നീനടികള്‍ സിനിമകളിലെ ആടിപ്പാടുന്ന സ്ഥിരം റോളുകള്‍ കൈകാര്യം ചെയ്തിരുന്നു.  മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ തട്ടകമായ വിലേ പാര്‍ലേ ഈസ്റ്റില്‍ ജനിച്ചുവളര്‍ന്ന മാധുരി ദീക്ഷിത് തന്റെ നൃത്തനൈപുണ്യവും അഭിയചാതുരിയും കാഴ്ചവെച്ച ഹിന്ദിചിത്രങ്ങള്‍ നിരവധിയാണ്. തേസാബ്, ഖല്‍നായിക്ക്, ഹം ആപ്‌കെ കേലിയെ കോന്‍? തുടങ്ങിയവയിലെ അഭിനയത്തിന് മാധുരിയെ തേടി അവാര്‍ഡുകള്‍ വന്നെത്തി.

ഭഗവാൻ; ഒരു ദുരന്തതാരം

ഞാനിപ്പോള്‍ ഇവിടെ സൂചിപ്പിച്ച നടീനടന്മാര്‍ എല്ലാവരും ഏറെക്കുറെ സമ്പന്നരാണെന്ന് പറയാം. എന്നാല്‍, എനിക്കോര്‍മ്മവെച്ചനാള്‍മുതല്‍ 2003 വരെ ഹിന്ദി-മറാഠി സിനിമകളില്‍  ‘ചുക്കില്ലാത്ത കഷായമില്ല' എന്നു പറയുംപോലെ ഭഗവാന്‍ എന്ന ഹാസ്യനടന്റെ റോള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു. അദ്ദേഹത്തിന്റെ സ്‌പെഷല്‍ ടൈപ്പ് ഓഫ് ഡാന്‍സിങ്ങും ഇടികളും ഹിന്ദിസിനിമകളെ കൂടുതല്‍ ജനകീയമാക്കിയിരുന്നു. ഭഗവാന്റെ  ‘അല്‍ബേല' ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്. വിധിവൈപരീത്യമെന്നുതന്നെ പറയട്ടെ, സ്വന്തമായി പാര്‍പ്പിടം പോലുമില്ലാതെയും വാര്‍ദ്ധക്യത്തില്‍ അനാഥനായും പരേലില്‍ ചിത്ര ടാക്കീസിനു സമീപമുള്ള ചോളില്‍ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്. 

bagavan
ഭഗവാന്‍ ദാദ

വിഖ്യാത നടീനടന്മാരായ നര്‍ഗീസിന്റെയും സുനില്‍ദത്തിന്റെയും മകനായ സഞ്ജയ് ദത്ത് സ്വന്തം ജീവിതത്തില്‍ അനേകം പ്രതിസന്ധികള്‍ നേരിടേണ്ടിവന്ന അഭിനേതാവാണ്. പൊതുവെ  ‘ഈസി വേ ഓഫ് ലൈഫ്' നയിച്ച സഞ്ജയ്ദത്ത് ദാനധര്‍മ്മിഷ്ഠനാണെന്ന് കേള്‍ക്കുന്നു. 1992-ലെ ബോംബെ ബ്ലാസ്റ്റിനെത്തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. എന്നാല്‍, പൈഥൊനിയയിലെ ഒരു ഹോട്ടലുടമ സഞ്ജയ്ദത്തിന്റെ സ്‌പെഷല്‍ രുചിക്കൂട്ടില്‍ തയ്യാറാക്കിയ 'സഞ്ജുബാബ സ്‌പെഷല്‍ ചിക്കന്‍'കറി കുറെനാള്‍ മുമ്പുവരെ വിറ്റുവന്നിരുന്നു. ഹിന്ദി സിനിമകളില്‍  ‘ടപ്പോരി' (തെമ്മാടിച്ചെറുക്കന്‍) വേഷമിടാറുള്ള അദ്ദേഹത്തിലെ നല്ല നടനെ ആദ്യമായി കണ്ടെത്തിയത് വിധു വിനോദ് ചോപ്രയാണ് എന്നു തോന്നുന്നു. മുന്നാഭായി എം.ബി.ബി.എസ്, ലഗോരഹോ മുന്നാഭായി എന്നീ ചിത്രങ്ങള്‍  ഉദാഹരണം. മറാഠി കലര്‍ന്ന അസ്സല്‍ ബംബയ്യ ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷന്‍ സാധാരണക്കാരനായ മുംബൈക്കറെ പ്രതിനിധീകരിക്കുന്നുണ്ട്. ഇവയില്‍ രണ്ടിലും പ്രത്യക്ഷപ്പെട്ട അനുഗൃഹീത ക്യാരക്ടര്‍ നടന്‍ ബോമന്‍ ഇറാനി, മുന്നാഭായി സിനിമകള്‍ ഒന്നുകൂടി പ്രേക്ഷകമനസ്സില്‍ ഇടംപിടിക്കാന്‍ സഹായിച്ചു. 

ഹെലനും ശ്രീദേവിയും മറ്റു ചിലരും

പുട്ട് എന്ന കേരളീയ ആഹാരപദാര്‍ത്ഥത്തിന്റെ രുചിക്കൂട്ടില്‍ കാണുമ്പോലെ, ആദ്യം അല്പം ഉപ്പ് ചേര്‍ത്ത അരിപ്പൊടി, പിന്നെ നാളികേരം ചിരകിയത്, വീണ്ടും അരിപ്പൊടി എന്നീ ചേരുവകള്‍ മുളംകുംഭത്തിലിട്ട് ആവിയില്‍ പുഴുങ്ങുക എന്നതാണല്ലോ! അതുപോലെ ആദ്യകാല തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ ഒരു ഗാനരംഗത്തിനുശേഷം കത്തിച്ചണ്ട, അതേത്തുടര്‍ന്ന് ഹാസ്യരംഗങ്ങള്‍, പിന്നീട് അല്പം കുടുംബകാര്യങ്ങള്‍, വീണ്ടും ഗാനങ്ങള്‍ എന്നീ രീതി കൈക്കൊണ്ടിരുന്നതായി കാണാം.

ALSO READ

മുതലിയാരുടെ വാറ്റ്​, ആൻറി ബാർ; ലഹരി പിടിപ്പിക്കുന്ന മുംബൈ

ഇവയ്ക്ക് ഒരറുതി ഉണ്ടാകുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. അന്ന് ഹിന്ദിസിനിമയില്‍ കാബറെ ഒരു അനിവാര്യ ഘടകമായിരുന്നു. ഹെലന്‍ മാദകനൃത്തമാടി കാണികളെ ഹരംകൊള്ളിച്ച ഐറ്റം ഡാന്‍സിന് ആരെന്തു പറഞ്ഞാലും ഒരു ചാരുതയുണ്ടായിരുന്നു.  ‘‘പിയാ തു ആജാ'' എന്നും  ‘‘മംഗ് താ തോ രസിയാ....''  തുടങ്ങിയ ആര്‍.ഡി.ബര്‍മന്റെ അടിപൊളിപ്പാട്ടുകളുടെ താളക്കൊഴുപ്പ് ഒരു മാസ്മരികലോകത്തില്‍ എത്തിക്കാറുണ്ട്. അരുണ ഇറാനി, ജയശ്രീ ടി., മീനാ ടി. എന്നിവരും ഇത്തരം രംഗങ്ങളിലെത്തി രംഗം കൊഴുപ്പിച്ചിരുന്നു. എന്നാല്‍ കാബറെയും ഖവ്വാലിയും ഇന്നത്തെ ഹിന്ദി സിനിമകളില്‍നിന്ന് അന്യംനിന്നുപോയിരിക്കുന്നു.

helen
ഹെലന്‍

സുജോയ് ഘോഷ് സംവിധാനം നിര്‍വ്വഹിച്ച ത്രില്ലര്‍ സിനിമ, കഹാനി (കഥ)യിലൂടെയാണ് പാലക്കാട് സ്വദേശിനി വിദ്യാബാലന്റെ അഭിനയസിദ്ധി നാമറിയുന്നത്. ദേശീയതലത്തില്‍ അവാര്‍ഡുകളും മറ്റനേകം പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ കഹാനിയുടെ രണ്ടാംഭാഗത്തിലും വിദ്യാബാലന്‍ തന്നെയായിരുന്നു നായിക.  ‘തുമാരി സുലു' എന്ന സിനിമയില്‍ ഒരു പ്രത്യേക പരിപാടിയിലൂടെ ചോദ്യകര്‍ത്താക്കളെ ആശ്വസിപ്പിക്കുന്ന റേഡിയോ താരത്തെ വിദ്യ ഏറെ തന്മയത്വത്തോടെയാണ് അവതരിപ്പിച്ചത്. ഏതായാലും ഇങ്ങനെയുള്ള ചില സിനിമകളിലൂടെ വിദ്യാബാലന്‍  മികവുറ്റ അഭിനേത്രിയായി മലയാള പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ഒരു കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച  ‘നോ വണ്‍ കില്‍ഡ് ജെസീക്ക' എന്ന ചിത്രത്തിലും വിദ്യ പ്രശംസനീയമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു.

അന്തരിച്ച ശ്രീദേവി ബോളിവുഡ്ഡിന് രണ്ടു നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു. ഒന്ന്​, തന്റെ മകളെ നശിപ്പിച്ച ഒരു റോമിയോക്ക് മരണം സമ്മാനിക്കുന്ന അമ്മയുടെ വേഷം ‘മോം' എന്ന ചിത്രം. അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഒരു ഇന്ത്യന്‍ സ്ത്രീ ഇംഗ്ലീഷറിയാതെ കുഴങ്ങി ഒടുവില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കാനെത്തുന്ന കഥയാണ്​  ‘ഇംഗ്ലീഷ് വിംഗ്ലീഷ്​’.  ‘
മിസ്റ്റര്‍ ഇന്ത്യ'
യില്‍  നായകകഥാപാത്രവും അദ്ദേഹം പോറ്റിവളര്‍ത്തുന്ന അനാഥപൈതങ്ങളുമായി ബോംബെ ജൂഹു കടപ്പുറത്ത് കുതിരവണ്ടിയില്‍ ‘‘ഹവാ ഹാവായി'' എന്ന അടിപൊളിപ്പാട്ടും പാടി നീങ്ങുന്ന ശ്രീദേവിയുടെ ചാരുതയാര്‍ന്ന മുഖം ഒരു ദുഃഖസ്മരണയാണ്​.

srividya
ശ്രീദേവി, വിദ്യാബാലന്‍

ഗോസിപ്പുകള്‍ നടീനടന്മാരുടെ ഉയര്‍ച്ചക്കും താഴ്ചക്കും പലപ്പോഴും ഹേതുവായിട്ടുണ്ട്.  ബോളിവുഡ്ഡില്‍ ഉജ്ജ്വല നക്ഷത്രമായി ഉയര്‍ന്നുവന്ന കണ്‍കണ റാണാവത്ത്, ഫാഷന്‍, ക്വീന്‍, റംഗൂണ്‍, ദോലംഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ അനനുകരണീയമായ അഭിനയമാണ് കാഴ്ചവെച്ചത്. മധുര്‍ ഭണ്ഡാര്‍ക്കറുടെ ചില സിനിമകളില്‍ മയക്കുമരുന്ന്​ അടിമയുടെ വേഷമണിഞ്ഞ കണ്‍കണ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയൊക്കെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചില കോളമിസ്റ്റുകളും നടന്മാരും ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്‍കണ ഈയടുത്ത് നടത്തിയ പ്രസ് മീറ്റിലൂടെ  ഇത്തരം കുത്സിതബുദ്ധികളുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടുവരികയുണ്ടായി. എന്നാല്‍ ഭരണകൂടത്തിന്റെ ചട്ടുകമായി കങ്കണ ഇപ്പോള്‍ വേഷം കെട്ടിയത് തികച്ചും ഖേദകരമാണെന്ന് പറയാതെ വയ്യ.

ഒന്നുമറിയാത്ത ചെറിയ കുട്ടികളെക്കൊണ്ട് വിഡ്ഢിവേഷം കെട്ടിക്കുന്ന ചില പ്രോഗ്രാമുകള്‍ നമ്മുടെ ചാനലുകള്‍ ദിവസവും സംപ്രേഷണം ചെയ്യുന്നുണ്ട്. ഇതുവഴി കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും ആകര്‍ഷിക്കുകയും അങ്ങിനെ കുട്ടിപ്പരിപാടിയുടെ റേറ്റിങ്ങ് ഉയര്‍ത്തുകയുമാണ് ഇത്തരം ചാനലുകളുടെ പ്രധാനലക്ഷ്യമെന്ന് തോന്നിപ്പോകുന്നു. ‘‘അച്ഛന്‍ എവിടെയാണുറങ്ങുക?'' ‘‘അമ്മ അച്ഛനെ വഴക്കു പറയാറുണ്ടോ?'' എന്നും മറ്റും പാവം കുട്ടികളോട് അവതാരക ചോദിക്കുന്നത് ഒട്ടും അനുയോജ്യമായ സന്ദര്‍ഭത്തിലല്ല! എന്നാല്‍ സ്റ്റാന്‍ലി കി ഡബ്ബ, ധനക് (മഴവില്ല്) എന്നീ ചിത്രങ്ങളില്‍ കുട്ടികള്‍ തന്നെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. പ്രദര്‍ശനവിജയവും ദേശീയതലത്തില്‍ കുട്ടികള്‍ക്കുള്ള വിഭാഗത്തില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട് ഈ സിനിമകള്‍ എന്നുമോര്‍ക്കുക.

dhanak
ധനകിലെ രംഗം

‘‘യാഹൂ...കോയി മുജെ ജംഗ്ലി കഹേ...'' എന്നുപാടി പ്രേക്ഷകരുടെ മനംകവര്‍ന്ന ഇന്ത്യന്‍ എല്‍വിസ് പ്രിസ്‌ലി ഷമ്മികപൂര്‍,  ‘‘മേരാ ജൂത്താഹെ ജാപ്പാനി, ലാല്‍ടോപ്പി റുസി, ഫിര്‍ ബി ദില്‍ ഹെ ഹിന്ദുസ്ഥാനി'' എന്ന് ഹൃദയത്തിന്റെ ഭാഷയില്‍ പാടിയ രാജ്കപൂറിന്റെ ആവാര,  ‘‘മുജെ തുംസെ പ്യാര്‍ കിത്‌നാ, യേ ഹം നഹി ജാന്‍തേ, മഗര്‍ ജി നഹി സക്താ, തുമാരേ ബിനാ'' (നിന്നോടുള്ള പ്രണയം എത്രയെന്നറിയില്ല, എന്നാല്‍ നീയില്ലാതെ ജീവിതമില്ല) എന്ന് പാടിയ രാജേഷ് ഖന്ന തുടങ്ങിയവര്‍ എന്റെ ഇന്നലെകളിലെ നായകരായിരുന്നു. അവരെല്ലാം പോയ്​മറഞ്ഞെങ്കിലും അവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സിനിമകളിലെ കഴിഞ്ഞ നാള്‍വഴികള്‍ മനസ്സില്‍ ഓടിയെത്തുന്നു. ചിത്രത്തില്‍ നാം ഓരോ രംഗവും കാണുമ്പോള്‍ അതിലെ സംവിധായകനെയും നടീനടന്മാരെയും ഗാനങ്ങള്‍ ഹിറ്റായാല്‍ അവയുടെ രചയിതാവിനെയും സംഗീതസംവിധായകനെയും ഓര്‍ക്കാനിടയുണ്ട്. പക്ഷേ, ഇക്കൂട്ടരുടെ ഉദ്യമം പാളിപ്പോയാല്‍ ഇവരില്‍ പലരുടെയും ഈ രംഗത്തെ ഭാവി ചോദ്യചിഹ്നമായി മാറിയേക്കാം.

അമിതാബ് ബച്ചനോ മാധുരി ദീക്ഷിതോ ആകാന്‍ കൊതിച്ച് മുംബൈ മഹാനഗരത്തില്‍ ദിനമെന്നോണം ഇന്ത്യയുടെ പലഭാഗങ്ങളില്‍നിന്നും യുവതീയുവാക്കളെത്തുന്നുണ്ട്. ഇവരെല്ലാം നല്ല സിദ്ധിവൈഭവമുള്ള കലാകാരന്മാരായിരിക്കാം. എന്നാല്‍, എത്രപേര്‍ സിനിമയിലെ മെയിന്‍ സ്ട്രീമിലെത്തുന്നുണ്ട്? എന്റെ പ്രിയസുഹൃത്ത് ദിന്‍കര്‍ ബോസ്‌ലെ മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍നിന്ന് സിനിമ നെഞ്ചിലേറ്റിവന്ന യുവാവായിരുന്നു. അല്ലറ ചില്ലറ ജോലി ചെയ്ത് അയാള്‍ കുറെ നാള്‍ പിടിച്ചുനില്‍ക്കുമ്പോഴും സിനിമാക്കമ്പം ബോസ്‌ലെയെ  വല്ലാതെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു. ഒടുവില്‍ ചില മറാഠി സിനിമകളിലും  ‘ഖയാമത് സെ ഖയാമത് തക്',  ‘അബ് തക് ചപ്പണ്‍' തുടങ്ങിയ ഹിന്ദിസിനിമകളിലും തലകാണിച്ച് ബോസ്‌ലെക്ക് തൃപ്തിപ്പെടേണ്ടിവന്നു.

വീരാറില്‍ ഞാന്‍ സ്വന്തമായൊരു ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ ഗൃഹപ്രവേശത്തിന് അയാളെയും കുടുംബത്തെയും ക്ഷണിച്ചു. അന്ന് പലരും വന്ന് ചില സമ്മാനങ്ങളുമൊക്കെത്തന്ന് തിരിച്ചുപോയി. പക്ഷേ, ദിന്‍കര്‍ ബോസ്‌ലെ എന്ന നല്ല സുഹൃത്ത് മാത്രം വന്നെത്തിയില്ല; ഞാനയാളെ ഏറെ കാത്തിരുന്നെങ്കിലും. മാസങ്ങള്‍ കഴിഞ്ഞ് ബോസ്‌ലെയെ ദാദര്‍ സ്റ്റേഷനില്‍ കണ്ടുമുട്ടിയപ്പോള്‍ ഗോരഗോണ്‍ ഫിലിം സിറ്റിക്കടുത്ത്​ അയാള്‍ തീര്‍ത്ത ചോപ്ഡ അന്നത്തെ മഴയില്‍ തകര്‍ന്നുവീണെന്നും സാധനസാമഗ്രികള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെന്നുമുള്ള ദുഃഖവാര്‍ത്ത അറിയിച്ചു. ബോസ്‌ലെയെക്കുറിച്ച് എന്റെ സുഹൃദ്‌വലയത്തില്‍ പലപ്പോഴും അന്വേഷിക്കാറുണ്ടെങ്കിലും അവരെല്ലാവരും ഇപ്പോഴും പറയാറുള്ളത്, അദ്ദേഹത്തെക്കുറിച്ച്​ അറിയില്ല എന്നാണ്. 

സിനിമ പ്രോജ്വലിക്കുന്ന ഒരു ഉപഗ്രഹമാണെന്നെനിക്കു തോന്നുന്നു. അതിന്റെ പ്രകാശവലയത്തില്‍ എത്തിപ്പെടാന്‍ ശ്രമിക്കുന്നവര്‍ ഗ്ലാമറും പണവും ആദരവുമൊക്കെ വന്നുചേരുമെന്നു വിശ്വസിക്കുന്നു.  എന്നാല്‍, അവരില്‍ പലരും സൂര്യതാപമേറ്റപോലെ കൊഴിഞ്ഞുവീഴുന്നുമുണ്ട്. ദിന്‍കര്‍ ബോസ്‌ലെ, വിലാസ് പാട്ടീല്‍ എന്നീ എന്റെ സുഹൃത്തുക്കളുടെ കഥകളും ഇതുപോലെത്തന്നെ. മാധുരി ദീക്ഷിതിനെപ്പോലെയാകാന്‍ കൊതിച്ച, എന്റെ ഓഫീസില്‍ ഒരുനാള്‍ വന്നെത്തിയ സംഗീത എന്ന ജല്‍ഗാവ് സ്വദേശിനി ഒടുവില്‍ അടുക്കളപ്പണിക്കാരിയായിത്തീര്‍ന്ന സങ്കടപ്പെടുത്തുന്ന ഓര്‍മകളും എന്നെ മാനസികമായി ഇപ്പോഴും ഉലയ്ക്കുന്നുണ്ട്. 

എക്‌സ്ട്രാ ഷോട്‌സ്!
(ചായ്​പാവ്​ പിന്നീട് പറഞ്ഞത്)

മീരാ നായരുടെ സലാം ബോംബെ തിയറ്ററുകളില്‍ വന്‍പ്രദര്‍ശനവിജയം കൈവരിച്ചുകൊണ്ടിരുന്ന നാളുകള്‍ ഓര്‍മ വരുന്നു. സുഹൃത്തും പത്രറിപ്പോര്‍ട്ടറുമായ റോയ് മാത്യുവും ശ്രീധര്‍ പൂജാരിയും ഞാനുമടങ്ങിയ സംഘം സലാം ബോംബെയിലെ ബാലതാരങ്ങളെ അന്വേഷിച്ച് ചര്‍ച്ച് ഗേറ്റ് ക്രോസ് മൈതാനത്തിന് തൊട്ടടുത്തുള്ള ഫുട്പാത്തില്‍ ചെന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ നിന്ന് തൊഴില്‍ തേടിയെത്തിയവരാണ് ചായ്​പാവിന്റേയും (ഷഫീക് സയ്യദ്) മഞ്ജുവിന്റേയും (ഹല്‍സാ വിത്തല്‍) മാതാപിതാക്കള്‍. വര്‍ഷങ്ങളായി ഇവര്‍ ഫുട്പാത്തില്‍ കഴിഞ്ഞുവരുന്നു.

mira
മീരാ നായർ / Photo: Wikimedia Commons

ആ പരിസരത്ത് ആദ്യകാലങ്ങളില്‍ കുടില്‍ കെട്ടി താമസിക്കുന്ന അനേകം ഗതികെട്ട കുടുംബങ്ങളെ കാണാമായിരുന്നു. ഇന്ന് ആ ഫുട്പാത്തിന്  ‘ഫാഷന്‍ സ്ട്രീറ്റ്' എന്ന പുതിയൊരു പേരു നല്‍കിയിട്ടുണ്ട്. ഡിസൈനര്‍ വസ്ത്രങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ഉടയാടകള്‍ നിങ്ങള്‍ക്കിവിടെ ചുളുവിലക്ക് ലഭിക്കും. മീരാ നായരുടെ സിനിമക്ക് അനുയോജ്യരായ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ അവസാനം ചെന്നെത്തിയത് ഈ തെരുവു കുട്ടികളിലാണ്. റോയ് മാത്യു ചായ്​പാവിനോട് ചോദിച്ചു;  ‘‘നിനക്കെങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യമുണ്ടായി?''
‘‘യേ സബ് പാപി പേഠ് കാ സവാല്‍ ഹേ സാബ്.'' (വിശപ്പിന്റെ പ്രശ്‌നമാണ് സാറേ).

ഞങ്ങളവനെ ഒന്ന് സൂക്ഷിച്ചുനോക്കി, ഒടുവില്‍ വിധിയെഴുതി, നല്ല തന്റേടമുള്ള ചെക്കനെന്ന്. 
‘‘നിനക്ക് വേറെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നോ?'' അവന്‍ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു;  ‘‘ബഡിയാ ദാവത് ഖാനേ കാ ഷോക്ക് ഹെ'' (ഉഗ്രന്‍ ഭക്ഷണം കഴിക്കാന്‍ വലിയ ആഗ്രഹമുണ്ട് ).
ങ്ങള്‍ വീണ്ടും ചോദിച്ചു;  ‘‘അഭി ഭി ഹെ?'' (ഇപ്പോഴുമുണ്ടോ?)
‘‘ജരൂര്‍'' (ഉവ്വ്, തീര്‍ച്ചയായും)- ചായ്​പാവ്​ ഉഷാറായി ഉത്തരം നല്‍കി.
ശുദ്ധ ‘ബംബയ്യ' ഹിന്ദിയില്‍ തന്നെയാണ് അവന്റെ സംസാരം.

ബോംബെയില്‍ തെരുവ് പിള്ളേരെ കാറ്ററിങ് സര്‍വീസുകാര്‍ അത്യാവശ്യം വരുമ്പോള്‍ അവരുടെ യൂണിഫോം ധരിപ്പിച്ച് വിളമ്പുകാരാക്കി മാറ്റും. സലാം ബോംബെയിലെ ഒരു കല്യാണവിരുന്നാണ് രംഗം. യൂണിഫോമണിഞ്ഞ് തെരുവു പിള്ളേര്‍ ഭക്ഷണം വിളമ്പുന്നു. ഇതിനിടെ ചായ്​പാവും മഞ്ജുവും സലിമും മറ്റു ചിലരും സമോസയും പുലാവും കൈകൊണ്ടു വാരിത്തിന്നും കോഴിക്കാല്‍ പകുതി കടിച്ച് ഉച്ഛിഷ്ടം മനഃപൂര്‍വം അതിഥികളുടെ പ്ലേറ്റില്‍ തന്നെ വെക്കുന്നതുമായ സലാം ബോംബേയിലെ ചിരിയുണര്‍ത്തുന്ന രംഗം ഞാനപ്പോള്‍ ഓര്‍ത്തു. കുട്ടികളില്‍ കത്തിക്കാളുന്ന വിശപ്പിന്റെ നഗ്‌നതാണ്ഡവത്തോടൊപ്പം തങ്ങളെ ബഹിഷ്‌കരിച്ച സമൂഹത്തോടുള്ള പ്രതികാരവും പ്രകടമാക്കുന്ന ഈ രംഗം പ്രാധാന്യം നല്‍കി ഉള്‍പ്പെടുത്തിയ ഭാവനാസമ്പന്നയായ സംവിധായികക്ക് സലാം! 

salaam
സലാം ബോംബെയിലെ രംഗം

‘‘നീ എന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ'' എന്ന ഞങ്ങളുടെ ചോദ്യത്തിന് കയ്യിലെ മഞ്ഞ നിറത്തിലുള്ള ടര്‍ക്കി ടവല്‍ കാണിച്ച് അവന്‍ പറഞ്ഞു;  ‘‘കാറുകള്‍ സിഗ്‌നലില്‍ നിറുത്തുമ്പോള്‍, ഞാനും ഇവളും മറ്റു പിള്ളേരും അടുത്തു ചെന്ന് അവയുടെ ചില്ലുകള്‍ തുടക്കും. ഉടമസ്ഥര്‍ എട്ടണയോ ഒരു രൂപയോ തന്നെന്നിരിക്കും. ഇവള്‍ ചുവന്ന റോസപ്പൂ യാത്രക്കാര്‍ക്ക് ഒന്നിന് ഒരു രൂപ വിലക്ക് വില്‍ക്കും.''
‘‘ദിവസം നിങ്ങള്‍ ശരാശരി എത്ര പണം ഉണ്ടാക്കും?''
‘‘വോ ബോല്‍ നഹി സ സാബ്'' (പറയാനാകില്ല).

ഇതിനിടെ സലിം, ഖീര എന്നീ സലാം ബോംബെ കഥാപാത്രങ്ങള്‍ അവിടെയെത്തി. അവരും സമാന ജോലികള്‍ തന്നെ ചെയ്ത് ജീവസന്ധാരണം നടത്തുന്നു. ഞങ്ങള്‍ അവര്‍ക്ക് 250 രൂപ വീതം സമ്മാനിച്ചു. ഇപ്പോള്‍ കുട്ടികള്‍ പൊതുവെ സന്തുഷ്ടരാണെന്ന് തോന്നി. സിഗ്‌നലില്‍ ചുവപ്പ് വെളിച്ചം തെളിഞ്ഞു. വരിവരിയായി കാറുകള്‍ നിര്‍ത്തിയിട്ടുണ്ട്. റോസാപ്പൂക്കളും, മഞ്ഞ ടര്‍ക്കി ടവലുകളുമായി തെരുവിന്റെ മക്കള്‍ അപ്പോള്‍ പറയുന്നതു കണ്ടു. പോകുന്ന പോക്കില്‍ ചായ്​പാവ്​ വിളിച്ചു കൂവി,  ‘‘സലാം സാബ്''.
ഞങ്ങള്‍ അപ്പോള്‍ ഒരുമിച്ച് പറഞ്ഞു;  ‘‘സലാം ബോംബെ.''

സലാം ബോംബെയിലെ അഭിനയ ത്തിന് മികച്ച ബാലനടനുള്ള ദേശീയ അവാഡ് നേടിയ ഷഫീക് സയ്യദ്, പിന്നീട് ഒരു സിനിമയില്‍ മാത്രമേ പ്രത്യക്ഷപ്പെട്ടുള്ളൂ. ഗൗതം ഘോഷ് സംവിധാനം ചെയ്ത പതങ്ക് (പട്ടം) എന്ന ഹിന്ദി ചിത്രത്തില്‍ മാത്രം.
ചായ്​പാവ്​ ഇപ്പോള്‍ ബാംഗ്ലൂരില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മഞ്ജുവിനെക്കുറിച്ച് പിന്നീടൊന്നും കേട്ടില്ല.  ‘ഗ്ലാമറില്ലാത്ത’ ഈ കുട്ടികളെ വീണ്ടും സിനിമയില്‍ കൊണ്ടുവരാന്‍ ഒരു ഗോഡ്ഫാദര്‍ അവര്‍ക്ക് ഇല്ലാതെ പോയിരിക്കാം.

  • Tags
  • #Mumbai
  • #Cultural Studies
  • #CINEMA
  • #Amir Khan
  • #Shah Rukh Khan
  • #Naseeruddin Shah
  • #K.C. Jose
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Thallumala Review Tovino Thomas

Film Review

മുഹമ്മദ് ജദീര്‍

അടി, ആഘോഷം... അല്‍ഹംദുലില്ലാ; തല്ലുമാല റിവ്യു

Aug 12, 2022

4 minutes Read

Nna Than Case Kodu Review

Film Review

മുഹമ്മദ് ജദീര്‍

കുഴി, കോമഡി, കുഞ്ചാക്കോ; Nna Than Case Kodu Review

Aug 11, 2022

4 minutes Read

Avasavyooham

Film Review

മുകേഷ് കുമാര്‍

ആവാസവ്യൂഹം ഒരു പൊളിറ്റിക്കൽ ട്രീറ്റ്മെന്റ്

Aug 09, 2022

4 minutes Read

 Banner.jpg

Minorities

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ഇംഗ്ലീഷ് എപ്പോഴാണ് നരകത്തില്‍ നിന്ന് കര കയറിയത്?

Aug 09, 2022

9 Minutes Read

vasavyooham-Shefeek-Musthafa.jpg

Cinema

ഷഫീക്ക് മുസ്തഫ

‘ആവാസ വ്യൂഹ’വും ‘മാക്കിക്ക’യും: സാമ്യ വിവാദത്തെക്കുറിച്ച്​ കഥാകൃത്തിന്​ പറയാനുള്ളത്​

Aug 09, 2022

8 Minutes Read

English mariyumma

Cultural Studies

ഉമൈർ എ. ചെറുമുറ്റം

ഇംഗ്ലീഷ്​ ഭാഷാ പഠനത്തിന്​ മുസ്​ലിംകൾക്ക്​ വിലക്കുണ്ടായിരുന്നോ?

Aug 08, 2022

6 Minutes Read

 1_1.jpg

Cinema

വേണു

മണിചിത്രത്താഴ് തുറന്ന ക്യാമറകള്‍

Aug 07, 2022

18 Minutes Watch

 MA-Nishad.jpg

Interview

ദില്‍ഷ ഡി.

പ്രേക്ഷകര്‍ തീയേറ്ററുകളിലെത്താത്തതിന് കാരണം സീരിയലുകളാണ്‌

Aug 04, 2022

30 Minutes Watch

Next Article

മഠംകുന്ന് ആദിവാസി സെറ്റില്‍മെന്റില്‍ താല്‍ക്കാലിക വൈദ്യുതി; ട്രൂ കോപ്പി ഇംപാക്റ്റ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster