സോ സാൽ പെഹ്‌ലെ മുഝേ തും സെ പ്യാർ ഥാ

"1944-മുതൽ 1980-വരെയാണ് മുഹമ്മദ് റഫി ഇന്ത്യൻ ചലച്ചിത്രപിന്നണിസംഗീതരംഗത്തു നിറഞ്ഞുനിന്നത്. ഇക്കാലയളവിൽ ഹിന്ദി, ഉറുദു, മറാഠി, തെലുങ്ക് ഭാഷകളിൽ അദ്ദേഹം പാടി. വിവിധ നായകനടന്മാർക്ക് അവരുടെ ഭാവത്തിനൊത്ത് ശബ്ദം പകർന്നു. ഒന്നിലധികം സംഗീതസംവിധായകരുമായി അദ്ദേഹം കൂട്ടുകെട്ടുണ്ടാക്കി"

ഷ്യയിൽ കരിങ്കടൽത്തീരനഗരമായ സോച്ചിയിൽ ഒരു കഫേയിലിരുന്ന് ടെലിവിഷനിൽ അന്ന് ആ നഗരത്തിലെ വിന്റർ ഒളിമ്പിക് സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണുകയായിരുന്നു. ലോകകപ്പുകാണാൻ പോയ ആറുപേരിൽ മൂന്നുപേർക്കേ ടിക്കറ്റ് കിട്ടിയുള്ളൂ. ഞങ്ങളുടെ അയഞ്ഞമട്ട് സംസാരംകേട്ട് അടുത്തുണ്ടായിരുന്ന രണ്ടു ചെറുപ്പക്കാർ ഞങ്ങളോടൊപ്പം കൂടി. ഒരാൾ റഷ്യക്കാരനാണ്. മറ്റേയാൾ ചൈനീസ് പോളിഷ് ദമ്പതിമാരുടെ മകൻ. ചിലിയാണ് സ്വദേശം. ബിസിനസും ജീവിതവുമൊക്കെ അമേരിക്കയിൽ. ഇന്ത്യയിൽ നിന്നാണെന്നറിഞ്ഞപ്പോൾ റഷ്യക്കാരൻ ഞങ്ങളോട് ബോളിവുഡ് സിനിമകളെക്കുറിച്ചു പറയാൻ തുടങ്ങി. അയാൾ പറഞ്ഞ സിനിമകളൊന്നും ഞങ്ങൾക്കു മനസ്സിലായില്ല. പഴയ ചില നടിമാരുടെ പേരൊക്കെ അയാൾ പറഞ്ഞെങ്കിലും അത്ര പ്രശ്സ്തരല്ല അവർ. ഇന്ത്യാക്കാരായിട്ട് ഇന്ത്യൻ സിനിമയെക്കുറിച്ചറിയില്ലേ എന്ന് അയാൾ ഞങ്ങളെ കളിയാക്കി. അയാളോട് ഇന്ത്യയുടെ ഭാഷാവൈവിധ്യത്തെക്കുറിച്ചു പറഞ്ഞു. സിനിമ വിട്ട് അയാൾ സിനിമാപ്പാട്ടുകളിലേക്കു കടന്നു. അയാൾ മൂളാൻ ശ്രമിച്ച പാട്ടുകൾ ഞങ്ങൾക്കു പെട്ടെന്നു മനസ്സിലായി. അയാൾ ഓർമ്മിച്ച ബോളിവുഡ് ഗാനങ്ങളിൽ ക്യാഹുവാ തേരേ വദാ എന്ന മുഹമ്മദ് റഫിയുടെ പാട്ടുമുണ്ടായിരുന്നു. ഹം കിസീ സെകം നഹി എന്ന സിനിമയിലൂടെ റഫി സാഹിബിന് ദേശീയ അവാർഡു നേടിക്കൊടുത്ത അതേ ഗാനം.

രാഷ്ട്രീയക്കാർ വീണ്ടുംവീണ്ടും വിഭജിക്കാൻ ശ്രമിക്കുമ്പോഴും ഇന്ത്യയെ ചേർത്തുനിർത്തുന്നത് സംഗീതമാണെന്നു തോന്നിയിട്ടുണ്ട്. മുഹമ്മദ് റഫിയും കിഷോർ കുമാറും മുകേഷും ലതാമങ്കേഷ്കറും ഭുപൻഹസാരികയും ജഗജിത് സിംഗും പാട്ടുകളിലൂടെ ഇന്ത്യയെ ഏകോപിപ്പിച്ചവരാണ്. ഇവരുടെ പാട്ടുകൾ ദേശാതിർത്തികൾ കടന്ന് സംഗീതത്തിന്റെ അഖണ്ഡഭാരതം തീർക്കുന്നു. ഇന്ത്യൻസംഗീതം എന്നത് പാക്കിസ്താന്റെയും ബംഗ്ലാദേശിന്റെയുംകൂടിയാകുന്നു. പാക്കിസ്താന്റെയും ബംഗ്ലാദേശിന്റെയുംകൂടി സംഗീതം ചേർന്നതാണ് വിദേശികളെ സംബന്ധിച്ച് ഇന്ത്യൻ സംഗീതം. പഞ്ചാബിൽ ജനിച്ച് ബോംബെ കർമ്മമണ്ഡലമാക്കി നാലു ദശകങ്ങൾ ഇന്ത്യൻ പ്ലേബാക്ക് സംഗീതത്തിൽ നിറഞ്ഞുനിന്ന മുഹമ്മദ് റഫി എന്ന അദ്ഭുതശബ്ദത്തിന്റെ ഉടമയ്ക്കും ഇന്ത്യയെ സാംസ്കാരികമായി ഏകീകരിച്ചുനിർത്തുന്നതിൽ വലിയ പങ്കുണ്ട്.

ഇന്ത്യാവിഭജനത്തിന് അപ്പുറമിപ്പുറം ജീവിച്ചവരാണ് നമ്മുടെ വലിയ പാട്ടുകാർ. പഞ്ചാബിൽനിന്ന് ലാഹോറിലേക്കു മാറിയതാണ് റഫിയുടെ കുടുംബം. രാജസ്ഥാനിൽ ജനിച്ചുവളർന്ന വിശ്രുത ഗസൽഗായകൻ മെഹ്ദിഹസ്സന്റെ കുടുംബം പാകിസ്താനിലേക്ക് മാറിയവരാണ്. ദേശാതിർത്തികൾ നിറഞ്ഞു ജീവിക്കുന്ന ഇവരുടെയൊക്കെ ജീവിതരേഖകൾ തിരഞ്ഞുപോയാൽ മാത്രമേ എവിടെ ജനിച്ചു എവിടെ ജീവിച്ചു എന്നെല്ലാം മനസ്സിലാവുകയുള്ളൂ. അവരുടെ പാട്ടുകൾക്ക് അതിരുകളേയില്ല. നുസ്രത് ഫത്തേഹ് അലിഖാനും നൂർജ്ജഹാനും ഇഖ്ബാൽ ബാനോയും ഗുലാം അലിയും ഇന്ത്യക്കാർക്കുകൂടി പ്രിയപ്പെട്ടവരാകുമ്പോൾ മുകേഷും കിഷോർകുമാർറും ലതാമങ്കേഷ്കറും മുഹമ്മദ് റഫിയുമെല്ലാം പാകിസ്താനിലെ സംഗീതപ്രേമികൾക്കും പ്രിയപ്പെട്ടവരാണ്.

മഹാത്മാഗാന്ധി കൊല്ലപ്പെട്ടതിന്റെ വേദന ലോകമറിഞ്ഞത് റഫിയുടെ ശബ്ദത്തിലുംകൂടിയാണ്. രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി എന്ന ഗാനം അക്കാലത്ത് ആളുകളുടെ നാവിൻതുമ്പിലുണ്ടായിരുന്നു. ജവർലാൽനെഹ്റു അദ്ദേഹത്തെ സ്വന്തം ഭവനത്തിലേക്കു ക്ഷണിച്ച് പാടിപ്പിച്ചു. സ്വാതന്ത്രദിനത്തിൽ അദ്ദേഹത്തിന് വെള്ളിമെഡൽ സമ്മാനിച്ചു. 1967-ൽ പത്മശ്രീ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1944-മുതൽ 1980 ജൂലൈ 31-ന് അന്തരിക്കുന്നതുവരെ ഇന്ത്യൻ സിനിമാപിന്നണിഗാനരംഗത്ത് അദ്ദേഹം സജീവമായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് അദ്ദേഹം തന്റെ അവസാന ഗാനം റിക്കോർഡു ചെയ്തിരുന്നുവത്രെ.

ലഹോർ റേഡിയോയിലും ചില പഞ്ചാബിസിനിമകളിലും പാടിയിരുന്നെങ്കിലും റഫിയുടെ ബോളിവുഡ് സിനിമാസംഗീതത്തിലേക്കുള്ള പ്രവേശനം അത്ര എളുപ്പമായിരുന്നില്ല. മുംബൈയിൽ ഒരു കുടുസ്സുമുറിയിൽ താമസിച്ച് റിക്കോർഡിംഗ് സ്റ്റുഡിയോകളിൽ അവസരം തേടിനടന്ന ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ട്. ആദ്യമായി പാടാൻ അവസരംകിട്ടിയത് ഒരു കോറസ്സിലാണ്. പിന്നീടാണ് നൗഷാദുമൊത്തുള്ള ഹിന്ദുസ്താൻ കെ ഹം ഹേ.. വരുന്നത്. 1945-ൽ ഗാവ് കി ഗോരി വരുന്നു. മെഹബൂബ്‌ ഖാന്റെ അന്മോൾ ഖാഡി(1946) എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്‌ എന്ന ഗാനത്തോടെയാണ് മുഹമ്മദ് റഫി എന്ന ഗായകൻ പ്രശസ്തിയിലേക്കുയരുന്നത്.

നൂർ ജഹാനുമൊത്തുള്ള 1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി. ഹം കിസീ സെകം നഹി എന്ന സിനിമയിലെ ക്യാ ഹുവാ തേരെ വാദാ എന്ന ഗാനത്തിലൂടെ റഫിയെ തേടി ദേശീയ അവാർഡുമെത്തി.

1944-മുതൽ 1980-വരെയാണ് മുഹമ്മദ് റഫി ഇന്ത്യൻ ചലച്ചിത്രപിന്നണിസംഗീതരംഗത്തു നിറഞ്ഞുനിന്നത്. ഇക്കാലയളവിൽ ഹിന്ദി, ഉറുദു, മറാഠി, തെലുങ്ക് ഭാഷകളിൽ അദ്ദേഹം പാടി. വിവിധ നായകനടന്മാർക്ക് അവരുടെ ഭാവത്തിനൊത്ത് ശബ്ദം പകർന്നു. ഒന്നിലധികം സംഗീതസംവിധായകരുമായി അദ്ദേഹം കൂട്ടുകെട്ടുണ്ടാക്കി. എസ്. ഡി. ബർമനും റഫിയും 37 ചിത്രങ്ങളിൽ ഒന്നിച്ചു. പ്യാസാ, കാഗസ് കെ ഭൂൽ, തേരേ ഘർ കെ സാംനെ, ഗൈഡ്, അഭിമാൻ തുടങ്ങിയ ഗാനങ്ങൾ ഈ ജോഡിയുടെ സംഭാവനയാണ്. ശങ്കർ ജയ് കിഷനോടൊപ്പം ബഹാരോം ഫൂൽ ബർസാവോ, ദിൽ കെ ഝരോകെ മേം, ചാഹേ കോയി മുഝേ ജംഗ്‌ലി കഹേ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ ചെയ്തു.

അറുപതുകളിലാണ് റഫിയും ബോംബെ രവിയും തമ്മിലുള്ള മനോഹരമായ ബന്ധം തുടങ്ങുന്നത്. ചൗധ്‌വി കാ ചാന്ദ് എന്ന ചിത്രത്തിൽ ഒരു സ്ത്രീയെ വർണ്ണിക്കുന്ന മനോഹരമായ ഗാനമുണ്ട്. ചൗധ്‌വി കാ ചാന്ദ്ഹൊ യാ ആഫ്താഫ് എന്ന ഈ ഗാനത്തിന് റഫിക്ക് ഫിലിംഫെയർ അവാർഡു ലഭിക്കുന്നുണ്ട്. ഗായകനാവാൻ ആഗ്രഹിച്ച രവി, റഫിയുടെ പ്രേരണയിലാണത്രെ മുംബൈയിലെത്തുന്നത്. അവിടെ സംഗീതസംവിധായകനായി അദ്ദേഹം തന്റെ വഴി കണ്ടെത്തി. റഫിക്കുവേണ്ടി മികച്ച ഗസലുകൾ ചിട്ടപ്പെടുത്തിയത് രവിയാണ്. മുഷായിറ ടൈപ്പു ഗാനങ്ങളും രവി റഫിക്കുവേണ്ടി ചിട്ടപ്പെടുത്തി. ജൊ കോത്തോൻ കി റൗനാക് ബധായെ ഹുയെ ഹായ്ൻ, വൊ ആജ് അപനീ മെഹ്ഫിൽ മെയ്ൻ ആയേ ഹുയേ ഹെയ്ൻ തുടങ്ങിയ ഗാനങ്ങൾ ഓർക്കാം. ഛൂ ലേനേ ദോ, യേ സുൽഫ് അഗർ ഖുൽകെ, ഭരീ ദുനിയാ മേം, ബാർ ബാർ ദേഖോ തുടങ്ങിയവയും പ്രസിദ്ധമാണ്. മദൻ മോഹനമുമായി ചേർന്നുള്ള തേരി ആംഖോം കെ സിവാ, യേ ദുനിയാ യേ മെഹ്ഫിൽ, മേരി ആവാസ് സുനോ, തും ജോ മിൽ ഗയെ ഹോ തുടങ്ങിയ ഗാനങ്ങളും ജനകോടികളുടെ നാവിൻതുമ്പിൽ തുളുമ്പിനിന്നവയാണ്. യേ ഹേ ബോംബെ മേരി ജാൻ, ഉഡേ ജബ് ജബ് സുൽഫേം തേരി, തുംസാ നഹി ദേഖാ, ദീവാന ഹുവാ ബാദൽ, ഇഷാരോം ഇഷാരോം മേം, യൂം തോ ഹംനെ, ജവാനിയാം യെ മസ്ത്, താരീഫ് കരൂം ക്യാ തുടങ്ങിയ ജനപ്രിയഗാനങ്ങൾ ഒ.പി.നയ്യാർ റഫി കൂട്ടുകെട്ടിൽ രൂപപ്പെട്ടവയാണ്.

ചാഹൂംഗാ മേം തുജേ എന്ന ഗാനത്തിന് 1964-ൽ റഫിക്ക് അക്കൊല്ലത്തെ ഫിലിം ഫെയർ അവാർഡുലഭിക്കുന്നുണ്ട്. ലക്ഷ്മികാന്ത്-പ്യാരേലാലുമൊത്താണ് ഈ ഗാനം വരുന്നത്. നാനൂറിനടുത്തു പാട്ടുകൾ ഈ കൂട്ടുകെട്ടിൽ ഉണ്ടാകുന്നുണ്ട്. ദർദ്-എ-ദിൽ, ആജ് മൗസം ബഡാ, യേ രേഷ്മി സുൽഫേം, ഛൽകാ യേ ജാം, പത്ഥർ കെ സനം, ഖിലോനാ ജാൻകർ തും, ന തൂ സമീൻ കെ ലിയേ തുടങ്ങിയ ഗാനങ്ങൾ ഇക്കൂട്ടത്തിൽ ഏറെ പ്രശസ്തമാണ്. ചഹൂംഗാ മെയ്ൻ തുഝെ സാൻജ് സവേരെ എന്ന പാട്ടിനൊപ്പം ദോസ്തിയിലെ രഹി മൻവാ ദുഃഖ് കി ചിന്താ, മെരാ തോ ജോ ഭി കദം, ജാനേവാ സറാ, മേരി ദോസ്തി മേരാ പ്യാർ തുടങ്ങിയ ഗാനങ്ങളും അതിപ്രശസ്തങ്ങളാണ്. 1963-ൽ പരസ്മാനിയിൽ തുടങ്ങിയ ഈ കൂട്ടുകെട്ട് 1980-ൽ റഫിയുടെ മരണംവരെ തുടർന്നു. പർദേസിയോം സെ ന അഖിയാ മിലാനാ, യൂം ഹി തും മുഝ്‌സെ ബാത്, നാ നാ കർത്തെ പ്യാർ തുമീ സെ, സുഖ് കെ സബ് സാഥി തുടങ്ങിയവ കല്യാൺജി ആനന്ദ്ജി ജോഡികൾക്കുവേണ്ടി റഫി പാടിയ പ്രശസ്തഗാനങ്ങളാണ്. ഇക്കൂട്ടത്തിൽ വൊഹ് ജാബ് യാദ് ആയെ ബഹൂത്ത് യാദ് ആയേ റഫിയും ലതാമങ്കേഷ്കറും പാടി ഹിറ്റാക്കിയ യുഗ്മഗാനമാണ്.

ഒരു ഫക്കീറാണ് മുഹമ്മദ് റഫിയുടെ സംഗീതാഭിരുചി തിരിച്ചറിഞ്ഞത് എന്നു പറയാറുണ്ട്. ഏഴാംവയസ്സിൽ വീട്ടുകാരറിയാതെ പുറത്തിറങ്ങി ഒരു സൂഫിയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ അനുകരിച്ചു പാടുന്ന കുഞ്ഞിനെ സഹോദരൻ കണ്ടെത്തിയ കഥയുണ്ട്. ഈ ജ്യേഷ്ഠനാണത്രെ സഹോദരന്റെ പാടാനുള്ള സിദ്ധി തിരിച്ചറിഞ്ഞത്. എന്തായാലും സിനിമാ പിന്നണിഗായകൻ എന്ന നിലയിൽത്തന്നെ ഒരു കൂട്ടം ഫിലസോഫിക്കൽ, ഡിവോഷണൽ ഗാനങ്ങൾ മുഹമ്മദ് റഫി ആലപിക്കുന്നുണ്ട്. മെയിൻ സിന്ദഗി കാ സാത്ത് (ഹം ദോനോ, 1961); ആദ്മി മുസാഫിർ ഹായ് (അപ്നാപൻ, 1977); യെ സിന്ദഗി കെ മേലെ (മേള, 1948); ജമാനെ നെ മാരെ ജവാൻ കൈസെ കൈസ് (ബഹാരോൺ കെ സപ്നെ, 1967); ചാൽ മുസാഫിർ ദോർ ഹായ് ടു (ഗംഗ കി സഗന്ദ്, 1978); നയ്യ തെരി മജ്ദാർ (അവര, 1951); സിന്ദാബാദ് സിന്ദാബാദ് അയേ മൊഹബത്ത് (മുഗൾ-ഇ-ആസാം, 1960);) തുടങ്ങിയവ ഇത്തരം പാട്ടുകളാണ്. നിരവധി ഗസലുകളും റഫി, ആൽബങ്ങൾക്കും മറ്റുംവേണ്ടി പാടിയിട്ടുണ്ട്. സുദർശൻ ഫക്കീർ, മിർസാ ഗാലിബ്, ഷമീം ജയ്പുരി, മീർ തകി മീർ എന്നിവരുടെ ഗസലുകൾ റഫിയുടെ ശബ്ദത്തിൽ ആൽബമായി പുറത്തുവന്നിട്ടുണ്ട്. ഫൽസഫേ ഇഷ്‌ക് മേം, കിത്നി റാഹത് ഹേ, ഏക് ഹീ ബാത് സമാനേ കി, ദിയാ യെ ദിൽ അഗർ ഉസ്‌കോ, ദിൽകി ബാത് തുടങ്ങിയ ഗസലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

അഗാപൊരീസംഭാൽ, അരേ ഹി ദുഖേ ജീവ തുടങ്ങി ഒരു കൂട്ടം മറാഠിഗാനങ്ങളും റഫിയുടേയതായുണ്ട്. ലോകം മുഴുവൻ അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകൾ നടന്നിരുന്നു. അവിടെയൊക്കെ അദ്ദേഹം വേറിട്ട ശൈലിയിൽ പാടി. അദ്ദേഹത്തിന്റെ ചില പാട്ടുകൾ സ്റ്റേജ് ഷോകളിലാണ് തിളങ്ങിയത്. ജിതിൻ ശ്യാം സംഗീതസംവിധാനം നിർവ്വഹിച്ച തളിരിട്ട കിനാക്കൾ എന്ന സിനിമയ്ക്കുവേണ്ടി റഫി മലയാളസിനിമയിലും പാടിയിട്ടുണ്ട്. റഫിയുടെ ശബ്ദത്തിൽ ഹിന്ദിയിലായിരുന്നു ആ പാട്ടെന്നു മാത്രം. പലരും മലയാളത്തിൽ പാടാൻ അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും മലയാളത്തിന് അങ്ങനെയൊരു ഭാഗ്യമുണ്ടായില്ല. പക്ഷേ മലയാളികൾ മറ്റാരേക്കാളും ഹൃദയപൂർവ്വം സ്വീകരിച്ച ഗായകനാണ് റഫി. നാലു ദശകക്കാലമായി എല്ലാവർഷവും കേരളത്തിൽ പല ഭാഗങ്ങളിലും റഫിയെ ഓർമ്മിച്ച് സംഗീതപരിപാടികൾ നടന്നുവരുന്നു. മലയാളികളുള്ള നാട്ടിലെല്ലാം റഫിയെ അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ഓർക്കുന്നു.
ഏഴായിരത്തോളം പാട്ടുകൾ സിനിമയിലും അല്ലാതെയുമായി പാടിയ റഫിയുടെ ഗാനങ്ങളിൽ മികച്ച ഗാനങ്ങൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ വിഷമിച്ചുപോകും. ബൈജു ബാവ്‌റയിലെ ഓ ദുനിയാ കെ രഖ് വാലേ പാടാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരുപാട് പാട്ടുകാരെ കണ്ടിട്ടുണ്ട്.

ഈ പാട്ട് വിജയകരമായി പാടുന്നത് ഗായകനുള്ള അംഗീകാരമാണ്. ആജ് മേരെ യാർ കി ശാദി ഹേ, മേരേ മെഹബൂബ്, സോ സാൽ പെഹ്‌ലെ മുഝേ തും സെ പ്യാർ ഥാ., തും മുഝേ യൂം, ഭുലാ ന പാവോഗേ, ലമുദ്ദത് ഹുയീ ഹേ യാർ കോ മെഹ്‍മാൻ, യെഹ് ന ഥി ഹമാരി കിസ്മത്, ദർദ് എ മിന്നത്... റഫിയുടെ ഗാനങ്ങളിൽ ഒരു തിരഞ്ഞെടുപ്പ് അസാധ്യമാണ്. ഓരോ സന്ദർഭത്തിനും ഇണങ്ങിയ പാട്ടുകൾ നമ്മെ തേടിവരും. റഫി ഹിറ്റ് ഓരോ സന്ദർഭത്തിനും വേറെവേറെയാണ്.


'ചൗദ് വീ കാ ചാന്ദ് ഹോ' അറുപതാം വയസ്സിലേക്ക്


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments